സഭാ ഭരണഘടനയ്ക്കു പരിഷ്ക്കാരം വേണം

1950-ല്‍ ആണ് ഇന്ത്യന്‍ ഭരണഘടന പാസാക്കിയത്. ലോകത്തിലെതന്നെ ഏറ്റവും മികച്ച ഭരണഘടനകളിലൊന്നായ അതിന് കഴിഞ്ഞ 65 വര്‍ഷങ്ങള്‍ക്കിടയില്‍ അനേക ഭേദഗതികള്‍ ഉണ്ടായിട്ടുണ്ട്. പല വകുപ്പുകളും സുപ്രീം കോടതി വ്യാഖ്യാനിച്ചിട്ടുമുണ്ട്. അവയും ജനപ്രാതിനിധ്യ നിയമമടക്കമുള്ളവയും ഭേദഗതി ചെയ്യേണ്ടിവന്നത് ഗുണപരമായ മാറ്റത്തിനും, ഭരണഘടനാരൂപീകരണകാലത്തിനു ശേഷം ഉത്ഭൂതമായ വിഷയങ്ങളെ ഉള്‍ക്കൊള്ളാനുമാണ്. അവയൊന്നും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ചട്ടക്കൂടിനു വിരുദ്ധമല്ല – വിരുദ്ധമായാല്‍ നിലനില്‍ക്കില്ല – മറിച്ച് അതിനെ ശക്തിപ്പെടുത്തുന്നതാണ്.Copyright ovsonline.in

ഇന്ത്യന്‍ ഭരണഘടനയേക്കാള്‍ പതിനാറു വയസുകൂടെ കൂടുതലുള്ള മലങ്കരസഭാ ഭരണഘടനയുടെ കാര്യവും വ്യത്യസ്ഥമല്ല. പാസാക്കിയ കാലഘട്ടത്തിലെന്നല്ല, ഇന്നും വ്യക്തവും സമഗ്രവുമായ ഒന്നാണത്. പക്ഷേ അന്ന് സ്വപ്നംപോലും കാണാത്ത പല മാറ്റങ്ങളും സഭയിലുണ്ടായി. ഉദാഹരണത്തിന് ബാഹ്യകേരള ഭദ്രാസനങ്ങള്‍, മെത്രാന്‍ തിരഞ്ഞെടുപ്പിലെ മത്സരം മുതലായവ. ഈ സാഹചര്യത്തില്‍ സഭയുടെ ഗുണപരമായ വളര്‍ച്ചയ്ക്കും കാര്യക്ഷമതാ വര്‍ദ്ധനയ്ക്കും അടിസ്ഥാന തത്വങ്ങളില്‍നിന്നു വ്യതിചലിക്കാത്ത ഭരണഘടനാ /നടപടിച്ചട്ട പരിഷ്കാരങ്ങള്‍ അനിവാര്യമാണ്. ഈ വിഷയത്തില്‍ ഈ ലേഖകനുള്ള എതാനും നിര്‍ദ്ദേശങ്ങളും അവയുടെ പശ്ചാത്തലവും ഇവിടെ കുറിക്കട്ടെ.

സഭാദ്ധ്യക്ഷന്‍, മെത്രാന്മാര്‍ എന്നവരെവരെ തിരഞ്ഞെടുക്കാനുള്ള അധികാരമുള്ളവരാണ് മലങ്കര സഭയിലെ ജനപ്രതിനിധികള്‍. അതുകൊണ്ട് അവര്‍ക്ക് പക്വതയും പാകതയും വിവരവും ഉണ്ടായിരിക്കണമെന്നു നിഷ്ക്കര്‍ഷിക്കുന്നതില്‍ തെറ്റില്ല. ആകാശത്തിലുള്ള ബാവാ … എന്ന പ്രാര്‍ത്ഥനപോലും അറിയാത്തവര്‍ ഈ സ്ഥാനത്തുവരുന്നത് സഭയ്ക്ക് മാനക്കേട് മാത്രമല്ല, അപകടവും കൂടിയാണ്. അതിനാല്‍ –

1. അസോസിയേഷന്‍/ഭദ്രാസന പൊതുയോഗം ഇവയിലേയ്ക്കു തിരഞ്ഞെടുക്കപ്പെടുന്ന അംഗത്തിനു 25 വയസ് പൂര്‍ത്തിയായിരിക്കണം.
2. സഭാ മാനേജിഗ് കമ്മറ്റി/ഭദ്രാസന കൗണ്‍സില്‍ ഇവയിലേയ്ക്കു മത്സരിക്കുന്ന അവൈദികര്‍ക്ക് 30 വയസ് പൂര്‍ത്തിയായിരിക്കണം. അവര്‍ക്ക് പ്രായം 75 വയസില്‍ കവിയാനും പാടില്ല.
3. സഭാ മാനേജിഗ് കമ്മറ്റി/ഭദ്രാസന കൗണ്‍സില്‍ ഇവയിലേയ്ക്കു മത്സരിക്കുന്ന അവൈദികര്‍ സണ്ടേസ്കൂള്‍ പഠനം പൂര്‍ത്തിയാക്കി ടിടിഎഇ പഠിച്ചു പാസായവരോ, ദിവ്യബോധനം സര്‍ട്ടിഫിക്കേറ്റ് കോഴ്സ് പാസായവരോ ആയിരിക്കണം.
4. സഭാ മാനേജിഗ് കമ്മറ്റി/ഭദ്രാസന കൗണ്‍സില്‍ ഇവയിലേയ്ക്കു മത്സരിക്കുന്ന വൈദികര്‍ അതേ ഭദ്രാസനത്തില്‍ ചുരുങ്ങിയത് 15 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയിരിക്കണം.

സഭയുടെ/ഭദ്രാസനത്തിന്‍റെ നിയമനിര്‍മ്മാണ/ഭരണപ്രക്രിയയില്‍ പങ്കാളികളാകുന്നവര്‍ അതിനുമുമ്പ് മലങ്കരസഭാ ഭരണക്രമത്തിന്‍റെ അടിസ്ഥാന ഘടകമായ പളളിപ്പൊതുയോഗങ്ങളില്‍ കുറഞ്ഞത് അഞ്ച് പ്രാവശ്യം പങ്കെടുക്കാന്‍ അവസരമുണ്ടായിരിക്കണം എന്നതാണ് ഈ ഭേദഗതിയുടെ ലക്ഷ്യം. ഇതിനു നിയമപരമായി സാധുത്വമുണ്ട്. ഉദാഹരണത്തിന് ഇന്ത്യന്‍ ഭരണഘടന 18 വയസില്‍ പ്രായപൂര്‍ത്തി വോട്ടവകാശം അനുവദിച്ചിട്ടുണ്ടെങ്കിലും ജനപ്രാതിനിധ്യ നിയമം അനുസരിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് 21, നിയമ സഭ-ലോക്സഭകളിലേയ്ക്ക് 25 വയസ് പൂര്‍ത്തിയാവണം. രാജ്യസഭയാകുമ്പോള്‍ അതിലും കൂടും. അടിസ്ഥാന വിദ്യാഭ്യാസത്തെ പറ്റിയാണങ്കില്‍, സമീപകാലത്ത് ഹരിയാനയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് ചുരുങ്ങിയ വിദ്യാഭ്യാസ യോഗ്യത ഏര്‍പ്പെടുത്തിയത് സുപ്രീംകോടതി ശരിവെച്ചു. അതിനാല്‍ ഇത്തരമൊരു നിബന്ധന നിയമപരമായി നിലനില്‍ക്കും. വൈദീകര്‍ സെമിനാരി പ്രിന്‍സിപ്പാളിന്‍റെ സര്‍ഫിക്കേറ്റ് ഉള്ളവര്‍ ആയിരിക്കണം എന്നു ഭരണഘടന നിഷ്ക്കര്‍ഷിച്ചിരിക്കുന്നതിനാല്‍ അവര്‍ക്ക് പ്രത്യേക വിദ്യാഭ്യാസ യോഗ്യത ഏര്‍പ്പെടുത്തേണ്ട ആവശ്യമില്ല.

ഈ കുറിപ്പില്‍ എല്ലായിടത്തും പ്രായം എന്നു വിക്ഷിക്കുന്നത് നിര്‍ദ്ദിഷ്ട അസോസിയേഷന്‍/ ഭദ്രാസന പൊതുയോഗം കൂടുന്ന ദിവസമാണ് എന്നതു പ്രത്യേകം ശ്രദ്ധിക്കുക. മലങ്കര സഭ ജനാധിപത്യത്തില്‍ അടിസ്ഥാനം ഉറപ്പിച്ചതാണെങ്കിലും ഇതര ഓര്‍ത്തഡോക്സ് സഭകളേപ്പോലെ വ്യക്തമായും എപ്പസ്ക്കോപ്പല്‍ സ്വാഭാവമുള്ളതാണ്. കേരളത്തിലെ ചില പ്രബല സമുദായ സംഘടനകളെപ്പോലെ സമുദായ പ്രമാണിമാര്‍ യാന്ത്രികമായി ഭരിക്കുന്ന ഒന്നല്ല. എപ്പിസ്ക്കോപ്പസിയെ ബഹുമാനിക്കുന്ന ഭരണഘടനയെ ആദരിക്കുന്ന പക്വമായ നേതൃത്വമാണ് സഭയ്ക്ക് ആവശ്യം. വേദപുസ്തക ഭാഷയില്‍ പറഞ്ഞാല്‍, ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയും ഉള്ള നേതൃത്വം. ഇതും, കാതേലിക്കാ/മെത്രാപ്പോലീത്താ, ഇടവക മെത്രാന്മാര്‍ എന്നിവരൊഴികെയുള്ള സ്ഥാനികളുടെ കാലാവധി അഞ്ചു വര്‍ഷമായി സുപ്രീം കോടതി നിജപ്പെടുത്തിയതും, വിവിധ സ്ഥാനങ്ങളിലേയ്ക്ക് പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് നിയമിക്കുന്ന മെത്രാന്മാര്‍ക്ക് അഞ്ചുവര്‍ഷം വീതം രണ്ടുതവണമാത്രം എന്ന കാലാവധി ബാധകമാക്കിയിട്ടുണ്ട് എന്നതിനാലും, സാമാന്യ നീതി പാലിക്കണം എന്നതിനാലും

1. ഭദ്രാസന സെക്രട്ടറി, അസോസിയേഷന്‍ സെക്രട്ടറി, വൈദീക – അവൈദീക ട്രസ്റ്റിമാര്‍ ഇവര്‍ പരമാവധി 2 ടേം (10 വര്‍ഷം) മാത്രമേ ആ സ്ഥാനത്ത് തുടരാവൂ.
2. ഭദ്രാസന സെക്രട്ടറി സ്ഥാനത്തേയ്ക്കു മത്സരിക്കുന്ന വൈദികര്‍ അതേ ഭദ്രാസനത്തില്‍ ചുരുങ്ങിയത് 25 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയിരിക്കണം.
3. വൈദീക ട്രസ്റ്റി സ്ഥാനത്തേയ്ക്കു മത്സരിക്കുന്ന വൈദികര്‍ ചുരുങ്ങിയത് 25 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയിരിക്കണം. അവര്‍ വിവാഹിത പട്ടക്കാര്‍ ആയിരിക്കണം.
4. അവൈദീക ട്രസ്റ്റി സ്ഥാനത്തേയ്ക്കു മത്സരിക്കുന്നവര്‍ക്ക് ചുരുങ്ങിയത് 55 വയസ് പ്രായം ഉണ്ടായിരിക്കണം.
5. അസോസിയേഷന്‍ സെക്രട്ടറി സ്ഥാനത്തേയ്ക്കു മത്സരിക്കുന്നവര്‍ക്ക് ചുരുങ്ങിയത് 45 വയസ് പ്രായം ഉള്ള അവൈദികന്‍ ആയിരിക്കണം. അവര്‍ക്ക് സഭാ മാനേജിംഗ് കമ്മറ്റിയിലേയ്ക്കു തിരഞ്ഞെടുക്കപ്പെടുവാനുള്ള കുറഞ്ഞ യോഗ്യതയും ഉണ്ടായിരിക്കണം.
6. വൈദീക ട്രസ്റ്റി പൗരസ്ത്യ കാതോലിക്കായുടെ അര്‍ക്കദിയോക്കന്‍ കൂടി ആയിരിക്കണം. Copyright ovsonline.in

ഇവിടെ ചില വിശദീകരണങ്ങള്‍ ആവശ്യമുണ്ട്. വൈദീക ട്രസ്റ്റി, ഭദ്രാസന സെക്രട്ടറി എന്നിവര്‍ പ്രായവും പക്വതയും ഉള്ളവര്‍ ആയിരിക്കണമെന്നതില്‍ രണ്ടു പക്ഷമില്ല. അവിഹിത സ്വാധീനങ്ങളിലൂടെയോ, വാഗ്വിലാസങ്ങള്‍ കൊണ്ടോ അനര്‍ഹര്‍ ആ സ്ഥാനത്തു വരരുത് എന്നതിനാലാണ് ഈ നിര്‍ദ്ദേശം മുമ്പോട്ടു വയ്ക്കുന്നത്. സഭാഭരണഘടനയില്‍ വ്യക്തമാക്കിയിട്ടില്ലങ്കിലും അസോസിയേഷന്‍ സെക്രട്ടറി അവൈദികന്‍ ആയിരിക്കുക എന്നതാണ് കീഴ്വഴക്കം. എന്നാല്‍ പ്രത്യേക സാഹചര്യത്തില്‍ വ. ദി. ശ്രീ. പാത്താമുട്ടം എം. സി. കുറിയാക്കോസ് റമ്പാന്‍ രണ്ടു പ്രാവശ്യം അസോസിയേഷന്‍ സെക്രട്ടറി ആയിട്ടുണ്ട്. ഇതിന്‍റെ മറപിടിച്ച് പില്‍ക്കാലത്ത് ഒരു വൈദീകന്‍ അസോസിയേഷന്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചിട്ടുമുണ്ട്. അവൈദികന്‍ എന്നു ഭരണഘടനയില്‍ വ്യക്തമാക്കിയില്ലങ്കില്‍ ആസന്നഭാവിയില്‍ ഈ സ്ഥാനം എപ്പിസ്ക്കോപ്പസി വിഴുങ്ങാനുള്ള സാദ്ധ്യതയുണ്ട്.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

കഴിഞ്ഞ ഏതാനും ദശവര്‍ഷങ്ങളായി മലങ്കരസഭയെ ഗ്രസിച്ചിരിക്കുന്ന ശാപമാണ് മെത്രാന്‍ തിരഞ്ഞെടുപ്പും അതിനോടനുബന്ധിച്ച വോട്ടുപിടിത്തവും. രാഷ്ട്രീയ നേതാക്കളെപ്പോലും ലജ്ജിപ്പിക്കുന്ന കളികളാണ് ഇതില്‍ നടക്കുന്നത്. പലരും വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ ചുമന്ന കുപ്പായത്തിനുള്ള തന്ത്രങ്ങള്‍ ആരംഭിക്കും സഭയുടെ വിവിധ സ്ഥാനങ്ങള്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ സാരഥികളായി കയറിപ്പറ്റി അവയുടെ സ്ഥാധീനവും വിഭവങ്ങളും ഉപയോഗിച്ചു വോട്ടു പിടിക്കുക, കണ്‍വന്‍ഷന്‍ പ്രസംഗങ്ങളെ തിരഞ്ഞെടുപ്പിനുള്ള ജനകീയാടിത്തറയാക്കുക തുടങ്ങിയ വൃത്തികെട്ട പ്രവണതകള്‍ ഇന്ന് സര്‍വസാധാരണമാണ്.

അതേപോലെ പരക്കെ ഉയരുന്ന പരാതിയാണ് ദയാറാംഗങ്ങള്‍ മെത്രാന്‍സ്ഥാനത്തുവന്നാലും അവരുടെ താല്പര്യം സ്വന്തം ഭദ്രാസനങ്ങളേക്കാള്‍ താന്‍ ഉള്‍പ്പെട്ടു നില്‍ക്കുന്ന ദയറായോടായിരിക്കും എന്ന്. അത് ഒട്ടും ആശാസ്യമല്ല. അതേപോലെ മെത്രാന്മാര്‍ ആ മലയിലും ഈ മലയിലും തലങ്ങുംവിലങ്ങും ദയറാകള്‍ സ്ഥാപിച്ചു ഭാവിയില്‍ സഭയക്കൂ ബാദ്ധ്യത ഉണ്ടാക്കുന്ന പ്രവണതയും വര്‍ദ്ധിച്ചു വരുന്നുണ്ട്.

ദയറാംഗങ്ങളല്ലാത്ത റമ്പാന്‍മാരുടേയും ഒരു പരിധിവരെ അവിവാഹിത പട്ടക്കാരുടേയും വാര്‍ദ്ധക്യം ഇന്നൊരു ചോദ്യ ചിഹ്നമാണ്. ഈ ലേഖകന്‍റെ കാഴിചപ്പാടില്‍ അവയ്ക്കുള്ള പൊതു പരിഹാരം മലങ്കരസഭയുടെ ആദ്യ സന്യാസ പ്രസ്ഥാനമായ വെട്ടിക്കല്‍ ദയറ പനര്‍ജീവിപ്പിക്കുക എന്നതാണ്. ഈ സാഹചര്യത്തില്‍ താഴെ പറയുന്ന ഭേദഗതികള്‍ നിര്‍ദ്ദേശിക്കുന്നു.

1. ആദ്ധ്യാത്മിക സംഘടനകളുടെ കേന്ദ്ര ഭാരവാഹികള്‍, പ്രധാന സഭാ സ്ഥാപനങ്ങളുടെ മേധാവികള്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ അതത് സ്ഥാനം ഒഴിഞ്ഞ് ചുരുങ്ങിയത് 5 വര്‍ഷം കഴിയാതെ മെത്രാന്‍ സ്ഥാനത്തേയ്ക്കു പരിഗണിക്കപ്പെട്ടുകൂട. അത്തരം സ്ഥാനങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവ മുമ്പുകൂട്ടി വ്യക്തമായി നിര്‍ണ്ണയിക്കണം.

2. മെത്രാന്‍ സ്ഥാനാര്‍ത്ഥികളുടെ ചുരുങ്ങിയ വൈദീക സേവന കാലാവധി ഇടവകപ്പള്ളികളിലെ സേവനം എന്നു വ്യക്തമാക്കണം. കണ്‍വന്‍ഷന്‍ പ്രസംഗങ്ങളും കടലാസ് വികാരിത്വും യോഗ്യതയായി പ്രദര്‍ശിപ്പിക്കുന്നത് ഒഴിവാക്കാനാണ്.

3. ഏതെങ്കിലും ദയറായില്‍ അംഗമായിട്ടുള്ളവര്‍ മെത്രാന്‍ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെടുമ്പോള്‍, തിരഞ്ഞെടുപ്പു സ്ഥിതീകരിച്ചാലുടന്‍ അതത് ദറാംഗത്വം രാജിവെക്കേണ്ടതും, പിന്നീട് അതത് ദയറാകളിലോ, ദയറാവക സ്ഥാപനങ്ങളിലോ താമസിച്ചു കൂടാത്തതുമാകുന്നു. പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടവര്‍ക്കും ഇതു ബാധകമാണ്.

4. ഏതെങ്കിലും ദയറായില്‍ അംഗമായിട്ടുള്ളവര്‍ മെത്രാന്‍ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടാല്‍, അവര്‍ വെട്ടിക്കല്‍ ദയറായില്‍ അംഗമാകുന്നതാണ്. എന്നാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ദയറാംഗങ്ങള്‍ അല്ലാത്തവര്‍ അവിടെ അംഗമാകേണ്ടതില്ല. ചില ഓറിയന്‍റല്‍ സഭകളില്‍ സംഭവിച്ചതുപോലെ ഏതെങ്കിലും ദയറാ സഭാഭരണത്തില്‍ അവിഹിതമായ സ്വാധീനം ഉറപ്പിക്കുന്നത് തടയുവാനാണ് ഈ നിബന്ധന.

5. വെട്ടിക്കല്‍ ദയറായ്ക്ക് പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് നിയമാവലി ഉണ്ടാക്കേണ്ടതും, അംഗങ്ങള്‍ അവ പാലിക്കേണ്ടതുമാണ്. വെട്ടിക്കല്‍ റീശ് ദയറാ, പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് നിയമിക്കുന്ന ഒരു സീനിയര്‍ റമ്പാന്‍ ആയിരിക്കും.

6. മലങ്കര സഭയില്‍ ദയറാംഗമല്ലാതെ റമ്പാന്‍സ്ഥാനം സ്വീകരിച്ചവരും മെത്രാന്‍ സ്ഥാനത്തിനു യോഗ്യത ഇല്ലാത്തവരും ആയവരെ മാത്രം വെട്ടിക്കല്‍ ദയറായില്‍ അംഗമാക്കാവുന്നതാണ്. റിട്ടയര്‍ ചെയ്ത അവിവാഹിത പട്ടക്കാരെയും അഗമാക്കാവുന്നതാണ്. വെട്ടിക്കല്‍ ദയറായില്‍നിന്നും മെത്രാന്മാരെ തിരഞ്ഞടുക്കരുത്.

7. ഒരു മെത്രാന്‍ തിരഞ്ഞെടുപ്പിലും മൊത്തം ശുപാര്‍ശ ചെയ്യപ്പെടുന്നവരില്‍ ദയറാംഗങ്ങള്‍ 33 ശതമാനത്തില്‍ അധികമാകാന്‍ പാടില്ല. സാധാരണ ജനത്തിന്മേല്‍ അടിച്ചേല്‍പ്പിച്ചുകൊണ്ടിരിക്കുന്ന ദയറായിസം സന്തുലനം ചെയ്യാനും ആരോപിതമായ വീതംവെപ്പ് തടയാനും ഇത് ആവശ്യമാണ്.

8. ഒരു മെത്രാന്‍ തിരഞ്ഞെടുപ്പിലും 5-ല്‍ അധികം പേരെ തിരഞ്ഞെടുത്തു കൂടാത്തതാണ്. പക്ഷേ അവരെ ഒരുമിച്ചു വാഴിക്കണമെന്നില്ല.

9. അടിയന്തിര സാഹചര്യത്തിലൊഴികെ 5 വര്‍ഷത്തെ ഇടവേള കൂടാതെ മെത്രാന്‍ തിരഞ്ഞെടുപ്പു നടത്താന്‍ പാടില്ല. ഒരേ അസോസിയേഷന്‍ ഒന്നിലധികം തിരഞ്ഞെടുപ്പു നടത്തുന്നത് ഒഴിവാക്കാനാണ് ഈ നിബന്ധന.

10. പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്‍റെ മുന്‍കൂര്‍ അനുമതി ഇല്ലാതെ പുതിയ സന്യാസ പ്രസ്ഥാനങ്ങള്‍ ആരംഭിക്കരുത്. പല ആശ്രമങ്ങളും ഇന്നു സഭയ്ക്ക് ബാദ്ധ്യതയാണ്. അത് ഒഴിവാക്കാന്‍ അനുമതി നല്‍കുന്നതിനുമുമ്പ് നിര്‍ബന്ധമായും സാദ്ധ്യതാ പഠനം (Feasibility Study) നടത്തണം.

അത്യുന്നതമായ മെത്രാന്‍ സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പുകള്‍ സുതാര്യമാക്കാനുള്ള ശ്രമങ്ങള്‍ ഇനിയും ബഹുദൂരം മുന്നേറേണ്ടിയിരിക്കുന്നു. ഉദ്ദിഷ്ടകാര്യത്തിനു ഉപകാരസ്മരണ എന്നരീതിയില്‍ ഉള്ള പരസ്പര സഹായം ഒഴിവാക്കാന്‍ മെത്രാന്‍ നാമനിര്‍ദ്ദേശക കമ്മറ്റിയിലെ അംഗങ്ങളുടെ കുറഞ്ഞ പ്രായം സ്ഥാനാര്‍ത്ഥികളുടെ ഉയര്‍ന്ന പ്രായപരിധിയ്ക്കു മുകളിലായിരിക്കണം എന്ന് നിഷ്കര്‍ഷിക്കുന്നത് അഭികാമ്യമായിരിക്കും.Copyright ovsonline.in
ചിന്തിക്കുക, പ്രതികരിക്കുക.

ഡോ. എം. കുര്യന്‍ തോമസ്

error: Thank you for visiting : www.ovsonline.in