OVS-Kerala News

പരിശുദ്ധ കാതോലിക്കാ ബാവാ സുഗതകുമാരിയെ സന്ദർശിച്ചു

തിരുവനന്തപുരം∙ ശതാഭിഷിക്തയായ കവി സുഗതകുമാരിയെ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ സന്ദർശിച്ചു. ഓർത്തഡോക്സ് സഭയുമായി സുഗതകുമാരിക്കുള്ള ബന്ധം ബാവാ അനുസ്മരിച്ചു. കാലം ചെയ്ത മലബാർ ഭദ്രാസനാധിപനായിരുന്ന ഡോ.സഖറിയാസ് മാർ തെയോഫിലോസ് വൈദികനായിരുന്നപ്പോൾ സഹായിച്ചതിന്‍റെ ഓർമകളായിരുന്നു സുഗതകുമാരിക്കു പങ്കുവയ്ക്കാനുണ്ടായിരുന്നത്.

സുഗതകുമാരി ആശുപത്രിയിലെത്തിച്ച ഒരു കുട്ടിക്ക് അടിയന്തരഘട്ടത്തിൽ രക്തം നൽകയത് അദ്ദേഹമായിരുന്നു. രക്തം നൽകി ഒരു മാസത്തിനുള്ളിൽ തന്നെയായിരുന്നു രണ്ടാമത്തെ രക്തദാനവും. രക്തബന്ധമുള്ള അനുജൻ എന്നാണ് അദ്ദേഹത്തെ സുഗതകുമാരി അനുസ്മരിച്ചത്. പിറന്നാൾ സമ്മാനമായി തുളസിച്ചെടിയും പുസ്തകങ്ങളും സഭയുടെ മുദ്രയും ബാവാ നൽകി. പകരമായി സുഗതകുമാരിയുടെ പുസ്തകം ബാവായ്ക്കു സമ്മാനിച്ചു. മുത്തൂറ്റ് ഫിൻകോർപ്പ് ചെയർമാൻ തോമസ് ജോൺ മുത്തൂറ്റ്, ചെറിയാൻ തോമസ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.