ഒരക്ഷരം മിണ്ടരുത്?

ഇന്നലെ രാവിലെ മുതൽ വാദങ്ങളും പ്രതിവാദങ്ങളുമായി മലങ്കര സഭാ അംഗങ്ങൾ തമ്മിൽ സോഷ്യൽ പ്ലാറ്റ്‌ഫോമുകളിൽ കൊമ്പുകോർക്കുകയാണ്. പരിശുദ്ധ കാതോലിക്കാ ബാവയുടെ ഒരു പ്രസംഗത്തെ കുറിച്ചാണ് എല്ലാവരും ചർച്ച ചെയ്യുന്നത്.

ലോക് സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രണ്ടു സഭാ അംഗങ്ങൾക്ക് പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനി ആശംസകൾ നേർന്നു എന്നതാണ് പ്രധാന വിഷയമായി ഉയർത്തിക്കാട്ടുന്നത്. എൻ്റെ കുടുംബത്തിൽ നിന്ന് അല്ലെങ്കിൽ പരിചയത്തിൽ നിന്ന് ഒരാൾ മത്സരിക്കുന്നു എങ്കിൽ എൻ്റെ രാഷ്ട്രീയത്തിനും നിലപാടുകൾക്കും അപ്പുറമായി അവർക്ക് ആശംസകൾ അറിയിക്കുക എന്നത് എൻ്റെ ചുമതലയാണ്. ഒരിക്കലും അവർ തോറ്റു കാണാൻ ഞാൻ ആഗ്രഹിക്കുകയില്ല. അത് മാത്രമാണ് പരിശുദ്ധ കാതോലിക്കാ ബാവയും ചെയ്തത്. നാളെ ഏത് പാർട്ടിയിൽ നിന്ന് സ്ഥാനാർഥികൾ ഉണ്ടായാലും സഭയുടെ നിലപാട് ഇത് തന്നെയാവും. കഴിഞ്ഞ കാലങ്ങളിലും അത് അങ്ങനെയായിരുന്നു.

തിരഞ്ഞെടുപ്പ് ദിവസം തൻ്റെ ഭദ്രാസനത്തിലെ ഒരു ദേവാലയത്തിൽ നടത്തിയ പ്രസംഗത്തിൽ മത്സര രംഗത്തുള്ള രണ്ടു സ്ഥാനാർഥികളെക്കുറിച്ച് അവരുടെ പേര് പോലും പറയാതെ പരിശുദ്ധ പിതാവ് നടത്തിയ ഒരു പരാമർശം ഇത്ര വലിയ തെറ്റാണോ?. ഭൂതകാലത്തും വർത്തമാനകാലത്തും കേരള നിയമസഭയിൽ നിരവധി തവണ എത്തിയ പല മുതിർന്ന MLA -മാർക്കും പരിശുദ്ധ സഭ നൽകിയ പരിഗണനക്കും പിന്തുണക്കും ഇപ്പോൾ മത്സരിക്കുന്നവർക്കും അവകാശം ഇല്ലേ.

സാമാന്യ ബുദ്ധിവെച്ചു ഒന്നു ചിന്തിക്കു സഹോദരങ്ങളെ, ചില ദോഷൈകദൃക്കുകൾ പറഞ്ഞു പരത്തുന്നത് പോലെ വോട്ടുമറിക്കുക എന്നതായിരുന്നു പരിശുദ്ധ പിതാവിൻ്റെ ലക്ഷ്യം എങ്കിൽ തിരഞ്ഞെടുപ്പ് ദിവസം പോളിങ് തുടങ്ങി 4 മണിക്കൂർ പിന്നിട്ട് കഴിഞ്ഞപ്പോൾ ആയിരുന്നോ അത് പറയേണ്ടിയിരുന്നത്. 2 മാസം കിടപ്പുണ്ടായിരുന്നു അത് ഉപയോഗിക്കമായിരുന്നില്ലേ? പക്ഷേ അതിനൊന്നും സഭ തയ്യാറായിട്ടില്ല.

സഭയും പൊതുസമൂഹത്തിൻ്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ ഓരോ വിഷയങ്ങളിലും സഭയുടേതായ രാഷ്ട്രീയ കാഴ്ചപ്പാടുകൾ സ്വാഭവികമാണ്. അല്ലാതെ സഭയുടെ രാഷ്ട്രീയം പാർട്ടിയെയോ വ്യക്തിയെയോ തിരഞ്ഞെടുപ്പുകളെയോ കേന്ദ്രീകരിച്ച് ഉള്ളതല്ല.

പ്രബുദ്ധരായ വോട്ടർമാരാണ് രാജ്യത്ത് ഉള്ളത് അവരിൽ സഭാ അംഗങ്ങളും സഭയെ സ്നേഹിക്കുന്നവരും ഉണ്ടാവാം. കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായ അനുഭവങ്ങൾ കൂട്ടിയും കുറച്ചും അവർ അവരുടെ സമ്മതിദാന അവകാശം വിനിയോഗിക്കും. അതിന് അപ്പുറമായ ഒരു റോളും തിരഞ്ഞെടുപ്പിൽ ഒരു സഭയ്ക്കും ഇല്ല. ഇനി സഭാ അംഗങ്ങൾ ജയിച്ചാലും ആ ജയത്തിലെ സന്തോഷത്തിനും അഭിമാനത്തിനും അപ്പുറമായാ ഒരു റോളും സഭയ്ക്ക് ഇല്ല. പൊതു ജനം വോട്ട് ചെയ്ത് അവരുടെ ജനപ്രതിനിധികളെ തിരഞ്ഞെടുത്തു. അത്രമാത്രം….

അബി ഏബ്രഹാം കോശി

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in