ഓടക്കാലി പള്ളി കേസ് : പോലീസ് നിലപാട് ലജ്ജാകരമെന്നു കോടതി

എറണാകുളം: കോടതി ഉത്തരവ് നടപ്പാക്കാൻ ആവശ്യപ്പെടുമ്പോൾ നിരാശരായി കൈ മലർത്തുന്ന പോലീസ് സേനയുടെ നിലപാട് തീർത്തും ലജ്ജാകരമെന്ന് എറണാകുളം ഫസ്ററ് അഡീഷണൽ ജില്ലാക്കോടതി. ഓടക്കാലി പള്ളിയിൽ 1934-ലെ മലങ്കര സഭാ ഭരണഘടന പ്രകാരം നിയമിതനായ വികാരിക്ക് പ്രവർത്തിക്കുവാൻ മതിയായ സംരക്ഷണം നൽകണമെന്നും വിധി നടപ്പാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും കുറുപ്പംപടി സ്റ്റേഷൻ ഹൗസ് ഓഫിസർക്കും എറണാകുളം റൂറൽ പോലീസ് സൂപ്രണ്ടിനും കോടതി നേരത്തെ ഉത്തരവ് നൽകിയിരുന്നു. എന്നാൽ ഇതുവരെ ഈ ഉത്തരവ് നടപ്പാക്കാൻ പോലീസിനു കഴിഞ്ഞിട്ടില്ല.

ഉത്തരവ് നടപ്പാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് കുറുപ്പമ്പടി പോലീസ് സ്റ്റേഷൻ ഹൌസ് ഓഫിസർ തനിക്കും പോലീസ് സൂപ്രണ്ടിനും വേണ്ടി സത്യവാങ്മൂലം സമർപ്പിച്ചു. എന്നാൽ നടപ്പാക്കാത്തതിന്റെ സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്ന കാരണങ്ങൾ തൃപ്തികരമല്ലായെന്നും പോലീസ് സൂപ്രണ്ട് (റൂറൽ) നിർദ്ദേശിച്ച പ്രകാരം സത്യവാങ്മൂലം നൽകിയിട്ടില്ലായെന്നും പോലീസ് സൂപ്രണ്ട് (റൂറൽ) പ്രത്യേകം സത്യാവാങ്‌മൂലം ഫയൽ ചെയ്യണമെന്നും കോടതി ഉത്തരവിട്ടു. നിയമവിരുദ്ധമായ ഒരു കൂട്ടത്തെ പിരിച്ചു വിടാൻ മതിയായ ബലം പ്രയോഗിക്കാൻ പോലീസിന് നിയമപരമായി അധികാരമുണ്ട്. കോടതി ഉത്തരവ് പാലിക്കാനുള്ള അപേക്ഷ നിരസിക്കുമ്പോൾ നിരാശരായി കൈകൾ മലർത്തുന്ന പോലീസ് സേന തീർത്തും ലജ്‌ജാകരമാണ്. ഒരു മാസത്തിനകം കോടതി ഉത്തരവ് പാലിക്കാൻ പോലീസ് തയ്യാറാണെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചുവെങ്കിലും കാരണം തീർത്തും തൃപ്തികരമല്ലാത്തതിനാൽ കൂടുതൽ സമയത്തിനുള്ള അപേക്ഷ അനുവദിക്കുവാൻ കഴിയില്ല എന്ന് കോടതി വ്യക്തമാക്കി. കോടതി ഉത്തരവ് അതിന്റെ അക്ഷരാർത്ഥത്തിൽ നടപ്പാക്കിയില്ലെങ്കിൽ കുറുപ്പംപടി പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയും പോലീസ് സൂപ്രണ്ട് (റൂറൽ) എറണാകുളവും 22.01.2020 ന് നേരിട്ട് ഹാജരാകണമെന്നും ഈ ഉത്തരവിന്റെ ഒരു പകർപ്പ് സംസ്ഥാന പോലീസ് മേധാവിക്ക് തന്റെ വകുപ്പിലെ ദുഖകരമായ അവസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾക്കായി അയച്ചു കൊടുക്കാനും കോടതി ഉത്തരവായി

error: Thank you for visiting : www.ovsonline.in