കുറവിലങ്ങാട് റൊമോ -സുറിയാനി സമ്മേളനവും നസ്രാണികളും: തോമസ് ജോർജ് 

അടുത്തുതന്നെ കുറവിലങ്ങാട് നടക്കാൻ പോകുന്ന റോമൻ കാതോലിക്കാ കല്ദായവാദികളുടെ മഹാസമ്മേളനത്തെക്കുറിച്ചും അതിൽ മലങ്കര നസ്രാണി മൂപ്പൻ പങ്കെടുക്കേണ്ടതുണ്ടോ എന്നതിനെക്കുറിച്ചും എഴുതണമെന്നു വളരെയേറെപ്പേർ ഫോണിലൂടെയും, സന്ദേശങ്ങളയച്ചും ആവശ്യപ്പെടുകയുണ്ടായി. അതുപ്രകാരം ഇതുവരെയുള്ള എൻ്റെ ചരിത്രപഠനങ്ങളുടെ അടിസ്ഥാനത്തിലും, ഉപോൽബലകമായി ചരിത്രത്തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് ഈ ലേഖനം എഴുതുന്നത്‌. ഇതിൽ ഇന്നത്തെ ക്രിസ്തുമത വിശ്വാസ സംബന്ധമായ കാര്യങ്ങൾ ഒന്നുംതന്നെയില്ല മറിച്ചു ചരിത്ര സത്യങ്ങളെ തെളിവുകളുടെ അടിസ്ഥാനത്തിൽ വിചിന്തനം ചെയ്യുക മാത്രമാണ് എന്നു വായനക്കാർ മനസ്സിലാക്കുമെന്നു കരുതട്ടെ.

ചങ്ങനാശ്ശേരി കേന്ദ്രീകരിച്ചു 1980-കളിൽ ഉയർന്നുവന്ന കല്ദായവാദത്തെ ചരിത്രപരമായി മനസിലാക്കിയിട്ടുവേണം ഈ ലേഖനം വായിക്കുവാൻ. അതിനെക്കുറിച്ചു ഈയുള്ളവൻ മുൻപേ എഴുതിയ ലേഖനത്തിൻ്റെ ലിങ്ക് കൊടുക്കുന്നു. റോമോ – സുറിയാനികളും പവ്വത്തിൽ കല്ദായവാദവും: >>

കാര്യത്തിലേക്കു കടക്കുന്നതിനുമുൻപ് ആധുനികകാലത്തു മാർ പൗവത്തിൽ ബിഷോപ്പിൻ്റെ നേതൃത്വത്തിൽ അരങ്ങേറിയ സീറോ-മലബാർ എന്നു ഇപ്പോൾ വിളിക്കുന്ന പറങ്കികളുടെ പക്ഷത്തുചേർന്ന ചുരുക്കം ചില നസ്രാണികളുടെ അടിത്തറയിൽ മലങ്കരയിലെ മറ്റു ജാതികളിൽ നിന്നും വലിയതോതിൽ മാർഗ്ഗം കൂട്ടി ഉണ്ടാക്കിയെടുത്ത റൊമോ -സുറിയാനി സഭയിൽ (SMC) ഇപ്പോൾ നടക്കുന്ന കൽദായ വാദികളുടെ അധികാര കൈയേറ്റത്തെക്കുറിച്ചു, അതിൻ്റെ രാഷ്ട്രീയപരമായ അന്തർധാരകളെക്കുറിച്ചു മനസിലാക്കിയിട്ടുവേണം നാം വിഷയത്തിൻ്റെ ഗൗരവം മനസിലാക്കാൻ.

ചങ്ങനാശ്ശേരി കേന്ദ്രീകരിച്ചു ഉടലെടുത്ത നവീന കല്ദായവാദത്തിൻ്റെ ചിലകാര്യങ്ങൾ സൂചിപ്പിച്ചുകൊണ്ട് നമുക്കു കാര്യത്തിലേക്ക്‌ കടക്കാം. ചങ്ങനാശ്ശേരി മുതൽ കുടിയേറ്റമേഖലയായ തലശ്ശേരി വരെ വ്യാപിച്ചു കിടക്കുന്ന റൊമോ -സുറിയാനികൾ 1986-വരെ ഐക്യത്തിലും ഒരേ ആചാരരീതികളിലും അനുഷ്ടാനങ്ങളിലും സർവ്വോപരി സാംസ്‌കാരിക, ഭാഷാ രീതികളിലും ഐക്യപ്പെട്ടു റോമൻ പേപ്പസിയുടെ കീഴിൽ വിവിധ മെത്രാപ്പോലീത്താമാരുടെ കീഴിൽ കഴിഞ്ഞു വന്നിരുന്നവരാണു എന്നു വായനക്കാർക്കു അറിവുള്ളതാണല്ലോ. എന്നാൽ ഞാൻ മുൻപു സൂചിപ്പിച്ച കല്ദായവാദം ഉടലെടുത്തതോടുകൂടി (അതിൻ്റെ കാരണങ്ങൾ വ്യക്തമായി കല്ദായവാദത്തെക്കുറിച്ചുള്ള ലേഖനത്തിൽ എഴുതിയിട്ടുണ്ട്) റൊമോ – സുറിയാനി സഭ (SMC) രണ്ടു ഗ്രൂപ്പായി തിരിയുകയും അധികാരത്തിനുവേണ്ടി പരസ്പരം പോരടിക്കാൻ തുടങ്ങുകയും ചെയ്തു. റോം തങ്ങൾ പണംകൊടുത്തും പ്രലോഭിപ്പിച്ചും ദേശീയ സഭകളിൽനിന്നും ഉണ്ടാക്കിയെടുത്ത പൗരസ്ത്യ കത്തോലിക്കാ റീത്തുകൾക്കു (Unite Churches) അവരുടെ റോമൻ കത്തോലിക്കാ വിശ്വാസം ഉറപ്പിക്കപ്പെട്ടു എന്നു കണ്ടുകഴിഞ്ഞപ്പോൾ കുറെയൊക്കെ സ്വാതന്ത്ര്യം കൊടുക്കാൻ തീരുമാനമെടുത്തു. ഇതു ഈ പണമോഹികളായാ റീത്തുകളുടെ സ്വഭാവ / വിശ്വാസയോഗ്യതകൾ കൊണ്ടൊന്നുമല്ല മറിച്ചു റോമിൻ്റെ കൂടുതൽ വളരാനുള്ള ത്വരത കൊണ്ടുമാത്രമാണ് എന്നു കാര്യങ്ങളെ അടിസ്ഥാനപരമായി മനസിലാക്കുന്ന ഒരാൾക്ക് കണ്ടെത്താൻ കഴിയും. അതായതു റൊമാൻ കത്തോലിക്ക പള്ളിമതത്തെ എതിർത്ത / ധീരമായി ദേശീയസഭകളായി ഇന്നും നിലനിൽക്കുന്ന പുരാതന സഭകളെ തങ്ങളുടെ വരുതിയിൽ പ്രലോഭിപ്പിച്ചു കൊണ്ടുവരാൻ ഇത്തരം മൂന്നാം ലോക അടിമ റീത്തുകൾക്കു കൊടുക്കുന്ന സ്വാതന്ത്ര്യത്തിനു കഴിയും എന്ന കൃത്യമായ ധാരണയോടെയാണ്.

ഇതിൻ്റെ അടിസ്ഥാനത്തിലാണ് നാം സീറോമലബാർ സഭയിൽ ഇന്നു നടക്കുന്ന കല്ദായവാദി -ലത്തീൻവാദി പിടലപ്പിണക്കങ്ങളെ വിലയിരുത്തേണ്ടത്. അതുകൊണ്ടാണ് റോമൻ കത്തോലിക്കാ സഭ പല അടിമ റീത്തുകളുടെ അതിരു കടന്ന അവകാശവാദങ്ങളും കണ്ടില്ലെന്നു നടിക്കുന്നതു. (ഉദാ: കർദീനാൾ വർക്കി ആലഞ്ചേരിയുടെ ചുവന്നകുപ്പായവും, കൈസ്ളീബായും, ബാവാവിളികളും; അതുപോലെ കർദീനാൾ ക്ളീമീസ് തോട്ടുങ്കലിൻ്റെ കാതോലിക്കാ സ്വയം പ്രഖ്യാപനവും.)

സീറോ മലബാർ സഭയെ മേജർ ആർകി – എപ്പിസ്‌കോപ്പൽ സഭയായി ഉയർത്തിയതും അവർക്കുവേണ്ടി ആദ്യമായി ഒരു മേജർ ആർച്ച് – ബിഷോപ്പിനെ നിയമിക്കുന്നതും ഈ സാഹചര്യത്തിലാണ്. പണ്ടു കൽദായ സഭയോടു ഒന്നിക്കണമെന്നു വാദിച്ച പറങ്കോ – സുറിയാനികളെ എതിർത്ത ലത്തീൻവാദികളുടെ ഇന്നത്തെ പിന്മുറക്കാർ ഇന്നു അതേ കല്ദായവാദം രൂപഭാവങ്ങൾ മാറ്റി റോമൻ സഭയുടെ മാറിയ സാഹചര്യം മനസ്സിലാക്കി മുന്നോട്ടുവെക്കുകയും മേജർ ബിഷോപ്പിൻ്റെ സ്ഥാനത്തിന് പിടിമുറുക്കുകയും ചെയ്തത് എന്തിനാണെന്നു വായനക്കാർക്കു മനസിലായിക്കാണുമെന്നു കരുതുന്നു. പക്ഷെ കല്ദായവാദികളുടെ ആദ്യപടിയായി കുരിശുവിവാദം തന്നെ തൃശൂർ – എറണാകുളം രൂപതകൾ എതിർത്തതോടെ കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞു. പിന്നീടു വന്ന തക്സ പരിഷ്കരണവും, പള്ളികളിലെ കിഴക്കൻരീതികളും തൃശൂർ -എറണാകുളം രൂപതകൾ ശക്തമായി എതിർക്കാൻ ഇടയായി.

അപ്പോഴാണു കല്ദായവാദികൾ മേജർ ആർച്ച് – ബിഷപ്പ് സ്ഥാനത്തു തങ്ങളുടെ ഗുരുവിനെ പ്രതിഷ്ഠിക്കാൻ കച്ചകെട്ടിയിറങ്ങിയതു. എന്നാൽ അതു വിജയിച്ചില്ല എന്നുമാത്രമല്ല വളരെ തന്ത്രപൂർവം ഒരു പുരോഹിതൻ മാത്രമായിരുന്ന വർക്കി വിതയത്തിലിനെ ആ സ്ഥാനത്തേക്കു സർവ്വ എതിർപ്പുകളെയും അവഗണിച്ചു അവരോധിക്കുകയും ചെയ്തു. വർക്കിവിതയത്തിലിൻ്റെ സ്ഥാനാരോഹണ സമ്മേളനത്തിൽ ഇതു ചില ബിഷോപ്പുമാർ തുറന്നടിക്കുകയും ചെയ്തു എങ്കിലും റോം ഈ മൂന്നാംലോക അടിമകളുടെ അഭിപ്രായത്തിനു യാതൊരു വിലയും കൊടുത്തില്ല എന്നുള്ളത് ചരിത്രസത്യം.

പിന്നീട് നാം കാണുന്നതു കല്ദായവാദികളുടെ ബുദ്ധിപരമായ നീക്കമാണ്. അതു പ്രയോഗിച്ചതു കർദീനാൾ വർക്കി ആലഞ്ചേരിയിലൂടെയാണ്. ആദ്യകാലത്തു ഇരുപക്ഷവും ചേരാതെ നിലകൊണ്ട അദ്ദേഹത്തെ വെച്ചുകളിക്കാൻ കല്ദായവാദികൾക്കു കഴിഞ്ഞു എന്നുള്ളതാണ് അവരുടെ കൂർമ്മബുദ്ധി. പിന്നീടുള്ള സ്ഥല ഇടപാടു വിവാദങ്ങളും, വടംവലികളും എത്രിടം വരെയെത്തിനിൽക്കുന്നു എന്നുള്ളത് എല്ലാവർക്കും അറിവുള്ളതാണല്ലോ.

ആമുഖമായി ഇത്രയും പറഞ്ഞതു കാര്യത്തിൻ്റെ കാണാപ്പുറങ്ങൾ മനസിലാക്കുവാനാണ്.

ഇനികാര്യത്തിലേക്കുവരാം, എന്തിനാണ് നസ്രാണി സംഗമമെന്നപേരിൽ പറങ്കോ – സുറിയാനികൾ കുറവിലങ്ങാടു പള്ളിയിൽ സമ്മേളനം നടത്തുന്നതു? നസ്രാണികളല്ലാത്തവർ എന്തിനു നസ്രാണികളെന്നപേരിൽ ഇങ്ങനെ ഒരുസമ്മേളനം നടത്തുന്നു? എന്തിനു നസ്രാണികളുടെ മൂപ്പനെയും, മാർത്തോമാ മെത്രാപ്പോലീത്തയെയും, തൊഴിയൂർ മെത്രാപ്പോലീത്തയെയും, കൽദായ (നെസ്തോറിയൻ) മെത്രാപ്പോലീത്തയെയും ഒന്നിച്ചിരുത്തി (അവകാശപ്പെടുന്നത്) സമ്മേളനം സംഘടിപ്പിക്കുന്നു?

വളരെ ആഴത്തിൽ മനസ്സിലാക്കേണ്ട വിഷയങ്ങളാണ്. കാരണം ഉപരിപ്ലവമായി ക്രിസ്ത്യാനികളുടെ നേതാക്കളുടെ ഒത്തുകൂടലാണ് എന്നു തോന്നുമെങ്കിലും അതിനുപിന്നിലെ ഉദ്ദേശ്യങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. അതിലേക്കു പോകുന്നതിനുമുമ്പ് എന്തുകൊണ്ടു കുറവിലങ്ങാട് പള്ളി എന്നുള്ളതിനു ഉത്തരം കണ്ടത്തേണ്ടതുണ്ട്‌. കാരണം അതു നമ്മുടെ ശ്രമത്തെ സഹായിക്കുമെന്നുമാത്രമല്ല, നിഗൂഢലക്ഷ്യങ്ങളെ വെളിച്ചത്തുകൊണ്ടുവരുകയും ചെയ്യും.

വളരെ നാളുകളായി സീറോ-മലബാർ സഭയിലെ രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള അധികാരവടംവലിയുടെ ഫലമായി അവരിലെ കല്ദായവാദിവിഭാഗം ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്ന ഒരു പള്ളിയാണ് കുറവിലങ്ങാടുപള്ളി. റൊമോ – സുറിയാനി സഭയിൽ അതിലും പഴക്കവും പ്രാധാന്യവുമുള്ള പള്ളികൾ ഉണ്ടെങ്കിലും എന്തുകൊണ്ടു കല്ദായവാദികൾ കുറവിലങ്ങാടു പള്ളിയെ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്നു എന്നുള്ളതു ചിന്തിക്കേണ്ടവിഷയമാണ്‌. അതു മനസിലാക്കണമെങ്കിൽ ഈ ലേഖനത്തിൽ ആമുഖമായി വിവരിച്ച കല്ദായവാദത്തിൻ്റെ നാൾവഴികളെ ഓർമ്മവെക്കുന്നതു നന്നാണ്. കല്ദായവാദത്തിൻ്റെ ആത്യന്തിക ലക്ഷ്യം റോമൻ പേപ്പസിയുടെ തദ്ദേശീയ സഭകളിലേക്കുവളരുക എന്ന പ്ലാൻ മറയാക്കി റോമിൻ്റെ കീഴിൽ നാമമാത്രമായി നിൽക്കുന്ന ഒരു സ്വതന്ത്ര സഭയും മലങ്കരസഭയെപ്പോലെ പുരാതനത്വവും, പാരമ്പര്യവും അവകാശപ്പെടാവുന്നതുമായ ഒരു സഭയെ സൃഷ്ടിക്കുക എന്നുള്ളതാണ്. അതിലേക്കുള്ള വഴികളിൽ അവരുടെ താത്വികാചാര്യന്മാർ മനസിലാക്കിയ ചിലകാര്യങ്ങളാണ് അവരെ ഇത്തരത്തിലുള്ള നടപടിയിലേക്കു നയിച്ചതു എന്നു വിശദീകരിച്ചുകൊണ്ടു നമുക്കവിഷയത്തിലേക്ക്‌ കടക്കാം.

നവ കല്ദായവാദത്തിൻ്റെ താത്വികാചാര്യൻമാരുടെ മലങ്കരമൂപ്പനുമായുള്ള അടുപ്പമാണ് അവരെ ഇത്തരത്തിലുള്ള ഒരു മനോപരിവർത്തനത്തിനു പ്രേരിപ്പിച്ചതെന്ന്‌ അക്കാലഘട്ടത്തെക്കുറിച്ചു അറിയാവുന്നവർക്ക് മനസിലാക്കാൻ പ്രയാസമില്ല. തങ്ങളുടെ ദേവലോകത്തേക്കുള്ള / പഴയസെമിനാരിയിലേക്കുള്ള ഓരോ തീർത്ഥാടനത്തിലും അവർ മലങ്കര നസ്രാണികളുടെ ആചാരത്തിലും, സാംസ്‌കാരിക രീതികളിലും, പെരുമാറ്റത്തിലും, ഭാഷയിലും, പള്ളിച്ചട്ടങ്ങളിലും , സാമൂഹിക ഇടപെടലുകളിലും സ്വന്തം സമുദായമായ റൊമോ – സുറിയാനിക്കാരുമായുള്ള വലിയ വ്യത്യാസം മനസ്സിലാക്കുകയും തങ്ങളുടെ പതിതമായ അവസ്ഥ തിരിച്ചറിയുകയും ചെയ്തു. ആ തിരിച്ചറിവ് കൂർമബുദ്ധിയുള്ള ആ കർമനിരതരെ വല്ലാതെ പിടിച്ചുലച്ചു. എന്തൊക്കെ പ്രശ്നങ്ങളുണ്ടെങ്കിലും മലങ്കര നസ്രാണികൾ സ്വായത്തമാക്കിയിരിക്കുന്ന ആഢ്യത്വം അവരുടെ ചരിത്രത്തിൽ നിന്നും, പാരമ്പര്യത്തിൽനിന്നുമാണ് എന്ന തിരിച്ചറിവ് അവരിൽ സ്വന്തം സമുദായത്തെ അത്തരത്തിലുള്ള ഒന്നായി വാർത്തെടുക്കാനുള്ള അഭിവാഞ്ച കലശലായി കടന്നുകൂടി.

അങ്ങനെയൊരു ചരിത്രപരമായ വ്യക്തിത്വ മാറ്റം നടത്തണമെങ്കിൽ അതിനുപോല്ബലകമായ ചരിത്ര നിർമ്മിതിയുടെ ആവശ്യമുണ്ടെന്നും മലങ്കര നസ്രാണികളുടെ ഐതിഹാസിക കൊളോണിയൽ ചെറുത്തുനിൽപ്പായ കൂനൻ കുരിശു സത്യത്തിൽ യാതൊരു പങ്കുമില്ലെങ്കിലും അതിൽ തങ്ങൾക്കുകൂടെ അവകാശമുണ്ടെന്നും സ്ഥാപിക്കണമെന്നും അവർ മനസ്സിലാക്കി. ഇതിൻ്റെ വെളിച്ചത്തിൽ അവർ മലങ്കര നസ്രാണികളുടെ ചരിത്രത്തിലെ പഴുതുകൾ കണ്ടെത്തുകയും അതു സമർത്ഥമായി ഉപയോഗിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇവിടെയാണ് കുറവിലങ്ങാടുപള്ളിയും അതിനെ സംബന്ധിക്കുന്ന പതിനാറാം നൂറ്റാണ്ടുമുതൽ ചമക്കപ്പെട്ട കഥകളും റോമോ -സുറിയാനികളുടെ രക്ഷക്കെത്തുന്നതു.

പാരമ്പര്യത്തിലും, ആചാരങ്ങളിലും, സ്വത്വ ബോധത്തിലും വളരെകാതം മുന്നിൽനിൽക്കുന്ന മലങ്കര നസ്രാണികളുടെ കൈവിട്ടുപോയ ഈ പള്ളിയെ ആർച്ച് – ഡീകോൺപള്ളിയെന്നു നാമകരണചെയ്തു ഉയർത്തികൊണ്ടുവന്നാൽ, മലങ്കര നസ്രാണികളിൽ ഭൂരിപക്ഷവും തെറ്റായിധരിച്ചുവെച്ചിട്ടുള്ള പകലോമറ്റം -ആർച്ച് ഡീകോൺ കഥകൾ ഇതുമായി ബന്ധപ്പെടുത്തിയാൽ മലങ്കര നസ്രാണികൾക്കു തങ്ങളെ എതിർക്കാൻ കഴിയില്ലെന്നുമാത്രമല്ല അവർക്കു തങ്ങളുടെ (പറങ്കോ -സുറിയാനികളുടെ) പിറകിൽ നിൽക്കേണ്ടിവരും എന്ന അബദ്ധധാരണയാണ് അവരെ ഇതിനു പ്രേരിപ്പിച്ചത്. തന്നെയുമല്ല മലങ്കര നസ്രാണികളുടെ അർക്കദിയാക്കോന്മാരുടെ പള്ളിയായിരുന്നുവെന്നു ഇരുപതാം നൂറ്റാണ്ടിൽ സൃഷ്ടിച്ച പകലോമറ്റം കുടുംബപള്ളി കഥകളും ചേർത്താൽ മലങ്കര നസ്രാണികളുടെ പാരമ്പര്യത്തെ അടിച്ചുമാറ്റാം എന്നും മലങ്കര നസ്രാണികളുടെ യഥാർത്ഥ ചരിത്രമറിയാത്ത ഈ മത കൊളോണിയൽ സഭ ധരിച്ചുവശായതിൽ അത്ഭുതമില്ല. മലങ്കര നസ്രാണികളുടെ മൂപ്പന്മാരുടെ കുടുംബം പതിമൂന്നാം നൂറ്റാണ്ടുമുതൽ കടമറ്റത്തു പാലമറ്റം തറവാട്ടുകാരായിരുന്നു എന്നറിയാത്ത, നിരണം ഗ്രന്ഥവരിയുടെ പ്രാധാന്യം മനസ്സിലാക്കാത്ത ഈ കൊളോണിയൽ ബിദ്ധിജീവികൾ തങ്ങളുടെ റോമൻ ഉടമകൾ ഉണ്ടാക്കിയെടുത്ത കഥകൾവെച്ചു ചരിത്രം നിർമ്മിക്കുന്നതിൻ്റെ അബദ്ധ പഞ്ചാംഗമാണ് ഈ കുറവിലങ്ങാടുപള്ളി ചരിത്രം.

എന്തൊക്കെയായാലും അങ്ങനെ ഒരു പള്ളി ചരിത്രം സൃഷ്ടിക്കുകയും അവിടെ റോമിൻ്റെ കൃപയാൽ അനുവദിച്ചുതരാൻ പോകുന്ന കാതോലിക്കാ /പാത്രിക്കീസു സിംഹാസനം കുടിയിരുത്തി പകലോമറ്റം കഥകൊണ്ടു പൊതിഞ്ഞാൽ “മലങ്കര നസ്രാണികളുടെ മൂപ്പൻ” സ്ഥാനത്തെ തള്ളി അവരുടെ ചരിത്രം സ്വായത്തമാക്കാം എന്ന വ്യാമോഹം തൽക്കാലം ചിന്തിക്കുന്ന എല്ലാ മലങ്കര നസ്രാണികളും മനസിലാക്കിക്കഴിഞ്ഞു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

[കല്ദായവാദികൾ ഈ പള്ളി അവരുടെ ആസ്ഥാനമാക്കാൻ തീരുമാനിക്കാൻ കാരണം പകലോമറ്റം കുടുംബത്താൽ AD 105-ൽ സ്ഥാപിക്കപെട്ടതാണ് എന്നുള്ള തെറ്റായ വിശ്വാസംകൊണ്ടു മാത്രമല്ല മറിച്ചു പകലോമറ്റത്തു തറവാട്ടുകാരായിരുന്നു മലങ്കര നസ്രാണികളുടെ മൂപ്പന്മാരെന്നും അവർ കുറവിലങ്ങാട്ടുകാരായിരുന്നു എന്നുമുള്ള തികച്ചും തെറ്റായ വിശ്വാസത്തിൽ നിന്നുമാണ്. ഈ പകലോമറ്റം സാഹിത്യം ബഹുഭൂരിപകഷം മലങ്കര നസ്രാണികളും വിശ്വസിച്ചു പോരുന്നതിനാൽ അങ്ങനെയൊരു നീക്കമുണ്ടായാൽ പാരമ്പര്യത്തിലും, ആചാരങ്ങളിലും, സ്വത്വബോധത്തിലും സീറോ-മലബാറിനേക്കാൾ പലകാതം മുന്നിൽ നിൽക്കുന്ന മലങ്കര നസ്രാണികളെ, ഭാരതത്തിലെ സുപ്രീം കോടതിവരെ അംഗീകരിച്ച അവരുടെ മലങ്കര മൂപ്പൻ സ്ഥാനത്തെ പിന്നിലാക്കി മാർ ആലഞ്ചേരി കർദീനാളിനുവേണ്ടി തയ്യാറാക്കി കൊണ്ടിരിക്കുന്ന നവസിംഹാസനത്തെ മുൻപന്തിയിലെത്തിക്കുക എന്ന ഒരു ചരിത്ര ദൗത്യംകൂടി ഈ നടപിടിക്കു പിന്നിലുണ്ട് എന്നു അർത്ഥശങ്കക്ക്‌ ഇടയില്ലാത്തവിധം പറയട്ടെ .]

ആ പള്ളിചരിത്രത്തെക്കുറിച്ചു കൂടുതൽ അറിയേണ്ടവർ ഈ ലിങ്ക് വായിക്കുക: കുറവിലങ്ങാട് പള്ളി ചരിത്രം: ഒരു നേർകാഴ്ച >>

വായനക്കാർക്കു ആദ്യത്തെ പ്രശ്നത്തിൻ്റെ ഉത്തരംകിട്ടിക്കാണുമെന്നുവിചാരിക്കുന്നു.

നസ്രാണി അല്ലാത്തവർ /നസ്രാണി പാരമ്പര്യം ഇല്ലാത്തവർ എന്തിനു നസ്രാണി സംഗമം നടത്തുന്നു?
ഇതു കുറച്ചു കൂടി ആഴത്തിൽ പഠിക്കേണ്ട വിഷയമാണ്. കാരണം ബഹുഭൂരിപക്ഷം അക്രൈസ്തവരും അതുപോലെ ക്രൈസ്തവരും “നസ്രാണി” എന്ന വാക്കു “ക്രിസ്ത്യാനി” എന്ന പദത്തിന് സിനോണിം ആണെന്നു ധരിച്ചുവശായിരിക്കുന്നു. അതുകൊണ്ടു പല തെറ്റിദ്ധാരണകൾ മാത്രമല്ല പല ചരിത്ര അബദ്ധങ്ങളിലും അവർ ചെന്നുചാടുന്നു.

ആരാണ് “നസ്രാണി “? അല്ലെങ്കിൽ ആരെയാണ് “മലങ്കര നസ്രാണി” യെന്നു വിളിക്കുന്നത്‌?
നസ്രാണി എന്നതു വിശ്വസങ്ങളേക്കാൾ ഭാരതത്തിൽ ഉരുത്തിരിഞ്ഞ ജാതീയതയാണ്. ഇന്ത്യൻ തനതു സാമൂഹിക ഉരുത്തിരിയലിൽ ഉടലെടുത്ത ജാതീയത. അതിനു വിശ്വാസമാനങ്ങളെക്കാൾ സാമുദായിക, ജാതീയ, എത്നിക് മാനങ്ങളുണ്ട്. അതിൻ്റെ ഉത്ഭവത്തെക്കുറിച്ചു ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നതു ലേഖനത്തിൻ്റെ ഉദ്ദേശ്യത്തെത്തന്നെ അട്ടിമറിക്കപ്പെടും എന്നതുകൊണ്ടു വിശദീകരിച്ചുപറയാതെ അതൊരുതരം യഹൂദ – ദ്രാവിഢ സംസ്കൃതിയെന്നുമാത്രം പറഞ്ഞുവെക്കട്ടെ.

അങ്ങനെ ഉടലെടുത്ത ഒരു ജാതീയതയിൽ പല വിശ്വാസങ്ങൾ പലകാലത്തു ഉണ്ടായിരുന്നു എന്നുള്ളതു തർക്കമറ്റ സംഗതിയാണ്. എങ്കിലും ദ്രാവിഢ -യഹൂദ സംസ്കൃതിയിൽ ഉരുത്തിരിഞ്ഞ ഈ ചെറുസമൂഹം ഇന്നു മലങ്കരയിലെ ബഹുഭൂരിപക്ഷം ജാതികളെക്കാൾ സ്വത്വബോധത്തിലും സാംസ്കാരികതയിലും ആചാര രീതികളിലും, ഭക്ഷണ രീതികളിലും ഒരു പ്രത്യേക വിഭാഗമായി മാറിക്കഴിഞ്ഞു. അതിൻ്റെ പ്രധാനകാരണം അവരുടെ വിശ്വാസങ്ങളേക്കാൾ അവരുടെ ചരിത്രവഴികളാണ്. അവരിൽനിന്നും പണമോഹത്താലും, അധികാരമോഹത്താലും പറങ്കി / റോമൻ പക്ഷത്തുചേർന്ന പതിതരായ ചെറുകൂട്ടം നസ്രാണികളെന്ന അസ്ഥിവാരത്തിൽ പറങ്കികൾ മലങ്കരയിലെ മറ്റു തനതു സമുദായങ്ങളിൽ നിന്നും ബഹുഭൂരിപക്ഷം പേരെയും ചേർത്തു പണിത സമുദായമാണ് ഇന്നു നാം പറങ്കോ അല്ലെങ്കിൽ റൊമോ -സുറിയാനികളെന്നു വിളിക്കപ്പെടുന്ന സീറോ മലബാർ സമുദായം. അതായതു 1590 -കളോടെ സൃഷ്ടിക്കപ്പെടുന്ന ഈ സമുദായം തങ്ങളുടെ ജൈത്രയാത്രയിൽ വെറും സൂഷ്മ ന്യൂനപക്ഷമായിരുന്നത് പത്തൊൻപതാം നൂറ്റാണ്ടിൻ്റെ അന്ത്യത്തോടെ നസ്രാണികളുടെ അംഗസംഖ്യയെക്കാൾ വളരെയധികം വർധിച്ചതായികാണാം.

പറഞ്ഞു വന്നതു SMC ഒരു ജാതീയതയല്ല മറിച്ചു ഒരു കൊളോണിയൽ ഉപ -ഉല്പന്നമാണ്. ഇന്നു ആ കൊളോണിയൽ ഉപ -ഉല്പന്നത്തിൻ്റെ കല്ദായവാദികൾ തങ്ങളുടെ അപഹാസ്യമായ ചരിത്രം മറച്ചു വെച്ചുകൊണ്ട് വൈദേശിക അധിനിവേശത്തിനെതിരെ പോരാടിയ / ധീരോദാത്തവും ഐതിഹാസികവുമായ സമരങ്ങൾ നയിച്ച മലങ്കര നസ്രാണികളുടെ ചരിത്രവും, പാരമ്പര്യവും, ആചാര മര്യാദകളും അവരുടെ ചരിത്രപഠനത്തിൻ്റെ അപാകതകൾ മനസ്സിലാക്കി കൈയ്യേറാൻ അല്ലെങ്കിൽ അടിച്ചുമാറ്റാൻ ശ്രമിക്കുന്നതിൻ്റെ അപഹാസ്യമായ ഉദാഹരണമാണ് ഈ പറങ്കോ – സുറിയാനികളുടെ, നസ്രാണികൾ എന്ന കപട നാമധേയത്തിൽ നടത്തുന്ന കുറവിലങ്ങാട് സമ്മേളനം. അതുകൊണ്ടാണ് അവർ ഏതുവിധേനയും മലങ്കര മൂപ്പനെയും, മാർത്തോമാ മെത്രാപ്പോലീത്തയെയും, തൊഴിയൂർ മെത്രാപ്പോലീത്തയെയും പങ്കെടുപ്പിക്കാൻ ശാഠ്യം കാണിക്കുന്നതു.

ഈ വിഷയം കുറേക്കൂടി നാം ആഴത്തിൽ മനസിലാക്കേണ്ടതുണ്ട്. കാരണം റൊമോ-സുറിയാനികളിലെ കല്ദായവാദക്കാർ റോമിൻ്റെ അനുഗ്രഹാശിസുകളോടെ കുറവിലങ്ങാട് പള്ളികേന്ദ്രികരിച്ചു സൃഷ്ടിക്കുവാൻ ശ്രമിക്കുന്ന സിംഹാസനത്തിൻ്റെ അടിസ്ഥാന ചരിത്ര വസ്തുതകൾ മനസിലാക്കാതെ കാര്യം ഗ്രഹിക്കുക അസാധ്യമാണ്. അതിനു നാം ആദ്യം മലങ്കര നസ്രാണികളുടെ ചരിത്രപരമായ പൗരോഹിത്യ ഇസ്റ്റിട്യൂഷനെ മനസിലാക്കണം, അതിൻ്റെ നാൾവഴികൾ അറിഞ്ഞിരിക്കണം.

നസ്രാണികളുടെ മൂപ്പൻ സ്ഥാനം -മലങ്കര മൂപ്പൻ. 
മലങ്കര നസ്രാണികളുടെ ജാതീയനേതാവും, മഹാപുരോഹിതനും നസ്രാണിയത്തിൻ്റെ സൂക്ഷിപ്പുകാരനായ മലങ്കര മൂപ്പൻ നൂറ്റാണ്ടുകളിലൂടെ യഹൂദ – ദ്രാവിഢ സംസ്കൃതി അടിസ്ഥാനമാക്കി ഉരുത്തിരിഞ്ഞ മലങ്കര നസ്രാണികളുടെ തനതു പദവിയാണ്‌ (Institution). അതിനു ദ്രാവിഢ സംസ്കൃതിയുടെ തറക്കൂട്ടങ്ങളോട് കടപ്പാടുണ്ട്, ആദ്യകാല യേശുമത സിദ്ധാന്തങ്ങളോട് കടപ്പാടുണ്ട്.

റോമൻ – പേർഷ്യൻ പാശ്ചാത്യ ക്രിസ്തുമത സൈദ്ധാന്തികത അവിടത്തെ രാഷ്ട്രീയ / സാമുദായിക ഭരണപരമായ പശ്ചാത്തലംവെച്ചു ഉരുത്തിരിഞ്ഞ പാത്രിയാർക്കൽ / കാതോലിക്കോസ് പദവികൾക്കു സമാനമായി തദ്ദേശീയവും യഹൂദ (യഹൂദ – നസ്രീൻ) പാരമ്പര്യപ്രകാരവും ഉരുത്തിരിഞ്ഞതാണ് മലങ്കരമൂപ്പൻ പദവി. അതിപുരാതന കാലത്തു മൂപ്പൻപദവി മലങ്കരയിൽ ഏകമായിരുന്നില്ല മറിച്ചു കുരക്കേണികൊല്ലവും, നിരണവും, ചാട്ടുകുളങ്ങരെയും ഒക്കെ കേന്ദ്രീകരിച്ചു ഉണ്ടായിരുന്ന നസ്രാണിസമൂഹത്തിൽ പ്രാദേശിക മൂപ്പൻ്റെ നേതൃത്വത്തിൽ ഉരുത്തിരിയുകയും കാലപ്രവാഹത്തിൽ രാഷ്ട്രീയ, സാമൂഹിക പരിവർത്തനത്തിൽ ജാതീയമായി ഐക്യപ്പെട്ടപ്പോൾ മലങ്കര നസ്രാണികളിൽ ഉരുത്തിരിഞ്ഞ പദവിയാണ് മലങ്കര മൂപ്പൻ സ്ഥാനം. അതു റോമിലെ പാത്രിക്കീസുവരെയും തൻ്റെ കത്തിൽക്കൂടി (കത്തലാനി വശം) കുരക്കെണി കൊല്ലത്തെ നസ്രാണികളുടെ മൂപ്പൻ്റെ ചരിത്രം സാക്ഷിക്കുന്നുണ്ട്. തന്നെയുമല്ല മലങ്കരയിലെ രാജാക്കന്മാർ നൂറ്റാണ്ടുകളായി മലങ്കര മൂപ്പനു സ്ഥാനമാനങ്ങളും പട്ടുംവളയും മോതിരവും ഇടുവിക്കുന്ന പതിവുണ്ടായിരുന്നു എന്നു ചരിത്രം സാക്ഷിക്കുന്നു.

ഈ മലങ്കര മൂപ്പൻ പദവിയും അതിൻ്റെ സാധ്യതകളും 149 -ൽ മലങ്കരയിൽ സന്ദർശനം നടത്തിയ അഞ്ചു Nestorian ബിഷോപ്പുമാരുടെ സംഘം തിരിച്ചറിയുകയും അവർ മലങ്കര സഭയെ കോളനിവൽക്കരിക്കുന്നതിൻ്റെ ഭാഗമായി ആന്നേവരെ മലങ്കരയിൽ കേട്ടുകേഴ്വിയില്ലാത്ത “ആർക്കദിയോക്കോൺ” (ആർച്ചു-ഡീകോൺ) പദവിയായി തരംതാഴ്ത്തുകയും ചെയ്തു. ഡീക്കന്മാരുടെ നേതാവ് അതായതു പൂർണ്ണ പൗരോഹിത്യമില്ലാത്ത ശെമ്മാശ്ശന്മാരുടെ നേതാവ് എന്നു തങ്ങളുടെ വ്യത്യസ്ത നിറത്തിലുള്ള കുപ്പായത്തിൻ്റെ വർണ്ണഞ്ചിപ്പിക്കുന്ന നിറത്തിൻ്റെയും വേഷഭൂഷാദികളുടെയും വെളിച്ചത്തിൽ എഴുതിപിടിപ്പിച്ചപ്പോൾ മലങ്കര നസ്രാണിക്കു ചരിത്രപരമായി നഷ്ടപ്പെട്ടത് മലങ്കരമൂപ്പൻ പദവിയുടെ തനിമയും യേശുമതത്തിൻ്റെ സത്യസന്ധതയുമായിരുന്നു. എങ്കിലും ആ മതകൊളോണിയൽ കച്ചവടക്കാരുടെ കടന്നുകയറ്റത്തെ ചെറുത്തുകൊണ്ടു കടമറ്റത്തു പാലമറ്റം കുടുംബത്തിലെ തലമുറകളായി മൂപ്പൻസ്ഥാനം നിലനിർത്തിപ്പോന്നു എന്നു ഇന്നു കണ്ടെടുക്കപ്പെട്ടിട്ടുള്ള മലങ്കര നസ്രാണികളുടെ ഏറ്റവും പഴയതും എന്നാൽ പലതരത്തിൽ മാറ്റിമറിക്കപ്പെട്ടിട്ടുള്ളതുമായ നിരണം ഗ്രന്ഥവരി സാക്ഷിക്കുന്നു. തന്നെയുമല്ല പോർച്ചുഗീസുകാരുടെ പണം മോഹിച്ചു അവരോടു കൂടിച്ചേർന്നവരുടെ നേതാവായ പാറേമ്മാകിൽ തൊമ്മൻകാത്തനാരും അതുതന്നെയാണയിട്ടുപറയുന്നു.

മലങ്കര മൂപ്പൻ എന്ന ഈ ചരിത്രപരമായ മലങ്കര നസ്രാണികളുടെ പദവിയാണ് (Institution) നെസ്തോറിയന്മാരോടും, റോമാക്കാരോടും, പിന്നീട് അന്ത്യോക്യക്കാരോടും മല്ലിട്ടു ഇന്നു മലങ്കര മെത്രാപ്പോലീത്ത എന്ന അപരനാമത്തിൽ അറിയപ്പെടുന്നതു. റോമൻ കടന്നുകയറ്റത്തെ കൂനന്കുരിശു സത്യത്തിലൂടെ ചെറുത്തു തോൽപ്പിച്ചുകൊണ്ടു മലങ്കര മൂപ്പനെ മലങ്കര പാരമ്പര്യ പ്രകാരം (പഴയ യേശുമത പാരമ്പര്യപ്രകാരം-അലെക്‌സാൻഡ്രിയയിലെ സഭയും ഇതുതന്നെ അനുകരിച്ചിരുന്നു) മെത്രാൻ എന്നു പുനർ നാമകരണം ചെയ്യുകയാണ്‌ ചെയ്തത്.

പറഞ്ഞുവന്നതു “മലങ്കര മൂപ്പൻ പദവി” മലങ്കര നസ്രാണികളുടെ ചരിത്ര പന്ഥാവിൽ ഉരുത്തിരിഞ്ഞ ഒരു ഇൻസ്റ്റിറ്റിയൂഷൻ ആണ്. അതിനു പാശ്ചാത്യ ക്രിസ്തുമതത്തോടോ അതിൻ്റെ സാംസ്കാരികതയോടോ യാതൊരു കടപ്പാടുമില്ല എന്നുമാത്രമല്ല അതിൽ പ്രത്യേകമായ രാഷ്ട്രീയ സാഹചര്യത്തിൽ ലയിക്കപ്പെട്ട ഒരുപദവി മാത്രമാണ് ഇന്നുനാം വിളിക്കുന്ന “കാതോലിക്കാ” സ്ഥാനം. മലങ്കരമൂപ്പൻ പദവി ഇന്നത്തെ കാതോലിക്കാ പദവിയിൽനിന്നു എടുത്തുമാറ്റിയാൽ അതു വെറും നനഞ്ഞ പടക്കം മാത്രം. മലങ്കര നസ്രാണികളുടെ യഥാർത്ഥ ചരിത്രം അറിയാതെ പാശ്ചാത്യ ക്രിസ്തുമതത്തിൻ്റെ ഇത്തരം പദവികൾ കടംകൊണ്ടതുകൊണ്ടാണ് ഇന്നു മലങ്കരയിൽ അരഡസനോടടുത്തു കാതോലിക്കാ മാർ ഉണ്ടാകാൻ കരണം .

റൊമോ -സുറിയാനികളുടെ സ്ഥാപിക്കാൻ പോകുന്ന കാതോലിക്കാ / പാത്രിക്കീസ് സ്ഥാനം.
റൊമോ-സുറിയാനികൾ കപടമായി ചമച്ച കുറവിലങ്ങാട് പള്ളിച്ചരിത്രം വഴി ഉദ്ദേശിക്കുന്ന പദവിക്ക് ചരിത്രപരമായി സാധുതയുണ്ടോ എന്നുവിശകലനം ചെയ്യേണ്ടത് ഇത്തരുണത്തിൽ സമയോജിതമാണെന്നു തോന്നുന്നു. ചരിത്രപരമായി കൂനന്കുരിശിനുശേഷം ഉടലെടുത്ത റൊമോ – സുറിയാനി സഭയെ ഭരിച്ചുവന്നതു ലത്തീൻ മെത്രാന്മാരാണ്. എന്നാൽ പതിനാറാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ പോർച്ചുഗീസ് അധികാരം ദുർബലമാകുകയും ലന്തക്കാർ അധികാരികളാവുകയും ചെയ്തപ്പോൾ എല്ലാ റോമൻ കത്തോലിക്ക മെത്രാന്മാരോടും അടിയന്തിരമായി മലങ്കര വിടാൻ അവർ ആവശ്യപ്പെടുകയും ചെയ്തതിൻ്റെ വെളിച്ചത്തിലാണ് പറമ്പിൽ ചാണ്ടിയെന്ന മലങ്കരമൂപ്പൻ്റെ ആദ്യകാല സഹായിയെ റോമൻ സഭ മെത്രാനായി തിടുക്കപ്പെട്ടു നിയമിക്കുന്നത്. അതായതു അതൊരു രാഷ്ട്രീയതീരുമാനമായിരുന്നു.

[How did Parambil Chandy methran get his position? Everyone know that the Dutch captured Kollam in 1661, Kodungaloor in 1662 and Kochi in 1663. Immediately after the capture of Kochi, the Dutch ordered all foreign priests and monks in their jurisdiction to leave the country. Before leaving the shores of Kochi, Bishop Joseph consecrated Chandy kathanar with the title of Alexander De Campo on February 1; 1663. That is why it is a substitution. There is no comparison with Malankara Moopan. Thomas since he was raised as the head (Methran) of the church (Nazranies) with the title of Mrthoma I on May 22, 1653]

മലങ്കര പള്ളിപ്രതിപുരുഷന്മാരുടെ തീരുമാനമില്ലാതെ മലങ്കര മൂപ്പനെ നശിപ്പിക്കാൻ പണം മാത്രം മതി എന്നു ഗോവൻ കത്തോലിക്കാ അധികാരികളെ അറിയിച്ചിരുന്ന പറമ്പിൽ ചാണ്ടിയുടെ മെത്രാൻപട്ടം യഥാർത്ഥത്തിൽ സാഹചര്യങ്ങളുടെ സബ്സ്റ്റിറ്റിയൂഷൻ ആയിരുന്നു എന്നുള്ളതാണ് ചരിത്രസത്യം. അതിനുശേഷം അദ്ദേഹത്തിൻ്റെ മെത്രാൻപട്ടം അദ്ദേഹത്തോടെ അന്യം നിന്നുപോകുകയും ഏകദേശം 300 വർഷത്തോളം അവർ സായിപ്പന്മാരാൽ (റോമൻ ലത്തീൻ) ഭരിക്കപ്പെടുകയും ചെയ്തു എന്നുള്ളതു ചരിത്രസത്യം. അതുവരെ റൊമോ – സുറിയാനികളും, റൊമോ – ലത്തീനികളും ഒരേ മെത്രാൻ്റെ കീഴിൽ ഒരേ പള്ളികളിൽ (പലതിലും) ലത്തീൻ സഭയായി അവരുടെ ആചാര രീതികളും, സാംസ്കാരികതയും സ്വായത്തമാക്കി കഴിഞ്ഞുകൂടി എന്നുള്ളതു സത്യത്തിൻ്റെ നേർകാഴ്ച മാത്രമാണ്.

ഇതുമനസിലാക്കുമ്പോഴാണ് അടുത്തകാലത്തു പാലാ രൂപതാ മെത്രാൻ്റെ പറമ്പിൽചാണ്ടിയായിരുന്നു നസ്രാണികളുടെ ആദ്യ തദ്ദേശീയ മെത്രാൻ എന്നുള്ള അത്യന്തം അപഹാസ്യമായ തുറന്നുപറച്ചിൽ എങ്ങോട്ടാണ് അവർ ഉന്നം വെക്കുന്നതു എന്നു നാം തിരിച്ചറിയേണ്ടത്. മലങ്കര നസ്രാണികളുടെ ധീരോദാത്തമായ ചരിത്രത്തിൽ തങ്ങൾക്കും പങ്കുണ്ട് എന്നു വരുത്തിത്തീർക്കാനുള്ള ഗൂഢോദ്ദേശ്യമാണ് ഈ പറങ്കോ -സുറിയാനി മെത്രാനെ ഇത്തരം അപഹാസ്യമായ ചരിത്ര വക്രീകരണത്തിനു പ്രേരിപ്പിക്കുന്നത്.

റോമിനും അതിൻ്റെ കത്തോലിക്കാപള്ളി കൊളോണിയൽ സാഹസങ്ങൾക്കുമെതിരെ എറണാകുളത്തോടു ചേർന്നുകിടക്കുന്ന പള്ളികളിലെ മലങ്കര നസ്രാണികൾ നടത്തിയ കൂനൻകുരിശു സത്യമെന്നു ചരിത്രത്തിൽ അറിയപ്പെടുന്ന ഐതിഹാസിക സമരത്തിൻ്റെ നുണക്കഥകൾ പ്രചരിപ്പിച്ചുകൊണ്ടുള്ള ഈ പങ്കുപറ്റൽ യഥാർത്ഥത്തിൽ പറങ്കികളോട് ഒത്തുചേർന്നു അവരുടെ പണവും അധികാരങ്ങളും ഉപയോഗിച്ച് ആസ്വദിച്ചതിനുശേഷം അതുകൊണ്ടു സ്വന്തം ജീവിതംവെച്ചു പന്താടേണ്ടിവന്ന, തങ്ങളുടെ സർവവും വിട്ടു ഒളിച്ചോടേണ്ടിവന്ന ധീരന്മാരായ മലങ്കര നസ്രാണികളോട് ചെയ്യുന്ന ചതി മാത്രമല്ല മറിച്ചു മനുഷ്യകുലത്തിനോടുതന്നെ ചെയ്യുന്ന അപരാധമാണെന്നു പറയാതെ വയ്യ.

മുളന്തുരുത്തിപ്പള്ളിയിൽ നിന്നും സ്ഥാന വസ്ത്രം പോലും ഇല്ലാതെ പ്രച്ഛന്ന വേഷക്കാരനായി ഓടേണ്ടിവന്ന മലങ്കര മൂപ്പൻ്റെ പലായനത്തിന് കാരണക്കാരായവർ തങ്ങളാണ് പറങ്കികൾക്കെതിരെ കൂനന്കുരിശുസത്യം ചെയ്തതു എന്നുള്ളത്തരത്തിലുള്ള അവകാശവാദങ്ങൾ അപഹാസ്യം മാത്രമല്ല പറങ്കോ സുറിയാനികളുടെ അത്യന്തം അധമമായ മനോമണ്ഡലത്തെയാണ് സൂചിപ്പിക്കുന്നതു എന്നു അർത്ഥശങ്കക്ക് ഇടയില്ലാതെ എഴുതിക്കൊള്ളട്ടെ. ലത്തീനികളുടെ പണവും അധികാരവും പിൻപറ്റി സ്വന്തം ദാരിദ്ര്യവും പതിതത്വവും നിർമാർജ്ജനം ചെയ്തതിനുശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞു ആർക്കെതിരെ ജീവിതകാലം മുഴുവൻ ചതിപ്രയോഗം നടത്തിയോ അവൻ്റെ തന്നെ ചരിത്രവും പാരമ്പര്യവും ഒരു ഉളുപ്പുംകൂടാതെ എടുത്തണിയുവാൻ ശ്രമിക്കുന്ന ഇവരെ എതിർപക്ഷത്തെ സത്യസന്ധനായ രാജാവിനെകൊന്നു അവൻ്റെ ഭാര്യയെയും മക്കളെയും കൂടാതെ അവൻ്റെ രാജ്യ ചരിത്രവും കൈക്കലാക്കുന്ന മൂനാംകിട അക്രമണകാരിയോടാണ് ഉപമിക്കേണ്ടതു. അതിനുസഹായം ചെയ്യുന്ന മലങ്കര നസ്രാണികളെ മിർജാഫാർ മാരോടാണ് .

ഇവിടെ ചരിത്രപരമായി വിശദീകരിച്ചത് മലങ്കരമൂപ്പൻ എന്ന മലങ്കരനസ്രാണികളുടെ തനതു ഇൻസ്റ്റിറ്റിയൂഷൻ റോമൻ – പേർഷ്യൻ ക്രിസ്തുമതത്തിനു വെളിയിൽ യേശുവിഭാവനം ചെയ്തതരത്തിൽ ഉരുത്തിരിഞ്ഞതും പ്രോട്ടോ – ഓർത്തോഡോക്‌സിയുടെ മാനദണ്ഡങ്ങൾ പാലിച്ചുള്ളതുമായിരുന്നു എന്നാണു. കഹ്‌നൂസോ – ശിംശോനോ ഹയരാർക്കി മോഡലിൽ ഉരുത്തിരിഞ്ഞ ഈ പൗരാണിക പദവി വഹിക്കുന്നവനാണ്‌ മലങ്കരനസ്രാണികളുടെ നേതാവും “മലങ്കര നസ്രാണിയെത്തി” -ൻ്റെ സൂക്ഷിപ്പുകാരനും .

അപ്പോൾ കാതോലിക്കോസ് / പാത്രിക്കീസ് എന്നു വിളിപ്പേരുള്ള, ഇനിയും സൃഷ്ടിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന മലങ്കരസഭയുടേതല്ലാത്ത ഈ പേർഷ്യൻ / റോമൻ സ്ഥാനങ്ങൾക്കു ചരിത്രാടിസ്ഥാനമോ, നിലനിൽപ്പോയില്ലാത്തതാകുന്നു. ഇവിടെ ആരാണോ മലങ്കരമൂപ്പൻ പദവി ചരിത്ര പരമായി കൈവെച്ചിരിക്കുന്നതു അദ്ദേഹത്തിനു കൊടുക്കുന്ന ഏതു പദവിക്കും അസ്തിത്വമുണ്ടാകുന്നത് മേല്പറഞ്ഞ രീതിയിലാണ്.

ഇവിടെയാണ് കുറവിലങ്ങാട് മഹാസമ്മേളനത്തിൻ്റെ ഒളിച്ചുവെക്കപ്പെട്ട ഉദ്ദേശ്യങ്ങൾ വെളിച്ചത്തുവരുന്നത്. കാരണം ”മലങ്കരമൂപ്പൻ ആയിരിക്കുന്ന പൗലോസ് ദ്വിതീയൻ ബാവയെ” കൊണ്ടു വന്നു മറ്റുള്ള കത്തോലിക്കാ റീത്തുകളിലെ ബാവാമാർ എന്നു റോമിൻ്റെ ഔദ്യോഗിക അനുമതിയില്ലാത്ത വെറും നാമധാരികൾക്കു ബഹുജന സമക്ഷത്തു സാധ്യത സൃഷ്ടിക്കുവാനാണെന്നുള്ള കാര്യം ഓരോ നസ്രാണിയും തിരിച്ചറിയണം.

ഇതുകൂടാതെ മലങ്കര നസ്രാണിയത്തിൻ്റെ അഭിവാജ്യഘടകമായ മാർത്തോമാ സമുദായവും, തൊഴിയൂർ സമുദായവും മനസ്സിലാക്കേണ്ട ഒരു കാര്യം മലങ്കര നസ്രാണികളെ വെച്ചുള്ള ഇത്തരം പകിടകളിക്കു നിന്നു കൊടുത്താൽ നമ്മുടെ പൂർവികരുടെ ധീരോദാത്തമായ ഐതിഹാസിക സമരങ്ങളെ അവേഹേളിക്കുന്നതാകും എന്നുപറയേണ്ടതില്ലലോ.

വാൽക്കഷ്ണം:
ഇങ്ങനെയുള്ള കല്ദായവാദ മഹാസമ്മേളനങ്ങളിൽ മലങ്കരമൂപ്പനുപോകാൻ സമ്മർദ്ദം ഏറുമ്പോൾ അവരോടു മഹാനായ ആറാം മാർത്തോമ്മാ റൊമോ-സുറിയാനികളിൽനിന്നും അനുഭവിച്ച പീഡനങ്ങളെക്കുറിച്ചു പറഞ്ഞുകൊടുക്കണമെന്നു അപേക്ഷ.

തോമസ് ജോർജ്

error: Thank you for visiting : www.ovsonline.in