കാലത്തിനു മുൻപേ സഞ്ചരിച്ച പുലിക്കോട്ടിൽ മാർ ദിവന്നാസിയോസ്

ബൈബിൾ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി അച്ചടിക്കുക, ഇംഗ്ലിഷ് വിദ്യാഭ്യാസത്തിനും സ്ത്രീവിദ്യാഭ്യാസത്തിനുമായി പഠിത്തവീട് തുറക്കുക, ചിതറിക്കിടക്കുന്ന വിശ്വാസസമൂഹത്തിനു ഭരണക്രമവും ചട്ടങ്ങളും ആവിഷ്കരിക്കുക, വൈദിക പരിശീലനകേന്ദ്രവും സഭാഭരണകേന്ദ്രവും സ്ഥാപിക്കു‌ക. ഒരു പുരുഷായുസ്സിൽ ചെയ്തുതീർക്കാൻ കഴിയുന്ന കാര്യങ്ങളാണ് ഇവയെന്ന് ഇന്നുപോലും വിശ്വസിക്കാൻ പ്രയാസം. എന്നാൽ, ഇതും ഇതിലപ്പുറവും രണ്ടു നൂറ്റാണ്ടിനു മുൻപു ചെയ്തുതീർത്ത മഹാമനീഷിയാണ് മലങ്കരസഭയുടെ സഭാജ്യോതിസ് പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ്. പാരമ്പര്യവാഴ്ചയ്ക്ക് അന്ത്യം കുറിച്ചുകൊണ്ടു മലങ്കരസഭയുടെ നേതൃസ്ഥാനത്ത് ആദ്യമായെത്തിയ അദ്ദേഹത്തിന്‍റെ ചരമ ദ്വിശതാബ്ദി ആഘോഷങ്ങളുടെ ആഗോള സമാപനത്തിനു വേദിയാവുകയാണു ജന്മനാടായ കുന്നംകുളം.

പുലിക്കോട്ടിൽ ചുമ്മാർ, എളിച്ചി ദമ്പതികളുടെ സീമന്തപുത്രനായി കുന്നംകുളത്തെ പാലൂർ–ചാട്ടുകുളങ്ങര (ആർത്താറ്റ്) ഇടവകയിൽ 1740 നവംബർ 25-നു ജനിച്ച ഇട്ടൂപ്പ് മലയാളം, സംസ്കൃതം, സുറിയാനി, ഗണിതശാസ്ത്രം, തച്ചുശാസ്ത്രം എന്നിവയിൽ പ്രാവീണ്യം നേടി. ആറാം മാർത്തോമ്മായിൽനിന്നാണു വൈദികപട്ടം സ്വീകരിച്ചത്. ക്രിസ്തുമത പ്രചാരണത്തിൽ ഉത്സുകനായിരുന്ന ക്ലോഡിയസ് ബുക്കാനൻ 1806-ൽ ആറാം മാർത്തോമ്മായെ സന്ദർശിച്ചു ബൈബിൾ പരിഭാഷയ്ക്കു സഹായം തേടി. സുറിയാനി പണ്ഡിതരായ ഇട്ടൂപ്പ് അച്ചനെയും (പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ്) കായംകുളം പീലിപ്പോസ് റമ്പാനെയും മാർത്തോമ്മാ പരിചയപ്പെടുത്തി. ഇവരോടൊപ്പം മലയാള പണ്ഡിതനായ തിമ്മയ്യാ പിള്ളയെയും നിയോഗിച്ചു. നാലു സുവിശേഷങ്ങൾ മലയാളത്തിലാക്കി ബോംബെയിൽ കൊണ്ടുപോയി അച്ചടിച്ചു. വിദഗ്ധരെ ബോംബെയിലേക്ക് അയച്ചാണു പേജുകൾ തടിയിൽ കൊത്തിയുണ്ടാക്കിയത്. 100 കോപ്പി അച്ചടിച്ച് എല്ലാ പള്ളികളിലും എത്തിച്ചു. ഈ പരിഭാഷയിലൂടെ സുവിശേഷ ആശയങ്ങൾ വിശ്വാസികൾക്കു ഗ്രഹിക്കാനായതു കേരളത്തിന്‍റെ നവോത്ഥാനത്തിനു വഴിതുറക്കുകയായിരുന്നു.

ഒട്ടേറെ പ്രശ്നങ്ങളെ സഭ അഭിമുഖീകരിച്ചിരുന്ന കാലമായിരുന്നു അത്. പാരമ്പര്യമായി കൈമാറിയിരുന്ന സഭാനേതൃത്വത്തിന്‍റെ പൗരോഹിത്യസാധുത തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഇട്ടൂപ്പ് അച്ചന്‍റെ ഇടവകയായ പാലൂർ–ചാട്ടുകുളങ്ങര (ആർത്താറ്റ്) പള്ളിയും ചാവക്കാട്ടെ ചാപ്പലും പൂട്ടിയിടേണ്ടിവന്നു. പള്ളി തുറന്നുകിട്ടാൻ നിരന്തരം രാജകുടുംബത്തെ സമീപിച്ചിരുന്ന ഇട്ടൂപ്പ് അച്ചന് ശക്തൻ തമ്പുരാനാണ് അനുവാദം നൽകിയത്. ആർത്താറ്റ് പള്ളി ഉചിതമായ പ്രൗഢിയോടെ പുനർനിർമിച്ചതും ഇട്ടൂപ്പ് അച്ചനാണ്.

കൂനൻകുരിശു സത്യത്തിലൂടെ ചരിത്രത്തിന്‍റെ ഗതി തിരിച്ചുവിട്ട മലങ്കര സഭയിൽ അടുത്ത നാഴികക്കല്ലായി മാറിയ ആർത്താറ്റ് പടിയോലയുടെ (1806) മുഖ്യശിൽപി ഇട്ടൂപ്പ് അച്ചനായിരുന്നു. സകല വൈദേശിക മേൽക്കോയ്മകളെയും നിരാകരിച്ചു മാർത്തോമ്മാ ശ്ലീഹായുടെ പൈതൃകത്തിലേക്കു സഭയെ തിരിച്ചെത്തിക്കുമെന്നു വ്യക്തമാക്കിയ ആർത്താറ്റ് പടിയോല സഭയുടെ മാഗ്നാകാർട്ടയായി. കായംകുളം പീലിപ്പോസ് റമ്പാനും ഇട്ടൂപ്പ് മൽപാനും പ്രധാന ശിൽപികളായ കണ്ടനാട് പടിയോല (1809) സഭയിലെ ആരാധനാ പാരമ്പര്യങ്ങളും ആചാരങ്ങളും ഭരണരീതികളും ഏകീകരിക്കാനുള്ള തുടർശ്രമമായിരുന്നു. 1809-ലെ കണ്ടനാട് പള്ളി പ്രതിപുരുഷ യോഗത്തിന്‍റെ തീരുമാനപ്രകാരം അക്കൊല്ലം കന്നി എട്ടിന് ഇട്ടൂപ്പ് അച്ചൻ ആർത്താറ്റ് പള്ളിയിൽ എട്ടാം മാർത്തോമ്മായിൽനിന്നു റമ്പാൻപട്ടം സ്വീകരിച്ചു.

കണ്ടനാട് പടിയോലയിൽ വിഭാവനം ചെയ്ത രണ്ടു പഠിത്തവീടുകൾ കായംകുളം പീലിപ്പോസ് റമ്പാന്‍റെയും ഇട്ടൂപ്പ് മൽപാന്‍റെയും നേതൃത്വത്തിൽ സ്ഥാപിക്കാനായിരുന്നു ഉദ്ദേശ്യമെങ്കിലും പീലിപ്പോസ് റമ്പാൻ 1811-ൽ മരണമടഞ്ഞതോടെ അത് ഒന്നായി ചുരുക്കി. തിരുവിതാംകൂറിന്‍റെയും കൊച്ചിയുടെയും മധ്യഭാഗത്തുള്ള കോട്ടയത്തു പഠിത്തവീടിനു സ്ഥലം അനുവദിക്കാൻ തിരുവിതാംകൂർ റാണിയോട് അദ്ദേഹം അഭ്യർഥിച്ചു.

ഇട്ടൂപ്പ് റമ്പാനുമായി അടുപ്പം പുലർത്തിയിരുന്ന കേണൽ മൺറോയുടെ ശുപാർശപ്രകാരം കോട്ടയത്ത് മീനച്ചിലാറിന്‍റെ തീരത്ത് കരമൊഴിവായി അനുവദിച്ച സ്ഥലത്ത് അദ്ദേഹം സെമിനാരി നിർമിക്കാൻ ശ്രമം തുടങ്ങി. വട്ടിപ്പണത്തിന്‍റെ പലിശ കുടിശിക കേണൽ മൺറോയുടെ ശുപാർശപ്രകാരം ഇട്ടൂപ്പ് റമ്പാനു ലഭിച്ചു. 1815-ൽ നിർമാണം ഏതാണ്ടു പൂർത്തീകരിച്ചു വൈദികപരിശീലനം ആരംഭിക്കുകയും ചെയ്തു. ഒപ്പം മറ്റുള്ളവർക്ക് ഇംഗ്ലിഷ് പരിശീലനവും. പെൺകുട്ടികൾക്കും അവിടെ പഠനസൗകര്യം ഏർപ്പെടുത്തി സ്ത്രീവിദ്യാഭ്യാസത്തിനും തുടക്കമിട്ടു. സഭയുടെ തിലകക്കുറിയായി ഇന്നും തുടരുന്ന പഴയ സെമിനാരിയുടെ ആരംഭം ഇങ്ങനെയായിരുന്നു.

വട്ടിപ്പണപ്പലിശ മെത്രാനു നൽകണമെന്ന വ്യവസ്ഥ നിലനിൽക്കെ അതു റമ്പാനു കൈമാറിയതിനെതിരെ പരാതി ഉണ്ടായപ്പോൾ ആ കുടുക്കിൽനിന്നു രക്ഷപ്പെടാൻ കേണൽ മൺറോ ഉൾപ്പെടെ ഒട്ടേറെ പേർ ഇട്ടൂപ്പ് റമ്പാനെ മെത്രാൻസ്ഥാനം ഏൽക്കാൻ നിർബന്ധിച്ചു. വൈമനസ്യത്തോടെ അതിനു വഴങ്ങി പഴഞ്ഞി പള്ളിയിൽ 1815 മാർച്ചിൽ എഴുപത്തിയഞ്ചാം വയസ്സിൽ ഇട്ടൂപ്പ് റമ്പാൻ തൊഴിയൂരിന്‍റെ കിടങ്ങൻ ഗീവർഗീസ് മാർ പീലക്സിനോസിൽനിന്നു ജോസഫ് മാർ ദിവന്നാസിയോസ് എന്ന പേരിൽ മെത്രാപ്പൊലീത്തയായി സ്ഥാനമേറ്റു. 1653 മുതൽ നിലനിന്നിരുന്ന പാരമ്പര്യ മെത്രാൻവാഴ്ച അതോടെ അവസാനിച്ചു. അദ്ദേഹം മലങ്കര മെത്രാപ്പൊലീത്തയുടെ ആസ്ഥാനമാക്കിയ പഴയ സെമിനാരി പിന്നീടു ദേവലോകം അരമന സ്ഥാപിക്കുന്നതു വരെ ഒന്നര നൂറ്റാണ്ടോളം ആസ്ഥാനമന്ദിരമായി തുടർന്നു.

ജീവിതകാലം മുതൽ പ്രകാശഗോപുരമായി സഭയ്ക്കു വഴികാട്ടിയ ആ സഭാജ്യോതിസ് 1816 നവംബർ 24നു പഴയ സെമിനാരിയിൽ കാലംചെയ്തു. ആ യുഗപ്രഭാവന്‍റെ ചരമത്തിന്‍റെ ഒരു വർഷം നീണ്ട ആഘോഷങ്ങളുടെ ആഗോള സമാപനം ഇന്നു നാലിനു കുന്നംകുളത്ത് മാർ ദിവന്നാസിയോസ് നഗറിൽ (മലങ്കര ആശുപത്രി മൈതാനം) മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ ഇത്യോപ്യൻ പാത്രിയർക്കീസ് പരിശുദ്ധ ആബൂന മത്ഥിയാസ് പാത്രിയർക്കീസ് ബാവാ വിശിഷ്ടാതിഥിയായി സംബന്ധിക്കും.

error: Thank you for visiting : www.ovsonline.in