പഠന മികവിനെ ആദരിച്ച് ഓർത്തഡോക്സ് സഭ പ്രതിഭാസംഗമം

കോട്ടയം ∙ സമൂഹത്തിൽ മറ്റുള്ളവർക്കു മാതൃകയും പ്രചോദനവുമായി വേറിട്ട ജീവിതം നയിക്കുന്നവരിൽനിന്ന് എന്താണു പഠിക്കാനുള്ളതെന്നു സമൂഹം തിരിച്ചറിയണമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. മലങ്കര ഓർത്തഡോക്സ് സഭ സംഘടിപ്പിച്ച പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നൻമയുടെ കുന്നുകൾ മനസ്സിൽ വഹിക്കുന്ന ഒട്ടേറെപ്പേരുണ്ട് സമൂഹത്തിൽ. അവരെ കണ്ടെത്തുകയും അവരെപ്പോലെ ജീവിക്കാൻ പഠിക്കാൻ തീരുമാനിക്കുകയും ചെയ്താ‍ൽ ഭൂമി സ്വർഗസമാനമാകും.

നിഷ്കളങ്ക സ്നേഹത്തിലൂടെ അനുഗ്രഹും ഫാത്തിമ ബിസ്മിയും ലോകത്തിനു നൽകുന്ന സന്ദേശം ഏറെ വലുതാണെന്നും ബാവാ പറഞ്ഞു. കോഴിക്കോട് പറമ്പിൽകടവ് എം.എ.എം യുപി സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർഥികളും മാതൃകാ സഹപാഠികളുമായ അനുഗ്രഹിനും ഫാത്തിമ ബിസ്മിക്കും അഞ്ചുലക്ഷം രൂപ സ്നേഹ സമ്മാനമായി കാതോലിക്കാ ബാവാ കൈമാറി. പിതാവിന്‍റെ മരണശേഷം അമ്മയുടെ തണലിൽനിന്നു പഠിച്ച് മലയാളം ഉൾപ്പെടെ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ആലപ്പുഴ സ്വദേശി തമിഴ് വിദ്യാർഥിനി മീനാക്ഷിക്കു തുടർവിദ്യാഭ്യാസത്തിനായി ഒരു ലക്ഷം രൂപയും ചടങ്ങിൽ സമ്മാനിച്ചു.

വൈദികട്രസ്റ്റി ഫാ. ഡോ. എം.ഒ.ജോൺ അധ്യക്ഷത വഹിച്ചു. എംജി സർവകലാശാല വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ പ്രഭാഷണം നടത്തി. ഫാത്തിമ ബിസ്‌മിയും പറമ്പിൽകടവ് എംഎഎം യുപി സ്‌കൂൾ പ്രഥമാധ്യാപകൻ കെ.സി.ദേവാനന്ദും സഭയുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയർപ്പിച്ചു.അനുഗ്രഹിന്‍റെയും ഫാത്തിമ ബിസ്മിയുടെയും ലക്ഷ്മിയുടെ വാർത്തകൾ റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകരായ ജി. സതീഷ്, എം.എം.ശ്യാംകുമാർ, കെ.മധു എന്നിവർക്ക് പ്രത്യേക ഉപഹാരം നൽകി.

തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം എൽ എ, സഭാ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, മാനേജിങ് കമ്മിറ്റിയംഗം ജേക്കബ് കൊച്ചേരി, ഫാ. അലക്സ് ജോൺ, സൺഡേ സ്‌കൂൾ പ്രതിഭ കരിഷ്‌മ ഗീവർഗീസ് എന്നിവർ പ്രസംഗിച്ചു. പത്താംക്ലാസ് മുതൽ സർവകലാശാലാ തലം വരെ വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച 800 വിദ്യാർഥികളെ പ്രതിഭാസംഗമത്തിൽ ആദരിച്ചു. അനുഗ്രഹിനെയും ഫാത്തിമാ ബിസ്‌മിയെയും രാവിലെ കാതോലിക്കാ ബാവാ സഭാ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മനൊപ്പം റെയിൽവേ സ്റ്റേഷനിലെത്തി സ്വീകരിക്കുകയായിരുന്നു.

ദേവലോകം കാതോലിക്കേറ്റ് അരമനയിൽ എത്തിയ അനുഗ്രഹും ഫാത്തിമയും മീനാക്ഷിയും കാതോലിക്കാ ബാവായോടൊപ്പം ഉച്ചഭക്ഷണവും കഴിച്ചു.പ്രതിഭാ സംഗമ ചടങ്ങിൽ പങ്കെടുത്തവർക്കു ലഭിച്ച അപ്രതീക്ഷിത സമ്മാനമായിരുന്നു അനുഗ്രഹിന്‍റെ ഗാനം. കാതോലിക്കാ ബാവായോടു ചേർന്നു നിന്ന് ‘കുഞ്ഞുമനസ്സിൽ നൊമ്പരങ്ങൾ ഒപ്പിയെടുക്കാൻ വന്നവനാം ഈശോയേ…’ എന്ന ഗാനമാണ് ആലപിച്ചത്.

error: Thank you for visiting : www.ovsonline.in