പള്ളിവാണ പെരുമാള്‍: ഏതു പള്ളി? ഏതു പെരുമാള്‍?

കേരള ചരിത്രത്തിലെ തിളങ്ങുന്ന ഒരു ഇതിഹാസമാണ് പള്ളിവാണ പെരുമാള്‍. മലബാര്‍ മാനുവലില്‍ വില്യം ലോഗന്‍ രേഖപ്പെടുത്തിയ മലബാറിലെ മാപ്പിള മുസ്ലീങ്ങളുടെ പാരമ്പര്യമനുസരിച്ച്, മുഹമ്മദ് നബിയുടെ സമകാലികനും, കൊടുങ്ങല്ലൂര്‍ ആസ്ഥാനമാക്കി ഭരിച്ച കേരള ചക്രവര്‍ത്തിയുമായിരുന്ന ഒരു ചേരമാന്‍ പെരുമാള്‍ ഇസ്ലാമില്‍ ആകൃഷ്ടനായി. അദ്ദേഹം അറേബ്യയിലെത്തി മുഹമ്മദ് നബിയെ സന്ദര്‍ശിക്കുകയും താജുദ്ദീന്‍ എന്ന പേരില്‍ ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്തു. മാലിക് ബിന്‍ ദീനാര്‍ എന്ന മതപ്രചാരകനേയും സംഘത്തെയും കൂട്ടി കേരളത്തിലേയ്ക്കുള്ള മടക്കയാത്രയില്‍ അദ്ദേഹം അന്തരിക്കുകയും ഒമാനിലെ സലാലയില്‍ കബറടക്കുകയും ചെയ്തു. അതേ സമയംതന്നെ അറബി മലയാളികള്‍ പല കാരണങ്ങള്‍കൊണ്ട് ഈ വ്യാഖ്യാനങ്ങള്‍ അംഗീകരിക്കുന്നില്ല എന്നും ലോഗന്‍ രേഖപ്പെടുത്തുന്നു.

കൊട്ടാരത്തില്‍ ശങ്കുണ്ണി, തൻ്റെ ഐതീഹ്യമാലയിലെ പള്ളിവാണ പെരുമാളും കിളിരൂര്‍ ദേശവും എന്ന ഭാഗത്ത് സ്വല്‍പ്പം വ്യത്യസ്ഥമായ ഒരു ചിത്രമാണ് കാഴ്ചവെയ്ക്കുന്നത്. അതനുസരിച്ച് പെരുമാള്‍ ആദ്യം പരിവര്‍ത്തനം നടത്തിയത് ബുദ്ധമാര്‍ഗ്ഗത്തിലേയ്ക്കാണ്. അതിനു ശേഷം അദ്ദേഹം കോട്ടയം ജില്ലയിലെ നീലംപേരൂര്‍ ദേശത്ത് കുറെക്കാലം താമസിക്കുകയും അവിടെ ഒരു ബുദ്ധക്ഷേത്രം സ്ഥാപിക്കുകയും ചെയ്തു. അവിടെനിന്നും അദ്ദേഹം കോട്ടയത്തുതന്നെയുള്ള കിളിരൂര്‍ ദേശത്തേയ്ക്കു മാറി താമസിക്കുകയും അവിടെയും ഒരു ബുദ്ധക്ഷേത്രം സ്ഥാപിക്കുകയും ചെയ്തു. അവിടെവെച്ചാണ് അദ്ദേഹം ഇസ്ലാം മതം സ്വീകരിക്കുന്നത്. അവിടെനിന്നും ഒരു രാത്രി പെരുമാള്‍ അപ്രത്യക്ഷനായി. സ്വര്‍ഗാരോഹണം ചെയ്‌തെന്നു ചിലരും അതല്ല, രഹസ്യമായി മക്കത്ത് (മക്ക) പോയെതെന്നു ചിലരും പറയുന്നു. ഇതാണ് കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ വിവരണം. പെരുമാള്‍ ഇസ്ലാം സ്വീകരിച്ചതിന് തികച്ചും വ്യത്യസ്ഥമായ കാരണങ്ങളാണ് ലോഗനും ഇടമറുകും രേഖപ്പെടുത്തുന്നത്.

കേരളത്തിൻ്റെ ഐതീഹ്യപരമായ ചരിത്രമാണ് കേരളോല്‍പ്പത്തി. തികച്ചും നമ്പൂതിരിജന്യമായ കേരളോല്‍പ്പത്തിക്ക് പലപാഠഭേദങ്ങളുണ്ട്. വര്‍ത്തമാനകാലത്ത് ഭൂരിപക്ഷം കേരള ചരിത്രകാരന്മാരും ഇതിനെ വെറും കെട്ടുകഥയായി നിരാകരിക്കുന്നു. എങ്കിലും പരശുരാമ സൃഷ്ടിയായ കേരളം എന്ന ഐതീഹ്യത്തില്‍നിന്നും വികസിക്കുന്ന ഈ വായ്‌മൊഴിയില്‍ ചരിത്രത്തിൻ്റെ പല അംശങ്ങളും ഉണ്ട് എന്ന വസ്തുത നിഷേധിക്കാനാവില്ല. ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് 1893-ല്‍ മംഗലാപുരത്തുനിന്നും പ്രസിദ്ധീകരിച്ച കേരളോല്‍പ്പത്തിയില്‍ ബൗദ്ധന്മാര്‍ വന്ന് പെരുമാളെ ബൗദ്ധമാര്‍ഗ്ഗത്തില്‍ ചേര്‍ക്കുകയും, പിന്നീട് വാദപ്രതിവാദത്തില്‍ ബൗദ്ധന്മാര്‍ ബ്രഹ്മണരോട് തോറ്റതോടെ പെരുമാള്‍ മക്കത്തിനു പോവുകയും ചെയ്തു എന്നു മാത്രമാണ് പരാമര്‍ശനം.

കപ്‌ളിങ്ങാട്ട് മനയില്‍ സൂക്ഷിച്ചിരുന്ന കേരളോല്‍പ്പത്തിയില്‍ ഇതിനെ തുടര്‍ന്ന് വ്യത്യസ്ഥമായ ഒരു പാഠമാണുള്ളത്.

…ഇങ്ങനെ ആരു ചേരമാന്‍ പെരുമാളുടെ കാലം കഴിഞ്ഞു ഏഴാമത്തെ ചേരമാന്‍ പെരുമാളുടെ കാലത്ത് പരദേശത്തീന്ന് ബോധന്മാരു വന്ന് മഹാദേവര്‍പട്ടണത്തിലിറങ്ങി കൊടുങ്ങല്ലൂര് ചെന്ന് ചേരമാന്‍ പെരുമാളെക്കണ്ട് ശാസ്ത്രത്തെ കേള്‍പ്പിച്ചു… ഇതിൻ്റെ ശേഷം എല്ലാവരും ഇതിനെത്തന്നെ അംഗീകരിക്കണമെന്ന് നിഷ്‌ക്കരിഷം തുടങ്ങി. അന്നു കലി രൗരവം ദേവരാജ്യം…

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

അതേ ഗ്രന്ഥത്തില്‍ ഏതാനും ഓലകള്‍ക്കു ശേഷം ഇതേ സംഭവം ഇപ്രകാരം ആവര്‍ത്തിക്കുന്നു.

…പരദേശികളെന്നു നാമം ചൊല്ലി വകദാശിങ്കല്‍ നിന്നും ഒന്നുരണ്ടു ബൌദ്ധശാസ്ത്രക്കാര് മലനാട്ടിങ്കല്‍വന്നു കൊടുങ്ങല്ലൂരെന്ന ദിക്കില്‍ ഇറങ്ങി ഞങ്ങള്‍ മലനാട്ടില്‍ രാജാവിനെ കാണ്മാന്‍ ആയതിനും വേദശാസ്ത്രങ്ങള്‍ കേള്‍പ്പിപ്പാനും വന്നിതെന്നും പറഞ്ഞു… ഇതത്രെ നേരായിട്ടുള്ളതെന്നും ധരിച്ച് സത്യവേദം എന്ന് മനസില്‍ ഉറപ്പീപ്പൂതും ചെയ്ത് ആ ചേരമാന്‍ പെരുമാള്‍ ആ വേദത്തെ അനുഷ്ഠപ്പൂതും ചെയ്തു… അനന്തരം മലനാട്ടില്‍ അവര്‍ക്ക് നാലു പള്ളിയും വെയ്പ്പിച്ചുകൊടുത്തു…

ഈ പരാമര്‍ശനങ്ങളെ ഇപ്രകാരം സംഗ്രഹിക്കാം.

1. മത പ്രചാരകര്‍ വന്നത് കപ്പലിലാണ്.
2. അവര്‍ വന്നത് ബാഗ്ദാദില്‍ നിന്നാണ്
3. അവര്‍ പരദേശികള്‍ എന്ന് സ്വയം പരിചയപ്പെടുത്തി.
4. അവരുടെ ഉദ്ദേശം മത പ്രചരണമായിരുന്നു.
5. അവര്‍ പെരുമാളെ മാനസാന്തരപ്പെടുത്തി.
6. പെരുമാള്‍ അവര്‍ക്ക് നാലു പള്ളി വെച്ചുകൊടുത്തു.

കേരളത്തിൻ്റെ അക്കാലത്തെ അന്തര്‍ദേശീയ നാവിക-വ്യാപാര ബന്ധങ്ങള്‍ പരിഗണിച്ചാല്‍ കപ്പല്‍മാര്‍ഗ്ഗം മതപ്രചാരകര്‍ എത്തുന്നതില്‍ അസാംഗത്യമൊന്നുമില്ല. ബാഗ്ദാദില്‍നിന്നും എത്തിയ മിഷിനറിമാര്‍ തീര്‍ച്ചയായും ബോധിസത്വൻ്റെ അനുയായികള്‍ ആവില്ല. ബ്രാഹ്മണമതം ഒഴികെ മറ്റെല്ലാ വിശ്വാസസംഹിതകളെയും ബൗദ്ധമാര്‍ഗ്ഗം എന്നു വിശേഷിപ്പിക്കുന്ന നമ്പൂതിരി പാരമ്പര്യം പരിഗണിച്ചാല്‍ ഈ മതപ്രചാരകര്‍ കൊണ്ടുവന്നത് ബ്രാഹ്മണമാര്‍ഗ്ഗം ഒഴികെ മറ്റേതു മതവും ആകാം.

പള്ളി എന്നത് എല്ലാ ബ്രാഹ്മണ ഇതര ദേവസ്ഥാനങ്ങള്‍ക്കും നമ്പൂതിരി ഭാഷയില്‍ പൊതുവെ ഉപയോഗിച്ചിരുന്ന പദമാണ്. മുകളില്‍ പറഞ്ഞ മനദണ്ഡം തന്നെ ഉപയോഗിച്ചാല്‍ പള്ളി, ജൈന, ബുദ്ധ, ക്രിസ്ത്യന്‍, യഹൂദ, മുസ്ലീം ആരാധനാലയങ്ങളിലൊന്നാകുന്നതിനു തടസമില്ലന്നു കാണാം.

ഈ സംഭവം നടന്ന കാലം പരിഗണിക്കണം. അക്കങ്ങള്‍ക്ക്, പദങ്ങള്‍ ഉപയോഗിക്കുന്ന ഭൂതസംഖ്യ, അക്ഷരങ്ങള്‍ ഉപയോഗിക്കുന്ന കപടയാദി എന്നീ സമ്പദായങ്ങളില്‍ രേഖപ്പെടുത്തുന്ന കലിസംഖ്യ കേരളീയ കൃതികളില്‍ കാലം കുറിക്കുന്നതിന് പഴയകാലത്ത് പരക്കെ ഉപയോഗിച്ചിരുന്ന ഒരു മാര്‍ഗ്ഗമാണ്. മിക്കവാറും അത്തരം കലിസംഖ്യാ പദങ്ങള്‍ക്ക് സംഭവവുമായി ബന്ധപ്പെട്ട ഒരു അര്‍ത്ഥം ലഭിക്കുന്ന രീതിയിലാവും അവയെ സൃഷ്ടിച്ചെടുക്കുക. ഉദാഹരണത്തിന് തൻ്റെ രോഗശമനാര്‍ത്ഥം മേല്പത്തൂര്‍ നാരായണ ഭട്ടതിരി നാരായണീയം രചിച്ചതിൻ്റെ തികച്ചും അര്‍ത്ഥവത്തായ കലിസംഖ്യ ആയുരാരോഗ്യസൗഖ്യം എന്നാണ്. പെരുമാള്‍ ബൗദ്ധമാര്‍ഗ്ഗത്തില്‍ ചേര്‍ന്നതതിൻ്റെ കലിസംഖ്യയായ രൗരവം ദേവരാജ്യം എന്നതിൻ്റെ അര്‍ത്ഥം ദൈവരാജ്യം നരകമാണ് (Kingdom of God is hell) എന്നാണ് എന്ന വസ്തുതയ്ക്ക് അതീവ പ്രാധാന്യമുണ്ട്.

ബ്രാഹ്മണ സങ്കല്പപ്രകാരമുള്ള 28 നരകങ്ങളില്‍ മൂന്നാമത്തേത് ആണ് രൗരവം. രൗരു എന്ന മഹാസര്‍പ്പങ്ങള്‍ നിറഞ്ഞ നരകമായതിനാലാണ് രൗരവം എന്ന പേരുണ്ടായത്. ഇവിടെ ബാഗ്ദാദില്‍നിന്നുള്ള മതപ്രാസംഗികര്‍ സുവിശേഷിച്ചതും പെരുമാള്‍ സ്വീകരിച്ചതുമായ ദൈവരാജ്യം, രൗരവം എന്ന നരകതുല്യമെന്നു ഈ കലിസംഖ്യ മെനെഞ്ഞെടുത്ത നമ്പൂതിരിമാര്‍ പുശ്ചത്തോടെ അവതരിപ്പിക്കുന്നു. തീര്‍ച്ചയായും തങ്ങള്‍ക്കു താല്‍പ്പര്യമില്ലാത്ത ഒരു ബുദ്ധമാര്‍ഗ്ഗത്തെ അപ്രകാരം കലിസംഖ്യയുടെ സൃഷ്ടാക്കള്‍ അധിക്ഷേപിച്ചതില്‍ അത്ഭുതമൊന്നുമില്ല.

ഇവിടെ ദൈവരാജ്യം പ്രസംഗിച്ച ബുദ്ധമാര്‍ഗ്ഗക്കാര്‍ ആരാണ്? നാസ്തികമായ ബുദ്ധമതം ഒരിക്കലും ദൈവരാജ്യം പ്രസംഗിക്കില്ല എന്നു തീര്‍ച്ചയാണ്. ചൊര്‍ളി മനയ്ക്കല്‍ നാരായണന്‍ നമ്പൂതിരിയുടെ കൈവശമുണ്ടായിരുന്ന ഒരു ഗ്രന്ഥത്തിലും കൊച്ചി സര്‍ക്കാര്‍ ആര്‍ക്കൈവ്‌സിലുള്ള ഒരു ഗ്രന്ഥത്തിലും ഈ സംഭവത്തപ്പറ്റിയുള്ള പരാമര്‍ശനം മാപ്പിളമാര്‍ വന്ന നാളത്തെ കലി രൗരവം ദേവരാജ്യം എന്നാണ്. കേരളത്തില്‍ വാണിജ്യവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന യഹൂദന്മാര്‍, നസ്രാണികള്‍, മുസ്ലീങ്ങള്‍ എന്നിവരാണ് യഥാക്രമം ചൂത(ജൂത) മാപ്പിള, നസ്രാണി മാപ്പിള, ചോനക(യവന) മാപ്പിള എന്നറിയപ്പെടുന്നത്. ഈ മൂന്നു വിഭാഗക്കാരും ദൈവരാജ്യസങ്കല്‍പ്പം ഉള്ളവരും ബാഗ്ദാദില്‍ നിന്നു വരുവാന്‍ സാദ്ധ്യത ഉള്ളവരുമാണ്.

രൗരവം ദേവരാജ്യം എന്ന കലിസംഖ്യയുടെ കാലം ക്രിസ്തുവര്‍ഷം 317 ഫെബ്രൂവരി 14-നു വ്യാഴം എന്നാണ് വ്യത്യസ്ഥരായ വ്യക്തികള്‍ കണക്കുകൂട്ടിയെടുത്തിരിക്കുന്നത്. മുഹമ്മദ് നബി, ഇസ്ലാം പ്രചരിപ്പിച്ചത് ക്രിസ്തുവര്‍ഷം 609 – 632 കാലത്താണ്. അതിനാല്‍ നാലാം നൂറ്റാണ്ടില്‍ ബാഗ്ദാദില്‍നിന്നും വന്നവര്‍ മുസ്ലീം മതപ്രചാരാവുക എന്നത് അസംഭവ്യമാണ്. വംശശുദ്ധി സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന യഹൂദര്‍ മതപ്രചരണം നടത്തുവാനുള്ള സാദ്ധ്യതയും വിരളമാണ്. ശേഷിക്കുന്നത് ക്രിസ്തുമാര്‍ഗ്ഗം മാത്രമാണ്. അതായത് പെരുമാള്‍ മാര്‍ഗ്ഗംകൂടിയത് ക്രിസ്തുമാര്‍ഗ്ഗത്തിലേയ്ക്കാണ്.

ചേരമാന്‍ പെരുമാള്‍ ഇസ്ലാം മതം സ്വീകരിച്ചു എന്ന വാദത്തിനു കലിസംഖ്യ അനുസരിച്ചു പൊരുത്തക്കേട് ഉണ്ട് എന്ന് അംഗീകരിച്ചുകൊണ്ടുതന്നെ പി. കെ. ഗോപാലകൃഷ്ണന്‍ തൻ്റെ കേരളത്തിൻ്റെ സാസംസ്‌കാരിക ചരിത്രം എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം രേഖപ്പെടുത്തുന്നു.

… ഏഴും എട്ടും നൂറ്റാണ്ടുകളുടെ സാഹചര്യത്തില്‍, കേരളത്തിലെ ഒരു രാജാവ് സാഹോദര്യവും സമഭാവനയും പ്രകാശിപ്പിക്കുന്ന ഒരു പുതിയ മതം സ്വീകരിച്ചെങ്കില്‍ അതില്‍ അത്ഭുതപ്പെടുവാന്‍ ഒന്നുംതന്നെയില്ല. ബുദ്ധ-ജൈനമതങ്ങള്‍ ക്ഷയോന്മുഖമായിക്കഴിഞ്ഞിരുന്നു. പ്രബലമായ ഒരു ഹിന്ദുമതം ഇവിടെ പ്രചരിച്ചുകഴിഞ്ഞിരുന്നുമില്ല. ശൈവ-വൈഷ്ണവ ഭക്തിപ്രസ്ഥാനങ്ങളും ബുദ്ധ-ജൈനമതങ്ങളും തമ്മില്‍ മത്സരവും വിദ്വേഷവും കലര്‍ന്ന ഒരന്തരീക്ഷമാണ് നിലനിന്നിരുന്നത്. ഈ സന്ദര്‍ഭത്തില്‍ മനുഷ്യസാഹോദര്യത്തിൻ്റെ സന്ദേശത്താല്‍ ദീപ്തമായ ഈ പുതിയ മതത്തിലേയ്ക്ക് ചേരമാന്‍ പെരുമാള്‍ പരിവര്‍ത്തനം ചെയ്‌തെന്ന ഐതീഹ്യം തള്ളിക്കളയാവുന്നതല്ല…

കലിസംഖ്യ നിര്‍ണ്ണയിക്കുന്ന നാലാം നൂറ്റാണ്ടിനെ എന്തുകൊണ്ട് പി. കെ. ഗോപാലകൃഷ്ണന്‍ നിരാകരിക്കുന്നു എന്നു അദ്ദേഹം വ്യക്തമാക്കുന്നില്ല. മുഹമ്മദു നബിയുടെ സമകാലികമായി ഇസ്ലാം ഇവിടെ പ്രചരിച്ചില്ലന്നും അത് രണ്ടു നൂറ്റാണ്ടിനു ശേഷമാണന്നും ചില ഇസ്ലാമിക രേഖകളെ ആസ്പദമാക്കി ലോഗന്‍ പ്രസ്താവിക്കുന്നുണ്ട്. അതൊഴിവാക്കിയാലും …മനുഷ്യസാഹോദര്യത്തിൻ്റെ സന്ദേശത്താല്‍ ദീപ്തമായ ഈ പുതിയ മതം… എന്ന വിശേഷണം ക്രിസ്തുമാര്‍ഗ്ഗത്തിനും യോജിക്കും. കലിസംഖ്യയും, ബാഗ്ദാദും അതിനെ പിന്തുണയ്ക്കുകയും ചെയ്യും.

അടുത്തതായി പരിഗണിക്കേണ്ടത് …പരദേശികളെന്നു നാമം ചൊല്ലി… എന്ന മതബോധകരുടെ സ്വയം വിശേഷണമാണ്. കേരളോല്‍പ്പത്തിയുടെ ഗ്രന്ഥകാരന്‍ വെറുതെ അവരെ പരദേശികള്‍ എന്നു വിശേഷിപ്പിക്കുകയല്ല ചെയ്യുന്നത് എന്നത് ശ്രദ്ധേയമാണ്. ആഗതരുടെ സ്വയം വിശേഷണമായി വേണം ഈ പ്രയോഗത്തെ കണക്കാക്കാന്‍. ചേരമാന്‍ പെരുമാളുടെ പരിവര്‍ത്തനത്തെക്കുറിച്ചു വിശദമായി വിചിന്തനം ചെയ്യുന്ന ടി. കെ. ജോസഫ്, അവരെ ബാഗ്ദാദില്‍നിന്നും വന്ന ബാര്‍ദെസനൈറ്റ് (Bardesanites) എന്നു വിശേഷിപ്പിക്കുന്നു. ക്രിസ്തുവര്‍ഷം 154 – 222 കാലത്ത് എഡേസയില്‍ ജീവിച്ചിരുന്ന ബാര്‍ദെസൈന്‍ ആദ്യം ക്രിസ്ത്യാനിയും പിന്നീട് ഗ്നോസ്റ്റിക്ക് വിശ്വാസിയുമായിത്തീര്‍ന്നു. ക്രിസ്തുമത തത്വങ്ങളെ ജോതിഷവുമായി കൂട്ടിക്കുഴച്ച ഒരു ചിന്താസരണിയായിരുന്നു ബര്‍ദസൈന്‍ വികസിപ്പിച്ചെടുത്തത്. എന്നാല്‍ അദ്ദേഹമോ അദ്ദേഹത്തിൻ്റെ അനുയായികളോ എന്നെങ്കിലും പരദേശി എന്നു ഉച്ചാരണം വരാന്‍ വിദൂര സാദ്ധ്യതയുള്ള ബാര്‍ദെസനൈറ്റ് എന്നു സ്വയം വിശേഷിപ്പിച്ചതായി സൂചനകളൊന്നുമില്ല.

മറിച്ച്, പരദേശികള്‍ എന്നു സ്വയം വിശേഷിപ്പിക്കുന്നത് ക്രിസ്തുമാര്‍ഗ്ഗത്തില്‍ അപ്പോസ്‌തോലിക കാലം മുതല്‍ പതിവായിരുന്നു. 2. കോരിന്ത്യര്‍ 5: 1, എബ്രായര്‍ 11: 13, 1 പത്രോസ് 1: 17, 1 പത്രോസ് 2: 11 എന്നീ വാക്യങ്ങളില്‍ ഈ പ്രയോഗം ദര്‍ശിക്കാം. റോമിലെ വി. ക്ലീമ്മീസ് കോരിന്ത്യര്‍ക്കെഴുതിയ ലേഖനം ആരംഭിക്കുന്നതുതന്നെ പരദേശികളും പ്രവാസികളും എന്നാണ്. സുറിയാനി ആരാധനക്രമങ്ങളില്‍ ക്രിസ്ത്യാനികളെ ഈ ലോകത്തില്‍ പരദേശികളും പ്രവാസികളും എന്നു വിശേഷിപ്പിക്കുന്നത് സര്‍വസാധാരണമാണ്. അതായത്, ബാഗദാദില്‍നിന്നും ക്രിസ്തുവര്‍ഷം 317-ല്‍ …സാഹോദര്യവും സമഭാവനയും പ്രകാശിപ്പിക്കുന്ന ഒരു പുതിയ മതം… പ്രചരിപ്പിക്കാന്‍ കേരള ചക്രവര്‍ത്തിയെ സന്ദര്‍ശിച്ചത് മുഖ്യധാര ക്രിസ്തുമാര്‍ഗ്ഗക്കാരാവാനാണ് ഏറ്റവും കൂടുതല്‍ സാദ്ധ്യത. പക്ഷേ പ്രചാരം ലഭിച്ചത് കാലഗണനപ്രകാരം പൊരുത്തമില്ലാത്ത ഇസ്ലാം പരിവര്‍ത്തനത്തിനും. മലബാര്‍ മുസ്ലീം മാപ്പിളമാരുടെ ഉത്ഭവകഥ പ്രചുരപ്രചാരത്തിലാവുകയും അതു രേഖപ്പെടുത്തിയവര്‍ കലിദിനസംഖ്യയെപ്പറ്റി അജ്ഞാതരായിരിക്കുകയും ചെയ്തതാണ് ഇതിനു കാരണമെന്നു ഈ ലേഖകന്‍ കരുതുന്നു.

എന്നാല്‍ പെരുമാള്‍ മക്കത്തിനു പോയി എന്ന പരാമര്‍ശനം അദ്ദേഹത്തിൻ്റെ ക്രിസ്തുമാര്‍ഗ്ഗത്തിലേയ്ക്കുള്ള പരിവര്‍ത്തനവുമായി യോജിക്കുന്നില്ല എന്നത് നിശ്ചയമാണ്. ഈ പ്രതിസന്ധിക്കു രണ്ടു പ്രതിവിധികള്‍ ടി. കെ. ജോസഫ് നിര്‍ദ്ദേശിക്കുന്നുണ്ട്. ഒന്നാമതായി, അദ്ദേഹം നിര്‍ദേശിക്കുന്നത് ബത് മല്‍ക്കെ (= രാജാവിൻ്റെ ഭവനം) എന്ന സുറിയാനി പദമാണ്. ക്രിസ്തുമാര്‍ഗ്ഗം സ്വീകരിച്ചതോടെ അനഭിമിതനായ പെരുമാള്‍ സ്വന്തം കൊട്ടാരത്തിലേയ്ക്ക് അഥവാ നഗരത്തിലേയ്ക്ക് – ബത് മല്‍ക്കെ – പിന്മാറി എന്നതാവാം ഇവിടെ പരാമര്‍ശിക്കുന്നത് എന്ന് അദ്ദേഹം സംശയിക്കുന്നു.

രണ്ടാമതായി, ആദിമ നൂറ്റാണ്ടുകളില്‍ ക്രിസ്ത്യാനികള്‍ എല്ലാവരും വിശുദ്ധന്മാര്‍ എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. റോമര്‍ 15: 15, എഫേസ്യര്‍ 5: 26, 1 കോരിന്ത്യര്‍ 1: 2, 30, 2 തെസലോനിക്യര്‍ 2: 13 മുതലായ വാക്യങ്ങളില്‍ ഈ സൂചന കാണാം. ടി. കെ. ജോസഫിൻ്റെ രണ്ടാമത്തെ ഭാഷ്യപ്രകാരം വിശുദ്ധന്മാര്‍ എന്ന അര്‍ത്ഥമുള്ള മ്ഖദ്ശ എന്ന സുറിയാനി വാക്കില്‍നിന്നാണ് മക്ക ദേശം എന്ന പില്‍ക്കാല പാഠം ഉണ്ടായതത്രെ. പള്ളി വാണവര്‍ എന്നതിന് പള്ളി ഭരിച്ചവന്‍ എന്നു മാത്രമല്ല, പള്ളിയില്‍ താമസിച്ചവന്‍ എന്നുകൂടി അര്‍ത്ഥമുണ്ടെന്നും അദ്ദേഹം വാദിക്കുന്നു.

കേരളം ഭരിച്ച ചേരമാന്‍ പെരുമാള്‍മാരില്‍ ഒരാള്‍ വൈഷ്ണവ ആള്‍വാരായി അറിയപ്പെടുന്നു. മറ്റൊരാള്‍ ശൈവ നയനാരും. ആള്‍വാര്‍മാരും നായനാരുമാരും യഥാക്രമം വൈഷ്ണവ – ശൈവ മാര്‍ഗ്ഗങ്ങളില്‍ പുണ്യപുരുഷന്മാരാണ്. ഈ സാഹചര്യത്തില്‍ ഏതെങ്കിലും ഒരു പെരുമാള്‍ ബുദ്ധമാര്‍ഗ്ഗവും തുടര്‍ന്ന് നസ്രാണി മാര്‍ഗ്ഗവും സ്വീകരിച്ചെങ്കില്‍ അതില്‍ അസ്വഭാവികത ഒന്നും ഇല്ല. പിന്നീടൊരാള്‍ മുസ്ലീമായാലും അത്ഭുതത്തിന് കാരണമില്ല.

പള്ളിവാണ പെരുമാള്‍ നസ്രാണി മാര്‍ഗ്ഗമാണ് സ്വീകരിച്ചത് എന്നതിന് ഉപദ്ബലകമായ ചില വസ്തുതകളുണ്ട്. അത് അദ്ദേഹവുമായി ബന്ധപ്പെട്ട ഐതീഹ്യങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന നീലംപേരൂര്‍ പള്ളി ഭഗവതി ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ്. പള്ളി ചേര്‍ത്തുള്ള പേരുതന്നെ മുമ്പ് അതൊരു അബ്രാഹ്മണ ദേവാലയം ആയിരുന്നു എന്നു വ്യക്തമാക്കുന്നു. ഈ ക്ഷേത്രത്തില്‍ ഉപദേവതയായ മഹാവിഷ്ണുവിൻ്റെ വിഗ്രത്തിന് ബുദ്ധഛായ ഉണ്ടെന്നു രേഖകളുണ്ട്. ക്ഷേത്രത്തിനു മുമ്പില്‍ പള്ളിവാണ പെരുമാള്‍ സമാധി എന്നൊരു ചെറിയ മണ്ഡപം ഇന്നുമുണ്ട്. ഇത് പെരുമാളുടെ ശവകുടീരമെന്ന് വൃദ്ധരായ പ്രദേശവാസികള്‍ പറയുന്നതായി പ്രദേശവാസിതന്നെയായ എ. രാമക്കുറുപ്പ് 1930-ല്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

1893-നടുത്ത് മൂന്നു നിലയില്‍ കുരിശാകൃതിയില്‍ പണിതിരുന്ന മണ്ഡപം പുനരുദ്ധാരണത്തിനായി പൊളിച്ചു മാറ്റിയപ്പോള്‍ അതിൻ്റെ തറയ്ക്കുള്ളില്‍നിന്നും ഓടില്‍ വാര്‍ത്ത ഒരു മനഷ്യപ്രതിമ ലഭിച്ചു. അതിൻ്റെ 1929-ല്‍ എടുത്ത രണ്ടു ഫോട്ടോകളും അതിനെ ആസ്പദമാക്കിയുള്ള രേഖാചിത്രങ്ങളും മാത്രമാണ് ഇന്നു ലഭ്യമായിട്ടുള്ളത്. രണ്ടു കൈകളിലും വടിപിടിച്ച രൂപത്തില്‍ വാര്‍ത്തെടുത്ത പ്രതിമ, കഴുത്തില്‍ കുരിശു ധരിച്ചിട്ടുണ്ടെന്നുള്ള വസ്തുതയാണ് പെരുമാളുടെ ക്രിസ്തുമാര്‍ഗ്ഗ പ്രവേശനത്തിനുള്ള ഭൗതീക തെളിവ്. അതേപോലെതന്നെ കരിങ്കല്ലില്‍ കൊത്തിയ ഒരു പ്രതിമയും ലഭിച്ചെന്നും അത് കുളത്തിലെറിഞ്ഞു കളഞ്ഞെന്നും തറ കുഴിച്ച തൊഴിലാളികളെ അവലംബിച്ച് വിദ്വാന്‍ പി. കെ. പദ്മനാഭ പണിക്കര്‍ രേഖപ്പെടുത്തുന്നു. അതിനു താഴെ ഏകദേശം 6 x 3 അടി വലിപ്പമുള്ള ഒരു കരിങ്കല്‍ പലകയാണന്നും അതിന് ഒരു ശവകുടീരത്തിൻ്റെ ലക്ഷണമുണ്ടന്നും തൊഴിലാളികളെ ഉദ്ധരിച്ച് പദ്മനാഭ പണിക്കര്‍ രേഖപ്പെടുത്തു. അതു തുറക്കുവാന്‍ തൊഴിലാളികള്‍ വിസമ്മതിച്ചതിനാല്‍ അത് ഉള്ളിലാക്കി പുതിയ സമാധി മണ്ഡപം പണിയുകയായിരുന്നു.

ടി. കെ. ജോസഫിൻ്റെ അഭിപ്രായപ്രകാരം വലതു കൈയ്യില്‍ ഉണ്ടായിരുന്നത് ഒരു കുരിശ് ആയിരുന്നു. അതിൻ്റെ തല ഒടിഞ്ഞുപോയതാണ് എന്നാണ് അദ്ദേഹത്തിൻ്റെ വാദം. അത് പൂര്‍ത്തീകരിച്ച് ഒരു രേഖാചിത്രവും അദ്ദേഹം വരച്ചിട്ടുണ്ട്.

ഈ വസ്തുതകളെല്ലാം താഴെ പറയുന്നവിധം സംഗ്രഹിക്കാം.

1. ചേരമാന്‍ പെരുമാള്‍ ബുദ്ധമതം സ്വീകരിച്ചു.
2. വാദപ്രതിവാദത്തില്‍ ബുദ്ധമാര്‍ഗ്ഗക്കാര്‍ പരാജയപ്പെട്ടെങ്കിലും ബുദ്ധമാര്‍ഗ്ഗം ഉപേക്ഷിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. അതോടെ അദ്ദേഹം അനഭിമിതനായി.
3. അദ്ദേഹം നീലംപേരൂരുള്ള ബുദ്ധക്ഷേത്രത്തിലേയ്‌ക്കോ സമീപത്തേയ്‌ക്കോ പിന്‍വാങ്ങി താമസമുറപ്പിച്ചു. അതിനാല്‍ പള്ളിവാണ പെരുമാള്‍ എന്നറിയപ്പെട്ടു.
4. ബാഗ്ദാദില്‍നിന്നുള്ള മതപ്രചാരകര്‍ അദ്ദേഹത്തെ ക്രിസ്തു മാര്‍ഗ്ഗത്തിലേയ്ക്ക് ആനയിച്ചു.
5. അദ്ദേഹം ക്രിസ്ത്യാനി ആയി മരിച്ചു.

ഈ പാരമ്പര്യത്തില്‍ പരാമര്‍ശിക്കുന്ന പെരുമാള്‍, കേരളം അടച്ചുഭരിച്ച പെരുമാക്കന്മാരില്‍ ഒരാളാവണണെന്നു നിര്‍ബന്ധമൊന്നുമില്ല. ഏതെങ്കിലും പ്രാദേശിക ഭരണാധികാരി വേണമെങ്കിലും ആവാം. തെക്കെ ഇന്ത്യയില്‍ പലസ്ഥലത്തും പെരുമാള്‍ സ്ഥാനനാമമുള്ള ഭരണാധികാരികള്‍ ഉണ്ടായിരുന്നു. ഏതായാലും കേരളോല്‍പ്പത്തിയില്‍ പരാമര്‍ശിക്കുവാന്‍ തക്ക പ്രാധാന്യമുള്ള സ്ഥാനി ആയിരുന്നു എന്നു വ്യക്തം.

സഹായ ഗ്രന്ഥങ്ങള്‍:
* The State Editor, Kerala Gazetteers, Kerala Society Papers Vol. I & II, Trivandrum, Gazetteers Department, 1997
* ജോസഫ്, റ്റി. സി. ഇടമറുക്, കേരള സംസ്‌ക്കാരം, കോട്ടയം, വിദ്യാര്‍ത്ഥിമിത്രം, 1995
* ജോസഫ്, റ്റി.കെ, പ്രാചീന ഇന്ത്യയിലെ ക്രിസ്തുമത പ്രചരണം. തിരുവല്ല, സി.എല്‍.എസ്, 1950
* വില്യം ലോഗന്‍, ലോഗൻ്റെ മലബാര്‍ മാന്വല്‍, കോഴിക്കോട്, മാതൃഭൂമി, 1997
* ഗോപാലകൃഷ്ണന്‍, പി. കെ., കേരളത്തിന്റെ സാസ്‌കാരിക ചരിത്രം, തിരുവനന്തപുരം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, 1984
* ശങ്കുണ്ണി, കൊട്ടാരത്തില്‍, ഐതീഹ്യമാല, കോട്ടയം, ഡി. സി. ബുക്‌സ്, 1980
* മാണി, വെട്ടം, പുരാണിക് എന്‍സൈക്ലോപീഡിയ, കോട്ടയം, നാഷണല്‍ ബുക് സ്റ്റാള്‍, 1982

ഡോ. എം. കുര്യന്‍ തോമസ്
(ജോര്‍ജിയന്‍ മിറര്‍, ജൂണ്‍ 2019)

error: Thank you for visiting : www.ovsonline.in