ചൈനീസ്‌ പ്രതിനിധി സംഘം കാർത്തികപ്പള്ളി കത്തിഡ്രൽ സന്ദർശിച്ചു

ചൈനീസ്‌ പാലസ് മ്യുസീയം ഡയറക്ടർ ലി ജിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം അതിപുരാതനവും ചരിത്ര പ്രസിദ്ധവുമായ കാർത്തികപ്പള്ളി സെന്റ്‌. തോമസ്‌ ഓർത്തഡോൿസ്‌ കത്തിഡ്രൽ സന്ദർശിച്ചു. പള്ളിയും, ഐക്കണ്‍ ഗ്യാലറിയും, അർക്കൈവിസും , വിശുദ്ധന്റെ കബറിടവും, പുരാതനമായ കിണറും സന്ദർശിച്ച സംഘം നിർമ്മാണ ശൈലികൊണ്ടും കൊത്തുപണികളാലും ഇത്ര വിത്യസ്തവും സമ്പന്നവുമായ ഒരു ക്രൈസ്തവ ദേവാലയം അത്ഭുതപ്പെടുത്തുന്നതായും ഇതു ജീവിതത്തിലെ ആദ്യ അനുഭവമാണെന്നും അഭിപ്രായപ്പെട്ടു.

ഇത്രയും ഭംഗിയായി ഇതു സൂക്ഷിക്കുന്ന ഇടവക അംഗങ്ങളെ ലി ജി അഭിനന്ദിച്ചു.
പള്ളി അർക്കൈവിസിൽ സൂക്ഷിച്ചിരിക്കുന്ന സിനഗോഗുകളിൽ ഉപയോഗിക്കുന്ന വിളക്കിന്റെ ഒരു ഭാഗം ചൈനീസ്‌ ശൈലിയിൽ ഉള്ളതാണെന്നും ഒരു വിളക്കിൽ രണ്ടു ശൈലികൾ എങ്ങനെ ഉണ്ടായി എന്നത് കൂടുതൽ പഠനത്തിനു വിധേയമാക്കണമെന്നും സംഘം പറഞ്ഞു. ഭിത്തിയുടെ ഘനവും അതിന്റെ നിർമ്മാണ ശൈലിയും , പള്ളിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന മേടയുടെ നിർമ്മാണവും അതിന്റെ 4 രീതിയിലുള്ള പൂട്ടുകളും പള്ളിയുടെ പഴക്കത്തെയാണ് സൂചിപ്പിക്കുന്നത് എന്നും ചൈനീസ്‌ ആർക്കിയോളജി വിഭാഗം ഡെപ്യുട്ടി ഡയറക്ടർ റാങ് സാങ്ങ് പറഞ്ഞു. പള്ളിയിൽ സൂക്ഷിച്ചിരിക്കുന്ന താളിയോലകളും വിവിധതരം പള്ളിമണികളും സംഘം പരിശോധിച്ചു.

38 ലക്ഷം രൂപ വിലയുള്ള എക്സ്റേ ഫ്ലുറസേൻസ് സ്പെക്ട്രോമീറ്റർ സംസ്ഥാന സർക്കാരിനു സമ്മാനിച്ച സംഘത്തെ കേരളാ പുരാവസ്തു വകുപ്പ് ഉന്നതഉദ്യോഗസ്ഥരും അനുഗമിച്ചു. കത്തിഡ്രൽ വികാരി റവ. ഫാ. ജോസഫ്‌ ശമുവേൽ, ട്രസ്റ്റി ശ്രി. കോശി.പി. എബ്രഹാം, സെക്രട്ടറി ശ്രി. ഡാനിയേൽ തോമസ്‌, ചരിത്ര പഠന കമ്മിറ്റി കണ്‍വിനർ അഡ്വ. സജി തമ്പാൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ചരിത്ര പഠന കമ്മിറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് സംഘത്തെ സ്വികരിച്ചു.

error: Thank you for visiting : www.ovsonline.in