അതിപുരാതനവുമായ കണ്ണംകൊട് സെന്‍റ്. തോമസ് ഓർത്തോഡോക്സ് കത്തീഡ്രൽ

മദ്ധ്യ തിരുവിതാംകൂറിലെ പുരാതനമായ ദേവാലയങ്ങളിൽ ഒന്നാണ് കണ്ണംകൊട് സെന്‍റ്.തോമസ് ഓർത്തോഡോക്സ് കത്തീഡ്രൽ ദേവാലയം. പത്തനംതിട്ട ജില്ലയിലെ അടൂരില്‍ സ്ഥിതി ചെയ്യുന്ന ദേവാലയം മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭയുടെ അടൂർ കടമ്പനാട് ഭദ്രാസനത്തിന്‍റെ ആസ്ഥാന ദേവലായമായി പരിലസിക്കുന്നു.

ക്രിസ്തു ശിഷ്യനായ മാര്‍ത്തോമശ്ലീഹ AD-52 -ല്‍ മലങ്കരയില്‍ എത്തി സ്ഥാപിച്ച ഏഴര പള്ളികളില്‍ ഒന്നാണ് നിലയ്ക്കല്‍ (ചായല്‍). ഒന്നാം നൂറ്റാണ്ടില്‍ തന്നെ നിലയ്ക്കല്‍ മലങ്കര സഭയുടെ ഒരു പ്രധാനകേന്ദ്രമായിരുന്നു. നിലയ്ക്കലില്‍ ജനജീവിതം ദുസ്സഹമായപ്പോള്‍ ജനങ്ങള്‍ പല സ്ഥലങ്ങളിലേക്ക് കുടിയേറിപ്പാര്‍ത്തു. അങ്ങനെ കുടിയേറിയവരില്‍ ഒരു വിഭാകം കടമ്പനാട് , അടൂര്‍ , തുമ്പമണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ താമസം ആരംഭിച്ചു. ഇവര്‍ ആരധനക്കായി AD 325 -ല്‍ കടമ്പനാട് ഒരു ദേവാലയം സ്ഥാപിച്ചു. യാത്ര സൗകര്യം തീരെ ഇല്ലാതെയിരുന്ന ആ കാലത്ത് കടമ്പനാട് വരെ പോയി ആത്മീയ കാര്യങ്ങള്‍ നിര്‍വഹിക്കുക എന്നത് അസൌകര്യം ആയിരുന്നു. അങ്ങനെ ഒരു ദേവാലയം ഉണ്ടാകണം എന്ന് ആഗ്രഹിക്കുകയും ഇപ്പോള്‍ ദേവാലയം നില്‍ക്കുന്ന സ്ഥലം കണ്ടുപിടിക്കുകയും താല്‍ക്കാലിക കെട്ടിടം നിര്‍മ്മിച്ച്‌ 1410 മുതല്‍ ആരാധന തുടങ്ങുകയും ചെയ്തു. കടമ്പനാട്, തുമ്പമൺ ദേവാലയങ്ങൾക് ശേഷം പണികഴിപ്പിച്ച ദേവാലയമാണ് കണ്ണംകോട് ദേവാലയം.

ഇന്ത്യയുടെ അപ്പോസ്തലനായ മാര്‍ത്തോമശ്ലീഹയുടെ നാമത്തില്‍ ആണ് ഈ ദേവാലയം സ്ഥാപിച്ചിരിക്കുന്നത്. കായംകുളം ഫിലിപ്പോസ് റമ്പാൻ ഈ ദേവാലയത്തിൽ കുറച്ചു കാലം  താമസിച്ചിട്ടുണ്ട്. 1811 നവംബറിൽ കർത്താവിനോടു നിദ്രപ്രാപിക്കുകയും, 1811 നവംബര്‍ 11-നു ഈ ദേവാലയത്തിൽ അദ്ദേഹത്തെ കബറടക്കുകയും ചെയ്യ്തു. ഇപ്പോൾ ഇദ്ദേഹത്തെ മലങ്കര സഭയുടെ “വേതരത്‌നം” എന്നും അറിയപ്പെടുന്നു.

മലങ്കര ഓർത്തോഡോക്സ് സഭയിലെ പ്രധാന ദേവാലയങ്ങളിൽ ഒന്നാണ് സെന്‍റ് തോമസ് ഓർത്തോഡോക്സ് കത്തീഡ്രൽ ദേവാലയം. പല പ്രാവിശ്യം ദേവാലയം പുതുക്കിപ്പണിതു. ഇപ്പോള്‍ നിലവില്‍ ഉള്ള ഈ ദേവാലയത്തിന്‍റെ ശിലാസ്ഥാപനകര്‍മ്മം പരിശുദ്ധ ബസ്സേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവ തിരുമനസ്സുകൊണ്ടു 11.11.1960-ല്‍ നിര്‍വ്വഹിച്ചിട്ടുള്ളതും , 1970 നവംബര്‍ 11-ന് മലങ്കരയുടെ നാലാം കാതോലിക്കാ പരിശുദ്ധ ബസ്സേലിയോസ് ഔഗേന്‍ പ്രഥമന്‍ ബാവാ തിരുമനസ്സുകൊണ്ടു കൂദാശ ചെയ്തു സമര്‍പ്പിച്ചിട്ടുള്ളതുമാകുന്നു.

അതി പ്രശസ്തവും പുരാതനവുമായ ഈ ദേവാലയം മദ്ധ്യതിരുവിതാംകൂറില്‍ അടൂരിന്‍റെ ഹൃദയഭാഗത്ത്‌ ആത്മീയ പ്രഭ വിതറി അനേകരെ ആകര്‍ഷിച്ചുകൊണ്ട് ആത്മീയ സ്രോതസ്സായി നിലകൊള്ളുന്നു. ഈ ദേവാലയം കലഞ്ഞൂര്‍, കരുവാറ്റ, പറക്കോട്, പെരിങ്ങിനാട്, ആനന്ദപ്പള്ളി, കിളിവയല്‍, കൊറ്റനല്ലൂര്‍ മുതലായ 20-ല്‍ പരം ദേവാലയങ്ങളുടെ മാതൃ ദേവാലയമാണ്.

error: Thank you for visiting : www.ovsonline.in