മലങ്കരയുടെ ഡാമിയൻ

ആഗ്രഹങ്ങൾ പോലും സ്വന്തമല്ലാത്ത ചിലരെങ്കിലും ഈ ഭൂമിയിൽ ഉണ്ട്. ഭാരതത്തിൻ്റെ വിവിധ ഇടങ്ങളിൽ നിരാലംബർക്ക് പുനരധിവാസ കേന്ദ്രങ്ങൾ ഉണ്ടാകുവാൻ തൻ്റെ ആയുസ്സിൻ്റെ മുഴുവൻ വിയർപ്പുമൊഴുക്കിയ വന്ദ്യ ഫിലിപ്പ് റമ്പാച്ചനേപ്പോലുള്ളവർ. കുഷ്ഠരോഗികളുടെ കുഞ്ഞുങ്ങളുടെയും വൃദ്ധരുടെയും എയ്ഡ്സ് രോഗികളുടെയും അവരുടെ കുഞ്ഞുങ്ങളുടെയും പുതിയ പുലരികൾക്കായി പുതുപ്പാടി, ഈങ്ങാപ്പുഴയുടെയുടെ തീരത്ത് തെളിയിച്ച കൈത്തിരി ഭാരതത്തിൽ പടർന്നു കയറിയത് അങ്ങനെയായിരുന്നു. ഗുരുവായ ഭാഗ്യസ്മരണീയൻ ഡോ. ഗീവർഗീസ് മാർ ഒസ്താത്തിയോസിൻ്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരിൽ ഒരാൾ- പി ഐ ഫിലിപ്പ് റമ്പാൻ (അപരൻ late പി എം തോമസ് റമ്പാൻ).

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ട്രെയിൻ മാർഗ്ഗവും റോഡ് വഴിയും നടന്നും നനഞ്ഞുമൊക്കെ മലങ്കര സഭയ്ക്കുവേണ്ടി ശരണാലയങ്ങൾ ഉണ്ടാക്കുവാൻ അഹോരാത്രം അധ്വാനിച്ചവരിൽ മുമ്പൻ ഈ കൃശഗാത്രൻ ആണ്. അതും നയാപൈസ പ്രതിഫലം പറ്റാതെ. ആളനക്കമില്ലാതെ നീണ്ടുകിടക്കുന്ന വയൽ പ്രദേശത്തിൻ്റെ നടുവിലെ കാവൽമാടത്തിൽ മഴ തോരാൻ മണിക്കൂറുകളോളം കാത്തു നിന്നതും സുദീർഘമായ യാത്രക്കിടയിൽ പള്ളി വരാന്തയിൽ തുണി വിരിച്ച് ഉറങ്ങിയതുമൊക്കെ ഈ മനുഷ്യൻ്റെ ചരിത്രം. ഒരു സ്ഥലം കണ്ടെത്തിയാൽ അതിനുവേണ്ടി ഗുരുവിനൊപ്പം കൈനീട്ടി ഓടി നടന്നതും.

വയലത്തല സ്ലീബാ പള്ളിയിലെ ജോയിക്കുട്ടി, സന്യസ്തനായി, ഫിലിപ്പച്ചനായി, പിന്നീട് ഫിലിപ്പ് റമ്പാച്ചനായി ബഹൂരം ഓടി, ഇപ്പോൾ പുതുപ്പാടി ആശ്രമത്തിൽ വിശ്രമജീവിതം. ആയിരക്കണക്കിന് കുഞ്ഞുങ്ങൾ സനാഥരായി, പലരും വിദേശത്തും സ്വദേശത്തും ഉപരിപഠനത്തിലും തൊഴിലിലുമാണ്. ബലഹീനർക്ക് ഊന്നുവടികളുണ്ടായി അതിലുപരി നൂറുകണക്കിന് അവമതിക്കപ്പെട്ട വൃദ്ധ ജനങ്ങൾ ഒരിറ്റ് തെളിനീർ നുകർന്ന് ശാന്തി ലോകത്തേക്ക് യാത്രയായി. ഉത്തമനായ ഗുരുവിൻ്റെ ഉദാത്ത ശിഷ്യൻ.

കഴിഞ്ഞ ദിവസം  തൈലാഭിഷേക ശുശ്രൂഷ നടത്തി. 86 വയസ്സുണ്ട്. അർബുദവും കൂടെ കൂടിയിട്ടുണ്ട് അല്പം ക്ഷീണവും പ്രയാസങ്ങളും ഉണ്ട്. പക്ഷേ വിഷാദം ലവലേശമില്ല. കിടക്കയിൽ കിടന്നു കൊണ്ടും നേപ്പാൾ മിഷനെ കുറിച്ചാണ് ചിന്തകളത്രയും. ഭൂകമ്പത്തെത്തുടർന്ന് തുടങ്ങിവച്ച മിഷൻ എങ്ങും എത്തിയില്ല എന്ന് പരിഭവമുണ്ട്.

ഇത് നാലാമത്തെ തൈലാഭിഷേകം ആണല്ലോ എന്ന് ചോദിച്ചപ്പോൾ, നാണം കലർന്ന ചിരി. അത്രമേൽ നിഷ്കളങ്കനായ ഒരാൾ. ദൈവം ദരിദ്രൻ ആകുന്നു എന്ന ഒസ്തേവിയൻ ദർശനങ്ങളുടെ ഡോക്യുഫിക്ഷൻ നിർമ്മിതി- രണ്ടാം പാദം പൂർത്തിയാകുന്നു.

പുതുപ്പാടിയിൽ നിന്നും സജി സുവർണ്ണത്തിനൊപ്പം – മുകളിലച്ചൻ

 

തൈലാഭിഷേക ശുശ്രൂഷ
error: Thank you for visiting : www.ovsonline.in