വെട്ടിക്കൽ ദയറായിൽ പ. പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ:- ഡിസംബർ 2 മുതൽ 10 വരെ

മഹാ പരിശുദ്ധനായ പരുമല ഗീവറുഗീസ് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ താപസ ജീവിതം കൊണ്ട് പുണ്യവും പരിശുദ്ധവുമായ ഭൂമിയാണ് വെട്ടിക്കൽ സെന്റ് തോമസ് ദയറ. എ.ഡി. 1125 -ൽ പുതുഞായറാഴ്ച്ച ദിവസം പ. മാർത്തോമ്മാ ശ്ലീഹായുടെ നാമത്തിൽ സ്ഥാപിതമായ ഒരു ചെങ്കൽ കുരിശാണ് ദയറായുടെ ആരംഭം. അനേകം പുണ്യ പിതാക്കൻമാരുടെയും, സന്യാസി ശ്രേഷ്ഠന്മാരുടെയും ജീവിതം കൊണ്ട് പരിപാവനമയ ഈ പുണ്യഭൂമിയിലാണ് പരുമലത്തിരുമേനി പത്തൊമ്പതാംനൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ താപസ ജീവിതം നയിച്ചത്.

ഏകാന്തതയുടെ പ്രശാന്തതയിൽ മനസ്സിനെയും, ശരീരത്തേയും ഒരുപോലെ വരുതിയിലാക്കുവാൻ വേണ്ടിയിരുന്നത് കഠിനമായ ഒരു തപോനിഷ്ഠ പാലിക്കുകയാണെന്നും, ദൈവത്തെ കൂടുതൽ അറിയുവാനും, വേദ രഹസ്യങ്ങൾ ആഴത്തിൽ ഗ്രഹിക്കുവാനും മനനം ചെയ്യുവാനും ഒരുത്തമ സന്ന്യാസ്ഥന് ഈ ഏകാന്തത അനിവാര്യമാണെന്നും പരുമലത്തിരുമേനി തിരിച്ചറിഞ്ഞിരുന്നു. ഈജിപ്തിലെ വിശുദ്ധനായ അന്തോണിയോസിൻ്റെ ദയറാ ജിവിതം തിരുമേനിയെ വല്ലാതെ ആകർഷിച്ചിരുന്നു. അതുകൊണ്ട് വെട്ടിക്കൽ കുരിശുപള്ളിയിൽ താമസിക്കുവാൻ തിരുമേനി തീരുമാനിച്ചത്.

1876 ഡിസംബർ 10-)0 തിയതി വടക്കൻ പറവൂർ മാർത്തോമ്മൻ പള്ളിയിൽ വച്ച് പരി. ഇഗ്നാത്തിയോസ് പത്രോസ് തൃതീയൻ പാത്രിയർക്കീസ് ബാവ തിരുമേനി പരുമല തിരുമേനിയെ മെത്രാപ്പോലീത്തയായി വാഴിച്ചു. തിരുമേനിയുടെ മെത്രാപോലിത്ത സ്ഥാനലബ്ദിയുടെ ശതാബ്ദി വർഷമായ 1976 ഡിസംബർ 10-ന് വെട്ടിക്കൽ ദയറായിൽ പരുമലതിരുമേനിയുടെ പരി. തിരുശേഷിപ്പ് സ്ഥാപിച്ചു.

തിരുമേനിയുടെ മെത്രാൻ സ്ഥാനാഭിഷേകത്തിൻ്റെയും തിരുശേഷിപ്പ് സ്ഥാപനത്തിൻ്റെയും സ്മരണക്കായി എല്ലാവർഷവും ഡിസംബർ 10-ന് പെരുന്നാളായി വെട്ടിക്കൽ ദയറാപള്ളിയിൽ ആഘോഷിച്ചു തുടങ്ങി.

ഈ വർഷവും മലങ്കരസഭയുടെ പരമാദ്ധ്യക്ഷൻ പ. ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ തിരുമേനിയുടെ പ്രധാന കാർമ്മികത്വത്തിലും ദയറായുടെ വിസിറ്റിംഗ് ബിഷപ്പും കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനുമായ അഭി. ഡോ മാത്യൂസ് മാർ സേവേറിയോസ് തിരുമേനിയുടെയും ദയറായുടെ മുൻ മാനേജറും അങ്കമാലി ഭദ്രാസനാധിപനുമായ അഭി. യൂഹാനോൻ മാർ പോളിക്കാർപ്പോസ് തിരുമേനിയുടെയും സഹകാര്മികത്വത്തിലും പെരുന്നാൾ ശുശ്രൂഷകൾ നടക്കും.

ഡിസംബർ 2-)0 തിയതി ഞായറാഴ്ച വി. കുർബാന അനന്തരം പെരുന്നാൾ കൊടിയേറ്റ് കർമ്മം നടക്കും. 7-)0 തിയതി വെള്ളിയാഴ്ച തൃക്കുന്നത്ത് സെമിനാരി മാനേജർ റവ. ഫാ യാക്കൂബ് തോമസ് ധ്യാനയോഗത്തിനു നേതൃത്വം നൽകും. തുടർന്ന് വി. കുർബാനയും നേർച്ച വിളമ്പും ഉണ്ടാകും.

8-)0 തിയതി രാവിലെ 6. 15 -ന് വി. കുർബാനയും തുടർന്ന് നേർച്ചയും, 9-)0 തിയതി രാവിലെ 7 മണിക്ക് വി. കുർബാനയും തുടർന്ന് നേർച്ചസദ്യയും ഉണ്ടാകും. 9-)0 തിയതി വൈകിട്ട് 6 മണിക്ക് പരി കാതോലിക്കാ ബാവ തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ സന്ധ്യാനമസ്കാരം, മദ്ധ്യസ്ഥ പ്രാർത്ഥന, അനുഗ്രഹ പ്രഭാഷണം, അവാർഡ് ദാനം, പ്രദിക്ഷണം, ആശിർവാദം, നേർച്ചസദ്യ എന്നിവ ഉണ്ടാകും. തുപ്പംപടി കുരിശുപള്ളിയിൽ റവ ഫാ പ്രിൻസ് മാത്യു വചന ശുശ്രൂഷ നിർവഹിക്കും.

10-)0 തിയതി രാവിലെ ദയറായുടെ മുകളിലെ ചാപ്പലിൽ 6 മണിക്ക് അഭി യൂഹാനോൻ മാർ പോളിക്കാർപ്പോസ് തിരുമേനി വി. കുർബാന അർപ്പിക്കും. തുടർന്ന് നേർച്ച വിളമ്പ ഉണ്ടാകും. രാവിലെ 7. 30-ന് പ. കാതോലിക്കാ ബാവ തിരുമേനിയുടെ പ്രധാന കാർമികത്വത്തിൽ വി. കുർബാന, മദ്ധ്യസ്ഥ പ്രാർത്ഥന, പ്രദക്ഷിണം, ആശിർവാദം, നേർച്ച സദ്യ എന്നിവ നടക്കും.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

error: Thank you for visiting : www.ovsonline.in