സഖറിയാസ് മാര്‍ അപ്രേം സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന സഹായ മെത്രാപ്പോലീത്ത

കോട്ടയം/ടെക്സാസ് : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന സഹായ മെത്രാപ്പോലീത്തയായി ഡോ.സഖറിയാസ് മാര്‍ അപ്രേം നിയമിതനായി.സഭാ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്ക ബാവ മാര്‍ അപ്രേമിനെ നിയമിച്ചു കല്പന അയച്ചു.അടൂര്‍ – കടമ്പനാട് ഭദ്രാസനത്തിന്‍റെ ചുമതല വഹിക്കുന്ന മാര്‍ അപ്രേം മലബാര്‍ ഭദ്രാസനത്തിലെ ചുങ്കത്തറ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളി ഇടവകാംഗമാണ്.

2010 ഫെബ്രുവരി 17ന് ശാസ്താംകോട്ടയില്‍ നടന്ന മലങ്കര അസോസിയേഷന്‍ യോഗം ആയിരുന്നു അദേഹത്തെ മെത്രാപ്പോലീത്തയായി തിരഞ്ഞെടുത്തത്.പഴയ സെമിനാരി അദ്ധ്യാപകന്‍ -റെജിസ്ട്രാര്‍ എന്നീ നിലകളിലും പുണ്യശ്ലോകനായ പരിശുദ്ധ ദിദിമോസ് പ്രഥമന്‍ വലിയ ബാവായുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മലങ്കര അസോസിയേഷന്‍ ചേര്‍ന്ന്  പുതിയ മെത്രാപ്പോലീത്താമാരെ  തിരഞ്ഞെടുത്തു സ്വതന്ത്ര ചുമതല നല്‍കുന്നത് വരെ ഒഴിവു വന്ന ഭദ്രാസനങ്ങളിലെ ഭരണം പരിശുദ്ധ കാതോലിക്ക ബാവയുടെ മേല്‍നോട്ടത്തിലാണ്  നിര്‍വ്വഹിക്കപ്പെടുന്നത്.പരിശുദ്ധ ബാവയെ ഭദ്രാസന ഭരണത്തില്‍ സഹായിക്കുക എന്നതാണ് പ്രധാനമായും സഹായ മെത്രാപ്പോലീത്തമാരില്‍ നിക്ഷിപ്തമായ കര്‍ത്തവ്യം.കോട്ടയം , കുന്നംകുളം ,മലബാര്‍, ചെങ്ങന്നൂര്‍,മാവേലിക്കര ഭദ്രാസനങ്ങളില്‍ സഹായ മെത്രാപ്പോലീത്തമാരെ നിയമിച്ചിരിന്നു.

error: Thank you for visiting : www.ovsonline.in