ആദാമ്യപാപവും പരിണിതഫലങ്ങളും : ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ്

വേദശാസ്ത്ര വിഷയങ്ങളെക്കുറിച്ച് നമ്മുടെ സഭയ്ക്കുള്ള ആധികാരികമായ നിലപാട് എവിടെയാണ് കണ്ടുപിടിക്കുവാന്‍ സാധിക്കുക. അതിന് നമുക്കുള്ള പ്രമാണരേഖകളേവ?

ഈ ചോദ്യത്തിന് ഒരു സമാധാനം പറയാതെ, ശീര്‍ഷകത്തില്‍ കാണുന്ന ചോദ്യത്തിന് അതായത് ആദാമ്യപാപം മനുഷ്യവര്‍ഗ്ഗത്തെ എങ്ങനെ ബാധിക്കുന്നു എന്ന ചോദ്യത്തിന് മറുപടി സാധ്യമല്ല.

വേദശാസ്ത്ര കാര്യങ്ങളില്‍ നമ്മെ വ്യക്തമായി വഴികാണിക്കുന്ന പ്രാഥമിക പ്രമാണം നിഖ്യാവിശ്വാസ പ്രമാണമാണ്. ത്രിത്വം മനുഷ്യാവതാരം ഇവ രണ്ടുമാണ് ക്രൈസ്തവ വിശ്വാസത്തിന്‍റെ പ്രധാന മര്‍മ്മങ്ങള്‍. ഇവയെക്കുറിച്ച് വിശ്വാസപ്രമാണം നല്‍കുന്ന നിര്‍വ്വചനം സര്‍വ്വപ്രധാനമാണ്. അതില്‍ കൂട്ടുവാനോ കുറയ്ക്കുവാനോ സഭയ്ക്ക് അധികാരമില്ല.

മറ്റു കാര്യങ്ങളെക്കുറിച്ച് സഭയുടെ പാരമ്പര്യം അറിയുന്നതിനുള്ള പ്രധാന രേഖകള്‍ യഥാക്രമം പരിശുദ്ധ വേദപുസ്തകം, പിതാക്കന്മാരുടെ ഗ്രന്ഥങ്ങള്‍, നമ്മുടെ ആരാധനക്രമങ്ങള്‍ എന്നിവയാണ്. എന്നാല്‍ സഭാപിതാക്കന്മാര്‍ എന്ന് പറഞ്ഞാല്‍ ആരാണ്?

ആദ്ധ്യാത്മികവും വേദശാസ്ത്രപരവുമായ കാര്യങ്ങളില്‍ നമുക്ക് മാര്‍ഗ്ഗദര്‍ശികളായിട്ടുള്ളവരെയാണ് പിതാക്കന്മാര്‍ എന്നു പറയുന്നത്. സഭാപിതാക്കന്മാരെ 5 വിഭാഗങ്ങളായി തരംതിരിക്കാം. ഒന്നാമത് അപ്പോസ്‌തോലിക പിതാക്കന്മാര്‍. ഇക്കൂട്ടത്തില്‍ നമുക്ക് സര്‍വ്വപ്രധാനമായിട്ടുള്ളത് റോമിലെ ക്ലീമ്മിസും, അന്ത്യോഖ്യായിലെ ഇഗ്നാത്യോസുമാണ്. രണ്ടാമത് സുന്നഹദോസ് പിതാക്കന്മാര്‍ അല്ലെങ്കില്‍ നാലും അഞ്ചും ശതാബ്ദങ്ങളില്‍ നമ്മെ സുന്നഹദോസുകളില്‍ കൂടെ വഴികാണിച്ച പിതാക്കന്മാര്‍. ഇവരില്‍ ഏറ്റവും പ്രധാനമായിട്ടുള്ളത് വലിയ മാര്‍ അത്താനാസ്യോസ്, വലിയ മാര്‍ ബസ്സേലിയോസ്, നാസിയാന്‍സിലെ മാര്‍ ഗ്രിഗോറിയോസ്, നിസ്സായിലെ മാര്‍ ഗ്രിഗോറിയോസ്, മാര്‍ കൂറിലോസ് എന്നിവരാണ്. മൂന്നാമത് സന്യാസി പിതാക്കന്മാര്‍; രണ്ടാം വിഭാഗത്തില്‍പെട്ടവരെല്ലാവരും തന്നെ സന്യാസികളായിരുന്നെങ്കിലും സന്യാസത്തെയും ആത്മിയ വളര്‍ച്ചാ മാര്‍ഗ്ഗങ്ങളെയും പറ്റി നമ്മെ ഉപദേശിച്ചിട്ടുള്ള പിതാക്കന്മാരില്‍ വലിയ മാര്‍ ബസ്സേലിയോസും അദ്ദേഹത്തിന്‍റെ സഹോദരന്‍ നിസ്സായിലെ മാര്‍ ഗ്രിഗോറിയോസും മാത്രമാണ് സര്‍വ്വപ്രധാനമായിട്ടുള്ളത്. എന്നാല്‍ പ്രധാന സന്യാസിപിതാക്കന്മാരുടെ കൂട്ടത്തില്‍ മാര്‍ അന്തോനിയോസ്, മാര്‍ പക്കോമിയോസ്, മാര്‍ അപ്രേം, മാര്‍ ദീവന്നാസ്യോസ് അരിയോപഗേറ്റ്, മാര്‍ ശെമവൂന്‍ ദെസ്തുനി, സ്വര്‍ണ്ണനാവുകാരന്‍ മാര്‍ ഈവാനിയോസ് മുതലായവര്‍ പെടുന്നു.

ഈ മൂന്നു വിഭാഗങ്ങളിലും പെട്ട പിതാക്കന്മാര്‍ സാര്‍വ്വത്രികസഭയുടെ പിതാക്കന്മാരാണ്. കത്തോലിക്കാസഭയും, ഗ്രീക്കു സഭകളും, നമ്മുടെ സഭകളും അവരെ ഒരുപോലെ അംഗീകരിക്കുന്നു. നാലാമതൊരു വിഭാഗം പിതാക്കന്മാരെ സഭാ സംരക്ഷകരെന്നു വിളിക്കാം. ഒരു വിധത്തില്‍ എല്ലാ പിതാക്കന്മാരും സഭാ സംരക്ഷകരും സഭയെ പാഷാണ്ടോപദേശങ്ങളില്‍ വീണ്ടെടുത്തിട്ടുള്ളവരുമാണ്. സുറിയാനി പാരമ്പര്യത്തില്‍ നാം പ്രത്യേകം ഓര്‍ക്കുന്നവരായ മാര്‍ തിമോഥെയോസ്, മാര്‍ ദിയസ്‌കോറസ്, മാര്‍ യാക്കോബ് ബൂര്‍ദ്ദാനാ എന്നിവര്‍ സഭയെ പ്രത്യേക പ്രതിസന്ധിഘട്ടങ്ങളില്‍ ആപത്തുകളില്‍ നിന്ന് രക്ഷിച്ചിട്ടുള്ളവരാണ്.

നമ്മുടെ വിശ്വാസ സംബന്ധമായ കാര്യങ്ങള്‍ അറിയുന്നതിന് ഈ പിതാക്കന്മാരുടെ എല്ലാവരുടെയും ഗ്രന്ഥങ്ങള്‍ വേണ്ടുംവിധം വായിച്ചറിയാതെ സാധ്യമല്ല. ആദാമ്യ പാപത്തെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടിയായി ഞാന്‍ എഴുതിയിരിക്കുന്ന ചില കാര്യങ്ങളെ വിമര്‍ശിച്ചുകൊണ്ട് നമ്മുടെ സഭയിലെ ഒരു വൈദികന്‍ കുറച്ചുനാള്‍ക്ക് മുമ്പ് ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചിരിക്കുന്നതു കണ്ടു. അതില്‍ പാഷോണ്ടോപദേശങ്ങളുടെ നേരേ സമരത്തിനിറങ്ങിയിരിക്കുന്ന അദ്ദേഹം അദ്ദേഹത്തിന്‍റെ അഭിപ്രായത്തിന് സാക്ഷിയായി ഉന്നയിച്ചിരിക്കുന്ന രേഖകള്‍ വേദവിപരീതികളുടേതാണെന്നുള്ളത് രസാവഹമാണ്. നമ്മുടെ പിതാക്കന്മാരുടെ ലേഖനങ്ങളെ അദ്ദേഹത്തിനറിഞ്ഞു കൂടാഞ്ഞിട്ടോ എന്തോ, അധികം ഉദ്ധരിച്ചു കാണുന്നുമില്ല.

ഈ വിഷയെത്തക്കുറിച്ച് ഞാന്‍ കൂടുതല്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ പഠിച്ചു മനസ്സിലാക്കിയിട്ടുള്ള കാര്യങ്ങള്‍ മുഴുവന്‍ വിശദമാക്കണമെങ്കില്‍ ഒരു വലിയ ഗ്രന്ഥം തന്നെ എഴുതണം. അതിനു സമയമില്ലാത്തതുകൊണ്ട് പ്രധാനാശയങ്ങളെ മാത്രം ചുരുക്കമായി ഇവിടെ കുറിയ്ക്കുന്നു.

1. ‘ജന്മപാപം’ എന്ന പദപ്രയോഗം നമ്മുടെ മാമോദീസാക്രമത്തിലോ, മറ്റു ക്രമത്തിലോ മറ്റു കൂദാശകളിലോ കാണുന്നില്ല. എവിടെയെങ്കിലുമുണ്ടെങ്കില്‍ ഈ ലേഖകന് അതറിയുവാന്‍ ആഗ്രഹമുണ്ട്. സുറിയാനിയില്‍ ജന്മപാപം എന്നൊരു പ്രയോഗമേ ഇല്ലെന്നാണ് മല്‍പ്പാന്മാര്‍ പറയുന്നത്. ഗ്രീക്കിലും കാണുന്നില്ല.

2. ‘ജന്മപാപം’, ‘കര്‍മ്മപാപം’ എന്നിങ്ങനെ പാപത്തെ രണ്ടായി തരം തിരിക്കുന്ന രീതിയും നമ്മുടെ പൗരസ്ത്യ പാരമ്പര്യത്തിലില്ല. പരിശുദ്ധനായ മാര്‍ അത്താനാസ്യോസിന്‍റെ കാലത്ത് അലക്‌സാന്ത്രിയയിലെ വേദവിദ്യാലയത്തിന്‍റെ പ്രധാന ഗുരുവായിരുന്ന അന്ധനായ ദിദിമോസ് (Didimus the Blind) ആദാം മൂലം മനുഷ്യവര്‍ഗ്ഗം മുഴുവന്‍ വ്യാപിച്ചിട്ടുള്ള പാപസ്വഭാവത്തെയും, ഓരോ മനുഷ്യനും തന്‍റെ സ്വന്ത ഇച്ഛ മൂലം ചെയ്യുന്ന പാപങ്ങളെയും തമ്മില്‍ വേര്‍തിരിക്കുന്നുണ്ട്. രണ്ടാമത്തേതിന് ശിക്ഷയും ആദ്യത്തേതിന് ശുദ്ധീകരണവുമാണ് അദ്ദേഹം പ്രതിവിധി കല്‍പ്പിക്കുന്നത്. എന്നാല്‍ ദിദിമോസിന്‍റെ ആശയങ്ങളില്‍ പലതിനേയും സഭാ പാരമ്പര്യം നിരാകരിക്കുകയാണുണ്ടായത്. മനുഷ്യന്‍ ശരീരിയായതുകൊണ്ടാണ് അവന് പാപാസക്തിയുണ്ടാകുന്നതെന്ന ഗ്‌നോസ്റ്റിക് ചിന്താഗതിയാണ് അദ്ദേഹത്തിന് മാര്‍ഗ്ഗദര്‍ശനം നല്‍കിയിരുന്നത്. എന്നാല്‍ അദ്ദേഹവും ജന്മപാപം എന്നൊരു പദം പ്രയോഗിക്കുന്നില്ല.

നമ്മുടെ പിതാക്കന്മാരില്‍ എല്ലാ വിധവും സമാരാധ്യന്മാരായ പരിശുദ്ധന്മാരായ മാര്‍ ബസ്സേലിയോസും, മാര്‍ ഗ്രിഗോറിയോസും ശിശുക്കള്‍ക്ക് പാപമേയില്ലെന്ന് വിശ്വസിച്ചവരായിരുന്നു. ആദാമ്യപാപം ശിശുക്കളില്‍ പാപമായി കണക്കിടപ്പെടുന്നില്ല എന്നു തന്നെയാണ് ഈ പിതാക്കന്മാര്‍ പഠിപ്പിച്ചിരുന്നത്. മാമോദീസാ എന്നുള്ളത് ആദാമ്യപാപം കഴുകിക്കളയാനുള്ള മാര്‍ഗ്ഗമായി അവര്‍ കരുതിയിരുന്നുമില്ല.

3. ആദാമിന്‍റെ പാപത്തിന്‍റെ പരിണിതഫലങ്ങള്‍ മനുഷ്യവര്‍ഗ്ഗത്തെ മുഴുവന്‍ ബാധിക്കുന്നുണ്ട്. എന്നാല്‍ ആദാമ്യപാപം എന്നൊന്ന് എല്ലാ മനുഷ്യരിലും അവകാശിക്കുന്നുവെന്ന് നമ്മുടെ പിതാക്കന്മാരുടെ ഭൂരിഭാഗവും പഠിപ്പിക്കുകയില്ല. അകാലമരണം പ്രാപിക്കുന്ന ശിശുക്കളുടെ മരണത്തിന് ഹേതുവാകുന്നത് അവര്‍ ആദാമില്‍ നിന്നുമാര്‍ജ്ജിക്കുന്ന ജന്മപാപമാണെന്ന് ചിലര്‍ വാദിച്ചപ്പോള്‍ നമ്മുടെ പിതാക്കന്മാര്‍ അതിനെ ശക്തിയായി എതിര്‍ക്കുകയാണ് ചെയ്തിട്ടുള്ളത്. മാമോദീസാ മുങ്ങാതെ മരിക്കുന്ന ശിശുക്കള്‍ക്ക് നിത്യശിക്ഷയൊന്നുമില്ല. പക്ഷേ, അവര്‍ക്ക് രാജ്യത്തില്‍ പ്രവേശിക്കാനും സാധ്യമല്ല. ഇതാണ് പരിശുദ്ധന്മാരായ മാര്‍ ബസ്സേലിയോസ്, നിസ്സായിലെ മാര്‍ ഗ്രിഗോറിയോസ് എന്നീ പിതാക്കന്മാര്‍ പഠിപ്പിച്ചിട്ടുള്ളത്. സ്വര്‍ണ്ണനാവുകാരന്‍ മാര്‍ ഈവാനിയോസും പറയുന്നത് ആദാമില്‍ നിന്ന് നമുക്ക് ലഭിക്കുന്നത് പാപമല്ല, മരണാധീനതയും കാമാസക്തിയുമാണെന്നാണ്. കാമാസക്തി തന്നെയും വിവാഹ-ബന്ധത്തിനുള്ളില്‍ നിയന്ത്രിച്ചുനിര്‍ത്തുന്നപക്ഷം പാപമല്ലെന്നും ആദാമില്‍ വീണുപോയ മനുഷ്യത്മാവ് തിന്മയല്ലെന്നും ആ പിതാവ് ശക്തിയായി വാദിക്കുന്നു (ഉല്‍പത്തിപ്പുസ്തകത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ പ്രസംഗങ്ങളില്‍ 16, 18, 19 എന്നീ പ്രസംഗങ്ങളും റോമാ ലേഖനത്തെപ്പറ്റിയുള്ള പത്താമത്തെ പ്രഭാഷണവും നോക്കുക).

നിസ്സായിലെ മാര്‍ ഗ്രിഗോറിയോസ് പറയുന്നു: ”ഇപ്പോള്‍ ജനിച്ച ഒരു ശിശുവിനെതിരായി ആരോപണങ്ങളോ കുറ്റവിധികളോ ഇല്ലാത്തതുപോലെ, മാമോദീസായില്‍ വീണ്ടും ജനിക്കുന്നയാളും ദൈവത്തിന്‍റെ മഹാകാരുണ്യം കൊണ്ട് പാപസംബന്ധമായ സകല കടപ്പാടില്‍ നിന്നും വിമുക്തനാകുന്നു” (ക്രിസ്തുവിന്‍റെ മാമോദീസായെക്കുറിച്ച് എന്ന പ്രഭാഷണത്തില്‍ നിന്ന്). പ്രായമായവരുടെ മാമോദീസായെക്കുറിച്ചാണ് മാര്‍ ഗ്രിഗോറിയോസ് പറയുന്നത്. അവര്‍ ഇപ്പോള്‍ ജനിച്ച ശിശുക്കളെപ്പോലെ കുറ്റമില്ലാത്തവരായിത്തീരുന്നുവെന്ന്. അതായത് ചെറിയ കുട്ടികള്‍ മാമോദീസാ മുങ്ങിയവരെപ്പോലെ കുറ്റമില്ലാത്തവരാണെന്നാണല്ലോ അതിന്‍റെ ധ്വനി.

ഈ വിഷയത്തെക്കുറിച്ച് വിശാലമായി എഴുതിയിയിട്ടുള്ള നമ്മുടെ പിതാവ് പരിശുദ്ധനായ മാര്‍ സേവേറിയോസ് ആണ്. ഹാലിക്കര്‍നാസിലെ ജൂലിയാനുമായുള്ള സംവാദത്തിലാണ് അദ്ദേഹം തന്റെ ചിന്ത വ്യക്തമാക്കിയത്.

ജൂലിയന്‍റെ വാദം കര്‍ത്താവിനു പാപം ഇല്ലാത്തതുകൊണ്ട് കര്‍ത്താവിന്‍റെ മരണം യഥാര്‍ത്ഥമല്ലായിരുന്നെന്നും, തന്‍റെ ശരീരത്തിനു ദ്രവത്വം കാണുവാന്‍ സാദ്ധ്യമല്ലായിരുന്നുവെന്നുമാണ്. ഇതിനെതിരായി മാര്‍ പീലക്‌സിനോസും, മാര്‍ സേവേറിയോസും ശക്തിയായി വാദിച്ചു. ഓരോരുത്തന്‍ന്‍റെയും പാപം മൂലമാണ് ഓരോരുത്തനും മരിക്കുകയോ മരണശേഷം ദ്രവിക്കുകയോ ചെയ്യുന്നതെന്നു പറയുവാന്‍ സാദ്ധ്യമല്ലെന്നും, അങ്ങനെയെങ്കില്‍ മാമോദീസാ മുങ്ങിയതിനുശേഷം ഉടനെ മരിക്കുന്ന ഒരാള്‍ക്ക് ദ്രവത്വം ഉണ്ടാകാന്‍ പാടില്ലല്ലോ എന്നും ആയിരുന്നു മാര്‍ പീലക്‌സിനോസിന്‍റെ വാദം. അങ്ങനെയല്ലാ, ആദാമിന്‍റെ പാപഫലമായി മരണവും ദ്രവത്വവും നമ്മുടെ സ്വഭാവത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുകയാണെന്നും,അതുകൊണ്ട് ആദാമില്‍ നിന്നും വിവാഹബന്ധത്തില്‍ കൂടി ഉല്പാദിതരാകുന്നവര്‍ക്ക് പാപമുണ്ടെങ്കിലും ഇല്ലെങ്കിലും മരണത്തില്‍ നിന്നും ദ്രവത്വത്തില്‍ നിന്നും രക്ഷപെടുവാന്‍ സാദ്ധ്യമല്ലെന്നും ഉള്ള അദ്ദേഹത്തിന്‍റെ വാദത്തിന് പിറകില്‍ ആദാമിന്‍റെ കുടിപ്രദേശത്ത് എല്ലാ മനുഷ്യരും ഉണ്ടായിരുന്നുവെന്നും, അവിടെ നിന്ന് ജനിക്കുന്നവര്‍ക്കെല്ലാം മരണവും ദ്രവത്വവും ഉണ്ടെന്നല്ലാതെ പാപമുണ്ട് എന്ന ചിന്ത കാണുന്നില്ല.

മാര്‍ പീലക്‌സിനോസും മാര്‍ സേവേറിയോസും പാശ്ചാത്യ ചിന്തകനായ അഗസ്തീനോസിന്‍റെ ഗ്രന്ഥങ്ങള്‍ വായിച്ചിരുന്നുവെന്നതിന് സംശയമില്ല. ആദാമിന്‍റെ കുടിപ്രദേശത്ത് മനുഷ്യവര്‍ഗ്ഗം മുഴുവനും ഉണ്ടായിരുന്നുവെന്നും അങ്ങനെ ആദാമില്‍ സര്‍വ്വ മനുഷ്യരും പാപം ചെയ്തുവെന്നും ഈ ആദാമ്യപാപം പുരുഷബീജത്തില്‍ കൂടിയാണ് എല്ലാവരിലേക്കും സംക്രമിക്കുന്നതെന്നുമൊക്കെയായിരുന്നു അഗസ്തീനോസിന്‍റെ വാദം. നമ്മുടെ കര്‍ത്താവില്‍ പുരുഷബീജം ഇല്ലായിരുന്നതുകൊണ്ടാണ് തനിക്ക് ആദാമ്യപാപം ഇല്ലാതിരിക്കുന്നതെന്ന് അഗസ്തീനോസ് പഠിപ്പിച്ചു.

ഈ വാദത്തിനെതിരായി മാര്‍ സേവേറിയോസ് പഠിപ്പിക്കുന്നത്, നമ്മുടെ കര്‍ത്താവെടുത്തത് ആദാമിന്‍റെ വീണസ്വഭാവമാണെന്നും, ആ സ്വഭാവത്തില്‍ മരണവും ദ്രവത്വവും അലിഞ്ഞുചേര്‍ന്നിരിക്കുന്നു എന്നും, എന്നാല്‍ പാപം എന്നു പറയുന്നത് മനുഷ്യസ്വഭാവത്തിന്‍റെ ഒരു ഭാഗമല്ലെന്നും മനുഷ്യസ്വഭാവമെടുത്തപ്പോള്‍ മരണവും ദ്രവത്വവുമല്ലാതെ പാപം കര്‍ത്താവിന് എടുക്കേണ്ടിവന്നില്ലെന്നുമാണ്. പാപം ഒരു തലമുറ അടുത്ത തലമുറയ്ക്ക് കൊടുക്കുന്നില്ല, പിതാവ് തന്‍റെ കുഞ്ഞുങ്ങള്‍ക്ക് ഉല്പാദന പ്രക്രിയ മൂലം നല്‍കുന്നുമില്ല. ആദാമിന്‍റെ പാപം ആദാം തന്‍റെ മക്കള്‍ക്ക് പകര്‍ന്നുകൊടുക്കുന്നുവെന്നുള്ള ചിന്ത ക്രിസ്തീയമല്ലെന്ന് മാര്‍ സേവേറിയോസ് വ്യക്തമായി പഠിപ്പിച്ചു

മാര്‍ സേവേറിയോസിന്‍റെ ഉപദേശം ഇങ്ങനെയാണ്: ”ശരീരം പാപത്തില്‍ മുഴുകിയതാണെങ്കില്‍, അത് ദ്രവത്വത്തില്‍ നിന്നുത്ഭൂതമാണെങ്കില്‍ ആദാമിലുണ്ടായിരുന്ന പാപം ആദാമിന്‍റെ സന്തതിയിലേക്ക് മനുഷ്യ സ്വഭാവത്തിലൂടെ സ്വഭാവത്തിന്‍റെ ഒരംശമായി സംക്രമിക്കുന്നെങ്കില്‍, ഓരോ പാപിയും പാപിയായിരുന്നത് പാപിയായ ആദ്യ പിതാവിന്‍റെ പാപം മൂലം മാത്രമായതുകൊണ്ട് പാപത്തിന് കുറ്റമില്ല എന്നു വരുമായിരുന്നു.”

“If the body is ‘in sin’ and was formed from ‘our corruptibility’ and if the sin that was in Adam is transmitted with the nature from Adam to his descendants as something that belongs to nature, sin is free from all blame, each sinner being so as it would appear, only due to the fact of his first father being a sinner” (contra additions).

മാര്‍ സേവേറിയോസ് വ്യക്തമായി പറയുന്നത് ആദാമിന്‍റെ പാപത്തില്‍ നമുക്ക് പങ്കൊന്നുമില്ലെന്നാണ്. അദ്ദേഹം പറയുന്നു. ”മരണവിധേയനും പാപിയുമായ ആദാമില്‍ നിന്നു നാം മരണവിധേയരായി ജീവിക്കുന്നില്ല” എന്ന്. സുറിയാനിസഭയുടെ ”വായും, തൂണും, മല്പാനും” ആയ മാര്‍ സേവേറിയോസിന്‍റെ ലിഖിതങ്ങളില്‍ നിന്ന് ഒരുദ്ധരണി കൂടെ താഴെ കൊടുത്തുകൊള്ളട്ടെ:

”നമ്മുടെ പൂര്‍വികജനകന്മാരുടെ പാപം, അതായത് ആദമിന്‍റെയും ഹവ്വായുടെയും പാപം, ചില മാണിക്കിയന്‍ ചിന്തകരുടെ ദുരുപദേശം പഠിപ്പിക്കുന്നതുപോലെ നമ്മുടെ സത്തയുമായി സ്വഭാവേന സങ്കലിതമാകുന്നില്ല. എന്നാല്‍ അവര്‍ പാപവും കല്പനലംഘനവും മൂലം മരണമില്ലായ്മയുടെ കൃപ നഷ്ടപ്പെടുത്തിയതുകൊണ്ടാണ്, അവരുടെ മേല്‍ പതിച്ച ന്യായവിധിയും കുറ്റാരോപണവും നമ്മെയും ബാധിക്കുന്നത്. പാപികളായ ആദിജനകന്മാരില്‍ നിന്നുത്ഭൂതമാകുന്ന നാം അവരെപ്പോലെ സ്വഭാവേന മരണവിധേയരായി ജനിക്കുന്നു. എന്നാല്‍ പാപമെന്നതു മാതാപിതാക്കന്മാരില്‍ നിന്ന് സന്തതിയിലേക്കു വിനിമയം ചെയ്യപ്പെടുന്ന ഒരു വസ്തുവല്ല എന്നതാണ് പരമാര്‍ത്ഥം. മാര്‍ സേവേറിയോസിന്‍റെ ഈ അഭിപ്രായത്തിന് ആധാരമായി അദ്ദേഹം നല്‍കുന്ന സാക്ഷികള്‍ മാര്‍ കൂറിലോസും മാര്‍ ദീവന്നാസ്യോസുമാണ്. പാപം മനുഷ്യസ്വഭാവത്തിന്‍റെ ഒരു അംശമല്ലെന്നും, എന്നാല്‍ മരണവിധേയതയും ദ്രവത്വവും വീണുപോയ മനുഷ്യന്‍റെ സ്വഭാവത്തിന്‍റെ അംശങ്ങളാണെന്നും ഈ വീണുപോയ ആദാമിന്‍റെ സ്വഭാവമാണ് നമ്മുടെ കര്‍ത്താവെടുത്തതെന്നും ഒരുപോലെ വാദിക്കുന്നു.

ആധികാരികമായി സുറിയാനിസഭയുടെ വിശ്വാസത്തിന് മാര്‍ഗ്ഗദര്‍ശിയാകേണ്ടുന്ന പിതാവാണ് മാര്‍ സേവേറിയോസ്. എന്നാല്‍ അദ്ദേഹത്തിന്‍റെ വാദഗതിയെ പാശ്ചാത്യമല്‍പ്പാനായ അഗസ്തീനോസിന്‍റെ വാദഗതിയുമായി താരതമ്യം ചെയ്യുന്നത് പ്രശ്‌നത്തിന്‍റെ സങ്കീര്‍ണ്ണത കാണുവാന്‍ നമ്മെ സഹായിക്കും. അഗസ്തീനോസ് ആകമാന സഭയുടെ പിതാവാണെന്ന് പൗരസ്ത്യസഭ അംഗീകരിക്കുന്നില്ല.

അഗസ്തീനോസിന്റെ വാദം ഏറെക്കുറെ ഇങ്ങനെയാണ്: മനുഷ്യന്‍റെ ഇച്ഛാശക്തിക്ക് നന്മ ചെയ്യുവാന്‍ കഴിവില്ല (Massa dmnata). അതില്‍ നിന്ന് യാതൊരു നന്മയും ഉദിപ്പാന്‍ സാദ്ധ്യമല്ല. അതിലുള്ളത് പാപം, മരണം, ധാര്‍മ്മിക ദൗര്‍ബല്യം ഇവ മാത്രമാണ്. ഇവയെല്ലാം ആദാമില്‍ നിന്ന് നമുക്ക് ലഭിക്കുന്നതാണ്. അതുകൊണ്ട് ശിശുക്കള്‍ പാപത്തില്‍ ജനിക്കുന്നു. കുറ്റം വിധിക്കപ്പെട്ടവരായിട്ടാണ് അവര്‍ പിറക്കുന്നതു തന്നെ. കാമാസക്തിയില്‍ കൂടെയാണ് പാപം മനുഷ്യവര്‍ഗ്ഗത്തില്‍ പരക്കുന്നത്. കാമാസക്തി കൂടാതെ ക്രിസ്തീയ മാതാപിതാക്കന്മാര്‍ പോലും ജനിക്കുന്നില്ല. അതുകൊണ്ട് മാതാപിതാക്കന്മാര്‍ മാമോദീസാ മൂലം വിശുദ്ധീകരിക്കപ്പെട്ടവരായിരുന്നാലും അവരുടെ കാമാസക്തിയില്‍ നിന്നുല്പാദിതമാകുന്ന സന്തതി അശുദ്ധമാണ്. എല്ലാവര്‍ക്കും അവരെ ജനിപ്പിക്കുന്ന ആ ക്രിയയില്‍ നിന്ന് ജന്മപാപം സിദ്ധമാകുന്നു.

ഈ ചിന്തയ്‌ക്കെതിരായിട്ടാണ് മാര്‍ സേവേറിയോസ് എഴുതുന്നത്. അഗസ്തീനോസിന്‍റെ ചിന്തയില്‍ പല പ്രശ്‌നങ്ങളുണ്ട്. ഒന്നാമത് എല്ലാവരും ആദാമ്യപാപത്തെ ഒരുപോലെ അവകാശിക്കുന്നുവെങ്കിലും എല്ലാവരിലും ഒരേ തരത്തിലുള്ള പാപപ്രവണത കാണണ്ടേ? രണ്ടാമത്, മാമോദീസാ മൂലം ജന്മപാപം കഴുകിക്കളയപ്പെടുമെങ്കില്‍, മാമോദീസാ മുങ്ങിയ മാതാപിതാക്കന്മാരുടെ ശിശുക്കള്‍ക്ക് എവിടെനിന്ന് ജന്മപാപം ലഭിക്കുന്നു? മൂന്നാമത്, മാതാപിതാക്കന്മാരില്‍ ഒരാളെങ്കിലും മാമോദീസാ മുങ്ങിയ വിശ്വാസിയാണെങ്കില്‍ അവരുടെ ശിശുക്കള്‍ വിശുദ്ധരാകുന്നുവെന്ന് പൗലോസ് ശ്ലീഹാ പറയുമ്പോള്‍ (1 കോരി. 7:14), രണ്ടു പേരും വിശ്വാസികളാണെങ്കിലും ശിശുക്കള്‍ അശുദ്ധരാണെന്ന് അഗസ്തീനോസ് പറയുന്നതിനെ നാം സ്വീകരിക്കുന്നതെങ്ങിനെ? നാലാമത്, എല്ലാവരും ഒരുപോലെ പാപികളാണെന്നു പറഞ്ഞാല്‍ സ്വര്‍ഗ്ഗത്തിലേയ്‌ക്കെടുക്കപ്പെട്ട ഹാനോക്കും, ഏലിയായും, യൂദാസ്‌ക്കറിയോത്തോയെപ്പോലെ തന്നെ പാപിയാണെന്നര്‍ത്ഥം വരുമോ?

ഇതിനെല്ലാം പുറമെ മറ്റൊരു പ്രശ്‌നം കൂടിയുണ്ട്. അഗസ്തീനോസ് തന്നെ കണ്ട പ്രശ്‌നമാണ്. പക്ഷേ, തന്‍റെ ജീവിതാന്ത്യം വരെ, അതിനൊരു പരിഹാരം കണ്ടുപിടിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ലായെന്ന് അദ്ദേഹം തന്നെ എഴുതിയിട്ടുണ്ട്. ഒരു മനുഷ്യാത്മാവുണ്ടാകുന്നതെങ്ങനെ? ഇതാണ് ചോദ്യം. സാദ്ധ്യത നാലാണ്. ഒന്നുകില്‍ ദൈവം ഒരാത്മാവിനെ മാത്രം (അല്ലെങ്കില്‍ രണ്ടിനെ മാത്രം) സൃഷ്ടിച്ചു. അതില്‍നിന്നാണ് മറ്റെല്ലാ ആത്മാക്കളും ഉല്പാദനപ്രക്രിയ മൂലം ഉണ്ടാകുന്നത്. അല്ലെങ്കില്‍ ഓരോ ആത്മാവിനെ ഗര്‍ഭധാരണസമയത്ത് ദൈവം സൃഷ്ടിക്കുന്നു. മൂന്നാമതൊരു സാദ്ധ്യത ക്ലിപ്ത സംഖ്യയുള്ള കുറെ ആത്മാക്കളെ ദൈവം സൃഷ്ടിച്ചുവച്ചിരിക്കുന്നു. എന്നിട്ട് ഓരോ ശരീരവും ഉല്പാദിതമാകുമ്പോള്‍ അതിന് ഒരാത്മാവിനെ കൊടുക്കുന്നു. നാലാമത്തെ സാദ്ധ്യത ഹൈന്ദവരുടെ ഇടയിലുള്ള പുനര്‍ജ്ജന്മ വിശ്വാസമാണ്.

നാലാമത്തെ സാദ്ധ്യത ഒറിഗന്‍ സ്വീകരിച്ചിരുന്നതാണെങ്കിലും അഗസ്തീനോസ് സ്വീകരിക്കുന്നില്ല. മൂന്നാമത്തേത് പ്രശ്‌നമുള്ളതാണ്. ദൈവം സൃഷ്ടിച്ചു സൂക്ഷിച്ചിരിക്കുന്ന ആത്മാവാണെങ്കില്‍ പാപമില്ലാത്തതായിരിക്കണം. പിന്നെ അത് ശരീരത്തില്‍ വരുമ്പോഴാണ് പാപമുണ്ടാകുന്നതെന്ന് പറഞ്ഞാല്‍ വസ്തു തിന്മയാണെന്നുള്ള മാണിക്കിയന്‍ ചിന്താഗതിയിലേക്ക് പുറപ്പെടുകയായിരിക്കും.

”ജന്മപാപം” എന്ന ആശയത്തെപ്പറ്റി അഭിപ്രായം ഉന്നയിച്ചിട്ടുള്ള അഗസ്തീനോസിന്‍റെ വാദഗതിയെ വിശകലനം ചെയ്യുകയായിരുന്നല്ലോ മുമ്പ് ചെയ്തത്. ഒരു മനുഷ്യാത്മാവ് ഉണ്ടാകുന്നതെങ്ങനെ? നാലു സാദ്ധ്യതകളുള്ളതായി നേരത്തെ വിവരിച്ചിരുന്നു. ഇതില്‍ അഗസ്തീനോസ് സ്വീകരിച്ച വിശ്വാസം, ആദിയില്‍ ദൈവം ഒരാത്മാവിനെ മാത്രം സൃഷ്ടിച്ചു. അതില്‍ നിന്നെടുത്തതാണ് ഹവ്വായും അവരുടെ മക്കളത്രയും. ആദാമും ഹവ്വായും തോട്ടത്തില്‍ വച്ച് പാപം ചെയ്ത സമയത്ത് മനുഷ്യവര്‍ഗ്ഗം മുഴുവന്‍ ആദാമിന്‍റെ കുടിപ്രദേശത്ത് ഉണ്ടായിരുന്നു.

അങ്ങനെ എല്ലാ ആത്മാക്കളും ആദാമില്‍ പാപം ചെയ്തുവെന്നാണ് അഗസ്തീനോസിന്‍റെ മതം. അദ്ദേഹത്തിന്‍റെ കയ്യിലുണ്ടായിരുന്ന ലത്തീന്‍ വേദപുസ്തകം ഈ അഭിപ്രായത്തെ ഉറപ്പിച്ചു. റോമാലേഖനം 5:12-ല്‍ കാണുന്ന വാക്യം അപൂര്‍ണ്ണമായ ഒരു വാചകമാണ്. അതിന്‍റെ ശരിയായ മലയാള പരിഭാഷ ഉണ്ടാക്കുവാന്‍ പ്രയാസമാണ്. ഇതുമൂലം ”പാപം ഒരു മനുഷ്യനില്‍ കൂടെ ലോകത്തിലേക്കു പ്രവേശിക്കുകയും പാപത്തില്‍ കൂടെ മരണവും വരികയും അങ്ങനെ മരണം എല്ലാ മനുഷ്യരിലും പരക്കുകയും അതുമൂലം എല്ലാവരും പാപം ചെയ്യുകയും ചെയ്തതു പോലെ.” ഇതാണ് അനുപദ പരിഭാഷ. എന്നാല്‍ ലത്തീന്‍ വേദപുസ്തകത്തില്‍ കിടക്കുന്നത് ”… മരണം എല്ലാ മനുഷ്യരിലും പരക്കുകയും അവനില്‍ (അതില്‍) എല്ലാവരും പാപം ചെയ്യുകയും ചെയ്തതുപോലെ” എന്നാണ്. ഈ അവനില്‍ എന്നു തര്‍ജ്ജിമ ചെയ്ത ലത്തീന്‍പദത്തെ അദ്ദേഹം ആദാമില്‍ എന്ന അര്‍ത്ഥത്തില്‍ എടുത്തിരിയ്ക്കണം.

സുറിയാനി വേദപുസ്തകത്തില്‍ കാണുന്നത് ഗ്രീക്കിലുള്ളതുപോലെതന്നെയാണ്. അതായത്: ”ഒരു മനുഷ്യന്‍ മുഖാന്തരം പാപം ലോകത്തിലേക്കു പ്രവേശിച്ചു. പാപം മുഖാന്തരം മരണവും.” അങ്ങനെ എല്ലാ മനുഷ്യരിലും മരണം കടന്നുവന്നു. കാരണം എല്ലാവരും പാപം ചെയ്തു എന്നതു തന്നെ. ഇവിടെ ആദാമില്‍ എല്ലാവരും പാപം ചെയ്തു എന്നു പറയുന്നില്ല. ആദാമ്യപാപം മൂലമാണ് എല്ലാവരും പാപികളാകുന്നതെന്നും പറയുന്നില്ല. ഇക്കാരണം കൊണ്ടാണ് അഗസ്തീനോസിന്‍റെ ഉപദേശത്തേയും വേദവ്യാഖ്യാനത്തേയും സഭ തിരസ്‌ക്കരിച്ചത്.

പാശ്ചാത്യസഭയില്‍ തന്നെ അനേകംപേര്‍ അഗസ്തീനോസിന്‍റെ ചിന്തയെ എതിര്‍ത്തിട്ടുള്ളവരാണ്. ജന്മപാപം അല്ലെങ്കില്‍ ആദ്യപാപം (original Sin) എന്ന ആശയത്തെ അത്യുന്നത കത്തോലിക്കാ വേദവിശാരദനായ തോമസ് അക്വിനാസ് പോലും സ്വീകരിക്കുന്നില്ല. ഓരോ ആത്മാവിനേയും സൃഷ്ടിക്കുന്നത് ദൈവം തന്നെയാണ് എന്ന തത്വം സ്വീകരിക്കുന്ന ആള്‍ക്ക്, അങ്ങനെ സൃഷ്ടിക്കുന്ന പുതിയ ആത്മാവിന് പാപം ഉണ്ടെന്നു വാദിക്കുവാന്‍ സാദ്ധ്യമല്ലല്ലോ. ആദാം മുതല്‍ അവസാന നാള്‍ വരെയുള്ള എല്ലാ മനുഷ്യരും കൂടി ഒരു ഏക സാമൂഹ്യവ്യക്തിയാണെന്നും, ഒരു വ്യക്തിയുടെ കൈ ചെയ്യുന്ന കുറ്റത്തിന് ആ വ്യക്തി മുഴുവന്‍ ഉത്തരവാദി ആകുന്നതുപോലെ മനുഷ്യവര്‍ഗ്ഗത്തിന്‍റെ തലനായ ആദാം ചെയ്ത കുറ്റത്തിന് ആ വര്‍ഗ്ഗത്തിലെ എല്ലാ അംഗങ്ങളും ഉത്തരവാദികളാണെന്നും തോമസ് വാദിച്ചു. എന്നാല്‍ ഈ അഭിപ്രായത്തെ മിക്ക പ്രധാന കാര്യങ്ങളിലും തോമസ് അക്വിനാസിന്‍റെ വാദങ്ങളെ അതേപടി സ്വീകരിക്കുന്ന കത്തോലിക്കാസഭ സ്വീകരിച്ചിട്ടില്ലെന്നുള്ളത് ഒരു പ്രത്യേകതയാണ്.

റോമന്‍ കത്തോലിക്കാസഭയുടെ ഔദ്യോഗിക ഉപദേശം

മാമോദീസാ, ജന്മപാപം കഴുകിക്കളയുന്നതിനു വേണ്ടിയാണെന്നുള്ള വാദം പാശ്ചാത്യ കത്തോലിക്കാസഭയുടെ ഉപദേശത്തില്‍ പണ്ടേയുള്ളതാണ്. എന്നാല്‍ 12ാം ശതാബ്ദത്തില്‍ ഇന്നസെന്റ് മൂന്നാമന്‍ മാര്‍പ്പാപ്പയാണ് അതിനു വ്യക്തരൂപം കൊടുത്തത്. ”നമ്മുടെ ഇച്ഛ കൂടാതെ നമുക്കു ലഭിക്കുന്ന ജന്മപാപം നമ്മുടെ ഇച്ഛ കൂടാതെ തന്നെ കൂദാശ മൂലം മോചിക്കപ്പെടുന്നു. എന്നാല്‍ നമ്മുടെ ഇച്ഛപ്രകാരം നാം ചെയ്യുന്ന കര്‍മ്മപാപം നമ്മുടെ ഇച്ഛയുണ്ടെങ്കില്‍ മാത്രമേ മോചിക്കപ്പെടുകയുള്ളു. ജന്മപാപത്തിന്‍റെ ശിക്ഷ ഈശ്വരദര്‍ശനത്തിന്‍റെ നിഷേധമാണ്. കര്‍മ്മപാപത്തിന്‍റെ ശിക്ഷയോ നിത്യനരകത്തിലെ ദുരിതവും.”

പതിനഞ്ചാം ശതാബ്ദത്തില്‍ സുറിയാനിസഭയെപ്പറ്റി റോമന്‍ കത്തോലിക്കാ സഭക്കാരുടെ ഫ്‌ളോറന്‍സ് സുന്നഹദോസ് പാസ്സാക്കിയ നിശ്ചയത്തിലും സുറിയാനി ഓര്‍ത്തഡോക്‌സുകാര്‍ ജന്മപാപത്തെപ്പറ്റിയുള്ള ഉപദേശം കൂടെ സ്വീകരിച്ചെങ്കില്‍ മാത്രമേ അവര്‍ സത്യക്രിസ്ത്യാനികള്‍ ആകുകയുള്ളൂ എന്നു പറയുന്നുണ്ട്.

1546-ാമാണ്ട് ജൂണ്‍ മാസം 17-ാം തീയതി ട്രെന്റ് സുന്നഹദോസാണ് ജന്മപാപത്തെപ്പറ്റി എന്ന ഔദ്യോഗിക പ്രഖ്യാപനം മൂലം ഈ വിശ്വാസം എല്ലാ റോമന്‍കത്തോലിക്കരും സ്വീകരിക്കണമെന്നു നിര്‍ബന്ധമാക്കിയത്. സേവേറിയോസിന്‍റെ ഉപദേശത്തെ റോമന്‍ കത്തോലിക്കാസഭ വ്യക്തമായി നിഷേധിക്കുന്നു. ”അനുസരണക്കേടിന്‍റെ പാപം മൂലം പങ്കിലനായ ആദാം മരണത്തേയും ശാരീരികശിക്ഷകളേയും മാത്രമേ മനുഷ്യവര്‍ഗ്ഗത്തില്‍ മുഴുവന്‍ പരത്തിയിട്ടുള്ളു എന്നും, ആദാമിന്‍റെ മരണമാകുന്ന പാപത്തെ മറ്റുള്ളവരില്‍ പരത്തിയില്ല എന്നും പറയുന്നവന്‍ ശപിക്കപ്പെട്ടവന്‍; കാരണം അവന്‍ അപ്പോസ്‌തോലന്‍റെ റോമാലേഖനം 5:12 -ലെ ഉപദേശത്തെ നിഷേധിക്കുന്നു എന്നു ട്രെന്റ് സുന്നഹദോസ് ലത്തീന്‍ വേദപുസ്തകത്തിലെ തെറ്റായ വേദപരിഭാഷ ഉപയോഗിച്ച് യാക്കോബായക്കാരെ മഹറോന്‍ ചൊല്ലി.

ഈ വിഷയത്തെപ്പറ്റി കത്തോലിക്കരുടെ ഇടയില്‍ത്തന്നെ ഒരു പുതിയ സമീപനം ഉണ്ടായിക്കൊണ്ടിരിക്കയാണ്. വേദപുസ്തകത്തിന്‍റെ ഒരു തെറ്റായ പരിഭാഷയിന്മേലാണ് ഈ ഉപദേശത്തിന്‍റെ അടിസ്ഥാനമെന്ന് ആധുനിക കത്തോലിക്കാ പണ്ഡിതന്മാര്‍ ഏറെക്കുറെ സമ്മതിക്കുന്നുണ്ട്. ജന്മപാപം എന്നു പറയുന്നത് പ്രധാനമായും കാമാസക്തി ആണെങ്കില്‍ മാമോദീസാ കൊണ്ട് അതു മാറിപ്പോകാത്തത് എന്തുകൊണ്ടാണെന്ന് ചോദിക്കുന്ന കത്തോലിക്കാ പണ്ഡിതന്മാര്‍ ഇന്നുണ്ട്. ഉല്പാദന പ്രക്രിയയില്‍ കൂടെയാണു ജന്മപാപം പരക്കുന്നത് എന്ന ഔദ്യോഗിക ഉപദേശവും ഇന്നു ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കയാണ്.

മാര്‍ സേവേറിയോസിന്‍റെ ഉപദേശമാകട്ടെ, സുചിന്തിതവും പുരാതനസഭയുടെ സത്യമായ പാരമ്പര്യത്തില്‍ അധിഷ്ഠിതവുമാകയാല്‍ അത് ഇതുവരെയും ചോദ്യം ചെയ്യപ്പെടേണ്ടി വന്നിട്ടില്ല. സുറിയാനിസഭയുടെ ഔദ്യോഗിക മല്പാനായ മാര്‍ സേവേറിയോസിന്‍റെ ഉപദേശത്തിന്‍റെ ഒരു സമാഹാരം താഴെ കൊടുക്കുന്നത്. അറിവില്ലായ്മകൊണ്ട് സുറിയാനിസഭയിലെ വൈദികരും അത്മായരും സണ്ടേസ്‌കൂള്‍ പുസ്തകങ്ങള്‍ എഴുതുന്നവരും ഔദ്യോഗിക ഗുരുക്കന്മാരായ മേലദ്ധ്യക്ഷന്മാര്‍ തന്നെയും ആദിപാരമ്പര്യത്തെ വിട്ടു പിന്നീട് റോമാ വിശ്വാസത്തില്‍ നിന്നും നമ്മുടെ ഇടയില്‍ കയറിവന്ന ഉപദേശങ്ങളെ സുറിയാനിസഭയുടെ മതോപദേശങ്ങളായി ജനങ്ങളെ പഠിപ്പിക്കാതിരിക്കണമെന്നുള്ള താല്പര്യത്തിലാണ്

മാര്‍ സേവേറിയോസിന്‍റെ ഉപദേശ സമാഹാരം

അന്ത്യോക്യാ പാത്രിയര്‍ക്കീസായിരുന്ന ഈ പിതാവിന്‍റെ ഉപദേശത്തിന്‍റെ പൂര്‍ണ്ണ രൂപം കാണപ്പെടുന്നത ് ക്രിസ്താബ്ദം 512 മുതല്‍ 518 വരെയുള്ള കാലങ്ങളിലെ തന്‍റെ ഭദ്രാസന ദേവാലയ പ്രസംഗങ്ങളിലും(Cathedral Homilies) ജൂലിയാനെതിരായി എന്ന ഗ്രന്ഥത്തിലുമാണ്. ഇതിന്‍റെ മൂലം ആര്‍ക്കെങ്കിലും നോക്കണമെന്നുണ്ടെങ്കില്‍ (Patrologia Orientalis) എന്ന ഗ്രന്ഥാവലിയിലെ 4, 8, 12 എന്നീ വാല്യങ്ങള്‍ കാണുക.

1. ആദാമിന്‍റെ പാപം ആദാമിനു മാത്രമല്ല അവന്‍റെ സന്തതിപരമ്പരയ്ക്കും പ്രത്യാഘാതങ്ങള്‍ വരുത്തിയിരിക്കുന്നു. മനുഷ്യസ്വഭാവത്തിലേക്കു മരണാധീനത വരുത്തിവച്ചത് ആദാമിന്‍റെ പാപമാണ്. ഈ മരണാധീനതയെ മാറ്റുന്നത് ക്രിസ്തുവിന്‍റെ മരണം മാത്രമാണ്.

2. ആദാം പാപം ചെയ്യാതിരുന്നെങ്കില്‍ അമര്‍ത്യനായിത്തീരുകയില്ലായിരുന്നു. പാപം ചെയ്യുന്നതുമൂലം മരിക്കാനുള്ള സാദ്ധ്യതയും പാപം ചെയ്യാതിരിക്കുന്നെങ്കില്‍ മരിക്കാതിരിക്കാനുള്ള സാദ്ധ്യതയും ഒരുമിച്ച് അവനുണ്ടായിരുന്നു.

3. ആദാം പാപം ചെയ്യുന്നതിനു മുമ്പ് അവനു ശരീരം ഉണ്ടായിരുന്നു. പക്ഷേ, ഘനം ഇല്ലാത്തതും പ്രകാശമയവുമായശരീരമായിരുന്നു അത്.

4. ക്രിസ്തു എന്ന പുളിപ്പ് മനുഷ്യവര്‍ഗ്ഗം എന്ന മൂന്നുപറ മാവില്‍ ചേര്‍ക്കപ്പെടുന്നതുകൊണ്ടാണ് ഇന്ന് മനുഷ്യവര്‍ഗ്ഗത്തിന് വീണ്ടും നിത്യജീവന്‍ ഉണ്ടായിത്തീരുന്നത്.

5. സങ്കീര്‍ത്തനം 51:7 ല്‍ ”പാപത്തില്‍ എന്‍റെ മാതാവ് എന്നെ ഗര്‍ഭം ധരിച്ചു” എന്നു കാണുന്നതിനെ ആക്ഷരികമായി വ്യാഖ്യാനിച്ചു പാപസിദ്ധാന്തത്തിനടിസ്ഥാനമായി ഉപയോഗിക്കുന്നതു തെറ്റാണ്. ഞാന്‍ അടിസ്ഥാനം മുതലെ പാപിയാണ് എന്നുള്ള ഒരു കുറ്റസമ്മതം മാത്രമാണത്.

6. നമ്മുടെ കര്‍ത്താവ് കന്യകയില്‍ നിന്നു ജാതനാണ്. എന്നാല്‍ എല്ലാ മനുഷ്യരേയുംപോലെ മരണാധീനതയും ദ്രവത്വസാദ്ധ്യതയും ഉള്ള ഒരു ശരീരമായിരുന്നു തന്‍റത്. തന്നില്‍ പാപമില്ലായിരുന്നു എന്നതു മാത്രമാണു വ്യത്യാസം. എന്നാല്‍ പാപമില്ലാത്ത മനുഷ്യസ്വഭാവത്തിന് അമര്‍ത്യവും അദ്രവത്വവും ഉണ്ടായിക്കൊള്ളണമെന്ന് നിര്‍ബന്ധമില്ല. വീണുപോയ മനുഷ്യസ്വഭാവത്തോടു പറ്റിപ്പിടിച്ചിരിക്കുന്നവയാണ് മര്‍ത്യതയും ദ്രവത്വവും. അവയെ കര്‍ത്താവ് സ്വയം എടുത്തു. എന്നാല്‍ പാപം വീണുപോയ മനുഷ്യസ്വഭാവത്തിന്‍റെ അവിഭാജ്യഘടകമല്ല. അതുകൊണ്ടാണ് പാപമില്ലാത്തതും എന്നാല്‍ വീണുപോയ മനുഷ്യന്‍റതുമായ സ്വഭാവത്തെ ക്രിസ്തുവിനെടുക്കുവാന്‍ കഴിഞ്ഞത്.

7. ആദാമിന്‍റെ പാപം നശിപ്പിച്ചുകളഞ്ഞത് മൃത്യുവിധേയവും ദ്രവത്വസാദ്ധ്യതയുള്ളതുമായ മനുഷ്യസ്വഭാവത്തെ മൃത്യുവില്‍ നിന്നും ദ്രവത്വത്തില്‍ നിന്നും സംരക്ഷിക്കുവാന്‍ കഴിവുള്ള ദൈവകൃപയെയാണ്. ഈ കൃപ ഇല്ലാതായിത്തീര്‍ന്നാലും മനുഷ്യസ്വഭാവം മനുഷ്യസ്വഭാവമായിത്തന്നെ നിലകൊള്ളുന്നു. പക്ഷേ, അതിനെ മരണത്തില്‍ നിന്നും ദ്രവത്വത്തില്‍ നിന്നും രക്ഷിക്കുന്ന കൃപ അതിനില്ലെന്നു മാത്രം.

8. ആദാമ്യപാപം ഒരു തലമുറയില്‍ നിന്നും പിന്‍തലമുറയിലേക്കു വിനിമയം ചെയ്യപ്പെടുന്നില്ല എന്നു മാര്‍ സേവേറിയോസ് വാദിച്ചു. ഒരു പിതാവില്‍ നിന്നു പുത്രനോ പുത്രിക്കോ പാപം ലഭിക്കുന്നില്ല എന്നു മാര്‍ സേവേറിയോസ് വ്യക്തമായി പഠിപ്പിച്ചു. ”മരണവിധേയനും പാപിയുമായ ആദാമില്‍ നിന്നു നാം മരണവിധേയരായി ജനിക്കുന്നു. എന്നാല്‍ പാപികളായിട്ടല്ല ജനിക്കുന്നത്.” ആദാമിന്‍റെ പാപം അവന്‍റെ മക്കള്‍ക്ക് അവന്‍ പകര്‍ന്നു കൊടുത്തു എന്ന വാദം മാണിക്യന്‍ ചിന്താഗതി ആണെന്നു പറഞ്ഞ് മാര്‍ സേവേറിയോസ് നിരാകരിക്കുകയാണുണ്ടായത്.

9. വിവാഹം പാപത്തെ വര്‍ദ്ധിപ്പിക്കുവാനുള്ള ഉപാധിയല്ലെന്നും, നേരേമറിച്ച് ആദാമ്യപാപം മൂലം മരണവിധേയനായ മനുഷ്യന്‍ ഇല്ലാതായി പോകാതിരിക്കാന്‍ വേണ്ടി ദൈവം തന്‍റെ കൃപയാല്‍ വീണുപോയ മനുഷ്യനു നല്‍കിയിട്ടുള്ള ഉപാധിയായിട്ടുമാണ് മാര്‍ സേവേറിയോസിന്‍റെ ഉപദേശം.

10. മനുഷ്യന്‍ പ്രകൃത്യാ പാപിയാണെന്നുള്ള പാശ്ചാത്യസഭയുടെ ഉപദേശം ക്രിസ്തീയമല്ലെന്ന് മാര്‍ സേവേറിയോസ് വാദിച്ചു. പ്രകൃതി എന്നു പറയുന്നത് ദൈവം സൃഷ്ടിച്ചതാണ്. അതില്‍ പാപമുണ്ടെങ്കില്‍ പാപത്തെ ദൈവം സൃഷ്ടിച്ചതാണെന്നു വരും. പ്രകൃതിയില്‍ പാപം ഇല്ല. പാപം പ്രകൃതിക്കു പുറത്തു നിന്നു വന്നു പ്രകൃതിയെ താറുമാറാക്കുന്ന ഒന്നാണെന്നാണ് മാര്‍ സേവേറിയോസ് വളരെ വ്യക്തമായി പഠിപ്പിച്ചത്.

error: Thank you for visiting : www.ovsonline.in