OVS - Latest NewsTrue Faith

സത്യവിശ്വാസികൾ അറിയേണ്ടത്: ORTHODOXY -THE LIFE; ചരിത്രപരം:- പള്ളിത്തർക്കത്തിൻ്റെ കാണാപ്പുറങ്ങൾ

മിസ്രെമ്യരുടെ അടിമത്വത്തിൽ നിന്നും തൻ്റെ ജനത്തെ വിടുവിക്കുന്ന യെഹോവയാം ദൈവത്തെ ധ്യാനിച്ച് കൊണ്ട് കുറിക്കട്ടെ. മലങ്കര സഭ തർക്കങ്ങളിലും വ്യവഹാരങ്ങളിലും സ്വയമേ ഏർപെട്ടതല്ല. സഭയുടെ സ്വാതന്ത്ര്യത്തെയും സ്വത്വത്തെയും ചോദ്യം ചെയ്തത് വഴി സഭ ശബ്‌ദിക്കുകയാണ് ഉണ്ടായതു. രാജ്യമാണെങ്കിലും സഭയാണെങ്കിലും അതിൻ്റെ സ്വത്വത്തെയോ സ്വാതന്ത്രത്തെയോ ചോദ്യം ചെയ്താൽ അതിൽ പ്രീതികരിക്കാതിരുക്കുന്നത് ഭീരുത്വവും ഈ ദേശത്തിൻ്റെയും സഭയുടെയും ജനതയെ അടിമകളാക്കുന്നതിനു തുല്യമാണ്. നാം ആരുടെയും അടിമകൾ അല്ല. (സ്വാതന്ത്ര്യത്തിന്നായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രമാക്കി. ഇനിയും അടിമനുകത്തിനു കീഴടങ്ങരുത്.)

1958-ലെ പരസ്പര സ്വീകരണത്തിന് ശേഷം 1970-ൽ മാർത്തോമാ ശ്ലീഹായ്ക്കു പട്ടത്വം ഇല്ല എന്നും അദ്ദേഹം ഒരു ശെമ്മാശന് പോലും ആയിരുന്നില്ല ആയതിനാൽ മലങ്കര സഭയ്ക്ക് മാർത്തോമാ ശ്ലീഹായുടെ സിംഹാസനം അവകാശപ്പെടാൻ സാധിക്കില്ല എന്നുമുള്ള അന്ത്യോഖ്യൻ പാത്രിയർകീസിൻ്റെ കുപ്രസിദ്ധ കല്പനയിൽ ആണ് മലങ്കര സഭയിൽ വീണ്ടും വ്യവഹാരങ്ങളും തർക്കങ്ങളും പുനരാരംഭിക്കുന്നത്. ഇതേ തുടർന്ന് അന്ന് മലങ്കര സഭയിലെ പള്ളികളിൽ വിഘടിത വിഭാഗം പ്രശ്നങ്ങൾ സൃഷ്ട്ടിച്ചു മലങ്കര സഭ വിശ്വാസികളെ ഇടവകയിലെ എല്ലാ അവകാശങ്ങളും നിഷേധിച്ചു പുറത്താക്കി. തുടർന്നുള്ള വ്യവഹാരങ്ങളിൽ 1995-ൽ ഇന്ത്യയിലെ പരമോന്നത നീതിപീഠം മലങ്കര സഭ ഒന്നേയുള്ളു എന്നും 1934 ഭരണഘടനാ പ്രകാരം ഭരിക്കപ്പെടണം എന്ന് വിധിച്ചു. ശേഷം 2002 March 20-നു പരമോന്നത നീതിപീഠത്തിൻ്റെ നിർദ്ദേശ പ്രകാരം ജസ്റ്റിസ് മളീമഡിനെ നിരീക്ഷകൻ ആക്കി പരുമല സെമിനാരിയിൽ വച്ച് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗത്തിൽ പ. മോറാൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് II കാതൊലിക്ക ബാവ മലങ്കര മെത്രാപ്പോലീത്തയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ട് പുറത്താക്കപ്പെട്ട ഇടവക വിശ്വാസികൾ 2017 July 03-ലെ വിധിയോടെ തിരികെ തങ്ങളുടെ ഇടവകയിലേക്കു തിരികെ പ്രവേശിക്കുന്നതാണ് ഇന്ന് നാം കണ്ടുവരുന്നത് അല്ലാതെ മലങ്കര സഭ ആരുടേയും പള്ളികൾ പിടിച്ചെടുക്കുന്നില്ല. തിരികെ പ്രവേശിക്കുന്ന ഇടവകകളിൽ നിന്നും അവിടെയുള്ള ഒരു വിശ്വാസിയെ പോലും മലങ്കര സഭ പുറത്താക്കില്ല. എന്നാൽ ആ ഇടവക 1934 ഭരണഘടനാ പ്രകാരം ഭരിക്കപ്പെടുകയും മലങ്കര മെത്രാപ്പോലീത്ത നിയമിക്കുന്ന ഇടവകമെത്രാപ്പോലീത്തയാൽ നിയമിതനാകുന്ന ഇടവക വികാരി അവിടുത്തെ ശുശ്രൂഷകൾ നിർവഹിക്കുകയും ചെയും. രാജ്യത്തിൻ്റെയും സഭയുടെയും നിയമത്തെ വെല്ലുവിളിച്ചു വിഘടിത വിഭാഗമാണ് പ്രശ്സനങ്ങൾ സൃഷ്ട്ടിക്കുന്നത്. ഇവിടെ ചിന്തിക്കേണ്ടത്, മലങ്കര സഭ ഒന്നേയുള്ളു അത് വിഭജിക്കപ്പെടാൻ പാടില്ല എന്ന വിധിയും നിരീക്ഷണവുമാണ് ബഹു. സുപ്രീംകോടതി നൽകിയിരിക്കുന്നത്. യാക്കോബായകാർ എന്ന മറ്റൊരു സഭാവിഭാഗം നിയമപ്രകാരം മലങ്കര സഭയിൽ ഇല്ല. ചില സമകാലീനസംശയങ്ങളും അതിനുള്ള ഉത്തരവും ആണ് ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത്.

1). മലങ്കര സഭ അനുഭാവനം ചെയ്യുന്ന സ്വാതന്ത്ര്യം എന്താണ്?
മലങ്കര സഭ രാജ്യത്തിലെ ദേശിയ സഭയാണ്. ഇത് നസ്രാണികളുടെ സ്വതബോധത്തിൽ നിന്നും രൂപം പ്രാപിച്ചതാണ്. നസ്രാണി എന്ന നാമം തന്നെ ഇതിനെ വെളിപ്പെടുത്തുന്നു. എന്നാൽ പിൽക്കാലത്തു നസ്രാണികളുടെ സ്വത്വവബോധവും സാംസ്കാരിക ജീവിതവും കണ്ടു വൈദേശികർ ചാർത്തി തന്ന പേരുകളാണ് മാർത്തോമ ക്രിസ്ത്യാനികൾ, സുറിയാനി ക്രിസ്ത്യാനികൾ എന്നിവയൊക്കെ.

വൈദേശിക അധീശത്വം അന്നും ഇന്നും മലങ്കര നസ്രാണികൾ എതിർത്തിട്ടുണ്ട്. അർകിദിയാക്കോൻ സ്ഥാനം (ജാതിക്കു കത്തനാർ സ്ഥാനം) ആയതിൻ്റെ മകുടോദാഹരണമാണ്. ശ്ലൈഹീക പാരമ്പര്യത്തിൽ അടിസ്ഥാനമിട്ടു സുറിയാനി ഭാഷാപ്രയോഗങ്ങൾ, പേർഷ്യൻ സഭാബന്ധത്തിൽ നിന്നുമുള്ള പട്ടത്വ സ്വീകരണം, വിശ്വാസപരമ്പര്യം എന്നിവ വൈദേശിക ബന്ധത്തിൽ നസ്രാണികൾക്കു ലഭ്യമായ ക്രൈസ്തവികതക ആണ് എങ്കിലും നസ്രാണികളുടെ ഉന്നത കുല ജാതിസ്ഥാനവും നസ്രാണികളുടെ തലവൻ എന്ന അർകിദിയാക്കോൻ സ്ഥാനവും കുടുമ, പൂണൂല്യ്‌ എന്നിവയും മറ്റു തദ്ദേശീയമായ ആചാരാനുസ്താനങ്ങളും വ്യവസ്ഥിതികളും ഒക്കെ നസ്രാണി ക്രൈസ്തവമാർഗങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത രീതികളാണ്. നസ്രാണികൾ തദ്ദേശീയ സാംസ്കാരിക ഭാവത്തെനിലനിർത്തിയും പരിപോഷിപ്പിച്ചും തങ്ങളുടെ ക്രിസ്തുമാർഗം നിലനിർത്തിപോരുന്നു. ക്രിസ്തുമതം അവർക്കു ജീവിതരീതിയാണ്.

മലങ്കര സഭ അനുശാസിക്കുന്ന സ്വാതന്ത്ര്യം എന്നത് മറ്റു വിദേശ സഭാബന്ധത്തെ തള്ളിക്കളഞ്ഞുകൊണ്ടല്ല. അഥിതി ദേവോ ഭവ എന്ന സംസ്കാരത്തിൽ നസ്രാണികൾ എന്നും വിദേശ സഭാബന്ധത്തെ ആദരവോടും വിശ്വസ്തതയോടും സ്വീകരിച്ചിട്ടുണ്ട്, ഇനിയും സ്വീകരിക്കുകയും ചെയ്യും. എതിർത്തതും ഇനിയും എതിർക്കുന്നതും അത്രെയും വിദേശ മേല്കോയ്മയെയും ആധിപത്യത്തെയുമാണ്. അതാണ് കൂനൻ കുരിശുസത്യം എന്ന ആദ്യ വിപ്ലവ സ്വാതന്ത്ര്യ പോരാട്ടം മുതൽ നാം കാണുന്നത്. നസ്രാണികൾ അടിമകൾ അല്ല അത് അന്നും ഇന്നും എന്നും അങ്ങനെ തന്നെ.

2). വൈദേശിക ബന്ധത്തെ എതിർക്കുന്നു എങ്കിൽ അന്ത്യോഖ്യ വിശ്വാസത്തെയും ആചാരങ്ങളെയും മലങ്കര സഭ പിൻതുടരുകയും ചെയ്യുന്നത് എന്തിനു?
ഒന്നാമത്, വൈദേശിക ബന്ധത്തെ സഭ എതിർക്കുന്നില്ല. ആദ്യം തന്നെ അത് സൂചിപ്പിച്ചിട്ടുണ്ട്. എക്യൂമെനിക്കൽ വേദികളിൽ നമ്മുടെ പ്രാധിനിത്യം വലുതാണ്. എന്നാൽ വിദേശ മേല്കോയ്മയെ എതിർക്കും. രണ്ടാമതായി, അന്ത്യോക്യൻ വിശ്വാസം എന്നത് തെറ്റിദ്ധാരണാജനകമാണ്. അന്ത്യോഖ്യൻ വേദശാസ്ത്രമാണ് ഉദ്ദേശിക്കുന്നത് എങ്കിൽ അത് അന്ത്യോഖ്യ സുറിയാനി സഭയുമായി യാതൊരു ബന്ധവുമില്ല. അന്ത്യോഖ്യൻ സുറിയാനി സഭ സ്വീകരിച്ചിരിക്കുന്ന പാരമ്പര്യം അലക്സാൻഡ്രിയൻ വേദശാസ്ത്രമാണ് അതും അന്ത്യോഖ്യൻ വേദശാസ്ത്രം (Antiochean school of theology) നിലനിക്കുമ്പോൾ തന്നെ. എല്ലാ സഭകളും പരസ്പരം സ്വീകരിച്ചും കൊടുത്തും ആരാധന പാരമ്പര്യങ്ങൾ രൂപപെടുത്തിട്ടുണ്ടു. മലങ്കര സഭ പാരമ്പര്യങ്ങളിലും തദ്ദേശീയ സംസ്കാരങ്ങൾ, പൗരസ്ത്യ സുറിയാനി, ഗ്രീക്ക്-റോമൻ, പോർട്ടുഗീസ്, ആംഗ്ലിക്കൻ പ്രൊട്ടസ്റ്റന്റ് ചേരുവകൾ അന്ത്യോഖ്യൻ യെഹൂദാ സംസ്കാരങ്ങൾ എന്നിവയെല്ലാം ഇടകലർന്നിട്ടുണ്ട്‌. അതിനിപ്പോൾ ഒരു ന്യൂനതയുമില്ല. റോമാ സഭയും സ്വയശീർഷകത്വം ഉള്ള സഭകളും എല്ലാംതന്നെ അകത്തുനിന്നും പുറത്തുനിന്നുമുള്ള എല്ലാ പാരമ്പര്യങ്ങളെയും തള്ളുകയും കൊള്ളുകയും ചെയ്തിട്ടുണ്ട്.

മലങ്കരയിലെ ക്രമം യെരുശലേമിലെ ക്രമമാണ് എന്ന് തിരിച്ചറിയുക. അന്ത്യോക്യൻ ക്രമം എന്നൊരു ക്രമമില്ല. വിശുദ്ധ കുർബാനയ്ക്കു ഉപയോഗിക്കുന്ന തിരുവസ്ത്രങ്ങളും ഗ്രീക്ക് പേഗൻ പുരോഹിതകരുടേതാണ്. ആയതുകൊണ്ട് സഭകൾ ഇന്ന് ഉപയോഗിക്കുന്ന ആരാധനാപാരമ്പര്യത്തിന്റെ അടിസ്ഥാനത്തിൽ അന്ത്യോക്യൻ പാത്രിയർകീസിനു സഭ കീഴ്‌പെടണമെങ്കിൽ ആദ്യം അന്ത്യോക്യൻ സുറിയാനിസഭ അലക്സാൻഡ്രിയൻ സഭയ്ക്ക് കീഴടങ്ങട്ടെ. കാരണം ഗ്രീക്ക് പാരമ്പര്യത്തെ അന്ത്യോഖ്യൻ സുറിയാനി സഭ സുറിയാനിവത്ക്കരിക്കുകയായിരുന്നു. അന്ത്യോക്യൻ സഭയുടെ ആരാധനയിൽ അലക്സാൻഡ്രിയൻ പിതാക്കന്മാരെ ഓർക്കുന്നത് അന്ത്യോക്യൻ സഭയുടെ മേൽ അലക്സാൻഡ്രിയൻ സഭക്ക് അധീശത്വം ഉള്ളതുകൊണ്ടല്ല എന്നത് നല്ലവണ്ണം ഓർത്തുകൊള്ളുക. ഈ കാരണം കൊണ്ട് മലങ്കര സഭ അന്ത്യോക്യൻ പാത്രീകേസിനു കീഴടങ്ങണമെങ്കിൽ ക്രിസ്തീയ സഭകൾ മുഴുവനും യെഹൂദാ നേതൃത്വത്തിന് കീഴടങ്ങേണ്ടി വരുമല്ലോ. കാരണം എല്ലാ ക്രിസ്തീയ സഭകളുടെയും ആരാധന പാരമ്പര്യം യെഹൂദ പാരമ്പര്യങ്ങളിൽ നിന്നും ഉള്ളതാണ് (Christianity is an offshoot of Jews). മലങ്കരയിൽ തന്നെ ഇതേ പാരമ്പര്യത്തിൽ നിലനിൽക്കുന്ന റീത്തു പ്രസ്ഥാനം, മാർത്തോമാ സഭ എന്നിവരും ആദ്യം അന്ത്യോഖ്യൻ പാത്രിയർകീസിനു കീഴ്പെട്ടു ഇരിക്കട്ടെ. എന്നിട്ടു ആലോചിക്കാം മലങ്കര സഭ അന്ത്യോഖ്യൻ പാത്രിയർകീസിനു വിധേയപ്പെടണമോ വേണ്ടയോ എന്ന്. ഒരു കാര്യം കൂടി അന്ത്യോഖ്യൻ പാത്രിയർകീസിനോട് പറയാനുള്ളത്; സ്വന്തം ഭരണ സീമയിൽ തന്നെ ഒരേ ആരാധനാ പാരമ്പര്യത്തിൽ അനേക പാത്രീയർകീസ് സ്ഥാനികൾ ഉള്ളപ്പോൾ ആദ്യം അവരെ തങ്ങളുടെ കീഴ്സ്ഥാനി ആക്കി കാണിക്കു എന്നിട്ടു മതി മലങ്കരയിലേക്കു.

3). മേൽക്കോയ്മ അംഗീകരിക്കുന്നില്ല എങ്കിൽ ഭരണഘടനയിൽ പരമാധ്യക്ഷനായി അന്ത്യോക്യൻ പാത്രിയർകീസിനെ സ്വീകരിച്ചിരിക്കുന്നത് എന്തിന്?
ഓർത്തഡോക്സ്‌ സഭകൾക്ക് പരമാദ്ധ്യക്ഷൻ ക്രിസ്തു മാത്രമാണ്. എന്നാൽ സഭകളിൽ അധ്യക്ഷന്മാരിൽ പ്രധാനി എന്ന നിലയിൽ പ്രധാന മേലധ്യക്ഷസ്ഥാനം ഉണ്ട്. സഭ ഭരണഘടനയിൽ മലങ്കരസഭയുടെ പ്രധാന മേലദ്ധ്യക്ഷൻ കാതോലിക്ക ബാവ ആണ്, അന്ത്യോഖ്യൻ പാത്രിയർകീസു അല്ല. ഭരണഘടനയുടെ ഒന്നും രണ്ടും വകുപ്പുകൾ ഒന്ന് പരിശോധിക്കാം;
ഒന്നാം വകുപ്പ്: ” മലങ്കര സഭ – ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ ഒരു വിഭാഗവും ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷൻ അന്ത്യോഖ്യൻ പാത്രിയർകീസും ആകുന്നു.”
ഇതിനെ വിശദമാക്കാം;
1). മലങ്കര സഭ എന്നത് നാം ആയിരിക്കുന്ന മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയെ ഉദ്ദേശിക്കുന്നു.
2). മലങ്കര സഭ “ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ” ഒരു വിഭാഗമാണ്; ഇവിടെ പറയുന്ന “ഓർത്തഡോക്സ്‌ സുറിയാനി സഭ” എന്നത് മറ്റൊരു സഭയാണ് അതായതു അന്തിയോഖ്യയിലെ സുറിയാനി ഓർത്തഡോക്സ്‌ സഭ. ചുരുക്കിപ്പറഞ്ഞാൽ ഇവിടെ പറയുന്ന മലങ്കര സഭയും, ഓർത്തഡോക്സ്‌ സുറിയാനി സഭയും രണ്ടു സഭകളാണ്.
3). മലങ്കര സഭ ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ ഒരു വിഭാഗമാണ് (Division not a part); ഓർത്തഡോക്സ്‌ സുറിയാനി സഭ പാരമ്പര്യത്തിൽ അന്ത്യോഖ്യ കേന്ദ്രമായി പ്രവർത്തിക്കുന്ന പാശ്ചാത്യ ഓർത്തഡോക്സ്‌ സുറിയാനി സഭയും, മലങ്കര കേന്ദ്രമായി പ്രവർത്തിക്കുന്ന പൗരസ്ത്യ സുറിയാനി സഭയും രണ്ടു പ്രത്യേക വിഭാഗങ്ങളായി നിലകൊള്ളുന്നു. അല്ലാതെ ഒന്നിൻ്റെ അതെ ഭാഗം എന്നല്ല. (Division not a part)
4). മലങ്കര സഭയെ സംബന്ധിച്ച് ഇവിടെ പാത്രിയർകീസിനുള്ള സ്ഥാനം ബഹുമാനാദരവ് മാത്രമാണ് (Honorary position) എന്നാൽ അന്ത്യോഖ്യൻ സുറിയാനി സഭ തലവൻ പാത്രിയർകീസുമാണ്.

ബൈസിന്റയ്ൻ ഓർത്തഡോക്സ്‌ സഭ പാരമ്പര്യത്തിന് ഒരു പ്രധാന മേലധ്യക്ഷൻ ഉണ്ട്; എക്യൂമെനിക്കൽ പാത്രിയർകീസ്. Primus Inter Pares (first among equals) എന്ന സ്ഥാനമാണ് അവർ അദ്ദേഹത്തിന് നൽകുന്നത്. എന്നാൽ അതിലെ എല്ലാ സഭ വിഭാഗങ്ങൾക്കും പ്രത്യേകമായി മേലദ്ധ്യക്ഷന്മാർ ഉണ്ട്. എക്യൂമെനിക്കൽ പാത്രിയർകീസിനു സ്വയം ശീര്ഷകത്വമുള്ള സഭ വിഭാഗങ്ങളുടെ മേൽ അധികാരാവകാശങ്ങളില്ല. ഈ സ്ഥാനം (First among equals) ആണ് ആദ്യത്തെ ഭരണഘടനാ വകുപ്പിൽ മലങ്കര സഭ അന്ത്യോഖ്യൻ പാത്രിയർകീസിനു നൽകുന്നത്.

രണ്ടാം വകുപ്പ്; മലങ്കര സഭ – മാർത്തോമാ ശ്ലീഹായാൽ സ്ഥാപിതമായതും പൗരസ്ത്യ ഓർത്തഡോക്സ്‌ സുറിയാനി സഭയിൽ ഉൾപെട്ടതും പൗരസ്ത്യ ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ പ്രധാന മേലധ്യക്ഷൻ കാതോലിക്കയും ആകുന്നു.”
1). മലങ്കര സഭ മാർത്തോമാ ശ്ലീഹായാൽ സ്ഥാപിതമെന്നതിൻ്റെ അർഥം എല്ലാ ഓർത്തഡോക്സ്‌ സഭകളുടെയും പോലെ മലങ്കര സഭയും ശ്ലൈഹീക പാരമ്പര്യമുള്ള സഭയാണ് എന്നതാണ്. അതായതു മറ്റൊരു സഭയുടെ പിന്തുടർച്ച അല്ല മലങ്കരസഭക്കുള്ളത്.
2). മലങ്കര സഭ പൗരസ്ത്യ ഓർത്തഡോക്സ്‌ സുറിയാനി സഭ ഉൾപെട്ടിട്ടുള്ളതാണ്.
3). മലങ്കര സഭ കേന്ദ്രമായിട്ടുള്ള പൗരസ്ത്യ സഭയുടെ പ്രധാന മേലദ്ധ്യക്ഷൻ കാതോലിക ആണ്.

അതായതു മലങ്കര സഭയും സുറിയാനി ഓർത്തഡോക്സ്‌ സഭയും രണ്ടു ദേശത്തുള്ള രണ്ടു സഭകളാണ്. ഓർത്തഡോക്സ്‌ സഭകൾ സ്വയംഭരണവും സ്വയം ശീര്ഷകത്വവുമുള്ള സഭകളാണ് (Autonomy and Autocephalous). മറ്റൊരു സഭയുടെ മേൽ ആധിപത്യം നടത്തുവാൻ സാധിക്കില്ല. മലങ്കര സഭയും സുറിയാനി ഓർത്തഡോക്സ്‌ സഭയും തമ്മിലുള്ള ബന്ധം ഭരണഘടനാ പ്രകാരം സ്നേഹപരം മാത്രമാണ്. മലങ്കര സഭയുടെ നിർണായക നിമിഷങ്ങളിൽ ചെയ്ത ആത്‌മീയമായ സഹായങ്ങൾക്ക് നല്കിട്ടുള്ള സമന്മാരിൽ മുൻപൻ എന്ന സ്ഥാനം മാത്രമാണ് അത്.

അന്ത്യോഖ്യൻ സുറിയാനി ഓർത്തഡോക്സ്‌ സഭ ഉൾപ്പെട്ടിരിക്കുന്നതും ഓറിയന്റൽ ഓർത്തഡോക്സ്‌ വിഭാഗത്തിൽ ആണ്. പരമാധ്യക്ഷൻ, മേൽക്കോയ്മ എന്നി കാര്യങ്ങളിൽ എല്ലാ ഓർത്തഡോക്സ്‌ സഭകൾക്കും (അത് ഓറിയന്റൽ ആണെങ്കിലും ഈസ്റ്റേൺ ആണെങ്കിലും) ഒരേ വീക്ഷണം ആണ്. അതായതു സഭകളുടെ ഐക്യം എന്നത് വിശ്വാസത്തിൽ മാത്രമാണ് അധികാര സ്രെണിയിൽ അല്ല. ഓർത്തഡോക്സ്‌ സഭകളെ സംബന്ധിച്ചു ഒരു ദേശത്തെ സഭ മറ്റൊരു ദേശത്തെ സഭയുമായി സ്നേഹത്തിൽ ഉള്ള ഐക്യം ആണ് വീക്ഷിക്കുന്നത് അല്ലാതെ മേല്കോയ്മയോ പ്രധാനാധ്യക്ഷ സ്ഥാനമോ അവകാശപ്പെടാൻ സാധിക്കില്ല. മറ്റൊരു സഭയുടെ ഉൽഭരണസ്വാതന്ത്രത്തിലോ കൈകടത്താൻ പാടില്ല എന്നത് ഓർത്തഡോക്സ്‌ സഭകളുടെ പൊതുസംഹിതയാണ്. സർവത്രീക /ആകമാന അധ്യക്ഷൻ എന്നുള്ള വേദശാസ്ത്രം കത്തോലിക്കാ സഭ കഴിഞ്ഞ കാലയളവിൽ കൊണ്ടുവന്ന പഠിപ്പിക്കൽ ആണ്. അതിനെ ലോകത്തിലെ എല്ലാ ഓർത്തഡോക്സ്‌ സഭകളും നിരാകരിക്കുന്നു.

ഇവിടെ അന്ത്യോഖ്യൻ പാത്രിയർകീസിനോട് ചോദിക്കുന്നത് ഓർത്തഡോക്സ്‌ സഭകളുടെ പഠിപ്പിക്കൽ ഇപ്രകാരം ആയിരിക്കെ പത്രോസിൻ്റെ പരമാധികാരം ഈ സഭ വിഭാഗത്തിൽ നിലനിന്നുകൊണ്ടു വാദിക്കുന്നത് എങ്ങനെ? അങ്ങനെയെങ്കിൽ ഓറിയന്റൽ ഓർത്തഡോക്സ്‌ സുറിയാനി സഭ കൂട്ടായ്മയിലെ ഒരു സ്വതന്ത്ര സഭയായ മലങ്കര സഭയിൽ ആധിപത്യം നടത്താൻ മുതിരുന്നത് എന്തിനു?

4). ഇടവക എന്നത് ഇടവക ജനത്തിൻ്റെ അല്ലെ? അങ്ങനെ എങ്കിൽ ഭൂരിഭാഗം വരുന്ന ഇടവക ജനങ്ങളുടെ താത്പര്യങ്ങൾക്ക് വിധേയപെട്ടല്ലേ ഇടവക ഭരണം നടത്തേണ്ടത്.?
ഇടവക ഇടവക ജനത്തിനുള്ളതാണ്. എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യവും ഇടവകയിൽ ജനങ്ങൾക്ക് ഉണ്ട്. പരിപൂർണ സ്വാതന്ത്ര്യത്തോടെ കൂടി ഇടവക ഭരണം നിർവഹിക്കാൻ ഇടവക ജനങ്ങൾക്ക് മലങ്കരയിൽ അവസരമുണ്ട്. എന്നാൽ ഓർത്തിരിക്കേണ്ടത്; മലങ്കര സഭ ഒരു ട്രസ്റ് ആണ്. ഓരോ ഇടവകകളും ഈ ട്രസ്റ്റിൻ്റെ കീഴിൽ നിന്നുമാണ് പ്രവർത്തിക്കുന്നത്. ആ ഇടവകയിലെ സ്വത്തുക്കൾ ഈ ട്രസ്റിന്റെതാണ്. ഇടവക ജനങ്ങൾ ഈ ട്രസ്റ്റിൻ്റെ ഉപഭോക്താക്കൾ ആണ്. എന്നാൽ സ്വത്തുക്കളുടെ മേൽ ഇടവക ജനങ്ങൾക്കു ഉടമസ്ഥത അവകാശം ഇല്ല. ഉടമസ്ഥർ മലങ്കര സഭ ആണ്. അതിൻ്റെ അർഥം ഇടവകയിലെ അംഗങ്ങൾക്ക് ഇടവകയുടെ സ്വത്തുക്കൾ അനുഭവിക്കുവാനുള്ള എല്ലാ അവകാശങ്ങളുമുണ്ട്; എന്നാൽ മറ്റൊരു ഇടവകയിലേക്കോ സഭയിലേക്കോ മാറുന്ന വ്യക്തിക്ക് ഇടവകയുടെ സ്വത്തിന്മേൽ പിന്നീട് അവകാശമില്ലാതാകുന്നു. അയാൾക്കു തൻ്റെ ഓഹരി വേണം എന്ന അവകാശം ഉന്നയിക്കുവാൻ സാധിക്കില്ല. ഇടവക സ്വത്തുക്കൾ മലങ്കര സഭയുടേതെന്നു പറഞ്ഞാൽ അതിൻ്റെ അർഥം സഭയ്ക്ക് ഇടവകയുടെ സ്വത്തുക്കൾ വില്കുവാനോ അതിൻ്റെ ലാഭം സഭ അന്യാധീനപ്പെടുത്തുവാനോ സാധിക്കും എന്നല്ല. അങ്ങനെ പൊതുയോഗത്തിൻ്റെ അറിവില്ലാതെ ഇടവകയിൽ ഒന്നും ചെയ്യുവാൻ സാധിക്കില്ല. എന്നാൽ ഇടവക സ്വത്തുക്കൾ ആർക്കും അത് ജനത്തിനായാലും സ്വത്തു എടുത്തുകൊണ്ടുപോകുവാനോ, ഭാഗിക്കുവാനോ, സഭയുടെ നിയന്ത്രണത്തിൽ നിന്നും മാറ്റുവാനോ സാധിക്കില്ല എന്നുള്ളതാണ്. വിശ്വാസം വിട്ടു പോകുന്നവർക്ക് പോകാം എന്നാൽ ഇടവകയുടെ സ്ഥാവരജംഗമ വസ്തുക്കളുടെ മേൽ അധികാരമില്ല എന്നുള്ളത് ആണ് ഇവിടെ പറയുന്നത്, അത് ഭൂരിപക്ഷം പോയാലും ന്യൂനപക്ഷം പോയാലും.

‘ഇടവക’യെ പറ്റി ഡോ. എം കുര്യൻ തോമസ് എഴുതിയ ‘ഇടവക: ചരിത്രപരമായ വീക്ഷണത്തിൽ എന്ന ലേഖനം ശ്രദ്ധേയമാണ്. പള്ളി ഇടവക, മലങ്കര ഇടവക, മെത്രാസന ഇടവക, ഇടവകകൾ ഇന്ന് എന്ന തലകെട്ടിൽ എല്ലാ ഭരണവ്യവസ്ഥകളുടെ ചരിത്രത്തെയും മറ്റും വിവരിക്കുന്നു. പള്ളിയിടവകയുടെ ഉൽഭരണസ്വാതന്ത്ര്യവും എന്നാൽ അത് മലങ്കര ഇടവക (സഭ) യോട് എങ്ങനെ ബന്ധപെട്ടു കിടക്കുന്നു എന്നും പറയുന്നുണ്ട്. ഇതിൽ പള്ളി ഇടവകയുടെയും മലങ്കര ഇടവകയുടെയും ഭരണ വ്യവസ്ഥ നമ്പൂതിരിമാരുടെ ദേശവ്യവസ്ഥയുമായി സാദൃശ്യമുണ്ട് എന്ന് കുറിക്കുന്നു. ഇടവക സ്വാതന്ത്രത്തിൻ്റെ പരിധിയെ പറ്റി മനസിലാക്കുവാൻ പ്രസ്തുത ലേഖനത്തിൻ്റെ കുറച്ചു ഭാഗം അതെ പടി ഉദ്ധരിക്കുന്നു;

“പാരമ്പര്യപ്രകാരം മലങ്കരയെ ഒരു മഹാഇടവകയായി ആണ് കണ്ടിരുന്നത്. ഇത് നമ്പൂതിരി പാരമ്പര്യത്തിലെ വിവിധ ദേശങ്ങൾ ചേർന്ന ഗ്രാമത്തോട് സദ്രശ്യമാണ്. ഈ ഗ്രാമം ഭൂമിശാസ്ത്രപരമായ ഒന്നല്ല. വൈദീകമായ ഒന്നായിരുന്നു. ദേശം എവിടെയാണെങ്കിലും ഗ്രാമത്തിലെ അംഗമാണ്. ഒരംഗത്തിനു വൈദീക ചടങ്ങുകളോടെ ദേശം മാറൽ സാധ്യമായിരുന്നെങ്കിലും ഒരു ദേശത്തിനു ഗ്രാമത്തിൽ നിന്നും വിട്ടുമാറുക സാധ്യമായിരുന്നില്ല. ദേശങ്ങളുടെ പ്രീതിനിധികൾ ചേർന്ന് ഗ്രാമസഭയായിരുന്നു ഗ്രാമത്തെ പൊതുവായി ബാധിക്കുന്ന വിഷയങ്ങളിൽ തീരുമാനം എടുത്തിരുന്നത്. മലങ്കര ഇടവകയും ഈ പാരമ്പര്യം പിന്തുടർന്നതിനാലാണ് ശക്തനായ മെനസീസ് മെത്രാന് പോലും മലങ്കരയെ കീഴടക്കുവാൻ 1599 -യിൽ ഉദയംപേരൂരിൽ മലങ്കര പള്ളിയോഗം (സുന്നഹദോസ് ) വിളിച്ചുകൂട്ടേണ്ടിവന്നത് …….ഗ്രാമ വ്യവസ്ഥയിലെ തംബ്രാക്കളുടെ സ്ഥാനത്തായിരുന്നു പകലോമറ്റം കുടുംബത്തിൽ നിന്നും പരമ്പരാഗതമായി വഴിക്കപ്പെട്ടുവന്നിരുന്ന അർക്കഥയാക്കോന്മാർ ………. ദേശങ്ങൾ പോലെ തന്നെ ഇടവകകൾ ഭരണപരമായി സ്വാതന്ത്രങ്ങളായിരുന്നെങ്കിലും മലങ്കര ഇടവകയിൽ നിന്നും വിട്ടു പോകുവാനൊ, ജാതിക്കുതലവൻ എന്ന നിലയിലുള്ള അർകിദിയോക്യൻ്റെ അധികാരത്തെ ചോദ്യം ചെയ്യുവാനോ ആർക്കും അവകാശമില്ലായിരുന്നു.”

വിഘടിത ജനമേ നിങ്ങളെ നേതൃത്വം തെറ്റിദ്ധരിപ്പിക്കുകയാണ് എന്ന് അറിഞ്ഞുകൊള്ളുക; അതിൻ്റെ ഉത്തമ ഉദാഹരണം ആണ് അന്ത്യോഖ്യൻ സുറിയാനി സഭയുടെ ഭരണഘടന; “Article 155. The Syrian Orthodox Church of Antioch owns all its churches, monasteries, worship places, cemeteries, schools, real estate and endowments. This includes all the possessions and properties of its churches and centers such as manuscripts, printed books, vessels, clerical vests, furniture of the Patriarchate and the Archdioceses. The ownership of these properties and assets can never be disputed or contested by any body whatsoever. If an individual or a group of individuals separates from the Syrian Orthodox Church of Antioch and joins another denomination, they shall have absolutely no right to claim any of the above mentioned properties or possessions. Any claim filed by anybody, be it an individual or a group, large or small, shall be positively and absolutely mull and void.”

വീണ്ടും ഈ സഭ ഒരു ട്രസ്റ് ആണ് എന്ന് പറയുമ്പോളും ഇതിൻ്റെ ഭരണ സംവിധാനം എന്നത് തികച്ചും ജനാതിപത്യ രീതി തന്നെയാണ്. മലങ്കര അസോസിയേഷനാൽ തിരഞ്ഞെടുക്കപ്പെടുന്ന മലങ്കര മെത്രപൊലീത്ത, മെത്രാപ്പോലീത്തന്മാർ, മറ്റു സഭ സ്ഥാനികൾ എല്ലാം തന്നെ വിശ്വാസികൾ തങ്ങളുടെ വിശ്വാസ സമൂഹത്തിൽ നിന്നും തിരഞ്ഞെടുക്കുന്നു. ഓരോ ഇടവകയും മലങ്കര അസോസിയേഷനിലും മറ്റു എല്ലാ ഭരണസമിതികളിലും പ്രതിനിധികൾ വഴി അംഗങ്ങൾ ആണ്.

5). സഭ, ദൈവാലയം/ ഇടവക തമ്മിലുള്ള ബന്ധം എന്താണ്?
ക്രിസ്തു സഭ സ്ഥാപിച്ചു എന്നതിന് ഇവിടെ ആർക്കും തർക്കമില്ല. ഓരോ വിശ്വാസിയും പ. സഭയുടെ അംഗമാണ്.
• സഭ ക്രിസ്തുവിൻ്റെ ശരീരമാകുന്നു [Body of Christ] (Ephesians 1: 23 & 5: 23); അവൻ രക്ഷിക്കപെടുന്നവരെ ദിനംപ്രതി സഭയോട് ചേർത്തുകൊണ്ടിരുന്നു (Acts 2: 47);
• സഭാവിശ്വാസികളും ക്രിസ്തുവിൻ്റെ ശരീരമാകുന്നു (1 Cor 12: 27 & Romans 12: 5);
• വിശുദ്ധ കുർബാനയും ക്രിസ്തുവിൻ്റെ ശരീരമാകുന്നു (St. Mathew 26: 26; Ephesians 6: 23).
ദൈവാലയം എന്നത് ദൈവത്തിൻ്റെ ആലയം എന്നാണ്. അതിൻ്റെ അർഥം ഓരോ ദൈവാലയവും (ഇടവക) ദൈവത്താൽ സ്ഥാപിക്കപ്പെട്ട സഭയുടെ ഭാഗം മാത്രം ആണ്. ഇടവക വേറെ, സഭ വേറെ എന്ന നിലയിൽ ഒരു ദൈവാലയത്തിനും പ്രവർത്തിക്കാൻ സാധിക്കില്ല. മറ്റൊരു വാക്യവും കൂടി ശ്രദ്ധിക്കുക: നിങ്ങൾ ക്രിസ്തുവിൻ്റെ ശരീരവും ഓരോരുത്തൻ വെവ്വേറെ അവയവങ്ങളുമാകുന്നു (1 Cor. 12: 27). അതായതു സഭ ക്രിസ്തുവിൻ്റെ ശരീരവും ആ ശരീരത്തിലെ ഓരോരോ അവയവങ്ങളുമാണ് നാം. ഇതിനോട് ചേർന്ന് പ. സഭയുടെ ഭരണ സംവിധാനത്തെ പറ്റി നമ്മുക്ക് ചിന്തിക്കാം.

6). സഭ / ഇടവക ഭരണ സംവിധാനം എങ്ങനെ ?
സഭ ഭരണഘടനയുടെ അടിസ്ഥാനത്തിൽ എപ്പിസ്കോപ്പസി, മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ, അസോസിയേഷൻ മാനേജിങ് കമ്മറ്റി, ഭദ്രാസന കൗൺസിൽ, ഇടവക ഭരണ സംവിധാനം തുടങ്ങി ഒരു ജനാധിപത്യ ഭരണസംവിധാനം ആണ് മലങ്കര സഭയിൽ നിലനിൽക്കുന്നത്. ഇത് മലങ്കര സഭയുടെ തദ്ദേശീയ തനിമയെ കാണിക്കുന്നതാണ്. മലങ്കര സഭയിലെ എല്ലാ അധികാര സ്ഥാനങ്ങളും ജനാധിപത്യ വ്യവസ്ഥയിൽ ആണ് തിരഞ്ഞെടുക്കപേടുന്നത്. അത് സഭ, ഭദ്രസന, ഇടവക തലങ്ങളിൽ എല്ലാം അപ്രകാരം തന്നെ.

സഭയുടെ ഭരണ വ്യവസ്ഥ: പ. കാതോലിക്കാ ബാവ പ്രധാനമേലധ്യക്ഷ സ്ഥാനത്തോടെ ചേർന്ന്, എപ്പിസ്കോപ്പൽ സുന്നഹദോസ്, വൈദീക ട്രസ്റ്റീ, അൽമായ ട്രസ്റ്റീ, സഭ സെക്രെട്ടറി, സഭ മാനേജിങ് കമ്മറ്റി, മലങ്കര അസോസിയേഷൻ എല്ലാം ഒത്തൊരുമിച്ചുള്ള ഭരണ വ്യവസ്ഥയാണ് നിലനിൽക്കുന്നത്. എന്നാൽ വിശ്വാസം പട്ടത്വം, ഡിസ്‌സിപ്ലിൻ (faith, order, discipline) എന്നിവയെ സംബന്ധിച്ച് ഉള്ള കാര്യങ്ങൾ തീരുമാനം ചെയ്യുന്നതിന് എപ്പിസ്കോപ്പൽ സുന്നഹദോസിനു നിക്ഷിപ്‌തമാകുന്നു. വിശ്വാസപരമായ കാര്യങ്ങൾ ഭേദപ്പെടുത്തുന്നതിനു ആർക്കും അവകാശമില്ല. എന്നാൽ ഏതെങ്കിലും കാര്യത്തിൽ തർക്കം ഉണ്ടായാൽ അത് എപ്പിസ്കോപ്പൽ സുന്നഹദോസിൽ തീരുമാനം ചെയ്യാം. ഇവിടെ ആകമാന സുന്നഹദോസ് അന്തിമ തീരുമാനം എടുക്കും.

മെത്രാസന (ഭദ്രാസന) ഭരണം: ഭദ്രാസനത്തിലെ പള്ളികളിൽ നിന്നും പൊതുയോഗം, തിരഞ്ഞെടുക്കുന്ന വൈദീകൻ, ഇടവകകയിലെ അംഗങ്ങൾ അനുസരിച്ചു നിഴ്ചയിച്ചിരിക്കുന്ന അൽമായ പ്രതിനിധികൾ ഇങ്ങനെ ഭദ്രാസനത്തിലെ എല്ലാ പള്ളികളിലെയും അതാതു ഇടവകകൾ തിരെഞ്ഞെടുത്ത പ്രതിനിധികൾ ഇടവക മെത്രാപ്പോലീത്തയുടെ നിർദ്ദേശം അനുസരിച്ചു പ്രവർത്തിക്കുന്നു. ഈ യോഗം മെത്രാസന കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുക്കും.

ഇടവക ഭരണ സംവിധാനം: ഇടവക, സഭ എന്ന ക്രിസ്തു ശരീരത്തിൻ്റെ ഉള്ളിൽ നിന്നും പ്രവർത്തിക്കുന്നു. മലങ്കര സഭയിൽ പല ഇടവകകൾ ഉണ്ട് എന്നാൽ അതിൻ്റെ അർഥം ഇടവകകളോരോന്നും ഭിന്നിച്ചു നിൽക്കുന്നു എന്നല്ല, മറിച് ഒരു ശരീരത്തിൻ്റെ പല അവയവങ്ങൾ പോലെ ഒന്നിച്ചു നില്ല്കുന്നു. ഓരോ ഇടവകയിൽ നിന്നും ഭദ്രസന ഭരണത്തിലും സഭാഭരണത്തിലും ഇടവക പ്രീതിനിധികളെ ഇടവക പൊതുയോഗം തിരഞ്ഞെടുക്കുന്നു. പ.കാതോലിക്കാ ബാവായുടെ നിയന്ത്രണത്തിൽ ഉള്ള ഒരു ഭരണസംവിധാനം ഇടവക പ. സഭയോട് ചേർന്ന് ആയിരിക്കുയാണ് എന്ന് സൂചിപ്പിക്കുന്നു. പരി. ബാവ നിയമിക്കുന്ന മെത്രാപ്പോലീത്തയുടെയും അദ്ദേഹത്താൽ നിയമിതാനാകുന്ന വികാരിയുടെയും ഭരണഘടനാപ്രകാരമുള്ള നിയന്ത്രണം മലങ്കര സഭയുടെ ഭരണസംവിധാനത്തിൻ്റെ സ്രേഷ്ടതയാണ്. ദൈവാലയം മൂറോൻ കൂദാശയിലൂടെ ശുദ്ധീകരിക്കപ്പെട്ടു ഒരു ഇടവക ആയി രൂപം കൊള്ളുന്നത് പ. സഭയുടെ സത്യവിശ്വാസത്തിലും ഭരണസംവിധാനത്തിലും ആണ്. അതായതു ഓർത്തഡോക്സ്‌ വിശ്വാസത്തിലും പ. സഭയുടെ ഭരണസംവിധാനത്തിൽ 1934 ഭരണഘടനക്കു വിധേയമായുമാണ്. ദൈവാലയ കൂദാശയോട് അനുബന്ധിച്ചു പണി പൂർത്തീകരിക്കപ്പെട്ട ദൈവാലയത്തിൻ്റെ താക്കോൽ മലങ്കര മെത്രാപ്പോലീത്തയ്ക്ക് വേണ്ടിയാണ സമർപ്പിക്കുന്നത്. അപ്രകാരം ഇടവകയുടെ ആധാരം മലങ്കര മെത്രാപ്പോലീത്തയുടെ പേർക്കാണ് എഴുതുന്നത്. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കുക ഇടവകയുടെ പൊതുയോഗം തിരെഞ്ഞെടുത്ത ഇടവകയുടെ പ്രതിനിധി ഉൾപ്പെട്ടിട്ടുള്ള മലങ്കര അസ്സോസിയേഷനാൽ തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാനം ആണ് മലങ്കര മെത്രോപ്പോലീത്ത എന്നത്. ആ മലങ്കര മെത്രോപ്പോലീത്തയുടെ പേർക്കാണ് ഇടവക ആധാരം.

ഇടവകകൾ ഭിന്നിച്ചും വേറിട്ടും നിൽക്കാത്ത രീതിയിൽ പ സഭയിലെയും ഭദ്രാസനത്തിലെയും ഇടവകയിലെയും, ഭരണസംവിധാനത്തിൽ ജനങ്ങൾക്ക് പരിപൂർണ ഭരണ സ്വാതന്ത്ര്യം ഉറപ്പു വരുത്തുന്ന 1934 ഭരണഘടനാപ്രകാരമുള്ള ഭരണ സംവിധാനമാണ് ഓരോ ഇടവകകളിലും നിലനിൽക്കുന്നത്. ഇടവകയുടെ സാമ്പത്തിക ക്രയവിക്രയങ്ങൽ ബഹു. വികാരിയുടെ നേതൃത്വത്തിൽ കൂട്ട്ട്രസ്റ്റിയുടെ സഹകരണത്തിലും ഇടവക പൊതുയോഗം ആണ് തീരുമാനങ്ങൾ 1934-ലെ ഭരണഘടനാ പ്രകാരം കൈക്കൊള്ളുന്നത്. എന്നാൽ മുമ്പ് സൂചിപ്പിച്ചതുപോലെ വിശ്വാസപരമായ കാര്യങ്ങൾ തീരുമാനിക്കാൻ എപ്പിസ്കോപ്പൽ സുന്നഹദോസിനല്ലാതെ മറ്റാർക്കും അവകാശമില്ല. അപ്രാകാരം വിശ്വാസപരമായ കാര്യങ്ങളിൽ ഇടവകയിൽ ഭിന്നാഭിപ്രായങ്ങൾ വന്നാൽ ആയവർക്ക് ഇടവക വിട്ടു പോകാവുന്നതാണ്. മറ്റു യാതൊരു അവകാശങ്ങളും ഉന്നയിക്കാവുന്നതല്ല.

7). കല്ലറയുമായി ബന്ധപ്പെട്ടിട്ടുള്ള നിലവിലിരിക്കുന്ന പ്രശ്‍നം എന്താണ് ?
ഇടവകയെ സംബന്ധിച്ചിടത്തോളം ഇടവക ജനങ്ങളിൽ ആരെങ്കിലും മരണപ്പെട്ടാൽ അടക്കുന്നത് ഇടവകയുടെ സെമിത്തെരിയിലാണ്. അതായതു ഇടവക വാങ്ങിയ ഭൂമിയിൽ. അത് പൊതുശ്മശാന ഭൂമിയല്ല എന്നുകൂടി ഓർക്കുക. പൊതുശ്മശാനം അല്ലാത്തത് കൊണ്ട് തന്നെ ഇടവക വാങ്ങിയ സെമിത്തേരിയിൽ ഇടവക ജനത്തിന് പുറത്തുള്ള ആരെയും തന്നെ ഇവിടെ അടക്കുവാൻ സാധിക്കില്ല. പൊതുശ്മശാനത്തിൽ പോലും അടക്കവുമായി ബന്ധപെട്ടു ചില വ്യവസ്ഥകളും നിയമങ്ങളും ഉണ്ട്. അത് പാലിക്കാതെ പൊതുശ്മശാനത്തിൽ പോലും അടക്ക് സമ്മതിക്കില്ല എന്നിരിക്കെ ഇടവക ഇടവകയുടെ ആവശ്യത്തിനായി വാങ്ങിയ സ്ഥലത്തു എങ്ങനെ ഇടവകക് പുറത്തുള്ള മൃതശരീരം അടക്കൻ സാധിക്കും.

സഭ / ഇടവക അംഗത്വം;  സഭയുടെ ഭരണഘടനാ (4 ആം വകുപ്പ്): “വി. മാമോദീസ കൈകൊണ്ടവരും വി. ത്രിത്വത്തിൻ്റെ ദൈവത്വം, മനുഷ്യാവതാരം, പരിശുദ്ധാതമാവിൻ്റെ പുറപ്പാട്, വി സഭ എന്നിവയിലും, അവയിൽ നിഖ്യ വിശ്വാസപ്രമാണത്തിൻ്റെ ഉപയോഗം, വി പാരമ്പര്യങ്ങളുടെ ദൈവനിശ്വാസം, ദൈവമാതാവിൻ്റെയും ശുദ്ധിമാന്മാരുടെയും മധ്യസ്ഥത, മരിച്ചവരുടെ ഓർമ്മ, ഏഴു കൂദാശയുടെ കർമങ്ങൾ, നോമ്പ് മുതലായവ നിയമനുസരണമുള്ള അനുഷ്ട്ടാനങ്ങൾ എന്നിവയിലും വിശ്വാസമുള്ളവരും അവയെ അനുഷ്ഠിക്കേണ്ട ബാധ്യത സ്വീകരിച്ചിട്ടുള്ളവരും ആയ എല്ലാ സ്ത്രീപുരുഷന്മാരും ഈ സഭയിലെ അംഗങ്ങൾ ആയിരിക്കുന്നതാകുന്നു”. സഭയുടെ ഭരണവ്യവസ്ഥയോടെ ചേർന്നാണ് ഇടവകക് പ്രവർത്തിക്കാൻ സാധിക്കുന്നത് എന്നും ഇടവക സഭയിൽ നിന്നും വേറിട്ടല്ല നിലനിൽക്കുന്നതു എന്നും മുൻപ് പരാമർശിച്ചിട്ടുണ്ട്. അപ്രകാരം ഇടവകയ്ക്ക് രജിസ്റ്റർ ഉണ്ടായിരിക്കുന്നതാണ്. അതിൽ സഭാവിശ്വാസികൾക്കു ഇടവകഅംഗത്വം എടുക്കുവാൻ സാധിക്കും. അപ്രകാരം ഇടവക അംഗത്വം എടുത്തിട്ടുള്ളവരുടെ പേരുവിവരങ്ങൾ ഇടവക രെജിസ്റ്ററിൽ ഉൾപ്പെടുത്തുന്നതാണ്. അപ്രകാരം ഇടവകരെജിസ്റ്ററിൽ പേരുള്ളവർ എല്ലാവരും ഇടവകാംഗങ്ങൾ ആയിരിക്കുന്നതാണ്.

8). പൂർവികരുടെ സർട്ടിഫിക്കറ്റിൽ മതം എന്ന ഭാഗം പരിശോധിച്ചാൽ യാക്കോബായ (Jacobite) എന്നാണല്ലോ? അങ്ങനെയെങ്കിൽ ഓർത്തഡോക്സ്‌ സഭ യാക്കോബായ വിഭാഗത്തിൽ നിന്നും പിരിഞ്ഞു പോയതല്ലേ ?
അല്ല. ആദ്യമേ തന്നെ പറയട്ടെ ‘യാക്കോബായ’ എന്നത് കൽക്കദോൻ അനുകൂലികൾ അതിനെ എതിർത്തവരെ കളിയാക്കി വിളിച്ച പേരാണ്. കൽക്കദോൻ സുന്നഹദോസിന് എതിർത്തവരെ കൂട്ടിവരുത്തി അവരെ പ്രബലപ്പെടുത്തിയത് യാക്കോബായ ബുർദ്ദന (Bishop of Edessa) ആയിരുന്നു. ഇദ്ദേഹത്തിൽ നിന്നുമാണ് കൽക്കദോൻ വിരുദ്ധർക്ക് യാക്കോബായ എന്ന പേര് ലഭിക്കുന്നത്. [“564-ൽ യാക്കോബും അലക്സാന്ധ്രിയിലെ തേവോദോസ്യോസും കൂടി കറുത്തവനായ പൗലേ എന്ന ഈജിപ്റ്റുകാരനെ അന്ത്യോഖ്യ പാത്രിയർകീസായി വാഴിച്ചു എന്നാൽ താമസിയാതെ പൗലേയും യാക്കോബും തമ്മിൽ തെറ്റി പിരിഞ്ഞതിനാൽ അന്ത്യോഖ്യൻ സഭയിൽ ഭിന്നത ഉണ്ടായി. പൗലേയെ പിന്താങ്ങിയ വിഭാഗം യാക്കോബിൻ്റെ പക്ഷക്കാരെ കളിയാക്കി യാക്കോബായക്കാർ എന്ന് വിളിച്ചു വന്നതാണ് പിന്നീട് അന്ത്യോഖ്യൻ സുറിയാനിക്കാരെ ആകമാനം ഉദ്ദേശിച്ചു മറ്റുള്ളവരും ഉപയോഗിക്കാൻ തുടങ്ങിയത്] (വി.സി ശമുവേൽ അച്ചൻ്റെ കൃതികളിൽ; Council of Chalcedon, മലങ്കര അന്ത്യോക്യൻ ബന്ധം)” എന്നാൽ മലങ്കരയിൽ 1876-ൽ മുളന്തുരുത്തി സുന്നഹദോസിനു ശേഷമാണു നവീകരണക്കാരെ എതിർത്തവരെ (മലങ്കര സഭയെ) യാക്കോബായക്കാർ എന്ന് വിളിച്ചുവന്നത്.

സഭ ഭരണഘടന വകുപ്പ് 3: “ഓർത്തഡോക്സ്‌ സുറിയാനി സഭയെ ചില കാരണങ്ങളാൽ പിശകായി യാക്കോബായ’ സഭ എന്നുകൂടി പേര് പറഞ്ഞുവരുന്നത് പോലെ മലങ്കര സഭയെയും അതെ കാരണങ്ങളാൽ യാക്കോബായ സഭ എന്നുകൂടി പേര് പറഞ്ഞുവരുന്നുണ്ടെങ്കിലും അതിനുള്ള പൂർവീകമായ സാക്ഷാൽ പേര് “മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭ” എന്നാകുന്നു.”  അതുകൊണ്ടാണ് നമ്മുടെ പൂർവികരുടെ രേഖകളിൽ യാക്കോബായ എന്നു കാണുന്നത്. മലങ്കര സഭയും, അന്തിയോക്യൻ സഭയും ഒരുപോലെ നിരാകരിച്ചു തള്ളിക്കളഞ്ഞ പേരാണ് യാക്കോബായ എന്നുള്ളത് ശ്രദ്ധേയമാണ്. 2002-ൽ പുതിയ ഭരണഘടന രൂപപ്പെടുത്തി യാക്കോബായ എന്ന പേര് സ്വയം ചാർത്തി ഇട്ടാൽ ചരിത്രം തിരുത്തുവാൻ സാധിക്കില്ല; എന്നാൽ കാലാന്തരത്തിൽ തെറ്റിദ്ധരിപ്പിക്കാം എന്ന് മാത്രം.

9). ‘സുറിയാനി ക്രിസ്ത്യാനികൾ’ എന്ന് ഈ സഭയെ വിളിക്കുന്നതിൻ്റെ അടിസ്ഥാനം എന്താണ്?
മുൻപ് സൂചിപ്പിച്ചുട്ടുള്ളത് പോലെ മലങ്കരയിലെ പ്രാചീന ക്രിസ്ത്യാനികളെ ‘നസ്രാണികൽ എന്നാണ് നാമകരണം ചെയ്തിരുന്നത്. അവർ ഒരു സമുദായം എന്ന പരിഗണനയിൽ ആണ് നിലനിന്നത്. ഇനി ‘സുറിയാനി ക്രിസ്ത്യാനികൾ’ എന്ന് വിളിക്കാനുണ്ടായ കാരണം നോക്കാം. മലങ്കരയിലെ സഭക്ക് പുരാതന കാലം മുതൽ ഉണ്ടായിരുന്ന ഒരു പേര് സുറിയാനി സഭ എന്നായിരുന്നു. ഡച്ചുകാരും ഇംഗ്ലീഷുകാരും സുറിയാനിക്കാർ എന്ന് പേര് ചാർത്തി തന്നു. എന്നാൽ ഇവിടെ ശ്രദ്ധിക്കേണ്ടത്, സുറിയാനി നമ്മുടെ ആരാധനാ ഭാഷയായിരുന്നതുകൊണ്ടാണ് സുറിയാനി ക്രിസ്ത്യാനികൾ/സുറിയാനിക്കാർ എന്ന് നമ്മെ വിളിക്കുവാൻ കാരണം ആയതു. അല്ലാതെ നാം ജാതീയമായി സുറിയാനിക്കാർ എന്ന അർത്ഥത്തിലല്ല. പുരാതന കാലം മുതൽക്കേ നമ്മുടെ ആരാധനാ ഭാഷ, പാരമ്പര്യം എല്ലാം പൗരസ്ത്യ സുറിയാനി സഭയുടേതായിരുന്നു.

Z. M Parett -ൻ്റെ മലങ്കര നസ്രാണികൾ എന്ന ഗ്രന്ഥത്തിലെ ചില വരികൾ ഇവിടെ കുറിക്കുന്നു;
“സുറിയാനിക്രിസ്ത്യാനികൾ എന്ന് പേര് പറയുന്നത്, സിറിയൻ വംശജരായതുകൊണ്ടല്ല, പ്രധാനമായും ആരാധന ഭാഷ സുറിയാനി ആയതുകൊണ്ടാണ് ….” ഇത് ഗ്രന്ഥകർത്താവിൻ്റെ ഒരു ഉദ്ധരണി ആണ്. (മലങ്കര നസ്രാണികൾ page 20) മലങ്കര സഭ സ്വീകരിച്ചിരുന്ന ആരാധനാ പാരമ്പര്യം പൗരസ്ത്യ സുറിയാനി സഭയുടേതാണ്. അതായതു നമ്മുടെ പാരമ്പര്യം പേർഷ്യൻ സുറിയാനി സഭയുടേതായിരുന്നു. അന്ത്യോഖ്യൻ സഭയുമായോ പാരമ്പര്യമായോ യാതൊരു ബന്ധവും ഇല്ല. അന്ത്യോഖ്യായുമായി മലങ്കര സഭയ്ക്ക് ബന്ധം ഉണ്ടാകുന്നതു 1665-നു ശേഷമാണു. പൗരസ്ത്യ സുറിയാനി സഭ (അതായതു പേർഷ്യൻ സുറിയാനി സഭ) കാലാകാലങ്ങളിൽ നമ്മുക്ക് ആത്മീയകാര്യങ്ങൾ നിര്വഹിച്ചു എന്നാൽ ഈ സഭയുടെ തദ്ദേശീയമായ ഭരണ കാര്യങ്ങളിൽ ഇടപെട്ടിട്ടില്ല.

#മലങ്കര നസ്രാണികൾ; Page 22; “‘സുറിയാനി ക്രിസ്ത്യാനികൾ’ എന്ന് പറയുമ്പോൾ സിറിയയിൽ നിന്നും വന്ന ക്രിസ്ത്യാനിയാണ് എന്നൊരു വയ്‌പുണ്ടായിരുന്നു. അത് ശരിയല്ല.” 

പേഷ്യന് സഭ പൗരസ്ത്യവും ഭാഷ കൽദായ സുറിയാനി രൂപവുമായിരുന്നു. എന്നാൽ അന്ത്യോഖ്യൻ സഭ പാശ്ചാത്യവും ഭാഷ മാറാനായ (പാശ്ചാത്യ) രൂപമായിരുന്നു. മലങ്കരയിൽ 17 -ആം നൂറ്റാണ്ടുവരെയും പൗരസ്ത്യ ഭാഷ രൂപമായ കൽദായ സുറിയാനി രൂപമായിരുന്നു നിലവിലിരുന്നത്.

# G.T. MACKENZIE,Christianity in Travancore
“The history of Christianity in the Travancore State is a subject of very great interest, not only because there is ground to believe that from early times a Christian church was in existence on this coast, but also because at the present day one-fifth of the people of Travancore are Christians. The greater part of these Christians are known as Syrian Christians. They are Hindus by race and speak the Malayalam language that is spoken by their neighbours who are Hindus by religion. This name, Syrian Christians, has been given because in their churches they still use Syriac or Chaldaic liturgies.”

ചുരുക്കി പറഞ്ഞാൽ നാം സുറിയാനി ക്രിസ്തയാനികൾ എന്ന് അറിയപ്പെട്ടിരുന്നത് പൗരസ്ത്യ സുറിയാനി (പേർഷ്യൻ) സഭയുമായുള്ള ബന്ധത്തിൽ നമ്മൾ ഉപയോഗിച്ച ആരാധനാ ഭാഷ കൽദായ സുറിയാനി ആയതിനാലാണ്. അല്ലാതെ അന്ത്യോഖ്യൻ സുറിയാനി സഭയുമായി ഉള്ള ബന്ധത്തിൻ്റെ വെളിച്ചത്തിൽ ആയിരുന്നില്ല.

തോമസ് അലക്സ്
www.ovsonline.in
OTL Faith Study will continue …

സത്യവിശ്വാസികൾ അറിയേണ്ടത്: ORTHODOXY -THE LIFE; വിശ്വാസപഠനം – 1

2 thoughts on “സത്യവിശ്വാസികൾ അറിയേണ്ടത്: ORTHODOXY -THE LIFE; ചരിത്രപരം:- പള്ളിത്തർക്കത്തിൻ്റെ കാണാപ്പുറങ്ങൾ

  • Eldose

    യാക്കോബായക്കാർ വായിക്കേണ്ട ലേഖനം, കുറെ തെറ്റിദ്ധാരണകൾ മാറി കിട്ടും; Good Work OVS

    Reply
    • Thomas

      Thank you for your feedback. Let us hope for unity and the church without litigations AS our H.H prays. God bless

      Reply

Leave a Reply

Your email address will not be published. Required fields are marked *

twenty − 2 =