വിഘടിതരുടെ വികൃതികൾ

മാന്യന്മാർ ഒന്ന് കൊണ്ട് പഠിക്കും. സാധാരണക്കാരൻ രണ്ട് കൊണ്ട് പഠിക്കും. മൃഗങ്ങൾ മൂന്ന് കൊണ്ട് പഠിക്കും; വിഘടിതൻ എത്ര കൊണ്ടാലും പഠിക്കില്ല!

ഓരോ കാലഘട്ടങ്ങളിലായി അപെക്സ് കോടതികളിൽ 5 വട്ടം തോറ്റിട്ടും ഇതുവരെ പഠിക്കാത്ത പ്രത്യേക സ്പീഷീസാണ് വിഘടിതർ. വട്ടിപ്പണക്കേസ് (1928), സസ്പെൻഷൻ കേസ്, ഒന്നാം സമുദായ കേസ് (1958), രണ്ടാം സമുദായ കേസ് (1995), മൂന്നാം സമുദായ കേസ് (2017 July 3) ഇങ്ങനെ 5 കേസുകളിൽ നിരന്തരം തോൽവിയടഞ്ഞിട്ടും പഠിക്കാത്തവർ! ആദ്യത്തെ 3 കേസിലും കോടതിച്ചെലവു സഹിതമാണ് തോറ്റത്. രണ്ടാം സമുദായക്കേസ് (1995) ഒഴികെ ബാക്കി എല്ലാ കേസുകളിലും പാത്രിയർക്കീസ് ഭക്തരായിരുന്നു വാദികളെന്നത് പ്രത്യേകം സ്മരണാർഹമാണ്.

1995-ലെ തോൽവിയിൽ, ജെ. റാം മനോഹർ സഹായിയുടെ ജഡ്ജ്മെൻറ് ന്യൂനപക്ഷ ജഡ്ജ്മെന്റ് എന്ന് പ്രചരിപ്പിച്ചു. കട്ടച്ചിറപ്പള്ളിക്കേസിൽ ജെ. ആർ ഭാനുമതി അവലംബിച്ചത് ജെ. റാം മനോഹർ സഹായിയുടെ ജഡ്ജ്മെൻറും.

ഓരോ തോൽവി കഴിയുമ്പോഴും വിഘടിതർ അണികളെ പിടിച്ച് നിർത്താൻ ഓരോ പൂഴിക്കടകനുമായി ഇറങ്ങിത്തിരിക്കും . 2017 ജൂലൈ 3-ലെ ”കട്ടയും പടവും” മടക്കിച്ച വിധിക്ക് ശേഷം പൂഴിക്കടക്കടകന് പുറമെ വിഘടിതർ സ്വയം കണ്ടു പിടിച്ച ഏതാനും മുട്ടടവുകൾ പ്രദർശിപ്പിക്കുകയുണ്ടായി. “ക്യൂറേറ്റിവ് പെറ്റീഷൻ, ഭരണഘടനാ ബഞ്ച് , ചർച്ച് ആക്ട് ബിൽ ” ഇത്യാദി അടവുകൾ .

ചർച്ച് ആക്ട് വിഘടിത വിഭാഗത്തിന് നന്നാ ഇണങ്ങും, കാരണം സ്വന്തമായി ഓഡിറ്റും, കണക്കും ഇല്ലാത്തവർക്ക് അത് ആവശ്യം തന്നെ. നിയമസഭ ആ ആക്ട് പാസാക്കിയാൽ തന്നെ അത് ജുഡീഷ്യൽ റിവ്യുവിന് വിധേയമാണ്.

വിഘടിതർ ഇപ്പോൾ യഥാർത്ഥത്തിൽ ഭാഗ്യവാന്മാരാണ്. വിഘടിത സഭ തന്നെയില്ല, ഭരണഘടന ഇല്ല, നിയന്ത്രിക്കാൻ യാതൊരു ലിഖിത നിയമവുമില്ല. ചുരുക്കത്തിൽ നിറമോ, മണമോ, രുചിയോ, ആകൃതിയോ ഇല്ല. ഒരു അപ്പുക്കിളി ! അമീബ പോലെ ഏത് ആകൃതിയും സ്വീകരിക്കാം. അതുകൊണ്ടാണല്ലോ, മാർത്തോമാക്കാരനുമായും, യോഹന്നാനുമായും കൂട്ടു ചേരാൻ സാധിച്ചത് .

ഇതാണ് ”അന്ത്യോക്കാ വിശ്വാസം“. എത്ര പാത്രിയർക്കീസന്മാർ അന്ത്യോക്ക കണ്ടിട്ടുണ്ട്. ആറാം നൂറ്റാണ്ടിൽ തുർക്കിയിലെ അന്ത്യോക്ക നഷ്ടപ്പെട്ടു. പിന്നെ ഇറാക്ക്, സിറിയ എന്നീ രാജ്യങ്ങളിൽ തമ്പടിച്ച് ലബനോനിലെ മെഡിറ്ററേനിയൻ കടൽ തീരത്തെത്തി നില്ക്കുന്നു. പത്രോസിൻ്റെ കൈവയ്പ്പ് ആറാം നൂറ്റാണ്ടിൽ നഷ്ടപ്പെട്ടു. പിന്നീട് അലക്സണ്ടറിയായിലെ വി. മർക്കോസിൻ്റെ സിംഹാസനത്തിൽ നിന്നും പട്ടം ഇരവ വാങ്ങി തുടങ്ങിയ സഭയാണ് ഇപ്പോഴത്തെ ലബനോൻ സഭ. ലബനോൻ സഭ പിന്തുടരുന്നത് അലക്സണ്ടറിയൻ വേദശാസ്ത്രമാണ്. പിന്നെ എന്താണാവോ ഈ ” അന്ത്യോക്കാ വിശ്വാസം” ?

അലക്സാണ്ടറിയാക്കാരൻ്റെ മസ്നപ്സ, ഗ്രീക്കുകാരൻ്റെ ആരാധന, ഗ്രീക്കുകാരുടെ പേരുകൾ ഇതെല്ലാം ചേരുവകളാക്കിയ ലബനോൻ സഭക്ക് ഇന്ത്യാക്കാരൻ അവൻ്റെ അടിമകളായിരിക്കണമെന്ന് ഏത് വേദശാസ്ത്രത്തിലാണ് പറഞ്ഞിരിക്കുന്നത്?. സിറിയയുടെ തൊട്ടയൽ രാജ്യമായ അർമേനിയായിലെ വി. ബർത്തലോമിയ ശ്ളീഹായുടെ സിംഹാസനത്തിൻ്റെ കാതോലിക്കാ എന്തു കൊണ്ട് ലബനോൻ പാത്രിയർക്കീസിൻ്റെ കീഴിൽ നില്ക്കുന്നില്ല , എന്നത് പോകട്ടെ ആ അർമീനിയൻ കാതോലിക്കായുടെ കീഴിൽ ഒരു ലബനോൻ പാത്രിയർക്കീസുമുണ്ട് .

ലബനോൻ പാത്രിയർക്കീസിൻ്റെ മുടക്ക് എന്ന മന്തു കാല് കാണിച്ച് പാവപ്പെട്ട വിശ്വാസികളെ പേടിപ്പിച്ചു തുടങ്ങിയിട്ട് കാലം കുറെ ആയി. 2018 ആഗസ്റ്റ് 28-ലെ കട്ടച്ചിറപ്പള്ളിക്കേസിൽ ”പാത്രിയർക്കീസിന് കാതോലിക്കായെ മുടക്കാൻ ഹുദായ കാനോനിൽ വ്യവസ്ഥ ഇല്ല” എന്ന് എടുത്തു പറഞ്ഞിരിക്കുന്നു.

അല്ലെങ്കിൽ പാലക്കുന്നൻ്റെ കാലം മുതൽ പാത്രിയർക്കീസ് ഇതുവരെ മുടക്കാത്ത ഒരു മലങ്കര മെത്രാപ്പോലീത്തായെ കാണിച്ചു തരാമോ? പാലക്കുന്നനെ ബലിയാർ എന്ന് വിളിച്ച പാത്രിയർക്കീസിൻ്റെ ഭക്തർ ഇപ്പോൾ മാർത്തോമ്മാക്കാരനോട് കൂടി ചേരുന്നത് “മുടക്കപ്പെട്ടവരോടു കൂടി ചേരുന്നവരും മുടക്കപ്പെട്ടവരാകും” എന്ന തത്ത്വം ബലികഴിച്ചാണോ? പാത്രിയർക്കീസിനെ തള്ളിപ്പറഞ്ഞ പാലക്കുന്നനുമായുള്ള വിഘടിതരുടെ “മണ്ണാങ്കട്ട – കരിയില” ബന്ധം ഭേഷായിരിക്കുന്നു .

പട്ടം തന്ന യാക്കോബ് ബൂർദാനയെ അന്ത്യോക്ക പാത്രിയർക്കീസായ പൗലോ തന്നെ മുടക്കുകയുണ്ടായി. അഞ്ചാം തുബ്ദേനിൽ ഓർക്കുന്ന അലക്സണ്ടറിയാ പാത്രിയർക്കീസ് മാർ കൂറിലോസിനെ യോഹന്നാൻ എന്ന അന്ത്യോക്കാ പാത്രിയർക്കീസ് മുടക്കുകയുണ്ടായി. എന്നിട്ടാണ് വിഘടിതർ നാഴികക്ക് 40 വട്ടം അപ്പൻ വിളിയുമായി മുക്രയിടുന്നത്. ഇല്ലാത്തതിനോട് ആഗ്രഹം കൂടുമല്ലോ ?

കയ്യിലിരിപ്പുകൊണ്ട് ലബനോൻ പാത്രിക്കീസ് സ്വയം ക്ഷയിച്ചു കഴിഞ്ഞു. എന്നാലും Divide & Rule” നയത്തിൽ ഒരു വിട്ടു വീഴ്ചയുമില്ല. സിംഹാസന പള്ളികൾ, സുവിശേഷ സമാജം, ഹോണോവർ മിഷൻ, ക്നാനായ സഭ, അമേരിക്കൻ മലയാളി പള്ളികൾ, പുത്തൻകുരിശ് സൊസൈറ്റി എന്നിങ്ങനെ വിഭജിച്ച് ലബനോൻ പാത്രിയർക്കീസ് തന്ത്രപരമായി ചരട് പിടിച്ച് വിഘടിതരെ ചൂഷണം ചെയ്യുന്നു.! ഇടക്ക് സുബോധം വീഴുമ്പോൾ ശ്രേഷ്ഠൻ “ഇരിമ്പ് നുക” കല്പനയിറക്കി വനരോദനം നടത്തി സാഫല്യമടയുന്നു.

വാസ്കോഡി ഗാമയുടെ ആഗമനം (1498) ഉദയമ്പേരൂർ സുന്നഹദോസ് (1599) കൂനൻ കുരിശ് സത്യം (1653) ഈ കാലഘട്ടത്തിൽ അന്ത്യോക്കാ പാത്രിക്കീസിനെ സംബന്ധിച്ച് യാതൊരു പരാമർശവുമില്ല. ഉദയമ്പേരൂർ സുന്നഹദോസിൻ്റെ കനോനകളിൽ അന്ത്യോക്ക എന്ന ഒരു വാക്ക് പരാമർശിച്ചിട്ടു പോലുമില്ല. വഴിയെ പോകുന്നവനെ അപ്പാ- അപ്പാ എന്ന് വിളിച്ചപ്പോൾ മരുഭൂമിയിലെ കുറുക്കൻ അത് മുതലാക്കി. എന്തിനവരെ കുറ്റം പറയുന്നു, നീലവെള്ളത്തിൽ ചാടിയ കുറുക്കനെ സിംഹം പോലും “രാജാവപ്പാ” എന്നു നീട്ടി വിളിച്ചു പോയില്ലെ ?

പാത്രിക്കീസിനെ ചെണ്ട കൊട്ടിച്ച പാലക്കുന്നനെ വിഘടിതൻ പുൽകിയത് നന്നായി , “എരുമയുടെ കടിയും മാറും , കാക്കയുടെ വിശപ്പും മാറും .” പാലക്കുന്നൻ നാടാകന്ത്യത്തിൽ പാലമരത്തിൽ വിഘടിതരെ ആണിയടിക്കും .

വിഘടിതരുടെ അടുത്ത അടവ് 9/11 -ന്നിന് നടത്തുമെന്ന് പറഞ്ഞ “ഓറിയന്റൽ മീറ്റിംഗ്” .???? അമേരിക്കയുടെ വേൾഡ് ട്രേഡ് സെന്റർ അറബികൾ തകർത്ത ദിവസം തന്നെ തെരഞ്ഞെടുത്തത് ബോധപൂർവ്വം തന്നെയാണ്. ആ അറബി ബുദ്ധി നടപ്പിലാക്കാനുള്ള ചുമതല ജോസഫ് മാർ ഗ്രീഗോറിയോസിനായിരുന്നു. അപ്പോൾ ആഗോളം വിട്ടോ? ഇനി ചാടാൻ വളയം വേണ്ടായിരിക്കും .?

ഈ ജോസഫ് ഗ്രീഗോറിയോസ് എസ്.എസ്.എൽ.സി ബുക്ക് പരിശോധകനായിരുന്നു. ലബനോൻ പാത്രിക്കീസിൻ്റെ ബുക്കിൽ “യാക്കോബായ” തന്നെയല്ലെ പിതാവേ ജാതി? 2018 ഫെബ്രുവരിയിൽ കലൂർ സമ്മേളനത്തിൽ പ്രഖ്യാപിച്ചു ” സകലരോടും ക്ഷമിക്കും, കോട്ടയം കാതോലിക്കായോട് മാത്രം ക്ഷമിക്കില്ല .” ഇദ്ദേഹമാണ് സാക്ഷാൽ ക്രൈസ്തവൻ! ഇപ്പോൾ ക്ഷമിച്ചോ? ഓറിയന്റൽ എഴുന്നൊള്ളിച്ച് മലങ്കര നസ്രാണികളെ അറബിയുടെ കൂടാരത്തിൽ തടങ്കലിലിടാനുള്ള ബുദ്ധി അല്പം നിലവാരം താണതായിപ്പോയി .

വിഘടിതരിൽ ഒരു വിഭാഗം പാത്രിയർക്കീസിന് മലങ്കരയിൽ ലൗകീകാധികാരവും, ആത്മീകാധികാരവും ഒരുമിച്ചുണ്ടെന്ന് പറയുമ്പോൾ, അവരിൽ തന്നെ വേറൊരു വിഭാഗം പറയുന്നു ലബനോൻ പാത്രിയർക്കീസിന് ആത്മീകാധികാരം മാത്രമെ ഉള്ളുവെന്ന്. ജോസഫ് ഗ്രീഗോറിയോസ് തീരുമേനി ആദ്യമേ അക്കാര്യത്തിൽ ഒരു തീരുമാനത്തിലെത്തിയിട്ട് പോരെ ആഗോള ഓറിയന്റൽ അടവ് .

യഥാർത്ഥ മലങ്കര മക്കൾക്ക് ഇനി ഒരു തീരുമാനമേ എടുക്കേണ്ടതുള്ളൂ, ഒന്നര നൂറ്റാണ്ട് നമ്മളെ പരസ്പരം കേസ് പറയിപ്പിച്ച്, മലങ്കരയെ കറവ പശുവാക്കി, നമ്മളെ ഭിന്നിപ്പിച്ചു ഭരിക്കുന്ന അറബി കടൽക്കിഴവനെ ഏഴാം കടലിനക്കരെ ശാശ്വതമായി നിർത്തിയ്ക്കുക.

സജി കെ ഇട്ടൻ

error: Thank you for visiting : www.ovsonline.in