പുല്‍ക്കൂടും കരോളും പിന്നെ സാന്തക്ലോസും; ക്രിസ്മസിനെ വരവേല്‍ക്കാനൊരുങ്ങുമ്പോൾ

ക്രിസ്മസ് അടുത്തു വരികയാണ്. പുല്‍ക്കൂടൊരുക്കി, ക്രിസ്മസ് ഗാനം പാടി, ക്രിസ്മസ് അപ്പൂപ്പനെ കാത്തിരിക്കുകയാണ് നമ്മളെല്ലാം. കരോളും ക്രിസ്മസ് ഗാനവും പുല്‍ക്കൂടും എത്തിയതിന് പുറകില്‍ അനവധി കഥകളുണ്ട്

പുല്‍ക്കൂട് 

ക്രിസ്തുമസ് ആഘോഷത്തിൻ്റെ പ്രകടമായ രൂപങ്ങളിലൊന്നാണ് പുൽക്കൂട്. യേശുവിൻ്റെ ജന്മദിനമായ ക്രിസ്തുമസിന്, യേശു പിറന്ന ബെത്‌ലഹേമിലെ കാലിതൊഴുത്ത് ക്രിസ്തീയ ദേവാലയങ്ങളിലും ഭവനങ്ങളിലും പുനർനിർമ്മിക്കുക എന്ന ആചാരം നിലവിലുണ്ട്. ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടുമുതൽ ഈ രീതി നിലനിന്നിരുന്നതായി കരുതപ്പെടുന്നു.

ആദ്യകാലങ്ങളിൽ പുൽക്കൂടുകൾ നിർമ്മിച്ചിരുന്നത് പുല്ലുകളും ഇഞ്ചിപുല്ലും, വൈക്കോലും പനയോലയും തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ചുകൊണ്ടായിരുന്നു. അങ്ങനെയാണ് പുൽക്കൂട് എന്ന പേര് ആവീർഭവിച്ചത്. ഉണ്ണീശോ, മറിയം ഔസേപ്പ്, പിന്നെ മൂന്ന് രാജാക്കന്മാർ, ആട്ടിടയന്മാർ, ആടുമാടുകൾ, മാലാഖ തുടങ്ങിയവയുടെ രൂപങ്ങൾ പുൽക്കൂടുകളിൽ ഉണ്ടായിരിക്കും. അലങ്കാരമായി നക്ഷത്രങ്ങളും ബലൂണുകളും മറ്റും തൂക്കിയിടുകയും ചെയ്യാറുണ്ട്. ഇപ്പോൾ പുൽക്കൂടുകളുടെ രൂപത്തിനും നിർമ്മാണവസ്തുക്കൾക്കും വളരെയധികം മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. നിയതമായ ഒരു ചട്ടക്കൂടും പുൽക്കൂട് നിർമ്മാണത്തിൽ അവലംബിക്കാറില്ല. പുൽക്കൂട് നിർമ്മിക്കുന്നവരുടെ കലാപരമായ ഭാവനകൾ പുൽക്കൂടുകളിൽ ദൃശ്യമാണ്. ഇന്ന് പുൽക്കൂട് നിർമ്മാണം ഒരു കലാരൂപമായി വളർന്നിരിക്കുന്നു.

വിശുദ്ധ രാത്രിയുടെ പാട്ട്

സൈലന്റ് നൈറ്റ് എന്ന പാട്ടിനെക്കുറിച്ച് പറയുന്ന കഥ ഇതാണ്. 1818 ഡിസംബര്‍ 23-ലെ തണുത്ത രാത്രി. ക്രിസ്മസിന് വെറും രണ്ടു ദിവസമുള്ള ആ രാത്രിയിലാണ് ‘സൈലന്റ് നൈറ്റ്’ എന്ന കരോള്‍ ഗാനം ജനിക്കുന്നത്. രാത്രി പുല്‍ക്കൂട്ടിലാണ് യേശുദേവന്റെ ജനനമെങ്കില്‍ ഓസ്ട്രിയയിലെ ചെറിയ ഒരു പള്ളിയിലായിരുന്നു സൈലന്റ് നൈറ്റിൻ്റെ ജനനം, ജര്‍മ്മന്‍ ഭാഷയില്‍.

ക്രിസ്തുവിൻ്റെ ജനനത്തെ സംബന്ധിച്ച നാടകമവതരിപ്പിക്കുവാന്‍ വേണ്ടിയാണ് ആ മ്യൂസിക്ബാന്‍ഡ് ഓസ്ട്രിയയിലെ ചെറിയ ദേവാലയമായ സെന്റ് നിക്കോളാസില്‍ എത്തുന്നത്. എന്നാല്‍, ദേവാലയത്തിലെ ഓര്‍ഗന്‍ തകരാറായതിനാല്‍ ബാന്‍ഡിന് അത് ഉപയോഗിക്കാന്‍ കഴിയാതെ വന്നു. അതുകൊണ്ട് സാധാരണ ഒരു വീട്ടില്‍ അവര്‍ക്ക് നാടകമവതരിപ്പിക്കേണ്ടി വന്നു. സുവിശേഷത്തിലെ സെന്റ് മാത്യുവിന്റെയും സെന്റ് ലൂക്കായുടെയും ആദ്യ അദ്ധ്യായമാണ് ബാന്‍ഡ് നാടക രൂപത്തില്‍ അവതരിപ്പിച്ചത്.

ബാന്‍ഡിൻ്റെ പ്രകടനം പാസ്റ്ററായ ജോസഫ് മോഹ്ര്‍ൻ്റെ മനസ്സിനെ ശാന്തതയിലാഴ്ത്തി. തിരികെ വീട്ടിലേക്കുള്ള വഴിയിലുടനീളം അദ്ദേഹത്തിൻ്റെ മനസ്സില്‍ യേശുവിൻ്റെ ജനനമായിരുന്നു. യാത്ര മധ്യേ അദ്ദേഹം ഒരു വലിയ കുന്നിന്റെ മുകളില്‍ ചെന്നെത്തി. അവിടെ നിന്നും താഴേക്ക് നോക്കിയ അദ്ദേഹത്തിന് ഗ്രാമം മുഴുവന്‍ മഞ്ഞ് മൂടിയിരിക്കുന്ന മനോഹര ദൃശ്യമാണ് കാണാന്‍ സാധിച്ചത്. രാത്രിയിലെ നിശബ്ദതയിലെ ആ മനോഹര ദൃശ്യത്തില്‍ അദ്ദേഹത്തിൻ്റെ മനസ്സിലേക്ക് വന്നത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം തയ്യാറാക്കിയ ഒരു കവിതയായിരുന്നു. മാലാഖമാര്‍ ഉണ്ണിയേശുവിൻ്റെ തിരുപ്പിറവി അറിയിക്കുന്നതി നെക്കുറിച്ചായിരുന്നു ആ കവിത.

ക്രിസ്മസ് വൈകുന്നേരം പള്ളിയില്‍ നടക്കുന്ന ഒത്തുചേരലില്‍ ഈ കവിത കരോള്‍ ഗാനമാക്കി അവതരിപ്പിക്കണമെന്ന് മോഹ്ര്‍ തീരുമാനിച്ചു. എന്നാല്‍ കവിതയ്ക്ക് ശരിയായ ഒരു ഈണം നല്‍കാന്‍ മോഹ്ര്‍ന് അറിയില്ലായിരുന്നു. പിറ്റേദിവസം പള്ളിയിലെ ഓര്‍ഗന്‍ വായിക്കുന്ന ഫ്രാന്‍സ് സേവ്യര്‍ ഗ്രുബറിനെ പോയി കാണാന്‍ മോര്‍ തീരുമാനിച്ചു. മോര്‍ ചിട്ടപ്പെടുത്തിയ പദ്യത്തിന് ഈണം കൊടുത്ത് കരോള്‍ ഗാനമാക്കാന്‍ ഗ്രുബറിന് അധികം സമയം വേണ്ടി വന്നില്ല. പള്ളിയിലെ ഓര്‍ഗനിലല്ലാതെ ഗിറ്റാറില്‍ അവര്‍ ആ കരോള്‍ ഗാനം ചിട്ടപ്പെടുത്തി ആലപിച്ചു.

ക്രിസ്മസ് കഴിഞ്ഞ് ആഴ്ച്ചകളായപ്പോള്‍ ഓര്‍ഗന്‍ വിദ്വാനായ കാള്‍ മാര്‍കോര്‍ സെന്റ് നിക്കോളാസ് പള്ളിയിലെ ഓര്‍ഗന്‍ നന്നാക്കാനെത്തി. ഓര്‍ഗന്‍ റിപ്പയര്‍ ചെയ്തതിന് ശേഷം ഗ്രുബറിനോട് വായിച്ചു നോക്കാന്‍ ആവശ്യപ്പെട്ടു. ഓര്‍ഗനില്‍ വിരല്‍ തൊട്ട് ഗ്രുബര്‍ വായിച്ചതോ, കഴിഞ്ഞ ദിവസം ഈണമിട്ട കരോള്‍ ഗാനം. ഗ്രുബറിന്റെ ഗാനം ഇഷ്ടപ്പെട്ട കാള്‍ മാര്‍കോര്‍ ആ ഗാനത്തിന്റെ നോട്ട്‌സുമായി മാര്‍കോറിന്റെ ഗ്രാമത്തിലേയ്ക്ക് പോയി. അവിടെയും അത് അവതരിപ്പിച്ചു. അവിടുത്തെ രണ്ട് പ്രമുഖ ഗായക കുടുംബങ്ങളായ റെയ്‌നേഴ്‌സും സ്ട്രാസേഴ്‌സും ഈ ഗാനം കേള്‍ക്കുകയുണ്ടായി. സൈലന്റ് നൈറ്റ്’ ഇരുഗായകസംഘങ്ങളു ടേയും മനം കവര്‍ന്നു. അവര്‍ ആ ഗാനം എല്ലായിടത്തും ഏറ്റുപാടി. കൂടാതെ വടക്കന്‍ യൂറോപ്പിലും അവര്‍ ഈ ഗാനം അവതരിപ്പിച്ചു.

ഒരിക്കല്‍ പ്രഷ്യയിലെ രാജാവായ ഫ്രെഡെറിക്ക് വില്യം നാലാമന്റെ മുന്നിലും അവര്‍ ‘സൈലന്റ് നൈറ്റ്’ അവതരിപ്പിച്ചു. ഗാനത്തില്‍ സംപ്രീതനായ രാജാവ് അവിടുത്തെ കത്തീഡ്രല്‍ പള്ളിയില്‍ എല്ലാ ക്രിസ്മസ് രാത്രിയിലും ഈ ഗാനം ആലപിക്കണമെന്ന് ആജ്ഞാപിച്ചു. വര്‍ഷങ്ങള്‍ കടന്നു പോകും തോറും സൈലന്റ് നൈറ്റ് പല ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടു. 1863- ലാണ് ‘സൈലന്റ് നൈറ്റ്’ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. ഇന്ന് 300 ലധികം ഭാഷകളിലാണ് ‘സൈലന്റ് നൈറ്റ്പാടുന്നത്. വര്‍ഷങ്ങള്‍ കടന്നുപോയെങ്കിലും ഇന്നും ജനിച്ചു വളരുന്ന പുതു തലമുറകള്‍ ഇതേ ഗാനം തന്നെ പാടിക്കൊണ്ടിരിക്കുന്നു.

സമ്മാനവുമായി വരുന്ന സാന്താക്ലോസ്

ദൂരെ ദൂരെ, അങ്ങ് വടക്ക് എപ്പോഴും മഞ്ഞു വീഴുന്ന ദേശത്തു നിന്നും മാനുകള്‍ വലിക്കുന്ന തെരുവില്‍   നിന്നും വണ്ടിയുമായി ക്രിസ്മസ് രാത്രി സാന്താക്ലോസ് വരും. ആരുമറിയാതെ സാന്ത കൊണ്ടുവയ്ക്കുന്ന സമ്മാന പൊതികളെ സ്വപ്‌നം കണ്ട് കിടന്നുറങ്ങുന്ന കുട്ടികളുണ്ട്. നല്ല പൊക്കവും ഉരുണ്ടï ശരീരവും വെളുത്ത   മീശയും താടിയും ഉള്ള സാന്ത നമുക്ക് ക്രിസ്മസ് അപ്പൂപ്പനാണ്. പക്ഷെ ആരാണ് യഥാര്‍ത്ഥത്തില്‍ സാന്താ? എന്താണ് അദ്ദേഹത്തിന് ഈ ഒരു രൂപം? എന്തിനാണ് അദ്ദേഹം ക്രിസ്മസ് രാത്രി സമ്മാനപൊതികളുമായി വരുന്നത്? ക്രിസ്മസ്സ് ആഘോഷിക്കാന്‍ തുടങ്ങിയ കാലം മുതല്‍ കാണുന്ന സാന്തായ്ക്ക് ഒരേ രൂപം, ഒരേ പ്രായം. എന്നാല്‍ സാന്ത എങ്ങനെ സാന്തയായെന്ന് അറിയണ്ടേ? ചരിത്ര താളുകള്‍ മറിക്കുമ്പോള്‍ ഒരു പേരു കാണാം- സെന്റ് നിക്കോളാസ്. ആരാണ് സാന്താക്ലോസെന്ന്  വിശദീകരിക്കാം.

ആരാണ് സെന്‍റ്  നിക്കോളാസ്?

നൂറ്റാണ്ടുകള്‍ക്കു മുന്‍പ് തുര്‍ക്കിയിലെ തുറമുഖ പട്ടണമായ പത്താറയിലെ ലിസിയയിലാണ് സെന്റ് നിക്കോളാസിന്റെ ജനനം. പത്തൊന്‍പതാം വയസ്സില്‍ വൈദികനായി. ഈജിപ്ത്, പാലസ്തീന്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷം തിരിച്ചു വന്ന് പത്താറയ്ക്കടുത്തുള്ള മീറയിലെ ബിഷപ്പായി സ്ഥാനമേറ്റു. എന്നാല്‍ð റോമാ സാമ്രാജ്യത്തെ ചക്രവര്‍ത്തിമാര്‍ ക്രിസ്ത്യാനികള്‍ക്കു നേരെ നിഷ്ഠൂരമായ ആക്രമണങ്ങള്‍ അഴിച്ചു വിട്ട് അവരെ അടിച്ചമര്‍ത്തിയിരുന്ന സമയമായിരുന്നു അത്. അക്രമങ്ങളില്‍ പീഢനങ്ങള്‍ ഏറ്റുവാങ്ങിയവരെ രക്ഷിക്കുന്നതിലായി നിക്കോളാസിന്റെ ശ്രദ്ധ. ആ സേവനങ്ങള്‍ക്ക് ലഭിച്ച ശിക്ഷ കാരാഗൃഹമായിരുന്നു. നാട്ടിലെ അക്രമങ്ങള്‍ അവസാനിച്ചപ്പോള്‍ കാരാഗൃഹ വാസത്തില്‍ നിന്ന് മോചനം ലഭിച്ച് പുറത്തു വന്ന നിക്കോളാസ് തന്റെ പ്രവര്‍ത്തനങ്ങള്‍ നിറുത്തിയില്ല. ദാരിദ്ര്യം അനുഭവിക്കുന്നവരെയും അവശരെയും തുടര്‍ന്നും നിക്കോളാസ് സഹായിച്ചു. താന്‍ ആരെന്ന് അറിയിക്കാതെ സമ്മാനങ്ങളും സഹായങ്ങളും എത്തിക്കുന്നതായിരുന്നു നിക്കോളാസിന് താത്പര്യം. പാവപ്പെട്ടവര്‍ക്കു വേണ്ടി ജീവിതം മാറ്റി വച്ച സെന്റ് നിക്കോളാസാണ് പിന്നീട് കൈ നിറയെ സമ്മാനങ്ങളുമായി എത്തുന്ന ഇതിഹാസമായ സാന്താക്ലോസായി മാറിയത്.

ചുവന്ന് വെളുത്ത പഞ്ഞി കുപ്പായം

പഴയകാല ചിത്രങ്ങളില്‍ ബിഷപ്പിൻ്റെ വസ്ത്രം ധരിച്ച വിശുദ്ധ നിക്കോളാസിനെയാണ് കാണുന്നത്. എന്നാല്‍ ചുവന്ന കോട്ടും വെളുത്ത കോളറും ചുവന്ന ട്രൗസേഴ്‌സും കറുത്ത തുകല്‍ ബെല്‍റ്റും ബൂട്ടും ധരിച്ച വെള്ള താടിയും മുടിയും മീശയുമുള്ള തടിച്ച രൂപമാണ് ആധുനിക സാന്താക്ലോസിന്. ഈ ഒരു രൂപം സാന്തയ്ക്ക് നല്‍കിയത് ‘ഫാദര്‍ ഓഫ് പൊളിറ്റിക്കല്‍ കാര്‍ട്ടൂണ്‍’ എന്ന് അറിയപ്പെടുó തോമസ് നാസ്റ്റ് ആണ്. അമേരിക്കയില്‍ ആഭ്യന്തര കലാപം നടക്കുന്ന സമയത്താണ് തോമസ് നാസ്റ്റ് സാന്തയ്ക്ക് ആധുനിക രൂപം നല്‍കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പാതിയിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും നിലനിന്നിരുന്ന പത്രമായിരുന്നു ‘ഹാര്‍പേര്‍സ് വീക്കിലി’. ദിവസേനയുള്ള വാര്‍ത്തകള്‍ക്കൊപ്പം ഗോസിപ്പുകളും കാവ്യങ്ങളും ചിത്രങ്ങളും ഇതില്‍ നിറഞ്ഞിരുന്നു. തോമസ് നാസ്റ്റ് ഈ പത്രത്തിലെ കാര്‍ട്ടൂണിസ്റ്റായിരുന്നു.

Posted Date: 6/dec/2016

 

error: Thank you for visiting : www.ovsonline.in