“മാതൃഭൂമി”യുടെ മനപ്രയാസം

പിറവത്ത്‌ കഴിഞ ദിവസം നടന്ന വിധി നടത്തിപ്പും, ഞായറഴ്ചയിലെ നിയമാനുസൃത്‌ വി. കുർബ്ബാനയും സമാന്തരമായി തെരുവിൽ നടന്ന ആരാധനാ നാടകവും “മാതൃഭൂമി” ദിനപത്രത്തിനു വലിയ മനപ്രയാസം ഉണ്ടാക്കിയതായി കാണുന്നു. അതിന്റെ വാർത്താവിവരണം കാണുമ്പോൾ (അതിൻ്റെ ഒരു പ്രതിനിധിയാണു കഴിഞ്ഞദിവസം “മനോരമ ന്യൂസ്‌” ചാനലിൽ സഭയെയും അതിൻ്റെ പ്രധാന മേലദ്ധ്യക്ഷനേയും അവഹേളിച്ച്‌ സംസാരിച്ചത്)‌.മാതൃഭൂമി” മാധ്യമവുമായി യാക്കോബായ വിഭാഗത്തിനു ബന്ധമുണ്ടാകുന്നത്‌ എഴുപതുകളുടെ അവസാനം “ആലുവാ തൃക്കുന്നത്ത്‌ സെമിനാരി കയ്യേറ്റ സമരം” നയിച്ച അന്നത്തെ തോമസ്‌ മാർ ദിവന്നാസിയോസ്‌ (ഇന്നത്തെ തോമസ്‌ പ്രഥമൻ) എറണാകുളം ജില്ലാ ആശുപത്രിയിൽ നിരാഹാരം എന്നു വിളിക്കപ്പെട്ട “നിശാഹാര” സമര കാലത്താണ്. പത്രത്തിൻ്റെ ഉടമസ്ഥരിൽ പ്രധാനിയും ഇന്ന് ഒരു രാഷ്ട്രീയ കക്ഷിയുടെ നേതാവുമായിരികുന്ന വ്യക്തി, മെത്രാപ്പോലീത്തയെ രാത്രിയിൽ ആശുപത്രിയിൽ വന്ന കാണുകയും, പരസ്പര ധാരണ ഉണ്ടാക്കുകയും ചെയ്തു. അക്കാലത്ത്‌ “മലയാള മനോരമ” ഓർത്തഡോക്സ്‌ വിഭാഗത്തിൻ്റെ മാധ്യമമാണ് എന്നൊരു പൊതു ധാരണ (പിശക്‌) ഉണ്ടായിരുന്നു (ഇന്നും അതുണ്ട്‌). ഈ ബന്ധത്തെ നേരിടാൻ മനോരമ എറണാകുളത്ത്‌ പുതിയ എഡീഷൻ ആരംഭിക്കുകയും, പാത്രിയർക്കീസ്‌ വിഭാഗത്തിനു വലിയ പ്രചാരം നൽകുകയും ചെയ്തു തുടങ്ങി. അതു വരെ പാത്രിയർക്കീസ്‌ വിഭാഗം എന്നറിയപ്പെട്ടിരുന്നവർക്ക്‌ മനോരമയാണു യാക്കോബായ സഭ എന്ന പേരു നൽകിയത്‌. അതോടെ “മാതൃഭൂമി” പുറത്തായി.

“മാതൃഭൂമി“ക്ക്‌ മുൻപ്‌ “കേരള ഭൂഷണം” പാത്രിയർക്കീസ്‌ വിഭാഗത്തെ സഹായിച്ചിരുന്നു. ആ പത്രം പ്രകാശനം നിന്നു പോയിടത്തായിരുന്നു “മാതൃഭൂമി” കയറിവന്നത്‌. “മാതൃഭൂമി“യും പാത്രിയർക്കീസ്‌ പക്ഷവും അറിയാതെ സാവകാശം “മനോരമ” പാത്രിയർക്കീസ്‌ കക്ഷിയുടെ പത്രമായി മാറുന്നതാണു (കുറഞ്ഞത്‌ വടക്കൻ ജില്ലകളിൽ) പിന്നീട്‌ നാം കാണുന്നത്‌. അതു അടുത്ത കാലം വരെ തുടർന്നു. പഴയ സ്ഥാനം തിരിച്ചു പിടിക്കാനുള്ള ശ്രമമാണോ “മാതൃഭൂമി” നടത്തുന്നത്‌ എന്ന ചിന്തയുണ്ട്‌ എനിക്ക്‌. പക്ഷെ തന്ത്രങ്ങൾ ഉണ്ടാക്കി നടപ്പാക്കുന്നതിൽ കോട്ടയം പത്രത്തെ വെല്ലാൻ കോഴിക്കോട്‌ പത്രത്തിനാവും എന്നു ഞാൻ കരുതുന്നില്ല. മനോരമ ആഴ്ചപ്പതിപ്പിനു ഭീഷണി ആകും എന്നു കരുതിയ “മംഗളം” ആഴ്ചപ്പതിപ്പിനെ അതിനേക്കാൾ വലിയ കണ്ണീർ കഥകളിലൂടെയും, കൊലപാതക കഥകളിലൂടെയും സ്ത്രീ ലൈംഗീകതാ ദുരുപയോഗത്തിലൂടെയും കളത്തിനു പുറത്താക്കിയത്‌ നാം കണ്ടതാണു. ഇതൊന്നും ഇഷ്ടപ്പെടാത്ത ഒരു സാഹിത്യകാരനെ അദ്ദേഹത്തിൻ്റെ സാമ്പത്തിക പരാധീനതയെ ചൂഷണം ചെയ്ത വാരികയുടെ തലപ്പത്തിരുത്തി കൊണ്ട് തന്നെ അവരിത്‌ സാധിച്ചു. പക്ഷെ എന്തായാലും ഇതു “യാക്കോബായ” സഭാ നേതൃത്വം സ്വയം വിളിച്ചുവരുത്തിയ അനർത്ഥമാണ് എന്ന് മനസ്സിലാക്കേണ്ടതാണു.

1974 -ലാണ് മലങ്കര സഭയിൽ ഉണ്ടായ പിളർപ്പിൻ്റെ വ്യവഹാരം തുടങ്ങുന്നത്. അത്‌ സഭയിലെ ദൈവാലയങ്ങളുടെയും അവയുടെ സ്വത്തിൻ്റെയും വൈദീകവും സമ്പത്തുപരവുമായ അവകാശം സംബന്ധിച്ചുള്ള കേസായിരുന്നു. ആ കേസ്‌ കോട്ടയത്തു നിന്നും കെ. കരുണാകരൻ സർക്കാർ സൃഷ്ടിച്ച പള്ളികോടതി എന്നറിയപ്പെട്ട എറണാകുളം സ്പെഷ്യൽ ജില്ലാ കോടതിയിലും, പിന്നെ കേരളാ ഹൈകോടതി സിങ്കിൾ ബഞ്ചും (സിങ്കിൾ ബഞ്ച്‌ ഉത്തരവ്‌ പാത്രിയർക്കീസ്‌ വിഭാഗത്തിനു അനുകൂലമായിരുന്നു), ഡിവിഷൻ ബഞ്ചും കടന്ന് സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ചിലെത്തി. അവിടെ പാത്രിയർക്കീസ്‌ വിഭാഗത്തിനു വേണ്ടി ഹാജരായത്‌ അഡ്വക്കേറ്റ്‌ ഓൺ റക്കോഡ്‌ ശ്രീ സി.ൽ എസ്‌. വൈദ്യനാഥനും, സീനിയർ ലോയർ ശ്രീ പരാശരനുമാണു; കേരളത്തിൽ ഡ്രാഫ്റ്റിംഗിനു‌ ശ്രീ പി. ജെ. ഫിലിപ്‌ വക്കീലും. കേസ്‌ നടത്തിപ്പ്‌ ശ്രീ റ്റി. യു. കുരുളാൻ, ശ്രീ. ഏ കെ. തോമസ്‌, യൂഹാനോൻ മോർ മിലീത്തോസ്‌ എന്നിവരടങ്ങുന്ന സമിതിക്കായിരുന്നു. ഇപ്പോഴത്തെ മലേക്കുരിശ്‌ ദയറായിലെ അഭി. ദീയസ്കോറോസ്‌ മെത്രാപ്പോലീത്ത (അന്ന് ബ. രാജു പൊന്നാംകുഴി അച്ചൻ) മെത്രാപ്പോലീത്തായുടെ കേസുകാര്യങ്ങളുടെ സെക്രട്ടറിയും. ശ്രീ പരാശരൻ തുടക്കത്തിലേ പറഞ്ഞിരുന്നു 1958 -ലെ സഭായോജിപ്പിൽ ഉണ്ടായ ഉടമ്പടി അനുസരിച്ച്‌ ഇനിയും പാത്രിയർക്കീസ്‌ ഭാഗത്തിനു 1934 ഭരണഘടനയുടെ സഭ മുഴുവനിലുമുള്ള അപ്രമാദിത്വം എതിർക്കാനോ അതിൻ്റെ സ്വാധീനത്തെ നിഷേധിക്കാനോ, പാത്രിയർക്കീസിൻ്റെ അധികാരങ്ങളെ ഉയർത്തി കാണിക്കാനോ കഴിയില്ല എന്ന്. ആകെ ഉണ്ടായിരുന്ന സാധ്യത നിർജ്ജീവമായി കിടന്നിരുന്ന പഴയൊരു സ്കീം സൂട്ടിൻ്റെ വാദം പുനർജ്ജീവിപ്പിക്കുക മാത്രമാണ് എന്നായിരുന്നു അദ്ദേഹത്തിൻ്റെ അഭിപ്രായം. അതാകട്ടെ മലങ്കര അസോസിയേഷനിലെ ഇടവകകളുടെ പ്രാതിന്ധ്യത്തിലെ ജനായത്ത സ്വഭാവമില്ലായ്മ മാത്രമായിരുന്നു. ഇടവകയുടെ വലിപ്പം കണക്കാക്കാതെ പ്രതിനിധികളുടെ എണ്ണം നിശ്ചയിക്കുന്നത്‌ ജനാധിപത്യ മൂല്യത്തിൻ്റെ നിഷേധമാണ് എന്നദ്ദേഹം വാദിച്ചു. കോടതി പുറപ്പെടുവിച്ച 1958 -ലെ വിധിക്കും, പരസ്പര സമാധാന ഉടമ്പടിക്കും അപ്പുറത്തേക്ക്‌ കോടതിക്ക്‌ പോകാൻ കഴിയില്ല എന്നും, എന്നാൽ ഭരണഘടന കൂടുതൽ ജനാധിപത്യപരമാക്കാൻ രണ്ട്‌ വിഭാഗത്തോടും ഭരണഘടനാ ഭേദഗതി നിർദേശികാൻ ഉത്തരവായി. കോടതിയുടെ അത്യന്തികമായ ലക്ഷ്യം സഭയെ ഒന്നായി പുനസ്ഥാപിക്കുക എന്നതായിരുന്നു.

1974 മുതൽ സഭയിൽ നടന്നത്‌ ഒരു സഭയിലെ രണ്ട്‌ അധികാരികൾ തമ്മിലുള്ള്‌ അർത്ഥരഹിതമായ വാദങ്ങൾ (bickering) ഈ പശ്ചാത്തലത്തിൽ തന്നെയാണ് മലങ്കര മെത്രാപ്പോലീത്തയെ വീണ്ടും തിരഞ്ഞെടുക്കണം എന്ന തീരുമാനം ഉണ്ടായത്‌. ഈ ശൈലിയിലാണു പിന്നീട്‌ കാര്യങ്ങൾ രണ്ട്‌ ഭാഗവും നീക്കിയത്‌. അപ്പോഴും തെരുവിലെ ആൾക്കൂട്ടം കണ്ട്‌ രണ്ട്‌ വിഭാഗവും കരുതിയത്‌ പാത്രിയർക്കീസ്‌ വിഭാഗമാണ് സഭയിൽ ഭൂരിപക്ഷം എന്നാണ്. അതിൻ്റെ അടിസ്ഥാനത്തിൽ സഭ ഒന്നാകാം എന്ന് പാത്രിയർക്കീസ്‌ വിഭാഗം പ്രതീക്ഷിച്ചു. അസോസിയേഷനു മുന്നോടിയായി ഒരു ജനസംഖ്യാ പഠനം നടത്താൻ രണ്ടു ഭാഗത്തു നിന്നും ഓരോ കമ്മറ്റി ഉണ്ടായി. ഓർത്ത്ഡൊക്സ്‌ ഭാഗത്ത്‌ ബ. വെണ്ട്രപ്പിള്ളിൽ അച്ചൻ, ശ്രീ പി. സി. എബ്രാഹം എന്നിവരും പാത്രിയർക്കീസ്‌ ഭാഗത്തുനിന്നും വന്ദ്യ മൂലയിൽ കുര്യാക്കോസ്‌ കോറെപ്പിസ്ക്കോപ്പ, കമാണ്ടർ റ്റി. യു. കുരുളാൻ എന്നിവരുമായിരുന്നു അംഗങ്ങൾ. പക്ഷെ കണക്കെടുപ്പ്‌ പൂർത്തിയായപ്പോൾ കാര്യങ്ങൾ തകിടം മറിഞ്ഞു. പാത്രിയർക്കീസ്‌ വിഭാഗം ആകെ സഭയിലെ മൂന്നിലൊന്നിൽ താഴെ മാത്രമേ വരൂ എന്ന് കണ്ടെത്തി. ഇതിനിടക്ക്‌ അസോസിയേഷൻ ചേരാനുള്ള രണ്ടാമത്തെ ഉത്തരവ്‌ കോടതിയിൽ നിന്നുണ്ടായി. ഇതിനു മുൻപ്‌ ഒരു ധാരണ ഉണ്ടാകുമോ എന്ന് പരിശോധിക്കാൻ രണ്ട്‌ വിഭാഗത്തിൻ്റെയും പ്രതിനിധികൾ ദേവലോകത്ത്‌ യോഗം ചേർന്ന് ഒരു എഗ്രിമെന്റുണ്ടാക്കി. ഈ യോഗത്തിൽ പരി. മാത്യൂസ്‌ ദ്വിതീയൻ ബാവ തിരുമേനി, അഭി. തോമസ്‌ മാർ അത്താനാസിയോസ്‌ (ചെങ്ങന്നൂർ) അഭി. ഡോ. തോമസ്‌ മാർ അത്താനാസിയോസ്‌ (കണ്ടനാട്‌), യൂഹാനോൻ മോർ മിലീത്തോസ്‌, ശ്രീ ഉമ്മൻ ചാണ്ടി, ശ്രീ റ്റി. എം. ജേക്കബ്‌, ശ്രീ പി. സി. എബ്രാഹം. അഡ്വ. കെ. ജോർജ്ജ്‌ എന്നിവരാണു അതിൽ പ്രധാനമായും സംബന്ധിച്ചത്‌. ധാരണാപത്രം അന്നു തന്നെ തോമസ്‌ പ്രഥമനെ കാണിക്കുകയും അദ്ദേഹം അതിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ പിറ്റേന്ന് അദ്ദേഹം നിലപാട്‌ മാറ്റി. ഇതെക്കുറിച്ച്‌ ചോദിക്കാൻ കോതമംഗലത്ത്‌ ചെന്ന ശ്രീ ഉമ്മൻ ചാണ്ടി, ശ്രീ റ്റി. എം. ജേക്കബ്‌ എന്നിവരെ ആക്ഷേപിച്ചും, “ഇവിടെ രക്തപ്പുഴ ഒഴുകും” എന്നു പറഞ്ഞ്‌ ഭീഷണിപ്പെടുത്തിയും തിരിച്ചയക്കുകയായിരുന്നു (ഈ കാര്യങ്ങൾ ഒക്കെ അറിയാമായിരുന്ന ശ്രീ ഉമ്മൻ ചാണ്ടി പക്ഷെ പിന്നീടുണ്ടായ പാത്രിയർക്കീസ്‌ വിഭാഗത്തിൻ്റെ പള്ളി കയ്യേറ്റത്തിനു രാഷ്ട്രീയ പിന്തുണ നൽകുകയാണുണ്ടായത്‌).

ഈ പിന്മാറ്റത്തിന് കാരണമായി ഞാൻ കാണുന്നത്‌ രണ്ട്‌ കാര്യങ്ങളാണു. ഒന്ന്, അസോസിയേഷനിൽ ഭൂരിപക്ഷം ഉണ്ടാകില്ല എന്നതിനാൽ തൻ്റെ മലങ്കര മെത്രാപ്പോലീത്ത സ്ഥാനലബ്ധി അസാധ്യമാണു എന്ന അറിവ്‌. രണ്ടാമത്‌ യാതൊരു ഭരണക്രമീകരണത്തിനും വിധേയനാകാൻ സ്വതവേ മനസ്സില്ലാത്ത തനിക്ക്‌ ഇനി സ്വയ ഇഷ്ടപ്രകാരമുള്ള സഭാജീവിതം ഐക്യപ്പെട്ട സഭയിൽ അസാധ്യമായിരിക്കും എന്ന അറിവും മറ്റൊരു വഴിക്ക്‌ കാര്യങ്ങൾ നീക്കാൻ ആരംഭിച്ചു (പെരുമ്പള്ളി തിരുമേനിയെ ഒതുക്കുകയും ആ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ വരികയും ചെയ്യുന്നത്‌ വിഷമമുള്ള കാര്യമല്ല എന്നദ്ദേഹം കണക്കുകൂട്ടി). സുപ്രീം കോടതിയിലെ ഒരു മുതിർന്ന അഭിഭാഷകൻ്റെ (ശ്രീ. റാം ജത്‌മലാനി എന്നാണു എൻ്റെ അറിവ്) ഉപദേശം സ്വീകരിച്ച്‌ ഒരു സമാന്തര അസോസിയേഷൻ വിളിച്ചു കൂട്ടി പുതിയൊരു ഭരണഘടന പാസാക്കി, കഴിയുന്നിടത്തോളം സ്വാധീനമുള്ള പള്ളികൾ പിടിച്ചടക്കി അതിൻ്റെ തലപ്പത്ത്‌ സ്വയം അവരോധിക്കുക എന്ന പദ്ധതിയാണു തുടർന്ന് തോമസ്‌ പ്രഥമൻ നടപ്പാക്കിയത്. സ്വയം വലിയ ആദരവ്‌ ഒന്നും അതെക്കുറിച്ച്‌ ഇല്ലെങ്കിലും (അത്‌ വടക്കൻ പറവൂർ പള്ളിയിലെ വികാരി നിയമനത്തിൽ വെളിവായതും, പിന്നീട്‌ പ. അപ്രേം പാത്രിയർക്കീസിൻ്റെ വരവ്‌ ഒഴിവാക്കാൻ നടത്തിയ ശ്രമങ്ങളിലും പ്രകടമാണ്) ഈ വടക്കൻ പ്രദേശത്ത്‌ അന്ത്യോഖ്യാ സിംഹാസനം, പാത്രിയർക്കീസ്‌ എന്നൊക്കെ പറഞ്ഞാൽ ചിലവാകും എന്നറിയാമായിരുന്ന അദ്ദേഹം, ആ വഴിയാണ് തൻ്റെ പദ്ധതി നടപ്പാക്കിയത്‌. അന്നത്തെ പ. പാത്രിയർക്കീസ്‌ സഖാ പ്രഥമൻ ഇതിനെല്ലാ മിക്കവാറും നിന്നുകൊടുക്കുകയും ചെയ്തു. ഇതിനിടക്ക്‌ പ. സഖാ പ്രഥമൻ പാത്രിയർക്കീസ്‌ ഡോ. മാർ അത്താനാസിയോസ്‌, ഡോ. മാർ സേവേറിയോസ്‌, മാർ മിലിത്തൊസ്‌ എന്നിവരുടെ നിർബ്ബന്ധം കൊണ്ടും അവിടത്തുകാരനായ യൂഹന്നാ മോർ ഗ്രീഗോറിയോസ്‌, മത്ത റോഹം മോർ ഒസ്ത്താത്തിയോസ്‌ എന്നീ മെത്രാപ്പോലീത്തമാരുടെ ശുപാർശയാലും സമാധാന സ്ഥാപനത്തെ പിന്തുണച്ചുകൊണ്ട്‌ രണ്ട്‌ കൽപ്പനകൾ പുറപ്പെടുവിച്ചു. എന്നാൽ സമാധാന വിരുദ്ധർ അവ രണ്ടും അവഗണിച്ചു. തന്റെ പദ്ധതി നടപ്പാക്കാൻ തോമസ്‌ പ്രഥമന് അന്ന കിട്ടിയ രാഷ്ട്രീയ പിൻതുണ തരാതരം പോലെ തരപ്പെടുത്തുകയും ചെയ്തു. ഓർത്തഡോക്സുകാർ പതിവുപോലെ കോൺഗ്രസ്സും, ഉമ്മൻ ചാണ്ടിയും, പിന്നെ മനോരമയും കൊണ്ട് തരും എന്നു വിശ്വസിച്ച സ്വർഗ്ഗരാജ്യത്തിനു വേണ്ടി മറ്റൊന്നും ചെയ്യാതെ വേഴാമ്പലിനേ പോലെ കാത്തിരുന്നു.

തോമസ്‌ പ്രഥമൻ ഉപയോഗിച്ച പ്രതീകങ്ങൾ വടക്കും കോട്ടയത്തും നന്നായി ചെലവായി. എന്നാൽ സുപ്രീം കോടതിക്ക്‌ എന്ത്‌ അന്ത്യോഖ്യാ, എന്ത്‌ പാത്രിയർക്കീസ്‌? അവർ അവരുടെ പ്രഖ്യാപിത നിലപാടിൽ ഉറച്ചു നിന്നു. അങ്ങനെയാണു ഇപ്പോഴത്തെ അവസ്ഥ ഉണ്ടായത്‌. എന്നാൽ തോമസ്‌ പ്രഥമനിൽ വിശ്വസിച്ച്‌ “അന്ത്യോഖ്യാ മലങ്കര ബന്ധം നീണാൾ വാഴട്ടെ” എന്നും, “അമ്മയെ മറന്നാലും അന്ത്യോഖ്യയെ മറക്കില്ല” എന്നും വിളിച്ച്‌ സ്വന്തം ചെലവിൽ വികാരോന്മാദത്തിൽ അന്ധരായി നടന്ന ജനം തെരുവിലായി, പ്രിയപ്പെട്ടവരുടെ മൃതശരീരം മതിലു ചാടി അടക്കേണ്ട ദുര്യോഗവും വന്നു ചേർന്നു. തോമസ്‌ പ്രഥമനാകട്ടെ ബെൻസ്‌ കാറുകൾ വർഷം തോറും മാറ്റി വാങ്ങി അതിൽ രമിച്ച്‌ തൻ്റെ പരിപാടി അനർഗ്ഗളമായി തുടർന്നു. സംഖ്യാബലം വർദ്ധിപ്പിക്കാൻ കാശുവാങ്ങിയും പ്രലോഭനത്തിൽ പെടുത്തിയും മെത്രാന്മാരും, അച്ചന്മാരുമാക്കപ്പെട്ടവർ ഏഷ്യാനെറ്റിലെ “കവർ സ്റ്റോറി” പറയുമ്പോലെ, തൊഴിലില്ലാ വേതനത്തിനു അപേക്ഷിക്കേണ്ട അവസ്ഥയിലുമായി. 2002 -ൽ അസോസിയേഷനിൽ സംബന്ധിച്ച്‌ എല്ലാവർക്കും ഇന്നു വന്നുചേർന്ന ഈ ദയനീയാവസ്ഥ ഒഴിവാക്കാമായിരുന്നു. ഇതു മനസിലാക്കാതെ ഏതെങ്കിലും വ്യക്തിയോ, സമൂഹമോ, രാഷ്ട്രീയക്കാരോ, മാധ്യമങ്ങളോ ഇപ്പോൾ പറയുകയോ, പ്രവർത്തിക്കുകയോ ചെയ്താൽ അവർ കഥ അറിയാതെ ആട്ടം കാണുന്നവർ എന്നേ സഹതാപത്തോടെ പറയാൻ പറ്റൂ.

അഭിവന്ദ്യ: ഡോ യൂഹാനോൻ മാർ മിലിത്തിയോസ്

error: Thank you for visiting : www.ovsonline.in