കാരിസ്മാറ്റിക് പ്രസ്ഥാനത്തോട് പൗരസ്ത്യ സഭയ്ക്കുള്ള  പ്രതികരണം എന്തായിരിക്കണം?

സഭയില്‍ ആത്മീയചൈതന്യം വീണ്ടെടുക്കണമെന്നുള്ള മോഹം സഭാവിശ്വാസികളില്‍ കാണുന്നതു നല്ല കാര്യമാണ്. ആധുനിക യുഗത്തിന്‍റെ ജീവിതശൈലികള്‍ മനുഷ്യന്‍റെ ആത്മീയ ജീവിതത്തെ പലതരത്തിലും ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ്, കാരിസ്മാറ്റിക് – വിടുതല്‍ പ്രസ്ഥാനം; പെന്തിക്കോസ്ത് സഭാചിന്താഗതികള്‍ സമൂഹത്തില്‍ വളര്‍ന്നു പടരുന്നത്. നിരവധി പ്രശ്നങ്ങളുള്ള മനുഷ്യന്‍ പ്രശ്ന പരിഹാരത്തിനു വേണ്ടി ഈ വിധമുള്ള പ്രസ്ഥാനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നു.

1. ആത്മീയ പരിവേഷമണിഞ്ഞ ആത്മീയ ഉണര്‍വ് പ്രസ്ഥാനങ്ങള്‍
ആത്മീയ ഉണര്‍വിന്‍റെ പേരില്‍ സഭയുടെ ആരംഭം മുതല്‍ക്കേ പലവിധത്തിലുള്ള ഉണര്‍വു പ്രസ്ഥാനങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. അപ്പോസ്തോലിക സഭയില്‍ ആത്മീയവരത്തിന്‍റെ പേരില്‍ വിശ്വാസികളെ ചൂഷണം ചെയ്യുന്ന പ്രവണതകള്‍ പ. പൌലോസ് അപ്പോസ്തോലന്‍ നിരുത്സാഹപ്പെടുത്തി. ആത്മീയഫലമാണ് ആത്മീയവരത്തേക്കാള്‍ മനുഷ്യനും സഭയ്ക്കും പ്രയോജനപ്പെടുന്നതെന്നു പൌലോസ് ശ്ളീഹാ പഠിപ്പിച്ചു.

1 കൊരി. 13:1-3 ‘ഞാന്‍ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളില്‍ സംസാരിച്ചാലും എനിക്കു സ്നേഹമില്ല എങ്കില്‍ ഞാന്‍ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ അത്രേ. എനിക്കു പ്രവചനവരം ഉണ്ടായിട്ടു സകല മര്‍മ്മങ്ങളും സകല ജ്ഞാനവും ഗ്രഹിച്ചാലും മലകളെ നീക്കുവാന്‍ തക്ക വിശ്വാസം ഉണ്ടായാലും സ്നേഹമില്ല എങ്കില്‍ ഞാന്‍ ഏതുമില്ല. എനിക്കുള്ളതെല്ലാം അന്നദാനം ചെയ്താലും എന്‍റെ ശരീരം ചുടുവാന്‍ ഏല്പിച്ചാലും, സ്നേഹമില്ല എങ്കില്‍ എനിക്ക് ഒരു പ്രയോജനവുമില്ല.’

ആദ്യ നൂറ്റാണ്ടുകളില്‍ സഭയില്‍ വളര്‍ന്ന ആത്മീയ ഉണര്‍വു പ്രസ്ഥാനങ്ങള്‍ കാലക്രമത്തില്‍ ക്രിസ്തീയ വിശ്വാസത്തില്‍ നിന്നു വ്യതിചലിച്ചു വേദവിപരീതത്തില്‍ കലാശിച്ചു. ഇക്കാലത്ത് ആത്മീയ ഉണര്‍വിന്‍റെ പേരില്‍ പല പ്രസ്ഥാനങ്ങളും സഭയ്ക്കകത്തും പുറത്തും ഉടലെടുത്തിട്ടുണ്ട്. ഉദാ. സഭയ്ക്കകത്തു തിരുവനന്തപുരം ആസ്ഥാനമാക്കിയുള്ള വിടുതല്‍ പ്രസ്ഥാനം. ഇതും ഒരുതരം കാരിസ്മാറ്റിക് ഉണര്‍വു പ്രസ്ഥാനമാണ്. ഈ പ്രസ്ഥാനം സഭയില്‍ ആരംഭിച്ചപ്പോള്‍ സഭയ്ക്കകത്തു വലിയ ആത്മീയ ഉണര്‍വ് ഉളവാകുമെന്നു പലരും പ്രതീക്ഷിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എന്നാല്‍ കാലക്രമേണ ഇതു രണ്ടു കൂട്ടരായി പിരിയുകയും പരസ്പരം വിമര്‍ശിക്കുകയും ചെയ്യുന്നു. ഇതില്‍ ഒരു ഗ്രൂപ്പ് (തിരുവനന്തപുരം ആസ്ഥാനമാക്കിയുള്ളത്) അതിന്‍റെ ഇപ്പോഴത്തെ ലീഡറായ ഒരു സ്ത്രീയെ ‘ക്രിസ്തുവായി’ കരുതുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു പട്ടക്കാരനെ വിളിച്ചു ചോദ്യം ചെയ്തപ്പോള്‍ ഇപ്രകാരം ഒരു പ്രസ്താവന അദ്ദേഹം എഴുതിത്തന്നു. ‘ശാന്തമ്മാമ്മ ക്രിസ്തുവാകുന്നു; ത്രിത്വത്തില്‍ ഒരുവളാകുന്നു. ശാന്തമ്മാമ്മയ്ക്കു സ്തുതി അര്‍പ്പിക്കുന്നതു ശരിയാകുന്നു.’ അങ്ങനെ ആത്മീയ പരിവേഷമണിഞ്ഞ ആത്മീയ പ്രസ്ഥാനം വേദവിപരീതത്തില്‍ കലാശിച്ചിരിക്കയാണ്. ‘ശാന്തമ്മാമ്മ ഈ വീടിന്‍റെ നാഥയാകുന്നു’ എന്ന് ഈ ഗ്രൂപ്പില്‍പ്പെട്ട പലരുടേയും വീടുകളില്‍ എഴുതിവച്ചിട്ടുണ്ട്. ഇത്രമാത്രം വേദവിപരീതം പഠിപ്പിക്കുന്ന, സഭയ്ക്കകത്തുള്ള ഈ ഗ്രൂപ്പിന് എതിരായി നടപടികള്‍ സ്വീകരിക്കുവാന്‍ അമാന്തിക്കരുത്. കുട്ടംപേരൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഉപദേശിയും പ്രവാചകയും ഇതിനു മറ്റൊരു ഉദാഹരണമാണ്.

‘ജീം ബേയിക്കര്‍’ എന്ന സുപ്രസിദ്ധ അമേരിക്കന്‍ ടി. വി. കാരിസ്മാറ്റിക് പ്രസംഗകന്‍ അനേക ലക്ഷങ്ങളെ തന്‍റെ പ്രസംഗത്തില്‍കൂടി സ്വാധീനിച്ചു. തന്‍റെ പ്രസംഗത്തിലൂടെ ശ്രോതാക്കളെ ആത്മീയ ഉണര്‍വുള്ളവരാക്കി. താന്‍ ആവശ്യപ്പെടുന്നതിലധികം സംഭാവന നല്‍കി ഈ കാരിസ്മാറ്റിക് പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിച്ചു. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ ഈ വ്യക്തിയുടെ രഹസ്യജീവിതത്തിന്‍റെ മ്ളേച്ഛമായ കാര്യങ്ങള്‍ പുറത്തായി. ഇപ്രകാരം ആത്മീയ പരിവേഷമണിഞ്ഞ ഈ സുവിശേഷകന്‍റെ മ്ളേച്ഛമായ ജീവിതം തന്‍റെ ശ്രോതാക്കളുടെ വിശ്വാസത്തെ നശിപ്പിച്ചു.

അതുകൊണ്ട് അമിതമായ ആത്മീയ പരിവേഷങ്ങളില്‍ എല്ലാ ആത്മീയ പ്രസ്ഥാനങ്ങളും ധാര്‍മ്മിക അധഃപതനത്തിലും വേദവിപരീതത്തിലും മാത്രമേ കലാശിക്കൂ. വി. മര്‍ക്കോസ് 13:21-23: ‘അന്നു ആരെങ്കിലും നിങ്ങളോടു കൂടെ ക്രിസ്തു ഇവിടെ എന്നോ അതോ അവിടെ എന്നോ പറഞ്ഞാല്‍ വിശ്വസിക്കരുത്. കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേറ്റു, കഴിയുമെങ്കില്‍ വൃതന്മാരെയും തെറ്റിപ്പാനായി അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും. നിങ്ങളോ സൂക്ഷിച്ചുകൊള്‍വിന്‍; ഞാന്‍ എല്ലാം നിങ്ങളോട് മുന്‍കൂട്ടി പറഞ്ഞുവല്ലോ.’ ഈ വേദഭാഗങ്ങളില്‍ പറഞ്ഞിരിക്കുന്നതുപോലെയാണ് എക്കാലത്തും ഭക്തിയുടെ പരിവേഷമണിഞ്ഞ് ആത്മീയ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിച്ചു മനുഷ്യനെ ചൂഷണം ചെയ്യുന്നത്.

2. മുന്നറിയിപ്പ്
ഇത്തരത്തിലുള്ള ആത്മീയ പ്രവണതകള്‍ സഭയില്‍ ഉണ്ടാകുമെന്നു മിശിഹാതമ്പുരാന്‍ മുന്നറിയിപ്പ് നല്‍കി. ‘ഞാന്‍ ക്രിസ്തു എന്നു പറഞ്ഞ് അനേകര്‍ എന്‍റെ പേര് എടുത്തുവന്നു പലരേയും തെറ്റിക്കും’ (വി. മത്തായി 24:5). അതുകൊണ്ട് ആത്മീയ ഉണര്‍വിന്‍റെ പേരില്‍ ഉടലെടുക്കുന്ന പ്രസ്ഥാനങ്ങളെ മേല്‍പ്പറഞ്ഞ വേദഭാഗത്തിന്‍റെ വെളിച്ചത്തിലാണു വിലയിരുത്തേണ്ടത്. ഈ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട ചിലര്‍ക്കുണ്ടാകുന്ന ആത്മീയ അനുഭവത്തിന്‍റെ വെളിച്ചത്തിലാണു കാരിസ്മാറ്റിക് പ്രസ്ഥാനത്തെ, പലരും നല്ലതെന്നു വിശ്വസിക്കുന്നത്. എന്നാല്‍ ഈ വിധത്തിലുള്ള ആത്മീയ അനുഭവങ്ങള്‍ മറ്റു മതങ്ങളിലുള്ള പ്രസ്ഥാനങ്ങളില്‍ ദൃശ്യമാണ്. ഉദാ: സായിബാബാ പ്രസ്ഥാനം; മാതാ അമൃതാനന്ദമയി; ശബരിമല; തിരുപ്പതി തുടങ്ങിയവ. ആള്‍ക്കൂട്ടങ്ങള്‍, പ്രചരണം, വരുമാനം എന്നിവയാണ് ഒരു പ്രസ്ഥാനത്തിന്‍റെ വിജയമായി കണക്കാക്കുന്നതെങ്കില്‍ അതില്‍ മുന്‍പന്തി, ശബരിമലയും തിരുപ്പതിയുമാണ്.

3. പ്രശ്നങ്ങളെ എങ്ങനെ നേരിടണം?
ആത്മീയ ഉണര്‍വു പ്രസ്ഥാനങ്ങളെല്ലാം മനുഷ്യന്‍റെ പ്രശ്നങ്ങള്‍ക്കു പരിഹാരം വരുത്തുന്നതും വിജയിക്കുന്നതുമായി വളരെ പബ്ളിസിറ്റി കൊടുക്കാറുണ്ട്. പ്രശ്നനിര്‍ഭരമായ മനുഷ്യന്‍ ഇതിനാലാകര്‍ഷിക്കപ്പെട്ട് ചൂഷണം ചെയ്യപ്പെടുന്നു. മതം മനുഷ്യന്‍റെ പ്രശ്നങ്ങളെ പരിഹരിക്കുന്ന കുറുക്കുവഴിയല്ല. അങ്ങനെ പഠിപ്പിക്കുന്നതു ക്രിസ്തീയമല്ല. ആത്മീയ ഉണര്‍വു പ്രസ്ഥാനങ്ങളെല്ലാം പ്രശ്നപരിഹാര വാഗ്ദത്തത്തിന്‍റെ പേരില്‍, മനുഷ്യനെ അവയെ അഭിമുഖീകരിക്കുന്നതില്‍ നിന്നു വിമുക്തനാക്കുന്നു. എന്നാല്‍ സാക്ഷാല്‍ വിശ്വാസം, പ്രശ്നങ്ങളെ ആത്മധൈര്യത്തോടെ അഭിമുഖീകരിക്കുന്നതിന്, മനുഷ്യന് ആവശ്യമായിരിക്കുന്ന പരിശീലനം നല്‍കുന്നതാണ്. പ്രശ്നങ്ങളെ നേരിടുന്നതിനുള്ള പ്രത്യാശയും, സഹനശക്തിയും മനുഷ്യനു ദൈവകൃപയിലൂടെയാണു ലഭിക്കുന്നത്. പ്രശ്നങ്ങളെ ഇല്ലാതാക്കാനുള്ള പരിശ്രമവും അവയെ അഭിമുഖീകരിക്കാനുള്ള വിമുഖതയും മനുഷ്യനെ ആത്മീയമായി ബലഹീനനാക്കുന്നു. നേരെമറിച്ചു വിശ്വാസത്തോടെ പ്രശ്നങ്ങളെ നേരിടുന്ന മനുഷ്യനു മാത്രമേ ആത്മീയമായ വളര്‍ച്ചയും ബലവും ലഭിക്കുകയുള്ളൂ. ജീവിതത്തിലുണ്ടാകുന്ന കഷ്ടതയും പ്രയാസവും രോഗവും മറ്റും ക്രിസ്തീയ ജീവിതത്തിന്‍റെ ഭാഗമാണ് (1 പത്രോസ് 4:13-19). ‘ക്രിസ്തുവിന്റെ കഷ്ടങ്ങള്‍ക്കു പങ്കുള്ളവരാകുന്തോറും സന്തോഷിച്ചുകൊള്‍വിന്‍. അങ്ങനെ നിങ്ങള്‍ അവന്‍റെ തേജസ്സിന്‍റെ പ്രത്യക്ഷതയില്‍ ഉല്ലസിച്ചാനന്ദിപ്പാന്‍ ഇടവരും. ക്രിസ്തുവിന്‍റെ നാമം ഹേതുവായി നിന്ദ സഹിക്കേണ്ടി വന്നാല്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍, മഹത്വത്തിന്‍റെ ആത്മാവായ ദൈവാത്മാവ് നിങ്ങളുടെമേല്‍ ആവസിക്കുന്നുവല്ലോ. നിങ്ങളില്‍ ആരും കൊലപാതകനോ, കള്ളനോ, ദുഷ്പ്രവര്‍ത്തിക്കാരനോ ആയിട്ടല്ല കഷ്ടം സഹിക്കേണ്ടത്, പരകാര്യത്തില്‍ ഇടപെടുന്നവനായിട്ടുമല്ല. ക്രിസ്ത്യാനിയായിട്ടു കഷ്ടം സഹിക്കേണ്ടി വന്നാലോ, ലജ്ജിക്കരുത്; ഈ നാമം ധരിച്ചിട്ടു ദൈവത്തെ മഹത്വപ്പെടുത്തുകയത്രേ വേണ്ടത്. ന്യായവിധി ദൈവഗൃഹത്തില്‍ ആരംഭിപ്പാന്‍ സമയമായല്ലോ. അത് നമ്മില്‍ തുടങ്ങിയാല്‍ ദൈവത്തിന്റെ സുവിശേഷം അനുസരിക്കാത്തവരുടെ അവസാനം എന്താകും? നീതിമാന്‍ പ്രയാസേന രക്ഷ പ്രാപിക്കുന്നുവെങ്കില്‍ അഭക്തന്റെയും പാപിയുടെയും ഗതി എന്താകും! അതുകൊണ്ടു ദൈവേഷ്ടപ്രകാരം കഷ്ടം സഹിക്കുന്നവര്‍ നന്മ ചെയ്തുകൊണ്ടു തങ്ങളുടെ പ്രാണനെ വിശ്വസ്തനായ സ്രഷ്ടാവിങ്കല്‍ ഭരമേല്പിക്കട്ടെ.’ കഷ്ടതകളും പ്രയാസവും രോഗവും അപ്രതീക്ഷിതമായി ജീവിതത്തില്‍ വന്നുകൂടുന്നതല്ല. അവയെ പതറാതെ ധൈര്യത്തോടും പ്രത്യാശയോടും നേരിടുന്നതിനുള്ള ആത്മീയ ജീവിത ശിക്ഷണത്തിനുള്ള പരിശീലനമാണ് പൌരസ്ത്യ സഭയുടെ വിശ്വാസിക്കു ലഭിക്കുന്നത്.

4. ആത്മീയ വരം
ആത്മീയ ഉണര്‍വുപ്രസ്ഥാനങ്ങളെല്ലാം എക്കാലത്തും പരിശുദ്ധാത്മ ദാനത്തിന്‍റെ ആത്മീയവരങ്ങളെ അടിസ്ഥാനമാക്കിയാണു പ്രവര്‍ത്തിക്കുന്നത്. വി. മത്തായിയുടെ സുവിശേഷത്തില്‍ ആത്മീയ വരം മാത്രം അടിസ്ഥാനമാക്കി പ്രവര്‍ത്തിച്ചവരെക്കുറിച്ചു പറയുന്നുണ്ട് (വി. മത്തായി 7:21-23). ‘എന്നോടു കര്‍ത്താവേ, എന്നു പറയുന്നവന്‍ ഏവനുമല്ല, സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവിന്‍റെ ഇഷ്ടം ചെയ്യുന്നവന്‍ അത്രേ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കുന്നത്. കര്‍ത്താവേ കര്‍ത്താവേ, നിന്‍റെ നാമത്തില്‍ ഞങ്ങള്‍ പ്രവചിക്കയും നിന്‍റെ നാമത്തില്‍ ഭൂതങ്ങളെ പുറത്താക്കുകയും നിന്‍റെ നാമത്തില്‍ വളരെ വീര്യപ്രവൃത്തികള്‍ പ്രവര്‍ത്തിക്കുകയും ചെയ്തില്ലയോ എന്നു പലരും ആ നാളില്‍ എന്നോടു പറയും. അന്നു ഞാന്‍ അവരോടു, ഞാന്‍ നിങ്ങളെ ഒരുനാളും അറിയുന്നില്ല, അധര്‍മ്മം പ്രവര്‍ത്തിക്കുന്നവരെ എന്നെ വിട്ടുപോകുവിന്‍ എന്നു തീര്‍ത്തു പറയും.’ ദൈവനാമത്തില്‍ ആത്മീയവരം ഉപയോഗിച്ചു പ്രവര്‍ത്തിച്ചവരെ ‘അധര്‍മ്മം പ്രവര്‍ത്തിക്കുന്നവരെ’ എന്നു വിളിച്ചിട്ടുണ്ട്. ‘കര്‍ത്താവേ, ഞങ്ങളെ അറിയുന്നില്ലയോ?’ എന്നുള്ള ചോദ്യത്തിനു അറിയുന്നില്ല’ എന്നുള്ള ഉത്തരമാണു കൊടുത്തിരിക്കുന്നത്. ഇങ്ങനെയുള്ളവരെ അധര്‍മ്മം പ്രവര്‍ത്തിക്കുന്നവര്‍ എന്നു പറഞ്ഞിരിക്കുന്നതെന്തുകൊണ്ട് ? കാരണം, യഥാര്‍ത്ഥ വിശ്വാസവും ദൈവത്തെ അനുസരിച്ചു ജീവിക്കുന്ന ജീവിതവും തന്മൂലമുണ്ടാകുന്ന ആത്മീയ ഫലവുമില്ലാതെ പ്രവര്‍ത്തിക്കുന്നതു കൊണ്ടാണ്. ഇങ്ങനെയുള്ളവര്‍ സ്വന്തം നേട്ടത്തിനും മഹത്വത്തിനും മറ്റുള്ളവരെ ചൂഷണം ചെയ്യുന്നതിനും വേണ്ടിയാണ് ആത്മീയവരത്തെ ഉപയോഗിക്കുന്നത്. അതുകൊണ്ടാണ്, അതു അധര്‍മ്മമായ പ്രവര്‍ത്തിയായിത്തീര്‍ന്നത്. ‘നിങ്ങളെ ഞാന്‍ അറിയുന്നില്ല’ എന്നു പറഞ്ഞിരിക്കുന്നതിന്‍റെ അര്‍ത്ഥം അങ്ങനെയുള്ളവര്‍ക്കു യഥാര്‍ത്ഥമായ ആത്മീയ വളര്‍ച്ചയില്ലെന്നുള്ളതാണ് (എന്നാല്‍ ആത്മീയ വളര്‍ച്ചയുടെ പരിവേഷമുണ്ട്).

5. ഇന്നു കാണുന്ന ആത്മീയ ജീവിത ദര്‍ശനത്തിലും പ്രത്യേകിച്ച് ആത്മീയ ഉണര്‍വു പ്രസ്ഥാനത്തിന്റെ ആത്മീയ ജീവിതദര്‍ശനത്തിലും വികലമായ ഒരു ചിന്താഗതി കടന്നുകൂടിയിട്ടുണ്ട്. സ്റീഫന്‍ നീല്‍ തന്‍റെ പുസ്തകത്തില്‍ എഴുതുന്നു: മേല്‍പ്പറഞ്ഞ ചിന്താഗതിയില്‍ മനുഷ്യനില്‍ ആത്മാവും (ദേഹി, പ്സുക്കി) ശരീരവും (ദേഹം, യീറ്യ) കൂടി ചേര്‍ന്നെന്നാണു ചിന്തിക്കുന്നത്. ഇവിടെ മനുഷ്യന് ആത്മാവ് എന്തെന്നു പറയുന്നില്ല. ദേഹം, ദേഹി എന്നു ദ്വയവീക്ഷണമാണ് ഇവിടെ കാണുന്നത് (ദേഹം, ദേഹി, ആത്മാവ് എന്ന ത്രിയാത്മ ചിന്താഗതി ഇല്ല). ദേഹിയും ആത്മാവും ഒന്നായിട്ടാണു കാണുന്നത്. മനുഷ്യനിലുള്ള ദേഹി, എന്നുള്ളതാണ് ആത്മീയ ജീവിതത്തിന്‍റെ കേന്ദ്രബിന്ദുവായിട്ടു കാണുന്നത്. ബുദ്ധി, ചിന്ത, വികാരം, ഇച്ഛ, സ്വായത്തം എന്നിവ നിലകൊള്ളുന്നു. അതുകൊണ്ടു മൂന്നു തരത്തിലുള്ള ആത്മീയ ചിന്താഗതികള്‍ ഇവിടെ കാണാം.

(1) ചിന്തയ്ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്ന രീതി (ധ്യാനാത്മകം), (2) ബുദ്ധിപരമായ രീതി , (3) വികാരപരമായ രീതി .

പലപ്പോഴും വികാരപരമായ രീതിയാണ് കൂടുതലായി ഉണര്‍വ് പ്രസ്ഥാനങ്ങളിലുള്ളത്. ചിന്താപരവും ബുദ്ധിപരവുമായ രീതികള്‍ തൃപ്തികരമല്ലാതെ വരുമ്പോഴാണ് വികാരപരമായ  രീതിയിലേക്ക് പോകുന്നത്. ഈ വിധത്തിലുള്ള ആത്മീയ ജീവിതദര്‍ശനത്തില്‍ സ്വയത്തിന്‍റെ സംതൃപ്തിയാണ് എപ്പോഴും അടിസ്ഥാനപരമായി വരുന്നത്. അതുകൊണ്ട് സ്വന്തം സംതൃപ്തി, സ്വന്തം മഹത്വം, സ്വയത്തിന്റെ നേട്ടങ്ങള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്നു. ഇപ്രകാരമുള്ള വ്യഗ്രത ഈ വിധത്തിലുള്ള ആത്മീയ പ്രസ്ഥാനങ്ങള്‍ക്കാണുള്ളത്. ഇവിടെ ദൈവമഹ ത്വത്തിന് വേണ്ടിയെന്നുള്ളത് ആഴമായിട്ടല്ല, ബാഹ്യമായി മാത്രമേ കാണുന്നുള്ളൂ. അതുകൊണ്ടാണ് പ്രചരണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. സ്വയകേന്ദ്രീകൃതമായ ആത്മീയ ജീവിത ദര്‍ശനമാണിത്.

ദേഹി അടിസ്ഥാനമാക്കിയുള്ള ആത്മീയ ജീവിത ദര്‍ശനം മനുഷ്യന്റെ വ്യക്തിത്വത്തിന് മുഴുവനായി ആത്മീയ വളര്‍ച്ച ഉളവാക്കുന്നില്ല. ദേഹി ആസ്പദമാക്കിയുള്ള ആത്മീയ ജീവിതദര്‍ശനം പഴയ മനുഷ്യന്‍റെ സ്വഭാവമാണ്. ക്രിസ്തീയ വിശ്വാസത്തിലൂടെ ചിന്തയ്ക്കും ബുദ്ധിക്കും വികാരത്തിനും മറ്റും ചില മാറ്റങ്ങള്‍ വരുത്തുന്ന പ്രക്രിയയായിട്ടാണ് രക്ഷയെക്കുറിച്ചുള്ള വീക്ഷണം. ‘രക്ഷയെന്നുള്ളതില്‍ മനുഷ്യന്റെ ചിന്തയ്ക്കും ബുദ്ധിക്കും മറ്റും ചില മാറ്റങ്ങള്‍ വരുത്തുക എന്നുള്ള ചിന്താഗതി ഇതിലുണ്ട്. ഇവിടെ മനുഷ്യ വ്യക്തിത്വത്തിന്‍റെ സമ്പൂര്‍ണ്ണമായ ശുദ്ധീകരണത്തില്‍ രൂപാന്തരത്തിന് യാതൊരു പ്രാധാന്യവും കൊടുക്കുന്നില്ല. ഈ ആത്മീയ ദര്‍ശനം സ്വയം അടിസ്ഥാനമാക്കിയുള്ളതാണ്. ഇപ്രകാരമുള്ള സ്വയകേന്ദ്രീകൃതമാക്കിയുള്ള പഴയ മനുഷ്യന്റെ ജീവിതരീതി മാറ്റണമെന്നാണ് മിശിഹാ തമ്പുരാന്‍ പഠിപ്പിച്ചത്. ‘എന്നെ അനുഗമിക്കാന്‍ ഒരുത്തന്‍ ഇച്ഛിച്ചാല്‍ അവന്‍ തന്നെത്താന്‍ ത്യജിച്ച് നാള്‍തോറും തന്‍റെ  കുരിശെടുത്ത് എന്നെ അനുഗമിക്കട്ടെ’ (ലൂക്കോസ് 9:23).

ഇവിടെ തന്നെത്താന്‍ ത്യജിക്കുക എന്നുള്ളതു പഴയ മനുഷ്യന്റെ സ്വയം കേന്ദ്രീകൃതമാക്കിയുള്ള ജീവിതരീതി മാറ്റണമെന്നാണ്. ഇവിടെ ‘സ്വയം’ (ലെഹള) എന്നുള്ളതിനു ഗ്രീക്കില്‍ ‘പ്സുക്കി’ എന്നുള്ളതാണ് ഉപയോഗിക്കുന്നത്. ദേഹി ആസ്പദമാക്കിയുള്ള പഴയ മനുഷ്യന്റെ സ്വഭാവം കൈവെടിയണമെന്നുള്ളതാണ്. സ്വയത്തെ വെടിഞ്ഞ് ദൈവാശ്രയമുള്ളവനായി  തീര്‍ന്ന് പുതിയ സൃഷ്ടിയായിത്തീരുന്നതാണ്, ക്രിസ്തീയ ആത്മീയ ജീവിത ദര്‍ശനത്തില്‍ ഇതാണ് ‘കുരിശെടുത്ത് എന്‍റെ പിന്നാലെ വരിക’യെന്നതിന് അര്‍ത്ഥം. അതുകൊണ്ടാണ് പൌരസ്ത്യസഭ ദേഹി അടിസ്ഥാനമാക്കിയുള്ള  ആത്മീയ ജീവിതദര്‍ശനം സ്വീകാര്യമല്ലെന്ന് പറയുന്നത്.

6. പൌരസ്ത്യസഭയുടെ ആത്മീയ ജീവിതദര്‍ശനം
മുമ്പ് പറഞ്ഞതില്‍ നിന്നും വ്യത്യസ്തമായ രീതിയിലാണ് പൌരസ്ത്യസഭ ആത്മീയ ജീവിതത്തെ കാണുന്നത്. മനുഷ്യനെ രണ്ടായിട്ടല്ല മൂന്നായിട്ടാണ് കാണുന്നത്.

1. ദേഹം (യീറ്യ): മനുഷ്യനെ ലോകവുമായി ബന്ധിപ്പിക്കുന്നത് അവന്‍റെ ശരീരമാണ്. മനുഷ്യന്റെ ആത്മികവും ലൌകികവുമായ എല്ലാ കാര്യങ്ങളും ദേഹത്തില്‍ കൂടിയാണ് പ്രകടമാകുന്നത്.

2. ദേഹി : ഇവിടെയാണ് മനസ്സ്, ബുദ്ധി, ചിന്ത, വികാരം, ഇച്ഛ തുടങ്ങിയവ നിലകൊള്ളുന്നത്. പ്രത്യേകിച്ച് മനുഷ്യന്റെ സ്വയം (ലെഹള) എന്നതിന്റെ അടിസ്ഥാനം ദേഹിയാണ്.

3. ആത്മാവ് : മനുഷ്യന്‍റെ ആത്മാവിനെ ദൈവത്തിന്‍റെ ആത്മാവുമായി കൂട്ടിക്കുഴയ്ക്കരുത്. രണ്ടും രണ്ടാണ്. ദൈവത്തിന്‍റെ  ആത്മാവ് മനുഷ്യന്‍റെ  ആത്മാവില്‍ക്കൂടിയാണ് പ്രവര്‍ത്തിക്കുന്നത്. ആത്മാവാണ് മനുഷ്യന്‍റെ ജീവിതത്തിന്‍റെ ബിന്ദു. മനുഷ്യന്റെ ആത്മാവിനെ കാമഴല ീള ഏീറ എന്നും ‘ഹൃദയ’ മെന്നും പറയാറുണ്ട്. മനുഷ്യന്റെ ആത്മാവാണ് ദൈവസംസര്‍ഗ്ഗത്തിന്റെ  മുഖാന്തിരം. ദൈവസംസര്‍ഗ്ഗത്തിലൂടെയാണ് മനുഷ്യന്റെ ആത്മാവിന് പ്രകാശനം  ലഭിക്കുന്നത്. മനുഷ്യന്റെ ആത്മാവിനു പ്രകാശനം ലഭിക്കുമ്പോഴാണ് മനഃസാക്ഷി , ആത്മസാക്ഷി ശരിക്ക് പ്രവര്‍ത്തിക്കാന്‍ ഇടയാകുന്നത്. ദൈവസംസര്‍ഗ്ഗത്തിനുള്ള കഴിവ്, ആത്മീയ പ്രകാശനം, മനഃസാക്ഷിയുടെ പ്രവര്‍ത്തനം ഇവയാണ് മനുഷ്യന്റെ ആത്മാവില്‍ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങള്‍.

7. ദേഹം, ദേഹി, ആത്മാവ് എന്നിവയുടെ സംയോജിച്ച പ്രവര്‍ത്തനമാണ് മനുഷ്യവ്യക്തിത്വത്തിന്റെ അടിസ്ഥാനം. മനുഷ്യാത്മാവ് ദൈവത്തിനു വിധേയമായും ദേഹവും ദേഹിയും മനുഷ്യന്റെ ആത്മാവിന് വിധേയമായും പ്രവര്‍ത്തിക്കണമെന്നുള്ളത് ആയിരുന്നു സൃഷ്ടിയില്‍ ദൈവത്തിന്റെ ഉദ്ദേശ്യം. എന്നാല്‍ മനുഷ്യന്റെ പാപത്തോടുകൂടി അവന്റെ ഈ ജീവിതശൈലി നഷ്ടപ്പെട്ടു. പാപം മൂലം ദൈവസംസര്‍ഗ്ഗം നഷ്ടപ്പെട്ടപ്പോള്‍ മനുഷ്യന്റെ ആത്മാവ് നിര്‍ജീവമായി. തന്മൂലം മനുഷ്യന്റെ ദേഹമോ ദേഹിയോ അവന്റെ ജീവിതത്തിന്റെ അടിസ്ഥാനമായി. അതുകൊണ്ട് ഒന്നുകില്‍ മനുഷ്യന്‍ ജഡീകസുഖത്തില്‍ ഭോഗപ്രിയനായിത്തീര്‍ന്നു. അല്ലെങ്കില്‍ ദേഹി അധിഷ്ഠിതമായ ബുദ്ധിജീവിയോ വികാര ജീവിയോ ആയിത്തീര്‍ന്നു.

8. ‘എന്നെ അനുഗമിക്കാന്‍ ഒരുവന്‍ ഇച്ഛിച്ചാല്‍ അവന്‍ തന്നെത്താന്‍ ത്യജിച്ചു നാള്‍തോറും തന്റെ ക്രൂശ് എടുത്ത് എന്നെ അനുഗമിക്കട്ടെ’ (വി. ലൂക്കോസ് 9:23). സ്വയാധിഷ്ഠിതമായ ജീവിതത്തില്‍ നിന്നും  ദൈവാശ്രയമുള്ള,  ദൈവാധിഷ്ടിതമുള്ള ജീവിതത്തിലേക്കു വളരുക എന്നുള്ളതാണു ‘കുരിശ് എടുത്ത് എന്നെ അനുഗമിക്കുക’ എന്നതിന്റെ സാരം. അതായതു, വിശ്വാസത്തിലുള്ള മനുഷ്യന്റെ ആത്മാവു വീണ്ടും സജീവമായിത്തീരണം. നഷ്ടപ്പെട്ടുപോയ ആത്മാവിന്റെ ദൈവസംസര്‍ഗ്ഗം വിശ്വാസത്തിലൂടെ പുനര്‍ജീവിപ്പിക്ക പ്പെടണം. അപ്പോള്‍ ആത്മാവിന് ആവശ്യമായ ദൈവീക പ്രകാശം  ലഭിക്കുന്നു. അതായത് ആത്മാവിന്റെ പ്രകാശം  മനഃസാക്ഷിയെ, നന്മ തിന്മകളെ വിവേചിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്നതിന് അവന്റെ ദേഹത്തെയും ദേഹിയേയും സഹായിക്കുന്നു. പരിശുദ്ധാത്മാവു മനുഷ്യന്റെ ആത്മാവില്‍ക്കൂടിയാണു പ്രവര്‍ത്തിക്കുന്നത്. അപ്പോള്‍ മനുഷ്യന്റെ ആത്മാവു സജീവമായിത്തീരുന്നു. തന്മൂലം ദേഹത്തെയും ദേഹിയെയും നിയന്ത്രിക്കുന്നതിനു സാധിക്കുന്നു. അങ്ങനെ ആത്മാവ്, ദേഹം, ദേഹി എന്നിവയുടെ കൂട്ടായ പ്രവര്‍ത്തനം വീണ്ടും പുനഃസ്ഥാപിക്കപ്പെടുന്നു. ഇപ്രകാരമുള്ള പ്രവര്‍ത്തനം മനുഷ്യ വ്യക്തിത്വത്തിന് ആകമാനമായി ശുദ്ധീകരണവും പരിവര്‍ത്തനവും ഉളവാക്കുന്നു. ഇത് അവനെ ദൈവാനുരൂപീകരണം ഉള്ളവനാക്കി (ദൈവസ്വഭാവമുള്ളവനാക്കുന്നു) ത്തീര്‍ക്കുന്നു. ഇപ്രകാരമുള്ള അനുഭവത്തില്‍ വളരുന്ന ആത്മീയ ദര്‍ശനമാണ് പൌരസ്ത്യസഭയിലുള്ളത്. ഇപ്രകാരമുള്ള ഒരാത്മീയ ഫലമുളവാക്കുന്ന അനുഭവം പൊടുന്നനവെ ലഭിക്കുന്ന കാര്യമല്ല. ഇതിനു കൂടുതല്‍ സഹനശക്തിയും ക്ഷമയും കാത്തിരിപ്പും ആവശ്യമാണ്. പൌരസ്ത്യസഭയുടെ ആത്മീയ ജീവിതശിക്ഷണ (നോമ്പും പ്രാര്‍ത്ഥനയും ആരാധനയും) ത്തിനു ക്രമമായി ‘നാള്‍തോറും’ വിധേയമാകുമ്പോഴാണ് ഈ ആത്മീയ അനുഭവം ലഭ്യമാകുന്നത്.

9. ഈ ആത്മീയ ജീവിത ദര്‍ശനത്തില്‍ അനുതാപത്തിനാണു കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. അതുകൊണ്ട് ആത്മീയ ജീവിതശിക്ഷണമായ ഉപവാസത്തിനും പ്രാര്‍ത്ഥനയ്ക്കും ആരാധനയ്ക്കും പ്രാധാന്യം നല്‍കുന്നു. ഈ ആത്മശിക്ഷണമാണു മനുഷ്യനെ കൂടുതല്‍ അനുതാപബോധമുള്ളവനായിത്തീര്‍ക്കുന്നത്. പൌരസ്ത്യ സഭയുടെ ആത്മീയ ജീവിതദര്‍ശനം ‘കുറിയേലായിസോന്‍’ എന്ന പദത്തില്‍ സംക്ഷിപ്തമായിരിക്കുന്നു. ‘ദൈവമേ! പാപിയായ എന്നോടു കരുണ തോന്നേണമേ’ എന്നാണ് ആ വാക്കിന്റെ അര്‍ത്ഥം. ഇത് ആത്മീയ ഉണര്‍വു പ്രസ്ഥാനങ്ങള്‍ പഠിപ്പിക്കുന്ന ‘ഹാലേലുയ്യാ’ എന്ന ആത്മീയ ദര്‍ശനത്തില്‍ നിന്നു വളരെ വ്യത്യസ്തമാണ്. ‘ദൈവമേ, ഞാന്‍ പരിശുദ്ധനാകുന്നു, നിനക്കു സ്തുതി.’ ഇതില്‍ പരീശമനോഭാവ വിശുദ്ധിയും ആത്മീയ അഹങ്കാരവുമാണുള്ളത്. എന്നാല്‍ പൌരസ്ത്യസഭയുടെ ‘ദൈവമേ, നീ പരിശുദ്ധനാകുന്നു, ഞങ്ങളോടു കരുണയുണ്ടാകേണമേ’ എന്നുള്ള പ്രാര്‍ത്ഥന അനുതാപത്തെയും താഴ്മയെയും പരിപൂര്‍ണ്ണമായ ദൈവാശ്രയത്തെയും സൂചിപ്പിക്കുന്നു.

സമാപനം: പാശ്ചാത്യ ക്രിസ്തീയ കാരിസ്മാറ്റിക്, വിടുതല്‍, പെന്തിക്കോസ്ത് എന്നിവയുടെ ആത്മീയ ജീവിത വീക്ഷണം പൌരസ്ത്യ സഭയില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. പൌരസ്ത്യസഭയില്‍ ആത്മീയ ഫലമുളവാക്കുന്ന ആത്മീയ ജീവിത ദര്‍ശനത്തിനാണ് പ്രാധാന്യം നല്‍കുന്നത്. അതായത്, മനുഷ്യവ്യക്തിത്വത്തിന് ആകമാനം (ദേഹം, ദേഹി, ആത്മാവ്) ആവശ്യമായിരിക്കുന്ന ശുദ്ധീകരണത്തിനും രൂപാന്തരത്തിനും ദൈവാനുരൂപീകരണത്തിനുമാണ് പ്രാധാന്യം നല്‍കുന്നത്. ആത്മീയ ഉണര്‍വ് പ്രസ്ഥാനങ്ങള്‍ പറയുന്നതുപോലെ ആത്മീയ വരങ്ങള്‍ക്കോ വികാരപരമായ അനുഭവത്തിനോ അല്ല പ്രാധാന്യം നല്‍കുന്നത്. ആത്മീയ പ്രസ്ഥാനങ്ങള്‍ പ്രസംഗിക്കുന്നതിനും ആത്മീയവരങ്ങളുടെ പേരില്‍ പ്രവര്‍ത്തിക്കുന്നതിനും തന്മൂലം മനുഷ്യനെ വികാരപരമായി ഇളക്കുന്നതിനും സഹായിക്കുന്നു. എന്നാല്‍ അത് ആഴമേറിയ ആത്മീയ പരിവര്‍ത്തനമോ ആത്മീയ ഫലമുളവാക്കുന്ന രൂപാന്തരമോ ഉളവാക്കുന്നില്ല. ഉണര്‍വ് പ്രസ്ഥാനങ്ങള്‍ ബാഹ്യമായ, വേഗത്തിലുള്ള ചില വ്യത്യാസങ്ങള്‍ കൈവരിക്കുവാന്‍ സഹായിക്കുന്നുവെങ്കിലും ആഴമേറിയ ആത്മീയ രൂപാന്തരത്തിന് സഹായിക്കുന്നില്ല. ഉണര്‍വ് ആത്മീയ പ്രസ്ഥാനങ്ങള്‍ ആത്മീയവരത്തിന്റെ പേരില്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ട് (1 തീമോത്തി. 6:6). ‘അവര്‍ ദൈവഭക്തി ആദായ സൂത്രം എന്ന് വിചാരിക്കുന്നു. അലംഭാവത്തോടു കൂടിയ ദൈവഭക്തി വലുതായ ആദായം ആകുന്നു താനും.’

സഭയുടെ തെറ്റായ സമീപനം
പൌരസ്ത്യ സഭയുടെ മന്ദീഭവിച്ചു പോകുന്ന ആത്മീയ ചൈതന്യം വീണ്ടെടുക്കുവാന്‍ സഭ എന്തു ചെയ്യണം? മേല്‍പ്പറഞ്ഞ രീതിയിലുള്ള ആത്മീയ ഉണര്‍വ് പ്രസ്ഥാനങ്ങളെ അനുകരിക്കണമെന്നാണ് ചിലര്‍ പറയുന്നത്. നല്ലതെല്ലാം സ്വീകരിക്കണമെന്നാണ് ഇങ്ങനെയുള്ളവരുടെ അഭിപ്രായം. ഇപ്രകാരമുള്ള അനുകരണ ഭ്രമം പൌരസ്ത്യ സഭാവിശ്വാസികളുടെ ആത്മീയ പാപ്പരത്തമാണ് കാണിക്കുന്നത്. പൌരസ്ത്യസഭയുടെ ആത്മീയ ജീവിതാനുഭവമുള്ള ഒരു വിശ്വാസിയും ഇപ്രകാരം അന്ധമായി അനുകരിക്കണമെന്നാവശ്യപ്പെടുകയില്ല. പൌരസ്ത്യസഭയ്ക്ക് അതിന്റേതായ ആത്മീയ ജീവിതദര്‍ശനമുണ്ട്. അത് മനസ്സിലാക്കി, ജീവിതവുമായി ബന്ധപ്പെടുത്തേണ്ടതാണ് സഭയുടെ ആത്മീയ ഉണര്‍വിന് ആവശ്യമായിട്ടുള്ളത്. സ്വന്തം വീട്ടിലെ സമൃദ്ധമായ ആഹാരം അനുഭവിക്കാതെ അയല്‍വക്കത്തെ വീട്ടിലെ ആഹാരത്തില്‍ സംതൃപ്തി കണ്ടെത്തുന്ന പ്രവണത കുട്ടികളുടെ സ്വഭാവമാണ്. ഇന്ന് അനുകരിക്കണമെന്ന് പറയുന്ന ഓര്‍ത്തഡോക്സ് സഭയിലെ ചിലരില്‍ കാണുന്ന പ്രവണതയും ഇതു തന്നെയാണ്. മകന്‍ അയച്ചുകൊടുത്തത് ഡോളറാണെന്നു മനസ്സിലാക്കാതെ, അവയെ വെറും പടങ്ങളായി കണ്ട് അലമാരയില്‍ സൂക്ഷിച്ചുവച്ചിട്ട് പട്ടിണി കിടന്ന അമ്മയുടെ അനുഭവമാണ് ഓര്‍ത്തഡോക്സ് വിശ്വാസികള്‍ക്ക് ഇപ്പോഴുള്ളത്. സ്വന്തം സഭയുടെ ആത്മീയ ജീവിത ദര്‍ശനം മനസ്സിലാക്കാതെ, അത് മാറ്റിവച്ചിട്ട് ആത്മീയ ദാരിദ്യ്രം അനുഭവിക്കുന്നു. ഈ ആത്മീയ ദാരിദ്യ്രത്തിന്‍റെ ലക്ഷണമാണ് അനുകരണ ഭ്രമം.

ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ
error: Thank you for visiting : www.ovsonline.in