മലങ്കര സഭാ ഭരണഘടന: അല്‍പം ചരിത്രം

കോട്ടയം എം.ഡി. സെമിനാരിയില്‍ 1934 ഡിസംബര്‍ 26 (1110 ധനു 11)-ന് കൂടിയ (മലങ്കര) സുറിയാനി ക്രിസ്ത്യാനി അസോസിയേഷനും മലങ്കര എപ്പിസ്‌കോപ്പല്‍ സുന്നഹദോസും പാസ്സാക്കി അന്നു മുതല്‍ നടപ്പിലിരിക്കുന്നതാണ് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ഭരണഘടന. ഈ ഭരണഘടനയില്‍ കാലസ്ഥിതി അനുസരിച്ചും സൗകര്യം അനുസരിച്ചും പിന്നീട് ആവശ്യമായ ഭേദഗതികള്‍ വരുത്തി നടപ്പില്‍ വരുത്തിയതാണ് ഇപ്പോഴുള്ള ഭരണഘടന. നാലു പ്രാവശ്യമാണ് ഇപ്രകാരം ഭേദഗതികള്‍ വരുത്തിയിട്ടുള്ളത്. Copyright ovsonline.in

1934-ല്‍ ഭരണഘടന പാസ്സാക്കുമ്പോള്‍ 13 ഭാഗങ്ങളായി 127 വകുപ്പുകളാണ് ഉണ്ടായിരുന്നത്. ഈ ഭരണഘടനയില്‍ ആവശ്യമായ ഭേദഗതികള്‍ നിര്‍ദേശിക്കുന്നതിന് 1948 ഒക്‌ടോബര്‍ മാസത്തില്‍ അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റി ഒരു സബ്കമ്മറ്റിയെ നിയോഗിച്ചു. 1950 ജൂണ്‍ 18-ന് കൂടിയ മാനേജിംഗ് കമ്മറ്റി അന്നത്തെ ഭരണഘടന 121-ാം വകുപ്പ് അനുസരിച്ച് ഭേദഗതികള്‍ വരുത്തുകയും അസോസിയേഷൻ്റെ അംഗീകാരത്തിനായി സമര്‍പ്പിക്കണമെന്നു നിശ്ചയിക്കുകയും ചെയ്തു. കോട്ടയം എം.ഡി. സെമിനാരിയില്‍ 1951 മേയ് 17-ന് കൂടിയ മലങ്കര അസോസിയേഷന്‍ ‘സഭാഭരണഘടന‘ നാലാമത്തെ ആലോചനാവിഷയമായി ഉള്‍പ്പെടുത്തുകയും അഞ്ചാമത്തെ പ്രമേയമായി അവതരിപ്പിച്ചു പാസ്സാക്കുകയും ചെയ്തു. ”മലങ്കര മെത്രാപ്പോലീത്താ തിരുമനസ്സിലെ 733-ാം നമ്പര്‍ ക്ഷണകല്പന സഹിതം അയച്ചിരുന്നതും 110-ലെ അസോസ്യേഷനില്‍ പാസ്സാക്കപ്പെട്ട ഭരണഘടനയില്‍ മാനേജിംഗുകമ്മിറ്റി നിര്‍ദ്ദേശിച്ചിട്ടുള്ള ഭേദഗതികള്‍ ചേര്‍ത്ത് ഒന്നായി അച്ചടിപ്പിച്ചിട്ടുള്ളതുമായ ഭരണഘടന മേയ് 16-ാം തീയതി കൂടിയ മാനേജിംഗുകമ്മിറ്റി വരുത്തിയിട്ടുള്ള ഭേദഗതികളോടു കൂടി ഈ യോഗം പാസ്സാക്കുന്നു……..’‘ എന്ന പ്രമേയമാണ് അസോസിയേഷന്‍ അന്നു പാസ്സാക്കിയത്. 1954 മാര്‍ച്ച് 29-നു കൂടിയ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് പാസ്സാക്കിയതോടെ 134 വകുപ്പുകള്‍ അടങ്ങിയ ഭരണഘടന നടപ്പിലായി. വകുപ്പുകളുടെ എണ്ണം കൂടിയതു മാത്രമല്ല, സമഗ്രമായ ഒരു ഭേദഗതിയാണ് അന്നു നടപ്പായത്. ഭരണഘടനയുടെ ഒന്നാം ഭാഗത്തുള്ള പ്രഖ്യാപനത്തില്‍ (1, 3, 4 വകുപ്പുകള്‍) പോലും വ്യക്തതയ്ക്കു വേണ്ടി ചെറിയ ഭേദഗതികളുണ്ടായി.

1958-ലെ സുപ്രിം കോടതി വിധിയെ തുടര്‍ന്ന് സഭായോജിപ്പിൻ്റെ അന്തരീക്ഷത്തിലാണ് അടുത്ത ഭേദഗതി ഉണ്ടായത്; അതായത് മുന്‍ പാത്രിയര്‍ക്കീസ് വിഭാഗം കൂടി ചേര്‍ന്നു നടത്തിയ ഭേദഗതി. മെത്രാപ്പോലീത്താമാര്‍, മാനേജിംഗ് കമ്മറ്റിയംഗങ്ങള്‍, പള്ളികള്‍ തുടങ്ങി നാനാഭാഗത്തുനിന്നും ഭേദഗതി നിര്‍ദേശങ്ങള്‍ ക്ഷണിച്ചുകൊണ്ട് 1964-ല്‍ റൂള്‍ കമ്മറ്റി ഇതിനുള്ള നടപടികള്‍ ആരംഭിച്ചു. ഭരണഘടന 127-ാം വകുപ്പ് അനുസരിച്ച് റൂള്‍ കമ്മറ്റി സമര്‍പ്പിച്ച ഭേദഗതികള്‍ 1967 ഏപ്രില്‍ 14-നു കൂടിയ മാനേജിംഗ് കമ്മറ്റി പാസ്സാക്കുകയും ജൂണ്‍ 15, 16 തീയതികളില്‍ കൂടിയ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് അംഗീകരിക്കുകയും ചെയ്തു.Copyright ovsonline.in

പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ബാവായുടെ 1967 ജൂണ്‍ 26ലെ 156/67-ാം നമ്പര്‍ കല്പന പ്രകാരം പുതുക്കിയ ഭരണഘടന നടപ്പില്‍ വരുത്തി. പള്ളി ഇടവകയെ സംബന്ധിച്ചുള്ള 6 മുതല്‍ 44 വരെയുള്ള വകുപ്പുകളാണ് അന്നു ഭേദഗതി ചെയ്തത്. 18 മുതല്‍ 31 വരെയുള്ള വകുപ്പുകള്‍ യുക്തിസഹമായി പുനക്രമീകരിച്ചു. കൈക്കാരൻ്റെ തെരഞ്ഞെടുപ്പിനെ പറ്റിയുള്ള 34-ാം വകുപ്പ് പൂര്‍ണമായി ഭേദഗതി ചെയ്തു. 42, 134 വകുപ്പുകള്‍ നീക്കം ചെയ്തു.

42 – വികാരിയും ശേഷം പട്ടക്കാരും ഇടവക മെത്രാപ്പോലീത്തായുടെ കല്‍പ്പനയെ പള്ളി സംബന്ധിച്ച എല്ലാ കാര്യങ്ങളിലും അനുസരിക്കേണ്ടതും ഇടവക മെത്രാപ്പോലീത്തായുടെ കല്‍പ്പന അനുസരിച്ചു മാത്രം അവര്‍ പള്ളിയില്‍ കര്‍മ്മാദികള്‍ നടത്തേണ്ടതും ഇടവക മെത്രാപ്പോലീത്തായുടെ കല്‍പ്പനയ്ക്കു വിരോധമായി അവര്‍ പള്ളിയില്‍ യാതൊരു കര്‍മ്മവും നടത്താന്‍ പാടില്ലാത്തതും ആകുന്നു.

134 – ഈ ഘടന അസോസ്യേഷനിലും എപ്പിസ്‌കോപ്പല്‍ സിനഡിലും പാസ്സായതിനു ശേഷം നടപ്പില്‍ വരുന്നതാകുന്നു. ഇവയാണ് നീക്കം ചെയ്ത വകുപ്പുകള്‍.

ഭരണഘടനയുടെ 46, 71 വകുപ്പുകളില്‍ 1996 മാര്‍ച്ച് 25, 1997 ഫെബ്രുവരി 5 തീയതികളിലെ ഉത്തരവു പ്രകാരം ബഹു. സുപ്രിം കോടതി വരുത്തിയ ഭേദഗതികള്‍ 1997-ല്‍ ഭരണഘടനയുടെ അനുബന്ധമായി ചേര്‍ത്തു. ഇതനുസരിച്ച് ആനുപാതിക പ്രാതിനിധ്യപ്രകാരമാണ് 2002 മാര്‍ച്ച് 20-ന് മലങ്കര അസോസിയേഷന്‍ കൂടിയത്.

2006 നവംബര്‍ 23-ന് സഭാ മാനേജിംഗ് കമ്മറ്റി നടത്തിയ മൂന്നാമത്തെ ഭരണഘടനാ ഭേദഗതിയോടെ 6, 46, 57, 61, 71, 79, 84, 93, 103, 110, 120 എന്നീ 11 വകുപ്പുകള്‍ ഭേദപ്പെടുത്തുകയും സിവില്‍ വ്യവഹാരങ്ങളെ സംബന്ധിച്ചുള്ള 135-ാം വകുപ്പ് പുതിയതായി ചേര്‍ക്കുകയും ചെയ്തു. സുപ്രിം കോടതി വിധിപ്രകാരം ഭേദഗതി ചെയ്യപ്പെട്ട വകുപ്പുകള്‍ (46, 71) ഇതോടെ ഭരണഘടനയുടെ ഭാഗമായി. കൂട്ടുട്രസ്റ്റിമാരുടെ കാലാവധി അഞ്ചു വര്‍ഷമാക്കിയതാണ് (93) ഭേദഗതികളിലൊന്ന്.

മാനേജിംഗ് കമ്മറ്റിയുടെ അംഗസംഖ്യയും കാലാവധിയും സംബന്ധിച്ചുള്ള വകുപ്പിലാണ് (79) സുപ്രധാനമായ മറ്റൊരു ഭേദഗതി. മുളന്തുരുത്തി സുന്നഹദോസ് കാലത്തെ (1876) അംഗസംഖ്യ 1934-ലും അതേപടി നിലനിര്‍ത്തിയതാണ് 2006 വരെയും മാറ്റമില്ലാതെ ഉണ്ടായിരുന്നത്. 2006 ഒക്‌ടോബര്‍ 12-ന് കൂടിയ മലങ്കര അസോസിയേഷന്‍ വര്‍ദ്ധിപ്പിച്ച അംഗസംഖ്യ ഈ വകുപ്പില്‍ ചേര്‍ത്തു. ”മാനേജിംഗ് കമ്മറ്റിയിലെ അംഗങ്ങളുടെ എണ്ണം യുക്തം പോലെ അസോസിയേഷന് അധികപ്പെടുത്താവുന്നതാകുന്നു” എന്ന് 79-ാം വകുപ്പില്‍ പറയുന്നതനുസരിച്ചാണ് മലങ്കര അസോസിയേഷന്‍ പ്രമേയം പാസ്സാക്കി കാലാകാലങ്ങളായി അംഗസംഖ്യ വര്‍ദ്ധിപ്പിച്ചുവന്നത്.

വനിതകള്‍ക്ക് ഇടവകയോഗത്തില്‍ അംഗത്വവും വോട്ടവകാശവും ഇടവക ഭാരവാഹിത്വവും (മാനേജിംഗ് കമ്മറ്റിയംഗം, സെക്രട്ടറി, കൈസ്ഥാനി) നല്‍കിക്കൊണ്ടുള്ള ഭരണഘടനാ ഭേദഗതികളാണ് അവസാനമുണ്ടായത്. ഇടവകയില്‍ നിന്നുള്ള മെത്രാസന ഇടവകയോഗാംഗത്തിൻ്റെയും അസോസിയേഷന്‍ അംഗത്തിൻ്റെയും ഒഴിവു വന്നാല്‍ ഈ സ്ഥാനത്തേക്ക് ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള വകുപ്പുകള്‍ (46 സി, 71 ഡി) ഭരണഘടനയില്‍ ചേര്‍ത്തു. 2011 ഒക്‌ടോബര്‍ 19-ലെ സഭാ മാനേജിംഗ് കമ്മറ്റി 18 വകുപ്പുകളില്‍ ഭേദഗതി വരുത്തി പാസ്സാക്കിയാണ് ഇതു നടപ്പിലാക്കിയത്. 6, 7, 17, 23, 26, 27, 29, 31, 32, 33, 34, 35, 37, 39, 44, 46 (ബി), 71 (സി), 120 എന്നീ വകുപ്പുകളാണ് ഭേദഗതി ചെയ്തത്. ‘കൈക്കാരന്‍‘ എന്ന തലക്കെട്ട് (2 സി) ‘കൈസ്ഥാനി‘ എന്നു മാറ്റി.Copyright ovsonline.in

സഭാഭരണഘടന 126, 127 വകുപ്പുകള്‍ പ്രകാരമാണ് ഭരണഘടന ഭേദഗതി ചെയ്യുന്നത്. ഇതേ വകുപ്പുകള്‍ 1934 – 1951 കാലത്തും (വകുപ്പുകള്‍ 120, 121) അതേപടി ഉണ്ടായിരുന്നു. ”…….. അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റി പാസ്സാക്കുന്ന നിശ്ചയങ്ങള്‍ അസോസിയേഷനും എപ്പിസ്‌കോപ്പല്‍ സിനഡും ഭേദപ്പെടുത്തുന്നതുവരെ നടപ്പില്‍ ഇരിക്കുന്നതും ആകുന്നു” (വകുപ്പ് 127). അസോസിയേഷൻ്റെ വലിപ്പവും ഭരണഘടന നിലവില്‍ വന്ന കാലത്ത് അസോസിയേഷന്‍ ക്രമമായി കൂടുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടും പരിഗണിച്ചായിരിക്കാം ഇങ്ങനെ ചേര്‍ത്തത്. ഇതനുസരിച്ച് ഭരണഘടനാ ഭേദഗതികള്‍ മലങ്കര അസോസിയേഷന്‍ പാസ്സാക്കാതെ തന്നെ നടപ്പാക്കാവുന്നതാണ്. എന്നിട്ടും 1951-ലെ ഭേദഗതികള്‍ മലങ്കര അസോസിയേഷന്‍ പാസ്സാക്കുകയാണുണ്ടായത്. പ്രഖ്യാപനത്തില്‍ ഉള്‍പ്പെടെ ഭരണഘടനയില്‍ സമൂലമായ മാറ്റം വന്നതുകൊണ്ടായിരിക്കാം ഇപ്രകാരം ചെയ്തത്. എന്നാല്‍ അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റി പാസ്സാക്കിയ 1967, 2006, 2011 വര്‍ഷങ്ങളിലെ ഭേദഗതികള്‍ മലങ്കര അസോസിയേഷന്‍ ഇതുവരെ പാസ്സാക്കിയിട്ടില്ല; നിരാകരിച്ചിട്ടില്ല; ഭേദപ്പെടുത്തിയിട്ടുമില്ല. അതിനാല്‍ അതേപടി നിലനില്‍ക്കുന്നു.

1873-ല്‍ പരുമല സെമിനാരിയില്‍ കൂടിയ പള്ളിപ്രതിപുരുഷയോഗത്തിൻ്റെ അഞ്ചാം നിശ്ചയ പ്രകാരം തെരഞ്ഞടുക്കപ്പട്ട നാല് പട്ടക്കാരും എട്ട് അയ്‌മേനികളും അടങ്ങുന്ന കമ്മറ്റിയാണ് ഭരണഘടന പ്രകാരമുള്ള ആദ്യത്തെ മാനേജിംഗ് കമ്മറ്റിയെന്നു കരുതാം. മുളന്തുരുത്തി സുന്നഹദോസില്‍ (1876) ഇതിൻ്റെ അംഗസംഖ്യ 24 (8 + 16) ആയി. 1878, 1892, 1901 വര്‍ഷങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട കമ്മറ്റിയിലും ഇത്രയും അംഗങ്ങളുണ്ടായിരുന്നു. 1908-ല്‍ ഇത് 26-ഉം 1930-ല്‍ 36-ഉം ആയി.

1934 ഡിസംബര്‍ 26-ന് പാസ്സാക്കിയതു മുതല്‍ 2006 നവംബര്‍ 23-ന് ഭേദഗതി ചെയ്യുന്നതു വരെ അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റിയുടെ പരമാവധി അംഗസംഖ്യ സെക്രട്ടറി, ട്രസ്റ്റിമാരെ കൂടാതെ 26 (8 + 16 + 2) എന്നാണ് സഭാ ഭരണഘടനയില്‍ (വകുപ്പ് 1934-ല്‍ 77, 1951 മുതല്‍ 79) പറഞ്ഞിരുന്നത്. എന്നാല്‍ 1934 ഡിസംബര്‍ 26-നു തന്നെ ഇത് 60 ആയി വര്‍ദ്ധിപ്പിക്കുകയും അത്രയും അംഗങ്ങളെ അന്നു തന്നെ തെരഞ്ഞെടുക്കുകയും ചെയ്തു.

മാനേജിംഗ് കമ്മറ്റിയുടെ ആകെ അംഗസംഖ്യ 1951-ല്‍ 81, 1959-ല്‍ 90, 1965-ല്‍ 108 എന്നിങ്ങനെ മലങ്കര അസോസിയേഷന്‍ വര്‍ദ്ധിപ്പിക്കുകയും അതേ യോഗത്തില്‍ തന്നെ അതനുസരിച്ച് തെരഞ്ഞെടുപ്പും തുടര്‍ന്ന് നോമിനേഷനും നടത്തുകയും ചെയ്തു. 1970, 1974, 1980 വര്‍ഷങ്ങളിലും 108 അംഗങ്ങളുണ്ടായിരുന്നു. ഭാവിയില്‍ വരേണ്ട അംഗസംഖ്യ മുന്‍കൂട്ടി കണ്ട് വര്‍ദ്ധിപ്പിക്കുന്ന രീതി 1980-ലാണ് നടപ്പാക്കിത്തുടങ്ങിയത്. അന്നത്തെ നിശ്ചയമനുസരിച്ച് 1985-ല്‍ 114 അംഗങ്ങളുണ്ടായിരുന്നു. 1985-ലെ നിശ്ചയമനുസരിച്ച് 1989-ലും 1994-ലും 138-ഉം 1994-ലെ നിശ്ചയമനുസരിച്ച് 2002-ല്‍ 141-ഉം 2006-ലെ നിശ്ചയമനുസരിച്ച് 2007-ലും 2017-ലും 159-ഉം അംഗങ്ങളുണ്ടായിരുന്നു. 2012-ലെ നിശ്ചയമനുസരിച്ച് 2017-ല്‍ 174 ആയി. ആകെയുള്ള 81 അംഗങ്ങളില്‍ 15 പേരെ സമുദായത്തിലെ വിവിധ സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്നതിനും മറ്റുമായി മലങ്കര മെത്രാപ്പോലീത്താ നോമിനേറ്റ് ചെയ്യേണ്ടതാണെന്ന് 1951-ലെ മലങ്കര അസോസിയേഷന്‍ യോഗത്തിന്റെ നാലാം പ്രമേയത്തില്‍ പറയുന്നു. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങളുടെ സംഖ്യ 1959-ല്‍ 18, 1965 മുതല്‍ 22, 1985-ല്‍ 24, 1989 മുതല്‍ 30, 2017 മുതല്‍ 33 എന്നിങ്ങനെയാണ്.

Copyright ovsonline.in

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

വിവാദങ്ങള്‍ക്ക് മറുപടി

മലങ്കരസഭാ ഭരണഘടനയെ പറ്റി പാത്രിയര്‍ക്കീസ് ഭാഗം ഇപ്പോള്‍ ഉന്നയിക്കുന്ന വിവാദങ്ങള്‍ കോടതികളില്‍ ഉന്നയിച്ച് തീര്‍പ്പാക്കിയിട്ടുള്ളതാണ്. 1934-ലെ മലങ്കര അസോസിയേഷനും അതിൻ്റെ നടപടികളും അതു പാസ്സാക്കിയ ഭരണഘടനയും സാധുവാണെന്ന് സുപ്രിംകോടതി വിധിച്ചിട്ടുണ്ട്. മലങ്കരയുള്ള എല്ലാ പള്ളികള്‍ക്കും നോട്ടീസ് കല്‍പന അയച്ചിട്ടാണ് 1934-ല്‍ അസോസിയേഷന്‍ കൂടിയത്.

1934-ലെ ഭരണഘടന 1958-ല്‍ അന്നത്തെ പാത്രിയര്‍ക്കീസ് കക്ഷിയെ അടിച്ചേല്‍പിച്ചതാണെന്നൊരു വാദമുണ്ട്. പാത്രിയര്‍ക്കീസ് കക്ഷിയുടെ ഉന്നതനേതൃത്വം അറിഞ്ഞ് പൂര്‍ണ്ണ മനസ്സോടെയാണ് ഭരണഘടന സ്വീകരിച്ചതെന്നും പിന്നീട് ഭിന്നതയ്ക്ക് ഇതൊരു വിഷയമാക്കിയതാണെന്നും പാത്രിയര്‍ക്കീസ് ഭാഗത്തെ മുന്‍ വൈദിക ട്രസ്റ്റിയും സഭായോജിപ്പിൻ്റെ നേര്‍സാക്ഷിയുമായ കല്ലൂപ്പറമ്പില്‍ ദിവംഗതനായ ബഹു. വി. എം. ഗീവര്‍ഗീസ് അച്ചന്‍ പറഞ്ഞിട്ടുണ്ട്.

1958-ലെ സുപ്രിം കോടതി വിധിയെ തുടര്‍ന്ന് സഭായോജിപ്പിൻ്റെ അന്തരീക്ഷത്തിലാണ് 1964 – 1967 കാലത്ത് ഭരണഘടന ദേദഗതി ചെയ്തത്. മുന്‍ പാത്രിയര്‍ക്കീസ് വിഭാഗം കൂടി ചേര്‍ന്നു നടത്തിയതാണ് ഈ ഭേദഗതി. അന്നത്തെ (1966 – 1970) റൂള്‍ കമ്മറ്റിയില്‍ മാത്യൂസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ (പ്രസിഡന്റ്), ഫാ. പി.പി. ജോസഫ്, ഡോ. എ.ടി. മര്‍ക്കോസ്, ചാക്കോ ജോര്‍ജ്, പി.ടി. വര്‍ഗീസ്, കെ. കോരുത്, കെ.എന്‍. ചാക്കോ, ജേക്കബ് സ്റ്റീഫന്‍, കെ.ടി. മാത്യു, എം.സി. പോത്തന്‍, പി.സി. ഏബ്രഹാം (അസോസിയേഷന്‍ സെക്രട്ടറി / കണ്‍വീനര്‍) എന്നീ 11 അംഗങ്ങളുണ്ടായിരുന്നു.

ഭേദഗതികള്‍ നിര്‍ദേശിച്ച അന്നത്തെ റൂള്‍ കമ്മറ്റിയിലും പാസ്സാക്കിയ മാനേജിംഗ് കമ്മറ്റിയിലും മുന്‍ പാത്രിയര്‍ക്കീസ് വിഭാഗക്കാരായ ഫാ. പി.പി. ജോസഫ് പുളിക്കപ്പറമ്പില്‍, അഡ്വ. പി.ടി. വര്‍ഗീസ് (പെരുമ്പാവൂര്‍), ജേക്കബ് സ്റ്റീഫന്‍ (ക്‌നാനായ) തുടങ്ങിയ പ്രമുഖര്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തം. അവര്‍ ഉന്നയിക്കാത്ത സംശയങ്ങളാണ് ഇപ്പോള്‍ ഉന്നയിക്കുന്നത്. ഏറ്റവും കുറഞ്ഞത് 1967 വരെയുള്ള കാര്യങ്ങള്‍ ചോദ്യം ചെയ്യാന്‍ ഇനി യാതൊരു അവകാശവും മറുകക്ഷിക്കില്ല. മുന്‍ പാത്രിയര്‍ക്കീസ് വിഭാഗത്തെ ഇടവകപ്പള്ളികളില്‍ നിലനിന്ന ചില പതിവുകള്‍ക്കും കീഴ്‌വഴക്കങ്ങള്‍ക്കും ഭരണഘടനാപരമായ പരിരക്ഷ നല്‍കുന്നതിനുള്ള ഭേദഗതികളും അന്നുണ്ടായി.

ഇടവകമെത്രാപ്പോലീത്തായുടെ അനുമതിയോടു കൂടി ഇടവകയെ വാര്‍ഡുകളായി തിരിച്ച് അതതു വാര്‍ഡുകളിലെ ഇടവകയോഗാംഗങ്ങളില്‍ നിന്ന് ഇടവക യോഗത്തിലേക്ക് ഒന്നോ അതിലധികമോ പ്രതിനിധികളെ തെരഞ്ഞെടുക്കാവുന്നതും പ്രതിനിധികളുടെ യോഗം ചെയ്യുന്ന തീരുമാനം ഇടവകയോഗത്തിൻ്റെ തീരുമാനം ആയിരിക്കുന്നതും ആകുന്നു എന്ന ഭാഗം മലങ്കരസഭാ ഭരണഘടനയുടെ 12-ാം വകുപ്പില്‍ 1967-ല്‍ ചേര്‍ത്തത് ഇങ്ങനെയാണെന്നു കരുതുന്നു. പരിശുദ്ധ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിൻ്റെ അവകാശവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ 1958-നു ശേഷം യാതൊരു ഭേദഗതിയും ഉണ്ടായിട്ടില്ല. ‘ഭരണഘടനയുടെ ‘ഏതു വേര്‍ഷ’നാണ് അംഗീകരിക്കേണ്ടതെന്നു കോടതി പറഞ്ഞിട്ടില്ല’‘ എന്നു പറയുന്നത് ”രജിസറ്റര്‍ ചെയ്തിട്ടുണ്ടോ, ഒറിജിനല്‍ എവിടെ’‘ എന്നൊക്കെ ചോദിക്കുന്നതു പോലെ മുട്ടാത്തര്‍ക്കം മാത്രമാണ്. Copyright ovsonline.in

വര്‍ഗീസ് ജോണ്‍, തോട്ടപ്പുഴ

(ലേഖകന്‍ തോട്ടപ്പുഴ മാര്‍ ഗ്രീഗോറിയോസ് ഇടവകാംഗം. ചെങ്ങന്നൂര്‍ മെത്രാസനത്തില്‍ നിന്നുള്ള അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റിയംഗം. മലയാള മനോരമ എഡിറ്റോറിയല്‍ വിഭാഗത്തില്‍ സീനിയര്‍ റിസര്‍ച്ചര്‍. സഭാചരിത്രത്തിലും രാഷ്ട്രീയ ചരിത്രത്തിലും ഗവേഷകന്‍; അനേക ലേഖനങ്ങളുടെ രചയിതാവ്.)

error: Thank you for visiting : www.ovsonline.in