മൂന്നാം കാതോലിക്കായുടെ സ്ഥാനാരോഹണവും മാര്‍ ഈവാനിയോസിൻ്റെ വിലപേശലും

രണ്ടാം കാതോലിക്ക ആയിരുന്ന ഗീവര്‍ഗീസ് പ്രഥമന്‍ ബാവ ആകസ്മികമായി 1928 ഡിസംബര്‍ മാസത്തില്‍ കാലം ചെയ്തത് മുമ്പില്ലാത്ത തരത്തിലുള്ള വലിയൊരു പ്രതിസന്ധിയിലേക്കാണ് മലങ്കര സഭയെ കൊണ്ടെത്തിച്ചത്. ഗീവര്‍ഗീസ് പ്രഥമന്‍ ബാവാ കാലം ചെയ്തതോടെ മലങ്കര സഭയില്‍ അവശേഷിക്കുന്ന മെത്രാന്മാരുടെ എണ്ണം മൂന്നായി ചുരുങ്ങിയത് സഭക്ക് തന്നെ വലിയൊരു പ്രതിസന്ധി സൃഷ്ടിച്ചു. കാനോന്‍ നിയമം അനുസരിച്ച് പൗരസ്ത്യ കാതോലിക്കയെ വാഴിക്കുന്ന ചടങ്ങില്‍ വാഴിക്കപ്പെടുന്ന ആള്‍ ഉള്‍പടെ കുറഞ്ഞത് 3 മെത്രാന്മാര്‍ എങ്കിലും പങ്കെടുക്കണം. എങ്കില്‍ മാത്രമേ കാനോനികമായി കാതോലിക്കയുടെ സ്ഥാനാരോഹണം സാധുവാകുകയുള്ളൂ. അതായത് അന്ന് മലങ്കര സഭയില്‍ ആകെയുണ്ടായിരുന്ന മാര്‍ ഈവാനിയോസ് അടക്കമുള്ള മൂന്ന് മെത്രാന്മാരും പങ്കെടുത്താല്‍ മാത്രമേ മൂന്നാമത്തെ കാതോലിക്കയെ സാധുവായി വാഴിക്കാന്‍ കഴിയൂ എന്നതായിരുന്നു സാഹചര്യം. മാര്‍ ഈവാനിയോസ് തനിക്ക് വിലപേശാനുള്ള ഒരു സുവര്‍ണാവസരമായി ഈ സാഹചര്യത്തെ നോക്കി കണ്ടപ്പോള്‍ കാതോലിക്ക സ്ഥാനം ഉള്‍പടെ വിലപേശി വാങ്ങിയെടുക്കാം എന്നു പോലും മാര്‍ ഈവാനിയോസ് സ്വപ്നം കണ്ടു എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. എന്തായാലും അടുത്ത കാതോലിക്കയായി കല്ലാശേരില്‍ ഗ്രീഗോറിയോസ് തിരുമേനി തെരഞ്ഞെടുക്കപ്പെട്ടതോടെ മാര്‍ ഈവാനിയോസ് കാതോലിക്കയുടെ സ്ഥാനാരോഹണ ചടങ്ങില്‍ താന്‍ പങ്കെടുക്കണമെങ്കില്‍ തന്നെ എപ്പിസ്കോപ്പ സ്ഥാനത്തു നിന്നും മെത്രാപോലീത്ത സ്ഥാനത്തേക്ക് ഉയര്‍ത്തണം എന്നും തൻ്റെ സന്തതസഹചാരിയായ ബഥനിയിലെ ജേക്കബ് OIC -യെ ബഥനിയുടെ എപ്പിസ്കോപ്പയായി വാഴിക്കണം എന്നും നിബന്ധന വച്ചു.

സ്വന്തം ഗുരുവായ വട്ടശേരില്‍ തിരുമേനിയോടും മാതൃസഭയോടും വിലപേശി സ്ഥാനമാനങ്ങള്‍ നേടിയെടുക്കാന്‍ എങ്ങനെ ആ സന്യാസഭിക്ഷുവിന് തോന്നല്‍ ഉണ്ടായി എന്നത് ദുരൂഹമാണ് കാരണം സന്യാസികള്‍ സ്ഥാനമാനങ്ങളുടെ പിന്നാലെ പോകാന്‍ നിയോഗിക്കപ്പെട്ടവരല്ല. ഇവിടെയാണ് പല കാര്യങ്ങളിലും ഈ സന്യാസി വ്യത്യസ്തനാവുന്നത്. എന്തായാലും അന്നത്തെ സാഹചര്യത്തില്‍ മാര്‍ ഈവാനിയോസിനു വഴങ്ങിക്കൊടുക്കുകയല്ലാതെ മറ്റു നിവൃത്തികള്‍ ഇല്ലാത്തതിനാല്‍ 1929 ഫെബ്രുവരി 15-നു മൂന്നാം കാതോലിക്കയെ വാഴിക്കുന്നതിന് തലേദിവസം മാര്‍ ഈവാനിയോസിനെ എപ്പിസ്കോപ്പ സ്ഥാനത്തു നിന്നും മെത്രാപോലീത്ത സ്ഥാനത്തേക്ക് ഉയര്‍ത്തുകയും കാതോലിക്കയെ വാഴിച്ചതിന് തൊട്ടടുത്ത ദിവസം ബഥനിയിലെ ജേക്കബ് OIC-യെ യാക്കോബ് മാര്‍ തേയോഫിലോസ് എന്ന പേരില്‍ എപ്പിസ്കോപ്പ ആയി വാഴിക്കുകയും ചെയ്തു. മാര്‍ ഈവാനിയോസ് മലങ്കര സഭ ഏതു നിമിഷവും വിട്ടുപോകും എന്ന സാഹചര്യം ആയതിനാല്‍ മലങ്കര അസോസിയേഷന്‍ മുമ്പ് മെത്രാന്‍സ്ഥാനത്തേക്ക് തെരഞ്ഞെടുത്തിട്ടും മെത്രാന്‍സ്ഥാനം നിരസിച്ച് ഉത്തമസന്യാസിയായി ജീവിക്കാന്‍ പാമ്പാടി പോത്തന്‍പുറം ആശ്രമത്തില്‍ താമസമാക്കിയ പാമ്പാടി കുറിയാകോസ് റമ്പാനെയും ജേക്കബ് OIC -യോടെപ്പം കുറിയാകോസ് മാര്‍ ഗ്രീഗോറിയോസ് എന്ന പേരില്‍ മെത്രാനായി വാഴിച്ചു . അദ്ദേഹമാണ് പിന്നീട് മലങ്കര സഭയിലെ വിശുദ്ധനായി മാറിയ പാമ്പാടി തിരുമേനി. ഒരു സന്യാസിയുടെ ജീവിത ലക്ഷ്യം എന്തെന്ന് ഉത്തമ ബോദ്ധ്യത്തോടെ ജീവിതം നയിച്ച പരിശുദ്ധ പാമ്പാടി തിരുമേനി സകല സന്യാസികള്‍ക്കും തികഞ്ഞ മാതൃകയാണ്.

എന്തായാലും കഴിഞ്ഞ അദ്ധ്യായത്തില്‍ ഒരു ചരിത്ര വിദ്യാര്‍ത്ഥിക്ക് ആകാംക്ഷ ഉളവാക്കുന്ന രീതിയില്‍ ഉന്നയിക്കപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കും ഈ അദ്ധ്യായത്തില്‍ ഉത്തരമായി എന്ന് വിചാരിക്കുന്നു.

മാര്‍ ഈവാനിയോസ് മലങ്കര സഭ വിട്ടത് വെറും കയ്യോടെയോ ?
മലങ്കര കത്തോലിക്ക സഭ വ്യപകമായി പ്രചരിപ്പിക്കുന്ന മറ്റൊരു നുണയാണ് മാര്‍ ഈവാനിയോസ് മലങ്കര സഭ വിട്ടത് ഭൗതീക സ്വത്തുക്കള്‍ എല്ലാം ഉപേക്ഷിച്ച് ആണെന്ന്. ഈ പ്രചരണത്തിൻ്റെ വാസ്തവം നമുക്ക് ഒന്ന് പരിശോധിക്കാം.

മലങ്കര സഭയില്‍ ആയിരിക്കുമ്പോള്‍ സഭയുടെ 80-ഓളം വരുന്ന സ്കൂളുകളുടെ മാനേജര്‍ മാര്‍ ഈവാനിയോസ് ആയിരുന്നു. മലങ്കര സഭ വിട്ട ശേഷവും നിയമപരമായി സ്കൂളിൻ്റെ ഉടമസ്ഥാവകാശം മലങ്കര സഭക്ക് തിരികെ നല്‍കാന്‍ മാര്‍ ഈവാനിയോസ് കൂട്ടാക്കിയില്ല. എന്നാല്‍ മലങ്കര സഭ ഇതിനായി നിരവധി തവണ മാര്‍ ഈവാനിയോസിനെ സമീപിച്ചപ്പോളും ആദ്ദേഹം കൈമലര്‍ത്തുകയാണുണ്ടായത്. ആ സാഹചര്യത്തില്‍ മാര്‍ ഈവാനിയോസിൻ്റെ കൈവശം ഉള്ള മലങ്കര സഭയുടെ സ്കൂളുകളുടെ ഉടമസ്ഥാവകാശം തിരിച്ചു പിടിക്കാന്‍ സഭ പുത്തന്‍കാവില്‍ കൊച്ചുതിരുമേനിയെ ചുമതലപ്പെടുത്തുകയും അതിന്‍പ്രകാരം ബാംഗ്ളൂരിലുള്ള റോമന്‍ കത്തോലിക്ക അപോസ്തോലിക് ഡെലിഗേറ്റിന് പുത്തന്‍കാവില്‍ കൊച്ചുതിരുമേനി ഒരു കത്തയക്കുകയും ചെയ്തു. സന്ധിസംഭാഷണങ്ങള്‍ കൊണ്ടോ ക്രൈസ്തവ മാര്‍ഗത്തിലുള്ള പരിഹാരശ്രമങ്ങള്‍ കൊണ്ടോ പ്രശ്നത്തിനു പരിഹാരം ആവാതെ കടുംപിടിത്ത നിലപാടുകള്‍ തുടര്‍ന്ന മാര്‍ ഈവാനിയോസ് മലങ്കര സഭയുടെ സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്തു വിപുലപ്പെടുത്തി എന്നിങ്ങനെയുള്ള മുടന്തന്‍ന്യായങ്ങള്‍ പറഞ്ഞ് മലങ്കര സഭയുടെ സ്കൂളുകള്‍ തിരികെ നല്‍കാന്‍ തയാറായില്ല.

ആ സാഹചര്യത്തില്‍ നിയമപരമായ മാര്‍ഗങ്ങള്‍ തേടേണ്ടി വന്ന മലങ്കര സഭ മാര്‍ ഈവാനിയോസിനെതിരെ കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തു. വിവിധ കോടതികളില്‍ വര്‍ഷങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കും വ്യവഹാരങ്ങള്‍ക്കും ശേഷം കേരള ഹൈക്കോടതി മലങ്കര സഭക്ക് അനുകൂലമായി കേസുകള്‍ വിധി പറഞ്ഞ് തീര്‍പ്പു കല്‍പിച്ചു.

എന്നാല്‍ സുപ്രീം കോടതിയിലേക്ക് വ്യവഹാരം നീട്ടാന്‍ മലങ്കര കത്തോലിക്ക സഭാ നേതൃത്വം ശ്രമിച്ചപ്പോള്‍ മലങ്കര സഭയുടെ ചില സ്കൂളുകള്‍ മലങ്കര കത്തോലിക്ക സഭക്ക് നിരുപാധികം വിട്ടുകോടുത്ത് കൊണ്ട് കോടതിക്ക് പുറത്ത് പ്രശ്നം പരിഹരിക്കുകയാണ് ചെയ്തത്. അപ്രകാരം തന്നെ ബഥനി ആശ്രമത്തിൻ്റെ സ്വത്തുക്കള്‍ സംബന്ധിച്ചും ഒരു കെസുണ്ടായിരുന്നു. ആ കേസിലും മലങ്കര സഭക്ക് അനുകൂലമായി ആണ് കോടതി വിധി പറഞ്ഞത്.

ചുരുക്കത്തില്‍ മാര്‍ ഈവാനിയോസ് വെറുംകയ്യോടെ ബഥനിയില്‍ നിന്നിറങ്ങി എന്ന പ്രചരണം ശുദ്ധ അസംബന്ധമാണ്. മലങ്കര സഭയുടെ സ്കൂളുകള്‍ ഇപ്പോളും മലങ്കര കത്തോലിക്ക സഭയുടെ കൈവശം ഉണ്ട്. ഉളനാട് പള്ളിയുടെ സ്കൂള്‍ ഒരുദാഹരണം ആണ്.

കോപ്പിറൈറ് – ഓ സി പി പബ്ലിക്കേഷൻസ് 2020
പ്രസിദ്ധീകരണ വകുപ്പ്
ഓർത്തഡോക്സി കോഗ്നേറ്റ് പേജ് സൊസൈറ്റി
www.theorthodoxchurch.info

error: Thank you for visiting : www.ovsonline.in