ആരാധനയിലൂടെ തേജസ്‌ക്കരിക്കപ്പെട്ട മാര്‍ പക്കോമിയോസ്

ആരാധിക്കുന്ന സമൂഹമാണ് സഭ. ആരാധനയ്ക്കായി വിശ്വാസികള്‍ ഒരുമിച്ചു കൂടുമ്പോഴാണ് സഭയായിത്തീരുന്നത്. അപ്രകാരമുള്ള ഓര്‍ത്തഡോക്‌സ് സഭയുടെ ആത്മാവും ജീവശ്വാസവുമാണ് ആരാധന. സഭ ജീവിക്കുന്നത് ആരാധനയില്‍ക്കൂടിയാണ്. സഭാജീവിതത്തില്‍ നിന്ന് ആരാധന അപ്രത്യക്ഷമായാല്‍ സഭ തന്നെ ലോകത്തില്‍ നിന്ന് അപ്രത്യക്ഷമാകുകയാണ്, കാരണം ആരാധിക്കുന്ന സമൂഹത്തില്‍ക്കൂടിയാണ് സഭ ഇന്നു ലോകത്തില്‍ കാണപ്പെടുന്നത്. സഭാംഗങ്ങള്‍ ഒരുമിച്ചുകൂടി, ക്രിസ്തുവിന്റെ ശരീത്തോടു ചേര്‍ന്ന് ഏകീഭവിച്ച് ഒന്നായിത്തീരുന്നത് ആരാധനയിലാണ്. ആയതിനാല്‍, അതിന്റെ ലക്ഷ്യം, അരയോപഗസ്ഥാനിയായ ദീവന്നാസിയോസിന്റെ അഭിപ്രായത്തില്‍, ”ശുദ്ധീകരണം, പ്രകാശീകരണം, ഐക്യം” എന്നിവയാണ്. അവയെല്ലാം യാഥാര്‍ത്ഥ്യമാക്കിയ പിതാവാണ് ഭാഗ്യസ്മരണാര്‍ഹനായ ജോസഫ് മാര്‍ പക്കോമിയോസ് തിരുമേനി. ആരാധനാഭാഷ അര്‍ത്ഥമറിഞ്ഞു ലളിതമായി ഉപയോഗിക്കുവാനുള്ള കഴിവും ശബ്ദസൗകുമാര്യവും ആഴമേറിയ ഓര്‍ത്തഡോക്‌സ് വിശ്വാസവും ദൈവഭക്തിയും ഈശ്വരസാന്നിദ്ധ്യബോധവും തിരുമേനിയുടെ ആരാധനയെ മാധുര്യമേറിയതും ദൈവീകാനുഭൂതിയില്‍ വിശ്വാസികളെ സ്വര്‍ഗ്ഗീയോന്നതങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതുമാക്കിത്തീര്‍ത്തു. ആരാധനയില്‍ സംബന്ധിക്കുന്നവരുടെ ബോധങ്ങളും വിചാരങ്ങളും ഹൃദയങ്ങളും ഒരുപോലെ ദൈവസന്നിധിയിലേക്കുയരുമെന്ന് തിരുമേനി അര്‍പ്പിച്ചിട്ടുള്ള വി. കുര്‍ബാനകളിലും മറ്റു കൂദാശകളിലും ഒരു പ്രാവശ്യമെങ്കിലും സംബന്ധിച്ചിട്ടുള്ളവര്‍ അനുഭവിച്ചറിഞ്ഞ വസ്തുതയാണ്. അവ പരത്തിയ പരിമളം കാലങ്ങള്‍ കഴിഞ്ഞിട്ടും ഈ അന്തരീക്ഷത്തില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.

ആരാധനകാര്യങ്ങളില്‍ ഉള്ള തിരുമേനിയുടെ താല്‍പ്പര്യവും, ഉല്‍സാഹവും ആത്മാര്‍ത്ഥതയും അനുകരണീയമാണ്. എല്ലാക്കാര്യങ്ങള്‍ക്കും അടുക്കും ചിട്ടയും മാത്രമല്ല നല്ല ഉള്‍ക്കാഴ്ചയും ഉണ്ടായിരുന്ന തിരുമേനിയുടെ ആരാധനാ ജീവിതത്തിന്റെ എല്ലാ ദിവസവും ആരംഭിക്കുന്നത് പുലര്‍ച്ചെ ഇരുട്ടുള്ളപ്പോള്‍ തന്നെയുള്ള പ്രാര്‍ത്ഥനയോടും ധ്യാനത്തോടുമാണ്. യുക്തിസഹജമായിരിക്കണം ആരാധനയിലെ ക്രിയകളും ഭാഷകളും എന്ന നിര്‍ബന്ധമുണ്ടായിരുന്ന തിരുമേനി അവ സാധാരണ ജനത്തിന് മനസ്സിലാക്കുവാനും അര്‍ത്ഥമറിഞ്ഞു ആരാധന നടത്തുവാനുമായി രചിച്ച കൃതിയാണ് ”ഓര്‍ത്തഡോക്‌സ് സഭയുടെ ആരാധനയും ആചാരാനുഷ്ഠാനങ്ങളും” എന്ന ഗ്രന്ഥം. പ്രാര്‍ത്ഥന ചൊല്ലുമ്പോള്‍ അതു വ്യക്തമായും തെറ്റുകള്‍കൂടാതെയും ചൊല്ലുകയും തദനുസരണമായ ക്രിയകള്‍ അതാതിന്റെ സ്ഥാനത്ത് പിഴകൂടാതെ നടത്തുകയും ആരാധന ഭക്തിസംവര്‍ദ്ധകമാക്കുവാന്‍ ശ്രമിക്കയും വേണമെന്നു തിരുമേനി നിഷ്‌ക്കര്‍ഷിച്ചിരുന്നു. ആരാധനാഭാഷയുടെ കാര്യത്തില്‍ സന്ദര്‍ഭോജിതമായ വാക്കുകളും അര്‍ത്ഥസമ്പുഷ്ടമായ പ്രയോഗങ്ങളും വാക്യഘടനയും ഉണ്ടായിരിക്കണമെന്ന നിര്‍ബന്ധവും തിരുമേനിക്കുണ്ടായിരുന്നു.

ആരാധനയിലൂടെ ദൈവസ്വഭാവത്തില്‍ പങ്കാളികളായിത്തീരുകയെന്ന പൗരസ്ത്യ ദര്‍ശനം പക്കോമിയോസ് തിരുമേനിയെ നയിച്ചിരുന്നതായി എനിക്കു തോന്നിയിട്ടുണ്ട്. മനുഷ്യനായിത്തീര്‍ന്ന ദൈവവുമായി മനുഷ്യര്‍ക്ക് ആരാധനയിലൂടെ ഏകത്വത്തില്‍ ജീവിക്കുവാന്‍ സാദ്ധ്യമാവുകയും അതിലൂടെ ക്രിസ്തുവുമായിട്ടുള്ള ഐക്യം യാഥാര്‍ത്ഥ്യമാവുകയും ചെയ്യുമല്ലോ. കാരണം ദൈവത്തിന്റെ സ്വഭാവങ്ങളായ വിശുദ്ധിയിലും സ്‌നേഹത്തിലും നന്മയിലും പങ്കാളികളാകുവാനാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഈ ദൈവീക സ്വഭാവങ്ങള്‍ അതിന്റെ എല്ലാ അര്‍ത്ഥത്തിലും പരിപൂര്‍ണതയിലും കാണപ്പെടുന്നത് ജഡം ധരിച്ച ദൈവപുത്രനിലാണ്. മാമോദീസായിലൂടെ ക്രിസ്തുവിനോട് ചേര്‍ക്കപ്പെടുന്ന വിശ്വാസി അതില്‍ പങ്കാളിയാവുന്നുവെങ്കിലും അതു നഷ്ടപ്പെടാതെ എന്നന്നേക്കുമായി നിലനിര്‍ത്തുന്നത് ആരാധനയിലൂടെയാണ്. അതു വ്യക്തമായി മനസ്സിലാക്കിയ തിരുമേനി തന്റെ ആരാധന ജീവിതത്തിലൂടെ ദൈവീക സ്വഭാവത്തിലുള്ള പങ്കാളിത്തം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കുന്നതോടൊപ്പം വിശ്വാസികളേയും അതിലേക്ക് ആകര്‍ഷിക്കുകയും അതില്‍തന്നെ സ്ഥിതിചെയ്യുവാന്‍ പരിശ്രമിപ്പിക്കുകയും ചെയ്തിരുന്നു.

ആരാധനാ ജീവിതത്തിന്റെ ഭാഗമായ നോമ്പനുഷ്ഠാനത്തിലും ഉപവാസത്തിലും വളരെയധികം ശ്രദ്ധപതിപ്പിച്ചിരുന്ന തിരുമേനിയുടെ പഠിപ്പിക്കല്‍ ഇപ്രകാരമായിരുന്നു. ”നമ്മുടെ കര്‍ത്താവിന്റെ കഷ്ടാനുഭവം, കുരിശുമരണം, കബറടക്കം, ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്നീ രക്ഷാകര സംഭവങ്ങളിലുള്ള നമ്മുടെ സജീവ പങ്കാളിത്തം വഴിയായി നമ്മുടെ ജീവിതപുതുക്കത്തിനുതകുമാറ് നോമ്പുകാലങ്ങളെ നാം കണക്കാക്കി, സഭയാല്‍ കല്പ്പിക്കപ്പെട്ടിരിക്കുന്നപ്രകാരമുള്ള വ്രതാനുഷ്ഠാനങ്ങളും പ്രാര്‍ത്ഥനാ ജീവിതവും നയിക്കുകയും സത്യകുമ്പസാരം നടത്തി വി. കുര്‍ബാന അനുഭവിക്കുകയും ചെയ്തുകൊണ്ട് ഒരു പുതു ജീവിതത്തിന്റെ അനുഭവത്തിലേക്ക് നാം വന്നു ചേരുകയും ദാനധര്‍മ്മങ്ങളാലും പുണ്യ നടപടികളാലും നമ്മുടെ ജീവിതത്തെ ധന്യമാക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.

കൂടാതെ വി. കുര്‍ബാന അനുഭവിക്കാത്തതിന്റെ ദോഷഫലങ്ങളെ പ്രത്യേകം എടുത്തു പറഞ്ഞു നമ്മെ ഗുണദോഷിക്കുന്ന സ്‌നേഹനിധിയായ ഈ പിതാവ് ഇന്നുംനമ്മുടെ സ്മരണയില്‍ പച്ചപിടിച്ചുനില്ക്കുന്നു. ആ വാക്കുകള്‍ ഇന്നും പ്രസക്തമാണെന്നതിന് സംശയമില്ല. ”ഒരു പക്ഷെ നാം വി. കുര്‍ബാന മുടങ്ങാതെ ചൊല്ലുന്നതുകൊണ്ടായിരിക്കാം ഈ സഭ നശിക്കാതിരിക്കുന്നത്. എന്നാല്‍ സഭയുടെ യഥാര്‍ത്ഥമായ ജോലി നടക്കാതെയും സഭയ്ക്ക ആത്മീകവും സാമൂഹ്യവുമായ കാര്യങ്ങളില്‍ പുരോഗതിയില്ലാതെയും സഭയോട് സ്‌നേഹമില്ലാതെയും, ഇരിക്കുന്നതിന്റെ കാരണം വി. കുര്‍ബാന അനുഭവിക്കുന്നവരുടെ സംഖ്യ തുലോം കുറഞ്ഞു പോയതുകൊണ്ടാണെന്നുള്ളതിന് യാതൊരു സംശയവും ഇല്ല. ഭക്ഷണം ക്രമമായും വേണ്ടതു പോലെയും കഴിക്കുന്നവര്‍ക്കു മാത്രമെ ആരോഗ്യത്തോടെ ജീവിച്ചു പ്രവര്‍ത്തിക്കുന്നതിനു സാധിക്കുകയുള്ളൂ. ക്രിസ്തുവില്‍ ജീവിച്ച് ക്രിസ്തീയമായി ജീവിക്കണമെങ്കില്‍ ക്രിസ്തുവിന്റെ തിരുശരീര രക്തങ്ങള്‍ ശരിയായ ഒരുക്കത്തോടെ പതിവായും ക്രമമായും അനുഭവിക്കേണ്ടിയിരിക്കുന്നു.” താന്‍ എന്തു വിശ്വസിക്കുന്നുവോ അതില്‍ മായം ചേര്‍ക്കാതെസധൈര്യം എറ്റു പറയുവാനും, എറ്റു പറയുന്ന കാര്യങ്ങളില്‍ ഉറച്ചു നില്ക്കുവാനും, ഉറച്ചു നില്ക്കുന്ന കാര്യങ്ങള്‍ മടികൂടാതെയും തീഷ്ണതയോടു കൂടിയും പാലിക്കുവാനും അനുഷ്ഠിക്കുവാനും ഭാഗ്യസ്മരണാര്‍ഹനായ പക്കോമിയോസ് തിരുമേനിക്ക് കഴിഞ്ഞിരുന്നു. പ്രത്യേകിച്ച് സഭയുടെ വിശ്വാസകാര്യങ്ങളിലും ആരാധനാസമ്പുഷ്ടമായ ജീവിതത്തിലും അങ്ങേയറ്റം ശ്രദ്ധാലുവുമായിരുന്നു എന്നതിനേക്കാളുപരി അതില്‍ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറുമല്ലയിരുന്നു.

ഇപ്രകാരം കര്‍മ്മങ്ങള്‍ അനുഷ്ഠിച്ച് സത്യവിശ്വാസത്തോടും നിഷ്ഠയോടുംകൂടി നടത്തിയിരുന്ന ആരാധനയിലൂടെ താന്‍ ശുദ്ധീകരിക്കപ്പെട്ട് പ്രകാശിതനാവുകയും ലോകത്തിന്റെ വെളിച്ചവും സത്യപ്രകാശവുമായ കര്‍ത്താവുമായി ഏകീഭവിച്ചുകൊണ്ട് പരമോന്നതനായ ദൈവത്തെ പക്കോമിയോസ് തിരുമേനി ദര്‍ശിച്ചിരുന്നു. അതോടൊപ്പം ആരാധനയുടെ കേന്ദ്രബിന്ദുവായ വിശുദ്ധ കുര്‍ബാനയിലൂടെ തന്നെ മാത്രമല്ല താനുള്‍പ്പെടുന്ന സമൂഹത്തേയും സഭയേയും – ഈ പ്രപഞ്ചത്തെ മുഴുവനായും ദൈവത്തിനായി സമര്‍പ്പിക്കുകയായിരുന്നു. അങ്ങിനെ സര്‍വ്വത്തേയും പ്രകാശപൂര്‍ണമാക്കുകയും വിശുദ്ധീകരിക്കപ്പെട്ട്, പരിശുദ്ധ പൗലോസ് ശ്ലീഹ പറയുന്നതുപോലെ ക്രിസ്തുവിന്റെ തലയോളം വളരുവാന്‍ സഹായിക്കുന്ന പ്രക്രിയയായിരുന്ന പക്കോമിയോസ് തിരുമേനിയുടെ ആരാധന. ഇന്നും ആ മഹത്വപൂര്‍ണമായ ജീവിതം തുടര്‍ന്നുകൊണ്ടിരിക്കുന്നുവല്ലോ.ഈ അനുഭൂതി ഏവര്‍ക്കും അനുഭവ വേദ്യമാക്കിത്തീര്‍ത്ത പിതാവായിരുന്നു കണ്ടനാട് ഭദ്രാസനത്തിന്‍റെ ഭാഗ്യസ്മരണാര്‍ഹനായ ജോസഫ് മാര്‍ പക്കോമിയോസ് തിരുമേനിയെന്ന് നിശംസ്സയം പറയാം

error: Thank you for visiting : www.ovsonline.in