വിവാഹമോചനങ്ങളുടെ പിന്നിലെ സത്യം പറയുന്ന ചിത്രം
പെരുകിവരുന്ന വിവാഹമോചനങ്ങളെ കുറിച്ചും കുടുംബത്തകര്ച്ചകളെ കുറിച്ചും ആകുലപ്പെടുന്നവരാണ് നമ്മളെല്ലാവരും. എന്താണ് ഈ വിവാഹമോചനങ്ങള്ക്കൊക്കെ വഴിവയ്ക്കുന്നത്.. അവിശ്വസ്തതയാണോ, കരുതിക്കൂട്ടി പറഞ്ഞ നുണകളാണോ മാനസിക പ്രശ്നങ്ങളാണോ..
ഇതൊക്കെ കാരണമാണെങ്കിലും പ്രധാനകാരണം പങ്കാളിയെ കേള്‍ക്കാന്‍ സമയം കണ്ടെത്താത്തത് ആണെന്നാണ് സ്വന്തം ജീവിതാനുഭവത്തിന്റെ വെളിച്ചത്തില്‍ ഐസ് വാറിച്ച് എന്ന ഹ്രസ്വചിത്ര സംവിധായകന് പറയാനുള്ളത്.
ഐസിന്റെ കുടുംബജീവിതം തകര്‍ച്ചയുടെ വക്കിലായിരുന്നു. ഒരുമിച്ച് മുന്നോട്ടുപോകാനുള്ള അവസാനശ്രമം നടത്തേണ്ട ഘട്ടം. അയാള്‍ക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. പിരിഞ്ഞു പോകണോ ഒരിക്കല്‍ക്കൂടി ഒരുമിച്ച് പോകാനുള്ള ശ്രമം നടത്തണോ എന്ന് അറിയാതെ അയാള്‍ അസ്വസ്ഥനായി. വേര്‍പാടിന്റെ നിമിഷത്തോട് അടുക്കുന്പോള് മാത്രമാണ് പിന്നിട്ട വഴികളിലെ സന്തോഷ നിമിഷങ്ങള്‍ നമ്മുടെ ഓര്‍മ്മയിലെത്തുക.
അതുവരെ പങ്കാളിയുടെ കുറ്റവും കുറവും കണ്ടെത്താനും പഴി പറയാനും ശ്രമിക്കും. ഐസിന് എന്ത് ചെയ്യണമെന്ന് അറിവുണ്ടായിരുന്നില്ല. ഉള്ളിലെ നൊന്പരങ്ങള്‍ അയാള്‍ കുത്തിക്കുറിക്കാന്‍ തുടങ്ങി. പിന്നെ മരണത്തിന്റെ താഴ്വര എന്നു വിളിക്കപ്പെടുന്നിടത്ത് പോയി കുത്തിക്കുറിച്ചതൊക്കെ ചിത്രീകരിച്ചു.
ഭാര്യയോട് പറയാനുള്ളതെല്ലാം രണ്ട് കലാകാരന്മാരുടെ സഹായത്തോടെ ചിത്രീകരിച്ച് വീട്ടിലെത്തി. ഡെത്ത് വാലി എന്ന ആ സ്ഥലത്ത് അയാള്‍ തന്റെ കുടുംബജീവിതത്തില്‍ തങ്ങളിരുവരും കടന്നു പോകുന്ന അവസ്ഥകള്‍ അനുഭവിച്ചു, ആശങ്കകള്‍, മടുപ്പുകള്‍ ഉള്ളിലൊളിഞ്ഞിരിക്കുന്ന സ്നേഹം, അണയാത്ത പ്രതീക്ഷ എല്ലാം അയാള്‍ തന്റെ ലഘുചിത്രത്തിലൂടെ പങ്കുവച്ചു. രണ്ടു പേരുടെ പക്ഷവും ചിന്തിച്ചു.. വീട്ടില്‍ ഭാര്യ കാത്തിരിക്കുന്നുണ്ടായിരുന്നു, ഐസ് ഭയപ്പെട്ടത് തന്നെ സംഭവിച്ചു. അവള് വിവാഹമോചനം ആവശ്യപ്പെട്ടു.
അയാള്‍ പക്ഷെ ചിത്രത്തിന്റെ എഡിറ്റിങ് ആരംഭിച്ചു. തനിക്ക് സംഭവിച്ചത് മറ്റുള്ളവര്‍ക്കെങ്കിലും സംഭവിക്കരുത് എന്ന നിര്‍ബന്ധബുദ്ധിയോടെ. സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്ത ചിത്രത്തിലൂടെ പറയാന്‍ ഉദ്ദേശിച്ചത് ഏറെ വൈകിപോകും മുന്‍പ് ഒന്നു കേള്‍ക്കാന്‍ തയ്യാറായാല്‍ ഒഴിവാക്കാവുന്നതാണ് പല വിവാഹമോചനങ്ങളും എന്നാണെന്ന് ഐസ് വാറിച്ച് പറയുന്നു.
സ്നേഹത്തിന്റെ സൂര്യാസ്തമയത്തിന് മുന്‍പ് പരസ്പരം വിശ്വസിക്കാനും സ്നേഹിക്കാനും ശ്രമിക്കുന്ന ദന്പതികളെ കണ്ടു മുട്ടുന്നു നാം ഈ ചെറു ചിത്രത്തില്‍.
ശരിയാണ് ഒന്നു കേള്ക്കാന്ഡ തയ്യറായാല്‍ തീരുന്ന പ്രശ്നമേ നമ്മുടെ പല ബന്ധങ്ങളിലും ഉള്ളു. എല്ലാ തിരക്കുകള്‍ക്കിടയിലും വേണമെന്ന് വിചാരിച്ചാല്‍ നമുക്ക് കഴിയുന്ന കാര്യം. എന്തുകൊണ്ട് വിവാഹമോചനങ്ങള്‍ എന്ന് പ്രലപിക്കാതെ, നമ്മുടെ ഒക്കെ കുടുംബങ്ങളില്‍, പങ്കാളിയും മക്കളുമൊക്കെ കേള്‍ക്കപ്പെടുന്നുണ്ടോ എന്ന് വിചിന്തനം നടത്താം.. പകല്‍ അസ്തമിക്കും മുന്‍പേ കൂടെയുള്ളയാളെ ഒന്നു ചേര്‍ത്തു പിടിക്കാം.
വിവാഹത്തിനും കുടുംബത്തിനും വിലയില്ലാത്തവര്‍ എന്ന് നാം പരിഹസിക്കുന്ന പാശ്ചാത്യലോകത്ത് നിന്നാണ് ഈ ചിത്രം എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത. എല്ലാവരും ഓരോ തുരുത്തായി മാറുന്നിടത്ത് ഐസ് വാറിച്ചും അയാളുടെ ആത്മകഥാപരമായ ചിത്രവും പ്രത്യാശയുടെ ചെറുതിരി കൊളുത്തി വയ്ക്കുന്നു.