ചരിത്ര പ്രസിദ്ധമായ കോട്ടയം ചെറിയപള്ളി പെരുന്നാള്‍

കോട്ടയം: വിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായ്ക്ക് ലഭിച്ച പരിശുദ്ധ ദൈവമാതാവിന്‍റെ ഇടക്കെട്ടിന്‍റെ ഒരു ഭാഗം ആദ്യമായി മലങ്കരയില്‍ സ്ഥാപിച്ച ദേവാലയമായ കോട്ടയം ചെറിയപള്ളി ഓര്‍ത്തഡോക്സ് മഹാ ഇടവകയില്‍ വിശുദ്ധ ദൈവമാതാവിന്‍റെ ഓര്‍മ്മപ്പെരുന്നാള്‍ ഓഗസ്റ്റ് 1 മുതല്‍ 15 വരെ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു. മാതാവിന്‍റെ ഏറ്റവും പുരാതനമായ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചിരിക്കുന്ന ഏക ഓര്‍ത്തഡോക്സ് ദേവാലയമായ കോട്ടയം ചെറിയപള്ളിയില്‍ ഇത്തവണ പെരുന്നാ‍ള്‍ ആചരണത്തിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ഓഗസ്റ്റ് 1 മുതല്‍ 15 വരെ എല്ലാ ദിവസവും ദിവസവും രാവിലെ 7.30ന് കുർബാനയോടെ ആരംഭിക്കും. പെരുന്നാൾ ദിനങ്ങളിൽ ധ്യാനം, ക്ലാസ്, പ്രാർഥന, സന്ധ്യാനമസ്കാരം, ഗാനസന്ധ്യ, വചനശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും.സൂനോറോ പ്രതിഷ്ഠയുടെ 50–ാം വാർഷികം പൂർത്തിയാകുന്ന 10-ന് കുർബാനയെ തുടർന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ തിരുശേഷിപ്പ് പുറത്തെടുത്ത് പരസ്യവണക്കത്തിനു പ്രതിഷ്ഠിക്കും. 15 വരെ തിരുശേഷിപ്പ് വണങ്ങുന്നതിന് സൗകര്യം ഉണ്ടായിരിക്കും. 15-ന് ഡോ.മാത്യൂസ് മാർ സേവേറിയോസ് കുർബാനയ്ക്ക് കാർമികത്വം വഹിക്കും. തുടർന്ന് പള്ളിക്കു ചുറ്റും പ്രദക്ഷിണം, വാഴ്‌വ്, നേർച്ചവിളമ്പ്, പെരുന്നാൾ കൊടിയിറക്ക്, ദേശീയ പതാക ഉയർത്തൽ എന്നിവയോടെ സമാപിക്കും. ശനി, ഞായർ ഒഴികെ എല്ലാ ദിവസവും 10.30-ന് ഗാനശുശ്രൂഷ, 11ന് ധ്യാനം. ദിവസവും വൈകിട്ട് 6.45-ന് ഗാനസന്ധ്യ, 7.15-ന് വചനശുശ്രൂഷ.

ഫാ. ഡോ. ടി. ജെ. ജോഷ്വ, ഫാ. സക്കറിയ നൈനാൻ, ഫാ. എബി ഫിലിപ്പ്, ഫാ. ജേക്കബ് മഞ്ഞളി, മത്തായി ഇടയനാൽ കോറെപ്പിസ്കോപ്പ, ഫാ. ഫിലിപ്പ് തരകൻ തേവലക്കര, ഫാ.ഡേവിസ് ചിറമേൽ, ഫാ. തോമസ് പി.മുകളിൽ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് എന്നിവർ ധ്യാനവും ഫാ. കെ. വി. ഏലിയാസ്, റവ. ബസലേൽ റമ്പാൻ, ഫാ.കുര്യൻ തോമസ്, ഫാ. തോമസ് രാജു, ഫാ.ജോസഫ് ആൻഡ്രൂസ്, ഫാ. സ്റ്റീഫൻ വർഗീസ്, ഫാ.ജോൺ ടി.വർഗീസ് കുളനട, ഫാ. ലൂക്കോസ് ടി. പണിക്കർ, ഫാ. യൂഹാനോൻ ജോൺ, ഫാ. ജോജി കെ.ജോയി, ഫാ. അലക്സ് ജോൺ, ഫാ. ഡോ. റെജി മാത്യൂസ് എന്നിവർ വചനശുശ്രൂഷയും നയിക്കും.

ഏതാണ്ട് അഞ്ച് ശതാബ്ദങ്ങള്‍ക്ക് മുമ്പ് തെക്കുംകൂര്‍ രാജാക്കന്മാരുടെ പ്രത്യേക താല്‍പര്യപ്രകാരം സ്ഥാപിക്കപ്പെട്ട ഈ ദേവാലയം സാംസ്ക്കാരിക കേരളത്തിന്‍റെ ശില്പചാരുതയുടെ സുന്ദരമുഖമാണ്. പരിശുദ്ധ അമ്മയുടെ പ്രത്യേക മദ്ധ്യസ്ഥത മുഖാന്തിരം നിരവധി ആളുകള്‍ക്ക് ആശ്വാസ കേന്ദ്രമാണ് ഈ പുണ്യദേവാലയം. നാനാജാതി മതസ്ഥരായ തീര്‍ത്ഥാടകര്‍ ഓരോ വര്‍ഷവും ഈ ദേവാലയത്തില്‍ എത്തി നേര്‍ച്ച കാഴ്ചകളോടെ അനുഗ്രഹം പ്രാപിച്ച് തിരിച്ചുപോകുന്നു.

കോട്ടയത്തും സമീപ പ്രദേശങ്ങളിലുമുള്ള അനേകം ദേവാലയങ്ങളുടെ മാതൃദേവാലയമാണ് കോട്ടയം ചെറിയപള്ളി. 1968-ല്‍ പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ബാവായാണ് വിശുദ്ധ ദൈവമാതാവിന്‍റെ അത്ഭുത ചൈതന്യം ഉള്‍ക്കൊള്ളുന്ന ഇടക്കെട്ടിന്‍റെ ഒരു ഭാഗം പള്ളിയില്‍ സ്ഥാപിച്ചത്.

error: Thank you for visiting : www.ovsonline.in