തുമ്പിയെക്കൊണ്ടു കല്ലെടുപ്പിക്കരുത്!

കുട്ടികളുടെ ഒരു ക്രൂര വിനോദമാണ് തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കല്‍. തുമ്പിയുടെ ചിറകില്‍ പിടിച്ച് അതിൻ്റെ പാദങ്ങള്‍ ഒരു ചെറുകല്ലില്‍ സ്പര്‍ശിപ്പിക്കുക. തുമ്പിയുടെ ശരീരഘടന അനുസരിച്ച് കാലുകള്‍ കല്ലില്‍ ചുറ്റിപ്പിടിക്കും. തുമ്പിയെ മുകളിലേയ്ക്ക് ഉയര്‍ത്തും. കല്ല് കാലില്‍ തൂങ്ങിക്കിടക്കും. പിന്നീട് വലിപ്പം കൂടിയ കല്ലിലാവും പരീക്ഷണം. ശരീരശാസ്ത്രം മറിച്ച് അനുവദിക്കാത്തതിനാല്‍ തുമ്പി അതും ഉയര്‍ത്തും. സമയം ദീര്‍ഘിക്കുമ്പോള്‍ തുമ്പിയുടെ ചിറകോ കാലോ പറിഞ്ഞുപോകും. പാവം തുമ്പി ചാകും എന്നതാണ് തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കല്‍ എന്ന ക്രൂരവിനോദത്തിൻ്റെ ആത്യന്തിക ഫലം. ആ അര്‍ത്ഥത്തിലാണ് തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കല്‍ എന്നത് മലയാള ഭാഷയില്‍ ഒരു ശൈലിയായി മാറിയത്.Copyright- www.ovsonline.in

ഇന്ന് തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നത് നേരിട്ടു കാണണമെങ്കില്‍ മലങ്കര സഭയിലേക്കു നോക്കിയാല്‍ മതി. തുമ്പിയുടെ സ്ഥാനത്ത് മലങ്കര മെത്രാപ്പോലീത്തായാണ്. ഭദ്രാസന ഭരണമാണ് വിഷയം. കോട്ടയം സെന്‍ട്രല്‍ കൂടാതെ ആറു ഭദ്രാസനങ്ങളാണ് മെത്രാന്മാരുടെ അഭാവംമൂലം പ. പിതാവ് ഭരിക്കാന്‍ നിര്‍ബന്ധിതനായിരിക്കുന്നത്! മലങ്കരയുടെ ലൗകികവും വൈദികവും ആത്മീയവുമായ ഭരണത്തിൻ്റെ പ്രധാന ഭാരവാഹിത്വം ഈ ഘടനയ്ക്കു വിധേയമായി മലങ്കര മെത്രാപ്പോലീത്തായില്‍ നിക്ഷിപ്തമായിട്ടുള്ളതാകുന്നു എന്ന മലങ്കരസഭാ ഭരണഘടന 94-ാം വകുപ്പനുസരിച്ച് മലങ്കര മെത്രാപ്പോലീത്താ കൂടിയായ പൗരസ്ത്യ കാതോലിക്കായ്ക്ക് വൈധവ്യം പ്രാപിച്ച ഇടവകകള്‍ ഏറ്റെടുക്കാതിരിക്കാന്‍ ആവില്ല. പക്ഷേ ഇപ്പോള്‍ നടക്കുന്നത് ശരിക്കും തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കല്‍ ആണെന്നാണ് ഈ ലേഖകൻ്റെ പക്ഷം. ഇപ്രകാരം കല്ലെടുപ്പിക്കുന്നത് ആരെന്ന് പിന്നാലെ പറയാം.

ഈ ഭദ്രാസനങ്ങളിലെല്ലാം താല്‍ക്കാലികമായി സഹായ മെത്രാന്മാരെ നിയമിച്ചിട്ടുണ്ട് എന്ന എതിര്‍വാദം ഉന്നയിക്കാം. പക്ഷേ അതു നിരര്‍ത്ഥകമായ ഒരു പ്രവര്‍ത്തിയാണ്. ഇന്നുവന്ന് നാളെ പോകുമെന്ന് ഉറപ്പുള്ള അവരെ, വിശിഷ്യാ വൈദികര്‍, വകവെയ്ക്കുകയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സഭാ ഭരണഘടനപ്രകാരം പിന്തുടര്‍ച്ചാവകാശത്തോടുകൂടി നിയമിക്കപ്പെടുന്ന സഹായമെത്രാന്മാര്‍ പോലും മലങ്കരയില്‍ വെറും കടലാസ് പുലികളാണ്. അതിനാലാണ് തൻ്റെ അടുത്ത സുഹൃത്തിനെ സഭാ ഭരണഘടനപ്രകാരമുള്ള സഹായ മെത്രാനായി നിയമിച്ചപ്പോള്‍ സഭാകവി സി. പി. ചാണ്ടി അദ്ദേഹത്തെ നിസഹായ മെത്രാന്‍ എന്നു പരസ്യമായി വിശേഷിപ്പിച്ചത്! ആത്യന്തികമായി അത്തരം ഭദ്രാസനങ്ങളുടെ ദൈനംദിന ഭരണംപോലും പ. പിതാവിൻ്റെ തലയില്‍ വന്നുചേരും. അതാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

1877-ല്‍ പ. പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസ് മലങ്കര സഭയെ ഏഴ് ഭദ്രാസനങ്ങളായി തിരിച്ചതും മലങ്കര മെത്രാപ്പോലീത്തായെ കൂടാതെ ആറു മെത്രാന്മാരെക്കൂടി വാഴിച്ചതും മലങ്കര മെത്രാൻ്റെ ഭരണഭാരം കുറയ്ക്കാന്‍ ഒന്നും ആയിരുന്നില്ല. മറിച്ച് മലങ്കര മെത്രാപ്പോലീത്താ എന്ന ഏകഛത്രാധിപതിയെ ചുരുട്ടിക്കൂട്ടി കേവലം തനിക്ക് വിശ്വസ്തവിധേയനായ ഒരു ഇടവക മെത്രാന്‍ മാത്രമായി ഒതുക്കുവാന്‍ വേണ്ടി ആയിരുന്നു. തൻ്റെ മുന്‍ഗാമി മലങ്കരയുടെമേല്‍ മുഴുവന്‍ അധികാരത്തോടെ സ്ഥാത്തിക്കോന്‍ കൊടുത്ത പുലിക്കോട്ടില്‍ മാര്‍ ജോസഫ് ദീവന്നാസ്യോസ് അഞ്ചാമനെ താന്‍ പുതുതായി സൃഷ്ടിച്ച കൊല്ലത്തിൻ്റെ മെത്രാനായി മാത്രം ഒതുക്കി പുനര്‍നിയമിച്ചതും, ഒരുവന്‍ മറ്റൊരുവൻ്റെ ഇടവകയില്‍ കടക്കരുതെന്നു നവമെത്രാന്മാര്‍ക്കു കല്പന നല്‍കിയതും മാത്രം ഇതിനു തെളിവായി എടുത്താല്‍ മതി. മൊത്തം മെത്രാന്മാരുടെ എണ്ണം ഏഴില്‍ നിര്‍ത്താന്‍ പാത്രിയര്‍ക്കീസിനു യാതൊരു ഉദ്ദേശവും ഇല്ലായിരുന്നു താനും.

പ. പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസിൻ്റെ ഉദ്ദേശം മലങ്കരയെ പന്ത്രണ്ട് ഇടവകകളാക്കുക എന്നതായിരുന്നു എന്ന് അദ്ദേഹം കൊച്ചി ഭദ്രാസനത്തിനായി വാഴിച്ച മാര്‍ ശെമവോന്‍ ദീവന്നാസ്യോസിന്റെ സ്ഥാത്തിക്കോനില്‍ വ്യക്തമാക്കുന്നുണ്ട്.Copyright- www.ovsonline.in

…ഇതു നിമിത്തമായിട്ടു നമ്മുടെ ജനങ്ങളുടെ പള്ളികളെ ഏഴു ഇടവകകളായിട്ടു നാം തിരിച്ചു. നമ്മുടെ കര്‍ത്താവു പന്ത്രണ്ടു ശ്ലീഹന്മാരെ നാലു ഭാഗത്തും പറഞ്ഞയച്ചു, കൊയ്ത്തു വളരെയും വേലക്കാര്‍ ചുരുക്കവും ആകുന്നു. തൻ്റെ കൊയ്ത്തിനു വേലക്കാരെ അയപ്പാന്‍ കൊയ്ത്തിൻ്റെ ഉടമസ്ഥനോടു അപേക്ഷിപ്പിന്‍ എന്നു അവരോടു അരുളിച്ചെയ്തിരിക്കുന്നപ്രകാരം പന്ത്രണ്ടു ആയിരിക്കേണ്ടതായിരുന്നു. എന്നാല്‍ നമ്മുടെ ബലഹീനത കൊയ്ത്തിൻ്റെ ഉടമസ്ഥങ്കലേക്കു ആശ്രയിച്ചു. ഏഴു ഇടവകകള്‍ ആയിട്ടു വിഭാഗിപ്പാന്‍ താന്‍ നമ്മുടെ ബൊധത്തെ ഉണര്‍ത്തുകയും ചെയ്തു…  യഥാര്‍ത്ഥത്തില്‍ ഏഴു ഇടവകകളാക്കി വിഭജനം ചുരുക്കാന്‍ പാത്രിയര്‍ക്കീസിൻ്റെ ബോധത്തെ ഉണര്‍ത്തിയ കൊയ്ത്തിൻ്റെ ഉടമസ്ഥന്‍ മലങ്കര അസോസിയേഷനാണ്. ഏകപക്ഷീയമായി പാത്രിയര്‍ക്കീസ് നടത്തിയ മെത്രാന്‍ വാഴ്ചകളെ എതിര്‍ത്ത് മാനേജിംഗ് കമ്മറ്റിയുടെ രാജിയും, അതേ കാരണത്താല്‍ 1877 ജനുവരി 27 – 30 തീയതികളില്‍ വെളിയനാടു കൂടിയ മലങ്കര അസ്സോസിയേഷൻ്റെ ബഹിഷ്‌കരണവും പാത്രിയര്‍ക്കീസിന് വ്യക്തമായ സന്ദേശമാണ് നല്‍കിയത്. തൻ്റെ ഏകനായകത്വത്തിനു വിധേയരാകാന്‍ മലങ്കര നസ്രാണികള്‍ തയ്യാറല്ല എന്നു പാത്രിയര്‍ക്കീസിനു വ്യക്തമായി. ഈ പശ്ചാത്തലത്തിലാണ് ഇടവകകളുടെ എണ്ണം ഏഴായി ചുരുക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായത്.

ഈ വിഭജനം മലങ്കര മെത്രാനെ ശാക്തീകരിക്കുവാന്‍ അല്ല, മറിച്ച് തനിക്ക് പ്രതിവര്‍ഷ കപ്പം – റിശ്ശീസാ – പിരിക്കുവാനുള്ള എതിര്‍വാക്ക് ഉരിയാടാനാവാത്ത സംവിധാനം മാത്രമായിരുന്നു എന്ന് അതേ സ്ഥാത്തിക്കോനിലെ താഴെ പറയുന്ന ഭാഗം വ്യക്തമാക്കുന്നുണ്ട്.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

…നമ്മുടെ പ്രിയ മക്കളേ, നമ്മുടെ സ്ഥലങ്ങളില്‍ 20 ഇടവകകള്‍ ഉണ്ടു. എല്ലാ മെത്രാന്മാരും താന്താൻ്റെ ഇടവകയില്‍ ഇരുന്നു ഭരിക്കും. അവരുടെ തലവനായ പാത്രിയര്‍ക്കീസിൻ്റെ ശബ്ദത്തെ അവര്‍ കെട്ടു അനുസരിക്കും. അവൻ്റെ കല്പന കൂടാതെ ഒന്നും ചെയ്ക ഇല്ല. എല്ലായ്‌പ്പോഴും റീശീസാ ശേഖരിച്ച സിംഹാസനത്തിങ്കലേക്കു അയക്കുകയും ചെയ്യും. അവരില്‍ ഒരുത്തന്‍ നിഷേധിച്ചു വിശ്വാസ വിപരീതിയും ആയി പാത്രിയര്‍ക്കായുടെ കല്പനയ്ക്കു മറുത്തുനിന്നാല്‍ അവനെ ഒരു ലേഖനം കൊണ്ടു നീക്കിക്കളയും. അരെങ്കിലും രാജാക്കന്മാരിലോ നാടുവാഴികളിലോ ന്യായാധിപന്മാരിലോ ജനപ്രമുഖന്മാരിലോ അഭയം പ്രാപിച്ച പാത്രിയര്‍ക്കായുടെ ബോധത്തെ കലക്കിയാല്‍, പിതാക്കന്മാരാല്‍ കല്പിക്കപ്പെട്ടിരിക്കുന്ന ചട്ടപ്രകാരം അവന്‍ ശപിക്കപ്പെട്ടവനും സ്ഥാനഭ്രഷ്ടനുമായിരിക്കും…

പക്ഷേ നയകോവിദനായ പുലിക്കോട്ടില്‍ മാര്‍ ജോസഫ് ദീവന്നാസ്യോസ് അഞ്ചാമന്‍ തനിക്ക് എതിര്‍ശക്തിയായി പാത്രിയര്‍ക്കീസ് സൃഷ്ടിച്ച ആറ് നവമെത്രാന്മാരെ അദ്ദേഹത്തിൻ്റെ മടക്കയാത്രയ്ക്കുശേഷം ദിവസങ്ങള്‍ക്കുള്ളില്‍ തൻ്റെ സഹായികളാക്കി മാറ്റുന്നതില്‍ വിജയിച്ചു. അത് അതേപടി നിലനിര്‍ത്തുന്നതില്‍ പില്‍ക്കാലത്ത് അദ്ദേഹം നയഭയം കാണിക്കാന്‍ മടിച്ചില്ല എന്നതും ചരിത്രം.

പിന്നീട് ഉര്‍വശീശാപം ഉപകാരമായി എന്ന മട്ടിലായി ഈ മെത്രാന്‍ നിയമനങ്ങള്‍. വേറിട്ടും മുതല്‍ ഉണ്ടാക്കി മലങ്കര സഭയുടെ അതിരുകളെ വിസ്തൃതമാക്കിയ മാര്‍ ജോസഫ് ദീവന്നാസ്യോസ് അഞ്ചാമനു പൊതുഭരണം പോലും താങ്ങാവുന്നതില്‍ അധികമായി. അതിനാലാണ് അദ്ദേഹം മാനേജിംഗ് കമ്മറ്റിയെ ഞെട്ടിച്ചുകൊണ്ട് 1895 വൃശ്ചികം 11-ന് കോട്ടയം പഴയ സെമിനാരിയില്‍ നടന്ന യോഗത്തില്‍ തൻ്റെ രാജി സന്നദ്ധത അറിയിച്ചത്. അതിനെപ്പറ്റി അതേ മാസത്തില്‍ ഇടവക പത്രികയില്‍ വന്ന റിപ്പോര്‍ട്ട് ഇപ്രകാരമാണ്:

…പ്രസിഡന്റു മെത്രാപ്പോലീത്താ അവര്‍കള്‍ തൻ്റെ പ്രായാധിക്യവും ക്ഷീണവും മൂലം മലങ്കര ഇടവകയുടെ ഭരണം ഒഴിവാന്‍ ആഗ്രഹിക്കുന്നു എന്നും തനിക്കു പകരമായി തൻ്റെ സ്ഥാനത്തേക്കു ഒരു മേല്പട്ടക്കാരനെ നിയമിക്കണമെന്നു ആഗ്രഹിക്കുന്നതായും പ്രസ്താവിച്ചു. ഈ പ്രസ്താവം കമ്മട്ടിക്കാരില്‍ വളരെ ഖേദത്തെ ജനിപ്പിച്ചു. എങ്കിലും അവിടുന്ന് വളരെ ഊര്‍ജ്ജിതമായും ജനപ്രീതിയോടെും നടത്തിവരുന്ന ഭരണത്തെ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നതു കമ്മട്ടിക്കാര്‍ക്കു മാത്രമല്ല മലങ്കര ഇടവകയ്ക്കു ഒട്ടുക്കു വ്യസനകരമായ ഒരു സംഗതിയാകകൊണ്ടു ഈ ആഗ്രഹത്തെ പിന്‍വലിക്കണമെന്നു കമ്മട്ടിക്കാര്‍ വളരെ അപേക്ഷിക്കമൂലം തിരുമനസുകൊണ്ടു തല്‍ക്കാലത്തേയ്ക്കു സമ്മതിച്ചു. ഏന്നാല്‍ അവിടുത്തെ ഭാരങ്ങളില്‍ സഹായിയായിരിപ്പാന്‍ ഒരു മെത്രാപ്പോലീത്തായെ കൂടെ ചുമതലപ്പെടുത്തണമെന്നു നിശ്ചയിച്ചു…

ഇതിൻ്റെ അടിസ്ഥാനത്തിലാണ് ആ മാനേജിംഗ് കമ്മറ്റി യോഗം …പൊതുവിനടുത്ത കാര്യങ്ങളില്‍ പ്രസിഡണ്ടറു മെത്രാപ്പൌലീത്തായെ സഹായിക്കുന്നതിനു… പ. പരുമല തിരുമേനിയെ നിയമിച്ചത്. അതിനുശേഷം ഒരു വ്യാഴവട്ടത്തിലധികം കാലം കൂടി മലങ്കരസഭയെ വിജയകരമായി നയിച്ച് പിന്‍ഗാമിയെ തിരഞ്ഞെടുത്തു വാഴിച്ച് അധികാരം ഒഴിഞ്ഞുകൊടുത്തശേഷമാണ് മാര്‍ ജോസഫ് ദീവന്നാസ്യോസ് അഞ്ചാമന്‍ കാലം ചെയ്തത് എന്ന വസ്തുതകൂടി ഇതോടൊപ്പം ചിന്തിക്കണം.

ഇന്ന് മലങ്കര മെത്രാൻ്റെ സ്വാഭാവിക ഉത്തരവാദിത്വങ്ങള്‍ തന്നെ അന്നത്തേതില്‍നിന്നും ശതഗുണീഭവിച്ചിരിക്കുന്നു. അതിനു പുറമേ ഭദ്രാസനങ്ങളില്‍ നിന്നുള്ള അപ്പീലുകളും ഭരണകാര്യക്ഷമതയില്ലാത്ത മെത്രാന്മാര്‍ വരുത്തിവയ്ക്കുന്ന തലവേദനകളും ആവശ്യത്തിലേറെയുള്ളപ്പോഴാണ് ഈ ഭദ്രാസനങ്ങള്‍കൂടി വഹിക്കേണ്ടി വരുന്നത്. ശരിക്കും തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കല്‍ എന്ന ക്രൂര വിനോദം!

ഇതിനുള്ള പ്രതിവിധി മെത്രാന്‍ തിരഞ്ഞെടുപ്പു നടത്തുക എന്നതാണ്. മെത്രാന്മാരുടെ എണ്ണം കൂട്ടുന്നതിന് ഈ ലേഖകന്‍ വ്യക്തിപരമായി എതിരാണ്. പ. സുന്നഹദോസിൻ്റെ കാര്യക്ഷമത കുറയും എന്നതാണ് കാരണം. ഇക്കാര്യം മുമ്പുതന്നെ ഒരാള്‍ക്കെത്ര മെത്രാന്‍ വേണം എന്ന ലേഖനത്തില്‍ ഈ ലേഖകന്‍ സമര്‍ത്ഥിച്ചിട്ടുണ്ട്. പക്ഷേ നിവൃത്തിയില്ലാത്ത സാഹചര്യത്തില്‍ ഒരു പുതിയെ മെത്രാന്‍ തിരഞ്ഞെടുപ്പിനെപ്പറ്റി അടിയന്തിരമായി ചിന്തിക്കേണ്ടിയിരിക്കുന്നു. പക്ഷേ അത് ഒഴിവു നികത്താന്‍ മാത്രമായിരിക്കണം.Copyright- www.ovsonline.in

അല്ലങ്കില്‍ പിന്നൊരു മാര്‍ഗ്ഗം ഭദ്രാസനങ്ങളുടെ ലയനമാണ്. പക്ഷേ അതു പ്രായോഗികമല്ല. പല പുതിയ ഭദ്രാസനങ്ങളുടേയും വികസനം – അതായത് പലരുടേയും കാഴ്ചപ്പാടില്‍ അരമനപണി – പൂര്‍ത്തിയായ സ്ഥിതിക്ക് അത്തരമൊരു നീക്കം അചിന്ത്യമാണ്.

ഇതിനെക്കാളൊക്കെ ലളിതവും സുഗമവുമായ ഒരു മാര്‍ഗ്ഗമുണ്ട്. ഒരു മെത്രാനെ രണ്ടു ഭദ്രാസനങ്ങളുടെ വീതം പൂര്‍ണ്ണ ചുമതല ഏല്‍പ്പിക്കുക എന്നതാണത്. അപ്രായോഗികം എന്നു കരുതി ആരും നെറ്റിചുളിക്കേണ്ടതില്ല. ഇത് വിജയകരമായി നടപ്പാക്കിയ ചരിത്രം മലങ്കരസഭയ്ക്കുണ്ട്. നിരണത്തിൻ്റെ മെത്രാപ്പോലീത്താ ആയി വാഴിക്കപ്പെട്ട പ. പരുമല തിരുമേനി അതോടൊപ്പം തുമ്പമണ്‍, കൊല്ലം ഭദ്രാസനങ്ങളുടെ കൂടെ ചുമതല ജീവിതാന്ത്യംവരെ വഹിച്ചതും, അതേ കാലത്തുതന്നെ കോട്ടയത്തിൻ്റെ കടവില്‍ പൗലോസ് മാര്‍ അത്താനാസ്യോസ് അങ്കമാലി കൂടി വിജയകരമായി ഭരിച്ചതും തന്നെ നല്ല ഉദാഹരണങ്ങള്‍. സമീപ കാലത്ത് ഡോ. ഫീലിപ്പോസ് മാര്‍ തേയോഫീലോസ് അങ്കമാലിയോടൊപ്പം ബോംബേ ഭദ്രാസനത്തിൻ്റെകൂടി ചുമതല പൂര്‍ണ്ണമായും വിജയകരമായും കൈകാര്യം ചെയ്തതും കോട്ടയത്തിൻ്റെ സഹായ മെത്രാനായിരുന്ന മാത്യൂസ് മാര്‍ ബര്‍ണബാസ് ഇടുക്കിയുടെ മെത്രാന്‍ സ്ഥാനവും കൂടി ഒരേസമയം വഹിച്ചതും ഉദാഹരണമായി എടുക്കാം.

ഭദ്രാസനത്തിനു തുല്യം മെത്രാന്മാര്‍ എന്ന തെറ്റായ ധാരണയാണ് കൂടുതല്‍ മെത്രാന്മാര്‍ വേണമെന്ന മുറവിളിയുടെ മുഖ്യകാരണം. മെത്രാസനം അഥവാ ഇടവക, മെത്രാൻ്റെ സ്വകാര്യസ്വത്തായി കണക്കാക്കി പ്രചരിപ്പിക്കുന്ന പൗരോഹിത്യ അധിനവേശമാണ് ഈ മിത്ഥ്യാധാരണ പടര്‍ത്തിയത്. ഭദ്രാസനം അഥവാ മെത്രാസനം എന്നത് ഭരണപരമായ ഒരു സംവിധാനവും ഘടകവുമാണ്. അതിന് അതിന്റേതായ ഭദ്രാസന സെക്രട്ടറി, കൗണ്‍സില്‍ മുതലായ സ്വതന്ത്ര ചട്ടക്കൂടുമുണ്ട്. ഒരോ ഭദ്രാസനത്തിനും സ്വന്തമായി ഒരോ മെത്രാന്‍ വേണമെന്നില്ല. ഭദ്രാസനത്തിന് ഒരു മെത്രാന്‍ വേണമെന്നേ ഉള്ളു. ഒരു മെത്രാന്‍ ഒന്നിലധികം ഭദ്രാസനങ്ങളുടെ ചുമതലയേല്‍ക്കുന്നതില്‍ നിയമതടസമൊന്നുമില്ല. ആറു ഭദ്രാസനങ്ങള്‍ ഉള്ളപ്പോള്‍ത്തന്നെ 1911-ല്‍ പോലും, മലങ്കരയ്ക്ക് മൂന്നിലധികം മെത്രാന്മാര്‍ ആവശ്യമില്ലെന്ന വാദത്തില്‍ മാനേജിംഗ് കമ്മറ്റി ഉറച്ചുനില്‍ക്കുകയായിരുന്നു എന്നതും കണക്കിലെടുക്കണം.

താല്‍ക്കാലിക സഹായ മെത്രാന്മാര്‍ക്ക് ഒരു ഭരണഘടനാ പ്രതിസന്ധിയുണ്ട്. മലങ്കരസഭാ ഭരണഘടനയുടെ 79, 80 വകുപ്പുകളനുസരിച്ച് അവര്‍ക്ക് അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റിയില്‍ അംഗത്വമില്ല. 80-ാം വകുപ്പിലെ …മലങ്കര മെത്രാപ്പോലീത്താ മാനേജിംഗ് കമ്മറ്റിയുടെ പ്രസിഡണ്ടും ഭരണമുള്ള ശേഷം മെത്രാന്മാര്‍ വൈസ് പ്രസിഡണ്ടന്മാരും ആയിരിക്കുന്നതാകുന്നു… എന്ന ഭാഗം മാത്രമാണ് അവരെ മാനേജിംഗ് കമ്മറ്റി അംഗങ്ങളാക്കുന്നത്. ഇതേപോലെതന്നെ 72-ാം വകുപ്പ് മലങ്കര അസോസിയേഷനിലെ അംഗത്വവും …ഭരണമുള്ള ശേഷം മേല്പട്ടക്കാര്‍… എന്നു പരിമിതപ്പെടുത്തുന്നു. അസോസിയേഷന്‍/ മാനേജിംഗ് കമ്മറ്റി അംഗത്വം വൈദികര്‍, അവൈദികര്‍ എന്നു ക്ലിപ്തപ്പെടുത്തിയിരിക്കുന്നതിനാല്‍ മേല്‍പ്പട്ടക്കാര്‍ക്ക് തിരഞ്ഞെടുക്കപ്പെടാനോ നോമിനേറ്റ് ചെയ്യപ്പെടാനോ അര്‍ഹത ഇല്ല. അതായത് സഭാഭരണഘടന 64-ാം വകുപ്പു പ്രകാരം നിയമിക്കപ്പെടാത്തവരും റിട്ടയര്‍ ചെയ്തവരുമായ മെത്രാന്മാര്‍ എല്ലാം പുറത്തു നില്‍ക്കേണ്ടിവരും!

ഇതിനേക്കാള്‍ അപകടകരമായ ഒരു വസ്തുതയുണ്ട്. താല്‍ക്കാലിക സഹായ മെത്രാന്മാര്‍ നടത്തുന്ന അച്ചടക്ക നടപടികള്‍ക്കും നിയമനങ്ങള്‍ക്കും സ്ഥലംമാറ്റങ്ങള്‍ക്കുമടക്കം ഭദ്രാസന മെത്രാപ്പോലീത്തായുടെ അധികാരത്തില്‍പ്പെട്ട യാതൊരു നടപടിക്കും സഭാഭരണഘടനാപരമായ പരിരക്ഷയില്ല. അതിനാല്‍ത്തന്നെ നിയമപരമായ നിലനില്‍പ്പുമില്ല. അവ കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടാല്‍ സാധുത സ്ഥാപിച്ചെടുക്കുക അസാദ്ധ്യമാണ്. കലുഷിതമായ വര്‍ത്തമാനകാല സാഹചര്യത്തില്‍ അതീവ ഗൗരവമുള്ള ഒരു വിഷയമാണിത്. അതിനാല്‍ത്തന്നെ ഇത്തരം ഭദ്രാസനങ്ങളില്‍ നിയമപരമായ നടപടികള്‍ എടുക്കേണ്ട ബാദ്ധ്യത മലങ്കര മെത്രാപ്പോലീത്തായില്‍ത്തന്നെ വന്നുചേരുന്നു. വീണ്ടും തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കല്‍!

താല്‍ക്കാലിക സഹായ മെത്രാന്മാര്‍ അത്യന്തം നിസഹായ മെത്രാന്മാര്‍ ആണന്നറിയാവുന്ന ഞാഞ്ഞുലുകളും എട്ടുകാലി മമ്മൂഞ്ഞുകളും നടത്തുന്ന പരാക്രമങ്ങളാണ് അടുത്ത അപകടം. ഇത്തരം മെത്രാന്മാരെ ആണ് അവര്‍ മുള്‍മുനയില്‍ നിര്‍ത്തി ഭരിക്കാന്‍ ശ്രമിക്കുന്നത്! സുപ്രീംകോടതി നിരോധിച്ച സമാന്തരഭരണമാണ് ഇവര്‍ ഇത്തരം ഭദ്രാസനങ്ങളില്‍ നടത്തുവാന്‍ ശ്രമിക്കുന്നത്. കത്തനാരുമാരും സമുദായ പ്രാണികളും ഉള്‍പ്പെടുന്ന ഇവര്‍ തന്‍പോരിമ കാണിക്കാന്‍ അനാവശ്യമായി ഉണ്ടാക്കുന്ന ഈ പ്രശ്‌നങ്ങളും അവസാനം പരിഹരിക്കേണ്ടത് മലങ്കര മെത്രാപ്പോലീത്താ!

1877-ല്‍ പത്രോസ് പാത്രിയര്‍ക്കീസ് രൂപീകരിച്ച ആറു ഭദ്രാസനങ്ങള്‍ മുക്കാല്‍ നൂറ്റാണ്ടുകാലം അതേപടി നിലനിന്നു. 1910-ല്‍ രൂപീകൃതമായ ക്‌നാനായ ഭദ്രാസനം മാത്രമാണ് ഇതിനൊരപവാദം. പക്ഷേ അതിൻ്റെ രൂപീകരണ ഹേതു വംശീയം (Ethnic) ആയിരുന്നു. പീന്നീട് 1950-കളില്‍ മലബാര്‍ – ബാഹ്യകേരള ഭദ്രാസനങ്ങള്‍ രൂപംകൊണ്ടു. നസ്രാണി കുടിയേറ്റങ്ങള്‍ പുതിയ ആവസ ഭൂമികകള്‍ അവിടെ സൃഷ്ടിച്ചതാണ് ഇതിനു കാരണം. ഇതേ ആവാസ വികസനമാണ്. ബാഹ്യകേരള ഭദ്രാസനം 1970-കളില്‍ വിഭജിക്കുവാനും തിരുവനന്തപുരം, ഇടുക്കി ഭദ്രാസനങ്ങളും തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി ഭദ്രാസനവും സ്ഥാപിക്കുവാനും കാരണമായത്. ഇതിനിടെ വ്യക്തമായ കാരണങ്ങളോടെ ചെങ്ങന്നൂര്‍, കുന്നംകുളം ഭദ്രാസനങ്ങളും രൂപംകൊണ്ടു.Copyright- www.ovsonline.in

ഇത്തരം മാനദണ്ഡങ്ങളൊന്നും കൂടാതെയാണ് 2009-10 കാലത്ത് കുറെ ഭദ്രാസനങ്ങള്‍ തല്ലിക്കൂട്ടിയത്. അധികാര വിഭജനത്തിലൂടെ ഭരണ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുക എന്ന മനോഹരമായ ആശയമാണ് ഇതിൻ്റെ പശ്ചാത്തലമായി അതിൻ്റെ പ്രായോജകര്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ കുറച്ചുപേര്‍ക്കു ചുവന്നകുപ്പായം സംഘടിപ്പിച്ചുകൊടുക്കാനുള്ള ചിലരുടെ താല്‍പ്പര്യമായിരുന്നു വിചിത്രമായ ഈ ഭദ്രാസന വിഭജനത്തിനു പിമ്പില്‍ എന്നാണ് പിന്നാമ്പുറ സംസാരം.

അതെന്തുമാകട്ടെ. ഈ ലേഖകൻ്റെ ചോദ്യം മറ്റൊന്നാണ്. അന്നത്തെ കാര്യക്ഷമതാ വാദികള്‍ ഈ ആറു ഭദ്രാസനങ്ങള്‍ കാണുന്നില്ലേ? ഈ അധികഭാരം പ. പിതാവിൻ്റെ ചുമലില്‍ വന്നുചേര്‍ന്നത് അവരറിഞ്ഞില്ലെന്നുണ്ടോ? അന്നു വിചിത്രമായ പുതിയ ഭദ്രാസനങ്ങള്‍ സൃഷ്ടിച്ച് മെത്രാന്മാരുടെ അദ്ധ്വാനഭാരം കുറച്ചവര്‍ ആ ഭാരം മുഴുവന്‍ ഇന്നു പ. പിതാവിൻ്റെ തലയില്‍ വന്നു വീണപ്പോള്‍ കാര്യക്ഷമത വര്‍ദ്ധിച്ചതിനെപ്പറ്റി നിശബ്ദരാകുന്നതെന്തുകൊണ്ട്?

ഇനി ആരാണ് തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നത് എന്ന ചോദ്യത്തിന് ഉത്തരം പറയാം. 2009-10-ല്‍ ഭദ്രസന വിഭജനം നടത്തിയ മാനേജിംഗ് കമ്മറ്റി അംഗങ്ങളില്‍ മെത്രാന്മാര്‍ ഒഴികെ ഇരുപതിലധികം പേര്‍ ഇന്നും മാനേജിംഗ് കമ്മറ്റി അംഗങ്ങളാണ്. അവര്‍ക്ക് ഈ ഭാരം ഒഴിവാക്കാനുള്ള ബാദ്ധ്യതയുണ്ട്. ഭദ്രാസന വിഭജനത്തിന് അനുമതി നല്‍കിയ പ. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസിനും – അന്നത്തെ വിഭജനത്തിൻ്റെ ഗുണഭോക്താക്കളായ നവമെത്രാന്മാര്‍ അടക്കം – ഈ അകൃത്യത്തില്‍നിന്നും കൈകഴുകാനാവില്ല.

അറിഞ്ഞുകൊണ്ടല്ലങ്കിലും 1877-ലെ പത്രോസ് പാത്രിയര്‍ക്കീസിൻ്റെ നടക്കാതെപോയ പദ്ധതിക്കു സമാനമായാണ് 2010-ലെ ഭദ്രാസന വിഭജനം നടത്തിയത്. മലങ്കരയെ 12 ഭദ്രാസനങ്ങളായി വിഭജിച്ച് അത്രയും മെത്രാന്മാരെ വാഴിക്കുക എന്നതായിരുന്നു പാത്രിയര്‍ക്കീസിൻ്റെ താല്‍പ്പര്യം. അന്നു മലങ്കരയില്‍ ഉണ്ടായിരുന്നത് 160-ല്‍ താഴെ പള്ളികള്‍ മാത്രമായിരുന്നു. പാത്രിയര്‍ക്കീസ് ഉദ്ദേശിച്ചതുപോലെ പന്ത്രണ്ട് ആയി വിഭജിച്ചിരുന്നുവെങ്കില്‍ ഒരു മെത്രാൻ്റെ ഭരണത്തിലുണ്ടാവുന്നത് പതിമൂന്നോളം പള്ളികള്‍ മാത്രം. ഇത്രയും മെത്രാന്മാര്‍ അനാവശ്യമാണന്ന തിരിച്ചറിവാണ് മാനേജിംഗ് കമ്മറ്റിയുടെ പ്രതിഷേധത്തിനു ഹേതുവായ ഒരു കാരണം. ഏതാണ്ട് അതുപോലെ തന്നെയല്ലേ കഴിഞ്ഞ ഭദ്രാസന വിഭജനം നടത്തിയത്?

സ്ഥിതി അതീവ ഗുരുതരമാണ്. ആറു ഭദ്രാസനങ്ങള്‍ ഒഴിഞ്ഞുകിടക്കുന്നു. രണ്ടു സീനിയര്‍ മെത്രാപ്പോലീത്താമാര്‍ വിരമിക്കാന്‍ തയാറെടുത്തു നില്‍ക്കുന്നു. അധികകാലം സഹായ മെത്രാന്മാര്‍ വഴിയുള്ള നാമമാത്ര ഭരണം തുടരാനാവില്ല. അത് അരാജകത്വവും ആത്യന്തികമായി ഭദ്രാസനങ്ങളുടെ തകര്‍ച്ചയുമാണ് സൃഷ്ടിക്കുക. ഗീവര്‍ഗീസ് മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്തായുടെ കാലശേഷം തിരുവനന്തപുരം ഭദ്രാസനത്തിന് സംഭവിച്ച അപചയത്തിൻ്റെ പാഠം മുമ്പിലുള്ളപ്പോള്‍ സത്വര നടപടി അനിവാര്യമാണ്. ഒന്നുകില്‍ …മലങ്കര അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റിയുടെ ആലോചനയോടും മലങ്കര എപ്പിസ്‌ക്കോപ്പല്‍ സിനഡിൻ്റെ ശുപാര്‍ശ അനുസരിച്ചും കാതോലിക്കാ മെത്രാപ്പോലീത്തന്മാര്‍ക്കു ഇടവക തിരിക്കേണ്ടതാകുന്നു… എന്ന മലങ്കര സഭാ ഭരണഘടന 64-ാം വകുപ്പനുസരിച്ചുള്ള നടപടികള്‍ പൂര്‍ത്തീകരിച്ച് നിലവിലുള്ള മെത്രാന്മാര്‍ക്ക് പൂര്‍ണ്ണ ചുമതല നല്‍കുക. അല്ലെങ്കില്‍ പുതിയ മെത്രാന്മാര്‍ തിരഞ്ഞെടുപ്പിനുള്ള നടപടികള്‍ അടിയന്തിരമായി ആരംഭിക്കുക. എന്തെങ്കിലും ഒന്നു ചെയ്‌തേപറ്റു.

പ. പിതാവും ഒരു മനുഷ്യനാണ്. അദ്ദേഹത്തിനും വഹിക്കാവുന്ന ഭാരത്തിനു പരിധിയുണ്ട്. ഈ യാഥാര്‍ത്ഥ്യം എല്ലാവരും മനസിലാക്കണം. പ്രത്യേകിച്ചും പ. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസും, എൻ്റെ യജമാനനും ഉപദേശകനും സഹായിയും എന്നു പ. വട്ടശ്ശേരില്‍ തിരുമേനി വിശദീകരിച്ച മാനേജിംഗ് കമ്മറ്റിയും.

ഡോ. എം. കുര്യന്‍ തോമസ്Copyright- www.ovsonline.in
(OVS Online, 26 ഡിസംബര്‍ 2018)

error: Thank you for visiting : www.ovsonline.in