ഭക്തിനിർഭരമായി ചെമ്പെടുപ്പ് റാസ; ചന്ദനപ്പള്ളി പെരുന്നാളിന് സമാപനം

ചന്ദനപ്പള്ളി: സഹദായുടെ അനുഗ്രഹം തേടിയെത്തിയ പതിനായിരക്കണക്കിനു വിശ്വാസികൾ പങ്കെടുത്ത ചെമ്പെടുപ്പ് റാസയും ഭക്തിനിർഭരമായ ചടങ്ങുകളുമായി ആഗോള തീർഥാടന കേന്ദ്രമായ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പെരുന്നാളിന് സമാപനം. വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചെമ്പെടുപ്പോടെ ആണ് ചടങ്ങുകൾ ആരംഭിച്ചത്. വിശ്വാസികൾ നേർച്ചയായി കൊണ്ടുവരുന്ന അരി ചെമ്പിലിട്ട് പകുതി വേവിച്ച് വിശ്വാസത്തോടും ആഘോഷത്തോടും കൂടി കൊണ്ടുവരുന്ന റാസയ്ക്ക് നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിശ്വാസികൾ ഒഴുകിയെത്തി. പാതി വേവിച്ച ചോറടങ്ങിയ 2 ചെമ്പിലും മുഖ്യ കാർമികനായ വികാരി ഫാ. വർഗീസ് കളീക്കൽ സ്ലീബാ മുദ്ര ചാർത്തിയതോടെ റാസ ആരംഭിച്ചു. ആർപ്പുവിളി നിറഞ്ഞുനിന്ന അന്തരീക്ഷത്തിൽ റാസ കടന്നുവന്നപ്പോൾ നാനാജാതിമതസ്ഥർ പൂക്കൾ, കുരുമുളക്, വെറ്റില എന്നിവ ചെമ്പിലേക്കെറിഞ്ഞ് സ്വീകരിച്ചു.

നൂറുകണക്കിനു മുത്തുക്കുടകൾ, പൊൻ–വെള്ളി കുരിശുകൾ, കൊടികൾ, ചെണ്ടമേളം, ബാൻഡ്മേളം, നിശ്ചലദൃശ്യങ്ങൾ, പഞ്ചവാദ്യം തുടങ്ങിയവ അകമ്പടിയായി. റാസയ്ക്ക് ജംക്‌ഷനിൽ സ്വീകരണം നൽകി. ചലച്ചിത്ര നടൻ ഹരിപ്രശാന്ത് പ്രസംഗിച്ചു. രാവിലെ ചെമ്പിൽ അരിയിടീൽ കർമം നടന്നു. അങ്ങാടിക്കൽ വടക്കുള്ള പുരാതന നായർ തറവാട്ടിലെ കാരണവരുടെ നേതൃത്വത്തിൽ ആയിരുന്നു ആദ്യം അരി ഇട്ടത്. അടുത്ത പെരുന്നാൾ വരെ രോഗങ്ങളും പൈശാചിക ബന്ധനങ്ങളും അകറ്റിനിർത്താനും ഐശ്വര്യത്തിനും സമൃദ്ധിക്കുമായി വിശ്വാസികൾ പാതി വേവിച്ച ചോറു വാങ്ങി ഭവനങ്ങളിൽ കൊണ്ടുപോയി ഉണക്കി സൂക്ഷിക്കുന്നു.

തുടർന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മുഖ്യ കാർമികത്വത്തിലും കുര്യാക്കോസ് മാർ ക്ലിമ്മീസ്, സഖറിയാസ് മാർ അന്തോണിയോസ് എന്നിവരുടെ സഹകാർമികത്വത്തിലും മൂന്നിന്മേൽ കുർബാന നടന്നു. തീർഥാടക സംഗമം കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. മനുഷ്യനും മതങ്ങളും തമ്മിലുള്ള ബന്ധം ശരിയായ ദിശയിൽ നീങ്ങിയാൽ മാത്രമേ നാടിന് പുരോഗതി കൈവരിക്കാൻ കഴിയൂ എന്നും തീർഥാടന കേന്ദ്രങ്ങളിലെ പെരുന്നാൾ മതസൗഹാർദം ഊട്ടി ഉറപ്പിക്കാനായുള്ള വേദികളാകണം എന്നും അദ്ദേഹം പറഞ്ഞു.

വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ. ജോൺ, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, ആന്റോ ആന്റണി എംപി, വീണാ ജോർജ് എംഎൽഎ, ചിറ്റയം ഗോപകുമാർ എംഎൽഎ, ഡോ. ജോർജ് വർഗീസ് കൊപ്പാറ, ട്രസ്റ്റി ബാബുജി കോശി, സെക്രട്ടറി ജോയി ടി. ജോൺ, റോയി വർഗീസ്, റോയി സാമുവൽ, കെ.ജി. ജോയിക്കുട്ടി എന്നിവർ പ്രസംഗിച്ചു. സഭാ ഗുരുരത്നം ഫാ. ഡോ. ടി.ജെ. ജോഷ്വായ്ക്ക് ഓർഡർ ഓഫ് സെന്റ് ജോർജ് അവാർഡ് സമ്മാനിച്ചു. യുവജനപ്രസ്ഥാനത്തിന്റെ സാധുജന സഹായ പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. റാസയ്ക്ക് ഡി. ജോസ്, എം.പി. ഷാജി, ഫിലിപ് തോമസ്, എം. മോനിക്കുട്ടി, ലിസി റോബിൻസ്, ജസ്റ്റസ് നാടാവള്ളിൽ, കെ.പി. സാംകുട്ടി, വർഗീസ് കെ. ജയിംസ്, ജേക്കബ് ജോർജ്, അനിൽ പി. വർഗീസ്, ജോയൻ ജോർജ്, ജോൺസൺ വടശേരിയത്ത്, ജി. തങ്കച്ചൻ എന്നിവർ നേതൃത്വം നൽകി.

error: Thank you for visiting : www.ovsonline.in