കോടതി വിധി അംഗീകരിക്കില്ല എന്ന വാദം നീതിന്യായ വ്യവസ്ഥയോടുളള വെല്ലുവിളി : ഓര്‍ത്തഡോക്സ് സഭ

കോട്ടയം:- സുപ്രീം കോടതി വിധികള്‍ ആദരവവോടെ കാണുന്നുവെങ്കിലും അംഗീകരിക്കാനാവില്ല എന്ന യാക്കോബായ വിഭാഗം നേതാക്കളുടെ പ്രസ്താവന നീതിന്യായ വ്യവസ്ഥയോടുളള വെല്ലുവിളിയും സംഘര്‍ഷം സൃഷ്ടിച്ച് നിയമസമാധാന നില തകര്‍ക്കാനുളള നീക്കത്തിന്‍റെ ഭാഗവുമാണെന്ന് ഓര്‍ത്തഡോക്സ് സഭ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. വിശ്വാസം സംബന്ധിച്ചല്ല സഭയുടെ   സ്വാതന്ത്ര്യവും അധികാരവും സ്വത്തും സംബന്ധിച്ചാണ് തര്‍ക്കമെന്ന് കോടതി വിധി വ്യക്തമാക്കിയിട്ടുണ്ട്. മലങ്കര സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ കാതോലിക്കാ ബാവായാണെന്ന് സുപ്രീം കോടതി അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിട്ടുമുണ്ട്.  മലങ്കര സഭയിലെ പളളികള്‍ 1958, 1999, 2017 എന്നീ വര്‍ഷങ്ങളിലെ ബഹു. സുപ്രീം കോടതി വിധികള്‍ അംഗീകരിച്ച 1934 ലെ സഭാ ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടേണ്ടതാണെന്ന് അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്തതുപോലെ വിധിച്ചിട്ടും അത് അംഗീകരിക്കാനാവില്ല എന്ന് ആവര്‍ത്തിക്കുന്നവര്‍ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനായി നടത്തുന്ന വ്യാജപ്രചാരണങ്ങളും ഇന്ത്യന്‍ ഭരണഘടനെയും നീതി ന്യായ വ്യവസ്ഥിതിയെയും വെല്ലുവിളിക്കുന്ന രീതിയും അവസാനിപ്പിച്ച് സഭാ സമാധാനം പുന:സ്ഥാപിക്കാന്‍ സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 

  മലങ്കര സഭയിലെ തര്‍ക്കം സംബന്ധിച്ച് 2017 ജൂലൈ 3 ന് ഉണ്ടായ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് കൈക്കൊളേളണ്ട നടപടികളില്‍ പരിശുദ്ധ കാതോലിക്കാ ബാവായെ സഹായിക്കുന്നതിനായി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത (പ്രസിഡന്‍റ്),ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ് (വൈസ് പ്രസിഡന്റ്‌ ) ഡോ. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ് മെത്രാപ്പോലീത്ത (കണ്‍വീനര്‍) ഫാ. ഡോ. എം. ഒ. ജോണ്‍, ജോര്‍ജ് പോള്‍, അഡ്വ. ബിജു ഉമ്മന്‍,  ഫാ. ജോണ്‍ സി. ചിറത്തലാട്ട്, അഡ്വ. റോഷന്‍ ഡി. അലക്സാണ്ടര്‍ എന്നിവരടങ്ങിയ ഉപസമിതി രൂപീകരിച്ചു. സഭാസമാധാനം പുന:സ്ഥാപിക്കുന്നതിനായി വിവിധ രംഗങ്ങളില്‍  നടക്കുന്ന ചര്‍ച്ചകളും ഉയര്‍ന്നു വരുന്ന നിര്‍ദ്ദേശങ്ങളും ഈ സമിതി പരിഗണിക്കും. സമിതിയുടെ  യോഗം ജൂലൈ 16 ഞായറാഴ്ച്ച 5 മണിക്ക് ദേവലോകം കാതോലിക്കേറ്റ് അരമന ഹാളില്‍ ചേരും.

error: Thank you for visiting : www.ovsonline.in