സത്യവിശ്വാസികൾ അറിയേണ്ടത്: ORTHODOXY – THE LIFE; വിശ്വാസപഠനം – III

രണ്ടാം ഭാഗത്തിൻ്റെ തുടർച്ച.   (വിശ്വാസപഠനം – 2  >>)

21). വി.മാമോദീസയുടെ ഉദ്ഭവം എങ്ങനെയാണു?
യെഹൂദാ ആചാരങ്ങളിൽ നിന്നുമാണ് ക്രിസ്തീയ മാമോദീസയുടെ ഉദ്ഭവം. പുറജാതികൾ യെഹൂദാ സഭയിൽ ചേരുമ്പോൾ സ്നാനം ഏൽക്കുകയും പരിച്ഛേദനയും യാഗവും അനുഷ്ഠിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ശുദ്ധീകരണ ജലത്തെ കുറിച്ച് പഴയ നിയമത്തിൽ സുചനകളുണ്ട് (സംഖ്യ 19) യെഹൂദന്മാരുടെ ഇടയിൽ ശുദ്ധീകരണ കഴുകലുകൾ നടന്നിരുന്നു. (Exodus 30: 17 -21; Levi .14: 9). ശുദ്ധീകരണ സൂചനകളുടെ വേദഭാഗം; 2 Kings 5: 10 -20 ; 6: 1-6; Joshua 3. ശുദ്ധീകരണത്തിനുള്ള ജലം സൂക്ഷിക്കുവാനുള്ള കൽഭരണിയെ കുറിച്ച് യോഹന്നാൻ എഴുതിയ സുവിശേഷത്തിൽ കാണുന്നു (St. John 2 :6). നോഹയുടെ പെട്ടകവും ജലപ്രളയവും; ചെങ്കടൽ കടക്കുന്നതും ഒക്കെ മാമോദീസ്സായുടെ മുൻകുറിയായി കരുതുന്നു (1 Cor 10: 2).

പുതിയനിയമ പശ്ചാത്തലം നോക്കുമ്പോൾ ക്രിസ്തീയ മാമോദീസ ക്രിസ്തുവിനാൽ സ്ഥാപിതമാണ് എന്ന് നാം കണ്ടു. (St. Mathew 28: 19, 20; St. Mark 16: 15). സഭാപ്രവേശനത്തിനു സ്നാനം അഥവാ മാമോദീസ ഒരു അനിവാര്യ കർമമായിരുന്നു. (Acts 2: 38-41; 8: 12; 16: 33).

22). സഭയിൽ സ്നാനം അഥവാ മാമോദീസ ഏൽക്കുവാനുള്ള അർഹത ആർക്കൊക്കെയാണ്?
യേശുക്രിസ്തു ദൈവപുത്രനാണെന്നു പൂർണ ഹൃദയത്തോടെ വിശ്വസിക്കുന്ന ഏതു വ്യക്ത്തിക്കും സ്നാനം ഏൽക്കാം (Acts 8: 36) (മുതിർന്ന സ്നാനം). സ്നാനം ഏറ്റിട്ടുള്ള മാതാപിതാക്കളുടെ കുഞ്ഞുങ്ങൾക്കും സ്നാനം സ്വീകരിക്കാം (ശിശുസ്നാനം). ചുരുക്കി പറഞ്ഞാൽ ഏതു പ്രായത്തിൽ ഉള്ളവർക്കും മാമോദീസ ക്രമം അനുസരിച്ചു സ്നാനം ഏൽക്കാം. മുതിർന്നവർ സ്നാനം എല്കുന്നതിനു മുനമ്പ് സഭ അവരെ വിശ്വാസം പഠിപ്പിക്കുന്ന രീതി ഉണ്ട്.

23). കുഞ്ഞുങ്ങൾക്ക് മാമോദീസ നൽകുന്നത് വചന വിരുദ്ധമാണ് എന്ന് പഠിപ്പിക്കുന്ന വിഭാഗം ഏതൊക്കെയാണ്? അവരുടെ വാദഗതികൾ എന്തെല്ലാം?
പ്രൊട്ടസ്റ്റന്റ് വിഭാഗം ഉൾപ്പടെ മിക്ക ക്രൈസ്തവ സഭകളും ശിശുസ്നാനം അംഗീകരിക്കുന്നുണ്ട്. ഓർത്തഡോക്സ്‌, കത്തോലിക്കാ, സി.എസ്.ഐ, മാർത്തോമാ, ആംഗ്ലിക്കൻസ് തുടങ്ങിയ സഭകളിൽ ഇത് പിന്തുടരുന്നു. എന്നാൽ ബ്രദറൺ, ബാപ്ടിസ്റ്, പെന്തെക്കോസ്റ്റ പ്രസ്ഥാനങ്ങൾ ഇതിനെ എതിർക്കുന്നുണ്ട്.

അവരുടെ വാദങ്ങൾ ഒന്ന് ശ്രദ്ധിക്കാം; 1). വിശ്വസിക്കുകയും സ്നാനം ഏൽക്കുകയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവർ ശിക്ഷാവിധിയിൽ അകപ്പെടും (St. Mark 16 :16). വിശ്വസിച്ചു സ്നാനം ഏല്കുന്നവർ മാത്രമേ രക്ഷിക്കപെടുന്നുള്ളു! 2). ശിശുക്കളെ സ്നാനപെടുത്തിയതായി ബൈബിളിൽ ഒരു ഇടതു പോലും പരാമർശമില്ല!. 3). നമ്മുടെ കർത്താവു 30-ആം വയസിൽ അല്ലെ സ്നാനം ഏറ്റത്. അങ്ങനെയെങ്കിൽ നാമും അപ്രകാരം ഉള്ള മാതൃകയല്ലേ പിൻതുടരേണ്ടതു? ഇവയെല്ലാമാണ് പ്രധാനമായ വാദങ്ങൾ.

24). ശിശുസ്നാനം എന്ന കൂദാശയുടെ അടിസ്ഥാനം എന്താണ്?
ശിശുസ്നാനത്തിൻ്റെ അടിസ്ഥാനം എന്തെന്ന് മനസിലാക്കുന്നതിന് മുൻപ് സ്നാനം എന്തിനു വേണ്ടി സ്വീകരിക്കുന്നു എന്നത് ഒരിക്കൽ കൂടി ഇവിടെ ചേർത്ത് വായിക്കുക;

 • ദൈവരാജ്യ പ്രവേശനത്തിന് (St. John 3: 5)
 • ക്രിസ്തുവിനോട് ചേരുവാൻ; Galatians 3: 27: Romans 6: 4 & 5. ”സാത്താനെ ഉപേക്ഷിക്കുന്നു ക്രിസ്തുവിനെ സ്വീകരിക്കുന്നു” 
 • സഭാപ്രവേശനം; Acts 2: 41 & 47.
 • വീണ്ടും ജനനത്തിനു (St .John 3: 3) 
 • പാപമോചനം (Acts 2: 38; Romans 5: 12) 
 • പരിശുദ്ധാതമദാനം. (Acts 2 :38 ;Titus 3 :6 ,7).

ഈ കാര്യങ്ങൾ എല്ലാം തന്നെ മുതിർന്നവരായാലും ശിശുക്കളായാലും ആത്മീയജീവിതത്തിനു ഒരുപോലെ ബാധകമാണ്. മുകളിൽ പരാമർശിച്ചിരിക്കുന്ന ഏതു കാര്യം ആണ് ശിശുക്കൾക്ക് വിലക്കുവാൻ സാധിക്കുക? ശിശുക്കൾക്ക് വിശ്വസിക്കുവാനും മനസിലാക്കുവാനും ഗ്രഹിക്കാനും പരിശുദ്ധാത്മാവിനെ പ്രാപിക്കുവാനും കഴിയും എന്നുള്ളത് ആണ് ശിശുസ്നാനത്തിൻ്റെ അടിസ്ഥാനം… ;

 • “കൃപയല്ലല്ലോ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു: നിങ്ങൾ കാരണം അല്ല, ദൈവത്തിന്റെ ദാനം അത്രേ ആകുന്നു” Ephesians 2 :8. 
 • “നിൻ്റെ വന്ദന സ്വരം എൻ്റെ ചെവിയിൽ വീണപ്പോൾ പിള്ള എൻ്റെ ഗർഭത്തിൽ ആനന്ദം കൊണ്ട് തുള്ളി” (St .Luke 1 : 44 ). 
 • ശിശുക്കൾക്കു ദൈവകൃപ നിഷേധിക്കുന്നത് പാപം ആണ്. ആയതു കൊണ്ട് ശിശുസ്നാനം അനിവാര്യമായ കൂദാശയാണ്. ശിശുക്കൾക്ക് പരിശുദ്ധാതമാവിനെ പ്രാപിക്കുവാൻ കഴിയും എന്നതിൻ്റെ വേദഭാഗം കൂടി പഠിക്കുക; (Galatians 1: 16; Jeremiah 1: 5; St. Luke 1: 15; Isaiah 49: 1).

ചുരുക്കി പറഞ്ഞാൽ ശിശുസ്നാനത്തെ വിലക്കുന്നവർ അവരുടെ ദൈവാരാജ്യപ്രവേശനത്തെയും അവരുടെ മേൽ വസിക്കേണ്ടുന്ന പരിശുദ്ധാത്മധാനത്തെയും ആണ്. വീണ്ടും ജനനത്തിനുള്ള അവസരം തന്നെ അവർക്കു നിഷേധിക്കുകയാണ് ഈ കൂട്ടർ ചെയുന്നത്.

25). വിശ്വസിക്കുകയും സ്നാനം ഏൽക്കുകയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും. വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും! എന്നത് വിശ്വസിച്ചിട്ടു സ്നാനമേൽക്കണം എന്നല്ലേ?
ശിശുസ്നാനത്തെ എതിർക്കുന്നവർ പ്രധാനമായും ഉദ്ധരിക്കുന്ന വേദഭാഗം St. Mark 16 :16 ആണ്. “വിശ്വസിക്കുകയും സ്നാനം ഏൽക്കുകയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവർ ശിക്ഷാവിധിയിൽ അകപ്പെടും..”

ഈ വാക്യത്തെ പറ്റി നാം ചില കാര്യങ്ങൾ അറിയേണ്ടത്;

 • മുതിർന്ന സ്നാനം മാത്രം ആണ് ശരി എന്ന് വാദിക്കുന്നർ ഉദ്ധരിക്കുന്ന പ്രധാന വേദ വാക്യം. എന്നാൽ ഈ വേദവാക്യം (St. Mark 16 :9 -20 ) ആകട്ടെ, സുവിശേഷത്തിൻ്റെ മൂലത്തിൽ ഇല്ലാത്ത വേദഭാഗം ആണ്. പ്രാചീന രേഖകളിലോ (പുരാതന കൈയെഴുത്തു പ്രതികളിലോ; സുറിയാനി, ലറ്റീൻ, അർമേനിയൻ) ഈ ഭാഗം ചേർത്തിട്ടില്ല. വി.മാർക്കോസിൻ്റെ സുവിശേഷം 16: 9-20 വരെയുള്ള ഭാഗങ്ങൾ വി. മാർക്കോസ് എഴുതിയതല്ല. നിഖ്യാ സുന്നഹദോസിൽ ഈ ഭാഗം മർക്കോസിൻ്റെത് എന്ന് അംഗീകരിച്ചതുമില്ല. നിഖ്യാ സുന്നഹദോസിനുമുമ്പു ആരോ കൂട്ടിച്ചേർത്തുണ്ടാക്കിട്ടുള്ളത് ആകുന്നു. അത് കൊണ്ട് വെറും വായനക്ക് അല്ലാതെ വിശ്വാസ തെളിവിനായോ വ്യാഖ്യാനിക്കുവാനോ പാടില്ലെന്ന് വി. സഭ തീരുമാനിച്ചു (മാർ ബർസ്ലീബി). ഈ വാക്യങ്ങൾ പിന്നീട് കൂട്ടിച്ചേർത്തു എന്നതിനാൽ ആണ് ഈ ഭാഗം ബ്രാക്കറ്റിൽ ഇട്ടിരിക്കുന്നത് എന്ന് പണ്ഡിതന്മാർ ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നു. ശരിയായ വിശ്വാസം ഇല്ലാതെ സഭയിൽ ആളുകൾ വന്നപ്പോൾ ഇത് കൂട്ടിച്ചേർത്തു എന്നും കരുതുന്നു. 
 • ഇനിയും മുകളിലെ വാദം സ്വീകരിക്കാൻ പ്രയാസമുള്ളവർ 9 -20 വരെ ഉള്ള വാക്യം പഠിക്കുക; ‘തന്നെ ഉയർത്തെഴുന്നേറ്റവനായി കണ്ടവരുടെ വാക്ക് വിശ്വസിക്കായ്കയാൽ….‘ St Mark 16: 14; വിശ്വസിക്കാത്ത ശിഷ്യന്മാരുടെ അവിശ്വാസത്തെയും ഹൃദയകാഠിന്യത്തെയും ശാസിച്ചുകൊണ്ടാണ് ക്രിസ്തു തമ്പുരാൻ 16-ആം വാക്യം പ്രസ്താവിക്കുന്നത്.

അതായതു ശരിക്കും സുവിശേഷം അറിയിക്കാൻ കല്പിച്ചതിനു ശേഷമായി പറയുന്ന ഭാഗമാണ്. ഇത് ശിശുക്കളെ പരാമർശിക്കുന്ന വേദഭാഗമേ അല്ല. സുവിശേഷം അറിയിച്ചതിനു ശേഷം വിശ്വസിക്കുന്നവർക്കും സ്നാനം ഏല്കുന്നവർക്കും രക്ഷ ഉണ്ട്, വിശ്വാസത്തിലേക്ക് വരാത്തവർക്ക് ശിക്ഷയും ഉണ്ട് എന്ന മുന്നറിയിപ്പല്ലാതെ ഇവിടെ ശിശുക്കളെ പറ്റി ചിന്തിക്കേണ്ട ആവശ്യം പോലുമില്ല.

വിശ്വസിച്ചിട്ടു സ്നാനം ഏൽക്കണം എന്നോ സ്നാനം ഏറ്റിട്ടു വിശ്വസിക്കണം എന്നോ ഈ വാക്യത്തിൽ നിർബന്ധം ഇല്ല. ഇതിൻ്റെ ഇംഗ്ലീഷ് translation ഒന്ന് നോക്കാം; ‘The one who believes and is baptized will be saved…’ വിശ്വാസവും സ്നാനവും രണ്ടും രക്ഷക്ക് ആധാരമാണ് എന്നതല്ലാതെ ആദ്യം ഏതു വേണം എന്ന് ഇവിടെ പരാമർശിക്കുന്നില്ല. വിശ്വസിച്ചിട്ടു സ്നാനം ഏൽക്കുന്ന രീതി പുറജാതികൾ ആയവരെയോ മുതിർന്നവരെയോ ഉദ്ദേശിച്ചാണ് എന്ന് പറയുമ്പോളും പൈതലിനുവേണ്ടി വിശ്വാസം ഏറ്റുപറയുന്ന (തലതൊട്ടപ്പൻ; തലതൊട്ടമ്മ) രീതി ഉണ്ട് എന്ന് നാം മനസിലാക്കണം.

ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത്;

 • ശിശുസ്നാനം വിലക്കപെട്ടതായിരുന്നു എങ്കിൽ ആയതു ക്രിസ്തുതമ്പുരാനോ മറ്റു ശിഷ്യന്മാരോ പ്രത്യേകം പരാമർശിക്കുമായിരുന്നു എന്നതിന് സംശയമില്ല. വെള്ളത്തിനാലും ആത്മാവിനാലും ജനിക്കണം എന്നതല്ലാതെ മറ്റൊരു നിബന്ധങ്ങളും കാണുന്നില്ല.
 • വിശ്വസിച്ചിട്ടു മാത്രമേ സ്നാനം ഏൽക്കാൻ പാടുള്ളു എങ്കിൽ ക്രിസ്തുതമ്പുരാൻ തന്നെ ശിഷ്യന്മാരോട് ഇപ്രകാരം കല്പിക്കുമായിരുന്നോ?. “ആകയാൽ നിങ്ങൾ പുറപ്പെട്ടു പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധറൂഹായുടെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചും കൊണ്ട് സകല ജാതികളെയും ശിഷ്യരാക്കികൊള്ളുവിൻ” ഇവിടെ ആദ്യം സ്നാനം പിന്നെ ഉപദേശം.

26). ശിശുക്കളെ സ്നാനപെടുത്തിയതായി ബൈബിളിൽ ഒരു ഇടത്തുപോലും പരാമർശമില്ല! പിന്നെ എങ്ങനെ ശിശുസ്നാനം വേദനുസരണം ആകും?
ശിശുക്കളെ സ്നാനപെടുത്തുന്നത് തെറ്റാണു എന്ന് ബൈബിളിൽ ഒരു ഇടത്തുപോലും പരാമർശമില്ല, പിന്നെ എങ്ങനെ ശിശുസ്നാനം വേദാനുസരണം അല്ലാതെ ആകും? കുടുംബങ്ങളെ സ്നാനപെടുത്തിയിരുന്നതായി നാം കാണുന്നുണ്ട്. കുഞ്ഞുങ്ങൾ സഭയുടെ അംഗങ്ങളും ആയിരുന്നതായി വേദം സാക്ഷിക്കുന്നു. സഭ ആദിമുതൽ അനുഷ്ടിച്ചു വന്നിട്ടുള്ള ശിശുസ്നാനം എന്ന ആചാരത്തെ പറ്റി നേരിട്ടുള്ള പരാമർശനങ്ങൾ വിശുദ്ധ ഗ്രന്ഥത്തിൽ എങ്ങനെ ഇല്ലാതെ പോയി എന്ന് ചിന്തിച്ചാൽ, ആയതിനെ പറ്റി തർക്കങ്ങളോ സംശയങ്ങളോ ആദിമ സഭയിൽ ആർക്കുമുണ്ടായിരുന്നില്ല എന്ന് വേണം മനസിലാക്കാൻ. ആരെങ്കിലും അതിനെ എതിർത്തതായിട്ടോ തർക്കിച്ചതായിട്ടോ കാണുന്നില്ല. എന്നാൽ ശിശുക്കളെ കർത്താവു എങ്ങനെ സ്വീകരിച്ചു എന്നത് നാം ഗ്രന്ഥത്തിൽ മനസിലാക്കുന്നുണ്ട്;

ശിശുക്കളോടുള്ള കർത്താവിൻ്റെ മനോഭാവം അവരെ സ്നാനപെടുത്താൻ കല്പിക്കുന്ന തരത്തിൽ ആയിരുന്നു. ചില വേദ ഭാഗങ്ങൾ പരിശോധിക്കാം;

 • അവൻ തൊടേണ്ടതിനു ചിലർ ശിശുക്കളെ അവൻ്റെയടുക്കൽ കൊണ്ടുവന്നു. ശിഷ്യന്മാർ അതുകണ്ടു അവരെ ശാസിച്ചു. യേശുവോ അവരെ അരികത്തു വിളിച്ചു; പൈതങ്ങളെ എൻ്റെ അരികിൽ വരുവാൻ വിടുവിൻ അവരെ തടയരുത്. ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതാകുന്നു…” (St .Luke 18:15,16). ‘അവൻ തൊടേണ്ടതിനു…’ എന്നതും ”അവരെ തടയരുത്…” എന്നതും പ്രത്യേകം ശ്രെദ്ധിക്കുക; ശിശുക്കൾക്ക് അനുഗ്രഹം പ്രാപിക്കാൻ സാധിക്കും എന്നും അതിൽ നിന്നും ”അവരെ തടയരുത്…” എന്നുള്ളത് ദൈവാരാജ്യ പ്രവേശനത്തിനു അനിവാര്യമായ മാമോദീസ നൽകണം എന്നുള്ള ക്രിസ്തുവിൻ്റെ കല്പനയുമാണ്. St.Mark 10: 16-ഇൽ ക്രിസ്തു ശിശുക്കളെ അനുഗ്രഹിച്ചു എന്നും കാണുന്നു.
 • നിങ്ങൾ തിരിഞ്ഞു ശിശുക്കളെ പോലെ ആയിവരുന്നില്ല എങ്കിൽ സ്വർഗ്ഗരാജ്യത്തിൽ കടക്കുകയില്ല എന്ന് ഞാൻ സത്യമായി നിങ്ങളോടു പറയുന്നു…” (St. Mathew 18: 3). ദൈവരാജ്യത്തിൽ പ്രവേശിക്കാനുള്ള അർഹത മുതിർന്നവരേക്കാൾ ശിശുക്കൾക്ക് ആണ് എന്നത് ഇവിടെ വ്യക്‌തം.

27). ശിശുക്കൾക്ക് വിശ്വസിക്കുവാനും മനസിലാക്കുവാനും ഗ്രഹിക്കുവാനും കഴിയും എന്ന് പറയുന്നതിൻ്റെ അടിസ്ഥാനം എന്ത്?
ഇവിടെ ചില വാക്യങ്ങൾ ശ്രദ്ധിക്കാം;

 • സീയോനിൽ കാഹളം ഊതുവിൻ. ഒരു ഉപവാസം നിയമിക്കുവിൻ സഭായോഗം വിളിക്കുവിൻ; സഭയെ വിശുദ്ധീകരിക്കുവിൻ; മൂപ്പന്മാരെ കൂട്ടിവരുത്തുവിൻ; പൈതങ്ങളെയും മുലകുടിക്കുന്നവരെയും ഒരുമിച്ചു കൂട്ടുവിൻ……” (യോവേൽ 2 :16 ). യഹോവയുടെ അനുഗ്രഹം ലഭിക്കുവാൻ, അനുതാപത്തോടെ കടന്നു വരുവാൻ കല്പിക്കുന്നത് മുതിർന്നവരോട് മാത്രമല്ല അതിൽ ശിശുക്കളും മുലകുടിക്കുന്നവരും ഉൾപ്പെടുന്നുണ്ട്.
 • ……പിതാവേ, സ്വർഗ്ഗത്തിലും ഭൂമിക്കും കർത്താവായുള്ളോവേ, നീ ഇവ ജ്ഞാനികൾക്കും വിവേകികൾക്കും മറച്ചു ശിശുക്കൾക്ക് വെളിപ്പെടുത്തിയതുകൊണ്ടു ഞാൻ നിന്നെ വാഴ്ത്തുന്നു. അതെ പിതാവേ ഇങ്ങനെ നിനക്ക് പ്രസാദം തോന്നിയല്ലോ.” (St. Luke 10: 21). ഈ വാക്യം ശ്രദ്ധിക്കുക; ദൈവീക രഹസ്യങ്ങളെ മനസിലാക്കുവാനും അറിയുവാനും ശിശുക്കൾക്ക് സാധിക്കുന്നു. ശിശുക്കൾക്കും ദൈവം വെളിപാടുകൾ നൽകുന്നു. പിന്നെ എങ്ങനെ ആണ് ശിശുക്കൾക്ക് വിശ്വസിക്കാൻ കഴിയില്ല എന്ന് പറഞ്ഞു സ്നാനം അവർക്കു നിഷേധിക്കുവാൻ കഴിയുന്നത്. “വിശ്വാസം” ഒരു അർത്ഥത്തിൽ പറഞ്ഞാൽ ദൈവത്തിൻ്റെ വെളിപ്പെടുത്തൽ ആണ്; “കൃപയല്ലല്ലോ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു: നിങ്ങൾ കാരണം അല്ല, ദൈവത്തിൻ്റെ ദാനം അത്രേ ആകുന്നു” Ephesian 2: 8 .
 • യേശു അവരോടു: ഉവ്വ ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽ നിന്ന് നീ പുകഴ്ച ഒരുക്കിയിരിക്കുന്നു എന്നുള്ളത് നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ എന്ന് ചോദിച്ചു“.

ദൈവത്തെ പാടി പുകഴ്ത്താനും സ്തുതിപ്പാനും ശിശുക്കൾക്ക് വിശ്വാസം ഒരു തടസ്സമല്ല എന്തെന്നാൽ വിശ്വാസം ദൈവദാനം ആണ്. വിശ്വസിക്കാൻ ശിശുക്കൾക്ക് കഴിയില്ല എന്ന് ചിന്തിക്കുന്നത് ശരിയല്ല കാരണം തൊട്ടു മുൻപ് നാം കണ്ടത് പോലെ “വിശ്വാസം” അത് ദൈവത്തിൻ്റെ കൃപയിലൂടെ ആണ് ലഭിക്കുന്നത്; “കൃപയല്ലലോ വിശ്വാസം മൂലം നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നത്; അതിനു നിങ്ങൾ കാരണം അല്ല ദൈവത്തിന്റെ ദാനം അത്രേ ആകുന്നു” (Ephesians 2: 8) (Romans 5: 15 ഇവിടെ ചേർത്ത് പഠിക്കുക). ദൈവകൃപയെയും ദാനത്തെയും ശിശുക്കൾക്ക് വിലക്കുവാൻ സാധിക്കില്ല. ശിശുക്കളെ അനുഗ്രഹിക്കാൻ കൊണ്ടുവന്നപ്പോൾ വിലക്കിയ ശിഷ്യൻമാരെ ക്രിസ്തുതമ്പുരാൻ ശാസിച്ചതു നാം മറക്കരുത് (St .Mark 10: 14). ഈ ശാസന ശിശുസ്നാനത്തെ എതിർക്കുന്നവർക്കും ഉണ്ടാകും.

ആകയാൽ നിൻ്റെ മകൻ ജീവിച്ചിരിക്കുന്നു എന്ന് യേശു പറഞ്ഞ നാഴികയിൽ തന്നെ എന്ന് അപ്പൻ ഗ്രഹിച്ചു. താനും കുടുംബം ഒക്കെയും വിശ്വസിച്ചു (St. John 4: 53, 54). ഇവിടെ 49-ആം വാക്യത്തിൽ (St. John 4 :49) “കർത്താവെ പൈതൽ മരിക്കും മുമ്പേ വരേണമേ എന്ന് പറഞ്ഞു“. അധികം പ്രായം ഉള്ള കുട്ടി ആണ് ഈ അപ്പൻ്റെ മകൻ എന്ന് ചിന്തിക്കാൻ തരമില്ല. താനും ആ പൈതൽ ഉൾപ്പെടുന്ന കുടുംബം ഒക്കെയും വിശ്വസിച്ചു എന്ന് പറയുമ്പോൾ, കുഞ്ഞുങ്ങൾക്കും വിശ്വസിക്കുവാൻ സാധിക്കും എന്ന് കാണുന്നു.

വിശ്വസിക്കാൻ ശിശുക്കൾക്കും സാധിക്കും എന്ന് തെളിയിക്കുന്ന മറ്റൊരു വേദഭാഗമാണ് (St. Mathew 18: 1 -7) എന്നാൽ മുതിർന്നവരെയാണ് ഇവിടെ ഉദ്ദേശിക്കുന്നത് എന്നും ചിന്തിക്കാം എന്നാൽ അതിൻ്റെ പ്രാരംഭം ശിശുക്കളെ കുറിക്കുന്നത് കൊണ്ടും വിശ്വാസം ദൈവകൃപ എന്നത് കൊണ്ടും (“എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുവന് ആരെങ്കിലും ഇടർച്ച വരുത്തിയാലോ അവൻ്റെ കഴുത്തിൽ വലിയൊരു തിരിക്കല്ലുകെട്ടി അവനെ സമുദ്രത്തിൻ്റെ ആഴത്തിൽ താഴ്ത്തിക്കളയുന്നതു അവനു നന്ന്“) ശിശുക്കളെ ഉദ്ദേശിച്ചു ആണ് എന്ന് ന്യായമായിചിന്തിക്കാം .

28). കുടുംബങ്ങളെ സ്നാനപെടുത്തി എന്ന് പറഞ്ഞാൽ അതിൽ കുഞ്ഞുങ്ങൾ ഉണ്ടാകണമെന്ന് നിര്ബന്ധമില്ലലോ?
കുടുംബങ്ങളെ പറ്റി പരാമർശിക്കുമ്പോൾ അതിൽ കുഞ്ഞുങ്ങൾ ഇല്ലെന്നും പറയുന്നില്ല. എന്നാലും ചില വേദഭാഗങ്ങൾ ഒന്ന് പരിശോധിക്കാം;

 • നീയും മക്കളും മക്കളുടെ മക്കളും……..നിനക്കും കുടുംബത്തിനും നിനക്കുള്ള സകലതിനും………” (Genesis 45: 10 & 11).
 • നിങ്ങളുടെ അപ്പനെയും കുടുംബങ്ങളെയും കൂട്ടികൊണ്ടു എൻ്റെ അടുക്കൽ വരുവിൻ……..നിങ്ങളുടെ പൈതങ്ങൾക്കും ഭാര്യമാർക്കും വേണ്ടി……” (Genesis 45: 18, 19).
 • യൗസേഫ് തൻ്റെ അപ്പനെയും സഹോദരന്മാരെയും അപ്പൻ്റെ കുടുംബത്തെ ഒക്കെയും കുഞ്ഞുകുട്ടികളുടെ എണ്ണത്തിന് ഒത്തവണ്ണ൦ ആഹാരം കൊടുത്തു രക്ഷിച്ചു“; (Genesis 47: 12)
 • ഞാനും എൻ്റെ കുടുംബവുമൊ ഞങ്ങൾ യെഹോവയെ സേവിക്കും. (യോശുവ 24 :15 ,16).

യെഹൂദൻമാർ കുടുംബം എന്ന് പറയുമ്പോൾ കുഞ്ഞുങ്ങളെയും ഉൾപ്പെടുത്തിയിരുന്നു എന്ന് വ്യക്‌തമാണ്. മാത്രവുമല്ല കുഞ്ഞുങ്ങൾക്കും അനുഗ്രഹം പ്രാപിക്കാൻ കഴിയുമെന്ന് അവർ വിശ്വസിക്കുകയും ചെയ്‌തിരുന്നു (ഏശയ്യാവ്‌ 49: 1; യിരെമ്യാവ്‌ 1: 5). ആയതിനാൽ പരിച്ഛേദന എന്ന ദൈവീക കർമ്മവും ശിശുക്കൾക്ക് നടത്തിയിരുന്നു.

പുതിയനിയമത്തിൽ കുടുംബങ്ങളെ മുഴുവനും സ്നാനപെടുത്തി സഭയോട് ചേർത്ത സംഭവം പലതുണ്ട്. ഭാര്യ, ഭർത്താവു, ശിശുക്കൾ എന്നിവരെല്ലാം ഉൾകൊള്ളുന്ന പദമാണ് ‘Oikos’ (കുടുംബം) എന്ന മൂലപദം. കുടുംബം എന്ന പദത്തിൽ കുഞ്ഞുങ്ങൾ ഉൾപ്പെടില്ല എന്ന് വിചാരിക്കുന്നത് തെറ്റാണു. ദൈവാനുഗ്രഹ പദ്ധതികളിൽ നിന്നും കുഞ്ഞുങ്ങളെ മാറ്റി നിർത്തിയിട്ടില്ല, മാറ്റിനിർത്തരുത് എന്ന് ക്രിസ്തു തമ്പുരാനും വ്യക്‌തമായി കല്പിക്കുന്നു (‘…അവരെ തടയരുത്’). കുടുംബമായി മാമോദീസ ഏറ്റു എന്ന് പറയുമ്പോൾ ആദിമസഭ ശിശുസ്നാനം വിലക്കിയിരുന്നു എങ്കിൽ നിശ്ചയമായും ശിശുക്കൾ ഒഴികെ എല്ലാവരും സ്നാനം ഏറ്റു എന്ന് പ്രത്യേക പരാമർശം ഉണ്ടാകുമായിരുന്നു എന്നതിന് സംശയം വേണ്ട.

 • ലുധിയാ എന്ന സ്ത്രീ വിശ്വസിച്ചു, കുടുംബം മുഴുവനും സ്നാനം ഏറ്റു (Acts 16:14, 15)
 • “അവിശ്വാസിയായ ഭർത്താവു ഭാര്യ മുഖാന്തരം വിശുദ്ധികരിക്കപ്പെടുന്നു; അവിശ്വാസിയായ ഭാര്യ തൻ്റെ സഹോദരൻ (ഭർത്താവു) മുഖാന്തരം വിശുദ്ധികരിക്കപ്പെടുന്നു. അല്ല എങ്കിൽ നിങ്ങളുടെ മക്കൾ അശുദ്ധർ എന്ന് വരും ഇപ്പോഴോ അവർ വിശുദ്ധർ ആകുന്നു” (1 Cor. 7: 13)
 • “യജമാനന്മാർ രക്ഷ പ്രാപിക്കാൻ ഞാൻ എന്ത് ചെയ്യണം എന്ന് ചോദിച്ചു. കർത്താവായ യേശുവിൽ വിശ്വസിക്കുക നീയും നിൻ്റെ കുടുംബവും രക്ഷ പ്രാപിക്കും….” (Acts 16: 30-33) 33-ആം വാക്യത്തിൽ “…താനും തനിക്കുള്ള എല്ലാവരും താമസിയാതെ സ്നാനം ഏറ്റു എന്നും കാണുന്നു”.

ഈ വാക്യങ്ങളിൽ കാണുന്നത് കുടുംബത്തിലെ ഒരാൾ വിശ്വസിക്കുമ്പോൾ ആ വിശ്വാസിയുടെ കുടുംബം മുഴുവനും സ്നാനപെടുന്നതായി കാണുന്നു.

സഹോദരന്മാരെ നമ്മുടെ പിതാക്കന്മാർ എല്ലാവരും……. എല്ലാവരും സമുദ്രത്തിൽ കൂടെ കടന്നു എല്ലാവരും മേഘത്തിലും സമുദ്രത്തിലും സ്നാനമേറ്റു മോശയോട് ചേർന്നു (1 Cor 10: 1 )”. ഇവിടെ കുഞ്ഞുങ്ങൾ ഇല്ല എന്ന് പറയുന്നത് വിഡ്ഢിത്തം മാത്രമാണ്. കുടുംബമായി സ്നാനം ഏറ്റു എന്നതിൻ്റെ പുതിയനിയമ വേദവാക്യങ്ങൾ:- ( Acts.10: 48; Acts.16: 15, 33; Acts 18 :8; 1 Cor. 1: 16) .

29). “പാപമോചനത്തിനായിട്ടുള്ള മാമോദീസ ഒരിക്കൽ മാത്രമാകുന്നു എന്ന് വിശ്വാസപ്രമാണത്തിൽ ചൊല്ലുന്നു”; സ്നാനം സ്വീകരിക്കുന്നത് പാപമോചനത്തിനുവേണ്ടിയാണ് എന്ന് പഠിപ്പിച്ചു. അങ്ങനെ എങ്കിൽ ശിശുക്കൾക്ക് പാപമോചന മാമോദീസ കൊടുക്കുന്നതിൻ്റെ അർഥം എന്താണ്?
നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തൻ യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം ഏൽപ്പിൻ… ” (Acts. 2: 38). ഇവിടെ കുറിക്കുന്ന “പാപം” എന്താണെന്നു എന്ന് നാം മനസിലാക്കണം. മാമോദീസയിലൂടെ പാപങ്ങളെ കഴുകി വെടിപ്പാക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. മാമോദീസയിൽ ആദാമ്യപാപവും കർമ്മപാപവും ക്ഷമിക്കപെടുന്നുണ്ട്. ‘കർമ്മപാപം’ അവനവൻ്റെ പ്രവർത്തി മൂലം ഉണ്ടാകുന്നതാണ്. ഇത് മുതിർന്ന സ്നാനക്കാരെ ഉദ്ദേശിച്ചാണ് പറയുന്നത്. എന്നാൽ ശിശുക്കളെ സംബന്ധിച്ചിടത്തോളം കർമ്മപാപമില്ല, എന്നാൽ ആദാമ്യപാപമുണ്ട്. “ആദാമ്യപാപം” എന്നാൽ എന്ത് എന്ന് നാം അറിയണം;

“അതുകൊണ്ടു ഏക മനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകല മനുഷ്യരിലും പരന്നിരിക്കുന്നു (Romans 5 :12 ). ഏക മനുഷ്യനായ ആദാമിൻ്റെ ലംഘനം സകല മനുഷ്യരിലും കടന്നു വന്നതാണ് ആദാമ്യപാപം. അറിയാതെ വന്നത് അറിയാതെ കളയണം. സന്തതി ജനിക്കുന്നത് സന്തതി അറിയാതെ എന്നത് പോലെ സന്തതിയിലുള്ള ആദാമ്യപാപം സന്തതി അറിയാതെ നീക്കണം. ശാരീരിക ജനനം നാം അറിയാത്തതു പോലെ ആത്മീയ ജനനം (വീണ്ടും ജനനം) നാം അറിയാതെ നടത്തുന്നതിൽ തെറ്റ് എന്താണ്? നാം അറിയാതെ നമ്മിൽ ഉള്ള ആദാമ്യപാപമാണ് നാം ശിശുക്കൾ ആയിരിക്കുമ്പോൾ നമ്മിൽ നിന്നും മാമോദീസയിലൂടെ നീക്കുന്നത്. അത് മാതാപിതാക്കളുടെ കടമയാണ്. അതിനു സന്തതിയുടെ അറിവോ സമ്മതമോ ആവശ്യമില്ലലോ.

30). സൃഷ്ടാവ് (പുത്രനാം ദൈവം) സൃഷ്ട്ടിയിൽ (യോഹന്നാൻ സ്നാപകൻ) നിന്നും സ്നാനം ഏറ്റത് എന്തിനായിരുന്നു?
ആദ്യം അറിയേണ്ടത് കർത്താവു സ്ഥാപിച്ച മാമോദീസായും, ഏറ്റതായ മാമോദീസയും (യോഹന്നാൻ്റെ സ്നാനം) ഒന്നല്ല എന്നുള്ളതാണ്. സ്നാനത്തിൻ്റെ ഉദ്ദേശങ്ങളിൽ വലിയ വ്യതാസം ഉണ്ട്. ക്രിസ്തുതമ്പുരാൻ സ്നാനം ഏറ്റത് നമ്മെ പോലെ പാപമോചനത്തിനും വിശുദ്ധിക്കും രക്ഷക്കും വേണ്ടിയായിരുന്നില്ല മറിച്ചു ത്രീയേക ദൈവത്തെ ലോകത്തിനു വെളിപ്പെടുത്തുവാനും ലോകത്തെ രക്ഷയിലേക്കു നയിക്കുന്നതിനും വേണ്ടിയായിരുന്നു. കർത്താവിൻ്റെ ജനനം, മാമോദീസ, മരണം, എന്നിവ നമ്മുടേതായി താരതമ്യം ചെയ്യാൻ പോലും പറ്റില്ല. അതിൻ്റെ അതുല്യതയിൽ കർത്താവു ഒരിക്കലായി നിറവേറ്റപ്പെട്ട രഹസ്യങ്ങളാണ്. അത് മനുഷ്യർക്കു സാധ്യമല്ല താനും.

ഇവിടെ ഒരു കാര്യം ചിന്തിക്കേണ്ടത് സ്നാപക യോഹന്നാൻ ആരാണ്, എന്തായിരുന്നു അദ്ദേഹത്തിൻ്റെ നിയോഗം എന്നുള്ളതാണ്. ‘കർത്താവിൻ്റെ മുന്നോടി‘ ആണ് യോഹന്നാൻ (St. Mark 1: 2; “ഞാൻ നിനക്ക് മുമ്പായി ഒരു ദൂതനെ അയക്കുന്നു….”) കർത്താവിൻ്റെ വഴി ഒരുക്കുവാനും അവൻ്റെ പാത നിരപ്പാക്കുവാനും ആയി മാനസാന്തര സ്നാനം പ്രസംഗിക്കുക എന്നതായിരുന്നു നിയോഗം (St. Mark 1: 3; St. John 1: 23 . യേശുക്രിസ്തു ദൈവപുത്രനും കർത്താവും ആയതിനാൽ (St.John 1: 34) കർത്താവിൻ്റെ മുന്നോടിയായി പ്രവർത്തിക്കുവാൻ നിയോഗം ലഭിച്ച യോഹന്നാൻ സ്നാപകനിൽ നിന്നും അദ്ദേഹം സ്നാനം കൈകൊണ്ടു. യോഹന്നാൻ യേശുവിൻ്റെ ദൈവത്വത്തെ സാക്ഷിക്കുന്നതും ശ്രദ്ധേയമാണ് ; “…അവൻ എനിക്ക് മുമ്പേ ഉണ്ടായിരുന്നത് കൊണ്ട് എനിക്ക് മുമ്പൻ ആയിത്തീർന്നു…’

യോഹന്നാനാൽ സ്നാനം ഏൽക്കുവാൻ യേശുതമ്പുരാൻ വന്നപ്പോൾ യോഹന്നാൻ അവനെ വിലക്കി. ഈ സമയം ക്രിസ്തു തമ്പുരാൻ പറയുന്നതാണ് ഈ ചോദ്യത്തിൻ്റെ ഒന്നാമത്തെ ഉത്തരം: “ഇപ്പോൾ സമ്മതിക്ക; ഇങ്ങനെ സകല നീതിയും നിവർത്തിക്കുന്നതു നമ്മുക്ക് ഉചിതം” (St .Mathew 3: 15).

രണ്ടാമതായി ചിന്തിക്കേണ്ടത് യോഹന്നാൻ സ്നാപകൻ നൽകുന്ന ഉത്തരം ആണ് (St. John 1: 27 – 34) യേശുതമ്പുരാനെ ഇസ്രായേലിനു വെളിപ്പെടുത്തുവാൻ വേണ്ടിയാണു താൻ വെള്ളത്തിൽ സ്നാനം കഴിപ്പിച്ചത് എന്ന് 30-ആം വാക്യത്തിൽ നാം കാണുന്നു. വീണ്ടും 33-ആം വാക്യം “…വെള്ളത്തിൽ സ്നാനം കഴിപ്പിക്കുവാൻ എന്നെ അയച്ചവൻ എന്നോട്: ആരുടെ മേൽ ആത്മാവ് ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിനാൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്ന് പറഞ്ഞു. അങ്ങനെ ഞാൻ കാണുകയും ഇവൻ ദൈവപുത്രന് തന്നെ എന്ന് സാക്ഷ്യം പറയുകയും ചെയ്തിരിക്കുന്നു.” ഈ സ്നാനത്തിൻ്റെ ഉദ്ദേശം തച്ചൻ്റെ മകൻ എന്ന് മാത്രം അറിഞ്ഞിരുന്ന യേശുക്രിസ്തു, ദൈവപുത്രനും ലോക രക്ഷിതവുമാണ് എന്ന് യിസ്രായേലിന്നു വെളിപ്പെടുത്തുക എന്നതാണ്. അപ്രകാരം പുത്രനാം ദൈവം സൃഷ്ട്ടിയായ സ്നാപക യോഹന്നാനിൽ നിന്നും സ്നാനം ഏറ്റു.

തോമസ് അലക്സ്
www.ovsonline.in

2 thoughts on “സത്യവിശ്വാസികൾ അറിയേണ്ടത്: ORTHODOXY – THE LIFE; വിശ്വാസപഠനം – III

 • December 4, 2018 at 5:30 pm
  Permalink

  Difference Between Masswine and ordinary wine.

  Reply
 • December 11, 2018 at 5:16 pm
  Permalink

  ഓർത്തഡോക്സ്‌ സഭയെ സംബന്ധിച്ചടുത്തോളം മാസ്സ് വൈൻ എന്നത് ഉണക്ക മുന്തിരിച്ചാർ ആണ്. തലേ ദിവസം വെള്ളത്തിൽ ഇട്ടു അതിൻ്റെ നീര് വിശുദ്ധ കുർബാനയ്ക്ക് ഉപയോഗിക്കുന്നു. കുപ്പിയിൽ ലഭിക്കുന്ന മാസ്സ് വൈനും ഉപയോഗിക്കുന്നുണ്ട്. അതും 20 ദിവസത്തോളം മുന്തിരി ഇട്ടു പ്രോസസ്സ് ചെയ്തു വീഞ്ഞായി എടുക്കുന്നു. Mass wine is not fermented and it will be simply the grape juice. The alcohol content will be less than 5%. When it get mixed with water alcohol content will get again reduced from 5 % and is not intoxicating. Whereas ordinary wine is fermented and will have more alcoholic content which is intoxicating

  Reply

Leave a Reply

Your email address will not be published. Required fields are marked *

eighteen − 9 =

error: Thank you for visiting : www.ovsonline.in