ബഥനി ഒരു ഓർമ്മപ്പെടുത്തലാണ്; ബഥനി ഒരു ശേഷിപ്പാണ്:- ഡെറിൻ രാജു.

ഒരു ശതാബ്ദി വർഷമാണ്. മലങ്കര മുഴുവനും ആഘോഷിക്കേണ്ട ശതാബ്ദി. 1918-ൽ മുണ്ടൻമലയിൽ രൂപം കൊണ്ട ബഥനി സന്യാസാശ്രമപ്രസ്ഥാനത്തിൻ്റെ ശതാബ്ദി. ബഥനി തൻ്റെ സ്ഥാപക ലക്ഷ്യങ്ങൾ നേടിയോ എന്നത് വലിയ ഒരു ചോദ്യം തന്നെയാണ്. എങ്കിലും ബഥനിയുടെ പോരാട്ടവും ചെറുത്തുനിൽപ്പും പഠിക്കേണ്ടത് തന്നെയാണ്.Copyright-ovsonline.in

മാർ ഈവാനിയോസ് തന്നെ ഗിരിദീപത്തിൽ എഴുതിയിരിക്കുന്ന പ്രകാരം 1918-ൽ ഇലഞ്ഞിക്കൽ ജോൺ വക്കീൽ നൽകിയ 400 ഏക്കർ സ്ഥലത്ത് ബഥന്യാശ്രമം സ്ഥാപിക്കപ്പെട്ടു. സന്യാസസമൂഹത്തിന് മിശിഹാനുകരണ സഭ (Order of Imitation of Christ) എന്ന് പേരു നൽകുകയും ചെയ്തു. ‘പണിക്കരുവീട്ടിൽ ഈവാനിയോസിൻ്റെ ബുദ്ധിയും പണവും വ്യയം ചെയ്ത് കെട്ടിപ്പൊക്കിയ ബഥനി’ – ഇത് കഴിഞ്ഞ നൂറോളം വർഷങ്ങളായി കേൾക്കുന്ന അല്ലെങ്കിൽ ചിലർ പ്രചരിപ്പിക്കുന്ന കാര്യമാണ്. ഇതിലെ അപക്വത പാറേട്ട് മുതൽ ശ്രീ.കുര്യൻ തോമസ് വരെയുള്ള ചരിത്രകാരൻമാർ വ്യക്തമായി ചൂണ്ടി കാണിച്ചിട്ടുള്ളതാകയാൽ വീണ്ടും അതിലേക്ക് വിശദമായി കടക്കുന്നില്ല. എങ്കിലും രണ്ട് ഉദാഹരണങ്ങൾ മാത്രം ചൂണ്ടിക്കാണിച്ച് അടുത്ത ഭാഗത്തേക്ക് കടന്നു കൊള്ളാം.

മാർ ഈവാനിയോസിൻ്റെ ഗിരിദീപത്തിൽ നിന്നു ലഭിക്കുന്ന വിവരണം ഇപ്രകാരമാണ്. 1094 മേടത്തിലാണ് സെറാമ്പൂരിൽ നിന്നു മടങ്ങി വന്ന മട്ടയ്ക്കൽ അലക്സാണ്ടർ ശെമ്മാശൻ (പിന്നീട് മാർ തേവോദോസ്യോസ്), ഉമ്മൻ സാധു (പിന്നീട് ഫാ. ബർസ്കീപ്പാ), മത്തായി പണിക്കർ എന്നിവർ പെരുനാട്ടിൽ എത്തി ‘മുണ്ടൻ മലയുടെ അടിവാരത്തിൽ, നാട്ടുവഴി അടുത്ത് ഒരു ചെറ്റപ്പുര കെട്ടി താമസം തുടങ്ങിയത്. ഏതാനും മാസങ്ങൾക്ക് ശേഷം ‘കാട്ടുകല്ലും കാട്ടുകഴകളും മുളയും കൊണ്ട് ഇപ്പോൾ ആശ്രമം ഇരിക്കുന്ന സ്ഥലത്ത് ആശ്രമ കെട്ടിടവും ചാപ്പലും ഉണ്ടാക്കുകയും ആശ്രമവാസികളുടെ താമസം അവിടേക്ക് മാറ്റുകയും ചെയ്തു. അതിനു ശേഷം ഫാ. ഗീവറുഗീസും ഫാ. യാക്കോബും അവിടെയെത്തി. 1095-ലെ പെന്തിക്കോസ്തി ദിനത്തിൽ പ്രഥമ സന്യാസ പ്രതിഷ്ഠയും നിർവഹിക്കപ്പെട്ടു. – ഈ ഭാഗത്ത് നിന്ന് നമുക്ക് കൃത്യമായി മനസിലാക്കുവാൻ സാധിക്കും മുണ്ടൻമലയിൽ എത്തിയ ആദ്യ അംഗങ്ങളിൽ പോലും മാർ ഈവാനിയോസ് ഇല്ലായെന്ന വസ്തുത. എന്നാൽ ആദ്യ ആബോ ആയി തിരഞ്ഞെടുക്കപ്പെട്ടത് സീനിയർ അംഗം എന്ന നിലയിൽ മാത്രമാണ്. പെന്തിക്കോസ്തി പെരുന്നാളിൽ പത്രോസ് ശ്ലീഹാ എല്ലാ ശിഷ്യൻമാരുടെ പ്രതിനിധിയായി ജനങ്ങളോട് സംസാരിച്ചത് അദ്ദേഹം മറ്റുള്ളവരെക്കാൾ സീനിയർ ആയത് കൊണ്ടാണല്ലോ. അതിനപ്പുറത്തേക്ക് ഒന്നും ഇവിടെയും കാണേണ്ടതില്ല.

രണ്ടാമത് മലങ്കര മെത്രാപ്പോലീത്താ പ. വട്ടശേരിൽ തിരുമേനി എഴുതിയ സർക്കുലർ ആണ്. 1094 ഇടവം 17-ാം തീയതി കൈപ്പട്ടൂർ പള്ളിയിൽ നിന്നു അയച്ച സർക്കുലറിൽ പറയുന്നത് ഇപ്രകാരമാണ് …സഭയുടെ ശ്രദ്ധ മുഴുവനും സുവിശേഷ വേലയിൽ വയ്ക്കുന്നതിനു സഹായിക്കുന്നതായ പല ഏർപ്പാടുകളും താമസിയാതെ ചെയ്യേണ്ടിയിരിക്കുന്നു. ഇതിലേക്ക് പ്രാരംഭമായി നമ്മുടെ വാത്സല്യപുത്രൻ ഫാ. പി. റ്റി. ഗീവറുഗീസ് നമ്മുടെ ആജ്ഞാനുസരണവും അനുമതിയോടും കൂടി പല ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട് …Copyright-ovsonline.in

ഈ രണ്ട് രേഖകളിൽ നിന്നു തന്നെ ബഥനി എന്നത് ആരുടെയും സ്വകാര്യതയല്ലെന്നും മലങ്കരയുടെ പൊതുസ്വത്തും പിതാക്കൻമാരുടെ കൃത്യമായ മാർഗനിർദേശങ്ങളോടു കൂടി സ്ഥാപിച്ച പ്രസ്ഥാനവുമാണെന്നു മനസിലാക്കാവുന്നതാണ്. അങ്ങനെ ബഥനി സ്ഥാപിക്കപ്പെട്ടു. മലങ്കരയ്ക്ക് ആകെ മൊത്തം നവോൻമേഷവും അദ്ധ്യാത്മിക പ്രസരിപ്പും നൽകുവാൻ പര്യാപ്തമെന്നു പുലിക്കോട്ടിൽ തിരുമേനി മുതൽ ആഗ്രഹിച്ച പ്രസ്ഥാനം അന്നു യാഥാർഥ്യമായി. കാഷായ വസ്ത്രം അതിലെ അന്തേവാസികൾക്ക് അലങ്കാരമായി തീർന്നു. ബഥനി നസ്രാണികളുടെ ഇടയിൽ അംഗീകാരവും ബഹുമതിയും കരസ്ഥമാക്കി. എന്നാൽ പുനരൈക്യമെന്ന വഞ്ചനയിൽ ഈവാനിയോസ് ആ വലിയ സ്വപ്നത്തെ മുക്കിത്താഴ്ത്തി. തൻ്റെ മെത്രാൻ സ്ഥാനാഭിഷേകത്തിൻ്റെ അന്നു മുതൽ (ഒരു പക്ഷേ അതിനു മുൻപും) ഒളിഞ്ഞും തെളിഞ്ഞും പ്രകടിപ്പിച്ച പുനഃരൈക്യത്വര (റോം ഇതുവരെ പുനരൈക്യമെന്ന പേര് ഉപയോഗിച്ചിട്ടില്ല എന്നത് മറ്റൊരു വസ്തുത) പ്രതിസന്ധിക്കയങ്ങളിൽ മുങ്ങിത്താണിരുന്ന സഭയ്ക്ക് നിലയില്ലാ അവസ്ഥ സമ്മാനിച്ചു. അത്രയേറ പ.സഭയും പ. വട്ടശേരിൽ തിരുമേനിയും പണിക്കരുവീട്ടിൽ ഗീവറുഗീസിനെ വിശ്വസിച്ചിരുന്നു. 1092 ഇടവം മൂന്നാം തീയതി മലങ്കര മെത്രാപ്പോലീത്താ വട്ടശേരിൽ തിരുമേനി ഗീവറുഗീസ് കശ്ശീശായ്ക്ക് അയച്ച കത്തിൽ അത് അടിവരയിടുന്നുണ്ട്. അതിൽ കാണുന്നത് ….നമുക്ക് ഒരു വിശ്വസ്തനും സത്യസ്നേഹിതനും ഉണ്ടെങ്കിൽ അത് താനാണെന്നു നാം അറിയാത്തവനല്ല. ആ വിശ്വസ്തതയെയാണ് ഈവാനിയോസ് ചതിച്ചത്. പോർച്ചുഗീസുകാരുടെ തങ്കക്കാശു വച്ച കൊഴുക്കട്ട അതിലും എത്രയോ ഭേദമായിരുന്നു.1105 കർക്കടകം 23-ാം തീയതി മാർ ദീവന്നാസിയോസിനെ കണ്ട പാറേട്ട് മാത്യൂസ് കത്തനാർ (പിന്നീട് കോട്ടയം ഇടവകയുടെ മാത്യൂസ് മാർ ഈവാനിയോസ്) തൻ്റെ ഡയറിയിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ് … ബഥനിക്കാര്യമായിരുന്നു ഇന്നത്തെ പ്രധാന സംസാരവിഷയം. ബഥനി മെത്രാച്ചൻ ചതിച്ചു എന്നാണ് വലിയ മെത്രാച്ചൻ പറയുന്നത്. ശേമ്യരുടെ സകല വഞ്ചനകളുടെയും മദ്ധ്യേ അക്ഷോഭ്യനായി നിന്ന ആ മഹാമേരു ഇങ്ങനെ പറയണമെങ്കിൽ എത്രമാത്രം ആ വഞ്ചന അദ്ദേഹത്തെ സ്പർശിച്ചിരിക്കാം.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

എന്നാൽ ബഥനി മുഴുവനായും വിഴുങ്ങിക്കൊണ്ട് പോകുവാൻ ഇവാനിയോസിനു സാധിച്ചില്ല. പർവ്വതസമമായ ശാന്തതയോടെ ഫാ. അലക്സിയോസ് (പിന്നീട് മാർ തേവോദോസിയോസ്) റോമാ പിന്തുണയോടെ ഈവാനിയോസ് നടത്തിയ ശ്രമങ്ങളെ പ്രതിരോധിച്ചു. 20-7-1934 -ൽ പോപ്പിൻ്റെ ഇന്ത്യാ- ഗോവാ – സിലോൺ ഡെലിഗേറ്റിനു ഫാ. അലക്സിയോസ് എഴുതിയ എഴുത്തിൽ അദ്ദേഹം നടത്തിയ പോരാട്ടത്തെക്കുറിച്ച് ഒരു ഏകദേശ ചിത്രം ലഭിക്കുന്നുണ്ട്. റോമയിലേക്ക് പോയ പോക്കിൽ ഈവാനിയോസ് കൊണ്ടുപോയ സഭയുടെ സ്ഥാവര – ജംഗമ വസ്തുക്കളെ ഷെഡ്യൂളുകളായി തിരിച്ചു അതിൽ പറഞ്ഞിരിക്കുന്നു. അതിനുശേഷം പറയുന്നു. … മാർ ഈവാനിയോസും മാർ തെയോഫിലോസും ഏതാനും സന്യാസിമാരോടുകൂടി സുറിയാനി സഭ വിട്ടുപോയപ്പോൾ ബാക്കിയുള്ള ഞങ്ങൾ അവരെ അനുഗമിക്കാതെ ആശ്രമത്തിൻ്റെ പ്രതിനിധികളായി അവിടെ താമസിച്ചു. പെരിനാട്ടിലെ 230 ഏക്കർ സ്ഥലവും അതിലെ കെട്ടിടങ്ങളും ഞങ്ങളുടെ കൈവശം തന്നെ തുടർന്നു. ഈയിടയായി മാർ ഈവാനിയോസും അദ്ദേഹത്തിൻ്റെ സഹോദരൻ മത്തായി പണിക്കരും ഈ സ്ഥലം ബലമായി പിടിച്ചടക്കുന്നതിനും ഞങ്ങളെ ഇറക്കി വിടുന്നതിനും ആലോചിച്ചു വരുന്നു. ഈ ലക്ഷ്യം വച്ചുകൊണ്ട് പത്തു മാസം മുൻപ് മത്തായി പണിക്കരും കുറേ റൗഡികളും ഞങ്ങളുടെ സ്ഥലത്ത് വന്ന് ഞങ്ങളെ പുറത്താക്കുവാൻ ശ്രമിച്ചു. ഞങ്ങൾ ഉടൻ തന്നെ ഈ വിവരം പത്തനംതിട്ട പോലീസ് ഇൻസ്പെക്ടറെ അറിയിക്കുകയും അദ്ദേഹം പെട്ടെന്നു സ്ഥലത്തു വന്ന് ഈ ദുർനടപടി തടയുകയും ചെയ്തു…. എന്നാൽ ചില ദിവസങ്ങൾക്കു മുമ്പ് മത്തായി പണിക്കരും റൗഡികളും ആശ്രമഭൂമി കൈവശപ്പെടുത്തുന്നതിനായി അവിടെ പ്രത്യക്ഷപ്പെട്ടു…Copyright-ovsonline.in

ബഥനിയുടെ പിൽക്കാല ചരിത്രം ഏതാണ്ട് മൂന്നു പതിറ്റാണ്ടുകൾ എങ്കിലും പോരാട്ടത്തിൻ്റെതായിരുന്നു. സ്കൂളുകൾ നേടിയെടുക്കുവാനുള്ള ചുമതല പുത്തൻകാവിൽ കൊച്ചു തിരുമേനിയും ബഥനി പള്ളികളും സ്വത്തുവകകളും വീണ്ടെടുക്കുവാനുള്ള ചുമതല മാർ തേവോദോസ്യേസും ഏറ്റെടുത്തു. മദ്ധ്യസ്ഥശ്രമങ്ങളും ചർച്ചകളും ഫലം കണ്ടില്ല. നിരവധി കത്തുകൾ മാർപാപ്പായുടെ ഇന്ത്യയിലെ പ്രതിനിധിയ്ക്ക് അയച്ചു. കേസായി. 1963-ൽ നേരത്തെ വിട്ടു കൊടുത്തിരുന്ന 24 സ്കൂളുകൾക്ക് പുറമേ 34 സ്കൂളുകൾ കൂടി ഓർത്തഡോക്സ് സഭയ്ക്ക് നൽകി ഹൈക്കോടതി ഉത്തരവായി. കുടിലശ്രമങ്ങൾ വേറെയും നിരവധി ഉണ്ടായി. എന്നാൽ ബഥനി മുങ്ങിപ്പോയില്ല. മുങ്ങിപ്പോകുവാൻ സാധിക്കുമായിരുന്നില്ല. കാരണം തലമുറകൾ കണ്ട സുന്ദരസ്വപ്നമായിരുന്നു ബഥനിയെന്നത്.

ഈ പോരാട്ടക്കഥയാണ് യഥാർഥത്തിൽ ഈ ശതാബ്ദി വർഷത്തിൽ നമ്മൾ ഓർക്കേണ്ടത്. ഒരു സാധു മനുഷ്യൻ – ആബോ അലക്സിയോസ് ഒറ്റക്കും കൂട്ടായും നടത്തിയ പരിശ്രമങ്ങളെ ഓർക്കേണ്ട ബാധ്യത നസ്രാണിക്കുണ്ട്. ഈ പോരാട്ടത്തിനടയ്ക്ക് ബഥനി അതിൻ്റെ സ്ഥാപക ലക്ഷ്യങ്ങൾ നേടിയോ എന്ന ചോദ്യം തന്നെ അപ്രസക്തമാണ്. എന്നാൽ ഇനി ബഥനി ആ ലക്ഷ്യങ്ങളിലേക്ക് വളരണം. തലമുറകൾക്കുള്ള ശേഷിപ്പായി തീരണം. പുലിക്കോട്ടിൽ തിരുമേനിയും വട്ടശേരിൽ തിരുമേനിയും കണ്ടതും തേവോദോസിയോസ് തൻ്റെ ആയുസ് മുഴുവൻ ഉഴിഞ്ഞുവച്ചതുമായ ബഥനി എന്ന സുന്ദരസ്വപ്നം യാഥാർഥ്യമാകണം.Copyright-ovsonline.in

ഡെറിൻ രാജു.

error: Thank you for visiting : www.ovsonline.in