എന്താണ് മലങ്കര സഭയിലെ തർക്കം? ഭാഗം 2

എന്താണ് മലങ്കര സഭയിലെ തർക്കം? ഭാഗം 1 >>Copyright- www.ovsonline.in

ഏതാണ്ട് 30 വർഷം മുമ്പ് മലങ്കര സന്ദർശിച്ച ആദ്യ പാത്രിയർക്കീസ് പത്രോസ് തൃതീയൻ ചെയ്തതുപോലെ ലണ്ടനിൽ പോയി ബ്രിട്ടീഷ് രാജാവിനെ കാണുകയായിരുന്നു അബ്ദുള്ള പാത്രിയർക്കീസും ആദ്യം ചെയ്തത്. അവിടവച്ച് തന്നെ പാത്രിയർക്കീസിൻ്റെ വിശ്വാസരാഹിത്യം വെളിപ്പെട്ടു. ആംഗ്ലിക്കൻ സഭയും സുറിയാനി സഭയും വിശ്വാസത്തിലും ഉപദേശത്തിലും ഒന്നാണെന്നു പാത്രിയർക്കീസ് പറഞ്ഞതായി ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു. സംഭവം അറിഞ്ഞ പുലിക്കോട്ടിൽ ദീവന്നാസിയോസ് പാത്രിയർക്കീസിനു എഴുത്തയച്ചു. അതിനു പത്രം തൻ്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്നു തിരിച്ചു കമ്പി അയച്ചു. (മലയാള മനോരമ 1084 മകരം 8). പാത്രിയർക്കീസിൻ്റെ സ്വീകരണം നൽകുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ 1085 ചിങ്ങം 15-ാം തീയതി മാനേജിംഗ് കമ്മറ്റി യോഗം കൂടി. സ്ലീബാ മാർ ഒസ്താത്തിയോസും പങ്കെടുത്തിരുന്നു. കൂട്ടു ട്രെസ്റ്റിമാർക്ക് പ്രത്യേകിച്ച് കോനാട്ട് മൽപ്പാനു വട്ടശേരിൽ മാർ ദീവന്നാസിയോസുമായുണ്ടായിരുന്ന ചില്ലറ പ്രശ്നങ്ങൾ അപ്പോഴേക്കും മറ നീക്കി പുറത്തു വന്നിരുന്നു. ബസ്ഗാസാ മുറിയുടെ താക്കോലുകൾ ട്രസ്റ്റിമാരുടെ കൈയിൽ വക്കുന്നതുമായി ബദ്ധപ്പെട്ട പ്രശ്നങ്ങളാണ് ആരംഭം. ചർച്ചകൾക്കു ശേഷം താക്കോലുകൾ മാർ ദീവന്നാസിയോസിൻ്റെ കയ്യിൽ വച്ചാൽ മതിയെന്നു തീരുമാനിച്ചു. (1092 ഇടവം 23-നു എം. ഏ ചാക്കോ കോടതിയിൽ നൽകിയ മൊഴി)

1085 കന്നി 9 -നു അബ്ദുള്ള പാത്രിയർക്കീസ് ബോംബയിൽ എത്തി. മാനേജിംഗ് കമ്മറ്റിയുടെ നിർദ്ദേശപ്രകാരം ദീവന്നാസിയോസ്, കോനാട്ട് മൽപ്പാൻ, മാമ്മൻ മാപ്പിള തുടങ്ങിയവർ അദ്ദേഹത്തെ സ്വീകരിച്ചു. ബോംബയിൽ നിന്നു ഊട്ടിയിലേക്കു പാത്രിയർക്കീസ് പോയി. ഊട്ടിയിൽ വച്ച് മലങ്കരയ്ക്കു കാതോലിക്കാ സ്ഥാനം വാങ്ങുന്നതിനെപ്പറ്റി കോനാട്ട് മൽപ്പാനും മറ്റുള്ളവരും പാത്രിയർക്കീസുമായി ചർച്ച നടത്തി. ആ സംഭവങ്ങളെപ്പറ്റി കെ.സി. മാമ്മൻ മാപ്പിള വട്ടിപ്പണക്കേസിലെ മൊഴിയിൽ വിശദീകരിക്കുന്നുണ്ട്. ..ചർച്ച ഒട്ടുമേ ഫലപ്രദമായിരുന്നില്ല. നിരാശനായ മൽപാൻ ഈ അവസരത്തിൽ അബ്ദൽ മശിഹായെ വരുത്തി കാര്യം സാധിക്കാം എന്നു അഭിപ്രായപ്പെട്ടു. 5000 രൂപാ ചെലവേ ഉണ്ടാകു എന്നും പറഞ്ഞു. ആ സമയം മുറിയിലേക്ക് കയറി വന്ന ദീവന്നാസിയോസ് അനാവശ്യ സംഭാഷണം ഇപ്പോൾ വേണ്ടായെന്നു അഭിപ്രായപ്പെട്ടു. പിന്നീട് ഞാനും അദ്ദേഹവുമായി തനിച്ചു കണ്ടപ്പോൾ ഏഷണി ഉണ്ടാക്കാനും വഴക്കുണ്ടാക്കാനും തക്കം നോക്കി നടക്കുകയാണിപ്പോൾ, ഈ സംഭാഷണം രൂപഭേദപ്പെടുത്തി പാത്രിയർക്കീസിനോട് പറഞ്ഞ് പറഞ്ഞ് വഴക്കുണ്ടാക്കാൻ ഇടയുണ്ട് എന്നും അദ്ദേഹം പറഞ്ഞു. (വട്ടിപ്പണം മൊഴി pp 303 – 304)

ഊട്ടിയിൽ നിന്നെത്തിയ പാത്രിയർക്കീസ് ആദ്യം സന്ദർശിച്ച പള്ളി കുന്നംകുളങ്ങര ആയിരന്നു. തുടർന്ന് വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു പരുമല എത്തി. പാത്രിയർക്കീസിൻ്റെ ദ്രവ്യഗ്രഹത്തെ ബോദ്ധ്യപ്പെടുത്തുന്ന ഒരു സംഭവം അവിടെ നടന്നു. മാർ ദീവന്നാസിയോസ് വട്ടിപ്പണക്കേസിൽ നൽകിയ മൊഴിയിൽ ഇങ്ങനെ പറയുന്നു. …കുന്നംകുളത്തുനിന്ന് തൃശൂർ വഴി എണാകുളത്ത് എത്തി. അവിടെ നിന്ന് കോട്ടയത്തിനും, കോട്ടയത്തുനിന്നു പരുമലയ്ക്കും പോയി. ഞാൻ കൂടെ ഉണ്ടായിരുന്നു. ഞങ്ങൾ പരുമല എത്തിയ ദിവസങ്ങളിൽ ആയിരുന്നു കാലം ചെയ്ത മാർ ഗ്രീഗോറിയോസിൻ്റെ പെരുന്നാൾ. അന്ന് അദ്ദേഹത്തിൻ്റെ കബറുങ്കൽ വഴിപാടു വന്ന പണം പാത്രിക്കീസിനു കൊടുക്കണമെന്ന് അദ്ദേഹം എന്നോടാവശ്യപ്പെട്ടു. കമ്മറ്റിക്കാരുടെ ആലോചനയും അഭിപ്രായവും കൂടാതെ ഞാൻ തനിച്ചു ചെയ്യുന്നതു ചേർച്ചയല്ലെന്നു ഞാൻ മറുപടി പറഞ്ഞു. അത് എന്നോടുള്ള തൃപ്തിക്കേടിനു ഒരു കാരണമായിത്തീർന്നു. (വട്ടിപ്പണം മൊഴി പേജ് 869) ഇതേ വസ്തുത പാത്രിയർക്കീസിനു വേണ്ടി ദീവന്നാസിയോസിനു എതിരെ യുദ്ധം ചെയ്ത കോനാട്ട് മൽപാൻ 1909 വൃശ്ചികം 27-നു ഇ.ജെ. ജോണിന് അയച്ച കത്തിലും സ്ഥിരീകരിക്കുന്നുണ്ട്.

കുഴപ്പത്തിലാക്കാൻ ശ്രമങ്ങൾ ആരംഭിക്കുന്നു.Copyright- www.ovsonline.in

തിരുവനന്തപുരത്ത് പോയി വന്ന പാത്രിയർക്കീസ് വൃശ്ചികം 12-നു അടുത്ത് പള്ളി പ്രതിപുരുഷൻമാരുടെ ഒരു സുന്നഹദോസ് വിളിച്ചു കൂട്ടാൻ തീരുമാനിച്ച് തുലാം 15-നു കോട്ടയം സെമിനാരിയിൽ നിന്നു എഴുത്ത് അയച്ചു. വൃശ്ചികം 12-നു പെരുന്നാളിനു ശേഷം പിറ്റേന്ന് ഉച്ചയോടെ യോഗം ആരംഭിച്ചു. പാത്രിയർക്കീസ് പ്രസംഗത്തിനു ശേഷം മുറിയിലേക്കു പോയി. നിങ്ങളുടെ അപേക്ഷ ആലോചിച്ചു എഴുതിക്കൊണ്ടു വരുവിൻ എന്നു പറഞ്ഞാണ് പോയത്. തുടർന്ന് നടന്ന സംഭവങ്ങൾ വട്ടിപ്പണക്കേസിൽ ഇ.ജെ. ജോൺ 1092 ഇടവം 29 മുതൽ മിഥുനം 6 വരെ കൊടുത്ത മൊഴിയിൽ ഉണ്ട്.
.. പാത്രിയർക്കീസ് മുറിയിലേക്ക് പോയി ഏറെ ത്താമസിയാതെ തന്നെ സി.ജെ. കുര്യനെയും എം.ഏ. ചാക്കേയെയും എന്നെയും പാത്രിയർക്കീസ് മുറിയിലേക്ക് വിളിപ്പിച്ചു. ..സംസാരിച്ച ശേഷം ‘നമ്മുടെ അധികാരം സമ്മതിച്ച് നിങ്ങൾ മൂന്നു പേരും കൂടി ഒന്നു എഴുതിത്തരാമോ’ എന്നു പാത്രിയർക്കീസ് ചോദിച്ചു. ഞങ്ങൾ ഏറെ നേരം ആലോചിച്ചു. അതിനു ശേഷം, മലങ്കരയുള്ള പള്ളിപ്രതിപുരുഷൻമാരായി പത്തായിരം പേരോളം താഴെ കൂടിയിരിക്കുന്ന സ്ഥിതിക്ക് അവരെ ഈ സംഗതി ഗ്രഹിപ്പിക്കാതെയും അവരോട് ആലോചിക്കാതെയും ഇതിനു മറുപടി പറയാൻ സാധിക്കയില്ലെന്ന് ഞാൻ പറഞ്ഞു. അതിനുശേഷം താഴത്തേയ്ക്കു പോകുന്നതിന് ഞങ്ങളെ അനുവദിച്ചു… ഒന്നു എഴുതി കൊടുക്കരുതോ എന്ന് സി.ജെ. കുര്യൻ ചോദിച്ചു. പാടില്ലാ എന്ന് ഞാനും എം. ഏ ചാക്കോയും പറഞ്ഞു. യോഗസ്ഥലത്ത് മടങ്ങി എത്തിയ ശേഷം പാത്രിയർക്കീസ് ഇങ്ങനെ ആവശ്യപ്പെടുന്നു എന്ന് യോഗത്തിൽ പ്രസ്താവിച്ചു… ഞാൻ യോഗത്തിൽ പ്രസ്താവിച്ചതിനു ശേഷം സ്വല്പനേരത്തേക്ക് ആരും മിണ്ടാതിരുന്നു. ഇതിനു ശേഷം പാത്രിയർക്കീസ് ആവശ്യപ്പെട്ടത് ചെയ്യാൻ പാടില്ലായെന്നു പിറുപിറുത്തു. ചിലർ എഴുന്നേറ്റു നിന്ന് ആ വിധം പ്രസ്താവിച്ചു.

പിറ്റേന്ന് യോഗം തുടർന്നു. വിവരങ്ങൾ വട്ടിപ്പണക്കേസിലെ എം. ഏ ചാക്കോയുടെ മൊഴിയിൽ ഉണ്ട് ..പാത്രിയർക്കീസ് കോപത്തോടെ ഒരു പ്രസംഗം ചെയ്തു. എനിക്കാരും അധികാരം എഴുതിത്തരേണ്ട… നിങ്ങൾക്ക് എത്ര മെത്രാൻമാരെയാണ് വേണ്ടത്. ശീമയിലെ കണക്കു നോക്കിയാൽ പത്തമ്പത് മെത്രാൻമാരെ ആവശ്യപ്പെടാൻ നിങ്ങൾക്കവകാശമുണ്ട് എന്നിങ്ങനെ പറഞ്ഞു.  എന്നാൽ ഏറിയാൽ രണ്ട് മെത്രാൻമാർ മതിയെന്ന തീരുമാനമാണ് യോഗത്തിൽ ഉണ്ടായത്. വിഭജിച്ച് ഭരിക്കുക എന്ന മുൻഗാമി പത്രോസ് തൃതിയൻ്റെ പദ്ധതി തന്നെയാണ് അബ്ദുള്ളയും പയറ്റുന്നതെന്നു മനസിലാക്കിയ ജനങ്ങൾ കൂടുതൽ മെത്രാൻമാർ എന്ന ആവശ്യത്തെ മുളയിലെ നുള്ളിക്കളഞ്ഞു. കാര്യങ്ങൾ കുഴപ്പത്തിലേക്കു നീങ്ങുന്നു എന്നു ഏറെക്കുറെ ബോദ്ധ്യമായി. സൗമ്യ ഭാഷണം കൊണ്ട് പ്രയോജനമില്ലായെന്നു ബോദ്ധ്യപ്പെട്ട പാത്രിയർക്കീസ് ഭീഷണിയിലേക്ക് സ്വരം മാറ്റി. ഈ വിവരം ദീവന്നാസിയോസ് വൃശ്ചികം 13-നു കൊടുത്ത മൊഴിയിലും വ്യക്തമാക്കുന്നുണ്ട്.

വൃശ്ചികം യോഗം ഫലപ്രാപ്തിയിലെത്തിയില്ലായെന്നു കണ്ട അബ്ദുള്ള പാത്രിയർക്കീസ് ദീവന്നാസിയോസ് ഒഴികെയുള്ള മെത്രാൻമാരോട് ഉടമ്പടി വാങ്ങി. കൂടാതെ ഉടമ്പടി തരാൻ തയ്യാറുള്ളവരോട് വാങ്ങി മെത്രാൻ സ്ഥാനം നൽകുവാനും തീരുമാനിച്ചു. കൂടാതെ പള്ളികൾ നേരിട്ട് സന്ദർശിച്ച് ഉടമ്പടി വാങ്ങുവാനും. അങ്ങനെ പുതുപ്പള്ളി, കണ്ടനാട്, കരിങ്ങാച്ചിറ, അകപ്പറമ്പ്‌, പറവൂർ തുടങ്ങിയ പള്ളികൾ സന്ദർശിച്ചു. ചിലയിടത്തു നിന്ന് ഉടമ്പടി വാങ്ങി. കൂടാതെ 1085 ഇടവം 25-നു തൻ്റെ പേരിൽ രജിസ്ട്രേഡ് ഉടമ്പടി വാങ്ങി ആലുവാ പൗലോസ് റമ്പാനു മാർ അത്താനാസിയോസ് എന്ന പേരിൽ തന്നിഷ്ടപ്രകാരം പാത്രിയർക്കീസ് മെത്രാൻ സ്ഥാനം നൽകി. കൂടാതെ ഇതേ പോലെയുള്ള ഉടമ്പടി വാങ്ങി ഇടവഴിക്കൽ ഗീവറുഗീസിനെ മാർ സേവേറിയോസ് എന്ന പേരിലും വാഴിച്ചു. ഇങ്ങനെ തൻ്റെ ഇഷ്ടം പ്രവർത്തിക്കുന്ന മെത്രാൻമാരെ ഉടമ്പടി വാങ്ങി വാഴിക്കുകയും നേരത്തെ വാഴിച്ച കൂറീലോസിൽ നിന്ന് ഉടമ്പടി വാങ്ങിക്കുകയും ചെയ്തത് മാർ ദീവന്നാസിയോസിനെ വരുതിയിലാക്കുക എന്ന ലക്ഷ്യത്തോടു കൂടി തന്നെയായിരുന്നു. ഒരു കലഹം ഉണ്ടാകാതിരിക്കാനെങ്കിലും ദീവന്നാസിയോസ് ഉടമ്പടി നൽകി വഴങ്ങുമെന്നു പാത്രിയർക്കീസ് ചിന്തിച്ചിരിക്കാം.

അധികം താമസിയാതെ തന്നെ തൻ്റെ പദ്ധതികൾ ശരിയാക്കുന്നില്ലായെന്നു പാത്രിയർക്കീസിനു ബോദ്ധ്യപ്പെട്ടു തുടങ്ങി. സകല ശേമ്യ തന്ത്രങ്ങളുടെയും മുമ്പിൽ അക്ഷോഭ്യനായി മാർ ദീവന്നാസിയോസ് നിന്നു. സകലത്തിനും വിഘ്നം ദീവന്നാസിയോസ് എന്നു മനസ്സിലായതോടെ അബ്ദുള്ള അവസാന ആയുധം പുറത്തെടുക്കാൻ ശ്രമം തുടങ്ങി – മുടക്ക്.

കലക്കം രൂക്ഷമായതോടെ മലങ്കര സഭയുടെ (മഹാജന സഭ) ഡപ്യൂട്ടേഷൻ പാത്രിയർക്കീസിനെ കണ്ടു. പ്രയോജനമുണ്ടായില്ല. എങ്ങനെയും ലൗകികാധികാരം പിടിച്ചടക്കുകയാണ് പാത്രിയർക്കീസിൻ്റെ ലക്ഷ്യമെന്നു ബോദ്ധ്യപ്പെട്ടു. കലഹം പൊതു സമൂഹം അറിഞ്ഞാൽ നാണക്കേടാകുമല്ലോയെന്നു വിചാരിച്ചു സമുദായം വളരെയേറ മിതത്വം പാലിച്ചു. എങ്കിലും പാത്രിയർക്കീസ് നിന്ന നിൽപ്പിൽ നിന്നു മാറാത്തത് പ്രശ്നം രൂക്ഷമാക്കി. കാര്യങ്ങളെപ്പറ്റി വിശകലനം ചെയ്യാൻ മെത്രാപ്പോലീത്തയുടെ ഭാഗത്ത് നിന്നവർ 1086 കന്നി 4-ാം തീയതി എം.ഡി സെമിനാരിയിൽ യോഗം ചേർന്നു. പാത്രിയർക്കീസിൻ്റെ നടപടികളിൽ യോഗം അതീവ ദു:ഖവും നിരാശയും രേഖപ്പെടുത്തി. റോയൽ കോടതി വിധി, മുളന്തുരുത്തി സുന്നഹദോസ് നിശ്ചയങ്ങൾ എന്നിവക്കു വിരുദ്ധമായ പാത്രിയർക്കീസിൻ്റെ പ്രവർത്തികൾ അസമാധാനം സൃഷ്ടിക്കുന്നു എന്ന കടുത്ത നിരാശ യോഗം പ്രകടിപ്പിച്ചു. അബ്ദുള്ള പാത്രിയർക്കീസിൻ്റെ നിയമവിരുദ്ധവും മലങ്കരയുടെ ഉൾഭരണ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമായ സകല പ്രവർത്തനങ്ങളോടും മൗനം പാലിച്ചു വന്ന സമുദായം ആദ്യമായി തുറന്നു എതിർക്കുകയായിരുന്നു. ഇതോടെ അബ്ദുള്ളാ പാത്രിയർക്കീസും അദ്ദേഹത്തെ പിന്തുണച്ചു വന്നവരായ കൂട്ടു ട്രസ്റ്റിമാരും അവരുടെ പ്രവർത്തനങ്ങൾ വേറെ വഴിയിലേക്ക് തിരിച്ചു. എങ്ങനെയും ദീവന്നാസിയോസിനെ പഴയ സെമിനാരിയിൽ നിന്നു പുറത്ത് ചാടിക്കുവാനും അതു വഴി സെമിനാരി കൈവശപ്പെടുത്താനും ശ്രമം തുടങ്ങി. തൽഫലമായി 1086 -ൽ (AD 1911) ആദ്യ കേസായ സമരിക്കേസ് ആരംഭിച്ചു. കേസ് കൊടുത്തത് പാത്രിയർക്കീസ് പക്ഷക്കാരനായ സി. ജെ.കുര്യൻ. കേസിലെ പ്രതി മലങ്കര മെത്രാനായിരുന്ന ദീവന്നാസിയോസ്. യാക്കോബായ സഭ കേസുകൾ നൽകിയിട്ടില്ലായെന്നു ചാനൽ മൈക്കുകൾക്കു മുന്നിൽ ഘോരഘോരം വാദിക്കുന്നവർ ഈ ചരിത്രത്തിലേക്ക് ഒന്നു നോക്കുന്നതു എന്തുകൊണ്ടും ഉചിതമായിരിക്കും. സെമിനാരിയിൽ പാത്രിക്കീസും മാർ ദീവന്നാസിയോസും താമസിക്കുന്ന മുറികൾ കഴിച്ചു സകല മുറികളും ജപ്തി ചെയ്ത് പോലീസ് അധീനതയിൽ വയ്ക്കാൻ മജിസ്ട്രേട്ട് ഇടവം അഞ്ചിനു ഉത്തരവിട്ടു. അതിൻപ്രകാരം കമ്മറ്റി മാളിക, ബസ്ഗാസാ മുറി എന്നിവയും മറ്റു മുറികളും എല്ലാം ജപ്തി ചെയ്തു പോലീസ് കസ്റ്റഡിയിൽ ആക്കി.

ബോംബ് പൊട്ടിച്ചു – മാർ ദീവന്നാസിയോസിനെ മുടക്കി.Copyright- www.ovsonline.in

തൻ്റെ അധികാര പ്രയോഗത്തിനു വിലങ്ങുതടി സ്വന്തം ദൃഷ്ടി ഒരു വസ്തുവിൽ ശരിക്കു പതിപ്പിക്കുവാൻ പോലും പ്രയാസപ്പെട്ട സാധു മനുഷ്യനാണെന്നു ബോദ്ധ്യപ്പെട്ട അബ്ദുള്ള പാത്രിയർക്കീസ് ദീവന്നാസിയോസിനെ മുടക്കിയതായി 1911 ഇടവം 26-നു പഴയസെമിനാരിയിൽ നിന്നു എഴുതി അയച്ചു. മുടക്കു സന്ദേശം മെത്രാപ്പോലീത്തായുടെ ആസ്ഥാനമായ പഴയ സെമിനാരി ചാപ്പലിൽ വച്ച് തന്നെ വായിച്ചു അദ്ദേഹത്തെ അപമാനിക്കുവാനും തീരുമാനിച്ചു. ഇടവം 29 ഞായറാഴ്ച പാത്രിയർക്കീസ് ഔഗേൻ റമ്പാനോട് കുർബാന ചൊല്ലാൻ ആവശ്യപ്പെട്ടു. ജനങ്ങൾ സെമിനാരിയിലേക്ക് ഒഴുകിയെത്തി. ജനങ്ങളുടെ എണ്ണം കൂടി വരുന്നത് പ്രശ്നം സൃഷ്ടിക്കുമെന്നു കണ്ടു സി.ജെ. കുര്യൻ പരിഭ്രമിച്ചു. മുടക്ക് വായിച്ചാൽ തങ്ങൾക്ക് അടി കിട്ടുമെന്നു ബോദ്ധ്യപ്പെട്ടോ എന്തോ കത്ത് ഇന്നു വായിക്കേണ്ട എന്നു ഒരു കുറിപ്പ് എഴുതി മദ്ബഹായിൽ നിന്ന കോനാട്ട് മൽപാന്നു എത്തിച്ചു. മൽപ്പാൻ വിഷയം പാത്രിയർക്കീസിനെ അറിയിച്ചു. ഉടനെ മദ്ബഹായിൽ വച്ച് കൂടിയാലോചനകൾ നടന്നു. മുടക്ക് വായന ഉണ്ടായില്ല. കുർബാന കഴിഞ്ഞയുടനെ ധൃതിയിൽ പാത്രിയർക്കീസ് തൻ്റെ മുറിയിലേക്ക് പോയി. ജനങ്ങൾ ദീവന്നാസിയോസിനു ഉച്ചത്തിൽ അഭിവാദ്യം അർപ്പിച്ചു. പാത്രിയർക്കീസ് തൻ്റെ കൈയിലുണ്ടായിരുന്ന വടി അരിശത്തോടെ ജനങ്ങളുടെ നേരെ വീശി. മുറിയിൽ കയറി കതകടച്ചു. സമുദായം രണ്ടായി പിളർന്നു :- ബാവാ കക്ഷിയും മെത്രാൻ കക്ഷിയും. പാത്രിയർക്കീസിൻ്റെ ആവശ്യത്തിൻപ്രകാരം ഉടമ്പടി നൽകാത്തതിൻ്റെ പേരിൽ ദീവന്നാസിയോസിനെ മുടക്കും എന്ന വാർത്ത അക്കാലത്ത് കേട്ടു തുടങ്ങിയിരുന്നു; എങ്കിലും ഇത്രയും പെട്ടെന്നു സംഭവിക്കുമെന്നു വിചാരിച്ചിരുന്നില്ല. അബ്ദുള്ള പാത്രിയർക്കീസ് തന്നെ മുടക്കിയാൽ ആ മുടക്ക് ഒരു സ്വർണമാല പോലെ ധരിക്കുമെന്നു ദീവന്നാസിയോസ് തന്നെ പറഞ്ഞിരുന്നു.

എങ്കിലും മുടക്ക് സമുദായത്തെ ഭിന്നിപ്പിക്കും എന്നു ഉത്തമ ബോദ്ധ്യമുണ്ടായിരുന്ന മെത്രാപ്പോലീത്ത എങ്ങനെയും പ്രശ്നം ഇല്ലാതാക്കാൻ ശ്രമിച്ചു. അതിനെക്കുറിച്ച് കെ.സി. മാമ്മൻമാപ്പിള തൻ്റെ ആത്മകഥയായ ജീവിതസ്മരണകളിൽ പറയുന്നത്:- പല രാത്രികൾ മെത്രാപ്പോലീത്താ ഉൽക്കണ്ഠാപാരവശ്യം കൊണ്ട് നിരാവിഹീനനായി നേരം വെളുപ്പിച്ചിട്ടുണ്ട്. ഒരു രാത്രി നിരാശാ വിവശനായി പഴയ സെമിനാരിയിൽ പാത്രിക്കീസ് താമസിച്ചിരുന്ന മുറിയിൽ കയറിച്ചെന്ന് കണ്ണീരു ഒഴുക്കിക്കൊണ്ട് അദ്ദേഹത്തിൻ്റെ കാലിൽ കെട്ടിപിടിച്ചു കൊണ്ട് – വല്ല വിധേനയും ഈ സഭ നശിക്കാതിരുന്നാൽ കൊള്ളാമെന്നു എനിക്കു ആഗ്രഹമുണ്ട്. അങ്ങനെയുള്ള നടപടികൾ ഒന്നും കൈകൊള്ളരുതേ എന്നു ഞാൻ അപേക്ഷിക്കുന്നു. ഞാൻ വേണമെങ്കിൽ സ്ഥാനം ഒഴിഞ്ഞേക്കാം എന്ന് പറഞ്ഞു.
പാത്രി: മറ്റു മെത്രാൻമാർ ചെയ്തതുപോലെ (ഉടമ്പടി എഴുതിക്കൊടുത്തത്) ചെയ്യാമോ?
മെത്രാ: അങ്ങനെ ചെയ്യാൻ എൻ്റെ മനസാക്ഷി അനുവദിക്കുന്നില്ല. സഭ എൻ്റെ കാര്യവിചാരത്തിൽ ഏൽപ്പിക്കപ്പെട്ട ഒരു ട്രസ്റ്റാണ്. അതിനെ ഞാൻ എങ്ങനെ ഒറ്റിക്കൊടുക്കും. അത് ഒരിക്കലും എന്നെക്കൊണ്ട് സാധ്യമല്ല.
പാത്രിക്കീസ് മൗനവ്രതം പൂണ്ടു.Copyright- www.ovsonline.in

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

എങ്ങനെയും പിരിച്ചിൽ ഉണ്ടാകാതിരിക്കുവാനുള്ള ശ്രമങ്ങൾ വിഫലമായി. മുടക്ക് യാഥാർഥ്യമായി. മുടക്കിലൂടെ ദീവന്നാസിയോസ് നിരായുധനാകുമെന്നും അദ്ദേഹത്തെ അനുകൂലിച്ചിരുന്നവർ അദ്ദേഹത്തെ ഉപേക്ഷിച്ചു പോകുമെന്നും പാത്രിയർക്കീസും ട്രസ്റ്റിമാരും വിചാരിച്ചിരിക്കാം. എന്നാൽ സംഭവിച്ചത് നേരെ തിരിച്ചണ്. മിഥുനം രണ്ടാം തീയതി കണ്ടനാടിൻ്റെ മുറിമറ്റത്തിൽ മാർ ഈവാനിയോസും ഗോവാ – സിലോണിൻ്റെ അൽവാറീസ് മാർ യൂലിയോസും ചേർന്നു മെത്രാപ്പോലീത്തായെ പിന്തുണച്ചു സർക്കുലർ അയച്ചു. ക്ഷുഭിതനായ പാത്രിയർക്കീസ് ഈവാനിയോസിനെ ഇടവക ഭരണത്തിൽ നിന്നു ഒഴിവാക്കിയും യൂലിയോസ് ഒരു മണിക്കൂറിനകം കോട്ടയം വിട്ടു പോകണം എന്നാവശ്യപ്പെട്ടും നോട്ടീസ് കൊടുത്തു. യൂലിയോസ് താമസിച്ചിരുന്ന ഇടത്ത് തന്നെ തുടർന്നു.

പാത്രിയർക്കീസിൻ്റെ നിയമവിരുദ്ധ നടപടികളിൽ പ്രതിഷേധം അണപൊട്ടി. 1086 മിഥുനം 13-ാം തീയതി എം.ഡി സെമിനാരിയിൽ മാനേജിംഗ് കമ്മറ്റി കൂടി. സഹോദരീ സഭകൾ ഇവിടുത്തെ പൊല്ലാപ്പുകൾ അറിഞ്ഞാൽ നാണക്കേടാണ് എന്നു കരുതി മിണ്ടാതിരിക്കുന്നതിൽ അർഥമില്ലായെന്നു യോഗത്തിനു ബോദ്ധ്യപ്പെട്ടു. അബ്ദുള്ളയുടെ അന്ത്യശാസനം തട്ടിക്കളയുവാൻ തീരുമാനം എടുത്തു. തീരുമാനത്തിനു തിലകം ചാർത്തിക്കൊണ്ട് ചിങ്ങം 3-നു അബ്ദൽ മശിഹാ പാത്രിയർക്കീസിൻ്റെ കമ്പി സന്ദേശം മലങ്കരയിൽ എത്തിച്ചേർന്നു. അത് ഇങ്ങനെയായിരുന്നു.

ഡയർബക്കർ ഓഗസ്റ്റ് 17

മാർ ദീവന്നാസിയോസ്, കോട്ടയം, ഇന്ത്യ.
അബ്ദുള്ളായുടെ മുടക്ക് വ്യർഥമാകുന്നു. നിങ്ങളും കൂടെ ഉള്ളവരും അനുഗ്രഹിക്കപ്പെട്ടവരാകുന്നു.

പാത്രിയർക്കീസ് അബ്ദൽ മശിഹാCopyright- www.ovsonline.in

ഭാഗം 3 – സ്വതന്ത്ര്യ പ്രഖ്യാപനം – കാതോലിക്കേറ്റിന്റെ സ്ഥാപനം 

error: Thank you for visiting : www.ovsonline.in