കാനാവിലെ കല്യാണവും സ്‌ത്രീയെ എന്നുള്ള പരാമർശവും – വി. വേദപുസ്തകാടിസ്ഥാനത്തിലുള്ള വ്യഖ്യാനം.

ആമുഖം

പരിശുദ്ധ സഭയിൽ പരിശുദ്ധ കന്യക മറിയാമിനുള്ള സ്ഥാനം വളരെ ഉന്നതമാണ്. ക്രിസ്തുവിൻ്റെ മനുഷാവതാര ജീവിതത്തില്‍ പരിശുദ്ധ ദൈവമാതാവ്‌ നിർണായകമായ സ്ഥാനം വഹിച്ചു എന്നത് കൂടാതെ ദൈവേഷ്ടത്തിന് മുൻപിൽ ഒരു ദാസിയെ പോലെ വിനയെപ്പെട്ടു എന്നുള്ളതാണ് പരിശുദ്ധ അമ്മ മറ്റുള്ളവരില്‍ നിന്നും ഇത്രമേല്‍ ആദരിക്കപ്പെടുന്നതിന് കാരണം, എന്നാല്‍ ക്രിസ്തുവിൻ്റെ രക്ഷാകരജീവിതത്തില്‍ പരിശുദ്ധ അമ്മയുടെ പങ്കു കുറച്ചു കാണിക്കാന്‍ വേണ്ടി ചിലര്‍ ന്നടത്തുന്ന വാദഗതിയാണ് ക്രിസ്തു പരിശുദ്ധ മാതാവിനെ ബഹുമാനിച്ചിരുന്നില്ല എന്നുള്ളത്. കാനാവിലെ കല്യാണ ഭവനത്തിലെ ഒരു പരാമർശമാണ് ഇതിൻ്റെ ആധാരം. ആ വേദഭാഗത്തെ കുറിച്ചുള്ള ഒരു പഠനം ആണ് ഈ ലേഖനത്തിൽ കൂടി ഉദേശിക്കുന്നത്.

വിശുദ്ധ യോഹന്നാൻ്റെ സുവിശേഷവും വേദ ശാസ്ത്ര ചിന്തകളും.

വിശുദ്ധ യോഹന്നാൻ്റെ സുവിശേഷത്തില്‍ ആണ് കാനാവിലെ കല്യാണവും, വിശുദ്ധ കന്യക മറിയാമിനെ സ്ത്രീ എന്ന് സംബോധന ചെയ്യുന്നതും. സുവിശേഷ ഗ്രന്ഥ കര്‍ത്താവ് എന്താണ് സുവിശേഷത്തില്‍ കൂടി പറയാന്‍ ആഗ്രഹിക്കുന്നത് എന്ന് മനസിലാക്കിയാല്‍ മാത്രമേ വേണ്ടവിധം സുവിശേഷത്തിൻ്റെ പൊരുളുകള്‍ തിരിച്ചറിയുവാന്‍ സാധിക്കൂ.

വി. യോഹന്നാൻ്റെ സുവിശേഷം പ്രധാനമായും പറയുന്നത് ക്രിസ്തു വിഞാനീയമാണ്‌. സുവിശേഷകന്‍ സുവിശേഷം രചിക്കുന്ന സമയത്ത് നിലനിന്ന യവന തത്വചിന്തകളും, അത് മൂലം ആദിമ സഭയില്‍ ഉണ്ടായ ചില വേദ വിപരീതങ്ങൾക്കിടയിലുമാണ്. യേശു ദൈവ പുത്രനായ ക്രിസ്തു എന്ന് വിശ്വസിക്കുന്നതോടെ കൂടി നിത്യജീവൻ്റെ അനുഭവക്കാരായി ഏവരും തീരണം എന്നാണ് സുവിശേഷകന്‍ തന്‍റെ എഴുത്തില്‍ കൂടി പറയുന്നത്. Copyright- www.ovsonline.in

കാനവിലെ കല്യാണവും അൽപം ചിന്തകളും.

കാനാവിലെ കല്യാണ ഭവനത്തില്‍ വീഞ്ഞ് തീരുകയും പരിശുദ്ധ ദൈവമാതാവ്‌ ക്രിസ്തുവിനോട് ഈ കാര്യം പറയുകയും ചെയ്യുമ്പോൾ, ക്രിസ്തു നടത്തുന്ന ഒരു പരാമർശമാണ്, “സ്ത്രീയെ എനിക്കും നിനക്കും തമ്മില്‍ എന്ത് ? എൻ്റെ നാഴിക ഇതുവരെ വന്നിട്ടില്ല” എന്നത്. സ്വാഭാവികമായി ഈ സ്ത്രീ പരാമർശം അല്പം സംശയം സൃഷ്ട്ടിക്കുന്ന ഒന്നാണ്, കാരണം ക്രിസ്തു എന്തിനാണ് പരിശുദ്ധ മാതാവിനെ സ്ത്രീ എന്ന് വിളിച്ചത്? എന്നാല്‍ സുവിശേഷകൻ്റെ കണ്ണില്‍ കൂടി കണ്ടാല്‍ മാത്രമേ ഈ സ്ത്രീ പരാമര്‍ശത്തിൻ്റെ അന്തസത്ത മനസിലാക്കാന്‍ സാധിക്കൂ.

ആരാണ് സ്ത്രീ ?

ദൈവം തന്‍റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ട്ടിച്ച മനുഷ്യന്‍ സ്വാന്തനം നല്‍കുന്ന ദൈവ ശബ്ദത്തെ വിസ്മരിച്ചു, സര്‍പ്പത്തിൻ്റെ പാപമാകുന്ന വാക്കിന് ചെവി കൊടുത്ത് ദൈവ ബന്ധത്തില്‍ നിന്നും അകന്ന പോയ സമയം തൊട്ടു പ്രതീക്ഷിക്കുന്നതാണ് സര്‍പ്പത്തിൻ്റെ തല തകര്‍ക്കുന്ന വിമോജകനായ സ്ത്രീയുടെ സന്തതിക്കു വേണ്ടിയുള്ള കാത്തിരുപ്പ്. (ഉല്‍പ്പത്തി ….ക്രിസ്തു ജനം പ്രതിക്ഷിക്കുന്ന, ദൈവ വാഗ്‌ദ്ധ്വാനമാണ് എന്ന് കാണിക്കുവാനും ക്രിസ്തുവില്‍ പൂര്‍ണമായും വിശ്വസിക്കുവാനുമാണ് ഈ സ്ത്രീ പരാമര്‍ശത്തില്‍ കൂടി സുവിശേഷകന്‍ ശ്രദ്ധിക്കുന്നത്. പരി. പൌലോസ് ശ്ലീഹായുടെ ഗലാത്യ ലേഖനത്തിലും ഇത് ആവര്‍ത്തിക്കുന്നുണ്ട് (ഗലാത്യ: 4: 4). വി.വേദ പുസ്തകത്തിലെ വാക്കുകളുടെ ആന്തരിക അര്‍ഥം അറിഞ്ഞു മാത്രമേ വേദ വ്യഖ്യാനം ചെയുവാന്‍ സാധിക്കു.

ദൈവ മാതാവിനെ ക്രിസ്‌തു ബഹുമാനിച്ചില്ല എന്നുള്ള വാദഗതി ഒരു അർത്ഥത്തിൽ ക്രിസ്തുവിനെ തന്നെ ചോദ്യം ചെയ്യുകയാണ്. കാരണം, പഴയനിയമ കാലത്ത് മോശ മുഖാന്തരം യിസ്രായേല്‍ ജനത്തിനു കൊടുത്ത അതിപ്രധാനമായ പത്തു കല്പനകളില്‍ ഒന്നാണ് നിൻ്റെ ദൈവമായ യഹോവ നിനക്ക് തരുന്ന ദേശത്തു നിനക്ക് ദീർഘായുസ്സ് ഉണ്ടാവാൻ നിൻ്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക (പുറപ്പാടു 20: 12). ന്യായപ്രമാണത്തിലെ ഇത്രമേല്‍ പ്രാധാന്യമുള്ള ഈ കല്പന ദൈവപുത്രന്‍ നിരാകരിക്കുമെന്നു കരുതുവാൻ സാധിക്കില്ല. കൂടാതെ നിത്യജീവന്‍ കാംഷിച്ചു വന്ന ധനികനായ യുവാവിനോട് പറയുന്നതും ഇത് തന്നെയാണ് “അപ്പനെയും അമ്മയെയും ബഹുമാനിക്കുക” (വി. മത്തായി 19 : 19).

ന്യായ പ്രമാണം സൂചിപ്പിച്ചു കൊണ്ട് ധനികന് നൽകുന്ന ഈ ഉപദേശം സ്വന്ത ജീവിതത്തില്‍ സാക്ഷികരിക്കാത്ത ഒരു ജീവിതമാണോ ക്രിസ്തുവിൻ്റെത്? ഒരിക്കലും അല്ല മറിച്ച് എല്ലാവരയും ബഹുമാനിക്കുവാനും, ഉൾക്കൊള്ളുവാനും കഴിഞ്ഞ രക്ഷാകരജീവിതമായിരുന്നു ക്രിസ്തുവിൻ്റെത്. അപ്പോള്‍ പിതാവം ദൈവത്തിൻ്റെ ഇഷ്ട്ടത്തിനൊത്തു ജീവിതം സ്വയം താഴ്ത്തിയ, എല്ല് നുറുങ്ങുന്ന വേദനയില്‍ ക്രിസ്തുവിനു ഈ ലോകത്തിലേക്കുള്ള വരവിന് ഇടമായ പരിശുദ്ധ ദൈവ മാതാവിനെ ഒരിക്കലും ക്രിസ്തു ബഹുമാന കുറവോടെ കാണുകയില്ല.

സംഗ്രഹം

പരിശുദ്ധ ദൈവമാതാവ്‌ ക്രിസ്തുവിൻ്റെ രക്ഷാകര ജീവിതത്തിൻ്റെ ഭാഗമാണ്. ഗബ്രിയേല്‍ മാലാഖയുടെ സദ്‌വാർത്ത മുതല്‍ ക്രിസ്തുവിൻ്റെ രക്ഷാകര ജീവിതത്തിൻ്റെ അവസാനം വരെ പരിശുദ്ധ അമ്മ, ക്രിസ്തുവിനു വേണ്ടി സഹിച്ചത് വാക്കുകൾക്ക് വിവരിക്കാന്‍ കഴിയാത്ത വേദനകളാണ്. അത്രയും വേദനകള്‍ ദൈവേഷ്ടത്തിന് വേണ്ടി സഹിച്ച, സ്വയം ദാസിയായി തീർന്ന പരിശുദ്ധ ദൈവമാതാവിനെ അപമാനിക്കുവാൻ ആരാലും സാധ്യമല്ല. മറിച്ച് പരിശുദ്ധ മാതാവിൻ്റെ ജീവിതം നമ്മുടെ ആത്മീയ ജീവിതത്തിനു ഉത്തമ മാതൃകയാണ്. പരിശുദ്ധ ദൈവ മാതാവിനെ പോലെ ദൈവ നിയോഗം പൂർണമായി ഉൾക്കൊള്ളുവാൻ നമ്മുക്കും ഇടയാകട്ടെ.

”ആരും ഉയർത്തപ്പെട്ടില്ലിതുപോൽ അതിനാല്‍ സ്പഷ്ട്ടം
മറിയാമേ പോല്‍ ആരും താഴ്ത്തപ്പെട്ടിട്ടില്ല..”Copyright- www.ovsonline.in

error: Thank you for visiting : www.ovsonline.in