മലങ്കര സഭയുടെ നീതിയുടെ പോരാട്ടത്തിൽ മാന്ദാമംഗലം ഇടവക നല്കുന്ന പ്രതീക്ഷകളും പാഠങ്ങളും.

മാന്ദാമംഗലം സെൻറ് മേരീസ് ഓർത്തഡോൿസ് ഇടവകയിലെ യാക്കോബായ വിഭാഗത്തിൻ്റെ കൈയേറ്റത്തെ തൃശൂർ ജില്ലാ അധികാരി ശ്രീമതി അനുപമ IAS പൂർണമായി ഒഴിപ്പിച്ചു ദേവാലയത്തെ താല്കാലികമായി ഏറ്റെടുത്തു. യാക്കോബായ വിഭാഗം ഗത്യന്തരമില്ലാതെ തങ്ങളുടെ എല്ലാ മർക്കടമുഷ്ട്ടിയും അവകാശവാദങ്ങളും ഉപേക്ഷിച്ചു അവസാനത്തെ അടവായ ഒരു കുർബാനയ്ക്ക് കൂടെ നിയമത്തെ മാറ്റി നിർത്തി അവസരം നൽകണം എന്ന് ആവശ്യപ്പെട്ടുവെങ്കിലും ജില്ലാ കളക്ടർ അത് പൂർണമായി നിരാകരിച്ചു. ഇനിയും മാന്ദാമംഗലം പള്ളിയിൽ ഒരു ആരാധനാ നടത്തുന്നുണ്ടെങ്കിൽ അത് ബഹു. കോടതികളുടെ തീർപ്പിനു അനുസരിച്ചു മാത്രമാകും എന്ന് ബഹു. ജില്ലാ കളക്ടർ വ്യക്തമാക്കി. അതുവരെ രണ്ടു കൂട്ടരും ദേവാലയത്തിലോ പരിസരത്തോ കടക്കരുത് എന്ന് കൃത്യമായ നിർദ്ദേശം നൽകി മലങ്കര സഭയുടെ അവകാശത്തെയും, ആവശ്യത്തെയും പരിഗണിച്ചു വിഷയം താത്കാലികമായി അവസാനിപ്പിച്ചു.

മാന്ദാമംഗലം സെൻറ് മേരീസ് ഓർത്തഡോക്സ്‌ ഇടവകയിലെ യാക്കോബായ വിഭാഗത്തിൻ്റെ പാരലൽ അഡ്മിനിസ്ട്രേഷൻ അവസാനിപ്പിച്ച് കൊണ്ട് 2018 നവംബർ 30 -നു ബഹു. എറണാകുളം അഡീ. ജില്ലാ കോടതിയിൽ നിന്നും മലങ്കര സഭയ്ക്ക് അനുകൂലമായ വന്ന വിധി, ബഹു. ഹൈകോടതിയുടെ സ്റ്റേയുടെ കാലാവധി കഴിഞ്ഞ പള്ളിയിലെ ആരാധനാ സ്വാന്ത്രത്തിനും, ഭരണ ക്രമീകരണത്തിനുമായി സർക്കാർ അധികാരികളെ സമീപിച്ചിരുന്നു. വ്യക്തമായ കോടതി വിധികളുടെ പിൻബലമുണ്ടായിട്ടും പോലീസ് – റവന്യൂ അധികാരികൾ മാന്ദാമംഗലം ഇടവകെയെയും, തൃശൂർ ഭദ്രാസന മെത്രാപ്പോലീത്തയെയും സഹായിക്കുവാൻ കൂട്ടാക്കാതിരുന്ന സാഹചര്യത്തിലാണ് മാന്ദാമംഗലം ഇടവകയിലെ ഓർത്തഡോക്സ്‌ വിശ്വാസികളുടെ അവകാശ സംരക്ഷണത്തിനും ഇടവകയിലെ മലങ്കര സഭയുടെ ഭരണ ക്രമീകരണത്തിനും വേണ്ടി അഭി. യൂഹാനോൻ മാർ മിലിത്തിയോസ് തിരുമേനിയുടെ നേതൃത്തിൽ ജനുവരി 16 മുതൽ ഇടവകയുടെ ഗേറ്റിനു മുന്നിൽ സഹനസമരം ആരംഭിച്ചത്. വർഷങ്ങളായി തങ്ങളുടെ കണ്ണിലെ കരടായിരിക്കുന്ന അഭി. യൂഹാനോൻ മാർ മിലിത്തിയോസ് തിരുമേനിയെ എങ്ങനെയും മാന്ദാമംഗലത്തു നിന്നും തുരുത്തുക എന്ന് കൃത്യമായി ഗൂഡലക്ഷ്യത്തോടെ വ്യാഴാഴ്ച്ച രാത്രിയിൽ യാക്കോബായ വിഭാഗ ഭീകര നേതൃത്വത്തിൻ്റെ അറിവോടും സമ്മതത്തോടും കൂടെ അപ്രതീക്ഷിതമായി സമരപന്തൽ ആക്രമിച്ചു, ഓർത്തഡോക്സ്‌ വിശ്വാസികളെ ഭീതിപ്പെടുത്തി ചിതറിപ്പിക്കുകയും, തത്സമയം അഭി. മെത്രാപ്പോലീത്തയെ അപായപ്പെടുത്താൻ ഒരു ശ്രമം നടുത്തുകെയും ചെയ്തു. രൂക്ഷമായ കല്ലേറിൽ അഭി. മെത്രാപ്പോലീത്തയും, വന്ദ്യ. തോമസ് പോൾ റമ്പാച്ചനും അടക്കും 20 പേർക്ക് പരുക്കേറ്റു ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു. ക്രമസമാധാന പ്രശനമുണ്ടാക്കാൻ ഇടയുണ്ട് എന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടു ഉണ്ടായിരുന്നിട്ടും ആക്രമണം നടന്നു 20 മിനിട്ടു കഴിഞ്ഞാണ് സ്ഥലത്തു പോലീസ് എത്തിയത്. മുൻ തീരുമാനപ്രകാരം എന്ന് പോലെ പന്തലിൽ പരുക്ക് പറ്റിയും മറ്റും നിന്നിരുന്ന വൈദികർ അടക്കം 30-ഓളും പേരെ അറസ്റ്റ് ചെയ്യുകയും യാക്കോബായ അക്രമികളെ പള്ളിക്കുള്ളിൽ തുടരാൻ അനുവദിക്കുകയുമാണ് പോലീസ് ചെയ്തത്.

വ്യാഴാഴ്ച അർദ്ധ രാത്രിയിൽ അറസ്റ്റ് ചെയ്‌പ്പെട്ട വൈദികരെയും, അല്മായരെയും തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും അഭി. മെത്രാപ്പോലീത്തയെ ഒന്നാം പ്രതിയാക്കി കൊണ്ട് അന്യായമായ വകുപ്പുകൾ ചുമത്തി കേസ്സു ചാർജ് ചെയ്കയും ചെയ്തു. മലങ്കര സഭയെ ഒന്നാകെ ദുഃഖത്തിലും ആശങ്കയിലുമാക്കിയ 20 മണിക്കൂർ നീണ്ട കസ്റ്റഡിയുടെ സഹനത്തിനും വേദനയ്ക്കും ശേഷം ബഹുതല ഇടപെടലിനും, ജില്ലാ പോലീസ്-റവന്യൂ അധികാരികളുടെ സമവായ ചർച്ചകൾക്ക് ശേഷം വെള്ളിയാഴ്ച സന്ധ്യയ്ക്കു അവർ പുറത്തിറങ്ങുമോൾ അത് ഒരു ചരിത്രപരമായ വിജയം കൂടെയാക്കുകയായിരുന്നു മലങ്കര സഭയ്ക്കും, മാന്ദാമംഗലം ഓർത്തഡോക്സ്‌ ഇടവക്കയ്ക്കും. 3 ദിവസം അഭി. യുഹാനോൻ മാർ മിലിത്തിയോസ് തിരുമേനി ഇടവകയൊടോപ്പം നടത്തിയ സഹന സമരവും, അതിലേക്കു നടന്നു അക്രമവും മലങ്കര സഭയ്ക്ക് വലിയ ഒരു ഒത്തുചേരലിനും, ഐക്യത്തിനും, സംയുക്ത- സംഘടിത പ്രയത്‌നത്തിനും വഴിയൊരുക്കി. അധികാരികളുടെ മുന്നിൽ മലങ്കര സഭയുടെ ആവശ്യമായിരുന്ന മാന്ദാമംഗലം ഇടവകയിൽ നിന്നും വിഘിടിത വിഭാഗത്തെ ഒഴിപ്പിക്കൽ, പള്ളി ഏറ്റെടുക്കൽ, വൈദികർക്കും വിശ്വാസികൾക്കും മേൽ ചുമുത്തിയ അന്യായ വകുപ്പുകളുടെ നീക്കൽ എന്നീ എല്ലാ ന്യായമായ അവകാശങ്ങളെയും, മലങ്കര സഭയുടെ പ്രഖ്യാപിത നയങ്ങൾ അടിയറ വെയ്ക്കാതെ തന്നെ നടത്തി കിട്ടി എന്നത് വലിയ ഒരു വിജയമാണ്, അതിനു പിന്നിൽ ചെറുതും വലുതമായും, രഹസ്യമായും, പരസ്യമായും പ്രവർത്തിച്ചു ഓരോരുത്തരും അഭിനന്ദനമർഹിക്കുന്നു.

മാന്ദാമംഗലം ഇടവകയിൽ അഭിവന്ദ്യ യൂഹാനോൻ മാർ മിലിത്തിയോസ് തിരുമേനിക്കും വിശ്വാസികൾക്കും എതിരെ നടന്ന ആക്രമണവും, തുടർന്ന് അധികാരികളുടെ നീതി നിഷേധത്തിനും എതിരെ മലങ്കര സഭയ്ക്ക് വേണ്ടി തൻ്റെ കടമകളും ഉത്തരവാദിത്വങ്ങളും തിരിച്ചറിഞ്ഞ സമയോചിതമായി ഇടപെട്ട, മലങ്കര സഭയക്ക് എതിരെ നടന്ന അന്യായങ്ങളുടെ തോത് ഗണ്യമായി കുറച്ച അഭിവന്ദ്യ ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനിയോടുള്ള സ്നേഹവും നന്ദിയും അറിയിക്കുന്നു. ഒപ്പം മലങ്കര സഭയുടെ ന്യായത്തിനു വേണ്ടി ഇടപെട്ട മലങ്കര സഭയുടെ പ്രിയപ്പെട്ട ജനപ്രതിനിധികൾ, ബഹു. മന്ത്രിമാർ, നീതി നടത്തിപ്പിനായി സമ്മർദ്ദങ്ങളെ അതിജീവിച്ചു ഉറച്ച തീരുമാനങ്ങൾ എടുത്ത ബഹു. ജില്ലാ കളക്ടർ, പോലീസ്- റവന്യൂ ഉദ്യോഗസഥർ, അകത്തും പുറത്തുമായി നിന്ന് അക്ഷീണം പോരാടിയ സഭയുടെ മാനേജിങ് കമ്മിറ്റി അംഗങ്ങൾ, മലങ്കര സഭയ്ക്ക് വേണ്ടി ചർച്ചയിൽ പങ്കെടുത്ത സഭയുടെ സ്വർണ നാവുകാരായ പ്രതിനിധികൾ, യുവജനപ്രസ്ഥാന കേന്ദ്ര ഭാരവാഹികൾ, ഭദ്രാസന നേതൃത്വങ്ങൾ, സാന്നിധ്യം കൊണ്ട് കരുത്തേകിയ സഭാ കൂറുള്ള വൈദികർ, യുവജനങ്ങൾ, ഓ.വി.എസ് പ്രവർത്തകർ, ആപത്തു ഘട്ടത്തിൽ മലങ്കര സഭയ്ക്ക് വേണ്ടി മാന്ദമംഗലത്തെക്കു ഓടിയെത്തി കൂടെ നിന്ന നിരവധി മലങ്കര നസ്രാണികൾ… ഏവരോടും.. മലങ്കര സഭയ്ക്ക് വേണ്ടി ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ ഹൃദയത്തിൽ നിന്നും ഒരായിരും നന്ദി പറയുന്നു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

മാന്ദാമംഗലത്തു നിന്നും മലങ്കര സഭയും, അതിൻ്റെ നേതൃത്വവും പിതാക്കന്മാരും പഠിക്കേണ്ടേ ഒട്ടനവധി പാഠങ്ങളുണ്ട്. സഭയുടെ വർക്കിങ് കമ്മിറ്റിയും മാനേജിങ് കമ്മിറ്റിയും ഒക്കെ കൃത്യമായ ഇടവേളകളിൽ വിളിച്ചു ചേർക്കുകെയും, മലങ്കര മെത്രാപ്പോലീത്തയുടെ സഹായ സമിതികളായ ഇത്തരം കമ്മിറ്റികളെ കൂടുതൽ സജീവമാക്കി എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിപ്പിക്കണം. വർക്കിങ് കമ്മിറ്റി (ഈ പേര് തന്നെ ഈ സമിതിക്കു ചേരില്ല) പുനസംഘടിപ്പിച്ചു മലങ്കര സഭയ്ക്ക് പ്രയോജനം ചെയ്യാൻ പ്രാപ്തിയുള്ള വ്യക്തിത്വങ്ങളെ ഉൾകൊള്ളിച്ചു കോടതി വിധികളുടെ നടത്തിപ്പ്, മന്ത്രി സഭാ ഉപസമിതി ചർച്ചകൾ എന്നിവയ്ക്ക് പാകപ്പെടുത്തി ഒരു സ്ഥിരം സമിതിയാക്കി പരിശുദ്ധ കാതോലിക്ക ബാവായുടെ രക്ഷാകർത്വത്തിൽ നിർത്തണം. മലങ്കര സഭയിലെ സ്വാധീനമുള്ള വ്യക്തിത്വങ്ങൾ, അവരുടെ വ്യക്തിബന്ധങ്ങൾ, സ്വാധീനങ്ങൾ, കഴിവുകൾ ഒക്കെയും മലങ്കര സഭയ്ക്ക് പൂർണമായി പ്രയോജനപ്പെടുത്താൻ കഴിയണം. മലങ്കര സഭയുടെ ഏറ്റവും വലിയ പരാജയം രാഷ്ട്രീയ നയത്രജ്ഞത ഇല്ലാത്തതും, മാധ്യമ പ്രചാരണവുമാണ്. മലങ്കര സഭയുടെ മാധ്യമ വിഭാഗത്തിനെ കൂടുതൽ മെച്ചപ്പെടുത്തിയും, സഭയുടെ ന്യൂസ് പോർട്ടലിനെ പുനര്ജീവിപ്പിച്ചും സോഷ്യൽ മീഡിയയിലും മറ്റും സഭയുടെ പ്രചാരണം ശക്തമാക്കണം. അഭി. തിരുമേനിമാരുടെയും സ്ഥാനികളുടെയും ഒക്കെ ഇടയിൽ കാലങ്ങളായി വർത്തിച്ചു വരുന്ന അഭിപ്രായ ഭിന്നതയും, തൊഴുത്തിൽകുത്തും ഒക്കെ കഴിയുന്നത്ര ഒഴിവാക്കി ഐക്യത്തോടെയും പരസ്പ്പര ധാരണയോടെയും വിശ്വാസികൾക്ക് ഒപ്പും മുന്നോട്ടു പോകാൻ തയ്യാറാക്കണം. ദൈവകൃപയാൽ മാന്ദാമംഗലം ഒരു വിജയമായെങ്കിലും അവിടെയും നിരവധി പാളിച്ചകൾ തുടക്കും മുതലേ ആസൂത്രണത്തിൽ ഉൾപ്പെടെ സംഭവിച്ചിരുന്നു. കൃത്യമായ മുൻ ഒരുക്കവും, ദീർഘവീക്ഷണവും, സംയോജനവും, പ്രചാരണവും, നിയമ വിശകലനവും ഒക്കെ ഇത്തരം ഭാവി സാഹചര്യങ്ങളിൽ നിർബന്ധമായും പാലിക്കപ്പെടണം. ബാവ ഫാൻസ്‌, മെത്രാൻ ഫാൻസ്‌, അച്ഛൻ ഫാൻസ്‌, കോൺഗ്രസ് ഫാൻസ്‌, കമ്യൂണിസ്റ് ഫാൻസ്‌, എന്നിങ്ങനെ വിശ്വാസികൾ തമ്മിൽ കടിപിടി കൂടാതെ അഭിപ്രായ വ്യതാസങ്ങളെ അതിന്റെ നിലയ്ക്ക് നിർത്തി മലങ്കര സഭാ എന്ന് ഒരു വികാരത്തിൽ ഒന്നിച്ചു നിന്നാൽ മലങ്കര സഭയ്ക്ക് മുന്നിൽ വരുന്ന ഏതു പ്രതിസന്ധിയെയും ചക്രവ്യൂഹത്തെയും അതിജീവിച്ചു സഭയിൽ ശാശ്വതമായ സ്വപ്നതുല്യമായ സമാധാനവും ഐക്യവും കൊണ്ട് വരുവാൻ കഴിയും.

നാം ഒന്നിച്ചു, ഒരേ മനസോടെ സഹിഷ്‌ണുതയിലും സഹവർത്തിത്വത്തിലും നിന്നാൽ മലങ്കരയിൽ ആർക്കും നമ്മുടെ നീതിയെ തടയാൻ കഴിയില്ല എന്ന പാഠം മലങ്കര സഭയുടെ പരിശുദ്ധ കാതോലിക്ക ബാവ മുതൽ ഇങ്ങേയറ്റത്തെ ഒരു സാധാരണ വിശ്വാസി വരെ ഉൾക്കൊള്ളണം.

error: Thank you for visiting : www.ovsonline.in