OVS - ArticlesOVS - Latest News

ആടുകളെ തിരഞ്ഞു ചെല്ലുന്ന ഞങ്ങളുടെ ഇടയൻ

മലങ്കരനസ്രാണിയുടെ സുകൃതം അവന്റെ തലവനാണ്. പച്ചയായ പുൽപുറങ്ങളിൽ മേയിക്കുകയും ശാന്തജല തീരങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്ന ഇടയൻ. തന്റെ ആടുകൾക്ക് വേണ്ടി രക്തം ചൊരിഞ്ഞ മാർത്തോമാശ്ലീഹാ മുതലുള്ള സകല പരിശുദ്ധ പിതാക്കൻമാരും ഇടയന്റെ ശോഭയേറിയ ആ വടിയും കോലും കൈയിൽ കരുതിയവരാണ്.
 
ഈ മനോഹര മാതൃകയുടെ ഏറ്റവും പുതിയ ദൃഷ്ടാന്തമാണ് കഴിഞ്ഞ ദിവസം തുമ്പമൺ ഭദ്രാസനത്തിൽ ഉൾപ്പെട്ട, കോന്നിയിൽ നിന്നും ഏകദേശം 25 കിലോമീറ്റർ അകലെ വനാന്തരത്തിൽ സ്ഥിതി ചെയ്യുന്ന, 30 കുടുംബങ്ങൾ മാത്രമുള്ള ഒരു ചെറിയ ദേവാലയമാണ് കൊക്കാത്തോടു സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ദേവാലയത്തിൽ നടന്നത്. ഈ കാലഘട്ടത്തിൽ പോലും യാത്രാ സൗകര്യങ്ങൾ വളരെ പരിമിതമായ ഒരു സ്ഥലമാണ് ഇത്. അതുകൊണ്ട് തന്നെ പരിശുദ്ധ കാതോലിക്കാമാർ ഈ ഇടവകയിൽ സന്ദർശനം നടത്തുകയുണ്ടായിട്ടില്ല. അതിനാൽ പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയെ നേരിട്ട് കാണണം എന്നത് ഈ ഇടവകജനങ്ങളുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു. വളരെ പരിമിതമായ സാഹചര്യങ്ങളിലേക്ക് പ. ബാവായെ കൊണ്ടുവരിക എന്നത് അവരുടെ വിദൂരസ്വപ്നങ്ങളിൽ പോലും ഇല്ലായിരുന്നു. പ. പിതാവ് ദേവലോകത്തുള്ള ഒരു ദിവസം അങ്ങോട്ട് പോയി കാണുവാൻ അവർ തീർച്ചപ്പെടുത്തി. ആയതിനെപ്പറ്റി അങ്ങാടിക്കൽ പള്ളിയിൽ ഒരു കൽക്കുരിശ് കൂദാശയുമായി ബന്ധപ്പെട്ട് പരിശുദ്ധ പിതാവിനോട് സൂചിപ്പിച്ചു. “കൊക്കാത്തോടിലെ ആളുകൾ ബാവാ തിരുമേനിയെ കണ്ടിട്ടില്ല, ആയതിനാൽ തിരുമേനിയുടെ സൗകര്യം അനുസരിച്ച് തിരുമേനി അവിടെ ഉള്ള ദിവസം ഒരു യാത്രയായി ദേവലോകത്ത് എത്തുവാൻ ആഗ്രഹിക്കുന്നു” എന്ന് പറഞ്ഞു. സ്വതസിദ്ധമായ ശൈലിയിൽ പുഞ്ചിരിയോടെ സ്വാഗതം ചെയ്തു. അങ്ങനെ തീയതി മെയ് 11 എന്നു തീരുമാനിച്ചു. ബാവായുടെ സെക്രട്ടറി ശെമ്മാശനെ അറിയിച്ചു. പിറ്റേന്നു തന്നെ ബാവാ തിരിച്ചു വിളിച്ചു.
 
ബഹു . ജേക്കബ് ദാനിയേൽ അച്ചന്റെ വാക്കുകൾ. പിറ്റേന്ന് രാവിലെ ഇടുക്കിക്ക് യാത്ര ഉണ്ടായിരുന്ന എന്റെ ഫോണിൽ ആരോ വിളിക്കുന്നു. വണ്ടി ഒതുക്കി. ശെമ്മാശൻ ആണ് സംസാരിച്ചത്. ബാവാ തിരുമേനിക്ക് സംസാരിക്കണം. ബാവാ പറഞ്ഞു. ”അച്ചാ നിങ്ങൾ ഇത്രയും ദൂരം എന്നെ കാണാൻ ആഗ്രഹിച്ചു വരുന്ന ദിവസം പക്ഷേ ഞാൻ ഇവിടില്ലല്ലോ; മാത്രമല്ല നിങ്ങള് വന്നാൽ കുറച്ച് പേർക്കല്ലെ വരാൻ പറ്റൂ. ഞാൻ അങ്ങോട്ട് വരാം. എല്ലാവരേയും എനിക്കും കാണണം. ജൂൺ 17, 24 ഇൗ രണ്ടു ഞായറാഴ്ച ഞാൻ ദേവലോകത്ത് ഉണ്ട്. സൗകര്യം അനുസരിച്ച് ഇതിൽ ഏതെങ്കിലും ഒരു ദിവസം അച്ചൻ പറയൂ.ഞാൻ വന്നു വി.ബലി അർപ്പിക്കാം.” എന്ത് മറുപടി പറയണം എന്ന് അറിയാണ്ട് അല്പം സമയം മിണ്ടാതിരുന്നു.”ആലോചിച്ച് അച്ചൻ വിളിച്ചാൽ മതി” എന്ന് പറഞ്ഞു ഫോൺ നിർത്തി.
 
വളരെയേറ സന്തോഷവും അതോടൊപ്പം ആശങ്കയും. പ. ബാവാ തിരുമേനിക്കുള്ള സൗകര്യങ്ങൾ ദേവാലയത്തിലോ പാഴ്സണേജിലോ ഇല്ലായെന്നതായിരുന്നു ആശങ്കയുടെ കാരണം. മഴ പെയ്താൽ രണ്ട് ദിവസം കറന്റ് ഇല്ലാത്ത അവസ്ഥ. മഴ പെയ്താൽ ചോരുന്ന കുളിമുറിയും ഒക്കെ ആശങ്കയുടെ തോത് ഉയർത്തി. എങ്കിലും കൈവന്ന ഭാഗ്യത്തെ വിട്ടുകളയുവാൻ അവർക്ക് ആകുമായിരുന്നില്ല. പിന്നെ എല്ലാം യുദ്ധകാലാടിസ്ഥാനത്തിൽ ആയിരുന്നു. ചുറ്റുപാടുകൾ വൃത്തിയാക്കി. കേടുപാടുകൾ നേരെയാക്കി വലിയ ഇടയനുവേണ്ടി അവർ കാത്തിരുന്നു.
 
ജൂൺ 23. പറഞ്ഞതിലും അരമണിക്കൂർ നേരത്തെ പ.ബാവാ തിരുമേനി കോന്നി മഹാ ഇടവകയിൽ എത്തി. അവിടെ നിന്നും, കല്ലേലി സെന്റ് കുര്യാക്കോസ് ദേവാലയവും സന്ദർശിച്ചു വാഹനങ്ങളുടെ അകമ്പടിയോടെ കൊക്കത്തോടിലേക്കു 5:30 ന് എത്തി. പടികൾ എഴുപതെണ്ണം പ. പിതാവ് എണ്ണി കയറി. പള്ളിയിൽ ധൂപാർപ്പണത്തിന് ശേഷം വിശ്രമവും തുടർന്ന് ഒരു ചെറിയ ഫോട്ടോ സെഷനും. സന്ധ്യാ നമസ്കാരം കഴിഞ്ഞു വിശ്വാസികളും ആയി ഇടവയുടെ കാര്യങ്ങൾ കൗതുകത്തോടെ പ. പിതാവ് ചോദിച്ചറിഞ്ഞു. പിന്നീട് ഭക്ഷണത്തിനുശേഷം പ്രാർഥനയോടെ ഉറക്കത്തിലേക്കു. പിറ്റേന്ന് രാവിലെ 4:30ക്ക്‌ തിരുമേനി ഉണർന്നു. രഹസ്യ പ്രാർഥനയുടെ നിമിഷങ്ങൾ. 6:45 നു രാത്രി നമസ്കാരവും തുടർന്ന് പ്രഭാത നമസ്കാരവും, വി. കുർബാനയും. കൈമുത്തിന് ശേഷം എല്ലാവരുമായി കുശലാന്വേഷണം, ഭക്ഷണത്തിന് ശേഷം മനസ്സ് നിറഞ്ഞും നിറച്ചും പ. പിതാവ് കോട്ടയത്തേക്ക് മടങ്ങിപ്പോയി.
 
പരിശുദ്ധ പിതാവേ! അങ്ങ് മാർത്തോമാശ്ലീഹായുടെ യഥാർഥ പിൻഗാമിയാണ്. അന്ധകാരനിബിഡമായ ഒരു ഭൂപ്രദേശത്തേക്ക് തന്റെ അരുമനാഥന്റെ വാക്ക് കേട്ടു ഇറങ്ങി പുറപ്പെട്ട് അരുമനാഥനായി ആട്ടിക്കൂട്ടത്തെ നേടിയ മാർത്തോമാശ്ലീഹായുടെ യഥാർഥ പിൻഗാമി. തൃകൈമുത്തി മക്കൾ പാടി പറയുന്നു.
പതിനായിരങ്ങൾ തൻ മക്കൾക്കിടയനായ് ഐശ്വര്യസമ്പൂർണനായ് വാഴ്ക.. ഐശ്വര്യസമ്പൂർണനായ് വാഴ്ക.