പ്രളയകാലത്തെ കൈത്താങ്ങിന് നന്ദി പറയാൻ  മാർ യൂലിയോസ്‌ മലപ്പുറത്ത്‌

കേരളത്തിന്റെ മതസൗഹാര്‍ദത്തിന്റെ അധ്യായത്തില്‍ എഴുതിച്ചേര്‍ക്കാന്‍ ഒരധ്യായം കൂടി. ഇന്നലെ ജുമാ നമസ്‌കാരത്തിനായി മലപ്പുറം പുളിക്കല്‍ അങ്ങാടിയിലെ സലഫി പള്ളിയില്‍ ഒത്തുകൂടിയ വിശ്വാസികള്‍ക്ക് ഒപ്പം മറ്റൊരു വ്യക്തി കൂടിച്ചേര്‍ന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപനും കുന്നംകുളം ഭദ്രാസന സഹായ മെത്രാപ്പൊലീത്തയുമായ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസാണ് വിശ്വാസികള്‍ക്കൊപ്പം ഒത്തുകൂടിയത്.

പ്രളയം സര്‍വതും തകര്‍ത്ത നാളുകളില്‍ ജീവനും സ്വത്തും നഷ്ടമായേക്കാവുന്ന സമയത്ത് രക്ഷയ്ക്കായി കിലോമീറ്ററുകള്‍ക്കപ്പുറം നിന്ന് ഓടിയെത്തിയ സന്നദ്ധപ്രവര്‍ത്തകരെ നേരില്‍ കണ്ട് നന്ദിയര്‍പ്പിക്കാനാണ് അദ്ദേഹം നേരിട്ടെത്തിയത്. നമസ്‌കാര ശേഷം വിശ്വാസികളെ അഭിസംബോധന ചെയ്ത അദ്ദേഹം ജീവിതത്തിലെ ആദ്യത്തെ അനുഭവമാണിതെന്നും ഇത്രയും നാള്‍ ദൂരെ നിന്ന് നോക്കിക്കണ്ടിരുന്ന നമസ്‌കാര ചടങ്ങുകള്‍ അടുത്തു കണ്ടതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞു.

പ്രളയസമയത്ത് എല്ലാം നഷ്ടപ്പെട്ട നിസഹായരായ തെക്കന്‍ ഭാഗത്തുള്ളവര്‍ക്ക് സഹായിക്കാന്‍ വന്നവരാണ് ഈ പ്രദേശത്തെ ജനങ്ങള്‍, ഞങ്ങളുടെ നാട്ടില്‍ വന്നവര്‍ക്ക് നമസ്‌കരിക്കാന്‍ ദേവാലയങ്ങള്‍ തുറന്ന് കൊടുത്തിരുന്നു. ആരാധനാലയങ്ങള്‍ മനുഷ്യമനസ്സുകളെ ഒന്നിപ്പിക്കുന്ന വേദികളാകണം. മുസ്ലീം രാജ്യമായ ഒമാനില്‍ ഭരമാധികാരി സുല്‍ത്താന്‍ ഖാബൂസ് ക്രൈസ്തവര്‍ക്കായി നാല് ദേവാലയങ്ങള്‍ ഒരുക്കിത്തന്നത് വിവേചനങ്ങള്‍ വലിച്ചെറിയാനുള്ള സന്ദേശമാണ് – ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്

പ്രളയ സമയത്ത് പുളിക്കല്‍ ഭാഗത്തു നിന്ന് ഒട്ടനവധി സന്നദ്ധ പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനത്തിനായി വിവിധ ഭാഗങ്ങലിലെത്തിയിരുന്നു. പുളിക്കല്‍ ഖത്തീബിനും ജനങ്ങള്‍ക്കും അവര്‍ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയും നന്ദിയുമറിയിച്ചാണ് ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മടങ്ങിയത്.

കാലവര്‍ഷക്കെടുതിയില്‍ എല്ലാംതകര്‍ന്ന ചെങ്ങന്നൂരിലെ ജനങ്ങളുടെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നന്ദിപറയാന്‍ ബിഷപ്പ് ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പാണക്കാട്ടെത്തി. പ്രളയാനന്തര ചെങ്ങന്നൂരിനെ കൈപിടിച്ചുയര്‍ത്താന്‍ സേവന സന്നദ്ധരായ യൂത്ത്‌ ലീഗിന്റെ പ്രവര്‍ത്തനങ്ങൾക്ക് നന്ദി അറിയിച്ചാണ് എത്തിയത്. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപനും കുന്നംകുളം ഭദ്രാസന സഹായ മെത്രാപ്പോലീത്തയുമായ അഭി.ഡോ. ഗീവർഗ്ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സന്ദർശിച്ചു. ആദരണീയരായ സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി എം.പി., പി.വി. അബ്ദുൾ വഹാബ് എം.പി,മുൻ എം.പി അബ്ദുൾ സമദ് സമദാനി, അഡ്വ.യു.എ.ലത്തീഫ് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി തുടങ്ങിയവർ തങ്ങൾക്കൊപ്പം സന്നിഹിതരായിരുന്നു. പരി.ബാവായ്ക്കു വേണ്ടി മാർ യൂലിയോസ് ആശംസകൾ അറിയിച്ചു. മലങ്കര സഭയുടെ മാധ്യമ വിഭാഗം അധ്യക്ഷനായ ഡോ. ഗീവർഗ്ഗീസ് മാർ യൂലിയോസ് തിരുമനസ്സിനെ മാധ്യമ വിഭാഗം കോ-ഓർഡിനേറ്റർ അഡ്വ. ഗിൽബർട്ട് ചീരൻ, മലങ്കരസഭാ മാനേജിംഗ് കമ്മറ്റി മെമ്പർ പി.യു ഷാജൻ എന്നിവർ അനുഗമിച്ചു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in