ചേപ്പാട് ഫിലിപ്പോസ് മാർ ദീവന്നാസിയോസ് – മലങ്കര സഭയുടെ സത്യവിശ്വാസ സംരക്ഷകൻ

കാർത്തികപ്പള്ളി താലൂക്കിൽ പള്ളിപ്പാട് പുരാതനവും സുപ്രസിദ്ധവുമായ ആഞ്ഞിലിമൂട്ടിൽ ഭവനത്തിൽ 1781 -ൽ കുഞ്ഞാണ്ടി എന്നയാളുടെ ആദ്യ വിവാഹത്തിലെ 5 മക്കളിൽ ഇളയ മകനായി ചേപ്പാട് ഫിലിപ്പോസ് മാർ ദീവന്നാസിയോസ് (ജ്ഞ്യാനസ്നാനപേര് – പിലിപ്പോസ്) തിരുമേനി ജനിച്ചു. പുന്നത്ര മാർ ദിവന്നാസിയോസിന്റെ കാലശേഷം പിൻഗാമിയായി നറുക്കെടുപ്പിലൂടെ മലങ്കരയുടെ സാരഥ്യം ഏറ്റെടുത്ത, തെക്കൻ ദേശത്തിന്റെ ആദ്യപിതാവ്. 1825 മുതൽ 1855 വരെ മലങ്കര സഭയെ ഭരിക്കുകയും സഭയുടെ സത്യവിശ്വാസം കാത്തുസൂക്ഷിക്കുന്നതിൽ തന്റെ മുൻഗാമികളെക്കാൾ അധികം ത്യാഗം സഹിക്കുകയും അവസാന കാലഘട്ടത്തിൽ സ്ഥാനത്യാഗം ചെയ്യേണ്ടിവരികയും ചെയ്തു എന്നത് ഒരു ചരിത്ര സത്യമാണ്. സഭയുടെ വിശ്വാസ ആചാരാനുഷ്ടാനങ്ങളെ മുറുകെപ്പിടിച്ചു ‘1836 – ൽ മാവേലിക്കര പടിയോല’ യിലൂടെ വിശുദ്ധ മാർത്തോമാ ശ്ലീഹായുടെ പൗരസ്ത്യ സിംഹാസനത്തിന്റെ മുഖമുദ്ര സംരക്ഷിച്ച മഹാപുരോഹിതൻ. തന്റെ അന്ത്യ വിശ്രമം വരെ ദൈവനിയോഗത്തെ തിരിച്ചറിഞ്ഞ സഭയുടെ ‘സത്യവിശ്വാസ സംരക്ഷകൻ ‘ ആണ് ചേപ്പാട് തിരുമേനി.
ചേപ്പാട് മാർ ദീവന്നാസിയോസിന്റെ ഭരണകാലത്ത് മലങ്കര ഓർത്തഡോക്സ്‌ സഭയുടെ ഭരണ കേന്ദ്രം എന്ന പ്രശസ്തിയും ബഹുമതിയും ചേപ്പാട് ദേവാലയത്തിനു ഉണ്ടായിരുന്നു. കാരണം അന്ന് പഴയ സെമിനാരി മലങ്കര മെത്രാപ്പോലീത്തയുടെ ആസ്ഥാനമായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ഇടവകയും അദ്ദേഹം കൂടുതൽ സമയം താമസിച്ചിരുന്ന അരമനയും ചേപ്പാടാണ്.

അധികാര വടംവലിയോട് വിട പറഞ്ഞു ശിഷ്ടകാലം പ്രാർത്ഥനയിലും ധ്യാനത്തിലും ചിലവിടാനുള്ള തിരുമേനിയുടെ ആഗ്രഹം ദൈവം തമ്പുരാൻ നിറവേറ്റി. ചേപ്പാട് പള്ളിയോട് ചേർന്ന് തിരുമേനി പണികഴിപ്പിച്ച മേട ഇന്നും അദ്ദേഹത്തിന്റെ ശാസ്ത്ര വൈദഗ്ദ്ധ്യത്തിന്റെ പ്രതീകമായി നിലകൊള്ളുന്നു.
അവസാന കാലത്തു രോഗം തിരുമേനിയെ വല്ലാതെ അലട്ടുകയും 1031 കന്നി 26-)0 തീയതി (ഒക്ടോബർ 12) പുണ്യശ്ലോകനായ തിരുമേനി ദൈവ സന്നിധിയിലേക്ക് യാത്രയായി. പുണ്യ പുരാതനമായ ചേപ്പാട് പള്ളിയുടെ വി. മദ്ബഹായിക്ക് ഉള്ളിൽ തെക്ക് വശത്തായി അദ്ദേഹത്തെ കബറടക്കി. അദ്ദേഹത്തിന്റെ കബർ ഒരു ത്രോണോസ്സായി പണിതുയർത്തി. തിരുമേനിയുടെ കബറടക്ക ശിശ്രൂഷയിൽ നേതൃത്വം നൽകിയതും കബറടക്കം നടത്തിയതും പാലക്കുന്നത് മാത്യൂസ് മാർ അത്താനാസിയോസ് മെത്രാപൊലീത്ത ആയിരുന്നു.

വന്ദ്യ പിതാവിന്റെ 100 മത് ശ്രാദ്ധപ്പെരുനാളിനു എത്യോപിയൻ ചക്രവർത്തി ഹെയ്ലി സെലാസി പങ്കെടുത്തത് ചരിത്രത്തിൽ രേഖപ്പെടുത്തിയ സുപ്രധാനമായ നിമിഷങ്ങളാണ്. ഏകദേശം 8 നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളിയും മദ്ബഹയിലെ ചുവർ ചിത്രങ്ങളും വിദേശികളുടെ സവിശേഷ ശ്രദ്ധയാകർഷിച്ചിട്ടുള്ളതാണ്. കേരളത്തിന്റെ ദേശിയ പാതയുടെ ഓരത്തു സ്ഥിതി ചെയ്യുന്നതും മലങ്കര സഭയുടെ ഏറ്റവും പുരാതനവും വാസ്തു ശില്പകലയിൽ പഴമ നിലനിർത്തുന്നതുമായ ദേവാലയമാണ് ചേപ്പാട് വലിയ പള്ളി. 2005 ഒക്ടോബർ 12 -)0 തീയതി ചേപ്പാട് തിരുമേനിയുടെ 150 മത് ഓർമ്മപ്പെരുന്നാൾ ദിവസം പള്ളിയും കബറിടവും മലങ്കര സഭയുടെ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു.

ചേപ്പാട് മാർ ദിവന്നാസിയോസ് തിരുമേനിയുടെ സ്വഭാവത്തെ പറ്റി തിരുമേനിയുമായി അടുത്ത് പരിചയമുള്ള ഒരു മഹൽ വ്യക്തി ഒരു കൈയെഴുത്തു പുസ്തകത്തിൽ ഇപ്രകാരം വിവരിച്ചിരിക്കുന്നു.
“അദ്ദേഹത്തിന് മനക്കരുത്ത് കുറവായിരുന്നു, എങ്കിലും അദ്ദേഹം ഭക്തനും, കപടമില്ലാത്തവനും, തന്റെ സഭയുടെ വിശ്വാസാചാരങ്ങളിൽ വൈരാഗ്യമുള്ളവനും ആയിരുന്നു ”
(“മാർ തോമാശ്ലീഹായുടെ ഇന്ത്യൻ സഭ ” എന്ന സഭാ ചരിത്ര ഗ്രന്ഥം, അദ്ധ്യായം 20, 232 -)0 വശം)

പ. ചേപ്പാട് മാർ ദീവന്നാസിയോസ് തിരുമേനിയുടെ 162 മത് ഓർമ്മ പെരുന്നാൾ 2017 ഒക്ടോബർ 1 മുതൽ 12 വരെ പരിശുദ്ധ പിതാവ് അന്ത്യ വിശ്രമം കൊള്ളുന്ന ചേപ്പാട് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയപള്ളിയിൽ ഭക്തിആദരപൂർവം കൊണ്ടാടുന്നു.

തയ്യാറാക്കിയത് ശ്വേത ചേപ്പാട്

error: Thank you for visiting : www.ovsonline.in