സഭാ സമാധാനം: പാത്രിയർക്കീസ് ബാവായുടെ അഭിപ്രായം അറിയാൻ താൽപര്യമുണ്ടെന്ന് കാതോലിക്കാ ബാവാ

കോട്ടയം ∙ സഭയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതു സംബന്ധിച്ച് പാത്രിയർക്കീസ് ബാവായുടെ അഭിപ്രായം അറിയാൻ താൽപര്യമുണ്ടെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. സഭാ മാനേജിങ് കമ്മിറ്റിയുടെ അടിയന്തര യോഗത്തിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

സഭയിൽ സമ്പൂർണ സമാധാനം സാധ്യമാക്കാനുളള സാഹചര്യമാണ് സുപ്രീംകോടതി വിധി മൂലം സംജാതമായിട്ടുള്ളത്. സഭാ തർക്കം സംബന്ധിച്ച് എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം നിർദേശിക്കുന്നതും പഴുതുകളടച്ചുള്ളതുമാണ് ഈ വിധി. തർക്കമുണ്ടായതു നമ്മുടെ സഹോദരങ്ങളുമായിട്ടാണ് എന്ന കാര്യം മറക്കരുതെന്നും തെറ്റിദ്ധാരണ പരത്തിയും ക്രമസമാധാന നില തകരാറിലാക്കിയും സമാധാന നീക്കത്തിനു തടസ്സം സൃഷ്‌ടിക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്നും ബാവാ പറഞ്ഞു.

പുരാതനവും ദേശീയവുമായ സഭയും രാജ്യവും വിദേശമേധാവിത്വത്തിൽനിന്നു മോചനം പ്രാപിച്ച സാഹചര്യത്തിൽ സ്വാതന്ത്ര്യവും സമാധാനവും ആഗ്രഹിക്കുന്നവരാണ് സഭയിൽ ബഹുഭൂരിപക്ഷവുമെന്നും കേവലം ന്യൂനപക്ഷം മാത്രമാണ് തർക്കം തുടരാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതി വിധിയുടെ വിശകലനം ഡോ. മാത്യൂസ് മാർ സേവേറിയോസ് നടത്തി. അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, ഫാ. ഡോ. ഓ. തോമസ്, ഫാ. ഡോ. ബിജേഷ് ഫിലിപ്, എം.ജി. ജോർജ് മുത്തൂറ്റ്, എ.കെ. ജോസഫ്, റോണി ദാനിയേൽ, ഷാലു ജോൺ, ഫാ. ബിജു ആൻഡ്രൂസ്, ഡോ. വർഗീസ് പേരയിൽ, ഫാ. സി.എ. കുര്യാക്കോസ്, വർഗീസ് ജോൺ തോട്ടപ്പുഴ, പോൾ സി. വർഗീസ്, ചെറിയാൻ വർഗീസ്, കോശി ഉമ്മൻ, ടിൽസൺ വർഗീസ്, അലക്സ് എം. കുര്യാക്കോസ്, ഫാ. ഏബ്രഹാം കാരമേൽ എന്നിവർ പ്രസംഗിച്ചു.

കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ നെച്ചൂർ സെന്റ് തോമസ് പള്ളിയിൽ കുർബാനയ്‌ക്ക് എത്തിയ വികാരി ഫാ. ജോസഫ് മനയലിനെയും വിശ്വാസികളെയും തടഞ്ഞ പൊലീസ് അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് പ്രിൻസ് ഏലിയാസ്, ഫാ. ജോൺ വർഗീസ് എന്നിവർ പ്രമേയം അവതരിപ്പിച്ചു.

error: Thank you for visiting : www.ovsonline.in