പരിശുദ്ധ പാത്രിയാർക്കിസ് ബാവയ്ക്ക് ഹൃദയപൂർവ്വം ഒരു കത്ത്

അന്ത്യോഖ്യൻ സുറിയാനി ഓർത്തഡോൿസ് സഭയുടെ പരമാധ്യക്ഷനും പരിശുദ്ധ പത്രോസ് ശ്ലീഹായുടെ പിൻഗാമിയുമായ പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയാർക്കിസ് ബാവയുടെ തൃകൈമുത്തി ഒരു തുറന്ന കത്ത്.

പരിശുദ്ധ പിതാവേ,

‘Peace Is The Future’‘ – 2014 സെപ്തംബർ 8-ന് ബെൽജിയത്തിൽ നടന്ന സർവ്വമത സമ്മേളനത്തിൽ അങ്ങ് നടത്തിയ പ്രസംഗത്തിൽ പറഞ്ഞ വാചകമാണ് ഇത്. പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ ബാവ അന്ത്യോഖ്യൻ പാത്രിയാർക്കിസ് സഥാനത്തേക്ക് നിയോഗിക്കപ്പെട്ടപ്പോൾ മലങ്കര സഭയും ആഗ്രഹിച്ചത് ഈ സമാധാനമാണ്. സഹോദര സഭകളായി ഒന്നായി കഴിയേണ്ട അന്ത്യോഖ്യൻ സുറിയാനി ഓർത്തഡോൿസ് സഭയും മലങ്കര ഓർത്തഡോൿസ് സഭയും ഒരു വിഘടിത വിഭാഗത്തിന്‍റെയും അവരുടെ അധികാര-ധന-സ്ഥാന മോഹത്തിന്‍റെയും പേരിൽ രണ്ടു ധ്രുവങ്ങളിലായി അകന്നു മാറിയപ്പോൾ വിള്ളൽ വീണത് പൗരസ്ത്യ ഓർത്തഡോൿസ് സഭകളുടെ ഐക്യത്തിൽ കൂടിയാണ് പിതാവേ.

2015 ഏപ്രിൽ 22-ന് അങ്ങും മലങ്കര ഓർത്തഡോൿസ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയും തമ്മിലുള്ള കൂടിക്കാഴ്ച്ച അർമേനിയയിൽ നടക്കുമ്പോൾ തളിരിട്ടത് പുതിയ കാലത്തേക്കുറിച്ചുള്ള നല്ല പ്രതീക്ഷകളാണ്. പരിശുദ്ധ സഭകൾ തമ്മിൽ ഉള്ള ഭിന്നതകൾ പരിഹരിക്കുന്നതിന് പ്രസ്താവനകൾക്കും പ്രസംഗങ്ങൾക്കും അതീതമായി നടപടികൾ ആഗ്രഹിച്ച മലങ്കര സഭ അങ്ങയുടെ പ്രഥമ ഭാരത സന്ദർശനത്തിൽ ഏറെ ക്രിയാത്മകമായ ചർച്ചകൾ പ്രതീക്ഷിച്ചു. പക്ഷേ ആ പ്രതീക്ഷകൾ എല്ലാം തകർത്തു സുപ്രീം കോടതിയുടെ പരിഗണയിൽ വാദം നടക്കുന്ന പള്ളികളിലേക്ക് പോലും അങ്ങയെ എത്തിച്ചു പ്രശ്‌നം കൂടുതൽ വഷളാക്കിയപ്പോൾ വിജയിച്ചത് വിഘടിത വിഭാഗത്തിന്‍റെ സമാധാനം തകർക്കുന്നതിന് വേണ്ടിയുള്ള തന്ത്രങ്ങളാണ്.

കീഴ്‌കോടതി മുതൽ രാജ്യത്തിന്‍റെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി വരെ മലങ്കര സഭക്കെതിരെ കേസ് നൽകിയപ്പോൾ സമാധാനത്തെക്കുറിച്ചു ചിന്തിക്കാത്തവർ, ഈ സഭയുടെ രക്തസാക്ഷികളുടെ എണ്ണം കൂടിയപ്പോൾ സമാധാനത്തെക്കുറിച്ചു ചിന്തിക്കാത്തവർ, പള്ളികളും വിശ്വാസികളും അതിക്രൂരമായി അക്രമിക്കപ്പെട്ടപ്പോൾ സമാധാനത്തെക്കുറിച്ചു ചിന്തിക്കാത്തവർ, പരിശുദ്ധ സഭയെയും പരിശുദ്ധ കാതോലിക്കാ സിംഹാസനത്തെയും ഉൾപ്പടെ അപമാനിച്ചു അതിക്രമം കാട്ടിയപ്പോൾ സമാധാനത്തെക്കുറിച്ചു ചിന്തിക്കാത്തവർ അങ്ങനെ പലരും ഇന്ന് സമാധാനത്തെക്കുറിച്ചു വാചാലരാണ് എന്നാൽ മലങ്കര ഓർത്തഡോൿസ് സഭയെ പോലെ അതിനായി ഇത്രയും ത്യാഗങ്ങൾ സഹിച്ച ആരാണ് പിതാവേ ഉണ്ടാവുക. തന്നെ അപമാനിക്കാവുന്നതിന്‍റെ പരമാവധി അപമാനിച്ച ദുഃഖിപ്പിക്കാവുന്നതിന്‍റെ പരമാവധി ദുഃഖിപ്പിച്ച ജനത്തോട് ക്ഷമിച്ചുകൊണ്ട് 1958-ൽ പരാജയത്തിന്‍റെ കൈപ്പുനീര് കുടിച്ചു തകർന്നു തരിപ്പണമായി നിന്ന വിഘടിത വിഭാഗത്തെയും അവർക്ക് സംരക്ഷണം ഒരുക്കിയ അങ്ങയുടെ സഭയെയും പൂർണ സാഹോദര്യ ബന്ധത്തിൽ സ്വീകരിച്ച പരിശുദ്ധ ഗീവർഗ്ഗിസ് ദ്വിതീയൻ ബാവായുടെ സഭയാണ് ഇത്. എന്നാൽ 1975-ല്‍ ഉണ്ടായ ചതി ഞങ്ങളെ അതി ഭയങ്കരമായി ഇന്നും ഭയപ്പെടുത്തുന്നു. മലങ്കര സഭക്ക് വിജയങ്ങൾ ഉണ്ടാകുമ്പോൾ മാത്രം, വിഘടിത വിഭാഗത്തിന് തകർച്ച ഉണ്ടാവുമ്പോൾ മാത്രം ഉണ്ടാകുന്ന സമാധാനത്തെ എങ്ങനെയാണ് ഞങ്ങൾ നോക്കി കാണേണ്ടത്.

ഞങ്ങൾ ഏറ്റ ആക്രമണങ്ങളെ ഞങ്ങൾ മറക്കാം, ഭീഷണികളെയും അട്ടിമറികളെയും അതിക്രമങ്ങളെയും എല്ലാം ഞങ്ങൾ മറക്കാം. പക്ഷേ എങ്ങനെയാണ് പിതാവേ രക്തസാക്ഷികളുടെ രക്തത്തെ ഞങ്ങൾ മറക്കേണ്ടത്. അവരുടെ പ്രിയപ്പെട്ടവരുടെ കണ്ണുനീരിനെ എങ്ങനെയാണ് ഞങ്ങൾ മറക്കേണ്ടത്. എന്ത് വിലയാണ് അതിന് നൽകാനാവുക, എന്ത് സമാധാനമാണ് അതിൽ പറയാൻ ഉണ്ടാവുക. വിഘടിത വിഭാഗത്തിന്‍റെ സർവ്വതും ആണെന്ന് അവർ പറയുന്ന അങ്ങയുടെ മുൻഗാമിയുടെ വാർദ്ധക്യത്തെ പോലും മുതലെടുത്തവരെ എങ്ങനെയാണ് അങ്ങ് വിശ്വസിക്കുക. ഞങ്ങൾ എങ്ങനെയാണ് അവരെ വിശ്വസിക്കേണ്ടത്.

പരിശുദ്ധ മാർത്തോമ്മായുടെ പൈതൃകത്തെയും പൗരോഹിത്യത്തെയും സിംഹാസനത്തെയും അപമാനിച്ച 203 – നമ്പർ കൽപന നിലനിൽക്കുന്ന കാലത്തോളം, മലങ്കര സഭക്ക് എതിരായി നിന്ന വിഘടിത വിഭാഗവും അവർക്കായി അങ്ങയുടെ മുൻഗാമികൾ വാഴിച്ച ശ്രേഷ്‌ഠ കാതോലിക്കയും മെത്രാപ്പോലീത്തമാരും നിലനിൽക്കുന്ന കാലത്തോളം, മലങ്കര സഭയുടെ പരിശുദ്ധ കാതോലിക്കായെയും മേല്പട്ടക്കാരെയും ജനങ്ങളെയും പരിശുദ്ധ പാത്രിയാർക്കിസ് പുറംതള്ളിയതായി അങ്ങയുടെ സഭ വിശ്വസിക്കുന്ന കാലത്തോളം എങ്ങനെയാണ് പിതാവേ പരിശുദ്ധ സഭകൾ തമ്മിൽ ആരോഗ്യപരമായ ഒരു ചർച്ച ആരംഭിക്കുക.

പരിശുദ്ധ പിതാവേ, ഞങ്ങളുടെ സഹോദരി സഭയുടെ പരമാദ്ധ്യക്ഷനായ അങ്ങ് ഭാരതത്തിലേക്ക് വരുമ്പോൾ കേവലം സിംഹാസന പള്ളികളുടെ അധിപന്‍റെ ക്ഷണപ്രകാരമല്ല ഈ മണ്ണിലേക്ക് വരേണ്ടത്. സഹോദരി ഓർത്തഡോൿസ് സഭയിലെ പിതാക്കന്മാർ എഴുന്നള്ളിയത് പോലെ കാനോനികമായി മലങ്കര സഭയുടെ കാതോലിക്കായെ അറിയിച്ചു അല്ലെങ്കിൽ അദ്ദേഹത്തിന്‍റെ ക്ഷണപ്രകാരം സർവ്വ പ്രൗഢിയോടും രാജകീയമായുമാണ് എഴുന്നള്ളേണ്ടത്.

യിരേമ്യാവു 6:14-ൽ പറയുന്നതുപോലെ സമാധാനം ഇല്ലാതിരിക്കെ, സമാധാനം സമാധാനം എന്നു അവർ പറഞ്ഞു എന്‍റെ ജനത്തിന്‍റെ മുറിവിന്നു ലഘുവായി ചികിത്സിക്കുന്നു. പരിശുദ്ധ കാതോലിക്കാ ബാവായുടെ ആഗ്രഹം പോലെ സമാധാനം ശാശ്വത ആയിരിക്കണം ഉണ്ടാവേണ്ടത് അങ്ങും അത് തന്നെയാവും പ്രതീക്ഷിക്കുന്നത് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു വെച്ചുകെട്ടലുകൾക്ക് അപ്പുറം പൂർണ മനസോടും പൂർണ ആത്മാവോടും അത് പരിഹരിക്കപ്പെടണം. അതിന് ആദ്യം തെറ്റുകൾ തിരുത്തപ്പെടണം. നമ്മുക്ക് പ്രാർത്ഥിക്കാം വിശ്വസിക്കാം – ‘‘Peace Is The Future’

അവിടുത്തെ തൃകൈമുത്തി കൊണ്ട് അവസാനിപ്പിക്കുന്നു

അബി എബ്രഹാം കോശി
കാർത്തികപ്പള്ളി
യുവജനപ്രസ്ഥാനം കേന്ദ്ര പത്രാധിപ സമിതി അംഗം

error: Thank you for visiting : www.ovsonline.in