ചന്ദനപ്പള്ളി വലിയപള്ളിയിലെ പെരുന്നാളിന് കൊടിയേറി

ചന്ദനപ്പള്ളി ∙ ആഗോളതീർഥാടന കേന്ദ്രമായ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെ പെരുന്നാളിന് കൊടിയേറി. രാവിലെ മൂന്നിന്മേൽ കുർബാനയ്ക്ക് ശേഷം പള്ളിയങ്കണത്തിലെ സ്വർണ കൊടിമരത്തിൽ വികാരി ഫാ. ബിജു തോമസ് പറന്തലിന്റെ കാർമികത്വത്തിലായിരുന്നു കൊടിയേറ്റ്. തടർന്ന് വിവിധ കുരിശടികളിലും ഭവനങ്ങളിലും കൊടിയേറി. കുര്യൻ വർഗീസ് കോറെപ്പിസ്കോപ്പ, ഫാ. ടി.ജി.ഡാനിയൽ, ഫാ. ജോഷ്വാ മാത്യു എന്നിവർ സഹകാർമികരായിരുന്നു. വൈകിട്ട് ഇടത്തിട്ടയിൽ നിന്ന് കൊടിമരഘോഷയാത്രയും നടന്നു. മാവിലകളും കുരുത്തോലകളുമായി അലംകൃതമായ കൊടിമരത്തിലും കൊടിയേറ്റ് നടത്തി.

മേയ് ഏഴിനും എട്ടിനുമാണ് പ്രധാന പെരുന്നാൾ. ഏഴിന് രാവിലെ എട്ടിന് മൂന്നിന്മേൽ കുർബാന, 10ന് പൊന്നിൻ കുരിശ് സമർപ്പണം, 10.30ന് സെന്റ് ജോർജ് ഷ്രൈൻ എഴുന്നള്ളിപ്പ്, 7.45ന് ശ്ലൈഹിക വാഴ്‌വ്, 8.30ന് റാസ, ഗാനമേള. മേയ് എട്ടിന് രാവിലെ ആറിന് ചെമ്പിൽ അരിയിടീൽ കർമം, 7.30ന് മൂന്നിന്മേൽ കുർബാന, 10ന് തീർഥാടക സംഗമം, 3.30ന് ചെമ്പെടുപ്പ് റാസ, റാസയ്ക്ക് ജംക്‌ഷനിൽ സ്വീകരണം, അഞ്ചിനാണ് പ്രസിദ്ധമായ ചന്ദനപ്പള്ളി ചെമ്പെടുപ്പ് നടക്കുന്നത്. തുടർന്ന് നേർച്ചവിളമ്പ്, ഗാനമേള എന്നിവയും നടക്കും.

error: Thank you for visiting : www.ovsonline.in