മലങ്കര സഭയും മിഷന്‍ പ്രവര്‍ത്തനങ്ങളും

”നിങ്ങള്‍ ലോകമെങ്ങും പോയി സുവിശേഷം അറിയിക്കുവിന്‍”. ലോകരക്ഷകനായ മശിഹാ തമ്പുരാന്‍ ലോകത്തിനു നല്‍കിയ ഈ ആഹ്വാനമാണ് ക്രൈസ്തവമിഷണറി പ്രവര്‍ത്തനങ്ങളുടെ ആധാരവും അടിസ്ഥാനവും. എന്നാല്‍ മലങ്കര സഭ പത്തൊന്‍പതാം നൂറ്റാണ്ടു വരെയെങ്കിലും മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര ശുഷ്കാന്തി കാണിച്ചതായി കാണുന്നില്ല. എന്നാല്‍ പുലിക്കോട്ടില്‍ രണ്ടാമന്‍ തിരുമേനിയുടെ കാലത്ത് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ മലങ്കര സഭ ഊര്‍ജിതമാക്കി. പരി.പരുമല തിരുമേനി മലങ്കര സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്തു. പിന്നീട് പത്രോസ് മാര്‍ ഒസ്താത്തിയോസ് തിരുമേനിയാണ് മലങ്കര സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയൊരു മുഖം നല്‍കിയത്. അദ്ദേഹം സ്ളീബാ ദാസ സമൂഹം സ്ഥാപിച്ച് മലങ്കര സഭയുടെ സുവിശേഷീകരണ പ്രവര്‍ത്തനങ്ങള്‍ വളരെയധികം കാര്യക്ഷമമാക്കി. എന്നാല്‍ മലങ്കര സഭയുടെ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ അതിര്‍വരമ്പുകളെ ലംഖിച്ച് കൂടുതല്‍ വിശാലമാക്കിയ രണ്ടു പിതാക്കന്മാരാണ് മലങ്കര സഭാരത്നം ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് തിരുമേനിയും അഭി സ്തേഫാനോസ് മാര്‍ തേവോദോസിയോസ് തിരുമേനിയും. ഭാരതത്തിന്റെ എല്ലാ കോണുകളിലും ക്രിസ്തുവിന്റെ സ്നേഹവും സുവിശേഷം നല്‍കുന്ന പ്രത്യാശയും എത്തിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ ഈ രണ്ടു പിതാക്കന്മാരും മലങ്കര സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഭാരതമൊട്ടുക്കും വ്യാപിപ്പിക്കാനായി തങ്ങളുടെ ജീവിതം ഒഴിഞ്ഞു വച്ചു. ഭാരതത്തിന്റെ എല്ലാ സംസ്ഥാനങ്ങളിലും മലങ്കര സഭയുടെ ഒരു മിഷന്‍ കേന്ദ്രമെങ്കിലും ഉണ്ടാവണം എന്ന് അതിയായി ആഗ്രഹിച്ച് അതിനായി അഹോരാത്രം പരിശ്രമിച്ച അഭി ഒസ്താത്തിയോസ് തിരുമേനിയും ഉത്തരേന്ത്യയിലെ നിരവധി ഗ്രാമങ്ങള്‍ ദത്തെടുത്ത് ആ ഗ്രാമങ്ങളിലെല്ലാം അക്ഷരവെളിച്ചവും ക്രിസ്തുവിന്റെ സ്നേഹവും കരുതലും സുവിശേഷത്തിന്റെ പ്രത്യാശയും പകര്‍ന്നു നല്‍കിയ ഭിലായി, മക്കോടിയ മിഷനുകളുടെ സ്ഥാപകന്‍ അഭി.സ്തേഫാനോസ് മാര്‍ തേവോദോസിയോസ് തിരുമേനിയുടെയും ത്യാഗോജ്വലമായ പ്രവര്‍ത്തനങ്ങള്‍ മലങ്കര സഭയെ ഒരു മിഷണറി സഭയായി ഉയര്‍ത്തിയിരിക്കുന്നു. മിഷണറി പ്രവര്‍ത്തനമെന്നാല്‍ മതപരിവര്‍ത്തനമല്ല മനപരിവര്‍ത്തനമാണെന്നു കാണിച്ചു തന്ന ഈ പിതാക്കന്മാരെ സ്മരിച്ചുകൊണ്ട് മലങ്കര സഭയുടെ കേരളത്തിനു പുറത്തുള്ള മിഷന്‍ പ്രവര്‍ത്തനങ്ങളെ പറ്റി ഒരു ചെറു വിവരണം നല്‍കട്ടെ.

തമിഴ് നാട്
നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ് നാട്ടിലെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് അഭി സഖറിയാസ് മാര്‍ ദീവനാസിയോസ് തിരുമേനിയാണ്. അദ്ദേഹത്തോടൊപ്പം പത്തനാപുരം മൗണ്ട് താബോര്‍ ദയറായിലെ അംഗങ്ങളും ഇതിന് നേതൃത്വം നല്‍കി. തൂത്തുക്കുടിയിലെ മിഷന്‍ കേന്ദ്രവും വെല്ലൂര്‍ സ്നേഹഭവനും കാരാശേരി കാരുണ്യ ഭവനവും മലങ്കര സഭയുടെ തമിഴ്നാട്ടിലെ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ മൂലക്കല്ലാണ്. തൂത്തുക്കുടി മിഷന്‍ സെന്റര്‍ വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു കൂടാതെ വെല്ലൂര്‍ സ്നേഹഭവന്‍ വെല്ലൂര്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കും ബന്ധുക്കള്‍ക്കും താമസവും ഭക്ഷണവുമടക്കം കഴിയാവുന്ന എല്ലാ സഹായങ്ങളും വെല്ലൂര്‍ സ്നേഹഭവന്‍ ഒരുക്കുന്നു. അഭി യൂഹാനോന്‍ മാര്‍ ദീയസ്കോറൊസ് മെത്രാപോലീത്തായുടെ നേതൃത്വത്തില്‍ തമിഴ്നാട്ടിലെ ദിണ്ടിഗല്‍ ഉള്‍പ്പടെയുള്ള കൂടുതല്‍ പ്രദേശങ്ങളിലേക്ക് മലങ്കര സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്

ആന്ദ്രാ പ്രദേശ്
1977 ല്‍ ആന്ദ്രയില്‍ ആഞ്ഞുവീശിയ കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ മഹാവിപത്തിനെ തുടര്‍ന്നുള്ള ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഭാഗവാക്കാവാന്‍ മലങ്കര സഭ നിശ്ചയിച്ചതോടെയാണ് ആന്ദ്രയിലെ സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്.മഹാനഗരമായ ഹൈദരാബാദില്‍ നിന്നും നാഗാര്‍ജുന നഗറിലേക്കു നീണ്ടുകിടക്കുന്ന റോഡിന്റെ വശത്ത് മലങ്കര സഭ വാങ്ങിയ 100 ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സെന്റ് ഗ്രീഗോറിയോസ് ബാലഗ്രാം മലങ്കര സഭയുടെ തന്നെ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ തിലകക്കുറിയായി ഇതിനോടകം മാറികഴിഞ്ഞു. കുഷ്ഠരോഗികളുടെ കുഞ്ഞുങ്ങളെയും നിരവധി അശരണരായവരെയും പാര്‍പ്പിക്കുന്ന യാച്ചാരം ബാലഗ്രാമില്‍ നിന്നും ഡോക്ടര്‍മാരും എഞ്ജിനീയര്‍മാരും വരെ ഉണ്ടായിട്ടുണ്ടെന്നത് മലങ്കര സഭയുടെ അഭിമാനകരമായ നേട്ടമാണ്. ആരോരും തുണയില്ലാതെ അവഗണിക്കപ്പെട്ട കുഞ്ഞുങ്ങളെ കേവലം പുനരധിവസിപ്പിക്കുക എന്നതിലുപരി അവരെ ഉന്നത വിദ്യാഭ്യാസം കൈവരിപ്പിച്ച മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാന്‍ അവരെ പ്രാപ്തരാക്കുക കൂടെ ചെയ്യുമ്പോള്‍ ഈ സുവിശേഷ വെളിച്ചം അണഞ്ഞു പോകാതെ തലമുറകള്‍ക്ക് പ്രകാശം ചൊരിയുന്നു. ബാലഗ്രാമിനൊപ്പം ബാഗ്ളൂര്‍ ഭദ്രാസത്തിനു കീഴില്‍ ആന്ദ്ര പ്രദേശിലെ എലൂരുവില്‍ മിഷന്‍ സെന്ററും മിഷന്‍ പ്രവര്‍ത്തനങ്ങളും നടക്കുന്നു.

കര്‍ണാടക
കര്‍ണാടക ബാഗ്ളൂര്‍  ടുംകൂര്‍ നഗരഹൃദയത്തില്‍ 10 ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ദയാഭവന്‍ എയ്ഡ്സ് രോഗികളുടെ പുനരധിവാസം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നു. ഇതിനോടകം എയ്ഡ്സ് പ്രതിരോധ നിവാരണ രംഗത്തെ ശ്രദ്ദേയമായ സംഭാവനകള്‍ക്ക് കേന്ദ്ര സംസ്ഥ ന സര്‍ക്കാരുകളുടെ നിരവധി പുരസ്കാരങ്ങള്‍ ബാംഗ്ളൂര്‍ ദയാഭവന്‍ നേടിയെടുത്തിട്ടുണ്ട്. കര്‍ണാടകയിലെ മംഗലാപുരത്തും കുനിഗലിലുമുള്ള 20 കോളേജുകളില്‍ ദയാവഭന്റെ ഫീല്‍ഡുവര്‍ക് സെന്ററുകളുണ്ട്. ഒരു മഹാരോഗത്തിന്റെ പിടിയിലകപ്പെട്ട് സമൂഹത്തില്‍ അവഗണിക്കപ്പെടുന്നവരെ, സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്ന ദയാഭവന്റെ പ്രവര്‍ത്തനങ്ങള്‍ മലങ്കര സഭയുടെ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ നേര്‍കാഴ്ചയാണ്. സഭയുടെ ബാംഗ്ളൂര്‍ ഭദ്രാസത്തിനു കീഴില്‍ മൈസൂരിലെ ബില്‍കെരെയിലും മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.കൂടാതെ ഹെബൂരില്‍ ആത്മഹത്യാപ്രവണതക്കെതിരെ കൗണ്‍സലിംഗ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ കൗണ്‍ലിംഗ് സെന്ററിനു തറക്കല്ലിട്ടു കഴിഞ്ഞു . ബ്രഹ്മവാര്‍ ഭദ്രാസത്തിനു കിഴില്‍  കര്‍ണാടകയില്‍ നടക്കുന്ന മിഷന്‍ പ്രവര്‍ത്തനങ്ങളും ശ്രദ്ധേയമാണ്.

ഗോവ
മലങ്കര സഭയുടെ ബാഹ്യകേരള മിഷന്റെ സ്ഥാപകനായ അല്‍വാറിസ് മാര്‍ യൂലിയോസ് തിരുമേനിയുടെ പ്രവര്‍ത്തനം കൊണ്ട് ശ്രദ്ദേയമാണ് ഗോവ എന്ന ചെറു സംസ്ഥാനം മലങ്കര സഭക്ക്. ആ പുണ്യശ്ളോകന്റെ കബറിടം സ്ഥിതിചെയ്യുന്ന ഗോവ റിബന്തര്‍ സെന്റ് മേരീസ് പള്ളി മലങ്കര സഭയുടെ അന്തര്‍ദേശീയ തീര്‍ത്ഥാടനകേന്ദ്രമാണ്. അതേ പോലെ ഗോവ വാസ്കോ സെന്റ് മേരീസ് പള്ളിയും ഗോവയിലെ മലങ്കര സഭയുടെ പ്രസിദ്ധമായ ദൈവാലയമാണ്. മലങ്കര സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ഊര്‍ജം പരിശുദ്ധ അല്‍വാറിയോസ് തിരുമേനിയുടെ കബറിടത്തില്‍ നിന്നും ലഭിക്കുന്നു എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.

മഹാരാഷ്ട്ര
മലങ്കര സഭയുടെ ബോംബെ ഭദ്രാസത്തിനു കീഴിലുള്ള റോഹ ഗ്രിഗോറിയന്‍ കമ്മൂണിറ്റിയുടെ പ്രവര്‍ത്തനങ്ങളും റോഹയിലെ 70 ഏക്കര്‍ സ്ഥലത്ത് ഉയര്‍ന്നു വരുന്ന ഗ്രിഗോറിയന്‍ കമ്മൂണിറ്റി വില്ലേജും മലങ്കര സഭയുടെ മിഷണറി പ്രവര്‍ത്തനങ്ങളില്‍ എടുത്തു പറയേണ്ട ഒന്നാണ്. ബോംബെ ഭദ്രാസനാധിപന്‍ അഭി ഗീവര്‍ഗീസ് മാര്‍ കൂറീലോസ് തിരുമേനി ഗ്രിഗോറിയന്‍ കമ്മൂണിറ്റിയുടെ എല്ലാ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നു. അതോടൊപ്പം പൂനെ ദേഹൂ റോഡിലുള്ള സെന്റ് ഗ്രീഗോറിയോസ് ബാലികാഗ്രാം. അശരണരായ പെണ്‍കുട്ടികളെ പാര്‍പ്പിക്കുന്ന പൂനെ ബാലികാഗ്രാമില്‍ താമസിച്ച്  ഉന്നത വിദ്യാഭ്യാസം നേടിയ പെണ്‍കുട്ടികള്‍ നിരവധിയാണ്. പൂനെ നഗരത്തിലെ 5 ഏക്കറോളം വരുന്ന ഭൂമിയില്‍ മലങ്കര സഭയുടെ ഈ മിഷന്‍ കേന്ദ്രവും അശരണര്‍ക്ക് ആശ്വാസമായി നില കോള്ളുന്നു.

മദ്ധ്യപ്രദേശ്
മദ്ധ്യപ്രദേശിലെ ഇറ്റാര്‍സിയില്‍ പ്രവര്‍ത്തിക്കുന്ന സെന്‍റ് പോള്‍സ് ബാലഗ്രാമും അശരണര്‍ക്ക് കൈത്താങ്ങായി മാറുന്നു. ഇവിടെയും നിരവധി വിദ്ധ്യാര്‍ത്ഥികള്‍ ഉന്നതവിദ്യാഭ്യാസം നേടുന്നു.

ഒറീസ
കലഹണ്ടി ഡെവലപ്മെന്‍റ് പ്രോജക്ട് മലങ്കര സഭയുടെ പ്രധാന മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ്. ഒറീസയിലെ ട്രൈബല്‍ പ്രദേശങ്ങളില്‍ കടന്നു ചെന്ന് അവിടുത്തെ ജനങ്ങള്‍ക്ക് അടിസ്ഥാന ആവശ്യങ്ങളെല്ലാം നിറവേറ്റികൊടുക്കുകയും സേവന സന്നദ്ധതയോടെ അവിടുത്തെ ജനങ്ങളുടെ സര്‍വ്വവിധ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഏകദേശം അന്‍പത് ഏക്കറോളം വരുന്ന ഈ മിഷന്‍ സെന്ററില്‍ ആശുപത്രി, തയ്യല്‍ പരിശീലനകേന്ദ്രം കൗണ്‍സിലിംഗ് സെന്‍റര്‍ എന്നിവ പ്രവര്‍ത്തിക്കുന്നു. 2008-ലെ ക്രൈസ്തവ വിരുദ്ദകലാപങ്ങളെ ശക്തമായി അതിജീവിച്ചാണ് മലങ്കര സഭ ഒറീസയിലെ മിഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നത് ഭിലായി മക്കോഡിയ മിഷന്‍

മലങ്കര സഭയുടെ കല്‍കട്ട ഭദ്രാസത്തിനു കീഴിലുള്ള ഈ മിഷന്‍ കേന്ദ്രത്തിന്റെ വിസ്തൃതി വളരെ വലുതാണ്. ഭാരതത്തിന്റെ എല്ലാ സംസ്ഥാനങ്ങളിലും മലങ്കര സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കണം എന്ന ഒസ്താത്തിയോസ് തിരുമേനിയുടെ സ്വപ്നസാഫല്യത്തിനായി വിസ്തൃതമായ കല്‍കട്ട ഭദ്രാസനത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഭിലായി മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. കല്‍കട്ട ഭദ്രാസത്തിനു കീഴിലുള്ള ആസം, ബീഹാര്‍, മദ്ധ്യപ്രദേശ്, ചത്തീസ്ഗഡ് ,മണിപ്പൂര്‍, മേഘാലയ, ത്രിപുര, അരുണാചല്‍ പ്രദേശ് , നാഗാലാന്‍ഡ് ,മിസോറാം, പശ്ചിമ ബംഗാള്‍ തുടങ്ങിയ എല്ലാ സംസ്ഥാനങ്ങളിലെയും മിഷണറി പ്രവര്‍ത്തനങ്ങള്‍ക്ക് ഭിലായി മക്കോഡിയ മിഷനുകള്‍ ചുക്കാന്‍ പിടിക്കുന്നു. അഭി. ജോസഫ് മാര്‍ ദീവനാസിയോസ് തിരുമേനി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ഭിലായി മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വിശദമായി വിവരിക്കാന്‍ നിന്നാല്‍ അതിന് കുറേയധികം സമയമെടുക്കും എന്നതിനാലും ഇതൊരു ലഖു വിവരണം ആയതിനാലും ഭിലായി മിഷനെന്ന മഹാപര്‍വതത്തെ ചുരുങ്ങിയ വാക്കുകളില്‍ ഒതുക്കുന്നു.

ഗുജറാത്ത്
ഗുജറാത്തിലെ കച്ച് ജില്ലയിലുള്ള ദേവരിയ മിഷന്‍ പ്രവര്‍ത്തനങ്ങളും മിഷന്‍ സെന്ററും വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. എയ്ഡ്സ് രോഗികളുടെ പുനരധിവാസമാണ് ലക്ഷ്യമിടുന്നത്. അഹമ്മദാബാദ് ഭദ്രാസനാധിപന്‍ അഭി യൂലിയോസ് തിരുമേനി മേല്‍നോട്ടം നല്‍കുന്ന ഈ പ്രോജക്ടും ഗുജറാത്തിലെ മറ്റു മിഷന്‍ പ്രവര്‍ത്തനങ്ങളും അനുഗ്രഹീതമായി മുന്നേറുന്നു.

ഉത്തരാഖണ്ഡ്
ഉത്തരാഖണ്ഡില്‍ ഈ അടുത്ത കാലത്തുണ്ടായ വെള്ളപ്പൊക്കത്തിന്റെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഭാഗവാക്കായി സഭയുടെ മിഷണറി പ്രവര്‍ത്തനങ്ങള്‍ ഉത്തരാഖണ്ഡില്‍ തുടക്കം കുറിച്ചു. രണ്ടു ഗ്രാമങ്ങള്‍ സഭയേറ്റെടുത്ത ഒരു നിരവധി വീടുകള്‍ പുനര്‍ നിര്‍മ്മിച്ചു നല്‍കി. മലങ്കര സഭയുടെ ഡല്‍ഹി ഭദ്രാസനം ഇതിനു ചുക്കാന്‍ പിടിച്ചു.

ഡല്‍ഹി
ഡല്‍ഹി ഭദ്രാസത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ആഞ്ചല്‍ കേന്ദ്രം ബുദ്ധിവൈകല്യമുള്ള കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസം പകര്‍ന്നു നല്‍കുന്നു. 1998 ല്‍ ആരംഭിച്ച ശാന്തിഗ്രാം മിഷന്‍ പ്രോജക്ടും അഭി പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ ദീര്‍ഘവീക്ഷണവും ഡല്‍ഹിയിലെ പരി.സഭയുടെ മിഷണറി പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിച്ചു കാണാം

ആന്‍ഡമാന്‍ നിക്കോബാര്‍
അഭി ഒസ്താത്തിയോസ് തിരുമേനിയുടെ വളരെ വലിയ ഒരാഗ്രഹമായിരുന്നു ആന്‍ഡമാനിലും സഭയുടെ ഒരു മിഷന്‍ കേന്ദ്രം ആരംഭിക്കുക എന്നത്. അതും ഏകദേശം ഫലപ്രാപ്തിയിലെത്തിയിരിക്കുന്നു വന്ദ്യ ഫിലിപ്പ് റമ്പാച്ചന്‍റെ ശ്രമഫലമായി ആന്‍ഡമാനില്‍ രണ്ടെരയേക്കര്‍ സ്ഥലം വാങ്ങി ബാലഗ്രാമിന്റെയും മിഷന്‍ സെന്ററിന്റെയും പണികള്‍ പൂര്‍ത്തിയായി വരുന്നു

മലങ്കര സഭയുടെ ഇന്നത്തെ മിഷന്‍ പ്രവര്‍ത്തനങ്ങളെ കേവലം ചുരുങ്ങിയ വാക്കുകളില്‍ ഒതുക്കുക പ്രയാസമാണ്. നമ്മുടെ ചില സഹോദര സഭകള്‍ നമ്മളെ കലഹപ്രിയരുടെ സഭയായി മുദ്രകുത്തുമ്പോളും നമ്മുടെ സഭ ഇന്നു ഭാരതം മുഴുവനും പകര്‍ന്നു നല്‍കുന്ന സുവിശേഷ വെളിച്ചം പൊന്‍പ്രഭയോടെ ജ്വലിച്ചു തന്നെ നില്‍ക്കുന്നു. സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന വളരെ കുറച്ചു പേരെ മാത്രമേ ഇവിടെ പരാമര്‍ശിച്ചിട്ടുള്ളൂ. യാതൊരു പ്രതിഫലവും പ്രശസ്തിയും ഇച്ഛിക്കാതെ മലങ്കര സഭയുടെ സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുന്ന നിരവധി ആളുകളുണ്ട്. അവരോട് ഒരുകാര്യം മാത്രമേ ഓര്‍മ്മപ്പെടുത്താനുള്ളു ”നിങ്ങളുടെ പ്രതിഫലം സ്വര്‍ഗ്ഗത്തില്‍ വര്‍ദ്ധിച്ചിരിക്കുന്നതുകൊണ്ട് നിങ്ങള്‍ സന്തോഷിച്ച് ആന്ദിക്കുവിന്‍ ”

error: Thank you for visiting : www.ovsonline.in