സമാധാന ചർച്ചകളുടെ കാലം കഴിഞ്ഞു; ഇനി വേണ്ടത് വിധി നടത്തിപ്പ്.

അന്ത്യോഖ്യൻ അധീശത്വശ്രമങ്ങളോടുള്ള മലങ്കര സഭയുടെ ത്യാഗത്തിനും വിട്ടുവീഴ്ചകൾക്കും 150-ലധികം വർഷത്തെ പഴമയുണ്ട്. ‘അരപാത്രിയർക്കീസൻമാരുടെ’ കുടിലശ്രമങ്ങൾ കൂടി കണക്കിലെടുത്താൽ അതിനു പഴക്കം ഇനിയും ഏറും.

മലങ്കരയുടെ സ്വകീയതയുടെ അഭിമാനസ്തംഭമായ മലങ്കരമെത്രാൻ സ്ഥാനത്തിന്‍റെ ശക്തി കുറയ്ക്കുവാനാണ് പത്രോസ് തൃതിയൻ ശ്രമിച്ചത്. 6 മെത്രാൻമാരെ മലങ്കര പള്ളിയോഗത്തിന്‍റെ അനുവാദമോ നിർദ്ദേശമോ കൂടാതെ അദ്ദേഹം വാഴിച്ചു. ഈ അച്ചടക്കമില്ലായ്മയെ നിശബ്ദമായി അവഗണിച്ചു പുലിക്കോട്ടിൽ തിരുമേനി നിന്നത് വിട്ടുവീഴ്ച കൊണ്ടാണ്. 300 പവൻ യാത്രാചെലവിനു അയച്ചു കൊടുത്തു കൊണ്ടുവന്ന പാത്രിയർക്കീസ് തന്നെ പ്രശ്നങ്ങൾ സൃഷ്ടിച്ചപ്പോൾ, കാനോനു വിരുദ്ധമായി മെത്രാൻമാരെ വാഴിച്ചപ്പോൾ, സഭ മുഴുവനും തന്‍റെ ഒപ്പമാണെന്നു അറിഞ്ഞിട്ടുകൂടി മിണ്ടാതിരുന്നത്, ഈ വിട്ടു വീഴ്ച കൊണ്ടാണ്.

തന്‍റെ അതിവൃദ്ധതയിൽ വട്ടശേരിൽ തിരുമേനി മർദീനിൽ പോയി ഏലിയാസ് തൃതിയൻ പാത്രിയർക്കീസിനെ കണ്ടത് സമാധാന ചർച്ചയ്ക്കാണ്. എങ്ങനെയും സമാധാനം ഉണ്ടായി കാണുവാനുള്ള ആഗ്രഹം കൊണ്ടാണ്. തന്‍റെ സ്ഥാനാരോഹരണത്തിന്‍റെ ഉടൻ തന്നെ ഹോംസിൽ പോയി അപ്രേം പ്രഥമനെ ഗീവറുഗീസ് ദ്വിതിയൻ ബാവാ കണ്ടത് സമാധാന ചർച്ചയ്ക്കായിട്ടാണ്. ശേമ്യരുടെ സാമ-ഭേദ-ദണ്ഡന മുറകളിൽ നിന്നു അന്നു ആ സാധു രക്ഷപ്പെട്ടത് മലങ്കരയുടെ പുണ്യം. മലങ്കരയിൽ എത്തിയശേഷവും ചർച്ചകൾക്ക് ഒരു മുടക്കവും ഉണ്ടായില്ല. ഹൈക്കോടതിയിൽ നിന്നു തിരിച്ചടി ഉണ്ടായി, പഴയ സെമിനാരിയിൽ നിന്ന് ഇറങ്ങിപ്പോരേണ്ടതും തന്‍റെ കാറ് ജപ്തി ചെയ്യപ്പെടുന്നതിനും തക്കതായ സാഹചര്യങ്ങളിലേക്കു എത്തിയെങ്കിലും അദ്ദേഹം ചർച്ച തുടർന്നു. ബാവാകക്ഷി കേസുമായി പൊയ്ക്കോണ്ടേ ഇരുന്നു. 1935-ൽ കോട്ടയം ജില്ലാ കോടതിയിൽ ആരംഭിച്ച ഒന്നാം സമുദായ കേസെന്ന വ്യവഹാരചുഴി കോടതികൾ കയറി ഇറങ്ങി 1958 – ൽ സുപ്രീം കോടതിയിൽ നിന്നുണ്ടായ ചരിത്രപ്രസിദ്ധമായ വിധിയോടെ അവസാനിച്ചു. ഇതിനിടയിൽ പല സമാധാന ചർച്ചകൾ നടന്നു. മലങ്കരയുടെ സ്വാതന്ത്ര്യം നഷ്ടപ്പെടാത്ത ഏത് ഒത്തുതീർപ്പിനും സഭ തയ്യാറായിരുന്നു. അമ്പിനും വില്ലിനും അടുക്കാതിരുന്നത് ബാവാ കക്ഷിയാണ്. 1958 ഡിസംബറിലെ കൈകസ്തൂരി കൊടുത്തുള്ള സമാധാനത്തിന്‍റെ ആയുസ്സ് 12 വർഷമായിരുന്നു.

1959-ൽ യാക്കൂബ് തൃതിയൻ അയച്ചിട്ട് ചീറ്റിപ്പോയ ബോംബ് 1970-ൽ പുനർജനിച്ചു. 203-ാം നമ്പർ കൽപന എന്ന യാക്കോബിയൻ വേദവിപരീതത്തിലൂടെ. മാർത്തോമാ ശ്ലീഹായ്ക്ക് പൗരോഹിത്യമില്ലെന്നു – ലെഗിയേൻ പറയാൻ ഭയക്കുന്ന വേദവിപരീതത്തിലൂടെ അതി വിനയവാനെന്നു മുൻഗാമി ഗീവറുഗീസ് ദ്വിതിയൻ തന്നെ സാക്ഷ്യപ്പെടുത്തിയ ഔഗേൻ പ്രഥമൻ ബാവായെ തന്‍റെ കാൽച്ചുവട്ടിൽ വരുത്താമെന്നു യാക്കോബ് തൃതിയൻ വെറുതെ ചിന്തിച്ചു വശായി. അബ്ദൽ ആഹാദ് റമ്പാനായി മഞ്ഞനിക്കരയിൽ നിന്നു അടിയും തടയും പഠിച്ചത് ഒന്നു പരീക്ഷിച്ചു നോക്കി; ഏറ്റില്ല. 1957-ലെ പാത്രിയർക്കാ തിരഞ്ഞെടുപ്പിൽ വിജയിച്ച ഒസ്താത്തിയോസിനെ ഭീഷണിപ്പെടുത്തി പിൻമാറ്റി സ്ഥാനം കൈക്കലാക്കിയത് പോലെ മലങ്കരയെ മുഴുവനും തന്‍റെ കൈപ്പിടിയിൽ ഒതുക്കാമെന്നു അദ്ദേഹത്തിന്‍റെ ശേമ്യ ബുദ്ധിയിൽ തോന്നിക്കാണും. ശാന്തമായി, എന്നാൽ ശക്തമായി വേദവിപരീതത്തെ തളളിക്കളഞ്ഞു മലങ്കര സഭ നിലനിന്നു. 1958-ൽ മലങ്കര സഭ എന്തു പറഞ്ഞോ അത് തന്നെ 1970-ലും പറഞ്ഞു.

1972 ആയപ്പോളേക്കും കേസുകളുടെ കുത്തൊഴുക്കു തന്നെ ഉണ്ടായി. കേസുകൾ പ്രളയങ്ങളായപ്പോൾ എറണാകുളത്ത് കേസ് കാര്യങ്ങൾക്കായി ഒരു പ്രത്യേക കോടതി – പള്ളിക്കോടതി സ്ഥാപിക്കപ്പെട്ടു. മലങ്കര സഭ സഹിച്ചു. പീലക്സീനോസ് – ക്ലീമീസ് – ഗ്രീഗോറിയോസ് – ദീവന്നാസിയോസ് എന്നിവരുടെ ദ്രോഹങ്ങളെ സഭ സംയമനത്തോടെ നേരിട്ടു. കോടതിയെ സമീപിച്ചു. ഒന്നാം സമുദായകേസിന്‍റെ അതേ അവസ്ഥയിൽ കോടതികൾ കടന്നു 1995-ൽ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു. കോടതി വിധിയ്ക്കു മുൻപ് ഒത്തു തീർത്തു കൂടെ എന്നു കോടതി ആരാഞ്ഞപ്പോൾ അതിനെതിരെ മുഖം തിരിച്ചു; ഞങ്ങൾക്കു കോടതിയുടെ തീർപ്പ് മതിയെന്നു പറഞ്ഞത് പാത്രിയർക്കീസ് കക്ഷിയാണ്. 1995-ൽ വിധി വന്നു. ഇടവകപ്പള്ളികളെ ബാധിക്കുന്ന 34-ലെ മലങ്കര സഭയുടെ ഭരണഘടന സാധുവാണെന്നു അസന്നിഗ്ദ്ധമായി കോടതി പ്രഖ്യാപിച്ചു.

ഉടനെ തുടങ്ങി സമാധാന ചർച്ച. 2002-ലെ അസോസിയേഷനിൽ മാത്യൂസ് ദ്വിതിയൻ ബാവായുടെ സ്ഥാനം സ്ഥിരീകരിക്കണം എന്ന നില അവർ സ്വീകരിച്ചു. അതും സമ്മതിച്ചു. സമാധാന ചർച്ചകളിലെ പാത്രിയർക്കീസ് വിഭാഗത്തിന്‍റെ ഉദ്ദേശശുദ്ധിയില്ലായ്മ സ്വയം തിരിച്ചറിഞ്ഞു ആ വിഭാഗത്തിൽ പെട്ടു പോയിരുന്ന പിതാക്കൻമാർ മാതൃസഭയെ പുൽകി. സഭ സന്തോഷപൂർവ്വം അവരെ സ്വീകരിച്ചു. ജനാധിപത്യരാജ്യത്തിലെ ഏറ്റവും വലിയ മദ്ധ്യസ്ഥനായ കോടതി അസോസിയേഷൻ നിരീക്ഷകനായി ജ. മളീമഠിനെ നിയമിച്ചു. അവസാന നിമിഷം അത് ബഹിഷ്കരിച്ചു ഒരു സൊസൈറ്റി തട്ടിക്കൂട്ടി. അടിമ-ഉടമ ബന്ധത്തിലും മോശമായ ഒരു ഭരണഘടനയും തട്ടിക്കൂട്ടി. കൈയ്യൂക്ക് കൊണ്ട് കുറച്ച് പള്ളികൾ കൈവശം വച്ച് സമാന്തര ഭരണം ആരംഭിച്ചു. ഒരു മഫ്രിയാനയെയും വാഴിച്ചു. അദ്ദേഹം കുറച്ച് ചുവപ്പ് കുപ്പായക്കാരെയും വാഴിച്ചു ഭരണം നടത്തിപ്പോന്നു. മലങ്കര സഭ ദൈവാശ്രയത്തോടെ പ്രതിസന്ധിയിൽ മുന്നേറി. ഓരോ വർഷത്തെയും തൃക്കുന്നത്ത് സെമിനാരിയിലെ പെരുന്നാളിൽ സഭ ഈ വിഘടിത വിഭാഗത്തിന്‍റെ ചെയ്തികളിൽ പൊതുസമൂഹമദ്ധ്യത്തിൽ വിവസ്ത്രയായി; അപമാനിക്കപ്പെട്ടു. കോലഞ്ചേരിയിലും പിറവത്തും പെരുമ്പാവൂരും മാമ്മലശേരിയിലും തുടങ്ങി അനേക ദേവാലയങ്ങൾ സംഘർഷഭൂമിയായി. ചെയ്യാത്ത കുറ്റത്തിനു സഭ പൊതു സമൂഹത്തിൽ നിന്ദിക്കപ്പെട്ടു.

2017 ജൂലൈ 3 – നു മൂന്നാം സമുദായ കേസ് സുപ്രീം കോടതി വിധിച്ചു. കേസിനു പോയത് പാത്രിയർക്കീസ് പക്ഷമാണ്. ഓർത്തഡോക്സ് സഭയല്ല. കോലഞ്ചേരി പള്ളിക്കു വേണ്ടി യാക്കോബായ വിഭാഗം പോയ കേസാണ് ഈ വിധിയിൽ കലാശിച്ചത്. യാക്കോബായ സഭയെന്ന സമാന്തര ഭരണ സംവിധാനം പാടില്ല എന്നു കോടതി വിധിച്ചു. 2002-ലെ തട്ടിക്കൂട്ട് ഭരണഘടന അസാധുവായി. 34-ലെ ഭരണഘടനയുടെ മഹത്വം ഒന്നുകൂടി ഉറപ്പിക്കപ്പെട്ടു. ഓരോ പള്ളികളിൽ വിധി നടത്തിപ്പ് നടന്നു കൊണ്ടിരിക്കുന്നു. ഏപ്രിൽ 19-നു പിറവം കേസും കോടതി വിധിച്ചു. ജൂലൈ 3-ലെ വിധി പിറവത്തിനും മലങ്കര സഭയുടെ മറ്റെല്ലാ പള്ളികൾക്കും ബാധകമെന്നു വിധിച്ചു.

വിധി നടത്തിപ്പാണ് ഇനി ആവശ്യം. എല്ലാവർക്കും അറിയാവുന്നത് തന്നെയാണ് ഇതെല്ലാം. വീണ്ടും പറയുന്നത് സമാധാന ചർച്ചയെന്ന വാദത്തിന്‍റെ പൊള്ളത്തരം ചൂണ്ടിക്കാണിക്കുവാനാണ്. ഓരോ തവണ കേസിൽ പരാജയപ്പെടുമ്പോഴും വിഘടിത വിഭാഗം അണിയുന്ന ഒരു മൂടുപടമാണ് സമാധാന ചർച്ച. ജൂലൈ 3-ലെ വിധിക്കു ശേഷം ചർച്ചയ്ക്കുള്ള ഒരു സാഹചര്യവും വിഘടിത വിഭാഗത്തിൽ ഉണ്ടായിട്ടില്ല. നമുക്ക് ചർച്ച ചെയ്യാമെന്നു പറഞ്ഞിട്ടില്ല. പറഞ്ഞെങ്കിൽ ബാക്കി ആലോചിച്ചാൽ മതിയല്ലോ? വിധി വന്നതിനു ശേഷം 2 പിതാക്കൻമാർ പാത്രിയർക്കീസിനെ പോയി കണ്ടു. അതിൽ ഒരു തീരുമാനവും മുന്നോട്ട് എടുക്കുവാൻ വിഘടിത വിഭാഗത്തിനോ പാത്രിയർക്കീസിനോ സാധിച്ചില്ല. ആകെ മുങ്ങിക്കൊണ്ടിരുന്ന വിഘടിത കപ്പലിൽ എന്തെങ്കിലും രക്ഷാപ്രവർത്തനം സാദ്ധ്യമാകുമോ എന്നറിയാൻ കഴിഞ്ഞ മാസം അവസാനം പാത്രിയർക്കീസ് മലങ്കരയിൽ വന്നു. അദ്ദേഹവും സമാധാന ചർച്ച എന്ന ലേബൽ എടുത്തണിഞ്ഞു. സമാധാനം – പറയുമ്പോൾ എത്ര മനോഹരമായ പദം. പക്ഷേ എങ്ങനെ ഉണ്ടാക്കുമെന്നു ചോദിക്കരുത്. ചോദിച്ചാൽ അതിലെ പൊള്ളത്തരം മനസിലാകും. നാളിതുവരെ സുപ്രീം കോടതി വിധി അംഗീകരിക്കുന്നു എന്നോ 34-ലെ ഭരണഘടനയിലെ സ്ഥാനം മതിയെന്നോ അപ്രേം ദ്വിതിയൻ പാത്രിയർക്കീസ് പറഞ്ഞിട്ടില്ല. യാക്കോബ് തൃതിയൻ പോലും 1959-ൽ ഭരണഘടനയിലെ സ്ഥാനത്തിൽ തൃപ്തനാണെന്നു പറഞ്ഞിരുന്നു. അതിനു പോലും അപ്രേം ദ്വിതിയൻ ബാവാ തയ്യാറാകുന്നില്ല. പിന്നെ സുപ്രീം കോടതി 3 തവണ അംഗീകരിച്ച ഭരണഘടന മാറ്റി വച്ചിട്ട് ചർച്ചയാകാമെന്നാണെങ്കിൽ ഇത് അറബി നാടല്ല. ജനാധിപത്യ ഇന്ത്യയാണ് പിതാവേ!

മലങ്കര സഭ ഈ പ്രയാസം അനുഭവിക്കുവാൻ തുടങ്ങിയിട്ട് നൂറിൽ പരം വർഷങ്ങളായി. പാത്രിയർക്കീസിന്‍റെ പിണിയാളുകൾക്ക് മാത്രമേ മാറ്റമുണ്ടായിട്ടൊള്ളു. മാത്തൻ മൽപാൻ – സി.ജെ.കുര്യൻ, അത്താനാസിയോസ്, ക്ലീമീസ്, പീലക്സീനോസ്, തോമസ് പ്രഥമൻ … പേരുകൾ മാത്രം മാറുന്നു. നിലപാടുകൾ മാറ്റമില്ല. സഭയെ പ്രയാസപ്പെടുത്തുക, ദ്രോഹിക്കുക എന്നത് തന്നെ. ഇതിനൊരു പരിഹാരം വേണം. ശാശ്വത സമാധാനം വേണം. അടുത്ത തലമുറയെയെങ്കിലും വ്യവഹാരവ്യാളി വിഴുങ്ങാതിരിക്കട്ട്. അതിനാവശ്യം വെള്ളം ചേർക്കാതെ സുപ്രീം കോടതി വിധി – ഇന്ത്യയിലെ വലിയ മദ്ധ്യസ്ഥന്‍റെ വിധി – നടപ്പിലാക്കുകയാണ്. അല്ലാതെയുള്ള ഒരു ചർച്ചയ്ക്കും പ്രസക്തിയില്ല. അത് കോടതി വിധിയോടുള്ള അവഹേളനവുമാണ്.

error: Thank you for visiting : www.ovsonline.in