കയ്യേറ്റക്കാരെ അറസ്റ്റ് ചെയ്തു നീക്കി പിറവം പള്ളി കളക്ടർ ഏറ്റെടുത്തു.

കൊച്ചി: തർക്കം നിലനിന്നിരുന്ന പിറവം വലിയ പള്ളിയുടെ നിയന്ത്രണം ഹൈക്കോടതിയുടെ കടുത്ത നിർദേശത്തെ തുടർന്ന് എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ് ഏറ്റെടുത്തു. ഹൈക്കോടതിയുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും കോടതി നിര്‍ദേശമനുസരിച്ച് തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്നും കളക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പള്ളിക്കുള്ളിൽ പ്രതിഷേധവുമായി ഉണ്ടായിരുന്ന യാക്കോബായ മെത്രാപ്പൊലീത്തമാരെ അറസ്റ്റു അറസ്റ്റ് ചെയ്തു മാറ്റി. ജില്ലാകളക്ടർ നടത്തിയ ചർച്ചയ്ക്കു ശേഷമായിരുന്നു നടപടി. കനത്ത പ്രതിഷേധം മറികടന്ന് പള്ളിയിൽ പ്രവേശിച്ച പൊലീസ്, പ്രതിഷേധമുയർത്തിയ വൈദികരെയും വിശ്വാസികളെയും അറസ്റ്റ് ചെയ്തു നീക്കി. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45-ന് മുമ്പു നടപടി ക്രമങ്ങൾ അറിയിക്കണമെന്നും കോടതി പറഞ്ഞിരുന്നു. പൊലീസിനെ പള്ളിക്കുള്ളിൽ കടക്കാൻ അനുവദിക്കാതെ കനത്ത പ്രതിഷേധമാണു യാക്കോബായ വിഭാഗക്കാർ ഉയർത്തിയത്. ഇതിനെ മറികടന്നു പള്ളിയുടെ ഗേറ്റ് മുറിച്ചുമാറ്റിയാണു പൊലീസ് പള്ളിമുറ്റത്തു കടന്നത്.

സുപ്രീം കോടതി ഉത്തരവിൻ്റെയും ഹൈക്കോടതിയുടെ വിധി നടത്തിപ്പിനായുള്ള പോലീസ് പ്രൊട്ടക്ഷൻ അനുവദിച്ചുകൊണ്ടുള്ള വിധിയുടെയും അടിസ്ഥാനത്തിലാണ് ഓർത്തഡോക്സ് സഭാംഗങ്ങൾ പള്ളിയിൽ പ്രവേശിക്കാനെത്തിയത്. പോലീസിൻ്റെ സാന്നിധ്യത്തിൽ യാക്കോബായ മെത്രാന്മാരും വൈദികരും ചേർന്നാണ് ആരാധനക്ക് എത്തിയ ഓർത്തഡോക്സ്‌ പുരോഹിതരെയും വിശ്വാസികളെയും തടഞ്ഞത്. സഹന സമരം പ്രഖ്യാപിച്ചു വീണ്ടും കോടതിയിൽ അഭയം പ്രാപിച്ച ഓർത്തഡോക്സ്‌ സഭയ്ക്ക് അനുകൂലമായി കോടതി വീണ്ടും ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. കോടതിയുടെ ശക്തമായ നിർദ്ദേശത്തെ തുടർന്ന് ജില്ലാ ഭരണാധികാരികൾ നടപടികളിലേക്ക് കടക്കുകയായിരുന്നു. തുടർന്നാണ് പള്ളി കയ്യേറിയിരുന്ന യാക്കോബായ പുരോഹിതരെയും മറ്റുള്ളവരെയും അറസ്റ്റ് ചെയ്തു നീക്കിയത്.

ജില്ലാ ഭരണകൂടത്തിൻ്റെ അഭ്യർത്ഥനയെ തുടർന്ന് ഓർത്തഡോക്സ്‌ സഭ അംഗങ്ങളും സഹനസമരം അവസാനിപ്പിച്ച് മടങ്ങി. കോടതി നിർദ്ദേശം ഉൾക്കൊണ്ടുകൊണ്ട് എത്രയും പെട്ടെന്ന് പള്ളിയുടെ ഭരണം ജില്ലാ നേതൃത്വം മലങ്കര ഓർത്തഡോക്സ്‌ സഭയ്ക്ക് കൈമാറുമെന്ന് അറിയിച്ചു.

വർഷങ്ങളായി കൈവശം വെച്ചിരുന്ന പള്ളി വിട്ടുപോയതിൽ പ്രതിഷേധിച്ചു യാക്കോബായ വിഭാഗം പല ഭാഗങ്ങളിലും ഓർത്തഡോക്സ്‌ വിശ്വാസികൾക്ക് നേരെ ആക്രമണം അഴിച്ചു വിട്ടു. ഏഴോളം പേർക്ക് പരിക്കുണ്ട്. ആക്രമണകാരികൾക്കു എതിരെ പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കണം. കലഹം അവസാനിപ്പിച്ച്  രാജ്യത്തെ നിയമവ്യവസ്ഥയെ അംഗീകരിച്ചു, സഭാ നിയമങ്ങൾ പാലിച്ചു, മാതൃ സഭയിലേക്കു മടങ്ങാൻ ഇടവക ജനങ്ങൾ തയ്യാറാകണം എന്ന് ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ ആവശ്യപെടുന്നു.

error: Thank you for visiting : www.ovsonline.in