‘നിഷ്പക്ഷ’ നിരീക്ഷകന്‍ ജയശങ്കറിനോട് പറയാനുള്ളത്

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ അസോസിയേഷന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു അന്ത്യോഖ്യന്‍ ഭക്തി ലവലേശം ‘ഇല്ലാത്ത’ ‘നിഷ്പക്ഷ’ നിരീക്ഷകന്‍ അഡ്വ. എ.ജയശങ്കറിന്‍റെ പ്രതികരണത്തിനെതിരെ സഭാ വിശ്വാസികളുടെ പ്രതിഷേധം ശക്തമാവുന്നു. ഓർത്തഡോൿസ് സഭ നേതൃത്വത്തെയാണ് ജയശങ്കര്‍ ഉന്നം വെക്കുന്നത്. മലയാള മനോരമയേയും മുന്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി, മുന്‍ വൈദീക ട്രസ്റ്റി ഫാ.ഡോ. ജോൺസ് എബ്രഹാം കോനാട്ട്, ധനകാര്യ രംഗത്തെ പ്രമുഖ സ്ഥാപനമായ മുത്തൂറ്റ് തുടങ്ങിയവരെ അപമാനിക്കുന്ന രീതിയിലാണ് യാക്കോബായ വിഭാഗവുമായി അടുത്ത ബന്ധം പുലർത്തുന്ന ജയശങ്കറിന്റെ ഫേസ്ബുക് പോസ്റ്റ്. ഉമ്മൻ ചാണ്ടിയെ മലങ്കര സഭയുടെ ശ്രേഷ്ഠപുത്രനായി അംഗീകരിക്കണം. വീണാ ജോർജ്ജ് എം.എൽ.എ. സ്ഥാനം രാജിവെക്കണം തുടങ്ങിയ പരാമർശത്തോടെയാണ് ജയശങ്കറിന്‍റെ കുറിപ്പ് അവസാനിക്കുന്നുന്നത്.

യാക്കോബായ വിഭാഗത്തില്‍ കണക്കും,ബഡ്ജറ്റും,തിരഞ്ഞെടുപ്പും ഉണ്ടോയെന്നു ആദ്യം അന്വേഷിക്കണമെന്നും അവരെ ഉപദേശിച്ചിട്ട് മതി ഓര്‍ത്തഡോക്സുകാര്‍ക്ക് മാര്‍ക്കിടുന്നതാണ് ഉജിതമെന്നും വിമര്‍ശനം ഉയരുന്നുണ്ട്.ജയശങ്കര്‍ ആത്മ പരിശോധന നടത്തണമെന്നും വിശ്വാസികള്‍ ആവിശ്യപ്പെടുന്നു.ഇന്ത്യാവിഷന്‍ ചാനല്‍ സംപ്രേഷണം ചെയ്തിരിന്ന ജയശങ്കര്‍ അവതരിപ്പിച്ച വാരാന്ത്യമെന്ന പ്രതിവാര പരിപാടിയില്‍ പരിശുദ്ധ സഭക്കെതിരെ മറു പക്ഷം ചേര്‍ന്നുള്ള പ്രതികരണങ്ങള്‍ എഡിറ്റ്‌ ചെയ്തു വേണ്ട ഭാഗം അടര്‍ത്തിയെടുത്ത്‌ യൂട്യൂബിലും സോഷ്യല്‍ മീഡിയയിലും ‘ഫാന്‍സ്‌’ പ്രചരിപ്പിക്കുന്നുണ്ട്.

ജയശങ്കറിനുള്ള മറുപടിയായ   പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം :

പ്രിയ ജയശങ്കർ,

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അങ്ങയുടെ പോസ്റ്റ് വായിച്ചു. അടിസ്ഥാന രഹിതമായ കുറെ നിഗമനങ്ങൾ മാത്രമാണ് അങ്ങയുടെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്. പരിശുദ്ധ കാതോലിക്കാ ബാവയും മെത്രാപ്പോലീത്തമാരും വൈദീകരും വിശ്വാസികളും ഉൾപ്പടെ നാലായിരത്തിന് മുകളിൽ പ്രതിനിധികൾ ഉൾപ്പെടുന്ന യോഗമാണ് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ. ഈ പ്രാവിശ്യം വൈദീക, അൽമായ ട്രസ്റ്റിമാരെയും, മാനേജിങ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുക്കുന്നതിന് മാർച്ച് ഒന്നിന് കോട്ടയത്ത് വെച്ച് ഈ യോഗം കൂടി നടപടികൾ എല്ലാം വിജയകരമായി പൂർത്തീകരിച്ചു.

ഇനി അങ്ങയുടെ പോസ്റ്റിലേക്ക് വരാം, മനോരമ ഗ്രൂപ്പ് വൻ വിജയം നേടി എന്ന ആദ്യ വാദം തന്നെ തെറ്റ്. മനോരമയുടെ ഉടമകൾ ഉൾപ്പെടുന്ന കണ്ടത്തിൽ കുടുംബം മലങ്കര ഓർത്തഡോൿസ് സഭയിലെ അംഗങ്ങളാണ്. കണ്ടത്തിൽ വർഗ്ഗിസ് മാപ്പിള, കെ.എം. ചെറിയാൻ, കെ.എം. മാത്യു ഉൾപ്പടെ പരിശുദ്ധ സഭക്ക് ധീരമായ നേതൃത്വം നൽകിയ അനേകം അൽമായ നേതാക്കന്മാർ ആ കുടുംബത്തിൽ നിന്ന് ഉണ്ടായിട്ടുണ്ട്. എന്നാൽ മനോരമ ഗ്രൂപ്പ് എന്നൊരു വിഭാഗം അന്നും ഇന്നും ഈ സഭയിൽ ഇല്ല.

രണ്ടാമത് താങ്കൾ പറഞ്ഞത് ബഹു. എം.ഓ. ജോൺ അച്ചനും ശ്രീ. ജോർജ് പോളും മനോരമയുടെയും ഉമ്മൻ ചാണ്ടിയുടെയും സ്ഥാനാർത്ഥികളായിരുന്നു എന്നാണ്. ബഹു. എം.ഓ. ജോൺ അച്ചൻ പരിശുദ്ധ സഭയിലെ ഒരു സെമിനാരി അധ്യാപകൻ ആയിരുന്നു. സഭ ചരിത്ര, വിശ്വാസ പഠനങ്ങളിൽ അനേകം സംഭാവനകൾ നൽകിയ വൈദീക ശ്രേഷ്‌ഠനാണ് അദ്ദേഹം. ശ്രീ ജോർജ് പോൾ സഭ ഏറെ പ്രതിസന്ധികൾ നേരിടുന്ന വടക്കൻ മണ്ണിൽ നിന്ന് കടന്നു വരുന്ന ശക്തനായ ഒരു അൽമായ നേതാവാണ്, പരിശുദ്ധ സഭക്ക് വേണ്ടി മന്ത്രി സഭ ഉപസമിതിയുടെ മുൻപിൽ ധീരമായ വാദിച്ച വ്യക്തിത്വമാണ്. ഇവരെ ഉമ്മൻ ചാണ്ടി വിലക്കെടുത്തു എന്ന് പറഞ്ഞാൽ ആര് വിശ്വസിക്കും സർ. ഭാവിയിലെ അവരുടെ പ്രവർത്തനങ്ങൾ അങ്ങയുടെ ആരോപണങ്ങളുടെ മുന ഒടിക്കുന്നത് തന്നെയാവും. പരിശുദ്ധ കാതോലിക്കാ ബാവായുടെ പുറകിൽ ഒന്നായി തന്നെ ഈ സഭ നിലനിൽക്കും. ഒരു വ്യക്തിക്കും ഒരു പാർട്ടിക്കും ഈ സഭയെ അടിമയാക്കാൻ ആവില്ല, കാലം അത് തെളിയിക്കും.

ഈ സഭ എങ്ങനെ ഉമ്മൻ ചാണ്ടി സർക്കാരിന് എതിരായി എന്ന് അങ്ങേക്ക് അറിവുള്ളതല്ലേ. പരിശുദ്ധ സഭക്ക് നീതി ലഭിക്കാനും കോടതി വിധികൾ നടപ്പിലാക്കികിട്ടാനുമായി ഞങ്ങളുടെ പിതാവിന് 8 ദിവസമാണ് കോലഞ്ചേരി തെരുവിൽ നിരാഹാരം കിടക്കേണ്ടി വന്നത്, എങ്ങനെ മറക്കാനാവും സർ ഞങ്ങൾക്ക് അത്. ഞങ്ങൾക്ക് അനുകൂലമായി വന്ന ഒരു വിധി എങ്കിലും ഉമ്മൻ ചാണ്ടി സർക്കാർ നടപ്പാക്കിയതായി അങ്ങേയ്ക്കു അറിയാമോ? എത്രയോ കൊടിയ പീഡനങ്ങളാണ് സർ ഞങ്ങൾ അനുഭവിച്ചത്. കൂടുതൽ ചികഞ്ഞു പോവാൻ ആഗ്രഹമില്ലാത്തതുകൊണ്ടു അത് ഇവിടെ നിർത്തുന്നു.
പിന്നെ, ഞങ്ങളുടെ കോനാട്ടച്ചൻ. പരിശുദ്ധ സഭക്കും തന്റെ സഭയിലെ വിശ്വാസികൾക്കുമായി നിന്നതിന്റെ പേരിൽ വധശ്രമം ഉൾപ്പെടെയുള്ള കൊടിയ ആക്രമണങ്ങൾ യാക്കോബായ വിഭാഗത്തിൽ നിന്നും സർക്കാരിൽ നിന്നും മാനസികമായും ശാരീരികമായും നേരിട്ട വ്യക്തിയാണ് സർ അദ്ദേഹം. തിരഞ്ഞെടുപ്പാവുമ്പോൾ ജയവും തോൽവിയും ഉണ്ടാവും പക്ഷേ ഞങ്ങളുടെ ഹൃദയത്തിലാണ് അദ്ദേഹത്തിന്റെ സ്ഥാനം അതേപോലെ തന്നെ അത്മായ ട്രസ്റ്റി എന്ന നിലയിൽ ശ്രീ. എം.ജി. ജോർജ് മുത്തൂറ്റ് ക്രിയാത്‌മകമായ ഒട്ടനവധി സംഭാവനകളെ ഈ സഭക്ക് ചെയ്‌ത മനുഷ്യനാണ്.
സഭാ അംഗങ്ങൾക്ക് എല്ലാവർക്കും അവരുടേതായ രാഷ്ട്രീയമുണ്ട് പക്ഷേ അതിന്റെ പേരിൽ പരിശുദ്ധ സഭയുടെ നിലപാടുകളെ പണയംവെക്കാൻ ഞങ്ങൾ ആരും തയ്യാറല്ല. ശ്രീമതി, വീണാ ജോർജ് ഈ സഭയുടെ പുത്രിയാണ്, അവർ ജയിച്ചതിൽ സഭക്ക് സന്തോഷവുമുണ്ട് എന്നാൽ അവരെ മത്സരിപ്പിച്ചത് ഇടതുപക്ഷ ജനാതിപത്യ മുന്നണിയാണ് അവരെ വിജയിപ്പിച്ചത് ആറന്മുളയിലെ പ്രബുദ്ധരായ വോട്ടർമാരാണ് സഭ അംഗങ്ങളുടെ വോട്ടും അതിൽ ഉണ്ടാവും അതല്ലാതെ ഒരു പങ്കും സഭക്കില്ല, താങ്കൾ എന്തിനാണ് ഈ വിഷയത്തിലേക്കു അനാവശ്യമായി അവരെ ഉൾപ്പെടുത്തുന്നത് എന്ന് മനസിലാവുന്നില്ല.
സർ, ഞങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിത്വമാണ് താങ്കൾ പക്ഷേ വസ്തുതകൾ അറിയാതെ പരിശുദ്ധ സഭക്കെതിരെ അങ്ങയെ പോലെ ഒരാൾ പ്രതികരിക്കുന്നതിൽ സങ്കടമുണ്ട്.

– അബി എബ്രഹാം കോശി

error: Thank you for visiting : www.ovsonline.in