കേരളത്തിലെ റോമോ സുറിയാനികളും മലങ്കര സഭാ തർക്കവും

കേരളത്തിലെ റോമോ സുറിയാനി ക്രിസ്ത്യാനി വിഭാഗങ്ങളായ സീറോ മലബാർ, സീറോ മലങ്കര സഭ നേതൃത്വത്തോടും, അൽമായ ഗണതോടും മലങ്കര സഭയിലെ വ്യവഹാരങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ ചില കാര്യങ്ങൾ സൂചിപ്പിച്ചുകൊള്ളട്ടെ.

ഒന്നാമത് തന്നെ ഇത് നിങ്ങളുടെ സഭയുമായി ബന്ധപ്പെട്ട ഒരു തർക്കം അല്ല. ഇത് മലങ്കര സഭയുടെ ആഭ്യന്തര പ്രശ്നം ആണ്. അതുകൊണ്ട് തന്നെ നിങ്ങൾക്ക് ഈ തർക്കവുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ല. മലങ്കര സഭാ നേതൃത്വം റോമോ സുറിയാനികളെ മലങ്കര സഭയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാൻ ക്ഷണിച്ചിട്ടില്ല.

മലങ്കര സഭയുടെ വ്യവഹാരങ്ങൾ പരിഹരിക്കപ്പെടാൻ ഈ രാജ്യത്ത് ഒരു നിയമ വ്യവസ്ഥിതി ഉണ്ട്. അതനുസരിച്ച് മലങ്കരസഭ ആ കാര്യങ്ങൾ കൈകാര്യം ചെയ്തുകൊള്ളും. റോമോ സുറിയാനി സഭകളുടെ സഹായം മലങ്കര സഭയ്ക്ക് ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല.

മാർത്തോമാ ഒന്നാമനെയും, അതുപോലെ മലങ്കര സഭയെ മുഴുവൻ ചതിച്ച പാരമ്പര്യമുള്ള പറമ്പിൽ ചാണ്ടി, ആർച്ചുബിഷപ്പ് ഇവാനിയോസ് എന്നിവരുടെ പിന്തുടർച്ചക്കാർ ആയിട്ടുള്ള ആളുകളുടെ സഹായം സഭയ്ക്ക് ആവശ്യമില്ല. ഒരുവശത്ത് കള്ളത്തരത്തിൽ കൂടെ ചരിത്രം സൃഷ്ടിക്കുകയും ഇല്ലാത്ത പാരമ്പര്യങ്ങൾ അവകാശപ്പെടുകയും, മറ്റൊരുവശത്ത് മലങ്കര സഭയുടെ പാരമ്പര്യത്തെ നശിപ്പിച്ചു കളയാൻ ചെയ്യുന്ന കാര്യങ്ങളെ മലങ്കര നസ്രാണികൾ ശക്തമായി തിരിച്ചറിഞ്ഞിട്ടുണ്ട്. കുറച്ചുനാൾമുമ്പ് കുറവലങ്ങാട് റോമോ സുറിയാനികൾ നടത്തിയ സമ്മേളനം ഇതിന് ഒരു ചെറിയ ഉദാഹരണം മാത്രം.

മലങ്കര സഭയുടെ തലവനായ മലങ്കര മെത്രാപ്പോലീത്തയുടെ കാനോനിക സ്ഥാന നാമങ്ങളെ അവഹേളിക്കുന്ന റോമോ സുറിയാനികളുടെ കള്ളത്തരങ്ങൾ ഞങ്ങൾ കാണുന്നില്ല എന്ന് നിങ്ങൾ വിചാരിക്കരുത്.

ഇതു കൂടാതെ യാതൊരു ഉളുപ്പുമില്ലാതെ വിശുദ്ധ തോമാശ്ലീഹായുടെ സിംഹാസനവും മലങ്കര മെത്രാപ്പോലീത്തയുടെ സ്ഥാന നാമങ്ങൾ തങ്ങളുടെ പിതാക്കന്മാരുടെ ആണെന്ന് അവകാശപ്പെടുന്ന റോമോ സുറിയാനികളെ ഓർത്തു ഞങ്ങൾ ലജ്ജിക്കുന്നു. റോമോ സഭയിൽ ഉള്ളത് ഒരു സിംഹാസനം ആണ്. അത് പത്രോസിനെ സിംഹാസനം ആണ്. അതിൽ ഇരിക്കുന്നത് പരിശുദ്ധ മാർപാപ്പയാണ്. ഇതുകൂടാതെ പല സിംഹാസനങ്ങൾ റോമാ സഭയിൽ ഉണ്ടെന്നുള്ള വാദം റോമോ സുറിയാനികൾ ലോകത്തിനു കൊടുക്കുന്ന പുതിയ അറിവായിരിക്കും. കേരളത്തിലെ റോമോ സുറിയാനികൾ നടത്തുന്ന ചില ബാലിശമായ വാദങ്ങൾ മാത്രമാണിത്.

ഏറ്റവും വലിയ തമാശ ഇതൊന്നുമല്ല, സീറോ മലബാർ മേജർ ആർച്ചുബിഷപ്പ് ആണോ അതോ സീറോ മലങ്കര സഭയുടെ മേജർ ആർച്ചുബിഷപ്പ് ആണോ മാർ തോമാശ്ലീഹായുടെ സിംഹാസനത്തിന് അവകാശി എന്നുള്ളത് അവർ തമ്മിൽ ഇതുവരെ തീരുമാനമായിട്ടില്ല. രണ്ടുകൂട്ടരും ഘോരഘോരം സിംഹാസനത്തിന് അവകാശവാദമുന്നയിക്കുന്നു ഉണ്ട്. ഒരു വശത്തുകൂടി എക്യുമിനിക്കൽ ബന്ധങ്ങൾ ഊഷ്മളമാക്കാൻ നിങ്ങൾ ആഹ്വാനം ചെയ്യുകയും, മറ്റൊരു വശത്ത് കൂടി റോമാ സഭയോ, മാർപാപ്പയോ നിങ്ങൾക്ക് തരാത്ത സിംഹാസനങ്ങൾ നിങ്ങളുടേത് ആണെന്ന് അവകാശപ്പെടുകയും ചെയ്യുന്ന ഇരട്ടത്താപ്പു ഞങ്ങൾക്ക് തീർച്ചയായും മനസ്സിലാകും.

മലങ്കര സഭയ്ക്ക് മാത്രം അവകാശപ്പെട്ട, കാനോനികവും അപ്പോസ്തോലികവുമായ സിംഹാസനം കൈക്കലാക്കാനുള്ള നിങ്ങളുടെ വങ്കത്തരം സാമാന്യ ബോധം ഉള്ള ഏതൊരു മലങ്കര നസ്റാണിക്കും മനസ്സിലാകും.

പറമ്പിൽ ചാണ്ടിയുടെ കാലഘട്ടത്തിൽ പിടിച്ചുപറിച്ചുo ഇവാനിയോസിന് കാലഘട്ടത്തിൽ പാൽപ്പൊടി കൊടുത്തുo വേണ്ടുവോളം ആളുകളെയും വസ്തുക്കളെയും മലങ്കര സഭയിൽ നിന്ന് അടർത്തിമാറ്റി ഇല്ലേ? ഇവാനിയോസിന് കാലത്തിനു ശേഷവും, മലങ്കര കത്തോലിക്കാ റീത്ത് എത്രയോ മലങ്കരസഭ വിശ്വാസികളെ പണവും ജോലിയും നൽകി കൊണ്ടുപോയിരിക്കുന്നു.

ഇതുകൂടാതെ 2017, 150 -ഓളം ആളുകളെ മലങ്കര, തൊഴിയൂർ സഭകളിൽ നിന്ന് നിങ്ങൾ റീത്ത് പ്രസ്ഥാനത്തിലേക്ക് അടർത്തിമാറ്റി ഇല്ലേ? ഇത് ചോദ്യം ചെയ്യാത്തത് മലങ്കരസഭയുടെ ദൗർബല്യമായി നിങ്ങൾ കരുതരുത്. വത്തിക്കാനും മാർപാപ്പയും റീത്ത് പ്രസ്ഥാനങ്ങളെ പറ്റി പറഞ്ഞ കാര്യങ്ങളെ കാറ്റിൽപറത്തി കൊണ്ടല്ലേ നിങ്ങൾ ഈ തോന്നിവാസം ചെയ്തുകൂട്ടുന്നത്?

ഫ്രാൻസിസ് മാർപാപ്പ പ്രസ്ഥാനങ്ങളിലൂടെ റീത്തുകളിലൂടെ അല്ല ഇനിയുള്ള കാലഘട്ടം നടക്കേണ്ടത് എന്ന് വളരെ വ്യക്തമായി പറഞ്ഞിരിക്കുന്ന ഈ കാലയളവിൽ നിങ്ങൾ ചെയ്യുന്ന ഇങ്ങനുള്ള പ്രവർത്തികളെ എന്തായിട്ടാണ് കരുതേണ്ടത്?

റോമാ സഭയുടെ സമ്പത്ത് കണ്ട് അതിലേക്ക് ഓടിപ്പോയി ചേക്കേറുകയും, സമ്പത്ത് കൊണ്ടല്ല മലങ്കര സഭ തർക്കം കൊണ്ടാണ് ഞങ്ങൾ റോമാ സഭയിലേക്ക് പോയതെന്ന് പറഞ്ഞു പരത്തുകയും ചെയ്യുന്ന വിഭാഗം, മലങ്കര സഭയിലെ തർക്കം പരിഹരിക്കണമെന്ന് ഉണ്ടെങ്കിൽ ആദ്യം മാതൃ മലങ്കര സഭയിലേക്ക് തിരിച്ചുവരിക, എന്നിട്ട് നമുക്ക് ബാക്കി കാര്യങ്ങൾ ചർച്ച ചെയ്യാം.

എല്ലാ വ്യക്തിഗത റീത്ത് സഭകളിലും ചെറുതോ വലുതോ ആയ ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ട്. ആ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടിട്ട് പോരെ മലങ്കര സഭയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വരുന്നത്? എക്യുമെനിസം എന്ന ഇരട്ടത്താപ്പിനെ പേരിൽ നിങ്ങൾ ആഹ്വാനം ചെയ്യുന്ന സമാധാനം മലങ്കര സഭയ്ക്ക് ആവശ്യമില്ല.

ഇത് മർത്തോമാ സഭയ്ക്കും ബാധകമാണ്. നിങ്ങളുടെ മാർത്തോമ്മാ മെത്രാപ്പോലീത്തായെ നിലക്ക് നിർത്തി, നിങ്ങളുടെ ആഭ്യന്തരപ്രശ്നങ്ങൾ ഒക്കെ തീർത്തു, മണ്ഡലം തിരഞ്ഞെടുപ്പ് ഒക്കെ നടത്തിയിട്ടു പോരെ മലങ്കര സഭയെ ‘ഗ്രേസ്’ പഠിപ്പിക്കാൻ വരുന്നത്.

സീറോ മലബാർ സഭയുടെയോ സീറോ മലങ്കര സഭയുടെയോ ആഭ്യന്തരകാര്യങ്ങളിൽ ഒരുകാലത്തും മലങ്കരസഭ ഇടപെടാൻ വന്നിട്ടില്ല.

കർദിനാൾ ആലഞ്ചേരി വിഷയത്തിലോ, കൽദായ സുറിയാനിക്കാരും ലത്തീൻ സുറിയാനിക്കാരും തമ്മിലുള്ള തർക്ക വിഷയങ്ങളിലൊന്നും തന്നെ മലങ്കര സഭ ഔദ്യോഗികമായി ഇടപെട്ടിട്ടില്ല.

നേരെ മറിച്ച് നിങ്ങളുടെ മേജർ ആർച്ച് ബിഷപ്പ്മാർ മലങ്കര സഭയിലെ വിഘടിത വിഭാഗത്തിന് അവരുടേതായിട്ടുള്ള കൂറും, സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുള്ള നന്ദി പരിശുദ്ധ പാത്രിയർക്കീസ് ബാവ ഒമാനിൽ വെച്ച് നടന്ന സിനഡിൽ പ്രത്യേകം എടുത്തു പറയുകയും ചെയ്തു.

റോമോ സുറിയാനികളുടെ ഇത്തരത്തിലുള്ള ഇടപെടലുകൾ വ്യക്തമായിട്ടുള്ള അജണ്ട വെച്ചു കൊണ്ടുള്ളതാണ്. പക്ഷേ ഇത് പറമ്പിൽ ചാണ്ടി, ആർച്ച് ബിഷപ്പ് ഇവാനിയോസ് എന്നിവരുടെ കാലഘട്ടമല്ല എന്നുള്ളത് റോമോ സുറിയാനികൾ തിരിച്ചറിയേണ്ടതാണ്.

അന്ത്യോക്യൻ പാത്രിയർക്കീസ്നോ, സുറിയാനി സഭക്കോ, മലങ്കര സഭയുടെ ആഭ്യന്തരകാര്യങ്ങളിൽ യാതൊരു അധികാരങ്ങളും ഇല്ലെന്ന് സുപ്രീംകോടതി വിധിച്ചിരിക്കുന്ന അവസരത്തിലാണ്, റോമോ സുറിയാനികൾ അന്ത്യോക്യൻ പാത്രിയർക്കീസിനെ പിന്താങ്ങുന്ന മലങ്കര സഭയിലെ വിഘടിത വിഭാഗത്തിന് താങ്ങും തണലുമായി എത്തിയിട്ടുള്ളത്. തനത് ദേശീയ സഭയായ മലങ്കര സഭയുടെ നാശം കണ്ടാൽ മാത്രമേ അതിൻ്റെ പാരമ്പര്യങ്ങൾ കൊളോണിയൽ സഭാ വിഭാഗങ്ങളായ റോമോസുറിയാനികൾക്ക് തട്ടിയെടുക്കാനും, ഒപ്പം അവകാശപ്പെടാനും സാധിക്കുകയുള്ളൂ.

കർദിനാൾ ആലഞ്ചേരി വിഷയത്തിൽ സമാധാനം കാണാൻ പ്രാർത്ഥന ആഹ്വാനം നടത്തിയ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ക്ലീമീസ്ന് ഉള്ള മറുപടി സീറോമലബാർ ചുണക്കുട്ടികൾ സോഷ്യൽ മീഡിയ വഴി കൊടുത്ത് ഞങ്ങൾ കണ്ടതാണ്.

വിഘടിത വിഭാഗ നേതൃത്വം അവരുടെ നിലനിൽപ്പിനെ ഭാഗമായിട്ട് റോമോ സുറിയാനികളുടെയും മറ്റു സഭകളുടെയും സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. എന്നാൽ മലങ്കരസഭ നിങ്ങളുടെ ആരുടെയും ഒരു സഹായവും അഭ്യർത്ഥിച്ചിട്ടില്ല. വിഘടിത വിഭാഗത്തോടുള്ള ഉള്ള നന്ദിയോ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള സ്നേഹം കൊണ്ടാണ് നിങ്ങൾ അവരെ ഔദ്യോഗികമായി പിന്താങ്ങുന്നു എന്നത് മലങ്കരസഭ വിശ്വസിക്കുന്നില്ല. അങ്ങനെയായിരുന്നെങ്കിൽ ചർച്ച് ആക്ട് ഉയർത്തിക്കൊണ്ടു വന്നപ്പോൾ വിഘടിത വിഭാഗത്തെ നിങ്ങൾ എന്തുകൊണ്ട് പിന്താങ്ങി ഇല്ല?

ചർച്ച് ആക്ട് ഒരു വിഷസർപ്പം ആയി നിങ്ങളിലേക്ക് തന്നെ ചീറിയടിക്കുന്ന നിങ്ങൾ കണ്ടു. അത് നിങ്ങൾക്ക് തന്നെ വിനയായി തീരും എന്ന് മനസ്സിലാക്കിയ നിങ്ങളുടെ നേതൃത്വം തന്നെ ഇപ്പോൾ അതിനെതിരെ സംസാരിക്കുവാൻ തുടങ്ങി. ഇത്രയും നാളും അന്ധമായി വിഘടിത വിഭാഗത്തെ പിന്താങ്ങിയ നിങ്ങൾ, ചർച്ച് ആക്ട് വന്നപ്പോൾ ആണോ നിങ്ങളുടെ കണ്ണും കാതും ഒക്കെ തുറന്നത്? ലോകത്തിലെ തന്നെ ഏറ്റവും വലിയ കോർപ്പറേറ്റ് സ്ഥാപനമായ റോമൻ കത്തോലിക്കാ സഭ ചർച്ച് ആക്ടിനെ ഭയന്ന് അല്ലേ പറ്റൂ? ഭയക്കാതെ വേറെ വഴിയില്ലല്ലോ.

മറ്റൊരു കാര്യം, മലങ്കരയിൽ നിങ്ങൾ വിഘടിത പക്ഷത്തിനും, സുറിയാനി പാത്രിയർക്കീസിനും ശക്തമായ പിന്തുണ കൊടുക്കുന്നുണ്ട്. നേരെമറിച്ച് നിങ്ങളുടെ സഹോദര കത്തോലിക്കാ ബിഷപ്പുമാർ, ഗോട്ടിമാല പോലുള്ള സ്ഥലങ്ങളിൽ പ്രേക്ഷിത വേദിയിൽ ഏർപ്പെട്ടിരിക്കുന്ന സുറിയാനി പാത്രിയർക്കീസിനെ ബോയ്ക്കോട്ട് ചെയ്യാനായിട്ട് ആഹ്വാനം ചെയ്യുന്നു. എന്ത് വിരോധാഭാസമാണ് ‘ആഗോള’ റോമൻ കത്തോലിക്കാ സഭയിലെ മെത്രാന്മാർ കാട്ടിക്കൂട്ടുന്നത്?

ഓർത്തഡോക്സ് സഭകളിൽ വെച്ച് റോമാ സഭയും ആയിട്ട് ഏറ്റവും കൂടുതൽ അടുപ്പവും ബന്ധവും കാത്തുസൂക്ഷിക്കുന്ന ഒരു സഭയാണ് സുറിയാനി ഓർത്തഡോക്സ് സഭ എന്നുള്ളതാണ് ഇതിലെ ഏറ്റവും വലിയ രസം. കുർബാന സംസർഗ്ഗത്തിനുള്ള ഉടമ്പടികൾ കൂടാതെ പത്രോസിനെ ഇല്ലാത്ത പരമാധികാരത്തെ വാനോളം പുകഴ്ത്തി നടക്കുന്ന കൂട്ടത്തിലാണ് ഈ രണ്ടു സഭകളും. റോമാ സഭയുടെ ഇരട്ടത്താപ്പ് നയങ്ങളോട് സുറിയാനി സഭ കണ്ണടയ്ക്കുന്നു എന്നുള്ളത് സങ്കടകരമായ വസ്തുത തന്നെ.

മേൽപ്പറഞ്ഞ വസ്തുതകൾ, മലങ്കര സഭയുടെ നേതൃത്വം മനസ്സിൽ ഉൾക്കൊണ്ടുതന്നെ മുൻപോട്ടുള്ള കാര്യങ്ങൾ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. മലങ്കര സഭയും റോമാ സഭയും തമ്മിലുള്ള ഊഷ്മളമായ എക്യുമെനിക്കൽ ബന്ധങ്ങൾ തുടരട്ടെ. പക്ഷേ, ഒറ്റപ്പെട്ടുപോകും എന്ന പേടിയാലോ, എക്യുമെനിസം തരുന്ന അന്ധമായ പ്രൗഡിയിൽ പെട്ടോ, റോമോ സുറിയാനികളുടെ ഇരട്ടത്താപ്പ് നയങ്ങളും, കള്ളത്തരങ്ങളും, അജപാല മോഷണവും മലങ്കര സഭയുടെ നേതൃത്വം കാണാതെ പോകരുതേ എന്ന് ഒരു അപേക്ഷ മാത്രം.

Courtesy: Malankara Untold 

error: Thank you for visiting : www.ovsonline.in