വട്ടിപ്പണം കേസും മാര്‍ ഈവാനിയോസിൻ്റെ പുനരൈക്യവും

വട്ടിപ്പണം കേസും മാര്‍ ഈവാനിയോസിൻ്റെ പുനരൈക്യവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്നാവും മലങ്കര കത്തോലിക്ക ചരിത്രകാരന്മാരുടെ മറുപടി. പരുമല സുന്നഹദോസില്‍ വച്ച് തീരുമാനിച്ച റോമന്‍ സഭയുമായുള്ള ഐക്യത്തില്‍ നിന്നും മാര്‍ ഈവാനിയോസ് ഒഴികെയുള്ള മറ്റു മെത്രാപോലീത്താമാര്‍ പിന്മാറാനുള്ള കാരണം വട്ടിപ്പണം കേസിൻ്റെ വിധി അനുകൂലമായി വന്നതിനാലാണത്രേ. ഈ പരുമല സുന്നഹദോസ് ഒരു കള്ളച്ചരിത്രം ആണെന്ന് കഴിഞ്ഞ അദ്ധ്യായങ്ങളില്‍ നമ്മള്‍ തെളിയിച്ചു കഴിഞ്ഞതാണ്. ഒരു നുണ സമര്‍ത്ഥിക്കാന്‍ വീണ്ടും ഒരുപാട് നുണകള്‍ പറയേണ്ടി വരും എന്ന പ്രകൃതി നിയമം ഇവിടെയും പ്രാവര്‍ത്തികമാക്കപ്പെടുന്നു. നുണയിലൂടെ ഒരു സുന്നഹദോസ് സൃഷ്ടിച്ച് മലങ്കര സഭയിലെ എല്ലാ മെത്രാന്മാരും റോമുമായുള്ള ഐക്യത്തിനു തയാറായിരുന്നു എന്നു പ്രചരിപ്പിച്ച സ്ഥിതിക്ക് മാര്‍ ഈവാനിയോസ് ഒഴികെ ബാക്കി മെത്രാന്മാര്‍ പിന്മാറിയതിനും ഒരു നുണക്കഥ മെനയണമല്ലോ. അവിടെയാണ് 1928 ജൂലൈ 4-ന് തിരുവിതാംകൂര്‍ ഹൈക്കോടതിയില്‍ നിന്ന് വന്ന വട്ടിപ്പണം കേസിൻ്റെ അന്തിമ വിധിയെ മാര്‍ ഈവാനിയോസിൻ്റെ പുനരൈക്യവുമായി ബന്ധപ്പെടുത്തുന്നത്. അനുകൂല വിധി വന്നപ്പോള്‍ മറ്റു മെത്രാന്മാര്‍ പിന്മാറിയത്രേ. അങ്ങനെ പരുമല സുന്നഹദോസ് എന്ന നുണക്കഥക്ക് വട്ടിപ്പണം വിധി കൊണ്ട് നല്ലൊരു ക്ളൈമാക്സും എഴുതി ചേര്‍ത്തു.

ഇനി നമുക്ക് ഇതിലെ സത്യാവസ്ഥ ഒന്നു പരിശോധിക്കാം. മാര്‍ ഈവാനിയോസ് റോമിലേക്കയച്ച ആദ്യകത്തില്‍ തന്നെ വ്യംഗമായി സൂചിപ്പിക്കുന്നുണ്ട് മലങ്കര സഭയില്‍ നിന്ന് ഒരു മെത്രാന്‍ മാത്രമേ റോമാ സഭയില്‍ ചേരുകയുള്ളൂ എന്ന്. അതില്‍ തന്നെ കാര്യങ്ങള്‍ എല്ലാം വ്യക്തമാണ്. ആ കത്തിലെ ആ ഭാഗം മാത്രം വായിച്ചാല്‍ മതി സാമാന്യ ബുദ്ധിയുള്ള ഒരാള്‍ക്ക് ഇതിലെ നെല്ലും പതിരും വേര്‍തിരിക്കാന്‍. എന്നാല്‍ ഒരു മെത്രാന്‍ മാത്രം വരും എന്ന പറഞ്ഞ സ്ഥാനത്ത് ബോണസായി ഒരു മെത്രാനെ കൂടെ റോമാ സഭയിലെത്തിക്കാന്‍ മാര്‍ ഈവാനിയോസിനു സാധിച്ചു.

ഒരു ചരിത്ര വിദ്യാര്‍ത്ഥിക്ക് തികച്ചും ആംകാക്ഷ ഉളവാക്കുന്ന ചില കാര്യങ്ങള്‍ ഇവിടെ നമുക്ക് കാണാം. മലങ്കര മെത്രാപോലീത്ത അടക്കം 2 മെത്രാന്മാര്‍ മലങ്കര സഭയുടെ 7 ഭദ്രാസനങ്ങളുടെ ചുമതല വഹിക്കുമ്പോള്‍ ബഥനി ആശ്രമത്തിനു മാത്രമായി രണ്ടാമതൊരു മെത്രാനെ വാഴിക്കേണ്ട ആവശ്യം എന്തായിരുന്നു?. ഇനി ബഥനി ആശ്രമത്തിനായി രണ്ടാമതൊരു മെത്രാനെ കൂടെ വാഴിക്കേണ്ട ആവശ്യം വന്നാല്‍ തന്നെ അതിനു ബഥനിയിലെ രണ്ടാമനായ മട്ടക്കല്‍ അലക്സിയോസ് അച്ചനല്ലേ തെരഞ്ഞെടുക്കപ്പെടേണ്ടത്. എന്തുകൊണ്ട് താരതമ്യേന ജൂനിയറായ ജേക്കബ് OIC അച്ചന്‍ തെരഞ്ഞെടുക്കപ്പെട്ടു?. ജേക്കബ് OIC അച്ചന്‍ ബഥനിയിലെ മാര്‍ ഈവാനിയോസ് തിരുമേനിയുടെ ആത്മാര്‍ത്ഥ സേവകനായിരുന്നതിനാല്‍ ആണോ മട്ടക്കല്‍ അലക്സിയോസ് അച്ചനെ മറികടന്ന് ഒളശ ജേക്കബ് OIC അച്ചന്‍ തെരഞ്ഞെടുക്കപ്പെട്ടത്?. മാര്‍ ഈവാനിയോസ് റോമാ സഭയിലേക്ക് പോകും എന്ന് നൂറ് ശതമാനം ഉറപ്പായതിനു ശേഷവും ഈവാനിയോസ് മെത്രാൻ്റെ ആത്മാര്‍ത്ഥ സേവകനെ തന്നെ മെത്രാനാക്കിയത് വലിയൊരു മണ്ടത്തരം ആയിരുന്നില്ലേ?. അതും മലങ്കര സഭയുടെ വിശ്വസ്ത ദാസനായ മട്ടക്കല്‍ അച്ചനെ തഴഞ്ഞ് ഈവാനിയോസ് മെത്രാനൊപ്പം റോമാസഭയിലേക്ക് പോകും എന്നുറപ്പിച്ചിരിക്കുന്ന ജേക്കബ് OIC-യെ തന്നെ മെത്രാനാക്കിയത് തീര്‍ച്ചയായും അബദ്ധം തന്നെ അല്ലേ?. അങ്ങനെ ഒരു ചരിത്ര വിദ്യാര്‍ത്ഥിക്ക് അത്യന്തം ആകാംക്ഷ ഉളവാക്കുന്ന നിരവധി ചോദ്യങ്ങള്‍ ഇവിടെ ഉയര്‍ന്നു വരുന്നുണ്ട് .

എന്നാല്‍ ഈ ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തമായ ഉത്തരം ഉണ്ട്. മലങ്കര കത്തോലിക്കരുടെ പ്രചരണം വട്ടിപ്പണം വിധി വന്നതോടെ മറ്റു മെത്രാന്മാര്‍ റോമുമായുള്ള ഐക്യത്തില്‍ നിന്നു പിന്മാറി എന്നാണല്ലോ. 1928 ജൂലൈ 4-നാണ് വട്ടിപ്പണം വിധി വന്നത് എന്നു പറഞ്ഞല്ലോ. അപ്പോള്‍ മലങ്കര കത്തോലിക്കരുടെ ചരിത്രം ആനുസരിച്ചാണെങ്കില്‍ റോമാസഭയിലേക്ക് പോകാനിരിക്കുന്ന മാര്‍ ഈവാനിയോസിന് വട്ടിപ്പണം കേസിൻ്റെ വിധി വന്ന 1928 ജൂലൈ 4-നു ശേഷം മലങ്കര സഭക്കുള്ളില്‍ യാതൊരു പരിഗണനയും ലഭിക്കരുത്. കാരണം മാര്‍ ഈവാനിയോസ് റോമാ സഭയിലേക്ക് പോവാന്‍ ഒരുങ്ങിയിരിക്കുകയാണ്. റോമാസഭയിലേക്ക് പോകാന്‍ ഉറച്ചിരിക്കുന്ന ആളിന് എന്തായാലും മലങ്കര സഭയില്‍ യാതൊരു പരിഗണനയും സാമാന്യ അര്‍ത്ഥത്തില്‍ ലഭിക്കാന്‍ പാടുള്ളതല്ല.

എന്നാല്‍ ചരിത്രത്തില്‍ മാര്‍ ഈവാനിയോസിന് ഏറ്റവും കൂടുതല്‍ പരിഗണന മലങ്കര സഭയില്‍ ലഭിച്ചത് 1928 ജൂലൈ 4 -ലെ വട്ടിപ്പണം വിധിക്ക് ശേഷമാണെന്ന് കാണാന്‍ കഴിയും. ബഥനിയുടെ എപ്പിസ്കോപ്പ എന്ന നിലയില്‍ നിന്നും ഒരു മെത്രാപോലീത്ത എന്ന നിലയിലേക്ക് മാര്‍ ഈവാനിയോസ് ഉയര്‍ത്തപ്പെട്ടത് 1929 ഫെബ്രുവരി 14-നാണ്. അദ്ദേഹത്തിൻ്റെ ആത്മാര്‍ത്ഥ സതീര്‍ത്ഥ്യന്‍ ആയ ജേക്കബ് OIC അച്ചന്‍ ഒരു എപ്പിസ്കോപ്പ ആയി വാഴിക്കപ്പെട്ടത് 1929 ഫെബ്രുവരി 16-നുമാണ്. ഇത് എങ്ങനെ സംഭവിച്ചു. അടുത്ത അദ്ധ്യായത്തില്‍ നമുക്ക് ഈ കാര്യം വിശദമായി പരിശോധിക്കാം .

കോപ്പിറൈറ് – ഓ സി പി പബ്ലിക്കേഷൻസ് 2020
പ്രസിദ്ധീകരണ വകുപ്പ്
ഓർത്തഡോക്സി കോഗ്നേറ്റ് പേജ് സൊസൈറ്റി
www.theorthodoxchurch.info

error: Thank you for visiting : www.ovsonline.in