സുപ്രീം കോടതി വിധി നടത്തിപ്പിനായി എത്തിയ സഭാംഗങ്ങളെ യാക്കോബായ വിഭാഗവും പോലീസും തടഞ്ഞു

പിറവം: സുപ്രീം കോടതി വിധി നടത്തിപ്പിനായി ഹൈകോടതി പോലീസ് പ്രൊട്ടക്ഷൻ അനുവദിച്ചതിനെ തുടർന്ന് സെന്റ് മേരീസ് ഓർത്തഡോക്സ്‌ പള്ളിയിൽ ആരാധന നടത്താനുള്ള ഓർത്തഡോക്സ് സഭാംഗങ്ങളുടെ ശ്രമം യാക്കോബായ വിശ്വാസികളും പോലീസും ചേർന്ന് തടഞ്ഞു. പള്ളിയുടെ പ്രധാന ഗേറ്റ് യാക്കോബായ വിഭാഗം താഴിട്ടു പൂട്ടി പള്ളിക്കകത്തു അനധികൃതമായി കയറി ഇരിക്കുകയാണ്. പോലീസ് പല തവണ ആവശ്യപ്പെട്ടിട്ടും യാക്കോബായ വിഭാഗം പള്ളിയിൽ നിന്ന് ഒഴിയാൻ തയാറായിട്ടില്ല.

ഗേറ്റിനു മുന്നിൽ പന്തൽ കെട്ടി ഓർത്തഡോക്സ് സഭാംഗങ്ങൾ അഭി. ഡോ. തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ സഹന സമരം നടത്തുകയാണ്. സഭയുടെ സുന്നഹദോസ് സെക്രട്ടറി അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്ത സഹന സമര പന്തലിൽ വൈകിട്ടോടെ എത്തി ചേർന്നു. രാജ്യത്തെ നിയമങ്ങൾ പാലിക്കാതെ അനധികൃതമായി പള്ളി കയ്യേറിയിരിക്കുന്ന യാക്കോബായ വിഭാഗത്തെ പള്ളിയിൽ നിന്ന് മാറ്റി ആരാധനയ്ക്ക് അവസരം ഉണ്ടാക്കണമെന്ന് ഓർത്തഡോക്സ്‌ സഭ ആവശ്യപ്പെട്ടു. പൊലീസിന്റെ നിലപാടാണു പ്രശ്നങ്ങൾക്കു കാരണമെന്നും ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ വീണ്ടും ഹർജി നൽകിയെന്നും ഓർത്തഡോക്സ് സഭാ നേതൃത്വം അറിയിച്ചു.

പൊലീസ് സഹായത്തോടെ നിയമ വാഴ്ചയോടുള്ള വെല്ലുവിളിയാണ് പിറവം വലിയ പള്ളിയിൽ ഉണ്ടായതെന്ന് ഡോ. തോമസ് മാർ അത്തനാസിയോസ് കുറ്റപ്പെടുത്തി. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു തങ്ങൾ പള്ളിയിലേക്കെത്തിയത്. എന്നാൽ, വിധി ലംഘിച്ചു തങ്ങളെ പുറത്താക്കി യാക്കോബായ സഭാംഗങ്ങൾക്കു പള്ളിയിൽ തങ്ങുന്നതിനു പൊലീസ് അവസരമൊരുക്കുകയായിരുന്നു.. കോടതി വിധി നടപ്പാക്കി പിറവം പള്ളിയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സുപ്രീം കോടതി ഉത്തരവിന്റെയും ഹൈകോടതിയുടെ പോലീസ് പ്രൊട്ടക്ഷൻ അനുവദിച്ചുകൊണ്ടുള്ള വിധിയുടെയും അടിസ്ഥാനത്തിലാണ് ഓർത്തഡോക്സ് സഭാംഗങ്ങൾ പള്ളിയിൽ പ്രവേശിക്കാനെത്തിയത്. എന്നാൽ, തലേന്നു രാത്രി തന്നെ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കായുടെ നേതൃത്വത്തിൽ വിഘടിത മെത്രാപ്പൊലീത്തമാരും വിശ്വാസികളും പള്ളിക്കകത്തു പ്രാർഥനാ യജ്ഞം ആരംഭിച്ചിരുന്നു. ഇതിനിടെ യാക്കോബായ വിഭാഗത്തിലെ വൈദികർ ഉൾപ്പെട്ട 66 പേർക്കെതിരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 2 മാസത്തേക്ക് ഇവരിൽ ആരെങ്കിലും പള്ളിയിലോ പരിസരത്തോ പ്രവേശിച്ചാൽ അറസ്റ്റ് ചെയ്യും എന്ന് പോലീസ് അറിയിച്ചു. ലിസ്റ്റിൽ ഉൾപ്പെട്ടവർ പള്ളിക്കുള്ളിൽ തങ്ങുന്നുണ്ടോയെന്നു പരിശോധിക്കാൻ പൊലീസ് പൂട്ടു തുറന്ന് അകത്തു കയറാൻ രാത്രിയിൽ ശ്രമിച്ചതു യാക്കോബായ വിശ്വാസികൾ പ്രതിരോധിച്ചു.

മലങ്കര ഓർത്തഡോക്സ്‌ സഭയുടെ ഇരുനൂറിലധികം ദേവാലയങ്ങൾ ആണ് വർഷങ്ങളായി യാക്കോബായ വിഭാഗം കയ്യേറിയിരിക്കുന്നത്. പള്ളികൾ മലങ്കര ഓർത്തഡോക്സ്‌ സഭയ്ക്ക് വിട്ടു നൽകണമെന്ന 1995, 97, 2002, 2017, 2018, 2019 വർഷങ്ങളിലെ തുടർച്ചയായ കോടതി വിധികൾ ഉണ്ടായിട്ടും രാഷ്ട്രീയ ഉദ്യോഗസ്ഥ സഹായത്തോടെ കോടതി വിധി തുടർച്ചയായി അട്ടിമറിക്കപ്പെടുകയാണ്.

error: Thank you for visiting : www.ovsonline.in