മലങ്കര സഭയിലെ പ്രമുഖ വൈദികന്‍ ഫാ. വർഗ്ഗീസ് മാത്യു (റോയി അച്ചൻ -59) നിര്യാതനായി

മൈലപ്രാ : മലങ്കര ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനത്തിലെ വൈദികനും മുൻ സഭാ മാനേജിംഗ് കമ്മറ്റിയംഗവുമായ മേക്കൊഴൂർ തടിയിൽ ആകാശ് വില്ലയിൽ പരേതനായ പി.റ്റി. മാത്തന്റെയും മറിയാമ്മയുടെയും മകൻ ഫാ. വർഗ്ഗീസ്സ് മാത്യു (റോയി അച്ചൻ – 59) നിര്യാതനായി.

തുമ്പമൺ ഭദ്രാസന യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് , മേക്കൊഴൂർ വൈ.എം. സി. എ പ്രസിഡന്റ്, മൈലപ്രാ ഐ.റ്റി.സി ഗവേണിംഗ് ബോർഡ് അംഗം, ശാന്തി സദനം ഗവേണിംഗ് ബോർഡ് അംഗം, പീരുമേട് എം. ബി.സി കോളേജ് എക്സിക്യൂട്ടിവ് അംഗം , കൃപാ ബാലജനസഖ്യം മുഖ്യ സഹകാരി , പുതുവേലിൽ കുടുംബയോഗം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.തൂമ്പാക്കുളം, കിഴക്കുപുറം , മണ്ണാറക്കുളത്തി , എലിമുള്ളുംപ്ലാക്കൽ , കാട്ടൂർ , വട്ടക്കാവ് , മതാപ്പാറ , റാന്നി – കുറ്റ്യാനി , ചന്ദനപ്പള്ളി , വകയാർ, ആമക്കുന്ന് , ഓമല്ലൂർ , അട്ടച്ചാക്കൽ , കുമ്പഴ സെന്റ് മേരീസ് , കുമ്പഴ ശെമവൂൻ ദെസ്തൂനി എന്നീ ഇടവകകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. തുമ്പമൺ ഏറം വലിയകാലായിൽ ജസ്സി വർഗ്ഗീസാണ് ഭാര്യ മക്കൾ ആകാശ് മാത്യു വർഗ്ഗീസ്സ് , ഡോ. അക്സാ മറിയം.

സഭയിലെ വിവിധ മെത്രാപ്പോലീത്തമാർ, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ , മലങ്കര ഓർത്തഡോക്സ് സഭ വൈദിക ട്രസ്റ്റി റവ. ഫാ. എം. ഒ ജോൺ എന്നിവർ ഫാ.വർഗ്ഗീസ് മാത്യുവിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ശവസംസ്‌കാരം 22 വെള്ളിയാഴ്ച പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യ കാർമീകത്ത്വത്തിൽ മൈലപ്ര സെൻറ് ജോർജ് ഓർത്തഡോൿസ് വലിയപള്ളിയിൽ നടക്കും.

റോയി അച്ചനെ കുറിച്ചുള്ള ഒരു ഓർമ്മക്കുറിപ്പ്:

വൈദീകജീവിതത്തിന്റെ 29 വർഷങ്ങൾ പൂർത്തീകരിച്ചാണു റോയി അച്ചന്റെ മടക്കം…എത്രനാൾ ജീവിച്ചു എന്നതിനേക്കാൾ ജീവിച്ച കാലത്ത്‌ സ്നേഹവും ബഹുമാനവും ആർജ്ജിക്കാനാവുക. കുടുബത്തിലും സമൂഹത്തിലും ദൈവമുൻപിലും പ്രിയപ്പെട്ടവനായി പ്രസന്നത യോടെ പ്രതിസന്ന്ധികളും ആകുലതകളേയും പ്രത്യാശയോടെ പരാതികളില്ലാ തെ ജീവിച്ചു താൻ പ്രിയം വച്ച നാട്ടിലേക്ക്‌ മടങ്ങി പോവുക…ഒരു തരത്തിൽ ഭാഗ്യകരമായ ജീവിതം. റോയി അച്ചൻ ഒരു വൈദീകനായി ജീവിച്ച കാലഘട്ടത്തിനുമപ്പുറം ഊർജ്ജ്വസ്വലനായ ഒരു സംഘാടകനും വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകൾ വച്ചുപുലർത്തിയ വ്യക്തിയുമായിരുന്നു. എക്കാലവും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്‌ വിലുപുലമായ സൗഹൃദവലവത്തിന്റെ ഉടമ എന്നതും ,തീക്ഷണതയുള്ള തികഞ്ഞ സഭാ സ്നേഹി എന്ന നിലയിലുമാകും.

കളങ്കം തീരെ ഇല്ലാത്ത, വ്യക്തതയോടും ശക്തമായും പ്രതികരികരിക്കുന്ന സ്വഭാവവിശേഷം അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു.വല്ലാത്ത ഒരു പോസിറ്റീവ്‌ എനർജ്ജി തന്നെയായിരുന്നു അദ്ദേഹത്തിനു.ഏറ്റെടുക്കുന്ന കാര്യങ്ങളിൽ അസാധാരണമായ ആവേശം ഒപ്പം പ്രവർത്തിക്കുന്നവർക്ക്‌ ഇരട്ടി ഊർജ്ജം പകർന്നു കൊടുത്തിരുന്നു എന്നതായിരുന്നു സത്യം.തന്റെ മുപ്പതാമ ത്തെ വയസ്സിലാണു വൈദീക ജീവിതം ആരംഭിച്ചത്‌. തുടർന്നിങോട്ട്‌ ദൈവജനത്തെ ശുശ്രൂഷിക്കാനായത്‌ 29വർഷങ്ങളാണു. ഇടവേളകളില്ലാതെ തന്നെ ഏൽപ്പിച്ച ജോലികൾ യോഗ്യമാംവിധം ചെയ്ത്‌ തീർത്തു.”ദൈവത്തിന്റെ കരുണയുടെ കൈകളിലാണു താനെന്ന് “രോഗം തിരിച്ചറിഞ്ഞ നാളിൽ ഒക്കെയും അദ്ദേഹം പ്രതികരിച്ചിരുന്നത്‌.പരുമല തിരുമേനിയും ഗീവർഗ്ഗീസ്‌ സഹദായിലും അചഞ്ചലമായ വിശ്വാസം എന്നും പുലർത്തി പോന്നു.2016 ജൂലൈ 16 റോയി അച്ചന്റെ ജീവിതത്തെ സഹനത്തിന്റെ ശുശ്രൂഷക്കായി ദൈവം തെരഞെടുത്തു.പെട്ടെന്നുള്ള ശാരീരിക തളർച്ചയെ തുടർന്ന് പരിശോധനക്കായി പരുമല സെന്റ്‌ഗ്രിഗോറിയോസ്‌ ആശുപത്രിയിലേക്ക്‌ സഹധർമ്മിണി ജെസി ടീച്ചർക്കും മകൻ ആകാശിനു മൊപ്പമെത്തി. സി ടിയും ,എം ആർ ഐയും അടക്കം വിദഗ്ദപരിശോദനകൾ. ഒടുവിൽ പരിശോധനാ ഫലം തീർത്തും നിരാശനാജനകം. ഇതിനകം വാർത്ത സ്നേഹിതരിലേക്കും സഭാ വ്യത്തങ്ങളിലുമെത്തി. സന്ദർശ്ശകർ ഏറി. വൈദീക മിത്രങ്ങളും ഇടവകക്കാരും തിരുമേനിമാരടക്കം ഓടി എത്തി പ്രാർത്ഥനയും ധൈര്യവും പകർന്നു.അവിടെനിന്നും വെല്ലൂർ സി.എം.സി യിൽ കൂടുതൽ വിദഗ്ദ പരി ശോദനകൾ. രോഗസ്ഥിരീകരണം.വൈകിയിരുന്നു എല്ലാം അപ്പോഴേക്കും.ക്യാൻസർ സ്റ്റേജ്‌ നാലാം ഘട്ടത്തിൽ എത്തിയിരുന്നു.ലങ്ങ്‌സ്‌ ക്യാൻസർ ബ്രയിൻ ട്യൂമറായി അപ്പോഴേക്കും പരിണമിച്ചിരുന്നു.ജൂലൈ 19നു 9 മണിക്കൂർ നീണ്ട ബ്രയിൻ സർജ്ജറി.തുടർച്ചയായ കീമോ.റേഡിയേഷൻ ഇതിനിടയിൽ നാട്ടിൽ സന്ദർശ്ശകരുടെ ബാഹുല്യം നിമിത്തം തുബമണ്ണിൽ താത്കാലികമായി വിടെടുത്ത്‌ കുറച്ചുനാൾ താമസ്സിക്കുകയും ചെയ്തു.ആവിടെനിന്നും ആയിരുന്നു പിന്നീടുള്ള വെല്ലൂരി ലേക്കുള്ള യാത്ര.പ്രത്യേകിച്ച്‌ ഒന്നും ചെയ്യാനാകില്ല എന്നിരിക്കെ വീണ്ടും പ്രതീക്ഷയോടെ ആ വർഷം നവംബർ 19നു വിദഗ്ദ ഡോക്ടറു ടെ നേത്യത്വത്തിൽ ലങ്ങ്‌സിന്റെ ഓപ്പറേഷനും ഇതിനകം നടത്തി.

ജീവിതത്തിനും മരണത്തിനുമിടയിലുമുള്ള 10 ശതമാനം മാത്രം വിധിപറഞ്ഞ ശസ്ത്രക്രിയയും പൂർത്തീകരിച്ച്‌ ദൈവകരുണയുടെ കീഴിൽ പ്രാർത്ഥനയും പ്രത്യാശയുമായി ആ പുരോഹിത ശ്രേഷ്ഠൻ ജീവിതം പൊരുതി തോൽപ്പിക്കാൻ തീരുമാനിച്ചു വെല്ലൂരിൽ നിന്നും മടങ്ങി. തുടർന്നിങൊട്ട്‌ ദൈവ കരുണയിൽ നിരാശകളേതുമില്ലാതെ രണ്ടു വർഷം പ്രത്യാശയോടെ സ്നേഹിതരുടേയും കൂടപ്പിറപ്പുകളുടേയും സ്നേഹം ആവോളം അനുഭവിച്ച്‌ ജീവിച്ചു.മകന്റേയും മകളുടേയും വിവാഹവും ജോലിയും, പ്രിയപ്പെട്ടവളുടെ ജോലിയിലെ പ്രമോഷനും അദ്ദേഹത്തിനു കാണാൻ ദൈവം അനുഗ്രഹിച്ചു. പരിശുദ്ധ ബാവാതിരുമേനിയും എല്ലാ തിരുമേനിമാരും പലവട്ടം അച്ചന്റെ ഭവനത്തിലെത്തി പ്രാർത്ഥിച്ചും പ്രത്യാശയിൽ ഉറപ്പിച്ചും സ്നേഹം പകർന്നു. സ്നേഹിതരും ബന്ധുക്കളും അച്ചൻ ശുശ്രൂഷിച്ച ഇടവകകളിലെ ജനങ്ങളും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ള രാഷ്ട്രീയ പ്രവർത്തകരും അദ്ദേഹത്തെ സന്ദർശ്ശിച്ചിരുന്നു എന്നത്‌ ആ വലിയ സൗഹൃദവലവത്തിന്റെ ആഴം വെളിവാക്കുന്നതായിരുന്നു. ചന്ദനപ്പള്ളി വലിയ പള്ളിയെ ഹൃദയത്തോട്‌ ചേർത്ത്‌ വച്ച വന്ദ്യ അച്ചൻ ഇടവകയുടെ ആത്മീകവും ഭൗതീകവുമായ വളർച്ചക്ക്‌ മറക്കാനാവാത്ത സംഭാവനയാണു നൽകിയിട്ടുള്ളത്‌.വിശുദ്ധ സഹദായുടെ തിരുശേഷിപ്പ്‌ ദേവാലയത്തിൽ പ്രതിഷ്ഠിക്കുന്നതിനു അച്ചൻ വഹിച്ച പങ്ക്‌ എക്കാലവും സ്മരണീയമാകും.

(മനോജ് ചന്ദനപ്പള്ളി)

error: Thank you for visiting : www.ovsonline.in