കത്തോലിക്കാ സഭയും ഓര്‍ത്തഡോക്സ് സഭയും ചേര്‍ന്ന് സംയുക്ത മതപഠന പാഠങ്ങള്‍ക്ക് രൂപം നല്‍കും

കത്തോലിക്കാ സഭയും മലങ്കര ഓര്‍ത്തഡോക്സ് സഭയും സംയുക്തമായി മതപഠനത്തിനുളള ഉയര്‍ന്ന ക്ലാസുകളിലെ പാഠങ്ങള്‍ക്ക് രൂപം നല്‍കാന്‍ നിശ്ചയിച്ചു. റോമന്‍ കത്തോലിക്കാ സഭയുടെയും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെയും പ്രതിനിധികള്‍ ചേര്‍ന്ന് രൂപീകരിച്ചിട്ടുള്ള സംയുക്ത വേദശാസ്ത്ര സംവാദ സമിതി ഞാലിയാകുഴി മാര്‍ ബസേലിയോസ് ദയറായില്‍ നടത്തിയ ചര്‍ച്ചകളിലാണ് ഈ തീരുമാനം കൈക്കൊണ്ടിട്ടുളളത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ സമിതി എത്തിച്ചേര്‍ന്ന ക്രിസ്തു വിജ്ഞാനീയത്തിലുളള പൊതുധാരണകള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി, ചില കൂദാശകള്‍ പങ്ക് വയ്ക്കുന്നത് സംബന്ധിച്ചും, പളളികളും സെമിത്തേരികളും പങ്ക് വയ്ക്കുന്നതു സംബന്ധിച്ചും ഇതിനോടകം ഉണ്ടാക്കിയിട്ടുളള ധാരണകളുടെ അടിസ്ഥാനത്തിലാണ് പാഠങ്ങള്‍ പൊതുവായി തയ്യാറാക്കുന്നത്.

വിദ്യാഭ്യാസ-ആതുര ശുശ്രൂഷാ കേന്ദ്രങ്ങളില്‍ ഇതരസഭാംഗങ്ങള്‍ക്ക് ആവശ്യമായ അജപാലന ശുശ്രൂഷകള്‍ ലഭിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും ഇരുസഭകളുടെയും സെമിനാരികള്‍ തമ്മില്‍ സഹകരണം വളര്‍ത്തിയെടുക്കാന്‍ പദ്ധതികള്‍ തയ്യാറാക്കുന്നതിനും സമ്മേളനം തീരുമാനിച്ചു. സഭാ കേന്ദ്രങ്ങളില്‍ നിന്നും അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ഇക്കാര്യങ്ങള്‍ പ്രസിദ്ധീകരിക്കാനും എല്ലാ കേന്ദ്രങ്ങളിലും എത്തിക്കാനുമാണ് നിശ്ചയിച്ചിട്ടുളളത്.

 

സഭാ പിതാക്കന്മാരുടെ വിശ്വാസ പഠനങ്ങളുടെ വായനകള്‍ വര്‍ഷത്തില്‍ ഒരോ ദിവസവും വായിക്കത്തക്കവിധത്തിലുളള പുസ്തകത്തിന് സമ്മേളനം രൂപം നല്‍കി പ്രസിദ്ധീകരിക്കുവാന്‍ നിശ്ചയിച്ചു. ഒപ്പം സഭാചരിത്ര പഠനത്തിനായുളള പൊതുസ്രോതസുകളുടെ രൂപരേഖയും ക്രമപ്പെടുത്തിയിട്ടുണ്ട്.

ഫാ. ഡോ.റജി മാത്യൂ, ഫാ. അഗസ്റ്റിന്‍ കടയപറമ്പില്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രിയോസ് മെത്രാപ്പോലീത്താ, ബിഷപ്പ് ബ്രയാന്‍ ഫാറല്‍ എന്നിവരുടെ സംയുക്ത അദ്ധ്യക്ഷതയില്‍ ചര്‍ച്ചകള്‍ നടന്നു. കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച് ആര്‍ച്ച് ബിഷപ്പ് മാത്യൂ മൂലക്കാട്ട്, ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്, ബിഷപ്പ് സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്, ഫാ. ഡോ.സേവ്യര്‍ കൂടപ്പുഴ, ഫാ. ഡോ.മാത്യൂ വെളളാനിക്കല്‍, ഫാ. ഡോ. ജേക്കബ് തെക്കേപറമ്പില്‍, ഫാ. ഡോ.ഫിലിപ്പ് നെല്‍പ്പുരപറമ്പില്‍, ഫാ. ഡോ. ഹിയാസിന്‍ ഡെസ്റ്റിവെല്ല, ഓര്‍ത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്ത, ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്ത, ഡോ. യാക്കൂബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത, ഫാ. ബേബി വര്‍ഗീസ്, ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, ഫാ. ഡോ. ജോസ് ജോണ്‍, ഫാ. ഡോ. ജോസി ജേക്കബ്, ഫാ. ഡോ. ഏബ്രഹാം തോമസ്, ഫാ. ഡോ. റെജി വര്‍ഗീസ്, ഫാ.ഡോ. ഫെലിക്സ് യോഹന്നാന്‍, ഫാ.ഡോ. കോശി വൈദ്യന്‍ എന്നിവര്‍ പങ്കെടുത്തു.

error: Thank you for visiting : www.ovsonline.in