2018-ലെ ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ പുരസ്ക്കാരം ജോൺസൺ ചെമ്പാലിന്

കോട്ടയം: 2018-ലെ ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ പുരസ്ക്കാരം ജോൺസൺ ചെമ്പാലിന് സമ്മാനിക്കും. നിരവധി മാന്യ നസ്രാണി വ്യകതിത്വങ്ങളിൽ നിന്നുമാണ് ശ്രീ. ജോൺസൺ ചെമ്പാലിനെ 2018-ലെ ഓർത്തഡോക്സ് വിശ്വാസ സംരക്ഷകനായി തിരഞ്ഞെടുത്തത്. വെട്ടിത്തറ സെൻറ് മേരീസ് ഇടവകാംഗവും ഇടവകയുടെ സ്കൂൾ മാനേജർ കൂടിയായ പ്രിയപ്പെട്ട ജോൺസൺ ചെമ്പാലിൽ, മറ്റു പല പ്രമുഖ വ്യകതിത്വങ്ങളെയും പിന്തള്ളി അഭിമാനപൂർവമായ ഈ നസ്രാണി പുരസ്കാരത്തിനു അർഹമാകുമ്പോൾ എന്ത് കൊണ്ട് മലങ്കര സഭയ്ക്ക് അത്ര സുപരിചിതനല്ലാത്ത ഇദ്ദേഹം അര്‍ഹനായി ചിന്തിക്കുന്നുണ്ടാകും. മലങ്കര സഭയുടെ അഭിവാജ്യ കണ്ണിയെങ്കിലും, വിഘിടിതരുടെ പൂർണ്ണ നിയന്ത്രണത്തിലുള്ള വെട്ടിത്തറ സെൻറ് മേരീസ് ഇടവകയിലെ അംഗമായ  ശ്രീ.ജോൺസൺ, സ്വപിതാവിന്റെ ശവസംസ്ക്കാരവുമായി ബന്ധപ്പെട്ട് ഉണ്ടായ മനപ്രയാസങ്ങളെയും പ്രലോഭനങ്ങളെയും കുത്തുവാക്കുകളെയും ഭീഷണികളെയും അവഗണിച്ച് തന്റെ കുടുംബം അംഗമായിരിക്കുന്ന മലങ്കര സഭയുടെ പുരോഹിതരാൽ, യഥോചിതമായി സംസ്കാര ശുശ്രൂഷ നൽകി മാത്രമേ തന്റെ പിതാവിനെ അയക്കൂ എന്ന് സുദൃഡമായ തീരുമാനം എടുത്തതിനാണ് ഈ അംഗീകാരം.

പിതാവിന്റെ ശവസംസ്ക്കാരത്തിനു മലങ്കര സഭയുടെ ഇടവക വികാരിയെ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷ പരിഗണിച്ച  ബഹു. കോലഞ്ചേരി മുന്‍സിഫ്‌ കോടതി, പോലീസ് സംരക്ഷണം നൽകാൻ ഉത്തരവായെങ്കിലും, കോടതി ഉത്തരവിൽ വ്യക്തതയില്ല എന്നാരോപിച്ച് വിഘടിത ശ്രേഷ്ഠ കാതോലിക്കായുടെ നേതൃത്വത്തിൽ പള്ളിയിൽ കയറി മാർഗ്ഗ തടസം സൃഷ്ടിക്കുകയും, തൊട്ടടുത്ത ദിവസങ്ങളിൽ പൊതു അവധി ദിവസമാണെന്ന് കണക്കു കൂട്ടി, വേണമെങ്കിൽ തങ്ങളുടെ മേല്പട്ടക്കാർ ശവസംസ്കാര ശുശ്രൂഷയും നിർവഹിക്കാൻ തയ്യാറാണെന്ന സൗജന്യവും വെച്ച് നീട്ടി. കോടതി ഉത്തരവുമായി പിതാവിന്റെ മൃതശരീരവും വഹിച്ചു, ഇടവകയുടെ മുറ്റത്തു തടയപ്പെട്ട് നിൽക്കുന്ന അതിവ്യഥയുടെ നേരത്തും, മലങ്കര സഭയുടെ പുരോഹിതരാൽ മാന്യമായ ഒരു ശവസംസ്ക്കാരം പിതാവിന് ലഭിക്കുവോളം കാത്തിരിക്കാൻ തയ്യാറാണ് എന്ന് പറയുവാൻ ആ ധീരനായ മലങ്കര നസ്രാണിക്കു ഒട്ടും ചിന്തിക്കേണ്ടി വന്നില്ല. മുറുമുറുപ്പുകൾക്കും, ആക്രോശങ്ങൾക്കും നടുവിലൂടെ തിരിഞ്ഞു നടന്നപ്പോഴും അദ്ദേഹത്തിന്റെ തല മലങ്കര സഭയ്ക്ക് വേണ്ടി-ആ പാരമ്പര്യത്തിന് വേണ്ടി ഉയർന്നു നിന്നു. പൊതുഅവധി കഴിഞ്ഞു ബഹു. ഹൈക്കോടതിയിൽ നിന്നും ശക്തമായ ഉത്തരവോടെ അദ്ദേഹത്തിന്റെ പിതാവിനെ മലങ്കര സഭയുടെ പുരോഹിതിനാൽ അടക്കം ചെയ്യപ്പെട്ടു. സമാനതകളില്ലാത്ത ഈ ചരിത്ര സംഭവത്തിലൂടെ, മലങ്കര സഭയിലെ വലിയ പ്രമാണികളിലും പല മെത്രാന്മാരിലും ഒട്ടുമിക്ക പുരോഹിതരിലും കാണുവാൻ കഴിയാത്ത, അചഞ്ചലവും ദീപ്തവുമായ ഈ വിശ്വാസ സംരക്ഷണത്തിനാണ് 2018-ലെ ആദരവ്. ഒരു മികച്ച വ്യവസായി കൂടിയായ ഇദ്ദേഹത്തിന്റെ പത്നി ശ്രീമതി. മുന്നൂ ജോൺസനാണ്. മക്കൾ എലിസബേത്ത് ജോൺസൻ, ജോപോൾ ജോൺസൻ, ജൊഹാൻ ജോൺസൻ എന്നിവരാണ്.

ശ്രീ റോണി വർഗീസ്
ശ്രീ റോണി വർഗീസ്

2018-ലെ അവാർഡിന് അവസാന റൗണ്ടിൽ ശ്രീ. ജോൺസൻ ചെമ്പാലിനു ഒപ്പം പരിഗണിക്കപ്പെട്ടത് സഭാ മാനേജിംഗ് കമ്മിറ്റി അംഗം ശ്രീ. റോണി വർഗീസിനെയാണ്. ഗൃഹസ്ഥനായ അൽമായൻ എന്ന സകല പരിമിതികൾക്കും പരിധികൾക്കും കാതങ്ങൾക്കും അപ്പുറത്താണ്, തികഞ്ഞ പോരാളിയും ഉത്തമ സഭാ സ്നേഹിയുമായ ശ്രീ. റോണിയുടെ സേവനം മലങ്കര സഭയിലുടനീളം എന്ന് അവാർഡ് കമ്മിറ്റി വിലയിരുത്തി. ഇത്തരം വ്യക്തിത്വങ്ങളുടെ അഭാവം നികത്തുവാൻ കൂടുതൽ കരുത്തുള്ള നസ്രാണി മുഖങ്ങൾ മലങ്കര സഭയിൽ ഉയർന്നു വരേണ്ടതിന്റെ ആവശ്യകതയെ ചർച്ച ചെയ്യുകയും ചെയ്തു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

മലങ്കര സഭയുടെ നന്മയ്ക്കും, കാതോലിക്കേറ്റ് സിംഹാസനത്തിന്റെ സംരക്ഷണത്തിനും, മലങ്കര സഭയിലെ അൽമായ ശാക്തീകരണത്തിനുമായി 2011 സെപ്റ്റംബർ 15-നു കോലഞ്ചേരിയിലെ പരിശുദ്ധ കാതോലിക്ക ബാവായുടെ നിരാഹാര സമര പശ്ചാത്തലത്തിൽ ഉയിർ കൊണ്ട, മലങ്കര നസ്രാണികളുടെ ജീസ്സുറ്റ, പ്രസ്ഥാനമാണ് ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ എന്ന ഓ.വി.എസ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസ ധീരരായ അനവധി വിശ്വാസ സംരക്ഷകരെ കണ്ടത്തി ഒരു കുടക്കീഴിലാക്കി മുൻപോട്ടു പോകുന്നു. മലങ്കര സഭയിലെ ദോഷദൃക്കുകളാല്‍, കേവലം മാസങ്ങൾ മാത്രം ആയുസ് പ്രവചിക്കപെട്ട ഈ കൂട്ടായ്മ, പലതരം വെല്ലുവിളികളെയും, കടന്നാക്രമണങ്ങളെയും അതിജീവിച്ച് അതിന്റെ എട്ടാം വർഷത്തിലേക്കു പ്രവേശിക്കുകയാണ്. ലിഖിത നിയമങ്ങളുടെ അടിസ്ഥാനത്തിലോ, അധികാര സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്ന ശൈലിയോ ഒന്നും അവലംബിച്ചില്ലെങ്കിലും, ഏതൊരു സംഘടനയിലും കാലാന്തരത്തിൽ രൂപാന്തരപ്പെടുന്ന കൊഴിഞ്ഞു പോക്കിനെയും, നിഷ്ക്രിയ മനോഭാവത്തെയും, ബാഹ്യ ആക്രമണങ്ങളെയും പോലെയുള്ള എല്ലാ സംഘടനാപരമായ വൈതരണികളെയും സംയോജിതമായ പ്രവർത്തനത്തിലൂടെ അതിജീവിച്ചത്, ഈ പ്രസ്ഥാനത്തിന്റെ ഉൾക്കരുത്തും, പ്രവർത്തകരുടെ ഊഷ്‌മളമായ സഹകരണ മനോഭാവവും, മലങ്കര നസ്രാണി സമൂഹം ഞങ്ങൾക്ക് നല്കുന്ന അംഗീകാരവും കൊണ്ടാണ്. കഴിഞ്ഞ ഏഴു വർഷം കൊണ്ട് മലങ്കര സഭയാകമാനം ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ എന്ന നസ്രാണി കൂട്ടായ്‍മയെ അറിഞ്ഞത് വിവിധ തലങ്ങളിൽ കൂടിയാണ്. സൈബർ രംഗത്തെ മലങ്കര സഭയുടെ മുഖമായും നാവായും കരുത്താർജിച്ച ഓ.വി.എസ് ഇന്ന് ഈ മേഖലകളിൽ സമാനതകളില്ലാത്ത ഉയരങ്ങളിൽ അതിന്റെ പ്രയാണം തുടരുന്നു. മലങ്കര സഭയ്ക്കു എതിരെ നടക്കുന്ന ആന്തരികവും ബാഹ്യവുമായ കുപ്രചാരണങ്ങളെയും ചരിത്ര വക്രീകരണത്തെയും ഉത്ഭവ സ്ഥാനത്തു തന്നെ ഉന്മൂലനം ചെയ്യാൻ സദാ ജാഗ്രതയോടെ നിൽക്കുമ്പോഴും, പൗരസ്ത്യ സഭയുടെ സത്യ വിശ്വാസ പഠനത്തിനും, ആശയ പ്രചാരണത്തിനും ഒരു കുറവും വരുത്തുന്നില്ല. മലങ്കര സഭയുടെ പ്രശ്‌നബാധിത ഇടവകളിലെല്ലാം ആവശ്യമായ ഘട്ടങ്ങളിൽ കാറ്റായും, തണലായും, നിഴലായും കഷ്ടത അനുഭവിക്കുന്ന വൈദികർക്കും വിശ്വാസി സമൂഹത്തിനുമൊപ്പം നിലയുറിപ്പിച്ച് പ്രവർത്തിക്കുന്ന ഈ എളിയ പ്രസ്ഥാനം മലങ്കര സഭയോടും പരിശുദ്ധ കാതോലിക്കാ സിംഹാസനത്തോടും മാത്രം കൂറും വിധേയത്വവും വിശ്വാസവും പുലർത്തുന്നു.

2018-ലെ ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ പുരസ്‌കാരം മെയ് ആദ്യ വാരം പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയുടെ സൗകര്യം കൂടെ പരിഗണിച്ചു എറണാകുളത്തു വെച്ച് നടത്തപ്പെടുകയും, അന്നേ ദിവസം ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ പ്രസ്ഥാനത്തിന്റെ വാർഷിക സമ്മേളേനവും കുടുംബ സംഗമവും നടത്തുവാൻ ഓ.വി.എസ് എക്സിക്യൂട്ടീവ് തീരുമാനിച്ചു.

error: Thank you for visiting : www.ovsonline.in