പരുമല തിരുമേനി : ഭാരതീയനായ പ്രഥമ പരിശുദ്ധൻ

മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല കൊച്ചു തിരുമേനി എന്നറിയപ്പെടുന്ന പരിശുദ്ധ ഗീവർഗീസ് മാർ ഗ്രിഗോറിയോസ് തിരുമേനി ക്രൈസ്തവ സഭകളിലെ ഭാരതീയ നായ പ്രഥമ പരിശുദ്ധനാണ്. മുളന്തുരുത്തിയിലുള്ള ചാത്തുരുത്തി ഭവനത്തിൽ കൊച്ചുമത്തായിയുടെയും മറിയത്തിന്റെയും മകനായി 1848 ജൂൺ 15-നാണ് പരുമല തിരുമേനി ജനിച്ചത്. ഗീവർഗീസ് എന്നായിരുന്നു പേര്. കൊച്ചയ്പ്പോര     എന്നു വാൽസല്യ പൂർവം വിളിച്ചു പോന്നു. കുര്യൻ, വർക്കി, ഏലി, മറിയം എന്നിവരാണു സഹോദരങ്ങൾ. മാതാവ് ചെറുപ്പത്തിലേ മരിച്ചതിനാൽ സഹോദരി മറിയമാണു വളർത്തിയത്.

ഓണക്കാവിൽ അയ്യ, മണി എന്നിവരായിരുന്നു ആദ്യ ഗുരുക്കന്മാർ,പഠനത്തിൽ മുൻപന്തിയിലായിരുന്നു. ബാലന്റെ ഗുരുഭക്തി, താഴ്മ, വിനയം,അനുസരണം, ലാളിത്യം, സ്നേഹം എന്നിവ ഏവരെയും ആകർഷിച്ചു. ചാത്തുരുത്തി കുടുംബത്തിലെതന്നെ ഗീവർഗീസ് കത്തനാർ (പിതൃസഹോദരൻ) ആയിരുന്നു ആദ്യം സുറിയാനി പഠിപ്പിച്ചത്. പാമ്പാക്കുട കോനാട്ട് മൽപാനച്ചന്റെ കീഴിലും സുറിയാനി പഠനം നടത്തി.

കേവലം പത്തു വയസ്സുള്ളപ്പോൾത്തന്നെ പൗരോഹിത്യത്തിന്റെ ആദ്യപടിയായ കോറൂയോ സ്ഥാനം സ്വീകരിച്ചു ഗീവർഗീസ് ശെമ്മാശനായി. വസൂരി രോഗം ബാധിച്ച, ഗുരുവായ ഗീവർഗീസ് മൽപാനെ ശുശ്രൂഷിച്ചു ഗുരുസ്നേഹം പ്രകടിപ്പിച്ച ശെമ്മാശനും വസൂരി ബാധിച്ചു. രോഗത്തിന്റെ മൂർധന്യാവസ്ഥയിൽ ദൈവ മാതാവ് സമീപത്തു വന്നു നിൽക്കുന്നതായും ശിഷ്ടായുസ്സ് ദൈവ വേലയ്ക്കായി വിനിയോഗിക്കണമെന്നുനിർദേശിക്കുന്നതായും ദർശനമുണ്ടായി. അതനുസരിച്ചു രോഗ ശമനം ലഭിച്ച ശെമ്മാശൻ ദൈവ വേലയ്ക്കായി സ്വയം പ്രതിഷ്ഠിച്ചു. അക്കാലത്തു മലങ്കരയിൽ വന്ന യൂയാക്കീം മാർ കൂറിലോസുമായി അടുത്തു പരിചയപ്പെടാൻ അവസരം ലഭിച്ചതു വലിയൊരു നിമിത്തമായി.കൊച്ചുശെമ്മാശന്റെ സുറിയാനി ജ്ഞാനം, ബുദ്ധി വൈഭവം, ദൈവ ഭക്തി,സമർപ്പണ ജീവിതം  എന്നിവ കണ്ടു മനം കുളിർന്ന മാർ കൂറിലോസ് 1865-ൽ ഗീവർഗീസ് ശെമ്മാശനു പൂർണ ശെമ്മാശപട്ടം നൽകി. ആ വർഷംതന്നെ വൈദികപട്ടവും നൽകുകയുണ്ടായി.

മൂന്നാം നൂറ്റാണ്ടിൽ ഈജിപ്തിൽ അതിതീവ്രമായ വ്രതാനുഷ്ഠാനങ്ങളോടെ ഭക്തി ജീവിതം നയിക്കുകയും തനിക്കുള്ളതെല്ലാം ദരിദ്രർക്കു ദാനം നൽകുകയും ചെയ്ത മാർ അന്തോണിയോസിനെപ്പോലെ ജീവിതം ക്രമപ്പെടുത്താനായിരുന്നു യുവ വൈദികന്റെ തീരുമാനം. മുളന്തുരുത്തിയിൽനിന്ന് അഞ്ചു കിലോമീറ്റർ ദൂരെയുള്ള വെട്ടിക്കൽ കുരിശുപള്ളിയിലേക്ക് അദ്ദേഹം താമസം മാറ്റി. തന്റെ മനസ്സിൽ രൂപംകൊണ്ട ഋഷിതുല്യ ജീവിതത്തിന് അനുയോജ്യമായ ഒരു പർണശാലയായി കുരിശുപള്ളി രൂപാന്തരപ്പെടാൻ അധിക കാലം വേണ്ടി വന്നില്ല.

വെട്ടിക്കൽ കുരിശുപള്ളിയിലെ യുവവൈദികന്റെ കഠിനമായ നോമ്പനുഷ്ഠാനവും പ്രാർഥനാ ജീവിതവും സമീപ വാസികളെ അത്ഭുതപ്പെടുത്തി. പലരും അദ്ദേഹത്തിൽ ഒരു ദിവ്യനെ ദർശിച്ചു. ഭക്തിയുടെ നിറകുടമായിരുന്ന അദ്ദേഹത്തെ ദർശിക്കാനും അനുഗ്രഹം പ്രാപിക്കാനും ധാരാളം ആളുകൾ നേർച്ച കാഴ്ചകളുമായി കുരിശുപള്ളിയിൽ എത്തുമായിരുന്നു. അങ്ങനെ വെട്ടിക്കൽ കുരിശുപള്ളി ഒരു തീർഥാടന കേന്ദ്രമായി തീർന്നു. കേവലം 24 വയസ്സുള്ളപ്പോഴാണു ഗീവർഗീസ് കോർ എപ്പിസ്കോപ്പ റമ്പാൻ പദവിയിലേക്ക് ഉയർത്തപ്പെടുന്നത്. ഭൗതികതകളെ പാടേ വെടിഞ്ഞ് ആത്മീയതയെ പുണർന്നുള്ള ഈ ജീവിതം അനുദിനം ഒരു താപസന്റേതായി മാറുകയായിരുന്നു. നോമ്പ്, ഉപവാസം, വേദ പഠനം,പ്രാർഥന, ധ്യാനം എന്നിവയിലൂടെ അദ്ദേഹം മുന്നേറി. ഏകാഗ്രത ദൈവ സംസർഗത്തിനു വഴിയൊരുക്കി. സന്യാസജീവിത നൈർമല്യത്തിന്റെ പരിമളം എങ്ങും അനുഭവ വേദ്യമായി.

1876ൽ വന്ദ്യ റമ്പാൻ ഗീവർഗീസ് കോർ എപ്പിസ്കോപ്പ മെത്രാൻ സ്ഥാനത്തേക്ക് ഉയർത്തപ്പെടുമ്പോൾ 28 വയസ്സു മാത്രമേ പ്രായമായിരുന്നുള്ളൂ. അദ്ദേഹത്തോടൊപ്പം മെത്രാൻ പദവിയിലേക്ക് ഉയർത്തപ്പെട്ടവരിൽ ഏറ്റവും പ്രായം കുറവായതിനാൽ ‘കൊച്ചുതിരുമേനി’ എന്നറിയപ്പെട്ടു. മാർ ഗ്രിഗോറിയോസ് എന്ന നാമം സ്വീകരിച്ച കൊച്ചുതിരുമേനി നിരണം ഭദ്രാസനാധിപനായാണു നിയോഗിക്കപ്പെടുന്നത്. പരുമല ആസ്ഥാനമാക്കി ഭദ്രാസന ഭരണം നിർവഹിച്ചു.നിരണം ഭദ്രാസനം കൂടാതെ തുമ്പമൺ, കൊല്ലം എന്നീ ഭദ്രാസനങ്ങളുടെ ചുമതലയും കൊച്ചു തിരുമേനിക്കു വഹിക്കേണ്ടി വന്നു. താമസത്തിനും ശെമ്മാശന്മാരെ പരിശീലിപ്പിക്കുന്നതിനുമായി പരുമലയിൽ ആദ്യം പണിത കെട്ടിടമാണ് ‘‘അഴിപ്പുര’’ എന്ന പേരിൽ അറിയപ്പെടുന്നത്. ‘‘പരുമല തിരുമേനിയുടെ ആദ്യകാല വസതി’’ എന്ന നിലയിൽ ഇത് ഇന്നും സംരക്ഷിക്കപ്പെടുന്നുണ്ട്. തിരുമേനിയുടെ പെരുനാൾ ആഘോഷത്തിനുള്ള കൊടിയേറ്റ് നടക്കുന്ന സമയം മുതൽ പെരുനാൾ ദിനം വരെ 144 മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന അഖണ്ഡ പ്രാർഥന വർഷംതോറും നടക്കുന്നത് ഇൗ വസതിയിലാണ്.

തിരുമേനിയുടെ അഴിപ്പുരയിലെ ജീവിതം കർമനിരതമായിരുന്നു. അതിരാവിലെ നാലു മണിക്ക് തിരുമേനി എഴുന്നേൽക്കും. ഒപ്പം അഴിപ്പുരയിലെ അന്തേവാസികളും പ്രാർഥന, വേദപഠനം, ശെമ്മാശന്മാരുടെ പരിശീലനം, ഭദ്രാസന ചുമതല നിർവഹണം തുടങ്ങിയ ക്രിയകളിൽ തിരുമേനി വ്യാപൃതനായിരിക്കും. നോമ്പുകാലത്ത് ഇരുപത്തിരണ്ടര വരെ തിരുമേനി ഉപവസിക്കും. ലഘുഭക്ഷണമേ സാധാരണയായി കഴിക്കാറുണ്ടായിരുന്നുള്ളൂ. അരയും വയറും നല്ലതുപോലെ ഒതുങ്ങത്തക്കവിധത്തിൽ വീതിയുള്ള അരക്കെട്ട് മുറുകെച്ചുറ്റുന്ന പതിവുണ്ടായിരുന്നു. ശരീര പോഷണത്തേക്കാളേറെ ആത്മീയ പോഷണത്തിനായിരുന്നു പ്രാധാന്യം. എത്ര ക്ഷീണിതനായിരുന്നാലും പ്രാർഥനകൾ യഥാസമയം മുടക്കം കൂടാതെ നടത്തുമായിരുന്നു. തിരുമേനി രാത്രിയിൽ ഉണർന്ന് എഴുന്നേറ്റ് ഏകാഗ്രതയിൽ പിതാവാം ദൈവവുമായി സംസർഗം ചെയ്യുമായിരുന്നു. കൊച്ചുതിരുമേനിയുടെ ആഗ്രഹപ്രകാരമാണ് പരുമലയിലെ പഴയ പള്ളി പണിതത്. പള്ളിയോടൊപ്പം സെമിനാരി കെട്ടിടവും പണിതു. പള്ളിയുടെ കൂദാശ മലങ്കര മെത്രാപ്പൊലീത്ത പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസിയോസ് തിരുമേനിയുടെ സാന്നിധ്യത്തിൽ കൊച്ചുതിരുമേനി നിർവഹിക്കുകയും കുർബാന അർപ്പിക്കയും ചെയ്തു. കൊച്ചുതിരുമേനിയുടെ സാന്നിധ്യം പരുമല ദേശത്തിന് ഒരു പുതിയ മുഖഛായ നൽകി. അന്നുവരെ ഒരു പേടിസ്വപ്നമായിരുന്ന ഇൗ പ്രദേശം ദിവ്യതേജസാൽ തിളങ്ങാൻ തുടങ്ങി. പലവിധ അത്ഭുതങ്ങളും അനുഭവവേദ്യമായി. തിരുമേനിയുടെ വിശുദ്ധ ജീവിതംകണ്ട് അനേകർ പരുമലയിലേക്കു പ്രവഹിക്കാൻ തുടങ്ങി. ആ പ്രവാഹം ഇന്നും അനുസ്യൂതം തുടരുന്നു. കൂടുതൽ സാന്ദ്രമായി!

ജാതി വ്യത്യാസം ഏറെ നിലനിന്നിരുന്ന ഒരു കാലഘട്ടത്തിലാണ് കൊച്ചുതിരുമേനി ജീവിച്ചിരുന്നത്. സവർണരും, അവർണരും തമ്മിലുള്ള അന്തരവും ഏറെ പ്രകടമായിരുന്നു. ഇൗ ജാതി വ്യവസ്ഥ തിരുമേനിയെ ഏറെ നൊമ്പരപ്പെടുത്തി. ദൈവ തിരുമുമ്പിൽ ഏവരും സമന്മാരാണെന്ന് തിരുമേനി ജനങ്ങളെ ഉദ്ബോധിപ്പിച്ചു. സുവിശേഷവെളിച്ചം ഏവർക്കും പകർന്നുനൽകേണ്ടത് ക്രിസ്തീയ സഭകളുടെ ചുമതലയാണെന്ന് തിരുമേനി ഓർമിപ്പിക്കയും, തന്റെ പ്രവർത്തനം ആ ദിശയിലേക്ക് കൂടി വ്യാപിപ്പിക്കുകയും ചെയ്തു. ഒരു പുറജാതി മിഷൻ കൊച്ചുതിരുമേനി ആരംഭിച്ചു. എതിർപ്പുകൾ വകവയ്ക്കാതെ അനേകം പുറജാതികൾക്കു തിരുമേനി തന്നെ മാമോദീസ നൽകി. അവരുടെ വിദ്യാഭ്യാസ കാര്യത്തിലും ശ്രദ്ധാലുവായിരുന്നു. പടിപടിയായി അവരെ സംസ്കാര സമ്പന്നരും ഉൽകൃഷ്ടരും ആക്കാനായി തിരുമേനി ഏറെ പ്രയത്നിച്ചു.

തനിക്കു ദേഹാസ്വാസ്ഥ്യം വന്നാൽ തിരുമേനി അത് ഗൗനിച്ചിരുന്നില്ല. മറ്റുള്ളവർക്കു രോഗം വന്നാൽ അവരെ ശുശ്രൂഷിക്കുന്നതിൽ തിരുമേനി മുൻപന്തിയിലായിരുന്നു. 1890ൽ തുമ്പമൺ ഇടവകയിൽ വസൂരി രോഗബാധയുണ്ടായപ്പോൾ, തിരുമേനി അവിടെ പോയി താമസിച്ച് രോഗികളെ സന്ദർശിച്ച് അവരെ ശുശ്രൂഷിച്ചു. തിരുമേനിയുടെ സാന്നിധ്യവും പരിചരണവും പ്രാർഥനയും രോഗികൾക്ക് വലിയ ആശ്വാസം പകർന്നു. പിശാചുബാധിതർ, മാനസിക വൈകല്യമുള്ളവർ, മാറാ വ്യാധി ബാധിച്ചവർ,മറ്റു പല വിധത്തിൽ മനം തകർന്നവർ തുടങ്ങി അനേകർ സൗഖ്യത്തിനായും സാന്ത്വനത്തിനായും തിരുമേനിയെ സന്ദർശിക്കുക പതിവായി. അവരെല്ലാം തന്നെ ഫലപ്രാപ്തി നേടി തിരിച്ചുപോയപ്പോൾ തിരുമേനിയുടെ ഖ്യാതി എങ്ങും പരന്നു.

അഭിപ്രായ വ്യത്യാസങ്ങൾ ശത്രുതയിലേക്കും തുടർന്ന് അക്രമങ്ങളിലേക്കും വഴി തെളിക്കാവുന്ന ഘട്ടങ്ങളിൽ പലരും തിരുമേനിയുടെ അടുക്കൽ ഓടിയെത്തുമായിരുന്നു. നീതി നടപ്പാക്കുന്ന ന്യായാധിപനെ പോലെ തിരുമേനി പ്രശോഭിച്ചു. തിരുമേനിയുടെ തീർപ്പ് സഭാവിശ്വാസികൾക്കു മാത്രമല്ല, അന്യമതവിശ്വാസികൾക്കും സ്വീകാര്യമായിരുന്നു. 1895ൽ യെരുശലേം സന്ദർശനം കഴിഞ്ഞു പുത്തൻ തീരുമാനങ്ങളോടെയാണു തിരുമേനി തിരിച്ചെത്തിയത്.

തിരുമേനി തുടക്കമിട്ട പുറജാതി മിഷൻ പ്രവർത്തനം വ്യാപിപ്പിച്ച് അനേകരെ ക്രിസ്തുവിന്റെ സ്നേഹത്തിലേക്കു കൊണ്ടുവരാനായിരുന്നു തീരുമാനങ്ങളിലൊന്ന്. സംസ്കാരസമ്പന്നത കൈവരിക്കാൻ വിദ്യാഭ്യാസംമൂലമേ സാധിക്കൂ എന്നതിനാൽ ഇംഗ്ലീഷ് സ്കൂളുകൾ സ്ഥാപിക്കുന്നതിൽ മുൻകയ്യെടുക്കണമെന്നതായിരുന്നു മറ്റൊരു തീരുമാനം. ഇൗ തീരുമാനങ്ങൾ പ്രാവർത്തികമാക്കാനായി തിരുമേനി അക്ഷീണം യത്നിച്ചു. ഇത് ഒരു നവോത്ഥാനത്തിന്റെ തുടക്കമായിരുന്നു. റോമാസഭയിൽനിന്നു കുറേയധികം കുടുംബാംഗങ്ങൾ ഫാ. അൽവാറീസിന്റെ നേതൃത്വത്തിൽ മലങ്കരസഭയിൽ ചേരുകയുണ്ടായി. അവർ മംഗലാപുരം, ബ്രഹ്മവാർ, ബോംബെ, ഗോവ, സിലോൺ പ്രദേശക്കാരായിരുന്നു. 1889 ജൂലൈ 29നു കോട്ടയം പഴയസെമിനാരിയിൽവച്ച് മലങ്കര മെത്രാപ്പോലീത്ത പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് ഫാ. അൽവാറീസിനെ മാർ യൂലിയോസ് എന്ന പേരിൽ മെത്രാപ്പോലീത്തയായി വാഴിച്ചു. ആ മെത്രാഭിഷേകത്തിൽ പരുമല തിരുമേനി സഹകാർമികനായിരുന്നു. കടവിൽ തിരുമേനിയും പരുമല തിരുമേനിയും അൽവാറീസ് തിരുമേനിയുംകൂടി ചേർന്നു റീനി വിലാത്തി എന്ന വൈദികനെ അമേരിക്കയ്ക്കുവേണ്ടി കൊളംബോയിൽവച്ചു വാഴിച്ചു.‘സന്മരണ മാതാവിന്റെ’ പള്ളിയിൽവച്ചായിരുന്നു ഇൗ വാഴിക്കൽ.

പരുമല കൊച്ചുതിരുമേനിയുടെ ചിരകാലാഭിലാഷമായിരുന്നു വിശുദ്ധനാട് സന്ദർശനം. തിരുമേനി പണികഴിപ്പിച്ച പരുമല പള്ളിയുടെ കൂദാശയുടെ പിറ്റേദിവസം (1895 ജനുവരി 28 തിങ്കൾ) ഏഴുപേരോടൊപ്പം പരുമലയിൽനിന്നു യാത്ര പുറപ്പെട്ടു. പൗലോസ് റമ്പാൻ, വട്ടശേരിൽ ഗീവറുഗീസ് കത്തനാർ,തെക്കൻ പറവൂർ തോപ്പിൽ ലൂക്കോസ്, തുമ്പമൺ കരിങ്ങാട്ടിൽ സ്കറിയാ കത്തനാർ, കടമ്മനിട്ട പുത്തൻപുരയ്ക്കൽ ഗീവറുഗീസ് കത്തനാർ,ശീമക്കാരൻ സ്ലീബാ റമ്പാൻ, പരുമല മണലിൽ തോപ്പിൽ ഫിലിപ്പോസ് എന്നിവരാണ് പരിശുദ്ധ പരുമല കൊച്ചുതിരുമേനിയോടൊപ്പം വിശുദ്ധനാടുകൾ സന്ദർശിക്കാൻ മഹാഭാഗ്യം ലഭിച്ചവർ. പ്രധാനമായും കപ്പൽയാത്രയായിരുന്നു. വിശുദ്ധ നാടുകൾ സന്ദർശനം പൂർത്തിയാക്കി ജൂൺ ആറിനു പരുമലയിൽ തിരിച്ചെത്തി. ഉൗർശ്ലേം യാത്രയുടെ ദൈർഘ്യം 130ദിവസം ആയിരുന്നു. പരുമല തിരുമേനി ഒരു അനുഗൃഹീത എഴുത്തുകാരനായിരുന്നു. ക്രൈസ്തവ പാരമ്പര്യത്തിലെ മാത്രമല്ല, മലയാള സാഹിത്യത്തിലെതന്നെയും ഒരു അനശ്വര ഗ്രന്ഥമാണ് 1895 ജൂലൈയിൽ പ്രസിദ്ധീകരിച്ച ‘ഉൗർശ്ലേം യാത്രാവിവരണം’. അതുപോലെ തിരുമേനിയുടെ ഇടയലേഖനങ്ങളും പ്രസംഗങ്ങളും സ്വകാര്യ കൽപനകളും മലയാള സാഹിത്യ ചരിത്രത്തിൽ ചിരപ്രതിഷ്ഠ നേടിയിട്ടുണ്ട്. ദൈവത്തെ ധരിക്കുന്നവർക്കു ലഭിക്കുന്ന ഒരു ദിവ്യപ്രസാദമാണു പ്രവചനവരം.

പരുമല തിരുമേനിക്കു പ്രവചനവരമുണ്ടായിരുന്നുവെന്നു വെളിപ്പെടുത്തുന്ന പല സംഭവങ്ങളുണ്ട്. പുലിക്കോട്ടിൽ മാർ ദിവന്നാസിയോസ് തിരുമേനി പൗരോഹിത്യ പദവിയിൽ പ്രവേശിച്ചതിന്റെ കനകജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ വർണശബളമായ ഘോഷയാത്ര മഴമൂലം മുടങ്ങുമെന്ന ഭയം സംഘാടകരെ വിഷമിപ്പിച്ചു. മഴക്കാലമായിരുന്നിട്ടും ഘോഷയാത്ര നടക്കുന്ന ദിവസം മഴ ഉണ്ടാവുകയില്ലെന്നു പരുമല തിരുമേനി മുൻകൂട്ടി പ്രവചിച്ചു. തിരുമേനി പ്രവചിച്ചതുപോലെ മഴ അന്നേദിവസം മാറിനിന്നു.

പരിശുദ്ധ പരുമല തിരുമേനിക്കു പ്രമുഖരായ രണ്ടു വൽസല ശിഷ്യന്മാർ ഉണ്ടായിരുന്നു. അവർ വട്ടശേരിൽ തിരുമേനിയും (ഗീവർഗീസ് മാർ ദിവന്നാസിയോസ് ർണ്ട) കല്ലാശേരി ബാവായും (പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ ബാവാ) ആയിരുന്നു. ജീവിതവിശുദ്ധി,കൂദാശാനുഷ്ഠാനം, പ്രാർഥനാജീവിതം, നോമ്പനുഷ്ഠാനം, നിരന്തരമായ ധ്യാനം തുടങ്ങിയ തങ്ങളുടെ ദിനചര്യകളിൽപോലും ഗുരുവായ പരിശുദ്ധ പരുമല തിരുമേനിയുടെ മാതൃക അവർ സ്വീകരിച്ചിരുന്നു. പാതിരായാമത്തിലും എഴുന്നേറ്റിരുന്നു പ്രാർഥിക്കുന്നതിൽ പരുമല തിരുമേനിയെ അവർ മരണംവരെ അനുകരിച്ചിരുന്നു. വട്ടശേരിൽ തിരുമേനി മലങ്കര സഭയുടെ രണ്ടാമത്തെ പ്രഖ്യാപിത പരിശുദ്ധനായി പരിലസിക്കുമ്പോൾ കല്ലാശേരി ബാവാ പരിശുദ്ധന്മാരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടുന്നതിനുള്ള കാനോനിക നടപടികളിലാണ്.

മരണദിവസം കാലത്തു കലശലായ രോഗം പിടിപെട്ടപ്പോൾതന്നെ പരുമല കൊച്ചുതിരുമേനി കന്തീലാശുശ്രൂഷ സ്വീകരിക്കുകയും വിശുദ്ധ കുർബാന അനുഭവിക്കുകയും ചെയ്തിരുന്നു. മരണത്തിന് അൽപം മുൻപുവരെ നല്ല ബോധം ഉണ്ടായിരുന്നു. അന്ത്യദിനങ്ങളിൽ തന്നെ ശുശ്രൂഷിച്ചവരോട് ഇന്ന് എത്രാം തീയതിയാണെന്നു ചോദിക്കുകയും 18-ാം തീയതി എന്നു മറുപടി കേട്ടശേഷം ‘കർത്താവേ, ഇനി രണ്ടു ദിവസംകൂടെ ഇൗ കഷ്ടത ഞാൻ സഹിക്കണമല്ലോ’ എന്നു പറയുകയും തനിക്കുവേണ്ടിയും സഭയ്ക്കുവേണ്ടിയും തന്നെ ശുശ്രൂഷിക്കുകയും മറ്റും ചെയ്യുന്നവർക്കുവേണ്ടിയും പ്രാർഥിക്കുകയും ചെയ്തു. ഇൗ പരിശുദ്ധ പിതാവ്1902 നവംബർ രണ്ടിനു ഞായറാഴ്ച അർധരാത്രി ഒരുമണിക്ക് ഇഹലോകവാസം വെടിഞ്ഞു.

കൊച്ചുതിരുമേനി നേരത്തേ ചൂണ്ടിക്കാണിച്ചുകൊടുത്ത പരുമല പള്ളിയുടെ വിശുദ്ധ മദ്ബഹായുടെ വടക്കുഭാഗത്ത് നവംബർ നാലാം തീയതി ചൊവ്വാഴ്ച തിരുമേനിയുടെ വിശുദ്ധശരീരം കബറടക്കി. വിവിധ ആവശ്യങ്ങളും അപേക്ഷകളുമായി അനേകർ കബറിടത്തിലെത്തി തിരുമേനിയുടെ മധ്യസ്ഥതയിൽ അഭയം പ്രാപിച്ചു ധന്യരായി തിരികെ പോവുന്നതു നിത്യകാഴ്ചയാണ്. സന്താനഭാഗ്യമില്ലാത്തവർ, രോഗബാധിതർ, മനഃക്ലേശം അനുഭവിക്കുന്നവർ തുടങ്ങി അനേകർ പ്രയാസങ്ങളുടെയും ദുരിതങ്ങളുടെയും ഭാണ്ഡക്കെട്ടു കൾ പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടത്തിൽ ഇറക്കിവച്ച് സമാധാനത്തോടും സന്തോഷത്തോടുംകൂടി തിരികെ പോവുന്നു. കബറിടത്തിൽ ഭക്തജനങ്ങൾ കത്തിക്കുന്ന മെഴുകുതിരികൾ ഒരിക്കലും അണയാറില്ലാത്തതു പോലെതന്നെ യാണ് വിശ്വാസികൾക്ക് അനുഗ്രഹപ്രവാഹവും ധാരമുറിയാതെ ലഭ്യമാവുന്നത്.

error: Thank you for visiting : www.ovsonline.in