OVS-Kerala News

പേര്‍ഷ്യന്‍ ശില്പകലയില്‍ പഴഞ്ഞി പള്ളി നവീകരിക്കുന്നു

കുന്നംകുളം നൂറ്റാണ്ടുകള്‍ക്കുമുമ്പ് പേര്‍ഷ്യന്‍ ശില്പകലയില്‍ തീര്‍ത്ത പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പഴയ പള്ളി പുതുക്കുന്നു. കാലപ്പഴക്കംമൂലം പഴയപള്ളിയുടെ മദ്ബഹായും പ്രാകാരവും ജീര്‍ണതയിലായപ്പോഴാണ് വിശ്വാസികള്‍ പള്ളി നവീകരിക്കാന്‍ മുന്നിട്ടിറങ്ങിയത്.

തടികളിലെ ശില്പഭംഗി അതേപടി പുനരാവിഷ്‌കരിച്ചാണ് നവീകരണം. ഒരുകോടി രുപ ചെലവ് പ്രതീക്ഷിക്കുന്ന നവീകരണത്തിനുള്ള പ്രാരംഭച്ചടങ്ങുകള്‍ക്ക് പെരുന്നാള്‍ ദിനത്തില്‍ തുടക്കം കുറിച്ചിരുന്നു. പഴഞ്ഞി പള്ളി എ.ഡി. നാലാം നൂറ്റാണ്ടില്‍ തുടക്കമായെന്നാണ് കരുതുന്നത്. ഇക്കാലയളവിലാണ് വി. ഗീവര്‍ഗീസ് സഹദായുടെ പേരില്‍ കേരളത്തിലെ ആദ്യത്തെ ചാപ്പല്‍ പഴഞ്ഞിയില്‍ സ്ഥാപിച്ചതെന്നാണ് കരുതുന്നത്.

മലങ്കരസഭയുടെ തന്നെ തലപ്പള്ളിയായ ആര്‍ത്താറ്റ് പള്ളിയുടെ കീഴില്‍ ഈ ചാപ്പല്‍ നിലനിന്നുവന്നു. എ.ഡി. 1100നും 1300നും ഇടയിലായി പഴയപള്ളി സ്ഥാപിച്ചതായി കരുതുന്നുണ്ട്. പേര്‍ഷ്യന്‍ മാതൃകയില്‍ മദ്ബഹായുടെ പ്രവേശനഭാഗത്തും കിഴക്കേ ഭിത്തിയിലും കൊത്തിവെച്ച സഭാസ്ഥാനികളുടെയും ഐക്കണുകളുടെയും വേഷവിധാനങ്ങള്‍ ശില്പകലയെ എടുത്തുകാണിക്കുന്നു. ഈ സാഹചര്യങ്ങള്‍ പേര്‍ഷ്യന്‍ ബന്ധത്തെ ഊട്ടിയുറപ്പിക്കുന്നതാണ് .

വി. ദൈവമാതാവിന്റെ നാമത്തില്‍ പ്രധാന ബലിപീഠവും വി. തോമാശ്ലീഹായുടെയും വി. ഗീവര്‍ഗീസ് സഹദായുടെയും നാമധേയത്തില്‍ ഉപബലിപീഠങ്ങളും സ്ഥാപിക്കപ്പെട്ടു. ഇലച്ചായംകൊണ്ട് വരച്ച ചുമര്‍ച്ചിത്രങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു. നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് വികാരി ഫാ. ജോസഫ് ചെറുവത്തൂര്‍, സഹവികാരി ഫാ. ഗീവര്‍ഗീസ് വര്‍ഗീസ്, ട്രസ്റ്റി സുമേഷ് പി. വില്‍സണ്‍, സെക്രട്ടറി ബിനോയ് ടി. മാത്യു എന്നിവര്‍ നേതൃത്വം നല്‍കുന്നു.

 

→  മലങ്കര സഭാ ന്യൂസ് Android Application
(OVS Online ല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ  ആപ്ലിക്കേഷന്‍   ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്)